Tuesday, 17 February 2009

ചങ്ങലകളാകുന്ന ജീവിതവും മാറുന്ന വിവാഹരീതികളും

"ജമാലിക്ക കാളേജില് പഠിച്ചിട്ടൊണ്ട്. നാലുനാളുകഴിഞ്ഞാലും നല്ലൊരു ജോലി കിട്ടാതിരിക്കില്ല. അതുകൊണ്ട് ചുറ്റുപാടുള്ളൊരു പെണ്ണിനെ കെട്ടുന്നതാണ് ജമാലിക്കാന് നല്ലത്.''

"അത്തരത്തില്‍ സുഹറ എന്നെ ഉപദേശിക്കരുത് എന്റ മനസ്സ് വേദനിക്കും.''

"ജമാലിക്കാന് വേദനിക്കാന്‍ വേണ്ടി പറയണ്ന്ന് വിചാരിക്കരുത്. പൊരനിക്കണ തറ മാത്രമേ ജമാലിക്കാന് തരാനായിട്ടൊള്ളു. പൊന്നും പണവുമൊന്നും ഉമ്മിച്ചാന്റെ പക്കലില്ല.''

"എന്റെ ഹൃദയത്തിലുള്ളത് ഞാന്‍ സുഹറയോട് തുറന്നുപറയാം. എനിക്ക്,ഭൂമി വേണ്ട.പണവും വേണ്ട.എനിക്ക് വേണ്ടത് എന്റെ കണ്‍മുമ്പില്‍നില്‍ക്കുന്ന സുഹറയെയാണ്.''

('നിക്കാഹ് ' നോവല്‍ ഗ്രന്ഥകര്‍ത്താ: സുബഹി)

പരസ്‌പരം സ്നേഹിച്ച് ജീവിക്കുന്ന എത്ര ആണും പെണ്ണും ഈ നോവലിലെ തുടിക്കുന്ന വാക്കുകള്‍ അവരുടെ ജീവിതത്തില്‍ ഉരുവിട്ടിട്ടുണ്ടാകും! ഒരു കാലഘട്ടത്തില്‍ നമ്മുടെ സിനിമകളിലും നോവലുകളിലും പൊന്നും പണവും ജാതിയും മതവും നോക്കാതെ നെഞ്ചൂക്കോടെ സ്നേഹിച്ച സ്‌ത്രീയുടെ കൈപിടിച്ച്, ചെറ്റക്കുടിലായിരുന്നാലും സ്വന്തം വീട്ടിലിരുന്ന് ഈ നോവല്‍ഭാഗത്തെ വാക്കുകള്‍ ഉച്ചരിച്ചിരുന്നു. നവോത്ഥാനം ഉണര്‍ത്തിവിട്ട സംസ്‌ക്കാരമാണ് നമ്മുടെ സ്‌നേഹബന്ധങ്ങളെ നിര്‍വചിച്ചത്. നവോത്ഥാനത്തിന്റെ ചൂരും ചൂടുമാണ് ജാതീയവും മതപരവുമായ വിലക്കുകളെ വകവെക്കാതെ അധ്വാനിച്ച് ജീവിക്കാന്‍ കരുത്തുള്ള ജീവിതസഖാവിന്റെ കൂടെ 'മുന്നും പിന്നും നോക്കാതെ' ഇറങ്ങിത്തിരിക്കാന്‍ മലയാളി സ്‌ത്രീത്വത്തിന് കരളുറപ്പുനല്‍കിയത്.

അന്ന് അത്തരം സ്‌നേഹബന്ധങ്ങളും വിവാഹവും ജീവിതവുമെല്ലാം അഗ്നി പരീക്ഷണം തന്നെയായിരുന്നു. ബ്രാഹ്മണ്യസംസ്‌ക്കാരവും ജന്മിഭൂവുടമാബന്ധങ്ങളും ജാതിവ്യവസ്ഥയുടെ കടുത്ത നിയമസംഹിതകളുമെല്ലാം സ്‌ത്രീയെ അടിമത്തത്തില്‍ തളച്ചിട്ടു. നമ്പൂതിരി സമുദായത്തിലെ സ്‌മാര്‍ത്തവിചാരവും നായര്‍ സമൂഹത്തിലെ സംബന്ധവിവാഹവുമെല്ലാം ഏറ്റവും ഹീനമായ ദണ്ഡനങ്ങളാണ് സ്‌ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. അതുകൊണ്ടുതന്നെ കണ്ണില്‍ ചോരയില്ലാത്ത ആ സാമൂഹിക വ്യവസ്ഥക്കെതിരെ നടന്ന ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ എളുപ്പമായിരുന്നില്ല. മാറുമറയ്‌ക്കാനും വിദ്യാഭ്യാസം ചെയ്യാനും കുടുംബസ്വത്തില്‍ ന്യായമായ അവകാശം ലഭിക്കാനും എന്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ അടുക്കളകളില്‍ ഹോമിക്കപ്പെട്ട സ്‌ത്രീസമൂഹത്തിന്റെ ഉയിര്‍പ്പ് സാമൂഹികവിപ്ലവത്തിന്റെ കാഹളമായിരുന്നു. ഇരുളടഞ്ഞ ഒരു ചരിത്ര ഘട്ടത്തില്‍നിന്നും ഇന്നുകാണുന്ന ആധുനിക കേരളീയസമൂഹത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തില്‍ എടുത്തുചാടിയാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങല്‍ ഇവിടുത്തെ മണ്ണില്‍ വേരുറച്ചത്. ഭിന്നജാതിമതവിഭാഗങ്ങള്‍ക്ക് തമ്മിലുള്ള വിവാഹബന്ധങ്ങളും സ്‌ത്രീധനത്തിനെതിരായ പോരാട്ടങ്ങളും നമ്മുടെ ജനാധിപത്യസംസ്‌ക്കാരത്തിന്റെ മണ്ണൊരുക്കി. ഇതിനെല്ലാംതന്നെ ഊര്‍ജ്ജം പകരുന്ന ഒരു സാംസ്‌ക്കാരികപാരമ്പര്യവും കേരളത്തിനുണ്ടായിരുന്നു. നിരപരാധിയായ ഭര്‍ത്താവിനെ കള്ളനെന്നുമുദ്രകുത്തിയ പാണ്ഡ്യരാജാവിനെതിരെ സ്‌തനമെരിച്ച് ഉറഞ്ഞാടിയ പ്രതികാരദാഹിയായ കണ്ണകിയുടെ വീരകഥകള്‍കേട്ടാണ് കേരളത്തിന് ഒരു താത്രിക്കുട്ടിയുണ്ടായത്. 1905 ല്‍ ആണ് താത്രിക്കുട്ടിയുടെ സ്‌മാര്‍ത്തവിചാരം നടന്നത്. 64 പുരുഷന്മാര്‍ക്ക് ശിക്ഷവാങ്ങിക്കൊടുത്ത താത്രിക്കുട്ടിയുടെ പോരാട്ടം ഇവിടെ സ്‌നേഹബന്ധങ്ങള്‍ക്കും വിവാഹജീവിതത്തിനും സര്‍വോപരി ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കും മാനുഷികമായ പുതിയ നിര്‍വചനം നല്‍കി.

ഇന്ന് ചരിത്രം മാറിവരികയാണ്. എതിര്‍പ്പുകള്‍ക്ക് മുനയൊടിഞ്ഞില്ലെങ്കിലും പുതിയ വിവാഹമാതൃകകള്‍ രൂപം കൊള്ളുന്നുണ്ട്. ബഷീറിന്റെ 'ബാല്യകാലസഖി'യെന്ന നോവലിലെ മജീദും സുഹറയും പോലെ പ്രണയബദ്ധരായ ആണിനും പെണ്ണിനും ഒരുമിച്ചുജീവിക്കാനുള്ള ജനാധിപത്യസാധ്യതകള്‍ക്ക്, പക്ഷെ, തടയിടുന്ന പണക്കൊഴുപ്പിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും ജഡമായ ഒരു സംസ്‌ക്കാരം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു കാലഘട്ടത്തില്‍ എത്രയോ ആലംബഹീനരായ പെണ്‍കുട്ടികളെ കണ്ണീരുകുടിപ്പിച്ച സ്‌ത്രീധനസമ്പ്രദായം പുതിയ മാന്യതയുടെ അടയാളമായി ഉയര്‍ന്നുവരുന്നത് കാണാതിരുന്നുകൂട. സ്‌ത്രീധനത്തിന്റെ പേരില്‍ മുമ്പിവിടെ നടന്ന വ്യാപകമായ പെണ്‍ഹത്യകളും പീഡനങ്ങളും ഇന്നില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സ്‌ത്രീധനസമ്പ്രദായം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പണമായിട്ടും ആഭരണങ്ങളായിട്ടും കണക്കുപറഞ്ഞ് സ്‌ത്രീധനം വാങ്ങുന്ന വിവാഹരീതികള്‍ നിര്‍ധനരായ കുടുബങ്ങളെ വിശേഷിച്ചും ദുരിതക്കയത്തിലാഴ്ത്തുകയാണ്. മാത്രമല്ല സമൂഹത്തില്‍ മാന്യതസ്ഥാപിക്കാനുള്ള അളവുകോലായി വിവാഹച്ചടങ്ങുകള്‍ മാറുന്നു. ഈ വിവാഹമാമാങ്കങ്ങള്‍ അനുകരിക്കാനുള്ള ഒരു പ്രവണതയും നിലനില്‍ക്കുന്നു.

'എത്ര ലളിതമാക്കാന്‍ വിചാരിച്ചാലും കുറച്ചൊക്കെ കെങ്കേമമാവും' എന്നൊരു ചൊല്ലുതന്നെ വ്യാപകമായിരിക്കുന്നു. ഒരു പത്തുവര്‍ഷമെങ്കിലും ചെറിയൊരു കുടുംബത്തിന് ജീവിക്കാന്‍ കഴിയാവുന്നത്ര പണം ഒരൊറ്റ ദിവസംകൊണ്ട് കലക്കിമറിക്കുന്ന ഈ വിവാഹമാമാങ്കങ്ങള്‍ക്കെതിരെ ജനകീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പുതന്നെ അത്യാവശ്യമായി വന്നിരിക്കുന്നു.

എന്നാല്‍ ഒരു മാതൃകാപരമായ ജനാധിപത്യ വിവാഹമാതൃകകളും രീതികളും ഇവിടെ ഉയര്‍ന്നുവരുന്നത് കാണാതിരുന്നുകൂടാ. ജാതകം പോലുള്ള അന്ധവിശ്വാസങ്ങള്‍ കുടഞ്ഞെറിഞ്ഞ് സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പൊരുത്തം നോക്കി, ലളിതമായ രീതിയില്‍ വിവാഹിതരാവുന്ന യുവനിരയെ, പക്ഷെ, അവഗണിക്കുന്നത് ദുസ്സഹമാണ്.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിനെതിരെ ആസൂത്രിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വലതുപക്ഷ ശക്തികളും മറ്റും ഇവിടെയുയരുന്ന പുതിയ വിവാഹമാതൃകകളെ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു. പാര്‍ട്ടി ഓഫീസുകള്‍, സ്‌കൂളുകള്‍, രജിസ്‌ട്രാറാഫീസുകള്‍, വായനശാലകള്‍ തുടങ്ങിയ സ്ഥലങ്ങളെ വിവാഹവേദികളാക്കി മതപരമായ ആഘോഷങ്ങളില്ലാതെ ലളിതമായി നടത്തുന്ന വിവാഹങ്ങളില്‍ തെളിയുന്നത് പുതിയൊരു സംസ്‌ക്കാരമാണ്. സ്‌ത്രീധനത്തിനുവേണ്ടി പറമ്പും പുരയിടവും വരെ കടപ്പെടുത്തി ആത്മഹത്യയിലേക്കും 'ദുര്‍മരണങ്ങ'ളിലേക്കും തള്ളിവിടപ്പെട്ട കുടുംബങ്ങളുടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇത്തരം വിവാഹമാതൃകകള്‍ ജനകീയമായിത്തന്നെ വികസിപ്പിക്കേണ്ടതുണ്ട്.

കുടുംബത്തിലെ ജനാധിപത്യബന്ധങ്ങള്‍:

ഭ്രൂണാവസ്ഥയിലിരിക്കുമ്പോള്‍തന്നെ പെണ്‍കുഞ്ഞിനെക്കുറിച്ചുള്ള കണക്കുകൂട്ടലിലേര്‍പ്പെടുന്ന ഒരു കുടുംബസംസ്‌ക്കാരം ഇവിടെയുണ്ടായിരുന്നു. ഭ്രൂണപരിശോധനനിരോധിക്കപ്പെട്ടതോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. എങ്കിലും പെണ്‍കുഞ്ഞ് ജനിക്കുന്നതോടെതന്നെ, അതിനെ ആണ്‍കുട്ടിയില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു സംസ്‌ക്കാരം നമ്മുടെ സമൂഹത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. കൊച്ചുകുഞ്ഞുങ്ങളില്‍ ലിംഗപരമായി അടിച്ചേല്‍പ്പിക്കുന്ന ഈ വിവേചനം ജനാധിപത്യസങ്കല്‍പ്പത്തിനെതിരാണ്. കുടുംബങ്ങള്‍ക്കകത്ത് ലിംഗപരമായ സമത്വവും തുല്യപരിഗണനയും നിലനില്‍ക്കുന്ന സമൂഹത്തിനുമാത്രമേ, ഒരു ജനാധിപത്യസമൂഹമായി ഉയര്‍ന്നുവരാന്‍ കഴിയുകയുള്ളൂ. ഇതിനുതടസ്സമായി നില്‍ക്കുന്നത്, കാലഹരണപ്പെട്ട മതാനുശാസനങ്ങളും ആചാരങ്ങളുമാണ്. പെണ്‍കുട്ടികള്‍ക്ക് സവിശേഷമായ അച്ചടക്കങ്ങളും സ്വഭാവക്രമീകരണങ്ങളും അങ്ങനെയാണ് രൂപപ്പെടുന്നത്.

ഇത് ഭാവിയില്‍ പെണ്‍കുട്ടികളുടെ ബുദ്ധിപരമായ വികാസത്തെ ഗുരുതരമായി ബാധിക്കുന്നു. ബുദ്ധിപരവും സര്‍ഗാത്മകവുമായ പ്രകാശനങ്ങള്‍ തടയപ്പെടാന്‍ ഇത് വഴിവെക്കുന്നു. അതുപോലെതന്നെ വിവാഹകാര്യങ്ങളില്‍ സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അവസരവും കഴിവും പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു. പഠിക്കുന്ന വിഷയങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങള്‍, ഇവയിലെല്ലാംതന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ അഭിരുചിയെ മാനിക്കേണ്ടത് അത്യാവശ്യമാണെന്ന ബോധമാണ് കുടുംബങ്ങള്‍ക്കകത്ത് രൂപപ്പെടേണ്ടത്. ഉദാഹരണത്തിന് ഗണിതശാസ്‌ത്രത്തില്‍ അഭിരുചിയുള്ള ഒരു കുട്ടിയെ, ആണായാലും പെണ്ണായാലും മറ്റൊരു വിഷയം പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് ദോഷമേ ചെയ്യുവെന്നത് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സാമാന്യമായ ഒരു വസ്‌തുതയാണ്. അങ്ങനെയെങ്കില്‍ ഏതുകാര്യം തെരെഞ്ഞെടുക്കുന്നതിലും ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ സവിശേഷതകള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍, വിവാഹംപോലുള്ള നിര്‍ണ്ണായകമായ വിഷയങ്ങളില്‍ പെണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറയേണ്ടതില്ല. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്നതും ഉയര്‍ന്ന ജോലിയുള്ളവരുമായ വരന്മാരെ തെരഞ്ഞെടുക്കുന്ന രക്ഷിതാക്കളുടെ ആവേശം ഒരു രോഗം പോലെ പടരുകയാണിന്ന്.

എന്നാല്‍ ആരോഗ്യകരമായ ഒരു കുടുംബജീവിതത്തില്‍ ഏറ്റവും അടിസ്ഥാനപരമായ ഘടകം സ്‌ത്രീ പുരുഷബന്ധങ്ങളില്‍ നിലനില്‍ക്കേണ്ട ജനാധിപത്യപരമായ സുതാര്യതതന്നെയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിന്റെ അഭാവത്തില്‍ യഥാര്‍ത്ഥത്തിലിവിടെ സംഭവിക്കുന്നത് കുടുംബശൈഥില്യംതന്നെയാണ്. സാമ്പത്തിക പുരോഗതിയേക്കാള്‍ ഇതര സാംസ്‌ക്കാരിക ഘടകങ്ങള്‍ക്കാണ് പ്രാധാന്യം ലഭിക്കേണ്ടത്. അതുപോലെതന്നെ 'അറേഞ്ച്ഡ് മാര്യേജ്' എന്ന രീതിയില്‍ വധൂവരന്മാര്‍ക്ക് പരസ്‌പരം ആശയവിനിമയം ചെയ്യാനുള്ള അവസരവും സാധ്യതയും ഇല്ലാതെ പോവുന്നു. പ്രണയവിവാഹങ്ങളിലൂടെ വളര്‍ന്നുവരുന്ന ബന്ധങ്ങളില്‍ ആശയവിനിമയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പ്രണയവിവാഹങ്ങളെല്ലാം തന്നെ പരാജയമാണെന്ന പ്രചാരണങ്ങള്‍ പലവഴിക്കും ഉയര്‍ന്നുവരുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജുകളിലെ ശൈഥില്യങ്ങളെ പക്ഷേ, ഈ രീതിയില്‍ വിലയിരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. കാരണം അറേഞ്ച്ഡ് മാര്യേജുകള്‍ പലനിലക്കും ചില സ്വകാര്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. ഉദാഹരണത്തിന്, സ്‌ത്രീധനസമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. അടുത്തകാലത്ത് വളര്‍ന്നുവന്നിട്ടുള്ള ആര്‍ഭാടകരമായ വീടെടുപ്പുകള്‍ സൃഷ്‌ടിക്കുന്ന സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാനുള്ള സ്രോതസ്സായി ആണ്‍കുട്ടികളുടെ വിവാഹത്തെ കാണുന്ന പ്രവണത ശ്രദ്ധേയമാണ്. സ്‌ത്രീധനത്തിനുള്ള പ്രോത്സാഹനമായി ഇത് മാറുമ്പോള്‍, പ്രണയവിവാഹത്തെ പൊതുവില്‍ നിരുത്സാഹപ്പെടുത്താനും എതിര്‍ക്കാനുമുള്ള പ്രവണത ഉയര്‍ന്നുവരുന്നു. സ്‌ത്രീധനം, നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും അനൌപചാരികമായി അതിവിടെ സ്ഥാപിക്കപ്പെടുകയാണ്. അത് ചോദ്യം ചെയ്യപ്പെടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് സ്‌ത്രീപ്രസ്ഥാനങ്ങളില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള പുരോഗതിയാണ്. കേരളത്തില്‍ മാത്രമല്ല പുറത്തും ഇത്തരം പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഒന്നു രണ്ടുവര്‍ഷം മുമ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവം ചെന്നൈയില്‍ നടന്നത്. കൊട്ടും കുരവയുമായി അത്യാഡംബരപൂര്‍വം ഒരു വിവാഹച്ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ചെന്നൈയിലെ യാഥാസ്ഥിതിക സമൂഹത്തെ (ചെന്നൈയിലെയെന്നല്ല ഇന്ത്യയിലാകെയുള്ള യാഥാസ്ഥിതികരെ) ഞെട്ടിച്ച സംഭവം നടന്നത്. ആഘോഷപൂര്‍ണ്ണമായ വിവാഹച്ചടങ്ങിലെ ഏറ്റവും നിര്‍ണ്ണായകമായ താലികെട്ടല്‍ അവിടെനടന്നില്ല. വരന്‍ താലികെട്ടാന്‍ തയ്യാറായില്ല. കാരണം, താനാവശ്യപ്പെട്ട സ്‌ത്രീധനം തീര്‍ത്തുനല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. പണം തന്നില്ലെങ്കില്‍, വിവാഹം നടക്കില്ലെന്ന് വരനും കൂട്ടരും ഭീഷണിപ്പെടുത്തി. അങ്ങനെയിരിക്കെയാണ് വിദ്യയെന്നുപേരായ വധുവിന്റെ ധീരമായ ഇടപെടല്‍ നടന്നത്. അവള്‍ നേരെ പോലീസ് സ്റ്റേഷനില്‍ പോയി വരന്റെയും വീട്ടുകാരുടെയും പേരില്‍ പരാതി കൊടുത്തു. കേസായി. കേസ് ഭയപ്പെട്ട വരനും കൂട്ടരും അനുരഞ്ജനത്തിനു തയാറായെങ്കിലും വിദ്യ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

ഇതിനുസമാന്തരമായ ഒട്ടേറെ സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. സ്‌ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ വിവാഹത്തില്‍നിന്നും പിന്മാറിയ വരന്മാരെ നിരാകരിച്ച് വിവാഹപ്പന്തലില്‍ നിന്നുതന്നെ പുതിയ വരന്മാരെ സ്വീകരിക്കാനുള്ള ധീരത കാട്ടിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പുതിയ ജീവിത മാതൃകതന്നെയാണ് നമ്മുടെ സമൂഹത്തില്‍ വികസിപ്പിക്കുന്നത്.

വളരെ ഗൌരവാവഹമായ മറ്റൊരുഘടകമാണ് ജാതി മതബന്ധങ്ങളുടെ വേരറുത്തുകൊണ്ട് വളരുന്ന വിവാഹബന്ധങ്ങള്‍. സ്വന്തം മതവിശ്വാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്യമതത്തില്‍പ്പെട്ടവരുമായി നടത്തുന്ന വൈവാഹികബന്ധങ്ങളും മതത്തെ നിരാകരിച്ചുകൊണ്ടുള്ള ബന്ധങ്ങളും കേരളീയ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. എണ്ണത്തില്‍ വളരെ കുറവാണെങ്കില്‍പോലും കേരളം പോലെ ഇന്നും സംഘടിതമതശക്തികള്‍ സജീവമായ സമൂഹങ്ങളില്‍, ഇത്തരം മാതൃകകള്‍ ഗൌരവാവഹമായി പരിഗണിക്കപ്പെടേണ്ടതും, ഭരണകൂടത്താല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. കുടുംബങ്ങളില്‍നിന്നുള്ള ഒറ്റപ്പെടല്‍, ഭ്രഷ്‌ട്. ഭീഷണികള്‍, ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍, നുണപ്രചാരണങ്ങള്‍, കള്ളക്കേസുകള്‍, സ്വത്ത്നിഷേധം തുടങ്ങി ഒട്ടേറെ കഠിന പരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് ജീവിക്കേണ്ടിവരുന്ന യുവജനങ്ങള്‍ ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ കാണം? മിശ്രവിവാഹങ്ങള്‍, നൂറ്റാണ്ടുകളായി ഇവിടെ അരക്കിട്ടുറപ്പിക്കപ്പെട്ട ജാത്യന്ധതയുടെ ആണിക്കല്ലുതന്നെയിളക്കുന്ന സ്‌ഫോടകശക്തിയുള്ള ഒരു നീക്കമാണ്. അന്യമതത്തില്‍പ്പെട്ട പങ്കാളിയെ സ്വീകരിച്ചതിന് തൊഴില്‍ നഷ്‌ടപ്പെട്ടവരും ജീവിതകാലം മുഴുവന്‍ കുടുംബത്തില്‍ നിന്നൊറ്റപ്പെടുന്നവരും, ഇവിടെയുണ്ട്.

പ്രേമവും വിവാഹജീവിതവും, സ്വപ്‌നം കാണുന്നതുപോലെയല്ല. കയ്പേറിയ അനുഭവങ്ങളാണ് മിശ്രവിവാഹം നടത്തിയവര്‍ക്ക് പറയാനുള്ളത്. പക്ഷെ, ധീരമായി ജീവിതത്തെ നേരിടാന്‍ തയ്യാറാവുമ്പോള്‍ എല്ലാ എതിര്‍പ്പുകളും മഞ്ഞുപോലെ ഉരുകിപ്പോവുന്നു. ഇന്ന് മിശ്രവിവാഹിതരെ പടിയടച്ചുപിണ്ഡം വെക്കാന്‍ എത്രയാഥാസ്ഥിതികര്‍ക്കായാലും കഴിയില്ല. പുരോഗമന പ്രസ്ഥാനങ്ങളും വിശേഷിച്ച് യുവജന സ്‌ത്രീപ്രസ്ഥാനങ്ങളും മറ്റും ഇടപെട്ടുകൊണ്ട് ഇവിടെ നടത്തുന്ന ശ്രമങ്ങള്‍ ജാതി മതാദിപരിഗണനകള്‍ക്കപ്പുറത്തുള്ള വിവാഹങ്ങള്‍ക്ക് പ്രോത്സാഹനമായി വര്‍ത്തിക്കുന്നു.

മുസ്ലീംസമുദായത്തിലെ ബഹുഭാര്യാത്വംപോലുള്ള കാലഹരണപ്പെട്ട വിവാഹരീതികളുടെ ബലിയാടുകളായി മാറുന്നത് സ്‌ത്രീസമൂഹമാണ്. എന്നാല്‍ ബഹുഭാര്യാത്വം മുസ്ലീം സമുദായത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ആധുനികപഠനങ്ങളും കണക്കെടുപ്പകളുമനുസരിച്ച് ഇന്ത്യയില്‍ ബഹുഭാര്യാത്വം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്കിടയിലാണ്. എന്നാല്‍ ഇസ്ലാമിക സമൂഹത്തില്‍ നടക്കുന്ന പോലെയുള്ള ബഹുഭാര്യാത്വ സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമതവിഭാഗത്തില്‍നടക്കുന്നില്ല. ആള്‍ദൈവപ്രസ്ഥാനങ്ങളുടെ വരവോടെ മതപുനരുദ്ധാരണശ്രമങ്ങള്‍ക്ക് ആക്കം കൂടുകയാണിവിടെ സംഭവിച്ചത്. വേദമന്ത്രങ്ങളും യാഗാനുഷ്‌ഠാനങ്ങളും ഇഴുകിച്ചേര്‍ന്ന വിവാഹമഹോത്സവങ്ങള്‍, സാധാരണക്കാരുടെ വിവാഹസ്വപ്‌നങ്ങളെയാണ് കുഴിച്ചുമൂടുന്നത്. കാരണം, ഈ വിവാഹഘോഷങ്ങള്‍ അനുകരിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ധനരുടെ കുടുംബാടിത്തറ തന്നെ കുളം തോണ്ടുന്നു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളില്‍ ഇത് പ്രകടമായിരുന്നു. വിവാഹപ്രായമായ പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെയും അച്ഛന്മാരാണ് കൂടുതലും ആത്മഹത്യ ചെയ്തുകാണുന്നത്. നമ്മുടെ സാംസ്‌ക്കാരികജീവിതത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ്, സ്‌ത്രീധന സമ്പ്രദായവും വിവാഹാഘോഷങ്ങളുമെന്ന തിരിച്ചറിവ് വളര്‍ന്നുവരേണ്ടതാണ്.

കാരണം, സമ്പത്ത് പ്രദര്‍ശിപ്പിക്കാനും സാമൂഹികാന്തസ്സിന്റെ മാനദണ്ഡം കിലോകണക്കില്‍ ശരീരത്തില്‍ തൂക്കി കണ്ണുമഞ്ഞളിപ്പിക്കുന്നതാണെന്നുമുള്ള ധാരണ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ പരസ്യത്തില്‍ കാണുന്ന, വസ്‌ത്രങ്ങളും ആഭരണങ്ങളും തൂക്കിയിടുന്ന 'ഹാംഗറു' കളാണ് സ്‌ത്രീകളെന്ന ധാരണ പരത്തുന്ന മോഡലുകളെയാണ് ഇന്നു പലരും അനുകരിക്കാന്‍ ദാഹിക്കുന്നത്. ഒന്നോര്‍ക്കുക. പണത്തെയും അതിന്റെ അടിസ്ഥാനത്തില്‍ പൊലിപ്പിക്കുന്ന അന്തസ്സിനെയും അടിത്തറയാക്കി വളര്‍ത്തുന്ന കുടുംബജീവിതത്തില്‍ യഥാര്‍ത്ഥ സ്‌നേഹബന്ധം തളിരിടുകയില്ല. ഈയൊരു ബോധ്യം രക്ഷിതാക്കളിലും കുട്ടികളിലും വളര്‍ന്നുവരേണ്ടതുണ്ട്. പരിസ്ഥിതി പഠനം പോലെ, ആരോഗ്യബോധവത്ക്കരണം പോലെ, ഈ വിഷയവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മാത്രമല്ല ലളിതജീവിതം നയിക്കാന്‍വേണ്ട പ്രായോഗികപരിശീലനവും സിലബസില്‍ ഉള്‍പ്പെടുത്തി ഏറ്റവും ലളിതമായി ജീവിക്കുന്ന കുട്ടികളെ മാതൃകാവിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളായി തെരഞ്ഞെടുക്കണം. അന്യജാതി മതവിഭാഗങ്ങളില്‍നിന്നുമുള്ള ജീവിത പങ്കാളികളെ ആദരിക്കാനും പുരസ്‌ക്കാരങ്ങള്‍ (സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെയും മറ്റും പേരില്‍) നല്‍കാനും നമ്മുടെ ജനകീയ സംഘടനകളും സര്‍ക്കാരും തയ്യാറാവണം. സ്വര്‍ണാഭരണങ്ങള്‍ ക്ലാസുമുറികളില്‍ അണിഞ്ഞു വരുന്ന പ്രവണത ഇല്ലാതാവാനും (കുറഞ്ഞപക്ഷം നിയന്ത്രിക്കപ്പെടാനും) ഇതുവഴിയൊരുക്കും. അന്ധയായ ഹെലന്‍ കെല്ലറോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. കാഴ്‌ചശക്തിയില്ലാതെ ജനിക്കുന്നതിനേക്കാള്‍ മോശമായി വേറെവല്ലതും ലോകത്തുണ്ടോ? ഹെലന്റെ മറുപടി ഇതായിരുന്നു. 'കാഴ്‌ചശക്തിയോടുകൂടി ജനിക്കുകയും ജീവിതത്തെക്കുറിച്ച് കാഴ്‌ചപ്പാടില്ലാതെ പോകുകയും ചെയ്യുന്നതാണ് കാഴ്‌ചശക്തി ഇല്ലാതെ ജനിക്കുന്നതിനേക്കാള്‍ മോശം.

നവോത്ഥാന - പുരോഗമനപ്രസ്ഥാനങ്ങളുടെ മനുഷ്യപ്പറ്റുള്ള സംസ്‌ക്കാരപാരമ്പര്യത്തെ പിന്തുടരുകയാണ് നമ്മുടെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗ്ഗം. എന്നാല്‍ അതെല്ലാം കാലഹരണപ്പെട്ടതാണെന്ന തലതിരിഞ്ഞബോധമാണ് കമ്പോളസംസ്‌ക്കാരവും സൌന്ദര്യമത്സരങ്ങളും ഇവിടെ സൃഷ്ടിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കണമെന്ന ചോദ്യത്തിന് ശ്രീനാരായണ ഗുരുവിന്റെ ഉത്തരം, 'കുറഞ്ഞത് എട്ടുപേര്‍ എന്നായിരുന്നു.' എന്നാല്‍ വിവാഹങ്ങള്‍ ആഘോഷങ്ങളായി മാറുന്നതോടെ, ഈ ആഘോഷത്തിന് പൊലിമയായി സ്‌ത്രീധനവും ആഭരണഭ്രമവും മാറുന്നതില്‍ അത്ഭുതമില്ല. ഇവിടെയാണ് മതത്തിനും ജാതിക്കുമപ്പുറമുള്ള ലളിത വിവാഹങ്ങളും സമുഹവിവാഹങ്ങളും പ്രണയവിവാഹങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

*****

പി പി സത്യന്‍, കടപ്പാട്: യുവധാര

No comments:

Post a Comment