വീട്
ജനിക്കാനോ
ജീവിക്കാനോ അല്ലെന്നും,
മരിക്കാന്‍ മാത്രമെന്നും
ഒരു വീടും തുറന്നു സമ്മതിക്കില്ല.
എത്രയധികം വീടുകളാണ്
ഒരോ ദിവസവും
നാം പണികഴിപ്പിക്കുന്നത്
എത്ര വീടുമാറ്റങ്ങള്‍
സമ്മാനങ്ങള്‍
ആഹ്ളാദങ്ങള്‍...
വീടിനറിയാം,
ഓരോ വീടിരിപ്പും
മരണത്തിനുള്ളതാണെന്ന്...
ഫാനില്‍ കെട്ടിത്തൂങ്ങിയോ
ചുവരില്‍ തലയിടിച്ചോ
ടറസില്‍ നിന്നു വീണോ
ആവണമെന്നില്ല
ഒരു മുറിയുടെ നിശ്ശബ്ദതയാവും
ചിലപ്പോള്‍
കഴുത്ത് മുറുക്കുന്നത്,
തൊട്ടടുത്തെ
ശൂന്യമായ കസേരയാവും
ചവുട്ടിക്കൊല്ലുന്നത്...
മരണശേഷം
എന്നെ കീറിമുറിച്ച് നോക്കൂ
അപ്പോള്‍ കാണാം,
ജനലിലിരുന്ന ചിറക്
ഹൃദയത്തില്‍
കുത്തിക്കയറിയതിന്‌റേയും
മരണത്തിന്‌റേയും
അടയാളം.
*
നസീര്‍ കടിക്കാട്
No comments:
Post a Comment