ഏറെ പടയോട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ലഹളകള്‍ക്കും സാക്ഷിയായ മുംബൈ നഗരം ഒരിക്കല്‍ കൂടി രക്തപങ്കിലമായി. രാപ്പകലുകള്‍ നീണ്ട യുദ്ധസമാനമായ നിമിഷങ്ങളുടെ കണക്കെടുപ്പില്‍ ഇരുനൂറോളം മരണം, കോടികളുടെ അപരിഹാര്യമായ നാശം, മരിച്ചവരില്‍ മികവുറ്റ ഉദ്യോഗസ്ഥരും കമാന്‍ഡോകളും. ഈ മഹാനഗരം കണ്ട ഏറ്റവും ക്രൂരമായ ഏറ്റുമുട്ടല്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ഇന്ത്യയുടെയും ഉപഭൂഖണ്ഡത്തിന്റെയും ഭാവിരാഷ്ട്രീയത്തില്‍ ഈ ഭീകരാക്രമണം എന്തു പ്രഭാവമാണ് സൃഷ്ടിക്കുക? ഇനിയുള്ള നാളുകള്‍ അത്തരം കണക്കെടുപ്പുകളുടേതാണ്.
പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എന്‍ പണിക്കര്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്ത തരത്തിലുള്ള തീവ്രവാദ ആക്രമണമാണല്ലോ മുംബൈയില്‍ ഉണ്ടായത്. ഈ ആക്രമണങ്ങളെ എങ്ങനെ കാണുന്നു?
-1992നു ശേഷമാണ് ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ ആരംഭിച്ചത്. മറ്റൊരു രാജ്യത്തും ഇല്ലാത്തവിധം തുടര്‍ച്ചയായി ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുന്നു. സെപ്തംബര്‍ 11നു ശേഷം അമേരിക്കയില്‍ തീവ്രവാദി ആക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. ഇന്ത്യയില്‍ ചെറുതും വലുതുമായ എത്രയോ ആക്രമണങ്ങള്‍ നടന്നു. മുംബൈയിലേത് തികച്ചും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. അതേസമയം വളരെ വലിയ ആസൂത്രണം ഇതിനു പിന്നിലുണ്ട് താനും. ഒരു പ്രധാന പട്ടണത്തില്‍ പ്രധാനപ്പെട്ട രണ്ട് ഹോട്ടലുകളില്‍ കനത്ത സുരക്ഷാസംവിധാനത്തിനിടയില്‍, വളരെ വലിയ ആയുധശേഖരംതന്നെ ആക്രമണത്തിനായി ഉപയോഗിക്കപ്പെട്ടു. ഇതിനാവശ്യമായ തയാറെടുപ്പ് നടക്കുമ്പോഴൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധയര്‍ഹിക്കുന്നു. ഭരണകൂടവും ഇന്റലിജന്‍സ് ഏജന്‍സികളും തികച്ചും പരാജയപ്പെട്ടു എന്നാണ് ഇതിനര്‍ഥം. ആക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഇന്ത്യാ ഗവര്‍മെന്റിനെ അറിയിക്കുകയും ആ വിവരം മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടും ആക്രമണം തടയാന്‍ കഴിഞ്ഞില്ല. ഇത് ലജ്ജാകരമാണ്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.
? ഈ തീവ്രവാദി ആക്രമണം ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ വരുംകാലങ്ങളില്‍ എങ്ങനെയാണ് സ്വാധീനിക്കുക?
-ആക്രമണവുമായി പാകിസ്ഥാനിലെ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് അടുത്തകാലത്തായി ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ പ്രതിരോധ നയവുമായും വികസനവുമായും ബന്ധപ്പെട്ടതാണ്. ആ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു തടസ്സം സംഭവിച്ചേക്കും.
ആഭ്യന്തരമായും ഈ സംഭവം രാജ്യത്തെ വലിയ തോതില്‍ സ്വാധീനിക്കാനിടയുണ്ട്. ഹിന്ദു വര്‍ഗീയ ശക്തികളാണ് മുതലെടുക്കാന്‍ പോകുന്നത്. സ്വാഭാവികമായും മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി വികാരം ഉണര്‍ത്താന്‍ സാധ്യതയുണ്ട്. ഭീകരര്‍ മുസ്ളിങ്ങളാണ് എന്ന് തിരിച്ചറിയപ്പെടുമ്പോള്‍ അത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടും എന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. മുബൈയില്‍ ആദ്യമെത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ക്കാറെയുടെ ഭാര്യയ്ക്ക് ഒരു കോടി രൂപ സഹായ വാഗ്ദാനവും നല്‍കി. അവര്‍ അത് നിരസിച്ചെങ്കിലും ബിജെപിയുടെ ലക്ഷ്യം ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. ഈ സര്‍ക്കാരുകളുടെ പരാജയമായി ഈ ആക്രമണം വരുന്ന തെരഞ്ഞെടുപ്പില്‍ ചിത്രീകരിക്കപ്പെടും. ദൌര്‍ഭാഗ്യകരമാണെങ്കില്‍കൂടി ഈ സംഭവം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കരുവായി മാറും.
ഇന്ത്യയിലെ തീവ്രവലതുപക്ഷ, ഫാസിസ്റ്റ് കക്ഷികള്‍ ഇത്തരം ആക്രമണങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്? പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുകയും ലോകസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോവുകയും ചെയ്യുന്ന ഘട്ടത്തില്‍?
-ഫാസിസ്റ്റ് ശക്തികള്‍ തീവ്രവാദത്തെ ഇന്ത്യയിലും വലതുപക്ഷ ശക്തികള്‍ ഇന്ത്യക്ക് പുറത്തും അവരുടെ താല്‍്പര്യത്തിനു ഉപയോഗിച്ചുവരികയാണ്. മുസ്ലീങ്ങളെ ഇരയാക്കുന്നതിന് ഒരു കാരണം കൂടിയായി ഈ സംഭവം മാറും. മലേഗാവ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ ആണെന്ന വസ്തുത പുറത്തുവന്നപ്പോള്‍ അവരെ ഹിന്ദു തീവ്രവാദികള്‍ എന്നു പറയുന്നത് ശരിയല്ലെന്നാണ് ഫാസിസ്റ്റ് ശക്തികള്‍ പറഞ്ഞത്. തീവ്രവാദി എന്നാല്‍ മുസ്ലീം ആണെന്നും മുസ്ലീം എന്നു പറഞ്ഞാല്‍ തീവ്രവാദി ആണെന്നുമുള്ള ഒരു സമവാക്യമാണ് ഇതുവരെ സ്ഥാപിച്ചുവെച്ചിരുന്നത്. ഹിന്ദുക്കളും തീവ്രവാദം നടത്തുമ്പോള്‍ തീവ്രവാദത്തിനു മതമില്ലെന്ന ആശയം വ്യക്തമാകുന്നു. തീവ്രവാദവും മൌലികവാദവും തമ്മിലുള്ള ബന്ധം തിരിച്ചറിയേണ്ടതുണ്ട്. മൌലിക വാദത്തില്‍ നിന്നാണ് തീവ്രവാദമുണ്ടാകുന്നത്. അത് ഏതുതരത്തിലുള്ള മൌലികവാദമായാലും ശരി. തീവ്രവാദത്തിന്റെ സ്വഭാവം മാനുഷിക മൂല്യങ്ങളുടെ ഇല്ലായ്മയാണ്. മനുഷ്യജീവിതത്തോട് ഇവര്‍ക്ക് ഒരുവിധ ബഹുമാനവുമില്ല. അതുകൊണ്ടാണ് അവര്‍ക്ക് മനുഷ്യരെ കൊല്ലാന്‍ കഴിയുന്നത്. വെറുപ്പ്, വിദ്വേഷം ഇതൊക്കെയാണ് തീവ്രവാദിയുടെ മൌലിക വികാരങ്ങള്‍. ആശയപരമായ ശക്തിയും സ്വാധീനവും കിട്ടുന്നത് മൌലികവാദത്തില്‍ നിന്നാണ്. തീവ്രവാദം നിലവില്‍ വരുന്നതുതന്നെ വലതുപക്ഷ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതുകൊണ്ടാണ്. ലോകത്ത് മുഴുവന്‍ തീവ്രവാദം കൊണ്ടുണ്ടാകുന്നത് വലതുപക്ഷത്തിന്റെ ശക്തിപ്പെടലാണ്.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മതവിവേചനം സൃഷ്ടിക്കുകയും മതവികാരത്തില്‍ ഊന്നിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവെക്കുകയുമാണ് വലതുപക്ഷത്തിന്റെ ലക്ഷ്യം. തീവ്രവാദം അടിച്ചമര്‍ത്തണമെന്നും അതിനെതിരായി നടപടി വേണമെന്നും പറയുമ്പോള്‍ പറയാതെ പറയുന്നത് തീവ്രവാദത്തിന്റെ കാരണക്കാര്‍ മുസ്ലീങ്ങള്‍ ആണെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ഇടതുകക്ഷികളും നില്‍ക്കുന്നതു കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ രാഷ്ട്രീയത്തിന് പ്രാധാന്യം കിട്ടാത്തതെന്നാണ് വലതുപക്ഷ വാദം. ഇത് സ്വീകരിക്കുന്ന ചിന്താരഹിതരായ ഒരു യുവസമൂഹം വളര്‍ന്നുവന്നിട്ടുണ്ട്. താജ് പാലസ് ഹോട്ടല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അത് മുംബൈയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതീകമാണെന്നാണ് ബിജെപി നേതാക്കള്‍ വാദിച്ചത്. ഇന്ത്യയുടെ പ്രതീകമായി ഒരു ഹോട്ടലിനെ മാറ്റുന്നതില്‍ മധ്യവര്‍ഗത്തിന്റെയും അവരുടെ ആശയങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെയും പങ്ക് ചെറുതല്ല. സംഭവങ്ങള്‍ക്ക് വൈകാരികതയുടെ നിറം കൊടുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതും കാഴ്ചയും നാം കണ്ടു. വലതുപക്ഷ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ഉപയോഗിക്കാന്‍ പോവുകയാണെന്ന കാര്യത്തില്‍ സംശയമില്ല.
തീവ്രവാദം വളരുകയും അത് സാധൂകരിക്കുകയും ചെയ്യുന്ന ആഗോള രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവന്നതിന്റെ ചരിത്രപശ്ചാത്തലം വിശദീകരിക്കാമോ?
-തീവ്രവാദവും സാമ്രാജ്യത്വവും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. സാമ്രാജ്യത്വത്തിന്റെ ആക്രമണം, നുഴഞ്ഞുകയറ്റം ഇതിനൊക്കെ എതിരായി പ്രതിരോധം എന്ന നിലയ്ക്കാണ് തീവ്രവാദത്തിന്റെ ഉത്ഭവം. തീവ്രവാദത്തിന്റെ വേര് കിടക്കുന്നത് അവിടെയാണ്. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദസംഘടനകള്‍ ഉണ്ടായത് സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ്. ഒരു സംഘടനാരൂപം കിട്ടുന്നതിന് മതമൌലികവാദം വഴിയൊരുക്കി സഹായിച്ചു എന്നത് യാഥാര്‍ഥ്യം തന്നെ. സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടുകൊണ്ടാണ് തീവ്രവാദം ആഗോളപ്രതിഭാസമാകുന്നത്. ഇന്ത്യ അമേരിക്കയുടെ ചേരിയിലേക്ക് കൂറുമാറുകയും സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഈ ആക്രമണമെന്ന് വിസ്മരിച്ചുകൂടാ. ഇതിന്റെ മറ്റൊരു വശം മറ്റ് രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണം ഉണ്ടായപ്പോള്‍ അമേരിക്ക എടുത്തതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് അമേരിക്കയില്‍ സംഭവിച്ചപ്പോള്‍ ഉണ്ടായത്. സെപ്തംബര്‍ 11ന്റെ ആക്രമണത്തെ 'ജനാധിപത്യത്തിനെതിരായ ആക്രമണം' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ ആക്രമണമുണ്ടായപ്പോള്‍ ഈ നിലപാട് എടുത്തതുമില്ല. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ രാഷ്ട്രീയത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് തീവ്രവാദം ശക്തിപ്പെടുന്നത്.
ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിന് എന്തുസഹായവും നല്‍കാമെന്ന് പറഞ്ഞ് അമേരിക്കയും ഇസ്രയേലും സഹായവുമായി എത്തിയല്ലോ. ഇതിനെ എങ്ങനെ കാണുന്നു?
-തീവ്രവാദത്തിനെതിരെയെന്ന പേരില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണപദ്ധതിയില്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ സംഭവം ശക്തി പകര്‍ന്നിട്ടുണ്ട്. ഇന്ത്യ കൃത്യമായും അമേരിക്കന്‍ ചേരിയില്‍ തന്നെ നില്‍ക്കാനും ഇത് ഇടയാക്കും.
വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളും അതിനെ മുന്‍നിര്‍ത്തി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന ഉല്‍കണ്ഠകളും ന്യൂനപക്ഷത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
-മുസ്ലീം ന്യൂനപക്ഷങ്ങളെ ഇത് പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുണ്ട്. പാകിസ്ഥാനോട് കൂറുള്ളവരാണ് മുസ്ലീങ്ങള്‍ എന്ന പൊതുധാരണ വിഭജനകാലം മുതല്‍ നിലനില്‍ക്കുന്നു. ഒരുകാലത്ത് രാജ്യസ്നേഹമുണ്ടെന്ന് സ്ഥാപിക്കേണ്ട ബാധ്യത മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഒരു പൌരനെ സംബന്ധിച്ച് ഏറ്റവും ദൌര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഇതില്‍ നിന്ന് ഒരു അതിര്‍ത്തി വരെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് കരകയറാന്‍ കഴിഞ്ഞിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ തീവ്രവാദികള്‍ അല്ല എന്നു കൂടി സ്ഥാപിക്കേണ്ട ആവശ്യമാണ് മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. മുസ്ലീം ആണെങ്കില്‍ തീവ്രവാദിയാണെന്ന സംശയത്തോടെ നോക്കിക്കാണുന്ന ഒരു സമൂഹം ഇന്ത്യയില്‍ വളര്‍ന്നു വരുന്നുണ്ട്. ഈ കാഴ്ചപ്പാട് മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിക്കുന്നു. ഒരു പ്രദേശത്ത് മുസ്ലീങ്ങള്‍ കൂടുതലായി ഉണ്ടെങ്കില്‍ അത് അപടകമാണെന്ന് ഇവര്‍ സ്ഥാപിക്കുന്നു. മുസ്ലീങ്ങള്‍ക്ക് താമസിക്കാന്‍ ബംഗളൂരില്‍ ഒരു വീട് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഡോ. യു ആര്‍ അനന്തമൂര്‍ത്തി ഈയിടെ പറയുകയുണ്ടായി. ഡല്‍ഹിയിലും മുബൈയിലുമൊക്കെ ഇതേ പ്രശ്നം ഉള്ളതായി നടി ശബാന ആസ്മിയും പറഞ്ഞിട്ടുണ്ട്. മുസ്ലീം ഉള്ളിടത്ത് കലാപങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനത്തിന് കൂടുതല്‍ ശക്തിയുണ്ടാകാനാണ് സാധ്യത. ശാരീരികാക്രമണം ഉണ്ടായില്ലെങ്കിലും അനഭിലഷണീയരായി അവര്‍ മാറും.
തീവ്രവാദത്തെ എങ്ങനെയാണ് നിര്‍വചിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം വിശദീകരിക്കാമോ?
- തീവ്രവാദത്തെ നിര്‍വചിക്കേണ്ടത് യുദ്ധത്തെ എങ്ങനെയാണോ നിര്‍വചിക്കുന്നത് അതു പോലെയാണ്. യുദ്ധം ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുന്നു. രാഷ്ട്രത്തിന്റെ പേരില്‍ സഹജീവികളെ നിര്‍ദയം കൊല്ലുകയാണ് ചെയ്യുന്നത്. അവനെ അന്യരാഷ്ട്രടത്തില്‍പ്പെട്ടവനായി കാണുന്നതുകൊണ്ട് ഒരു മാനസിക മൂല്യത്തെയും ആദരിക്കാതെ മറ്റുള്ളവരെ കൊല്ലുകയാണ് തീവ്രവാദിയും ചെയ്യുന്നത്. നിഷ്ഠുരതയാണ് തീവ്രവാദത്തില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ എന്ന നിലയ്ക്കുള്ള മാനസികാവസ്ഥ തീവ്രവാദിക്കില്ല. മറ്റുള്ളവരെ മനുഷ്യരായി കാണുന്നുമില്ല. എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരായ ഒരു പ്രതിഭാസമായാണ് തീവ്രവാദത്തെ വിലയിരുത്തേണ്ടത്. പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രവര്‍ത്തനമായി അതിനെ കാണണം.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന തീവ്രവാദ-ഛിദ്രപ്രവണതകളെ സവര്‍ണ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയല്ലേ വിലയിരുത്തേണ്ടത്?
- 1992ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത് രാഷ്ട്രീയ സാമൂഹ്യ അവബോധത്തില്‍ പ്രധാനപ്പെട്ട സംഭവമാണ്. ഹിന്ദുവര്‍ഗീയതയുടെ ഭീകരപ്രവര്‍ത്തനമാണ് അന്ന് നടന്നത്. നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നതാണല്ലോ ഭീകരപ്രവര്‍ത്തനം. ഇന്ത്യയിലെ ആദ്യത്തെ ഭീകരപ്രവര്‍ത്തനം ഹിന്ദുവര്‍ഗീയതയില്‍ നിന്നാണ് ഉണ്ടായത്. അതിന്റെ പരിണത ഫലമായാണ് മറ്റുപല ഭീകരപ്രവര്‍ത്തനങ്ങളും ഉടലെടുത്തത്. ഭീകരപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഹിന്ദു വര്‍ഗീയതക്ക് ഒരു മടിയുമില്ലെന്നതാണ് മാലേഗാവ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഹിന്ദു വലതുപക്ഷ ശക്തികളുടെ ഭീകരപ്രവര്‍ത്തനങ്ങളും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. ന്യൂനപക്ഷത്തിന്റേതായാലും ഭൂരിപക്ഷത്തിന്റേതായാലും ഭീകരപ്രവര്‍ത്തനം അപലപനീയം തന്നെ.
ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ എങ്ങനെയാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ഇടപെടുകയും വേണ്ടത്?
-ഭീകരപ്രവര്‍ത്തനം എങ്ങനെയാണ് തടയുക എന്നതാണ് പ്രധാനം. എന്തെങ്കിലും സംഭവിച്ച ശേഷം അതിന്റെ കാരണക്കാരെ ശിക്ഷിക്കുക എന്നതല്ല വേണ്ടത്. ഉത്തരവാദികള്‍ വെറുതെ പോവുകയില്ലെന്ന പറച്ചില്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ പതിവു പല്ലവി ആയി മാറിയിരിക്കുന്നു. സംഭവത്തിനു ശേഷം ഭീകരവാദികളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും വെടിവെച്ചു കൊല്ലുന്നതുമൊക്കെയാണ് പതിവ്. അതേസമയം, ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെടുകയും ചെയ്യുന്നു. ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കണമെങ്കില്‍ പൊതുസമൂഹത്തിന്റെ ജാഗ്രത ആവശ്യമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനും അതിനെ തടയാനും സാധിക്കുക ജനങ്ങള്‍ ഇടപെടുമ്പോള്‍ മാത്രമാണ്. മുംബൈയില്‍ ഇത്രയും ആയുധങ്ങളുമായി തീവ്രവാദികള്‍ അവിടെ കടന്നുകൂടിയ ഏതെങ്കിലും ഘട്ടത്തില്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അങ്ങനെയുള്ള ഒരു തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടാവണം. അതിനുള്ള സാമൂഹിക കാഴ്ച്ചപ്പാടും സന്നദ്ധതയും ആണ് ആവശ്യം.
ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെ ഒരു പൊതുഅഭിപ്രായം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. തീവ്രവാദം ഒരു മാനസിക അവസ്ഥയാണ്. യുദ്ധത്തിനെതിരായ സമാധാനപ്രസ്ഥാനം പോലെ തീവ്രവാദത്തിനെതിരെ ഒരു ആശയവ്യാപനം ആവശ്യമാണ്. ആശയങ്ങളുടെ പേരിലോ പ്രതിരോധം എന്ന നിലയിലോ തീവ്രവാദം ലോകത്ത് എവിടെയും സംഭവിക്കാവുന്നതേയുള്ളൂ. അതിനാല്‍ ആഗോളപ്രസ്ഥാനം തന്നെ ഇതിനെതിരെ വേണം.
തീവ്രവാദികളില്‍ പലരും സാമ്പത്തികദുരിതം അനുഭവിക്കുന്നവരാണ്. ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടിയോ ജീവിക്കാന്‍ വേണ്ടിയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുത്തുന്ന കരുക്കളാണ് അവര്‍. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എന്തിന് കേരളത്തില്‍ നിന്നു പോലും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ജീവിത പ്രാരബ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണണം. ആഗോളതലത്തിലും ദേശീയ തലത്തിലുമുള്ള സാമ്പത്തിക വ്യത്യാസങ്ങള്‍ ഇതിനു പിന്നില്‍ വളരെ വലിയൊരു ശക്തിയായി പ്രവര്‍ത്തിക്കുന്നു. ഭീകരതക്കെതിരായ സമരം ജനാധിപത്യ സമരങ്ങളുടെ ഭാഗമായി സമൂഹത്തില്‍ ഒരു ശക്തിയായി വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മാത്രമേ ഇത് തടയാന്‍ സാധ്യമാകൂ. ഭീകരത സൃഷ്ടിക്കുന്ന വ്യവസ്ഥിതി ഉണ്ടെന്ന് തിരിച്ചറിയണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുന്ന ഇടതുപക്ഷത്തെയും ആക്രമിക്കുക എന്ന അജന്‍ഡ കൂടി വര്‍ഗീയ ശക്തികള്‍ക്കില്ലേ? ഇതിനെ എങ്ങനെ കാണുന്നു?
-ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആശയപ്രചാരണം അവരെ മാത്രം ലക്ഷ്യമിട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കൂടി ഉന്നം വെച്ചാണ്. ന്യൂനപക്ഷങ്ങളുടെ സമര്‍ഥകരായിട്ടാണ് ഇടതുപക്ഷത്തെ കാണുന്നത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ഒരു മാര്‍ച്ച് നടന്നപ്പോള്‍ കാഴ്ചക്കാരായി റോഡില്‍ നിന്നവര്‍ പറയുന്നതു കേട്ടു, 'ഇവരൊക്കെ പാകിസ്ഥാനില്‍ പോകേണ്ടവരാണ്' എന്ന്്. ഇത്തരം കാഴ്ചപ്പാട് വലതുപക്ഷ വര്‍ഗീയത പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഹിന്ദു വര്‍ഗീയ ഭീകരതയെ കുറിച്ച് പറയാന്‍ ശ്രമിച്ചവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജാമിയ മിലിയ വെടിവെപ്പിനു പിന്നിലെ യാഥാര്‍ഥ്യമെന്തെന്ന് അറിയണമെന്നാവശ്യപ്പെട്ടവരെ തീവ്രവാദ സ്വഭാവമുള്ളവര്‍ എന്ന് മുദ്രകുത്തി. തീവ്രവാദത്തെ കുറിച്ച് ഹൈദരാബാദ് ട്രിബ്യൂണല്‍ സംഘടിപ്പിച്ചവരുടേയും അവസ്ഥ ഇതുതന്നെ. തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രകടനങ്ങളും ആക്രമണങ്ങളും നടക്കുകയുണ്ടായി. ഭീകരരും ഭീകരവാദവും ന്യൂനപക്ഷ താല്പര്യവും നിലപാടും വ്യത്യസ്തമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. വര്‍ഗീയതക്ക് വളരണമെങ്കില്‍ ഒരു ശത്രു ആവശ്യമാണ്. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതയ്ക്ക് പുതിയ പരിവേഷം കൊടുക്കാന്‍ വര്‍ഗീയത ഭീകരതയെ കൂടുതല്‍ ഉപയോഗിക്കാനാണ് സാധ്യത.
*
കടപ്പാട്: ദേശാഭിമാനി വാരിക
No comments:
Post a Comment