ഷഹീലും ലിയാനും,
രണ്ടാണ്‍മക്കള്‍.
കണ്ണെഴുതിയും
മുടി രണ്ടായ് പകുത്തുചീകിയും
മഞ്ഞയുടുപ്പില്‍ പൂക്കള്‍ തുന്നിയും
മോളേയെന്ന്
നീട്ടിവിളിക്കേണ്ടേ നമുക്കും,
ഇടയ്ക്കിടെ
ഹൃദയത്തിലേക്കവള്‍ പുഴയാകും.
ഞങ്ങള്‍
പുഴ നനയാന്‍ പോകും
മടക്കയാത്രയില്‍
കാത്‌കുത്തുകാരനെ കാണും
മഞ്ഞനിറമുള്ള ഉടുപ്പുകള്‍
തിരഞ്ഞലയും.
അരിമണിയോളം പോന്ന
സ്വര്‍ണ്ണക്കമ്മലും
തുടുത്തകവിളും,വിടര്‍ന്ന കണ്ണുകളുമുള്ള
പാവക്കുട്ടിയേയും വാങ്ങും...
ഉറക്കത്തില്‍
മോള്‍ക്ക്
കാക്കത്തൊള്ളായിരം പേരിടും
ഉണര്‍ന്നപ്പോള്‍
മകളില്ല.
ഇരുട്ട്,
അവളേയും പൊതിഞ്ഞെടുത്ത്
ഓടിപ്പോയിരുന്നു.
പുഴയ്ക്കടിയില്‍
വെള്ളാരങ്കല്ലുകള്‍ക്കൊപ്പം
അരിമണിയോളമുള്ള സ്വര്‍ണ്ണക്കമ്മല്‍
ഓളച്ചുഴിയില്‍
പാവക്കുട്ടിയുടെ വിടര്‍ന്ന കണ്ണുകള്‍
മുനിയമ്മേ....
നമുക്കൊരു മോളെ വേണ്ടെന്നവള്‍
മറ്റൊരു പുഴയായി
*
നസീര്‍ കടിക്കാട്
No comments:
Post a Comment