കുടുംബം എന്ന പ്രതിഭാസം സമൂഹത്തിന്റെ ഒരു യൂണിറ്റ് എന്ന നിലക്ക് പ്രവര്‍ത്തനക്ഷമമാകുകയാണോ ചെയ്യുന്നത്, അതോ സമൂഹത്തിന്റെ പൊതുപ്രയാണത്തില്‍ നിന്ന് വ്യക്തികളായ കുടുംബാംഗങ്ങളെ മാറ്റിനിര്‍ത്തുന്നതിനുള്ള ഒരു ഒളിസങ്കേതമായി മാറുകയാണോ ചെയ്യുന്നത് എന്ന പ്രാഥമികപ്രശ്നത്തെ അഭിമുഖീകരിക്കാതെ, ശ്രീനിവാസനും മകനും തകര്‍ത്തഭിനയിക്കുന്ന മകന്റെ അഛന്‍ എന്ന സിനിമയെക്കുറിച്ചുള്ള ആലോചന പൂര്‍ണമാവില്ല. ദശകങ്ങളായി മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ശ്രീനിവാസന്‍ എന്ന പ്രതിനിധാനത്തിന്റെ പൊതു പശ്ചാത്തലത്തില്‍ തന്നെയാണ് ഈ സിനിമയും ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. കറുപ്പിലേക്ക് കൂടുതല്‍ ചാഞ്ഞു നില്‍ക്കുന്ന ഇരുനിറത്തിലുള്ള തൊലി, പൊക്കക്കുറവ്, സൂപ്പര്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്തമില്ലായ്മ രേഖപ്പെടുത്തപ്പെടുന്ന മുഖം, എങ്ങിനെ സംസാരിച്ചാലും അത് പരിഹസിക്കലാണെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നുന്ന രീതിയിലുള്ള സംഭാഷണാവതരണം, കള്ളത്തരം ഒളിച്ചുവെച്ച് പുറത്തേക്ക് മാന്യനോ പാവമോ ആയി നടിക്കുന്നതുപോലുള്ള പെരുമാറ്റം, സ്വന്തം ഭാര്യക്കും സുഹൃത്തുക്കള്‍ക്കും മുമ്പില്‍ എപ്പോഴും അവമതിക്കപ്പെടാനുള്ള കഥാസന്ദര്‍ഭങ്ങള്‍, എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ അതിജീവനരീതികളില്‍ നിന്ന് നേര്‍വിപരീതമായുള്ള ഒരു ഗതിയാണ് ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ളത്. ദിശാബോധത്തിലും പ്രയോഗത്തിലും ഈ വിപരീതം തെളിയിച്ചെടുത്തുകൊണ്ട്; സൂപ്പര്‍താര സിനിമകളിലെന്നതു പോലെ, യാഥാസ്ഥിതികവും പരമ്പരാഗതവുമായ മൂല്യങ്ങളെ പുനസ്ഥാപിക്കുക തന്നെയാണ് ശ്രീനിവാസന്‍ സിനിമകളും ചെയ്തുപോരുന്നത് എന്ന കാര്യം ഇതിനകം തന്നെ വിശദീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇടതുപക്ഷ ആശയങ്ങളെയും പ്രയോഗങ്ങളെയും ആരോഗ്യകരമായി വിമര്‍ശിക്കുകയാണെന്ന നാട്യത്തില്‍ അത്, വലതുപക്ഷരാഷ്ട്രീയ വീക്ഷണത്തെ കാലാതീതമെന്ന വണ്ണം ഉദാത്തീകരിക്കുന്നു (സന്ദേശം, അറബിക്കഥ). കുടുംബത്തിനകത്തെ റോളുകളെ വിശേഷിച്ചും പുരുഷന്റെ നിലപാടുകളെ വിമര്‍ശിക്കുന്നു എന്ന ഭാവത്തില്‍ അത് സ്ത്രീയെ ഓരത്തേക്ക് തള്ളിമാറ്റുകയും കുറ്റത്തിന്റെ വാഹകയാക്കുകയും ചെയ്യുന്ന സ്ഥിരം പ്രവണതയെ ശാശ്വതവത്ക്കരിക്കുന്നു (തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, അയാള്‍ കഥയെഴുതുകയാണ്). ഏതു തൊഴിലും മഹത്തരമാണെന്ന ഗാന്ധിജിയുടെ സിദ്ധാന്തം പിന്‍പറ്റുന്ന വിധത്തില്‍ ലളിതമായിരിക്കുമ്പോഴും വ്യത്യസ്ത തൊഴിലുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മാന്യത/അമാന്യത എന്ന വിടവിനെ സ്ഥിരീകരിക്കുന്നു (പൊന്മുട്ടയിടുന്ന താറാവ്, കിളിച്ചുണ്ടന്‍ മാമ്പഴം, കഥ പറയുമ്പോള്‍).
മകന്റെ അഛന്‍ എന്ന സിനിമയില്‍ മുഖ്യവേഷം അഭിനയിക്കുന്നു എന്നല്ലാതെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയോ സംവിധാനമോ ശ്രീനിവാസന്‍ നിര്‍വഹിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സര്‍ഗാത്മക സംഭാവന നല്‍കിയതിനുള്ള നന്ദിയും അദ്ദേഹത്തിന് ലഭിച്ചതായി കാണുന്നില്ല. സംജദ് നാരായണനാണ് രചന നിര്‍വഹിച്ചതെങ്കില്‍ വി എം വിനുവാണ് സംവിധാനം. എന്നിട്ടും മലയാളിക്ക് ചിരപരിചിതമായ ശ്രീനിവാസത്തരം ഈ സിനിമക്കകത്തും പുറത്തും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിലും ഇഴുകിച്ചേര്‍ന്നതെങ്ങനെ? ഒരു പക്ഷെ, തന്റെ സര്‍ഗാത്മക സംഭാവന താനുദ്ദേശിച്ച നിലവാരത്തിലെത്തിയിട്ടില്ല എന്നു കരുതി അദ്ദേഹം അതിനുള്ള ക്രെഡിറ്റ് ഉപേക്ഷിച്ചതായിരിക്കണം. അല്ലെങ്കില്‍, അദ്ദേഹത്തില്‍ നിന്ന് അപ്രകാരമുള്ള സര്‍ഗാത്മക ഉപദേശമൊന്നും സ്വീകരിക്കാതെ തന്നെ യാന്ത്രികമായി ഒരു 'ശ്രീനിവാസന്‍ സിനിമ' നിര്‍മിച്ചെടുക്കാന്‍ രചയിതാവിനും സംവിധായകനും സാധിച്ചിട്ടുണ്ടാവും എന്നും കരുതാവുന്നതാണ്.
മഞ്ഞപ്ര എന്ന ഗ്രാമത്തിലെ വില്ലേജാപ്പീസറാണ് വിശ്വനാഥന്‍ (ശ്രീനിവാസന്റെ കഥാപാത്രം). അദ്ദേഹത്തിന്റെ ഭാര്യയായ രമ (സുഹാസിനി)യാകട്ടെ പ്രത്യേക വ്യക്തിത്വസവിശേഷതയൊന്നും പ്രകടിപ്പിക്കാത്ത ഒരു സാധാരണ വീട്ടമ്മ മാത്രവും. മൂത്തമകനായ മനു(വിനീത് ശ്രീനിവാസന്‍)വിനെ എന്‍ട്രന്‍സ് പരീക്ഷയില്‍ ജയിപ്പിച്ച് എഞ്ചിനീയറാക്കണമെന്നാണ് വിശ്വനാഥന്റെ ഉദ്ദേശ്യം. മനുവിനാകട്ടെ ഈ ഉദ്ദേശ്യവും അതിനെ തുടര്‍ന്നുള്ള എന്‍ട്രന്‍സ് കോച്ചിങ്ങും അതികഠിനമായ പീഡനമായിട്ടാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഥ ഇപ്രകാരമണെന്നത് ഒരു വസ്തുത തന്നെയാണ്.
എന്നാല്‍, എന്താണതിനുള്ള യഥാര്‍ത്ഥ കാരണം?
തങ്ങളുടെ മക്കള്‍ ഉന്നതപദവികളിലെത്തണമെന്നും വളരെ വലിയ ശമ്പളം മേടിക്കണമെന്നുമുള്ള മാതാപിതാക്കളുടെ അമിതാഗ്രഹം മാത്രമാണ് ഇത്തരമൊരു അവസ്ഥക്കു കാരണം എന്ന നിലക്കാണ്, പത്രമാധ്യമങ്ങളില്‍ വിവരിച്ചെഴുതുന്ന സര്‍വേകളിലും മനശ്ശാസ്ത്രജ്ഞന്മാരുടെ വിദഗ്ദ്ധോപദേശങ്ങളിലും സ്ഥാപിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ പൂര്‍ണ സത്യമെന്നനുഭവപ്പെടുന്ന ഈ അര്‍ദ്ധ സത്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുള്ള എല്ലാ മാതാപിതാക്കളെയും സമൂഹം ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താറുമുണ്ട്. തൊഴില്‍ രംഗത്തും സാമ്പത്തിക വിതരണത്തിലും അനുഭവിക്കുന്ന കടുത്ത അരക്ഷിതത്വവും അവ്യവസ്ഥയും കൊണ്ടാണ് ആളുകള്‍ തങ്ങളുടെ മക്കളെങ്ങനെയെങ്കിലും എന്‍ട്രന്‍സ് പാസായാല്‍ രക്ഷപ്പെടുമെന്ന ചിന്താഗതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. സ്വന്തം മക്കളെ കടുത്ത അരക്ഷിതത്വം നിറഞ്ഞ ഭാവിയില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന അടിസ്ഥാനപരമായി യുക്തിസഹമായ മനോഭാവം മാത്രമേ ഇക്കാര്യത്തില്‍ മാതാപിതാക്കളെ നയിക്കുന്നുള്ളൂ. ഇതിന്റെ പേരില്‍ കുട്ടികളുടെ ജീവിതം ദുരന്തമാക്കി മാറ്റുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കളില്‍ മുഴുവനായി ചാര്‍ത്തുന്നത്, സമൂഹത്തെ അരക്ഷിതമാക്കി നിലനിര്‍ത്തി തൊഴില്‍ മേഖലയില്‍ കടുത്ത മത്സരം സൃഷ്ടിച്ചു വിടുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ മറച്ചുവെക്കാനും രക്ഷപ്പെടുത്താനും വേണ്ടിയാണെന്നതാണ് വാസ്തവം. പത്രസര്‍വേകളെയും മനശ്ശാസ്ത്രജ്ഞ നിഗമനങ്ങളെയും നയിക്കുന്ന അരാഷ്ട്രീയ/വലതു പക്ഷ രാഷ്ട്രീയ ഭാവുകത്വത്തിന്റെ മറ്റൊരു വ്യാഖ്യാനം മാത്രമായി ഈ സിനിമ അധ:പതിക്കുന്നതും അതുകൊണ്ടു തന്നെ. മാത്രമല്ല, വികസനരംഗത്തുണ്ടാകേണ്ട വന്‍ കുതിച്ചുചാട്ടത്തിലൂടെ മാത്രമേ കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മക്ക് അല്‍പമെങ്കിലും പരിഹാരം ഉണ്ടാക്കാനാവൂ എന്നിരിക്കെ, വികസനോദ്ദേശ്യവുമായി വരുന്ന നിക്ഷേപകരെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റുന്ന വികസനവിരുദ്ധരായ രാജ്യദ്രോഹികളുടെ അതേ ആരോപണതന്ത്രമാണ് ഈ സിനിമയിലും നായകനന്മയുടെ മേമ്പൊടിയായി പയറ്റുന്നതെന്നത് ശ്രദ്ധിക്കുക.
സംസ്ഥാനത്തെ കുത്തക ഭൂമികളും പാഴ്നിലങ്ങളും എല്ലാം പാവങ്ങള്‍ക്ക് പതിച്ചുകൊടുക്കുകയാണ് വേണ്ടത് എന്ന രണ്ടാം ഭൂപരിഷ്ക്കരണവാദത്തെ ആധുനിക/സാങ്കേതിക/വികസനവത്ക്കരണത്തിനു പകരം വെക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് സജീവമായ രാഷ്ട്രീയ/ആശയത്തര്‍ക്കത്തില്‍ പക്ഷം പിടിക്കുന്നതിലൂടെ ഇടതു മുഖംമൂടിയണിഞ്ഞ വലതുവാദത്തെയാണ് മകന്റെ അഛന്‍ പിന്തുണക്കുന്നത്. ഇതിന്റെ മറ്റൊരു ലക്ഷണമാണ് ദാരിദ്ര്യത്തെ മഹത്വവത്ക്കരിക്കുന്ന വ്യാഖ്യാനങ്ങള്‍. നിങ്ങളെന്ത് രാഷ്ട്രീയ ആശയമാണ് പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മുന്നോട്ടു വെക്കുന്നത് എന്നല്ല, നിങ്ങള്‍ കഴിക്കുന്നത് പരിപ്പുവടയും കട്ടന്‍ചായയും ആണോ അല്ലയോ എന്നതാണ് പ്രധാനം എന്ന വാദം പോലെ തന്നെയാണ്; ജോലിയെയും കുടുംബത്തെയും കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളല്ല മറിച്ച് നിങ്ങള്‍ ധരിക്കുന്നത് വില കുറഞ്ഞ കുപ്പായവും അമ്പതു രൂപയുടെ കണ്ണടയുമാണെങ്കില്‍ നിങ്ങള്‍ മഹാനാണ് എന്ന ആദര്‍ശവത്ക്കരണം മകന്റെ അഛന്‍ മുന്നോട്ടു വെക്കുന്നതും.
എന്‍ട്രന്‍സ് കോച്ചിങ്ങെന്നതുപോലെ ഈ സിനിമയില്‍ കടുത്ത ചായത്തില്‍ വിവരിച്ച് പരിഹസിക്കപ്പെടുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ആള്‍ദൈവവ്യവസായമാണ്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഹിമവല്‍ ചൈതന്യ എന്ന കഥാപാത്രം, ആധുനിക ആള്‍ദൈവങ്ങളുടെ ചെയ്തികളെ അനുസ്മരിക്കുന്നതിനായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിവൃത്തത്തിലെ പ്രധാന പ്രതിനായകനും ഇയാള്‍ തന്നെയാണ്. നന്ദന(രഞ്ജിത്ത്)ത്തിലെ കുമ്പിടിസ്വാമി അതേ പടി കടന്നിരിക്കുന്നതായി തോന്നിപ്പിക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തെ ദുഷിപ്പിക്കുന്ന അതിജീര്‍ണമായ ഒരു പ്രവണതയെ തൊലിയുരിച്ചു കാണിക്കുന്നു എന്നത് സന്തോഷകരമാണെന്നു പറയാതെ വയ്യ.
പക്ഷെ, എന്‍ട്രന്‍സ് കോച്ചിങ്ങെന്നതുപോലെ ആള്‍ദൈവവ്യവസായവും അധിക്ഷേപിക്കപ്പെടുന്നത്, ഇക്കാര്യങ്ങളെ സംബന്ധിച്ച പൊതുബോധത്തിലെ ലളിതയുക്തികളെ അവലംബിച്ചാണെന്നു കാണാം. ഈ ലളിതയുക്തികള്‍ ആഹ്ളാദവും ഉത്ക്കണ്ഠയും രോഷവും മാറി മാറി പ്രകടിപ്പിക്കപ്പെടുന്ന ആള്‍ക്കൂട്ട വികാരത്തിന്റെ പ്രകടനങ്ങള്‍ മാത്രമായി പാഴായി പ്പോകുന്നവയാണ്. സന്തോഷ് മാധവനെ പിടികൂടിയ കാലത്ത് കേരളത്തില്‍ ജ്വലിച്ചു നിന്ന ആള്‍ദൈവ വിരോധം ഇപ്പോള്‍ കാറ്റില്‍ പറന്നു പോയിരിക്കുന്നു. ആള്‍ദൈവങ്ങളും യാഗങ്ങളും അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. യാഗങ്ങളില്‍, വലതുപക്ഷ രാഷ്ട്രീയ/സാംസ്ക്കാരിക നേതാക്കള്‍ ചളിപ്പേതുമില്ലാതെ പങ്കെടുക്കുകയും പത്രങ്ങളില്‍ ഫോട്ടോയായി 'ഹോമിക്ക'പ്പെടുകയും ചെയ്യുന്നു! ആള്‍ക്കൂട്ടങ്ങളാല്‍ ബഹളമയമായി ഉയര്‍ത്തപ്പെടുന്ന കേവലവും സങ്കീര്‍ണരഹിതവുമായ പുലഭ്യം പറച്ചിലുകള്‍ കൊണ്ട് അവസാനിക്കുന്ന തോന്ന്യാസങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങളുടെ ലീലാ വിലാസങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചവര്‍ തങ്ങളുടെ പരാജയം പോലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആള്‍ക്കൂട്ടവികാരത്തിന്റെ പ്രകടനങ്ങളുടെ പരിഹാസ്യത തെളിയിക്കാന്‍ ഏറ്റവും ഉചിതമായത്, ഈ സിനിമയുടെ ഇതിവൃത്തം അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന സന്ദര്‍ഭം തന്നെയാണ്. എന്‍ട്രന്‍സ് കോച്ചിങ്ങിനെയും ആള്‍ദൈവ ആരാധനയെയും കടുത്ത തോതില്‍ പരിഹസിക്കുന്ന സിനിമ അഭയം തേടുന്നത് ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോ എന്ന മറ്റൊരു പ്രതീതി വിജയമേഖലയിലാണ്. സ്ക്കൂള്‍ യുവജനോത്സവങ്ങള്‍ക്കു ശേഷം കേരളം കണ്ട ഏറ്റവും പരിഹാസ്യവും കലാവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഏര്‍പ്പാടായ റിയാലിറ്റിഷോയെ ജീവിതവിജയത്തിനുള്ള ഉപാധിയായി സ്വീകരിക്കുന്ന നായകരൂപമാണ് സിനിമയില്‍ വാഴ്ത്തപ്പെടുന്നതെന്നു ശ്രദ്ധിക്കുക. മുന്‍ കാലത്ത്, മദിരാശി സെന്‍ട്രലില്‍ കള്ളവണ്ടിയിറങ്ങി പച്ചവെള്ളം മാത്രം കുടിച്ച് നടന്നു നീങ്ങുന്ന ദരിദ്രനായ (അതേസമയം പാട്ടുപാടുകയും സുന്ദരനായിരിക്കുകയും ചെയ്യുന്ന) നായകനെ, റോഡില്‍ ധനികയായ നായികയുടെ കാര്‍ ഇടിക്കുന്നതും അങ്ങിനെ അയാളുടെ 'വഴി' തെളിയുന്നതുമായ കഥ തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.
സിനിമയുടെയും ഇതിവൃത്തം ആഖ്യാനം ചെയ്യപ്പെടുന്നതിന്റെയും യഥാര്‍ത്ഥ പ്രശ്നം പക്ഷെ ഇതൊന്നുമല്ല. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, കൂടുംബം എന്ന പ്രതിഭാസത്തെ അതെങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്, ചരിത്രവത്ക്കരിക്കുന്നത്, സ്ഥാപനവത്ക്കരിക്കുന്നത്, തുടങ്ങിയ കാര്യങ്ങളാണ്. ജീവിതനൌക മുതല്‍ക്ക് മലയാള സിനിമയുടെ മുഖ്യപ്രശ്നമാണ് കുടുംബത്തിലെ അന്തഛിദ്രവും അതിന്റെ പരിഹാരമാതൃകകളും. മൂന്നു തലമുറകളാണ് ഈ സിനിമയിലുള്ളത്. വിശ്വനാഥന്റെ അഛനമ്മമാര്‍, വിശ്വനാഥനും ഭാര്യയും, അവരുടെ മക്കള്‍ എന്നിങ്ങനെയാണ് ഈ മൂന്നു തലമുറകള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം, ബന്ധങ്ങള്‍, ബഹുമാനം, ധാരണകള്‍, തുടങ്ങിയവ എപ്രകാരമാണ് പ്രകടിപ്പിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും എന്നതാണ് പ്രധാനപ്പെട്ട ഒരു പ്രശ്നം. ചുരുങ്ങിയ ശമ്പളം കൊണ്ട്, കൈക്കൂലിയൊന്നും വാങ്ങാതെ ജീവിച്ചുപോകുന്ന ആളാണ് വിശ്വനാഥന്‍. വിലകുറഞ്ഞ കുപ്പായങ്ങളും അമ്പതു രൂപക്ക് റോഡരുകില്‍ ലഭിക്കുന്ന കണ്ണടയുമുപയോഗിച്ച് പിശുക്കിയുണ്ടാക്കുന്ന കാശു മിച്ചം വെച്ചാണ് അയാള്‍ മകന്റെ എന്‍ട്രന്‍സ് കോച്ചിങ്ങിനുള്ള ഭീമമായ ഫീസ് കണ്ടെത്തുന്നത്. ഇതിനിടയിലേക്ക്, എണ്ണ തേച്ചു കുളിക്കാനും കരിമീനും പുഴമീനും കൂട്ടി സമൃദ്ധമായി ഉണ്ടുറങ്ങി സുഖിക്കാനുമായി അഛനമ്മമാര്‍ എത്തുമ്പോള്‍ അയാളുടെ ജീവിതക്രമമാകെ തകിടം മറിയുന്നു. അവര്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാന്‍ വേണ്ടി വരുന്ന എണ്ണൂറ്റമ്പതു രൂപ പോലും അയാളുടെ പോക്കറ്റിലില്ല.
തങ്ങളുടെ മാതാപിതാക്കളെ അവരുടെ സംതൃപ്തിക്കു യോജിച്ച വണ്ണം പരിപാലിക്കേണ്ടത് മക്കളുടെ കടമയാണെന്നാണ് കേരള സമൂഹം കരുതിപ്പോരുന്നത്. ഇതിന്റെ വ്യാപകമായ ലംഘനമാണ് എല്ലായിടത്തും കാണുന്നതെന്നത് വസ്തുത മാത്രവും. മനുഷ്യബന്ധത്തെ സംബന്ധിച്ചുള്ള ഒരു ധാരണയെ ആദര്‍ശവത്ക്കരിച്ചുകൊണ്ട് നിര്‍മ്മിച്ചെടുക്കുകയും, അത് അപ്രായോഗികമാണെന്നു കണ്ടെത്തിയിട്ടും അത് ലംഘിക്കുന്നവരെ വ്യാപകമായി കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇതിലൂടെ ജനപ്രിയമാകുന്നതെന്ന് കാണാം. ഏറ്റവും ഹിപ്പോക്രിറ്റിക്കലായ സമൂഹമായി കേരളീയര്‍ അധ: പതിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണിതൊക്കെയും.
കുടുംബത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ സുരക്ഷ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സമൂഹത്തെ മാറ്റിനിര്‍ത്തുകയും അത് വ്യക്തികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധ മനോഭാവത്തിന്റെ ജനപ്രിയതയാണ് നമ്മുടെ സമൂഹത്തെയും നയിക്കുന്നത് എന്നതാണിതിലേറ്റവും ഖേദകരമായ സംഗതി. സിനിമകളുടെയും സീരിയലുകളുടെയും ഇതിവൃത്തങ്ങളും മനശ്ശാസ്ത്രജ്ഞന്മാരുടെ കൌണ്‍സലിംഗ് നീതികളും മാത്രമല്ല, പാര്‍ലമെന്റ് നിയമങ്ങള്‍ പോലും ഈ ആള്‍ക്കൂട്ട ജനപ്രിയതയുടെ ചരിത്രവിരുദ്ധതയിലേക്ക് വിലയം പ്രാപിക്കുന്നുണ്ടെന്നത് ഗൌരവമായ കാര്യമാണ്. മാതാപിതാക്കളെ ഉചിതമായി പരിപാലിക്കാത്ത മക്കളെ കോടതിക്ക് ശിക്ഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണം അടുത്ത കാലത്ത് പാര്‍ലമെന്റില്‍ നടക്കുകയുണ്ടായി. സമൂഹത്തിന്റെ പരിഛേദമായി കാണപ്പെടുന്ന ജനാധിപത്യവ്യവസ്ഥയുടെ പരമോന്നത ഘടനയായ പാര്‍ലമെന്റ്, സമൂഹത്തെയും സോഷ്യലിസ്റ്റ് രാഷ്ട്രനിര്‍മാണ സങ്കല്‍പ്പത്തെയും നിരാകരിക്കുകയും വ്യക്തികളിലേക്കും കുടുംബസ്ഥാനങ്ങളിലേക്കും മനുഷ്യരെ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന അത്യപകടകരമായ പ്രവണതയാണിത്തരം നിയമനിര്‍മാണം എന്നതാണ് വസ്തുത. അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകാന്‍ പോകുന്ന അസംബന്ധപരമായ അപ്രായോഗികതകളിലേക്ക് ചര്‍ച്ച വലിച്ചിഴക്കാന്‍ ഇപ്പോഴുദ്ദേശിക്കുന്നില്ല. പക്ഷെ, മനുഷ്യസ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് സമൂഹത്തെയും സാമൂഹികപ്രക്രിയകളെയും നിരാകരിക്കാനുതകുന്ന മനോഭാവമാണ് ഇത്തരം പ്രകടനങ്ങളുടെ അടിസ്ഥാനം എന്നത് കാണാതിരുന്നുകൂടാ. ഈ സമൂഹവിരുദ്ധ മനോഭാവത്തെ ഉറപ്പിച്ചെടുക്കുക തന്നെയാണ് മകന്റെ അഛന്‍ പോലുള്ള സിനിമകളും ചെയ്യുന്നത്.
കുടുംബത്തിനകത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരിക്കെതന്നെ ആദര്‍ശാത്മകവും നിയമാനുസൃതവുമായ ഒരു ഔദ്യോഗിക ജീവിതം നയിക്കുന്നതിലൂടെയാണ് വിശ്വനാഥന്‍ സാമൂഹ്യവത്ക്കരിക്കപ്പെടുന്നത്. അയാള്‍ക്ക് പക്ഷെ ഈ നിര്‍ഭയത്വം തന്റെ മകന് പകര്‍ന്നു കൊടുക്കാനാകുന്നില്ല. എന്‍ട്രന്‍സ് പരിശീലനം അവസാനിക്കുന്ന ദിവസം, അവനോട് പ്രണയത്തിലാണെന്ന് പറയുന്ന ആനിനെ(വരദ) അവന്‍ പിന്തിരിപ്പിക്കുന്നത് നോക്കുക. ബൈക്കും മൊബൈലുമില്ലാത്ത തന്നെ താരതമ്യേന സമ്പന്നയായ അവള്‍ പ്രേമിക്കേണ്ടെന്നു മാത്രമല്ല മനു പറയുന്നത്; വ്യത്യസ്ത മതക്കാരായ തങ്ങളുടെ ബന്ധത്തെ സമൂഹം അംഗീകരിക്കില്ല എന്നു കൂടിയാണ്. നമ്മുടെ മുഖ്യധാരാസിനിമ പോലും എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ച വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയത്തെയും മിശ്രവിവാഹത്തെയും കൈയൊഴിയുന്നതിലൂടെ ഈ ശ്രീനിവാസന്‍ സിനിമ ശ്രീരാമസേനക്കാര്‍ നടത്തുന്ന മംഗലാപുരം മാതൃകയിലുള്ള അക്രമമനോഭാവത്തോട് രാജിയാവുന്നു. എന്നാല്‍ പിന്നീട് അവന്‍ വീട്ടില്‍ നിന്ന് പുറത്തു കടക്കുകയും ഹോട്ടല്‍ ജോലി എടുത്തുകൊണ്ട് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വിജയശ്രീലാളിതനാവുകയുമാണ്. ഇതല്ലാതെ തന്നെ, മകന്റെ അഛന് സിനിമയോടെന്നതിനേക്കാള്‍ ടെലിവിഷനോടാണ് ചായ്‌വ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആവശ്യത്തിലധികം ക്ളോസപ്പുകളും നിര്‍ത്താതെയുള്ള വാചകമടികള്‍ മാത്രമായ സംഭാഷണ-ശബ്ദ ബഹളവും വലിയ തിരശ്ശീലക്കു പകരം ടിവി സ്ക്രീനിനു യോജിച്ച വിധത്തിലെടുത്ത ടെലി-നാടകമാക്കി മകന്റെ അഛനെ സങ്കോചിപ്പിക്കുന്നുണ്ട്. സംഗീതത്തെയും സംഗീതാവതരണത്തെയും സര്‍ഗാത്മകതയും വ്യക്തിത്വവിജയവുമായി ഉയര്‍ത്തിക്കാട്ടുന്ന സിനിമയില്‍ ചേര്‍ത്തിട്ടുള്ള രണ്ടു പാട്ടുകളിലൊന്നിന്റെ അവതരണം സ്റേജിലും മറ്റൊന്നിന്റേത് ടെലിവിഷന്‍ സ്റ്റുഡിയോയിലുമാണ്. ആദ്യത്തേതില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ ഭീകരനായ പ്രധാനാധ്യപകനും രണ്ടാമത്തേതില്‍ തന്റെ സങ്കല്‍പം മകനിലടിച്ചേല്‍പിച്ച അഛനുമാണ് പരാജയപ്പെടുത്തപ്പെടുന്നത്. ജീവിതവിജയത്തിനു പകരം പ്രതീതി (സ്റേജ്/ടിവി) വിജയമാണ് മഹത്വവത്ക്കരിക്കപ്പെടുന്നത് എന്നു സാരം.
കുടുംബം എന്ന ആദര്‍ശരൂപത്തെ മഹത്വവത്ക്കരിച്ചെടുത്ത് സമൂഹത്തിന് പകരവും വിപരീതവുമായി സ്ഥാപിക്കുക എന്ന സിനിമയുടെ സ്ഥിരം ഇതിവൃത്തം തന്നെയാണ് ഇവിടെയും ആഖ്യാനം ചെയ്യപ്പെടുന്നത്. സമൂഹത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പെന്ന നിലയില്‍ കുടുംബം പ്രാഥമിക ജനാധിപത്യത്തിന്റെ പ്രവര്‍ത്തനമേഖല എന്ന നിലക്ക് വികസിക്കുകയാണെങ്കില്‍ മാത്രമേ അത് മാനവികതക്ക് ഗുണം ചെയ്യുകയുള്ളൂ. എന്നാലങ്ങിനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുരുഷാധിപത്യം, യാഥാസ്ഥിതിക മൂല്യങ്ങള്‍, ജാതി-മത-കുല മഹിമകളുടെ ഗൃഹാതുരത്വവും പുനസ്ഥാപനവും, ഉപഭോഗസംസ്ക്കാരത്തോടുള്ള അതിരു കടന്ന വിധേയത്വം, മുതലാളിത്ത കമ്പോളത്തിനനുയോജ്യമായ വിധത്തിലുള്ളതും നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ ഒരു സുഘടിത യൂണിറ്റു രൂപീകരണം എന്നിങ്ങനെ കുടുംബത്തിലൂടെ പ്രയോഗവത്ക്കരിക്കപ്പെടുന്ന ഘടകങ്ങള്‍ അനവധിയാണ്. അവികസിതമായ മാനസികാവബോധത്തോടെയാണ് മിക്ക വ്യക്തികളും കുടുംബത്തിനകത്തെ അധികാരപദവിയിലേറുമ്പോള്‍ എന്നതു കൊണ്ട്, കുട്ടികളും സ്ത്രീകളുമടക്കമുള്ള വീട്ടിനകത്തെ കീഴാള സമൂഹം അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ അതിരറ്റതാണ്. കുട്ടികളെ എല്ലാ അര്‍ത്ഥത്തിലും സാമൂഹ്യവിരുദ്ധരാക്കി വളര്‍ത്തിയെടുക്കുകയാണ് കുടുംബം ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം.
വിദ്യാഭ്യാസം പോലെ വ്യക്തിയെ സാമൂഹ്യവത്ക്കരിക്കാന്‍ ഉപകരിക്കേണ്ട ഒരു പ്രക്രിയ കഴുത്തറുപ്പന്‍ മത്സരത്തിനുള്ള ഒരു ഗോദയാക്കി ആധുനിക മുതലാളിത്തം സങ്കോചിപ്പിച്ചെടുത്തു. കൈക്കൂലി വാങ്ങാത്ത, ആദര്‍ശവാദിയായി കാണപ്പെടുന്ന വിശ്വനാഥന്‍ സമൂഹത്തിന് അനുയോജ്യനായ ഒരു മനുഷ്യനായി മകനെ പഠിപ്പിച്ചെടുക്കാനല്ല ഉദ്യമിക്കുന്നത്, മറിച്ച് കനത്ത ശമ്പളം കിട്ടിയേക്കുമെന്നു കരുതാവുന്ന പ്രൊഫഷനലാക്കാനാണ്. ഇതിന്റെ സാമൂഹ്യവിരുദ്ധത ബോധ്യപ്പെട്ടുകൊണ്ടല്ല, മനു അഛനോടും അദ്ദേഹത്തിന്റെ വ്യക്തിത്വ/വിദ്യാഭ്യാസ സങ്കല്‍പത്തോടും വിയോജിച്ചുകൊണ്ട് വീടുവിട്ടു പോകുന്നത്. തനിക്കുള്ളിലുള്ള സംഗീതവാസന എന്ന സര്‍ഗാത്മകതയെ റിയാലിറ്റി ഷോ എന്ന കഴുത്തറുപ്പന്‍ മത്സരത്തിലൂടെ പുറത്തെടുക്കാനും വാശി തീര്‍ക്കുവാനുമാണ്. കുടുംബം തന്നെ വ്യത്യസ്ത ആശയഗതികളുടെ പോരാട്ട വേദിയാവുകയാണിവിടെ. അതില്‍ കുഴപ്പമില്ല. എന്നാല്‍ ഇരുപക്ഷവും സമൂഹത്തെയല്ല ആത്യന്തികമായി പരിഗണിക്കുന്നത്, വ്യക്തിത്വത്തിന്റെ പ്രതീതി വിജയങ്ങളെയാണെന്നതാണ് അപഹാസ്യമായ കാര്യം. ഒറ്റപ്പെട്ട വ്യക്തികളുടെ പ്രതീതിവിജയങ്ങളാണ് പ്രധാനം, അല്ലാതെ സമൂഹത്തിന്റെ ആകെയുള്ള മാറ്റമല്ല എന്നത് ബൂര്‍ഷ്വാ നീതിശാസ്ത്രത്തിന്റെ പ്രിയപ്പെട്ട ശാസനകളിലൊന്നാണല്ലോ.
ടി വി റിയാലിറ്റി ഷോയിലെ മനുവിന്റെ പ്രതീതിവിജയത്തോടെ അവരുടെ കുടുംബത്തിന്റെ സകലമാന പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കപ്പെടുന്നു. വലിയ വീട്, നല്ല വസ്ത്രങ്ങള്‍, മനുവിനെ പഠിപ്പിക്കാനായെടുത്ത കടങ്ങളില്‍ നിന്നുള്ള മോചനം എന്നിങ്ങനെ അവര്‍ക്കുണ്ടാകുന്ന സാമ്പത്തികശ്രേയസ്സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂവണിയുന്ന ഘട്ടത്തിലാണ് സിനിമ അവസാനിക്കുന്നത്. പ്രശ്നരഹിതവും സമ്പന്നവുമായ കുടുംബം എന്നതാണ് മനുഷ്യകുലത്തിന്റെ ആഹ്ളാദത്തിന്റെ നിദാനം എന്ന മൂല്യബോധത്തെയാണ് എല്ലാ സിനിമകളിലുമെന്നതു പോലെ മകന്റെ അഛനും അടിസ്ഥാനമാക്കുന്നത്. ഈ പ്രശ്നരഹിത/സമ്പന്ന കുടുംബം ആ നിലയിലെത്തുന്നതാകട്ടെ, സമൂഹത്തിനൊന്നാകെയുണ്ടാകുന്ന അഭ്യുന്നതി മൂലമല്ല. തങ്ങളുടെ കുടുംബത്തിന് പുറത്തുള്ള, അഥവാ ഇത്രയും കാലം തങ്ങളുടെ കുടുംബത്തിനകത്തുമുണ്ടായിരുന്ന ദരിദ്ര സമൂഹത്തിനകത്ത് നടത്തുന്ന വ്യാജമത്സരവിജയത്തിലൂടെയാണ് കുടുംബം രക്ഷപ്പെടുന്നത്. കുടുംബം നേരെയാക്കിയിട്ട് സമൂഹത്തിന്റെ കാര്യം ചിന്തിച്ചാല്‍ പോരേ എന്ന വലതുപക്ഷ ആശയം തന്നെയാണ് ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.
*
ജി.പി.രാമചന്ദ്രന്‍ കടപ്പാട് മാധ്യമം ആഴ്ചപ്പതിപ്പ്
No comments:
Post a Comment