കേരളസമൂഹം വിവിധ പ്രശ്‌നങ്ങളാല്‍ വിചാരണചെയ്യപ്പെടുന്നുണ്ട്. കൊണ്ടാടപ്പെടുന്ന കേരളവികസന മാതൃകകളുടെ ദൌര്‍ബല്യങ്ങളില്‍, ഇവിടെ ഇന്നും സങ്കീര്‍ണമായി തുടരുന്ന ലിംഗാസമത്വം സാമൂഹ്യശാസ്ത്രജ്ഞര്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അനന്തസാധ്യതകളുള്ള ചര്‍ച്ചാ വിഷയമാണ്. മുന്‍തലമുറകളില്‍ നിന്ന് കൈമാറിക്കിട്ടിയ പോരാട്ടവീര്യത്തെയും നേട്ടങ്ങളെയും കൈവിട്ടുകളഞ്ഞവരെന്ന് വര്‍ത്തമാന കേരള സ്‌ത്രീസമൂഹത്തെ ചിലര്‍ കുറ്റപ്പെടുത്തുന്നു.
സമൂഹത്തില്‍ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രക്രിയയിലെ നിഷ്‌ക്രിയരായ ഇരകളോ ഗുണഭോക്താക്കളോ മാത്രമായി സ്‌ത്രീകളെ കണ്ട് അവരെ കര്‍തൃസ്ഥാനത്തു നിന്നുതന്നെ മാറ്റി നിര്‍ത്തുന്നവര്‍ക്ക് സാമൂഹ്യവിശകലനത്തിന്റെ കരുക്കള്‍ മാത്രമാണ് സ്‌ത്രീയനുഭവങ്ങള്‍. എന്നാല്‍, അനീതിയുടെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന, കേരളത്തിലെ ഒന്നരക്കോടിയിലധികം വരുന്ന സ്‌ത്രീകള്‍ വര്‍ത്തമാന സമൂഹത്തില്‍ എവിടെയാണ് തങ്ങളെ അടയാളപ്പെടുത്തുന്നത്? കേരള വികസനത്തിലെ വൈരുധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്ന സ്‌ത്രീ പ്രശ്‌നത്തെ ഇടതുപക്ഷ രാഷ്‌ട്രീയം എങ്ങനെയാണ് സമീപിക്കുന്നത്?
കേരളത്തിലെ സ്‌ത്രീസമൂഹത്തില്‍ നിര്‍ണായക ചലനങ്ങളുണ്ടാക്കിയ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. പക്ഷേ, 21-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ സ്‌ത്രീജീവിതത്തിന് എന്തു സംഭവിച്ചു എന്ന് ചോദിക്കുമ്പോള്‍ കടന്നുവന്ന ചരിത്രവഴികള്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്നുമാത്രം. 19-20 നൂറ്റാണ്ടുകളിലെ സാമൂഹ്യപരിഷ്‌ക്കരണപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ അടിമുടി ബാധിച്ചുവെന്നത് ആവര്‍ത്തിച്ചുറപ്പിച്ച വസ്‌തുതയാണ്. ജാതിമേധാവിത്വത്തിനും ഭൂപ്രഭുത്വത്തിനും കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളില്‍, സമൂഹത്തിലെ വ്യവസ്ഥാപിത അധികാരഘടനയെ പിടിച്ചുലച്ച സംവാദങ്ങളില്‍ സമൂഹത്തില്‍ പ്രബലമായിരുന്ന സ്‌ത്രീകേന്ദ്രീകൃത അനാചാരങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു.
അടിച്ചമര്‍ത്തലിന്റെ പ്രകടരൂപങ്ങള്‍ കൂടുതല്‍ തെളിഞ്ഞു കാണാനാകുന്നത് ഏതു സമൂഹത്തിലെയും സ്‌ത്രീജീവിതത്തിലാണ് എന്നതുകൊണ്ടു തന്നെ ഇവ സമരങ്ങളുടെയും സംവാദങ്ങളുടെയും കേന്ദ്രബിന്ദുക്കളാകുന്നത് സ്വാഭാവികം. ചാന്നാര്‍ ലഹളയെന്നറിയപ്പെടുന്ന മാറുമറയ്‌ക്കല്‍ സമരമായാലും കല്ലും മാലയും ബഹിഷ്‌ക്കരണമായാലും ജാതി അടിമത്തത്തിന്റെ അടയാളങ്ങള്‍ക്കെതിരെ നടന്നതാണ്. സ്വന്തം സമുദായത്തിലെ സ്‌ത്രീകളുടെ പിന്നോക്കാവസ്ഥ, അടിമതുല്യമായ ജീവിത ചുറ്റുപാടുകള്‍ സമുദായത്തിന്റെ തന്നെ അഭിമാനപ്രശ്‌നങ്ങളായിട്ടാണ് എല്ലാ സമുദായസംഘടനകളും ഉയര്‍ത്തിയത്. വിവിധ സമുദായസംഘടനകള്‍ മുന്നോട്ടുവെച്ച സാമൂഹ്യപരിഷ്‌ക്കരണ മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം സ്വന്തം സമുദായാംഗങ്ങളെ ജാതി അധികാരത്തിന്റെയും പ്രാകൃത അനാചാരങ്ങളുടെയും പിടിയില്‍നിന്ന് സ്വതന്ത്രമാക്കുക എന്നതുതന്നെയായിരുന്നു.
കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ഫലമായി സമൂഹത്തില്‍ പ്രചരിച്ച പുതിയ മൂല്യബോധത്തിന്റെ വെളിച്ചത്തില്‍ തങ്ങള്‍ക്ക് സാമൂഹ്യസമത്വം ലഭിക്കുന്നതിന് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകങ്ങളെ ഇല്ലായ്‌മ ചെയ്യുക എന്നതായിരുന്നു ഈ മുന്നേറ്റത്തിന് പിന്നിലുള്ള പ്രേരണ. ജാതി അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളെയും തുടച്ചുമാറ്റുക, പുതിയ ജനാധിപത്യ മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ അപരിഷ്‌ക്കൃതമെന്നു തോന്നുന്ന സാമൂഹ്യബന്ധങ്ങളെയും അനാചാരങ്ങളെയും (സംബന്ധവിവാഹം, കെട്ടുകല്യാണം തുടങ്ങി നിരവധി സമ്പ്രദായങ്ങള്‍) പുതിയ കാലത്തിനനുസൃതമായി പരിഷ്‌ക്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക തുടങ്ങി കേരളത്തിന്റെ സാമൂഹ്യഘടനയെ അടിമുടി പിടിച്ചുലച്ച സാമൂഹ്യ സാമ്പത്തിക പ്രക്രിയകള്‍ വിവിധ മതസമുദായങ്ങളില്‍പ്പെട്ട സ്‌ത്രീ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമല്ല, ഇത്തരം പരിഷ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ക്ക്, മാറ്റങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്നവര്‍ എന്ന നിലയിലും സ്‌ത്രീകള്‍ നവോത്ഥാന പ്രക്രിയയില്‍ പങ്കാളികളായി.
ഇന്ത്യയിലെ നാടുവാഴിത്ത വ്യവസ്ഥയുടെ സവിശേഷതയായ ജാതി അധികാര ശ്രേണിയെ ഒരു നൂറ്റാണ്ടിന് മുമ്പ് തന്നെ ചോദ്യം ചെയ്‌ത കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രക്രിയക്ക് ദേശീയ സ്വാതന്ത്ര്യസമരത്തിന്റേതായ മറ്റൊരു രാഷ്‌ട്രീയ മുഖമുണ്ടായിരുന്നു. വഴി നടക്കാനും ക്ഷേത്രപ്രവേശനത്തിനും ജാതി അസമത്വങ്ങളും അനീതികളും അവസാനിപ്പിക്കാനും വേണ്ടിയുള്ള സാമൂഹ്യ സാഹചര്യം സൃഷ്‌ടിക്കാനുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ആഹ്വാനവും അതിനായുള്ള പ്രവര്‍ത്തനങ്ങളും കേരളത്തിലെ വിദ്യാസമ്പന്നരായ ഒട്ടേറെ സ്‌ത്രീകളെ രാഷ്‌ട്രീയരംഗത്തെത്തിച്ചു. നവോത്ഥാന ആശയങ്ങള്‍ ഏറ്റുവാങ്ങിയ സ്‌ത്രീകള്‍ 20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ വീടിനു പുറത്ത് നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായി. ചരിത്രത്തില്‍ രേഖപ്പെടുത്തിയതും അല്ലാത്തതുമായ നിരവധി സ്‌ത്രീകളുടെ ആത്മത്യാഗം ഇനിയും ദേശീയ പ്രസ്ഥാനചരിത്രത്തില്‍ ഇടം തേടിയിട്ടില്ല.
ജാതി അധികാരശ്രേണിയും സാമ്പത്തികാധികാര ശ്രേണിയും പരസ്‌പരം നിര്‍ണയിക്കുന്നുവെന്നതുകൊണ്ടുതന്നെ ജന്മിത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം സാധ്യമല്ലെന്ന രാഷ്‌ട്രീയബോധമാണ് കേരളത്തിലെ ജന്മിത്വവിരുദ്ധ സമരങ്ങളുടെ ഊര്‍ജം. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ പുരുഷന്മാര്‍ക്കൊപ്പം അണിനിരന്ന സ്‌ത്രീകളാണ് കേരളത്തിലെ സ്‌ത്രീമുന്നേറ്റത്തിന്റെ മറ്റൊരു മുഖം. ജന്മി ചൂഷണത്തിന്റെയും ജാതി അടിമത്തത്തിന്റെയും കൊടും ക്രൂരതകള്‍ക്കെതിരായ മുദ്രാവാക്യങ്ങളില്‍ കൂലിവര്‍ധനയും മറ്റ് തൊഴിലവകാശങ്ങള്‍ക്കും തന്നെയായിരുന്നു പ്രാധാന്യം. എന്നാല്‍, കര്‍ഷകസംഘങ്ങളിലും തൊഴിലാളി യൂണിയനുകളിലും ദേശീയ പ്രസ്ഥാനത്തിലും നേതൃത്വപരമായ പങ്കുതന്നെ വഹിച്ചുകൊണ്ട് അധികാരവര്‍ഗത്തിന്റെ മര്‍ദനവും ലൈംഗിക പീഡനമടക്കം ഏറ്റുവാങ്ങി നാടിനുവേണ്ടി പോരാടിയ ആയിരക്കണക്കിന് സ്‌ത്രീകളാണ് സ്‌ത്രീയുടെ സ്വാതന്ത്ര്യവും വിമോചനവും ഒരു രാഷ്‌ട്രീയ പ്രക്രിയയാണെന്ന സന്ദേശം കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ലൈംഗികചൂഷണവും സ്‌ത്രീകളുടെ അവകാശ നിഷേധങ്ങളും പോരാട്ടങ്ങളില്‍ മുദ്രാവാക്യമായുയര്‍ത്താന്‍ തൊഴിലാളിസ്‌ത്രീകള്‍ക്കു കഴിഞ്ഞു. ജാതി മത സമുദായ സ്ഥാപനങ്ങള്‍ക്കു പുറത്ത് സ്‌ത്രീകള്‍ക്ക് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മതേതര ജനാധിപത്യ മണ്ഡലങ്ങള്‍ കേരളസമൂഹത്തില്‍ രൂപംകൊണ്ടത് സ്‌ത്രീ മുന്നേറ്റ ചരിത്രത്തില്‍ നിര്‍ണായകമായ ഘട്ടമാണ്.
20-ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ ബൂര്‍ഷ്വാ ജനാധിപത്യബോധത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെയും പിതൃമേധാവിത്വവിരുദ്ധ ചിന്തകളുടെയും സംവാദങ്ങള്‍ കേരളസമൂഹത്തിലുയര്‍ന്നുവെന്നതിന് ആ കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വനിതാ മാസികകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും സാഹിത്യകൃതികളിലും പ്രത്യക്ഷപ്പെട്ട ചര്‍ച്ചകള്‍ തെളിവാണ്. ഒരുപക്ഷേ, സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തുമ്പോള്‍ സമുദായപരിഷ്‌ക്കര്‍ത്താക്കള്‍ ലക്ഷ്യമാക്കിയ പൊതു സാമൂഹ്യ ഉന്നമനത്തിനപ്പുറത്തേക്ക് ലിംഗസമത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്താനുള്ള ധീര പരിശ്രമം ഈ പ്രവര്‍ത്തനങ്ങളില്‍ കാണാം. സ്വാഭാവികമായും വിദ്യാസമ്പന്നരായ ഇടത്തരം വിഭാഗത്തില്‍പ്പെട്ട സ്‌ത്രീകളാണ് ഇത്തരം സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ അന്ന് പ്രാപ്‌തരായിരുന്നത്. അനാചാരങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍, അലിഖിതമായി തുടരുന്ന പാരമ്പര്യ പുരുഷമേധാവിത്വവും എതിര്‍ക്കപ്പെടേണ്ടതുണ്ട് എന്നു പറയാന്‍ ശ്രമിക്കുകയായിരുന്നു ഈ സ്‌ത്രീകള്‍. ഇവരുടെ സംഭാവനകള്‍ സമൂഹത്തിന്റെ ബൌദ്ധികതലത്തില്‍ ജനാധിപത്യ ധാരണകളെ വിപുലീകരിക്കുകയും ലിംഗസമത്വത്തിന്റെ ധാരണകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, പലപ്പോഴും പുരുഷന്മാരും സ്‌ത്രീകളും ചേരിതിരിഞ്ഞുള്ള പോര്‍വിളിയാണ് സ്‌ത്രീസ്വാതന്ത്ര്യസമരമെന്ന നിലയിലുള്ള ലളിതവല്‍ക്കരണത്തിലേക്ക് ഈ സംവാദങ്ങളെ ചുരുക്കുന്നതില്‍ ഇതില്‍ പങ്കെടുത്ത പുരുഷന്മാരും സ്‌ത്രീകളും പങ്കുവഹിച്ചു. മാത്രമല്ല, കേരളത്തിലെ പൊതു രാഷ്‌ട്രീയ- സാമൂഹ്യ പ്രക്രിയയുമായി ഇഴചേര്‍ന്നുകൊണ്ട് ഈ ധാരകളെ മുന്നോട്ടു നയിക്കാനുള്ള പരിശ്രമം ഉണ്ടായതുമില്ല.
ഇനി ആ ചോദ്യത്തിന് മറുപടി തേടാം. കേരളത്തില്‍ സ്‌ത്രീജീവിതത്തിന് എന്താണു സംഭവിച്ചത്? പക്ഷേ, ഈ ചോദ്യത്തിന് ഒരു അപകടമുണ്ട്. കേരളത്തിലെ സ്‌ത്രീകള്‍ക്ക് കുറച്ചുകാലം മുമ്പുവരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന ധാരണ ഈ ചോദ്യം സൃഷ്‌ടിക്കുന്നുണ്ട്. കേരളത്തിലെ സ്‌ത്രീകള്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്‌ത്രീകളെ അപേക്ഷിച്ച് ജീവിത ഗുണനിലവാരത്തിന്റെ, സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലാണെന്നതിനാല്‍ ഇത് വികസനത്തില്‍ മാതൃകയാണെന്ന് ഉദ്ഘോഷിക്കുന്നവരുടെ അവകാശവാദങ്ങള്‍ ഇന്നാരും വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നില്ല. എന്നാല്‍, അതുകൊണ്ട് നാം നേടിയ നേട്ടങ്ങള്‍ നേട്ടങ്ങളല്ലാതാകുന്നില്ല. വിദ്യാഭ്യാസ- ആരോഗ്യരംഗത്ത് അവശേഷിക്കുന്ന സ്‌ത്രീവിരുദ്ധതയെ എതിര്‍ത്തുകൊണ്ടു തന്നെ ആ രംഗങ്ങളില്‍ കേരളത്തില്‍ പൊതുസമൂഹം നേടിയ നേട്ടങ്ങളും സ്‌ത്രീ ജീവിതത്തില്‍ ആ നേട്ടങ്ങളുടെ പ്രതിഫലനങ്ങളും അംഗീകരിക്കേണ്ടതുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ മുതല്‍ 2006ലെ വി എസ് മന്ത്രി സഭയും തുടരുന്ന വികസനം മുന്‍നിര്‍ത്തിയുള്ള ഇടതുപക്ഷ രാഷ്‌ട്രീയ ഇടപെടലുകളുടെ പങ്കാണ് ഈ നേട്ടങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടലിലൂടെ മാത്രം ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര സങ്കേതങ്ങളുടെയും പാരമ്പര്യബോധത്തിന്റെയും അഴിച്ചുപണി സാധ്യമാണെന്ന് കരുതുന്നത് എത്രമാത്രം ശാസ്‌ത്രീയമാണ് ? ലിംഗസമത്വത്തിന്റെ ധാരണകളെത്തന്നെ നിഷേധിക്കുന്ന പുരുഷാധിപത്യ ബോധം ഏറിയും കുറഞ്ഞും ഇന്നും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. നവോത്ഥാന പ്രക്രിയയില്‍ നിന്നുള്ള തിരിച്ചുപോക്കിന്റെ ഒരു പ്രതീകമായി എടുത്തുകാട്ടാനാകുന്ന തരത്തില്‍ കേരളസമൂഹത്തില്‍ സ്‌ത്രീവിരുദ്ധത ശക്തമാകുന്നതെന്തുകൊണ്ട് ?
നവോത്ഥാനം മുന്നോട്ടുവെച്ച സ്വതന്ത്ര വ്യക്തിത്വമുള്ള സ്‌ത്രീയെന്ന സങ്കല്‍പ്പത്തെ ഉള്‍ക്കൊള്ളാന്‍ തീരെ കഴിയാതിരുന്ന ഒരുകൂട്ടര്‍ നവോത്ഥാന പ്രക്രിയയില്‍ പങ്കാളികളായ സമുദായശക്തികളുടെ പുതിയ അവകാശികള്‍ തന്നെയാണ്. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം എന്നീ ബൂര്‍ഷ്വാ ജനാധിപത്യമുദ്രാവാക്യങ്ങള്‍ സ്‌ത്രീ സമൂഹത്തിനു പൂര്‍ണമായി ബാധകമാകാതിരുന്നതിന് ഒരു മുഖ്യകാരണം സ്വന്തം ജാതി - മത സ്വത്വത്തിനും അതിന്റെ പ്രകടരൂപമായ സാമുദായികാചാരങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി സമുദായസംഘടനകളെ രാഷ്‌ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ പറ്റുന്നതരത്തില്‍ വിലപേശല്‍ ശക്തികളാക്കി മാറ്റാന്‍ വേണ്ടി നടന്ന ശ്രമങ്ങളാണ്. ജാതിമേധാവിത്വത്തിനെതിരായ സമരത്തിനൊടുവില്‍ കുലീനതയെയും കുടുംബമഹിമയെയും സമുദായാഭിമാനത്തെയും കുറിച്ചുള്ള നാട്യങ്ങളിലേക്കും വിവാഹം, മറ്റ് സവിശേഷ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് വിപുലമാക്കപ്പെടുന്ന ആചാരാനുഷ്‌ഠാനങ്ങളിലേക്കും കടന്നുപോയ മധ്യവര്‍ഗബോധം സ്‌ത്രീയെ അണുകുടുംബത്തിലെ കാവല്‍ക്കാരിയാക്കി മാറ്റി. ജാതി- മത വ്യതിരിക്തതയുടെ ചിഹ്നങ്ങളും അനുശീലനങ്ങളും സ്‌ത്രീജീവിതത്തിനു മേല്‍ കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കേരളത്തില്‍ കാണുന്നത്. മറ്റൊരു നിവൃത്തിയുമില്ലെങ്കില്‍ മാത്രം സ്‌ത്രീ തൊഴിലിനു പോയാല്‍ മതിയെന്നതാണ് സ്‌ത്രീയുടെ റോള്‍ സംബന്ധിച്ച് പ്രബലമാക്കപ്പെട്ട ധാരണ. കുലീനതയെ കൈവരിക്കാന്‍ തങ്ങളുടെ സ്‌ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും വീടിനുപുറത്തെ പ്രവര്‍ത്തന സ്വാതന്ത്ര്യവും നിഷേധിച്ച് വീട്ടിലിരുത്തുകയാണ് വേണ്ടത് എന്നതും ജാതി-മത- സമുദായ- കുടുംബ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ മാത്രം സ്വാതന്ത്ര്യം അനുവദിക്കാമെന്നതും പരസ്‌പരം പൊരുത്തപ്പെട്ടുപോകുന്ന ധാരണകളായി സ്‌ത്രീ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ട്. മതസ്ഥാപനങ്ങളും സമുദായസംഘടനകളും സ്‌ത്രീകളെ കേന്ദ്രീകരിച്ച് കാലഹരണപ്പെട്ട ആചാരങ്ങളുടെയും അനാചാരങ്ങളുടെയും പുനരുത്ഥാനം നടത്തുന്നതിന് വര്‍ത്തമാന കേരളം സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യന്‍ ഭരണകൂടം പിന്തുടരുന്ന മുതലാളിത്ത വികസനപാതയ്‌ക്ക് ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യ അസമത്വം ചൂഷണത്തിന് അനുയോജ്യമായ സാഹചര്യമാണൊരുക്കുന്നത്. എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന മനുഷ്യ അധ്വാനമാണ് ലിംഗ വിവേചനത്തിന്റെയും ജാതി വിവേചനത്തിന്റെയും ഫലമായി ഇന്ത്യയില്‍ ലഭിക്കുന്നത്. ആഗോളവല്‍ക്കരണമാകട്ടെ ചൂഷണത്തിന് കൂടുതല്‍ സൌകര്യപ്രദമായ പുതിയ രൂപങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ആധുനിക വ്യക്തിഗത കുടുംബങ്ങളും അവിടെ സ്‌ത്രീ നിര്‍വഹിക്കുന്ന 'ധര്‍മങ്ങളും' മുതലാളിയുടെ നിരവധി ചുമതലകളില്‍ നിന്ന് അയാളെ മുക്തനാക്കുന്നുണ്ട്. ആധുനിക വ്യക്തിഗത കുടുംബത്തിന്റെ ആദര്‍ശവത്ക്കരണവും ഇതേറ്റവും മാതൃകാപരമാണെന്ന ധാരണയും സമൂഹത്തില്‍ പ്രബലമാക്കേണ്ടത് മുതലാളിത്തത്തിന്റെ കൂടി ആവശ്യമാണ്. കുടുംബത്തിനുള്ളില്‍ നടക്കുന്നത് സ്വകാര്യവും വ്യക്തിപരവുമാണെന്ന ധാരണ ശക്തമാക്കിക്കൊണ്ട് അതിനുള്ളില്‍ നടക്കുന്ന കൈയേറ്റങ്ങളെയും ജനാധിപത്യനിഷേധങ്ങളെയും നിഗൂഢമാക്കിവെക്കുന്നതില്‍ മുതലാളിത്തവും ഇന്ത്യയിലെ ഫ്യൂഡല്‍ പിതൃമേധാവിത്വബോധത്തിന്റെ പുത്തന്‍പ്രയോഗക്കാരും കൈകോര്‍ത്തുപിടിച്ചിരിക്കുന്നു.
രാഷ്‌ട്രീയ അധികാരത്തിനായി മത-സമുദായ സംഘടനകളെ കൂട്ടുപിടിച്ച് 1959ല്‍ വിമോചന സമരത്തിലൂടെ കേരളസമൂഹത്തിന്റെ വളര്‍ച്ചക്ക് ചരിത്രപരമായ തിരിച്ചടി സമ്മാനിച്ച കോണ്‍ഗ്രസിന്റെ ബൂര്‍ഷാ രാഷ്‌ട്രീയം കേരളത്തിലെ ലിംഗ വിവേചനത്തിന്റെയും മറ്റ് സാമൂഹ്യഅസമത്വങ്ങളുടെയും പ്രശ്‌നങ്ങളെ പൂര്‍ണമായും തമസ്‌ക്കരിക്കുകയാണ്. നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തപ്പെട്ട ആധുനികാശയങ്ങള്‍ കുഴിച്ചുമൂടപ്പെടുകയും പുത്തന്‍ മുതലാളിത്ത കമ്പോള താല്‍പ്പര്യങ്ങളും അധികാര രാഷ്‌ട്രീയദുരയും കൈകോര്‍ത്തുപിടിക്കുകയും ചെയ്‌തതിന്റെ ദുരന്തമാണ് അരനൂറ്റാണ്ടായി കേരളം നേരിടുന്നത്.
ഈ സങ്കീര്‍ണ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യത്തെ നേരിട്ടുകൊണ്ടു തന്നെ വേണം സ്‌ത്രീ പ്രശ്‌നമുള്‍പ്പെടെയുള്ള കേരളസമൂഹത്തിന്റെ പ്രശ്‌നങ്ങളെ നേരിടാന്‍ എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. എന്നാല്‍, സങ്കീര്‍ണമായ രാഷ്‌ട്രീയ- സാമൂഹ്യ പ്രശ്‌നങ്ങളെ ലളിതവല്‍ക്കരിക്കുന്ന സമ്പ്രദായത്തില്‍ കേരളത്തിലെ സ്‌ത്രീ പ്രശ്‌നത്തിന്റെ സാഹചര്യങ്ങളെയും പരിശോധിക്കുന്ന പ്രവണത ഇന്നുണ്ട്. ശരിയായ സ്‌ത്രീ വിമോചനത്തിനായുള്ള സ്‌ത്രീപക്ഷ രാഷ്‌ട്രീയം- അതിനെ അടിസ്ഥാനമാക്കിയുള്ള സ്‌ത്രീപ്രസ്ഥാനം ഇനിയും രൂപംകൊണ്ടിട്ടില്ല എന്ന് ഖേദിക്കുകയും അതിനു തടസ്സം ഇടതുപക്ഷ പ്രസ്ഥാനം ആണെന്ന് ആരോപിക്കുകയും ചെയ്യുന്ന വിചിത്രമായ വാദഗതിയാണത്. എന്നുമാത്രമല്ല, കേരളത്തിലെ നവോത്ഥാന പ്രക്രിയയുടെ ഇടര്‍ച്ചക്ക് കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ചയെ തുടര്‍ന്ന് രൂപംകൊണ്ട ആധുനിക അണുകുടുംബങ്ങളെ ഇന്നും നിയന്ത്രിക്കുന്ന പിതൃമേധാവിത്വ മൂല്യബോധത്തിന്, വീടിനകത്തും പുറത്തും തുടരുകയോ ശക്തമാക്കുകയോ ചെയ്തിട്ടുള്ള, സ്‌ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക്, സമൂഹത്തിലെ എല്ലാ മണ്ഡലങ്ങളിലും ദൃശ്യമാകുന്ന പുരുഷമേധാവിത്വ പ്രവണതകള്‍ക്ക്..... പിന്നെ നാട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടോ അതിനെയെല്ലാം ഉത്തരവാദികളായി ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനത്തെ കാണുന്ന വിചിത്രവും അങ്ങേയറ്റം പ്രതിലോമകരവുമായ സാമൂഹ്യവിശകലനങ്ങള്‍ യഥാര്‍ഥത്തില്‍ സ്‌ത്രീപ്രശ്‌നത്തിന്റെ രാഷ്‌ട്രീയത്തെ ലളിതവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഇത് വികലമായ സാമൂഹ്യവിശകലനത്തിന്റെ സൃഷ്‌ടി മാത്രമല്ല, വര്‍ഗപരവും രാഷ്‌ട്രീയവുമായ നിലപാടുകളുടെ പ്രഖ്യാപനങ്ങള്‍ കൂടിയാണ്.
നവോത്ഥാനത്തിന്റെ ഭാഗമായി സമൂഹഘടനയില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ കുടുംബഘടനയെയും ബാധിച്ചുവെന്നതിനെ ഏറ്റവും പുരോഗമനപരമായ ഒന്നായി കമ്യൂണിസ്റ്റുകാര്‍ കാണുന്നില്ല. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും മക്കത്തായത്തിന്റെ സ്ഥാപനവും അണുകുടുംബത്തിന്റെ രൂപീകരണവും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും മുതലാളിത്തത്തിന്റെ കടന്നുവരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആ അര്‍ഥത്തില്‍ സാമ്പത്തിക ഘടനയില്‍ വന്ന മാറ്റങ്ങളുടെ ബൂര്‍ഷ്വാജനാധിപത്യ മൂല്യങ്ങളുടെകൂടി സ്വാധീനഫലമായി കുടുംബ ഘടനയില്‍ ഉണ്ടായ മാറ്റത്തെ അനിവാര്യവും സമൂഹത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതുമായിട്ടാണ് കമ്യൂണിസ്‌റ്റുകാര്‍ വിലയിരുത്തുന്നത്. എന്നാല്‍, പ്രത്യക്ഷമായോ പരോക്ഷമായോ സ്‌ത്രീകളെ വീട്ടടിമകളാക്കി താഴ്ത്തുന്ന തരത്തിലുള്ളതാണ് ആധുനിക വ്യക്തിഗത കുടുംബമെന്ന് ഒരു നൂറ്റാണ്ടിനു മുമ്പു തന്നെ എംഗല്‍സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകത്ത് മുതലാളിത്ത സമൂഹത്തിലെ വ്യക്തിഗത കുടുംബത്തിന് മുന്നൂറു വര്‍ഷമെങ്കിലും പഴക്കമുണ്ടാകും. ഈ കുടുംബം ഏതെങ്കിലും തരത്തില്‍ സ്‌ത്രീയുടെ വിമോചനത്തിനോ സ്വാതന്ത്ര്യത്തിനോ പോലുമുള്ള ഉപാധിയായി കമ്യൂണിസ്‌റ്റുകാര്‍ പരിഗണിക്കുന്നില്ല. കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ ബൂര്‍ഷ്വാ കുടുംബത്തിന്റെ പുരുഷമേധാവിത്വപരമായ അധികാരഘടനയെക്കുറിച്ച് സംശയമില്ലാതെ വിമര്‍ശിക്കുന്നുണ്ട്. കുടുംബഘടനയെയും അതിലെ പുരുഷമേധാവിത്വപരമായ അധികാര ബന്ധങ്ങളെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് കേരളത്തിലെ കുടുംബഘടനയെ സംബന്ധിച്ചും അതില്‍വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചുമുള്ള കമ്യൂണിസ്‌റ്റു ധാരണ ഇ എം എസ് ചിന്ത വാരികയുടെ ചോദ്യോത്തര പംക്തിയില്‍ വിശദീകരിച്ചിട്ടുണ്ട്.
"കേരളത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും വര്‍ഗ പോരാട്ടത്തില്‍ അണിനിരത്തിക്കൊണ്ട് രൂപംകൊണ്ട കമ്യൂണിസ്‌റ്റ് പ്രസ്ഥാനം ഇന്ന് ലക്ഷക്കണക്കായ ബഹുജനങ്ങളുടെ പ്രസ്ഥാനമാണ്. സാധാരണ ജനങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനായിട്ടാണ് ഇന്ത്യയിലാകെ കമ്യൂണിസ്‌റ്റ് പാര്‍ടികളും മറ്റ് ഇടതുപക്ഷപാര്‍ടികളും പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ആറ് ദശകങ്ങള്‍ കഴിഞ്ഞെങ്കിലും ജനങ്ങളില്‍ ഭൂരിഭാഗവും മുതലാളിത്ത ജന്മിത്വ ചൂഷണത്തിന്റെ പിടിയിലാണ്. ജന്മിത്വത്തിന്റെയും ജാതി മേധാവിത്വത്തിന്റെയും ചൂഷണം കേരളത്തില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ള മുതലാളിത്ത വികസനപാത കേരളത്തിലെ ജനങ്ങളെയും വര്‍ധിച്ചതോതില്‍ മുതലാളിത്ത ചൂഷണത്തിനിരകളാക്കുന്നു. പൊതുനേട്ടങ്ങള്‍ സാമൂഹ്യക്ഷേമരംഗത്ത് നേടാന്‍ കഴിഞ്ഞെങ്കിലും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം ദളിത്, പട്ടികജാതി, ആദിവാസി വിഭാഗങ്ങള്‍ കേരളത്തില്‍ നേരിടുന്നുണ്ട്. ലിംഗവിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായിത്തന്നെ തുടരുന്നു....... ഇതെല്ലാം അധികാരത്തില്‍ ഇരുന്നുകൊണ്ടുമാത്രം പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെന്ന് ഇടതുപക്ഷം ചുരുക്കിക്കാണുന്നില്ല. ബഹുജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് ഭരണത്തില്‍ ഇടപെടുക, ഒപ്പം സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും വര്‍ഗീയതക്കും ജാതി മേധാവിത്വത്തിനും ലിംഗവിവേചനത്തിനും എതിരായി ബഹുജനങ്ങളെ സംഘടിപ്പിച്ച് പോരാടുക എന്നീ പരസ്‌പരം ബന്ധിതമായ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിലേതെങ്കിലും ഒരുവിഷയം മറ്റൊന്നിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെന്ന ധാരണ പാര്‍ടിക്കില്ല."
തൊഴിലാളി സ്‌ത്രീകളെ സംഘടിപ്പിക്കുന്നതും ഉപജീവനത്തിന്റെ പ്രശ്‌നങ്ങള്‍ സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങളില്‍ പ്രാധാന്യം നേടുന്നതും ബോധപൂര്‍വം ലൈംഗികതയുടെ പ്രശ്‌നങ്ങളെ ലഘൂകരിക്കാനോ തമസ്‌ക്കരിക്കാനോ ആണെന്ന ആക്ഷേപം ചില സ്‌ത്രീവാദികള്‍ ഉന്നയിക്കാറുണ്ട്. സിപിഐ എമ്മിന്റെ പാര്‍ടി രേഖകളിലും ഇ എം എസ്, രണദിവെ തുടങ്ങിയവരുടെ ലേഖനങ്ങളിലും ഇടതുപക്ഷ സ്‌ത്രീസംഘടനകളുടെ വിശേഷിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനരേഖകളിലും വിമല രണദിവെ, കനക് മുഖര്‍ജി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളുടെ ലേഖനങ്ങളിലും നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് സ്‌ത്രീ പ്രശ്‌നത്തിന്റെ രാഷ്‌ട്രീയത്തില്‍ പിതൃ മേധാവിത്വ മൂല്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം. സമൂഹത്തില്‍ ആശയതലത്തില്‍ മാത്രം നടത്തേണ്ട ഒന്നായിട്ടല്ല ഇവരാരും തന്നെ ഈ പ്രശ്‌നത്തെ സമീപിച്ചത്. ചൂഷണവ്യവസ്ഥിതിയുടെ സൃഷ്‌ടിയായ പുരുഷാധിപത്യത്തിനെതിരായ സമരം ചൂഷണവ്യവസ്ഥിതിക്കെതിരായ സമരത്തിന്റെ ഭാഗം തന്നെയാണ് എന്നത് കമ്യൂണിസ്‌റ്റ് ധാരണയാണ്. എന്നാല്‍, സ്‌ത്രീവിമോചനം ചൂഷണ വ്യവസ്ഥിതി അവസാനിച്ചതിനുശേഷം മാത്രം നേടാനാകുന്നതാണ് എന്ന ധാരണയില്‍ പുരുഷാധിപത്യപ്രവണതകള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുകയാണ് കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷ സ്‌ത്രീ സംഘടനകളും എന്ന ചിലരുടെ ആക്ഷേപം വാസ്‌തവവിരുദ്ധമാണെന്നു മാത്രമല്ല, കമ്യൂണിസ്‌റ്റ് വിരോധത്തിന്റെ പുകക്കണ്ണാടിയിലൂടെയുള്ള കാഴ്‌ച മാത്രമാണിത്.
ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥിതി വാഗ്ദാനം ചെയ്യുന്ന ഔപചാരിക സമത്വത്തിന്റെ നാലയല്‍പക്കത്തുപോലും ഇനിയുമെത്താന്‍ കഴിയാത്ത കോടിക്കണക്കിന് സ്‌ത്രീകള്‍ക്ക് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്ന നിലയിലും ഉള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള പോരാട്ടമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. പുരുഷമേധാവിത്വത്തിനെതിരായ സമരം ഇതില്‍നിന്നും വേറിട്ടു നില്‍ക്കേണ്ടതാണെന്ന ധാരണ ഇടതുപക്ഷത്തിനില്ല.
സിപിഐ എം ലെ പുരുഷാധിപത്യ പ്രവണതകളെക്കുറിച്ച് വേവലാതിപ്പെടുന്നവരുണ്ട്. ശരിയാണ്, സിപിഐ എമ്മില്‍ പുരുഷാധിപത്യപ്രവണതകളുണ്ട്. (മറ്റ്പാര്‍ടികളെക്കുറിച്ച്കൂടി വല്ലപ്പോഴും വേവലാതിപ്പെടുന്നത് അതിലുള്ള സ്‌ത്രീകള്‍ക്കു നല്ലതാണ്) എന്നാല്‍, ഇത് ഏതെങ്കിലും സ്‌ത്രീവാദിയുടെ കണ്ടുപിടിത്തമല്ല. ഇ എം എസ് ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍, വനിതാ നേതാക്കള്‍ പല ഘട്ടങ്ങളിലും പാര്‍ടിയിലും തൊഴിലാളി സംഘടനകളിലും നിലനില്‍ക്കുന്ന ശക്തമായ പുരുഷാധിപത്യ ബോധത്തിന്റെ പ്രശ്‌നങ്ങള്‍ എങ്ങനെ സ്‌ത്രീകളെ ബാധിക്കുന്നുവെന്ന് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സ്‌ത്രീ പ്രശ്‌നത്തില്‍ പാര്‍ടിയുടെ കാഴ്‌ചപ്പാട് വ്യക്തമാക്കുന്ന സമീപകാല കേന്ദ്ര കമ്മിറ്റി രേഖ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരായി പാര്‍ടി തന്നെ നടത്തുന്ന സമരത്തിന്റെ ആയുധമാണ്. ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയപാര്‍ടിയിലെ അംഗങ്ങളില്‍ സമൂഹത്തില്‍ ദൃശ്യമാകുന്ന എല്ലാ പ്രവണതകളും കടന്നുകൂടാനിടയുണ്ടെന്നും എന്നാല്‍, അത് തിരുത്താനാവശ്യമായ പ്രക്രിയ പാര്‍ടിക്കുള്ളില്‍ നടത്തണമെന്നുമുള്ള കമ്യൂണിസ്‌റ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് പുരുഷാധിപത്യ മൂല്യബോധത്തിനെതിരായ സമരവും പാര്‍ടിയിലെ പുരുഷന്മാരും സ്‌ത്രീകളും ചേര്‍ന്നു നടത്തുന്നത്.
ഒറ്റപ്പെട്ട സംഭവങ്ങളെടുത്ത് സ്‌ത്രീപ്രശ്‌നങ്ങളോടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമീപനത്തെ വിലയിരുത്തി അവരാണ് മുഖ്യ പ്രതികളെന്ന് വളച്ചൊടിക്കുന്ന സംവാദങ്ങള്‍ യഥാര്‍ഥത്തില്‍ ആരെയാണ് സഹായിക്കുക? ലൈംഗികാതിക്രമങ്ങള്‍, സ്‌ത്രീധനം, പെണ്‍ഭ്രൂണഹത്യപോലുള്ള ശക്തമായിക്കൊണ്ടിരിക്കുന്ന സ്‌ത്രീവിരുദ്ധ സമ്പ്രദായങ്ങള്‍, വീടിനകത്തും തൊഴിലിടത്തും പൊതുരംഗത്തും എല്ലാം ശക്തമായി തുടരുന്ന ആണ്‍കോയ്‌മയുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നവരാണ് കേരളത്തിലെ വലുതും ചെറുതുമായ വനിതാ സംഘടനകളും തീവ്രവാദിഗ്രൂപ്പുകളും എല്ലാം. വര്‍ത്തമാന കേരളത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുനേരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന തരത്തില്‍ വിഘടിച്ചു നില്‍ക്കാനാണ് പലരും ശ്രമിക്കുന്നത്.
വിവിധ പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ അഭിപ്രായവ്യത്യാസസങ്ങളും ദൌര്‍ബല്യങ്ങളുമുണ്ടാകാം. വലിയ സംഘടനകളാകുമ്പോള്‍ അവിടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും ധാരണകളും വിപുലമായൊരു ജനാധിപത്യപ്രക്രിയയുടെ ഭാഗമായി രൂപംകൊള്ളുന്നതാണ്. മഹിളാ അസോസിയേഷനെ സംബന്ധിച്ചിടത്തോളം ലിംഗനീതിയെയും ലിംഗസമത്വത്തെയും സ്‌ത്രീവിമോചനത്തെയും കുറിച്ച് വ്യക്തമായ രാഷ്‌ട്രീയ ധാരണയുടെ അടിസ്ഥാനത്തില്‍ സ്‌ത്രീ പ്രശ്‌നങ്ങളെ സമീപിക്കാനാണ് ശ്രമിക്കുന്നത്. സ്‌ത്രീയെ അടിച്ചമര്‍ത്തുന്ന, സ്‌ത്രീ വിമോചനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ഏതു വെല്ലുവിളിക്കെതിരെയും പോരാടുമെന്നും അതിന് മുഴുവന്‍ സ്‌ത്രീകളെയും സമൂഹത്തെയാകെത്തന്നെയും അണിനിരത്തണമെന്നുമുള്ള ധാരണയാണ് മഹിളാ അസോസിയേഷനെ നയിക്കുന്നത്. കാരണം, സ്‌ത്രീകള്‍ യുദ്ധംചെയ്യേണ്ടത് നിഴലുകളോടല്ല, സ്‌ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും ലിംഗപരമായും അടിച്ചമര്‍ത്തുന്ന വസ്‌തുനിഷ്‌ഠ യാഥാര്‍ഥ്യങ്ങളോടാണ്. ആശയപരമായും രാഷ്‌ട്രീയമായും സംഘടിക്കാതെ ഇതു സാധ്യമല്ല. സ്‌ത്രീ വിമോചനത്തിനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പങ്കുവെക്കാനാകുന്ന പ്രതിരോധത്തിന്റെ പൊതുവേദികള്‍ സാധ്യമാക്കി ശത്രുവിനെതിരെ സംഘടിതമായി പോരാടാനാകുമോ എന്നാണ് ചിന്തിക്കേണ്ടത്. സ്‌ത്രീ പ്രശ്‌നത്തിന്റെ രാഷ്‌ട്രീയത്തെ തുറന്നെതിര്‍ക്കാതെ എങ്ങനെയാണ് സ്‌ത്രീവിമോചനത്തെക്കുറിച്ച് സംസാരിക്കാന്‍ പോലുമാവുക!
****
ഡോ. ടി എന്‍ സീമ
(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേരള സംസ്ഥാനക്കമ്മിറ്റിയുടെ പ്രസിഡന്റാണ് ലേഖിക)
No comments:
Post a Comment