ആഗോള മുതലാളിത്ത പ്രതിസന്ധി അതിജീവിക്കാനുള്ള സാമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ നീചവും കുത്സിതവുമായ ശ്രമങ്ങളെന്ന നിലയിലാണ് ചരിത്രത്തില്‍ മതഭീകരതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്‌ത്രവല്‍ക്കരണവും ക്രൂരമായ പ്രയോഗങ്ങളും നടന്നിട്ടുള്ളത്. സാമ്രാജ്യത്വ അധിനിവേശത്തിനും, ജനസമൂഹങ്ങളെയും രാഷ്‌ട്രങ്ങളെയും തകര്‍ക്കുന്ന സംഹാരാത്മകമായ മൂലധനക്കൊള്ളയ്‌ക്കും എതിരെ വളര്‍ന്നുവരുന്ന ജനകീയ ഐക്യവും മുന്നേറ്റങ്ങളും ശിഥിലീകരിക്കുന്ന വിധ്വംസക പദ്ധതികളാണ് ലോകത്തെല്ലായിടത്തും നാനാവിധമായ മത-വംശീയ പ്രസ്ഥാനങ്ങളിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്.
ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കംകുറിച്ച് ഒന്നാം ഐഎംഎഫ് വായ്‌പയോടെ (1980 മുതല്‍)ഇന്ത്യയിലും പുനരുത്ഥാനത്തിന്റെ സംസ്‌ക്കാരവും രാഷ്‌ട്രീയവും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നതാണ് നാം കണ്ടത്. മതത്തിന്റെയും ജാതിയുടെയും മാത്രമല്ല, പ്രാദേശികതയുടെയും വംശീയതയുടെയും പേരിലും എല്ലാവിധ സങ്കുചിത വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെയും മതേതരഘടനയെയും വെല്ലുവിളിച്ച് അഴിഞ്ഞാടുകയാണുണ്ടായത്. ഖാലിസ്ഥാന്‍ വാദം മുതല്‍ അസമിലെ വിഘടനവാദ പ്രസ്ഥാനംവരെയുള്ള എല്ലാവിധ പ്രാദേശിക സങ്കുചിതവാദങ്ങളും മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ ചോരക്കളമാക്കിത്തീര്‍ത്തത്. നവ കൊളോണിയല്‍ ചൂഷണം സൃഷ്‌ടിച്ച അസന്തുലിതത്വങ്ങളെ ഉപയോഗപ്പെടുത്തി മതേതരവും ഫെഡറല്‍ മൂല്യങ്ങളിലധിഷ്ഠിതവുമായ നമ്മുടെ ദേശീയ ഐക്യത്തെ അപകടപ്പെടത്തുക, രാജ്യത്തെ അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മതാടിസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന എല്ലാവിധ വര്‍ഗീയവിഘടനശക്തികളും പ്രവര്‍ത്തിച്ചത്.
ആഗോള മൂലധനത്തിന്റെ ആസുരസ്വാധീനത്തിലകപ്പെട്ടു കഴിഞ്ഞ നമ്മുടെ സമ്പദ്ഘടനയിലെന്നപോലെ സാമൂഹ്യജീവിതത്തിലും മത്സരത്തിന്റെയും ക്രൂരതയുടെയും മൂല്യങ്ങളെ ദൃഢമാക്കിക്കൊണ്ടാണ് സാമ്രാജ്യത്വ പ്രോക്ത മതതീവ്രവാദസംഘങ്ങള്‍ വേരുറപ്പിക്കുന്നത്. അന്യമതങ്ങളെയും വിശ്വാസങ്ങളെയും വെറുക്കാനും നിഗ്രഹിക്കാനും പഠിപ്പിക്കുന്ന മതഫാസിസ്‌റ്റുകള്‍ ചരിത്രത്തിന്റെ മിഥ്യാപൂര്‍ണമായ വ്യാഖ്യാനങ്ങളിലൂടെ ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു സാങ്കല്പികലോകം സൃഷ്‌ടിച്ചെടുക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുനിഷ്‌ഠപ്രശ്‌നങ്ങളും ഈ സാങ്കല്പികലോകത്ത്, അതായത് തങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുന്ന 'ഭൂതകാല'ത്തില്‍ സഫലീകൃതമാകുമെന്നാണ് ഈ ഫാസിസ്റ്റുകളുടെ അവകാശവാദം. എല്ലാവിധ മതപുനരുത്ഥാനവാദങ്ങളുടെയും സാംസ്‌ക്കാരിക നിര്‍മിതികള്‍ ഇത്തരം മിഥ്യാ ധാരണകളിലാണ് നടക്കുന്നത്. വര്‍ഗീയതയുടെയും മത തീവ്രവാദത്തിന്റെയും ഈയൊരു പുനരുത്ഥാന സംസ്‌ക്കാരം ഒരധിനിവേശ സംസ്‌ക്കാരനിര്‍മിതി ആണെന്ന യാഥാര്‍ഥ്യം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. അതുകൊണ്ടാണ് പല ഉത്തരാധുനിക പണ്ഡിതന്മാരും ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കാനുള്ള പ്രത്യയശാസ്‌ത്ര 'സ്വദേശി'യായി ഹിന്ദുത്വത്തെ എടുത്തു കാണിക്കാന്‍ ധൈര്യപ്പെടുന്നത്. അതേപോലെത്തന്നെയാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് ഇസ്ലാമികബദലാണ് പരിഹാരമെന്നുമുള്ള വാദവും.
ഇന്ത്യയില്‍ സംഘപരിവാറും അതിന്റെ കൂട്ടാളികളായ സംഘടനകളും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ചന്ദ്രഗുപ്‌തമൌര്യന്റെയും സുവര്‍ണകാലം പുനരാനയിക്കാമെന്നാണല്ലോ തങ്ങളുടെ ഹിന്ദുത്വ പ്രചാരണം വഴി വ്യാമോഹിപ്പിക്കുന്നത്. ഹിന്ദു ആധിപത്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്രവിരുദ്ധമായ മഹത്വകഥകള്‍ പ്രചരിപ്പിക്കുകയാണവര്‍. വര്‍ത്തമാനജീവിതത്തിന്റെ കണ്ണീരും അപമാനങ്ങളും ഭൂതകാലത്തിന്റെ മഹനീയ നാളുകളെ പുനരാനയിച്ചുകൊണ്ട് കഴുകിക്കളയാമെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വഫാസിസ്‌റ്റുകള്‍ ചരിത്രത്തെയും ജനങ്ങള്‍ നേരിടുന്ന ഭൌതികപ്രശ്‌നങ്ങളെയും വളച്ചൊടിക്കുകയും പരിഹാരത്തിന്റെ മിഥ്യാധാരണകള്‍ സൃഷ്‌ടിക്കുകയുമാണ്.
എല്ലാ മതപുനരുത്ഥാന സംഘടനകളും ശ്രമിക്കുന്നത് അവരവരുടെ അവകാശവാദങ്ങളനുസരിച്ചുള്ള ഭൂതകാലമഹത്വങ്ങളുടെ അധികാരവും അധീശത്വവും സ്ഥാപിച്ചെടുക്കാനാണ്. സാമ്രാജ്യത്വത്തിന്റെ നവ അധിനിവേശ വ്യവസ്ഥക്ക് ഏക ബദല്‍ ഇസ്ലാമാണെന്ന വാദം ഇന്ന് പരക്കെ ഉയരുന്നുണ്ട്. ഇന്ത്യയില്‍ നവകൊളോണിയല്‍ നയങ്ങള്‍ തീവ്രഗതിയാരംഭിച്ച ഘട്ടത്തില്‍ തന്നെ സിമിപോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയുണ്ടായല്ലോ. ഒരു രാഷ്‌ട്രീയ സാമ്പത്തികവ്യവസ്ഥയെന്ന നിലയില്‍ ഇസ്ലാം മാത്രമാണ് മുതലാളിത്ത ചുഷണത്തെ പ്രതിരോധിക്കുവാന്‍ പര്യാപ്‌തമായ ദര്‍ശനമെന്ന് പല ഇസ്ലാമിക മൌലികവാദികളും വാദിക്കുന്നു. അതിനായി അവരില്‍ പലരും മുസ്ലീംരാഷ്‌ട്രങ്ങളിലെ പ്രായോഗികമായ വിജയമാതൃകകള്‍ തന്നെ എടുത്തുകാണിക്കാറുണ്ട്. ഇസ്ലാമിക ബാങ്കിങ്, പലിശരഹിതവായ്‌പ എന്നിവയെല്ലാം ഇവരില്‍ പലരും വിശദാംശങ്ങളോടെ വിശകലനം ചെയ്യുന്നുമുണ്ട്. ഇത്തരം വാദങ്ങളുടെ അന്തഃസാരശൂന്യത സമീര്‍ അമീനെയും അസ്‌ഗര്‍ അലി എന്‍ജിനിയറെപ്പോലെയുമുള്ള പല പണ്ഡിന്മാരും തുറന്നുകാട്ടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുസ്ലീം രാഷ്‌ട്രങ്ങളുടെ സമ്പദ്ഘടന സാമ്രാജ്യത്വമൂലധന വ്യവസ്ഥക്ക് മലര്‍ക്കെ തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനെ ചെറിയൊരളവിലെങ്കിലും പ്രതിരോധിക്കാന്‍ ശ്രമിച്ച സദ്ദാംഹുസൈനെപ്പോലുള്ള ഭരണാധികാരികളെ ഇതര മുസ്ലീം രാഷ്‌ട്രങ്ങള്‍ ഒറ്റപ്പെടുത്തിയതടക്കമുള്ള വര്‍ത്തമാനദുരന്തങ്ങളുടെ ചോരയൊലിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ടാണ് ചരിത്ര വിരുദ്ധമായ അവകാശവാദങ്ങള്‍ എഴുന്നെള്ളിക്കുന്നത്.
പല മതഗ്രന്ഥങ്ങളിലും കാണുന്ന സാമ്പത്തികാശയങ്ങള്‍ അവ രൂപംകൊണ്ട ചരിത്രകാലഘട്ടത്തിന്റെ സാഹചര്യപരമായ പരിമതിക്കകത്തുനിന്നുനോക്കുമ്പോള്‍ പുരോഗമനപരവും വിപ്ലവപരവുമായിരുന്നു. ഖുറാനിലും ബൈബിളിലുമെല്ലാം ഇതുപോലെ സമത്വപൂര്‍ണമായ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള ആശയങ്ങള്‍ നിരവധിയാണ്. ആവിര്‍ഭാവകാലത്തെ എല്ലാ മതങ്ങളുടെയും ദര്‍ശനവും ശക്തിനയഭാവവും മനുഷ്യസ്‌നേഹമായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്നവന്റെ പക്ഷത്തുനിന്ന മതങ്ങള്‍ ഈ ഭൂമുഖത്ത് സാമൂഹ്യജീവിയായി ചുവടുറപ്പിച്ചുതുടങ്ങിയ മനുഷ്യന്റെ ആദ്യകാല ആശയാദര്‍ശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മാർൿസ് നിരീക്ഷിക്കുന്നുണ്ട്. ആവിര്‍ഭാവകാലത്ത് മതങ്ങള്‍ക്കെല്ലാം ദൈവചിന്താപരമെന്നതിനെക്കാളേറെ ആധിപത്യവ്യവസ്ഥയുടെ ജീര്‍ണതകളോടും മനുഷ്യത്വവിരുദ്ധതയോടും പൊരുതുന്ന സാമൂഹ്യവും സാമ്പത്തികവുമായ വിവക്ഷകളാണുണ്ടായിരുന്നത്.
എന്നാല്‍, പില്‍ക്കാല മതങ്ങള്‍ ഭരണാധികാരത്തിന്റെ പ്രത്യയശാസ്‌ത്ര ഉപകരണമായി അധഃപതിക്കുകയും ആരംഭകാല ലക്ഷ്യങ്ങളില്‍നിന്ന് അകലുകയും ചെയ്‌തു. ഇത് മതങ്ങളിലെല്ലാംതന്നെ നിരവധി അവാന്തരവിഭാഗങ്ങളെ സൃഷ്‌ടിക്കുകയും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സാധാരണമാകുകയും ചെയ്‌തു. ചോദ്യം ചെയ്യുന്നവരെയും ഭരണാധികാരത്തിന് വഴങ്ങാത്തവരെയും നിഗ്രഹിക്കുന്ന സ്‌പര്‍ധയുടെയും അസഹിഷ്‌ണുതയുടെയും അധികാര ചരിത്രത്തെ ഖുറാനികദര്‍ശനങ്ങളുടെയും അനുശാസനങ്ങളുടെയും മൌലികപ്രമാണമായി ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആധുനിക "ഇസ്ലാമിക ജിഹാദിസം'' രൂപപ്പെടുത്തിയിട്ടുള്ളത്. "വിശ്വാസയുദ്ധങ്ങള്‍''നടത്തുന്ന വിധ്വംസക സംഘങ്ങളും അധികാരഗ്രൂപ്പുകളുമായി ഏകദൈവവിശ്വാസത്തിന്റേയും പരമ കാരുണ്യത്തിന്റെതുമായ നബിദര്‍ശനങ്ങളെ ചുരുക്കി അപമാനവീകരിച്ചിരിക്കുകയാണ് സാമ്രാജ്യത്വപ്രോക്തമായ ഇസ്ലാമിസം. അല്‍ ഖ്വയ്‌ദ മുതല്‍ ഇസ്ലാമിക ജീവിതചര്യയുടെ മഹല്ല് പൊലീസുകാരായി വേഷം കെട്ടി ക്രൂരതയും അക്രമവുമഴിച്ചുവിടുന്ന എന്‍ഡി എഫ് വരെയുള്ള തീവ്രവാദസംഘങ്ങള്‍ പ്രവാചകന്റെയും ഖുറാന്റെയും ദര്‍ശനങ്ങളോടും പേരിനോടും തങ്ങളുടെ "ഇസ്ലാമിസ'ത്തെ സമീകരിച്ചവതരിപ്പിച്ച് മതവിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്.
മനുഷ്യചരിത്രത്തിലെ ശൈശവ ജീവിതസാഹചര്യങ്ങളില്‍ ജന്മമെടുത്ത മതത്തിന്റെ അനാശാസ്യമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്‌തുകൊണ്ട് വളര്‍ന്നുവന്ന നവോത്ഥാന മൂല്യങ്ങളെയാണ് ഇന്ന് നവസാമൂഹ്യപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റിതര അധിനിവേശവിരുദ്ധ പ്രതിരോധ സംഘങ്ങളുടെയും ധൈഷണികന്മാരായ ആഗോളവല്‍ക്കരണത്തിന്റെ വാമനാവതാരങ്ങള്‍ നിരാകരിക്കാന്‍ ആവശ്യപ്പെടുന്നത്. മതേതരത്വം ദാര്‍ശനികാടിസ്ഥാനമില്ലാത്ത ഒരു ആശയസംഹിതയാണെന്നാണല്ലോ പല ഉത്തരാധുനികന്മാരുടെയും മതം. ചിന്തയുടെയും സാമൂഹ്യപ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച എല്ലാ ദര്‍ശനങ്ങളെയും മാനവികമൂല്യങ്ങളെയും ചോദ്യംചെയ്യുന്ന ആഗോളമൂലധനവ്യവസ്ഥയുടെ പിന്തണയുള്ള ഒരു നവ യാഥാസ്ഥിതിക ധൈഷണികധാര ലോകമെമ്പാടും ആധിപത്യം പുലര്‍ത്തുകയാണ്. ക്രൈസ്‌തവ പുനരുത്ഥാനത്തിന്റെയും ജൂതവംശീയവാദത്തിന്റെയും ഇസ്ലാമിക ജിഹാദിസത്തിന്റെയും ഹിന്ദുവര്‍ഗീയവാദത്തിന്റെയും ഈ നവദാര്‍ശിനകരെല്ലാം ഒരേ മൂലധനാധിപത്യ കേന്ദ്രത്തിന്റെ വ്യത്യസ്‌തങ്ങളായ പ്രത്യയശാസ്‌ത്രാവിഷ്‌ക്കര്‍ത്താക്കള്‍ മാത്രമാണ്. പരസ്‌പര വിരുദ്ധവും നാനാവിധവുമായ ഈ ചിന്തകന്മാരെയും ആൿടിവിസ്‌റ്റുകളെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായ വിരോധവും സംഹാരതാല്പര്യങ്ങളും മാത്രമാണ്. റൂപര്‍ട് മര്‍ഡോക്കിനെപ്പോലുള്ള മാധ്യമരാക്ഷസന്മാരും സാമുവല്‍ പി ഹണ്ടിങ്ടണിനെപ്പോലുള്ള വംശീയവാദികളും ഫുക്കുയാമയെപ്പോലുള്ള കമ്പോള മൌലികവാദികളും കൈകോര്‍ത്തുകൊണ്ട് ലോകത്തെ പുനരുത്ഥാന ശക്തികളിലൂടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെ ഭൂമിയാക്കുകയാണ്. ആഗോളമൂലധനത്തിന്റെ പ്രവാഹഗതിക്ക് തടസ്സം സൃഷ്‌ടിക്കുന്ന ദേശീയരാഷ്‌ട്രങ്ങളും നിയമങ്ങളുമില്ലാത്ത ഒരു ലോകം സൃഷ്‌ടിക്കുകയാണ്.
സാമ്രാജ്യത്വ ഭരണാധികാരത്തിന്റെ നൃശംസതകളെ മൂലധനാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും വര്‍ഗാധികാരത്തിന്റെയും കേന്ദ്ര പ്രശ്‌നങ്ങളില്‍നിന്ന് വേര്‍പെടുത്തി വംശീയതയുടെയും മതപരതയുടെയും പാഠങ്ങളായി വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന പല ഉത്തരാധുനികന്മാരും ടെറി ഈഗിള്‍ടണ്‍ പരിഹസിച്ചതുപോലെ എന്തിനെയും വിമര്‍ശിക്കും, മൂലധനത്തെ ഒഴികെ മാത്രം എന്ന ശാഠ്യക്കാരാണ്. സംസ്‌ക്കാരസംഘര്‍ഷത്തിന്റെ പ്രത്യശാസ്‌ത്രകാരന്മാരും ഇസ്ലാമിക ബദലിന്റെ വക്താക്കളും ഒരുപോലെ ചരിത്രത്തെ വംശീയയുദ്ധങ്ങളുടെ അനുസ്യൂതിയും സൈദ്ധാന്തിക പ്രവര്‍ത്തനവുമായി ദുര്‍വ്യാഖ്യാനിക്കുന്നവരാണ്. ചരിത്രത്തെയും മനുഷ്യന്റെ സംഘടിതമായ സൈദ്ധാന്തിക യജ്ഞങ്ങളെയും മതപരതയിലും നാഗരികതകളുടെ സംഘര്‍ഷങ്ങളിലും ലഘൂകരിച്ച് അത്യന്തം സങ്കീര്‍ണമായൊരു പ്രതിലോമതന്ത്രം നിര്‍മിച്ചെടുക്കുകയാണിവര്‍.
സാമ്രാജ്യത്വവും ക്രിസ്‌തുമതവും തമ്മിലുള്ള ബന്ധം ചരിത്രപരമായിത്തന്നെ വിഖ്യാതമാണല്ലോ. കൊളോണിയല്‍ അധിനിവേശത്തിന്റെ ചരിത്രത്തില്‍ ഒരു കൈയില്‍ തോക്കും മറുകൈയില്‍ ബൈബിളുമായി ലോകം കീഴടക്കിയതാണ് ആധുനിക മുതലാളിത്തത്തിന്റെ വികാസമെന്നതുതന്നെ. ഇസ്ലാമും ക്രിസ്‌തുമതവും തമ്മില്‍ നിലനിന്നിരുന്ന സംഘട്ടനങ്ങളും ശത്രുതയും ഈയൊരു കോളണിവല്‍ക്കരണ പ്രകിയയുമായി ബന്ധപ്പെട്ടതാണ്. ഇന്നിപ്പോള്‍ മൂലധനത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയക്കിടയില്‍ എണ്ണപ്പാടങ്ങള്‍ തേടിയുള്ള അമേരിക്കന്‍ കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വകമ്പനികളുടെയും അധിനിവേശതാല്പര്യങ്ങളുടെ പ്രത്യയശാസ്‌ത്ര ഉല്‍പ്പന്നമെന്ന നിലയിലാണ് ഇസ്ലാമിക വിശ്വാസയുദ്ധവും സങ്കല്പവും സിയോണിസവും ക്രൈസ്‌തവ മതമൌലികവാദവും എല്ലാം ആക്രമണോത്സുകമായ മതാന്ധവാദമായി വളര്‍ത്തിയെടുക്കപ്പെട്ടത്. ആഗോള മൂലധനത്തിന്റെ വിചിത്രവും നാനാവിധവുമായ പ്രത്യയശാസ്‌ത്ര പദ്ധതികളെ പരിഗണിക്കാതെ ഇസ്ലാമാണ് സാമ്രാജ്യത്വത്തിന് ബദലെന്ന് പ്രചരിപ്പിക്കുന്നവര്‍ ഹണ്ടിങ്ടണ്‍ തിസീസിന്റെ മാപ്പുസാക്ഷികള്‍ മാത്രമാണ്.
വിവിധ ജനസമൂഹങ്ങളിലും രാജ്യങ്ങളിലും ഭിന്നരൂപങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന 'സ്വത്വരാഷ്‌ട്രീയ' പ്രസ്ഥാനങ്ങള്‍ക്ക് സാമ്രാജ്യത്വ ഫണ്ടിങ് ഏജന്‍സികളുടെ പിന്തുണയും സഹായവുമുണ്ടെന്ന കാര്യം ഇന്നൊരു തര്‍ക്ക വിഷയമല്ല. 'കാര്‍ണീനി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്' തുടങ്ങിയ സിഐഎയുടെ ചിന്താ സംഭരണികള്‍ (think tanks) നയിക്കുന്ന അമേരിക്കന്‍ ഫൌണ്ടേഷനുകളാണല്ലോ ബാബറി മസ്‌ജിദ് മുതല്‍ ഗുജറാത്തിലെ വംശഹത്യവരെയുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്ക് ആശയവും അര്‍ഥവും നല്‍കിയത്. ഗുജറാത്തിലെ വംശഹത്യക്കുവേണ്ടി അമേരിക്കയിലെ ഇന്ത്യാ ഡവലപ്‌മെന്റ് ആന്‍ഡ് റിലീഫ് പോലുള്ള സ്പെഷല്‍ സംവിധാനങ്ങളിലൂടെ ഒഴുകിയെത്തിയ ഡോളറുകളാണ് സംഘപരിവാറിനെ ഉഷാറാക്കിയത്.
ഇന്ത്യയില്‍ വ്യാപകമായിക്കഴിഞ്ഞിരിക്കുന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവിധ ജിഹാദിഗ്രൂപ്പുകളും അമേരിക്കന്‍ പണത്തിന്റെ ബലത്തില്‍ രൂപപ്പെട്ടവയും പ്രവര്‍ത്തിക്കുന്നവയുമാണ്. പാകിസ്ഥാന്‍ കേന്ദ്രമായി മുജാഹിദീന്‍ മിലിറ്റന്റുകളെ രൂപപ്പെടുത്തിയത് സിഐഎ ആയിരുന്നല്ലോ. അഫ്‌ഗാനിസ്ഥാനിലെ ഡോ. നജീബുള്ള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സി ഐഎ പദ്ധതിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് 60,000 കോടി ഡോളറാണ് നല്‍കിയത്. ഇപ്പോഴത്തെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്കുള്ള രക്ഷാപാലനത്തിനുപോലും അമേരിക്ക 70,000 കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുമ്പോഴാണ് സിഐഎയുടെ അഫ്‌ഗാന്‍ വിമോചന പരിപാടിക്ക് അവരെന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നറിയുക. അഫ്‌ഗാന്‍ വിമോചനത്തിനുശേഷം അമേരിക്കതന്നെ പാക് അധീന കശ്‌മീരിലേക്ക് വിന്യസിച്ച ജിഹാദികളാണല്ലോ ലഷ്‌ക്കര്‍ ഇ തോയ്‌ബ, ജയ്‌ഷെ മുഹമ്മദ്, ഹുജി തുടങ്ങിയ വിവിധ നാമങ്ങളില്‍ ഇന്ത്യയില്‍ സ്‌ഫോടനപരമ്പരകളിലൂടെ ഭീതി പടര്‍ത്താന്‍ ശ്രമിക്കുന്നത്.
കശ്‌മീര്‍ പ്രശ്നം ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനക്ക് ആറ് ദശകത്തോളം പഴക്കമുണ്ട്. കൊളോണിയല്‍ ഭരണത്തിന്റെ ദുരന്തപൂര്‍ണമായ പരിണതിയെന്നനിലയിലാണ് ഇന്ത്യാ-പാക് വിഭജനവും നാട്ടുരാജ്യങ്ങളുടെ പ്രശ്‌നവും അവശേഷിപ്പിച്ചുകൊണ്ടുമുള്ള ബ്രിട്ടീഷുകാരുടെ അധികാരക്കൈമാറ്റം. 1947ല്‍ കശ്‌മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരണമോ സ്വതന്ത്രരാജ്യമായി നില്‍ക്കണമോ എന്നെല്ലാമുള്ള സൌഹൃദപൂര്‍വവും സമാധാനപരവുമായ ആലോചനകള്‍ക്കിടയിലാണ് അമേരിക്കന്‍ സൈനികമേധാവിയായ ലഫ്. കേണല്‍ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ വളണ്ടിയര്‍മാരെ അണിനിരത്തി കശ്‌മീരില്‍ അധിനിവേശം നടക്കുന്നത്. അങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായിരുന്ന കശ്‌മീര്‍ പാക് അധീനകശ്‌മീരും ജമ്മു കശ്‌മീരുമായി വേര്‍പിരിക്കപ്പെടുന്നത്. കശ്‌മീര്‍ പ്രശ്നത്തിന്റെ ചരിത്രപരമായ വേരുകളന്വേഷിക്കുന്ന ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും മനസ്സിലാക്കാനാവുക കശ്‌മീരിനെ വര്‍ഗീയവല്‍ക്കരണത്തിന്റെയും വിഘടനവാദത്തിന്റെയും ചോരക്കളമാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളാണെന്നാണ്.
അമ്പതുകളില്‍ ഇന്ത്യയുടെ ചേരിചേരാനിലപാടുകളും സോവിയറ്റ് സഹകരണവും ചൈനയിലെ കമ്യൂണിസറ്റ് വിജയവുമെല്ലാമാണ് ഏഷ്യന്‍ മേഖലയിലെ അമേരിക്കന്‍ കുത്തിത്തിരിപ്പുകള്‍ക്കും മത, ഗോത്ര തീവ്രവാദങ്ങളെ ഉപയോഗിച്ചുള്ള ഇടപെടലുകള്‍ക്കും കാരണമായത്. ഇന്നിപ്പോള്‍ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമായ ചെറുപ്പക്കാരെ ലഷ്‌കര്‍ ഇ തോയ്‌ബാ പരിശീലനകേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന രാജ്യദ്രോഹശക്തികള്‍ക്ക് കേരളംപോലൊരു സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നത് നവോത്ഥാന പ്രസ്ഥാനങ്ങളെയും ദേശീയസ്വാതന്ത്ര്യ മൂല്യങ്ങളെയും കമ്യൂണിസ്റ്റ് തൊഴിലാളിമുന്നേറ്റങ്ങളേയും ദുര്‍ബലമാക്കുന്ന പ്രതിലോമരാഷ്‌ട്രീയം ഇവിടെ ചുവടുറപ്പിക്കുന്നതിന്റെ സൂചനയാണ്. ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന ചരിത്രനിര്‍മിതിയുടെയും പ്രത്യയശാസ്‌ത്രവൽക്കരണത്തിന്റെയും സങ്കീര്‍ണ പ്രകിയകളിലൂടെയാണ് മാനവികതയുടേതായ എല്ലാറ്റിനെയും തകര്‍ക്കുന്ന കുലംകുത്തികള്‍ ലോകത്തെല്ലായിടത്തും രംഗപ്രവേശം ചെയ്തിട്ടുള്ളത്. ബിജെപിയും കോണ്‍ഗസും ലീഗും സന്നദ്ധസംഘടനാ ബുദ്ധിജീവികളും ആരോടും ഉത്തരവാദിത്തമില്ലാത്ത കുത്തകമാധ്യമ വ്യവസ്ഥയും എല്ലാം ചേര്‍ന്നുള്ള അരാഷ്‌ട്രീയവല്‍ക്കരണവും അപപ്രത്യയശാസ്‌ത്രവല്‍ക്കരണങ്ങളും വഴി ശിഥിലീകരണശക്തികള്‍ക്ക് വളരാനും അഴിഞ്ഞാടാനും ഇവിടെ മണ്ണൊരുക്കപ്പെടുകയാണ്. ആഗോളമൂലധന താല്പര്യങ്ങള്‍ക്കെതിരായ പ്രതിരോധവും വിമര്‍ശനങ്ങളുമുയര്‍ത്തുന്ന സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും സംഘപരിവാറിനെയും ഇസ്ലാമികഫാസിസ്റ്റുകളെയും സൌകര്യംപാലെ താലോലിച്ചും പ്രീണിപ്പിച്ചും വളര്‍ത്തിയെടുക്കുന്നത് വലതുപക്ഷ രാഷ്‌ട്രീയ കേന്ദ്രങ്ങളാണ്.
മത, സ്വത്വരാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയും അക്രമാസക്തമായ രൂപമാറ്റങ്ങളും മുതലാളിത്തത്തിന്റെ വികാസഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അതായത് മതവര്‍ഗീയവാദത്തിന്റെ രാഷ്‌ട്രീയവും സംസ്‌ക്കാരവും മുതലാളിത്ത ചരിത്രവുമായി സ്പഷ്‌ടമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്. സ്വത്വരാഷ്‌ട്രീയത്തിന്റെ, അഥവാ വംശീയ ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ സമീപകാല മാതൃക ജര്‍മനിയിലെ നാസി ഭരണമാണ്. ലോകത്തെ ഭരിക്കാന്‍ യോഗ്യതയും ശേഷിയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് ജര്‍മനിയില്‍ ആര്യവംശമേധാവിത്വം പുനഃസ്ഥാപിക്കാനുള്ള ഫാസിസ്റ്റ് പോരാട്ടങ്ങള്‍ ഹിറ്റ്ലര്‍ ആരംഭിച്ചത്. ലോകത്തെ മറ്റെല്ലാ വംശങ്ങളെയും ജനസമൂഹങ്ങളെയും അടക്കിഭരിക്കാന്‍ കെല്‍പ്പും അധികാരവുമുള്ള തങ്ങളുടെ സ്വത്വത്തെ ഒരിക്കല്‍ക്കൂടി കണ്ടെത്താന്‍ ഹിറ്റ്ലര്‍ ജര്‍മന്‍കാരെ ഉദ്ബോധിപ്പിച്ചു. ഇതരവംശങ്ങളെ തങ്ങളുടെ അധികാരത്തിന് കീഴില്‍ കൊണ്ടുവരാന്‍ ബലപ്രയോഗം ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും ന്യായീകരിക്കത്തക്കതാണെന്ന് ഹിറ്റ്ലര്‍ കരുതി. ഇറ്റലിയില്‍ മുസ്സോളിനിയും ഇതേരീതി തന്നെയാണ് അവലംബിച്ചത്. ജീര്‍ണമായ ധന മൂലധനത്തിന്റെ ദയാരഹിതവും അക്രമാസക്തവുമായ വ്യാപനതാല്പര്യങ്ങളെയാണ് ഹിറ്റ്ലറും മുസ്സോളിനിയും തങ്ങളുടെ ഫാസിസ്റ്റ് പ്രത്യയശാസ്‌ത്ര പരിപാടികളിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ ഒരുമ്പെട്ടത്.
ഫാസിസത്തിന്റെ രാഷ്‌ട്രീയത്തെയും സംസ്‌ക്കാരത്തെയും സമഗ്രവിശകലനത്തിന് വിധേയമാക്കിയ സ്റ്റാലിനും ദിമിത്രോവും മുതലാളിത്തത്തിന്റെ രാഷ്‌ട്രീയ സംസ്‌ക്കാരവും ജര്‍മന്‍ വംശീയവാദത്തിന്റെ പ്രത്യയശാസ്‌ത്രവും തമ്മിലുള്ള പാരമ്പര്യത്തെ അനാവരണം ചെയ്‌തു. സെമിറ്റിക് സംസ്‌ക്കാരങ്ങളെ അധമം എന്ന് വിശേഷിപ്പിച്ച ഫാസിസത്തിന്റെ വംശമേധാവിത്വബോധംധനമൂലധനത്തിന്റെ ജീര്‍ണമായ മേധാവിത്വബോധമാണെന്ന് അവര്‍ തുറന്നുകാട്ടി. സ്വന്തം കേന്ദ്രത്തില്‍ ഏകാധിപത്യപരമായ അധികാരങ്ങളെ സ്വരൂപിക്കുന്ന എല്ലാതരം ജനാധിപത്യക്രമവും ബോധപൂര്‍വം നിഷേധിക്കുന്ന ജീര്‍ണമായ മുതലാളിത്ത രാഷ്‌ട്രീയമായിരുന്നു ഫാസിസത്തിന്റേത്. മൂലധനത്തിന്റെ നിരുപാധികവും മനുഷ്യത്വ രഹിതവുമായ സര്‍വാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള പ്രത്യയശാസ്‌ത്രമായിരുന്നു ഹിറ്റ്ലറുടെ 'സ്വത്വരാഷ്‌ട്രീയം'. വംശീയതയെ തങ്ങളുടെ മൂലധനാധിപത്യത്തിനുള്ള പ്രത്യയശാസ്‌ത്ര ഉപാധിയായി രൂപപ്പെടുത്തുകയായിരുന്നു മുതലാളിത്ത വ്യവസ്ഥ. നാല്‍പ്പതുകളില്‍ സംഹാരത്മകമായ ലക്ഷ്യങ്ങളോടെ ലോകം കീഴ്പ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഫാസിസ്റ്റുകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് സ്റ്റാലിന്റെയും ദിമിത്രോവിന്റെയും കുശാഗ്രബുദ്ധിയോടെയുള്ള അപഗ്രഥനങ്ങളും വിശാലമായ ഫാസിസ്റ്റ് വിരുദ്ധ സഖ്യവും ജനകീയ മുന്നേറ്റങ്ങളുംവഴിയായിരുന്നല്ലോ- സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കുമേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വര്‍ത്തമാന ലോകത്തില്‍ വര്‍ധമാനമായ തോതില്‍ നവനാസി പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്.
നവകൊളോണിയല്‍ ചൂഷണഘടനയുടെ ഭാഗമായിതന്നെ സാമ്രാജ്യത്വശക്തികള്‍, തങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന അധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കാനും ശിഥിലീകരിക്കാനും ലോകത്തിനുമേലുള്ള തങ്ങളുടെ അധികാരത്തെ ശാശ്വതീകരിക്കാനും പദ്ധതികളാവിഷ്‌ക്കരിച്ച് പ്രയോഗിച്ചു തുടങ്ങിയിരുന്നു. എല്ലാതരം ശിഥിലീകരണ-പുനരുജ്ജീവന ശക്തികളെയും ഉപയോഗിച്ചുകൊണ്ടുളള അസ്ഥിരീകരണ പരിപാടികള്‍ ഇന്ന് അധിനിവേശത്തിന്റെ മുഖ്യമായൊരു കര്‍മപദ്ധതിയാണ് -മുതലാളിത്ത-സാമ്രാജ്യത്വ സമ്പദ്ഘടന നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അതിന്റെ അതിജീവനത്തിനുവേണ്ടിയുള്ള ഒരു തന്ത്രമെന്ന നിലയില്‍തന്നെ കാലഹരണം വന്നുവെന്ന് ചരിത്രം വിധിച്ച എല്ലാ മധ്യകാല ജീര്‍ണതകളെയും മൂലധനശക്തികള്‍ പുനരാനയിക്കുകയാണ്.
മതതീവ്രവാദത്തിന്റെയും വര്‍ഗീയഫാസിസത്തിന്റെയും ഗുരുതരമായ ഗതിയിലുള്ള വളര്‍ച്ചയും അത് സാമൂഹ്യ ജീവിതത്തിലേല്‍പ്പിക്കുന്ന വിദ്വേഷപൂര്‍ണമായ സംസ്‌ക്കാരത്തെയും ഈയൊരു ചരിത്രപശ്ചാത്തലത്തില്‍ മനസ്സിലാക്കണം. കേരളത്തിലിപ്പോള്‍ പത്തിവിടര്‍ത്തിയാടുന്ന എല്ലാ മത ഫാസിസ്റ്റ് സംഘങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സമൂഹത്തിന്റെ മതേതരഘടനയെയും തകര്‍ത്ത് ആഗോള ധന മൂലധനത്തിന് എതിരുകളില്ലാതെ രംഗം കൈയടക്കാന്‍ പരിസരമൊരുക്കുന്ന വലതുപക്ഷ അജന്‍ഡയുടെ സൃഷ്‌ടിയാണ്. സമീപകാല ലോക സംഭവങ്ങള്‍തന്നെ എല്ലാവിധ പിന്തിരിപ്പന്മാരുടെയും സഹായത്തോടെ എങ്ങനെയാണ് മതപ്രോക്ത സ്വത്വരാഷ്‌ട്രീയം ആഗോളമൂലധന അജന്‍ഡയുടെ നടത്തിപ്പുകാരാവുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
പോളണ്ടിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങനെയാണ് എണ്‍പതുകളില്‍ മുതലാളിത്ത ശക്തികള്‍ കത്തോലിക്ക സഭയെയും മാര്‍പാപ്പയെയും ഉപയോഗിച്ചതെന്നത് സമീപകാല ചരിത്രാനുഭവമാണല്ലോ. ജാറുൽസ്‌ക്കിയുടെയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളുടെയും ഭരണത്തില്‍നിന്നും പോളിഷ് ജനതയെ മോചിപ്പിക്കാനുള്ള 'രക്ഷകന്‍'കത്തോലിക്ക സഭയും ക്രൈസ്‌തവമൂല്യങ്ങളുമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. റോമിന്റെ ആശീര്‍വാദത്തോടെ സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുത്ത "സോളിഡാരിറ്റി'' എന്ന ട്രേഡ് യൂണിയനും അതിന്റെ നേതാവ് ലെവലേസയും കമ്യൂണിസ്റ്റ് ചെകുത്താനില്‍നിന്നും പോളിഷ് ജനതയെ വിമോചിപ്പിക്കാനുള്ള ദൈവ സൃഷ്ടിയായി കൊണ്ടാടപ്പെട്ടു. 'കുരിശി' നെ ബിംബമാക്കിക്കൊണ്ട് ക്രൈസ്‌തവ പുനരുത്ഥാനശക്തികളെ അഴിച്ചുവിട്ടുകൊണ്ടാണ് പോളണ്ടില്‍ മുതലാളിത്ത പുനഃസ്ഥാപനം പൂര്‍ത്തീകരിച്ചത്. കിഴക്കന്‍ യുറോപ്പിലെ സോഷ്യലിസ്റ്റ് സര്‍ക്കാരുകളെ അട്ടിമറിക്കാനും മുതലാളിത്തത്തെ പുനഃസ്ഥാപിക്കാനും ഇതേ തന്ത്രംതന്നെയാണ് സാമ്രാജ്യത്വം പ്രയോഗിച്ചത്.
കിഴക്കന്‍ ജര്‍മനിയില്‍ ജര്‍മന്‍ സ്വത്വബോധം പ്രചാരണമാക്കിയപ്പോള്‍ ചെക്കോസ്ളോവാക്യയില്‍ വിഭജനവാദ ലക്ഷ്യത്തോടെ ചെക് സ്ളോവാക് സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുന്ന പ്രചാരണമഴിച്ചുവിട്ടു. യുഗോസ്ലാവ്യപോലൊരു രാജ്യത്തെ കല്ലോട് കല്ല് ചേരാതെ തകര്‍ത്തത് വ്യത്യസ്‌ത വംശീയതകളെ ഉപയോഗിച്ചായിരുന്നല്ലോ. അവിടുത്തെ ഭിന്ന വംശീയ വിഭാഗങ്ങളില്‍ നിലനിന്നിരുന്ന "അസന്തുലിതത്വ'ങ്ങളെയും "അവഗണന''യെയും വലിയൊരു വംശീയ വേര്‍തിരിവിന്റെ വിഘടനചിന്തകളായി മാറ്റുകയായിരുന്നു. സോവിയറ്റ് യൂണിയനെ ശിഥിലമാക്കാനായി ഭിന്ന മത വംശീയ ഘടകങ്ങളെപ്പോലും ഉപയോഗപ്പെടുത്തി. ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരവും വംശീയവുമായ വികാരങ്ങള്‍ വളര്‍ത്തി അവിടെ ആശയക്കാലുഷ്യത്തിന്റെയും ശത്രുതയുടെയും ഭ്രാതൃഹത്യകളുടെയൂം ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു. സോവിയറ്റ് സൈന്യത്തില്‍പോലും വംശീയ ഘടകങ്ങള്‍ ഉത്തേജിപ്പിച്ചെടുക്കാന്‍ സിഐഎ റാന്‍സ് കോര്‍പറേഷന്‍പോലുള്ള സ്ഥാപനങ്ങള്‍വഴി പഠന ഗവേഷണങ്ങള്‍ നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുനരുജ്ജീവനത്തിന്റെയും മതവര്‍ഗീയതയുടെയും ശക്തികള്‍ പ്രാക്തന സംസ്‌ക്കാരങ്ങളുടെ പ്രത്യുത്ഥാനംവഴി സാമ്രാജ്യത്വ മൂലധന താല്പര്യങ്ങളെ പ്രതിരോധിക്കുന്ന പുരോഗതിയുടെയും മതേതരത്വത്തിന്റെയും ജീവിത മൂല്യങ്ങളെ തല്ലിക്കെടുത്തുകയാണ്. സാമ്രാജ്യത്വത്തിന്റെ ചിരപുരാതനമായ "ഭിന്നിപ്പിച്ചു ഭരിക്കുക'' എന്ന കൊളോണിയല്‍ തന്ത്രത്തെ മനുഷ്യത്വ രഹിതമായ "സംസ്‌ക്കാര സംഘര്‍ഷ സിദ്ധാന്ത''ങ്ങളിലൂടെ മാനവികതയുടെ നിലനിൽപ്പിന് ഭൂമണ്ഡലത്തിലാകെ ഭീഷണി ഉയര്‍ത്തുകയാണ്. ഡോളറുകളും മിസൈലുകളും കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തുന്ന സാമ്രാജ്യത്വ അധിനിവേശ മോഹങ്ങളുടെ കുടിലമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗമായിട്ടാണ് മതവംശീയ കലാപങ്ങളും വിധ്വംസക പ്രസ്ഥാനങ്ങളും ലോകമെമ്പാടുമിന്ന് അഴിഞ്ഞാടുന്നത്. അത് ഗോത്രവാദം മുതല്‍ സാംസ്‌ക്കാരിക ദേശീയതവരെയും സയണിസ്റ്റ് ഭീകരതമുതല്‍ ജിഹാദിസ്റ്റ് വിമോചന സങ്കല്പംവരെയും തങ്ങളുടെ ലോകമേധാവിത്വത്തിനും അതിജീവനത്തിനുമായി ഉപയോഗപ്പെടുത്തുന്നു. ഭൂതകാലത്തെ പുനഃസൃഷ്‌ടിക്കുകയെന്നത് അസാധ്യമായൊരു സത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വര്‍ത്തമാന ദുരിതങ്ങള്‍ ചരിത്രത്തിലെ "സുവര്‍ണയുഗ''ങ്ങളുടെ പുനരാനയത്തിലൂടെ പരിഹൃതമാകുമെന്ന് വ്യമോഹിപ്പിക്കുന്നു.
ലോകത്തിലൊട്ടാകെയെന്നപോലെ ഇന്ത്യയിലും കേരളത്തിലുമെല്ലാം വര്‍ഗീയ ഫാസിസവും മതതീവ്രവാദവും രാജ്യത്തെ ശിഥിലീകരിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രഗതിയാര്‍ജിച്ചിരിക്കുകയാണ്. എണ്‍പതുകളില്‍ വാഷിങ്ടണിൽ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ലോക സമ്മേളനത്തോടെയാണ് മസ്‌ജിദ് - മന്ദിര്‍ തര്‍ക്കം ഉന്നയിക്കാന്‍ ഹിന്ദുഫാസിസ്റ്റുകള്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ജനതയുടെ ഐക്യത്തെയും സൌഹൃദത്തെയും തകര്‍ക്കുകയെന്ന സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പരിപാടി ആസൂത്രണം ചെയ്‌തതും അമേരിക്കന്‍ സ്ഥാപനങ്ങളാണ്. 3000 ആരാധനാലയങ്ങള്‍ തര്‍ക്കപ്രശ്‌നമായി ഉയര്‍ത്താനാണ് സിഐഎ സംഘപരിവാറിനെ ഏല്പിച്ചിരിക്കുന്നത്. മസ്‌ജിദ് തര്‍ക്കമാണ് ഇന്ത്യയില്‍ സംഘപരിവാറിന്റെ ഫാസിസത്തെ പ്രതിരോധിക്കുകയെന്ന വ്യാജേന ന്യൂനപക്ഷ തീവ്രവാദ ഗ്രൂപ്പുകളെയും രൂപപ്പെടുത്തിയത്. അരക്ഷിതത്വത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും സാഹചര്യം സൃഷ്‌ടിച്ച് മുസ്ലീം തീവ്രവാദ സംഘങ്ങളെയും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി ഫാസിസ്റ്റ് രാഷ്‌ട്രീയത്തെയും ശക്തിപ്പെടുത്തുകയാണ് സാമ്രാജ്യത്വ തന്ത്രം. ഇപ്പോള്‍ മുസ്ലീം തീവ്രവാദികളാണ് രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദികളെന്ന സംഘപരിവാര്‍ വാദം പൊളിഞ്ഞുപോയിരിക്കുകയാണ്. മലേഗാവ് സംഭവം സംഘപരിവാര്‍ ഭീകരത സൈന്യത്തിലേക്ക്വരെ പടരുന്നുണ്ടെന്ന ഉല്‍ക്കണ്ഠാകുലമായ വസ്‌തുതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹത്തെയും സൈന്യത്തെയും കാവിവല്‍ക്കരിച്ച് രാജ്യത്തെ ഫാസിസ്റ്റാധികാരത്തിലേക്ക് നയിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങള്‍ക്കെതിരെ ദേശാഭിമാന ജനാധിപത്യ ശക്തികള്‍ ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കേണ്ട സന്ദര്‍ഭമാണിത്.
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി''യെന്ന നവോത്ഥാന സന്ദേശങ്ങളെ നിരാകരിക്കുന്ന പുനരുത്ഥാനത്തിന്റെയും വലതുപക്ഷവല്‍ക്കരണത്തിന്റെയും നിന്ദാകരമായ പ്രത്യയശാസ്‌ത്ര നിര്‍മിതികളെ തിരിച്ചറിയേണ്ടതുണ്ട്. ജനതയുടെ സാമാന്യ ബോധത്തെ യുക്തിരഹിതമായ വിശ്വാസഭ്രാന്തുകളിലേക്കും വിദ്വേഷത്തിന്റെ രാഷ്‌ട്രീയ സംസ്‌ക്കാരത്തിലേക്കും തളച്ചിടുന്ന മതവല്‍ക്കരണത്തെയും ഫാസിസവല്‍ക്കരണത്തെയും പുരോഗമന ചിന്തയുടെ ചരിത്രബോധവും സാമൂഹ്യ നവീകരണത്തിന്റെ മതേതര പ്രയോഗങ്ങള്‍കൊണ്ടും പ്രതിരോധിക്കേണ്ടതുണ്ട്.
ജാതി, മതം, വംശം ഇവയ്‌ക്കെല്ലാമപ്പുറം മനുഷ്യബന്ധങ്ങളുടെ ഉദാത്തവും ഉന്നതവുമായ സാമൂഹ്യ വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുന്ന പുരോഗമനവാദികളെ സംബന്ധിച്ചിടത്തോളം ഉല്പാദന വ്യവസ്ഥയുടെ സാമൂഹ്യവല്‍ക്കരണത്തിനും പ്രത്യുൽപ്പാദന ബന്ധങ്ങളുടെ ജനാധിപത്യപരമായ പുനഃസംഘാടനത്തിനും തടസ്സംനിൽക്കുന്ന എല്ലാവിധ ഭേദചിന്തകളോടും ആദര്‍ശതലത്തിലും പ്രയോഗതലത്തിലും പോരാട്ടം, നാനാവിധ സാമ്രാജ്യത്വ കുതന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ട് തുടരേണ്ടതുണ്ട്. ചരിത്രത്തെ പിന്നോട്ട് വലിക്കുന്ന പുനരുത്ഥാനത്തിന്റെ എല്ലാ പ്രതിലോമ ചിന്തകള്‍ക്കുമെതിരെ നവോത്ഥാനത്തിന്റെയും ജീവിത നവീകരണത്തിന്റെയും പ്രയോഗപഥങ്ങള്‍ സാമ്രാജ്യത്വ പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന മിഥ്യാധാരണകളെ വകഞ്ഞുമാറ്റികൊണ്ട് വെട്ടിത്തുറക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും മഖ്‌ലി തങ്ങളും വക്കം മൌലവിയുമെല്ലാം വെട്ടിത്തുറന്നുതന്ന നവോത്ഥാനത്തിന്റെ വഴികളിലൂടെ ഏറെ മുന്നോട്ടുപോയ ഒരു സമൂഹമാണ് കേരളം. കേരളം നേടിയ സമസ്‌ത നേട്ടങ്ങളുടെയും ആരംഭമിട്ടതും അടിസ്ഥാനമായി വര്‍ത്തിച്ചതും മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളും സമരോത്സുകമായ ആദര്‍ശങ്ങളുമാണ്. ഇന്നിപ്പോള്‍ ആഗോളമൂലധനം മതതീവ്രവാദത്തെയും ആള്‍ദൈവ സംഘങ്ങളെയും എല്ലാവിധ പുരോഗമന ചിന്താഗതികളെയും ആക്രമിക്കുന്ന നവ വലതുപക്ഷ സംസ്‌ക്കാരത്തെയും വളര്‍ത്തി സാമൂഹ്യ ജീവിതത്തെയാകെ ക്രിമിനല്‍വരിക്കുകയാണ്. നമ്മുടെ യുവാക്കള്‍ അന്താരാഷ്‌ട്ര തീവ്രാദത്തിന്റെ പരിശീലനക്കളരിയിലേക്കും ക്രിമിനല്‍ മൂലധനത്തിന്റെ ഹവാല ശൃംഖലകളിലേക്കും റിക്രൂട്ടു ചെയ്യപ്പെടുകയാണ്. രാജ്യത്തെതന്നെ തകര്‍ക്കുന്ന വിധ്വംസക സഖ്യത്തിലേക്ക് ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്ന ചെറുപ്പക്കാരുടെ കുറ്റകരമായ ചെയ്‌തികളും ദുരന്തപൂര്‍ണമായ മരണ വാര്‍ത്തകളും മുഴുവന്‍ മലയാളികളെയും ഇന്ന് ഉല്‍ക്കണ്ഠാകുലരാക്കുന്നുണ്ട്. ഫയാസിന്റെയും അബ്‌ദുള്‍ റഹീമിന്റെയും മാതാപിതാക്കള്‍, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച മക്കളുടെ മൃതശരീരം തങ്ങള്‍ക്ക് കാണേണ്ടതില്ലെന്ന് പറയുമ്പോള്‍ അത് മുഴുവന്‍ മതേതര കേരളത്തിന്റെ മനസ്സാക്ഷിയുടെ ശബ്‌ദമായി നാം തിരിച്ചറിയേണ്ടതുണ്ട്. ജന്മംതന്ന നാടിനെ മറ്റെന്തിനേക്കാളും വലുതായി കാണുന്ന നമ്മുടെ ദേശാഭിമാന ബോധത്തെ മതവിധ്വംസക ശക്തികള്‍ക്കെതിരായ, രാജ്യത്തെ തകര്‍ക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ജനബോധമായി വളര്‍ത്തിയെടുക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്.
മത തീവ്രവാദത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും പ്രത്യയശാസ്‌ത്രാടിസ്ഥാനങ്ങളെയും ആഗോളബന്ധങ്ങളേയും സംബന്ധിച്ച തിരിച്ചറിവും ആശയ വ്യക്തതയും വളര്‍ത്തുക എന്നത് ഓരോ മതേതരവാദിയുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാംക്ഷിക്കുന്ന ഓരോ ദേശാഭിമാനിയുടെയും കടമയാണ്. മതവിശ്വാസത്തെയും മതതീവ്രവാദത്തെയും സമീകരിക്കുന്ന ലളിത യുക്തികള്‍ക്കപ്പുറത്ത് ആഗോള മൂലധന വ്യവസ്ഥ മതവര്‍ഗീയതയുടെയും പാരസ്‌പര്യത്തിന്റെയും സങ്കീര്‍ണതകളെ നിര്‍ധാരണം ചെയ്‌തെടുത്തുകൊണ്ടേ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് ഈ കടമയിന്ന് വിജയകരമായി നിറവേറ്റാനാവൂ. സാമ്രാജ്യത്വ മൂലധനശക്തികള്‍ അതിസമര്‍ഥമായൊരുക്കുന്ന വര്‍ഗീയതയുടെയും വിദ്വേഷ സംസ്‌ക്കാരത്തിന്റെയും ചതിക്കുഴികളെ കണ്ടെത്താനും ഭീകരവാദത്തിന്റെ പ്രത്യയശാസ്‌ത്ര സ്രോതസ്സുകളെ സംബന്ധിച്ച് ആശയവ്യക്തത കൈവരിക്കാനും ജനങ്ങളെ പ്രാപ്‌തരാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ചരിത്രപരവും സാമൂഹ്യ ശാസ്‌ത്രപരവും മനഃശാസ്‌ത്രപരവുമായ സമീപനങ്ങള്‍ ആവശ്യപ്പെടുന്ന ഈയൊരു ദൌത്യം വളരെ ശ്രമകരവുമാണ്.
*
കെ ടി കുഞ്ഞിക്കണ്ണന്‍. കടപ്പാട്: ദേശാഭിമാനി
No comments:
Post a Comment