തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കഴിഞ്ഞ ആഴ്ച 'കൈരളി'യുടെ 'ക്രോസ്‌ഫയര്‍' പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലെ തിരുവഞ്ചൂരിന്റെയും പ്രധാനപ്പെട്ട പല്ലവി ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ടായിരുന്നു. സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനാണോ സിബിഐ കേസെടുത്തിരിക്കുന്നത്? മന്ത്രിയുടെ സംസാരത്തിന് ശകാരത്തിന്റെ ധ്വനിയുണ്ടെന്ന് തിരുവഞ്ചൂര്‍ പരാതിപ്പെടുകയുംചെയ്തു. സത്യംപറയട്ടെ, എനിക്ക് ഇപ്പോഴാണ് മനസ്സിലായത് എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെപ്രാളപ്പെട്ട് ഇ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തുന്നതെന്ന്.
മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ലേഖനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ മറുപടി വായിച്ചപ്പോഴാണ് ഈ വെളിപാട് എനിക്കുണ്ടായത്.
'പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതിയുടെ നവീകരണംതന്നെ ബാലാനന്ദന്‍ കമ്മിറ്റി നിരാകരിച്ച സാഹചര്യത്തില്‍ എംഒയു റൂട്ടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന വാദം നിരര്‍ഥകംതന്നെ. ചീഫ് എന്‍ജിനിയര്‍ രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്തുവന്ന നടപടി ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ അവസാനിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുപകരം പഴയ വാദം ആവര്‍ത്തിച്ച് ഉന്നയിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.' (മാതൃഭൂമി, 2009 ഫെബ്രുവരി രണ്ട്.)
ലാവ്ലിന്‍ നാള്‍വഴിക്ക് താഴെപറയുന്ന മൂന്നു ഘട്ടമാണുള്ളത്.
ആദ്യഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലപ്പഴക്കംചെന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. ജി കാര്‍ത്തികേയന്‍ ഇതിനായി കനഡയില്‍പോയി ലാവ്ലിനുമായി ചര്‍ച്ച ചെയ്ത് ധാരണപത്രം ഒപ്പിട്ടു. കനേഡിയന്‍ സര്‍ക്കാര്‍ വിദേശസാമഗ്രികള്‍ വാങ്ങുന്നതിനുള്ള വായ്പ തരാമെന്നും ഏറ്റു. 1995 ആഗസ്ത് പത്തിനാണ് ഇത് നടന്നത്. രണ്ടാംഘട്ടം മേല്‍പ്പറഞ്ഞ ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും കസള്‍ട്ടന്റായി എസ്എന്‍സി ലാവ്ലിനെ നിശ്ചയിച്ചു. 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. മൂന്നാംഘട്ടം പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായപ്പോഴാണ് നടന്നത്. യുഡിഎഫ് ഒപ്പിട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ അന്ന് നിശ്ചയിച്ചിരുന്ന വിലയ്ക്ക് സാധനസാമഗ്രികള്‍ സപ്ളൈ ചെയ്യുന്നതിനുവേണ്ടി ലാവ്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ കരാറില്‍ 1997 ഫെബ്രുവരി 10ന് ഒപ്പുവച്ചു. ഒരു ഘട്ടം മറ്റേതിന്റെ തുടര്‍ച്ചയാണ്. ജി കാര്‍ത്തികേയന്‍ ചെയ്തുതുടങ്ങിയത് പൂര്‍ത്തീകരിക്കുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത്.
പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയ കാര്യമാണിത്. കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. അതല്ലെങ്കില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവച്ച് പുതിയ വായ്പ കണ്ടെത്തണം. എംഒയു റൂട്ടിലൂടെ കാര്‍ത്തികേയന്‍ കാര്യങ്ങള്‍ തീരുമാനിച്ചപ്പോഴും അതിനനുസൃതമായി കരാറുകള്‍ ഒപ്പുവച്ചപ്പോഴും ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ആന്റണിക്കും യുഡിഎഫ് നേതൃത്വത്തിനും അന്നുതന്നെ തിരുത്താമായിരുന്നില്ലേ? രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനും പുതിയവ ആവിഷ്കരിക്കാനും വൈദ്യുതിമന്ത്രി പിണറായി വിജയന്‍ നടപടിയെടുത്തു. അപ്പോഴാണ് പണി മുടങ്ങിക്കിടക്കുന്ന കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതി ശ്രദ്ധയില്‍പ്പെട്ടത്. ലാവ്ലിന്‍തന്നെയായിരുന്നു കരാറുകാര്‍. കനഡയില്‍നിന്നുതന്നെയായിരുന്നു വായ്പയും. ജി കാര്‍ത്തികേയന്‍ പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചതുപോലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന സി വി പത്മരാജനായിരുന്നു കുറ്റ്യാടിയുടെ കാര്യത്തില്‍ ഇവ രണ്ടും ഒപ്പുവച്ചിരുന്നത്. കുറ്റ്യാടി പദ്ധതിയില്‍ ജി കാര്‍ത്തികേയന്റെ പങ്ക് മേല്‍പ്പറഞ്ഞ രണ്ടിനും തുടര്‍ച്ചയായി സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള സപ്ളൈ കരാറില്‍ ഒപ്പുവച്ചതാണ്. കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല. എല്‍ഡിഎഫ് കാലത്തെ മുടങ്ങിക്കിടന്ന കുറ്റ്യാടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിനും കരാറുകള്‍ അവസാനഘട്ടത്തില്‍ വന്നിരിക്കുന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്തുന്നതിനായി ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമായിരുന്നു ഇത്.
പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ കരാറുകളും അവയുടെ നടത്തിപ്പും ഇന്ന് സിബിഐകേസായി വന്നുനില്‍ക്കുകയാണ്. പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്ടംവരുത്തുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കേസ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ കാലത്തുമുള്ള എട്ടുപേരുടെ പേരിലും കേസുണ്ട്. എന്നാല്‍, യുഡിഎഫിന്റെ കാലത്ത് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ പേരില്‍ കേസില്ല! ഗൂഢാലോചനയെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമല്ലല്ലോ കരാര്‍ നടപടികള്‍ തുടങ്ങിയത്. കാര്‍ത്തികേയന്‍ തുടങ്ങിവച്ച ക്രിമിനല്‍ ഗൂഢാലോചന കണ്ടുപിടിച്ചു തള്ളിപ്പറഞ്ഞില്ല എന്നുമാത്രമല്ലേ പിണറായി വിജയന്റെമേല്‍ കുറ്റമാരോപിക്കാന്‍ കഴിയുക? എങ്ങനെ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് പ്രതിയാക്കാനാകും?
യുഡിഎഫിന്റെ കാലത്ത് ചീഫ് എന്‍ജിനിയറായിരുന്ന രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ യുഡിഎഫ് പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ പുനരുദ്ധാരണത്തിന് തീരുമാനമെടുത്തത്. ആ തീരുമാനത്തിനെ മുന്നോട്ടുകൊണ്ടുപോകുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത് എന്ന വാദം നിരര്‍ഥകമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുവാദത്തിന് അടിസ്ഥാനം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയ ഉദ്ധരണിയിലുണ്ട്. ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ കാര്‍ത്തികേയന്‍ ചെയ്ത കാര്യങ്ങളെല്ലാം അസാധുവായിപോലും. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു വിരുദ്ധമായി പിന്നെയും പുനരുദ്ധാരണ പരിപാടിയുമായി മുന്നോട്ടുപോയതിന് 'ഉത്തരവാദി' പിണറായി വിജയന്‍മാത്രമാണ്. അങ്ങനെ കാര്‍ത്തികേയന്‍ ഗൂഢാലോചനക്കേസില്‍നിന്ന് പുറത്തുപോയി.
ബാലാനന്ദന്‍ കമ്മിറ്റി പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റിയായിരുന്നില്ല. പൊതുവില്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചുള്ള പഠനത്തിനുള്ള കമ്മിറ്റിയായിരുന്നു. കമ്മിറ്റിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുപോലെ ബോര്‍ഡിനല്ല. വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. ബോര്‍ഡോ സര്‍ക്കാരോ ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചിട്ടുമില്ല. മറിച്ച് ഇതിലെ നാനാവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും സാഹചര്യമനുസരിച്ച് അവയില്‍ പലതും പ്രാവര്‍ത്തികമാക്കുകയുമാണ് ചെയതത്. എത്ര വിദഗ്ധമായിട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുന്നത്? കാര്‍ത്തികേയന്‍ വച്ച പഠനം പുനരുദ്ധാരണം വേണമെന്നും പിണറായി വിജയന്‍ വച്ച പഠനം വേണ്ടെന്നും പറഞ്ഞു. അതുകൊണ്ട് കാര്‍ത്തികേയന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ തെറ്റും പിണറായിയുടേതുമാത്രം. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതാകട്ടെ കെഎസ്ഇബി സപ്ളൈ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പുമാത്രമാണ്. ആ റിപ്പോര്‍ട്ട് പരിശോധിക്കുകയോ എന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഈ റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യുന്ന പ്രശ്നം ആ സന്ദര്‍ഭത്തില്‍ ഉദിച്ചിരുന്നില്ല. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ട് അതു പഠിച്ചിട്ടുപോരേ അനന്തര നടപടി എന്നു ചോദ്യമുന്നയിക്കുന്നവര്‍ അന്ന് വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള തിരക്കിനെ മറന്നുപോകുന്നു. കാര്യങ്ങള്‍ എത്രയുംപെട്ടെന്ന് നടപ്പാക്കുക എന്നതിനായിരുന്നു ഊന്നല്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്: എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറില്‍ നിങ്ങളുടെ കാലത്ത് ലാവ്ലിനുമായി ധാരണയിലെത്താതിരുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഒപ്പിട്ട കസള്‍ട്ടന്‍സി കരാറില്‍ സാധനസാമഗ്രികള്‍ ഓരോന്നിനുമുള്ള സ്പെസിഫിക്കേഷന്‍സും വിലയും സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ലേ? ആ വിലയില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നുമാത്രമല്ല, 1995ല്‍ നിശ്ചയിച്ച വിലയില്‍ പദ്ധതി നിര്‍വഹണകാലത്ത് ലഭ്യമാക്കണമെന്നായിരുന്നില്ലേ കരാര്‍? മാത്രമല്ല, വിദേശത്തുനിന്ന് ഇങ്ങനെ വാങ്ങേണ്ടുന്ന സാമഗ്രികളുടെ തുക 182 കോടിയില്‍നിന്ന് 131 കോടി രൂപയായി കുറയ്ക്കുകയല്ലേ പിണറായി വിജയന്റെ കാലത്ത് ചെയ്തത്? ഇക്കാര്യത്തില്‍മാത്രമല്ല, പലിശയിലും കസള്‍ട്ടന്‍സി ഫീസിലും മറ്റെല്ലാ ഫീസിനങ്ങളിലും നിങ്ങള്‍ അംഗീകരിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കിലല്ലേ അവസാന കരാര്‍ ഒപ്പിട്ടത്? പക്ഷേ, ഇതുചെയ്ത പിണറായി വിജയനെ പ്രതിയാക്കുകയും കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നതാണ് സിബിഐ കേസ് രാഷ്ട്രീയപ്രേരിതം എന്നുപറയുന്നതിനുള്ള ഏറ്റവും പ്രധാന തെളിവ്.
പിണറായി വിജയന്‍ ലാവ്ലിനിനുള്ള കസള്‍ട്ടന്‍സി ഫീസ് യുഡിഎഫ് നിശ്ചയിച്ച 24 കോടിയില്‍നിന്ന് 17 കോടിയായി കുറച്ചു എന്ന എന്റെ നിരീക്ഷണത്തിന് തിരുവഞ്ചൂരിന്റെ പ്രതികരണം രസകരമാണ്. "374.5 കോടി രൂപയുടെ പദ്ധതിക്ക് 24.04 കോടി രൂപ കസള്‍ട്ടന്‍സി തുക വരുന്നത് അധികമെന്ന് കണക്കാക്കാന്‍ പറ്റുമോ എന്ന് കെഎസ്ഇബിയിലെ സമാന കരാറുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും'' എന്നാണ്. എന്താണ് ഇതിനര്‍ഥം? കാര്‍ത്തികേയന്റെ കാലത്ത് കസള്‍ട്ടന്‍സി കരാര്‍ ഒപ്പിടുമ്പോള്‍ത്തന്നെ പദ്ധതിച്ചെലവ് 374.5 കോടി രൂപ ആകും എന്ന വസ്തുത കണക്കിലെടുത്തായിരുന്നു 24.04 കോടി രൂപ കസള്‍ട്ടന്‍സി തുകയായി നല്‍കാന്‍ ഇടയായത് എന്നല്ലേ. അപ്പോള്‍പിന്നെ 374.5 കോടി രൂപ ചെലവഴിച്ചത് കൂടുതലാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കാര്‍ത്തികേയനും യുഡിഎഫിനുമുള്ളതാണ്. ഈ തുകയ്ക്ക് നവീകരണം നടത്താന്‍ കെഎസ്ഇബിയെ ബാധ്യതപ്പെടുത്തിയ കാര്‍ത്തികേയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എല്ലാ അന്വേഷണവും ആവശ്യമാണെന്ന് മേനിപറയുന്ന തിരുവഞ്ചൂര്‍ ആവശ്യപ്പെടുമോ എന്നാണ് നമുക്കിനി അറിയേണ്ടത്.
*
ഡോ. ടി എം തോമസ് ഐസക്. കടപ്പാട്: മാതൃഭൂമി
No comments:
Post a Comment