കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനായ
ശ്രീ ശശികുമാർ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്‌ക്കുന്നു.
ശ്രീ ശശികുമാർ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്‌ക്കുന്നു.
ഒരു മാധ്യമ വിദഗ്ധന്‍ എന്ന നിലയില്‍ കേരളത്തിലെ മാധ്യമ ഇടപെടലുകളെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മാധ്യമരംഗത്തെക്കുറിച്ച് പഠിച്ച റോബിന്‍ ജെഫ്രിയെപ്പോലുള്ള പണ്ഡിതര്‍ സൂചിപ്പിച്ച പോലെ ഒരു ഡ്യുവോപോളി (രണ്ടു സ്ഥാപനങ്ങളുടെ കുത്തകയുള്ള അവസ്ഥ) യായിരുന്നു കേരളത്തിലെ മാധ്യമരംഗത്ത് ദീര്‍ഘകാലമായുണ്ടായിരുന്നത്. രണ്ടു പ്രധാന മുഖ്യധാരാ ദിനപത്രങ്ങള്‍ അജന്‍ഡ നിശ്ചയിച്ചുകൊണ്ട് ഈ രംഗത്ത് ആധിപത്യമുറപ്പിച്ചു. ഈ അവസ്ഥക്ക് ഒരു പരിധിവരെ മാറ്റമുണ്ടായത് ടിവി വാര്‍ത്താചാനലുകളുടെ വരവോടെയാണ്.
മലയാളത്തിലെ അച്ചടിമാധ്യമങ്ങള്‍ വരുമാനമിശ്രിതത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ ഇംഗ്ലീഷ് ദേശീയ ദിനപത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ പ്രധാനമായും പരസ്യവരുമാനത്തെയാണ് ആശ്രയിക്കുന്നത്. വരിസംഖ്യ ഇനത്തിലുള്ള വരുമാനത്തെ അവര്‍ കാര്യമായി പരിഗണിക്കുന്നില്ല. വലുതും വന്‍ സ്വാധീനമുള്ളതുമായ പത്രങ്ങളുടെ എഴുപതു ശതമാനം വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്. വരിക്കാരില്‍നിന്നു ലഭിക്കുന്ന വരുമാനം ഇരുപതു മുതല്‍ മുപ്പതു ശതമാനംവരെ മാത്രം. പത്രവും വായനക്കാരനും തമ്മിലുള്ള ബന്ധത്തില്‍ ഇത് അപകടകരമായ മാനങ്ങളുണ്ടാക്കി. വിപണിയെ പ്രതിനിധാനം ചെയ്യുന്ന പരസ്യക്കാരെക്കാള്‍ പ്രധാന്യം കുറഞ്ഞയാളായി വായനക്കാരന്‍. പത്രത്തിന് വിപണിയോടുള്ള ആശ്രിതത്വം കൂടിയ പോലെതന്നെ പത്രവും വായനക്കാരും തമ്മിലുള്ള അകലവും വര്‍ധിച്ചു. പത്രത്തിന്റെ സ്വാതന്ത്ര്യവും വായനക്കാരുടെ പ്രസക്തിയും കുറഞ്ഞു. അതേസമയം, പ്രധാന മലയാള പത്രങ്ങളില്‍ ആരോഗ്യകരമായ വരുമാനമിശ്രിതമാണുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വരുമാനത്തില്‍ മുഖ്യപങ്കും പരസ്യവരുമാനമാണെന്നും അത് പ്രധാനമാണെന്നും സംശയമില്ല. എന്നാല്‍, വരിസംഖ്യയില്‍ നിന്നുള്ള വരുമാനം 40-50 ശതമാനമാണെന്നതുകൊണ്ടുതന്നെ ഈയിനത്തിലുള്ള വരുമാനം ദയനീയമോ അപ്രധാനമോ അല്ല. വായനക്കാരന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ഊഹിക്കാം. പക്ഷേ, പത്രങ്ങള്‍ വരുമാനത്തിനായി പരസ്‌പരം മത്സരിക്കുന്നതിനൊപ്പം തന്നെ അവയ്‌ക്ക് വാര്‍ത്താചാനലുകളുമായും മത്സരിക്കേണ്ടിവരുന്നു. ടി വി ചാനലുകള്‍ക്ക് പരസ്യം മാത്രമാണ് വരുമാന മാര്‍ഗം. ഡിറൿട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിന്റെ വരവോടെ ഈ അവസ്ഥ പതുക്കെ മാറിയേക്കാം. എങ്കിലും ഇപ്പോഴും പരസ്യങ്ങളാല്‍ നയിക്കപ്പെടുന്നവയാണ് ടി വി ചാനലുകള്‍. ശരാശരി വീടുകളുടെ പ്രധാന വാര്‍ത്താ ഉറവിടം ഏതുസമയത്തും കിട്ടുന്ന 24X7 ടെലിവിഷന്‍ ചാനലുകളായി മാറിക്കഴിഞ്ഞു. പരസ്യങ്ങള്‍ പത്രങ്ങളില്‍നിന്ന് ചാനലുകളിലേക്ക് മാറുന്നതോടെ ടി വി ചാനലുകളുടെ വിജയം അനുകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പത്രങ്ങള്‍. ഈ പ്രക്രിയയില്‍ പത്രങ്ങളും വിപണിയില്‍ കേന്ദ്രീകരിക്കുകയാണ്. വിപണിയുടെ കൈയിലകപ്പെട്ട ഒരു വാര്‍ത്താ മാധ്യമത്തിന് ഇടപെടാനും വായനക്കാരുടെയോ കാഴ്‌ചക്കാരുടെയോ ജീവിതത്തില്‍ വ്യത്യസ്‌തത സൃഷ്ടിക്കുന്നതിനും പരിമിതമായ കഴിവുമാത്രമേ ഉണ്ടായിരിക്കൂ.
കേരളത്തിലെ ആനുകാലികങ്ങള്‍ പൊതുവെ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ് ?
കേരളത്തിലെ ആനുകാലികങ്ങള്‍ നേരിടുന്ന പ്രത്യേകമായ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വെയില്‍ പറയുന്നത് ദേശീയതലത്തില്‍ ആനുകാലികങ്ങളുടെ വായനയും വരുമാനവും കുറയുന്നുവെന്നാണ്. അതേസമയം, ഊര്‍ജസ്വലമായ ആനുകാലികസംസ്‌ക്കാരമാണ് കേരളത്തിലുള്ളത്. ഒരോ ആനുകാലികത്തിനും അതിന്റേതായ സ്വഭാവമുണ്ട്. അതില്‍ വിശ്വാസ്യതയുള്ള വായനസമൂഹവും.
1990 -കളോടെ കേരളത്തിലെ മാധ്യമലോകം സ്വഭാവത്തില്‍ വളരെ മാറിയിട്ടുണ്ടല്ലോ. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചുവടുപിടിച്ചുണ്ടായ ഈ മാറ്റത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
തൊണ്ണൂറുകള്‍ തൊട്ട് ഒരു പുതിയ വിപ്ലവം നമ്മെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഉല്‍പ്പാദനപ്രക്രിയയിലും ബന്ധങ്ങളിലും വിവരാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ ഉദയത്തിനും, വ്യവസായ സമൂഹത്തില്‍നിന്നു വിവരസമൂഹത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിനും മൌലികമാറ്റത്തിന് നാന്ദിയായ വിവരവിപ്ലവം (ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍) അല്ലെങ്കില്‍ വിവര, വാര്‍ത്താവിനിമയ വിപ്ലവം ആണത്. ഇത് ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല. സുപ്രധാനമായ ഈ മാറ്റത്തിന്റെ സൂചനകള്‍ എഴുപതുകളില്‍ ഉണ്ടായിരുന്നു. മൂന്നാം തരംഗ (തേർഡ് വെയ്‌വ്) ത്തെക്കുറിച്ച് ആല്‍വില്‍ ടോഫ്ളറും വ്യവസായ തൊഴിലാളികള്‍ക്കു(ബ്ലൂ കോളര്‍) പകരം വൈറ്റ് കോളര്‍ തൊഴിലാളികള്‍ ഉയര്‍ന്നുവരുമെന്ന് ഭാവിയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമൂഹത്തെക്കുറിച്ചു പരാമര്‍ശിക്കവെ ഡാനിയല്‍ ബെല്ലും ഡിജിറ്റല്‍ നിയന്ത്രിത ലോകത്തെക്കുറിച്ച് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ മീഡിയലാബ് സ്ഥാപകന്‍ നിക്കോളാസ് നെഗ്രോപോണ്ടെയും പറഞ്ഞുവച്ചിരുന്നു.
ഈ വിപ്ലവത്തിന്റെ ആദ്യ പ്രതീക്ഷ ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിലെ അത്ഭുതാവഹമായ അവസരങ്ങളെക്കുറിച്ചുള്ള ഭാവനയായിരുന്നു. വ്യവസായവിപ്ലവം നമ്മിലുപേക്ഷിച്ചുപോയ വടക്കു - തെക്ക് ഭിന്നതയ്‌ക്ക് ഒരു പാലം പണിയാനുള്ള ചരിത്രപരമായ അവസരമായിരുന്നു അത്. വിവരവിപ്ലവത്തിന്റെ പ്രധാന ഉപകരണങ്ങളായ ഇലൿട്രോണിക് മാധ്യമവും കംപ്യൂട്ടറും അവയുടെ പാശ്ചാത്യമായ പ്രയോഗങ്ങളുടെ ചുവടുപിടിച്ചാണ് നമ്മിലെത്തിയത്. വ്യവസായയുഗത്തിലെ സാങ്കേതികമായ പിന്നോക്കാവസ്ഥ പൊടുന്നനെ മറികടക്കാന്‍ കഴിഞ്ഞ നമ്മള്‍ വികസിത ലോകത്തോടൊപ്പം മുന്നോട്ടു നീങ്ങി.
വിവര സാങ്കേതിക വിദ്യയുടെ രണ്ടു പ്രധാനഘടകങ്ങള്‍ അനലോഗില്‍നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റവും ടെൿനോളജിക്കല്‍ കണ്‍വേര്‍ജന്‍സുമാണ്. ഈ രണ്ടു സവിശേഷതകള്‍ക്കും വിപുലമായ ജനാധിപത്യസാധ്യതകളുണ്ട്. പക്ഷേ, ഇവ രണ്ടും കൂടിച്ചേര്‍ന്നപ്പോള്‍ തികച്ചും വിരുദ്ധമായ ഒരു ഫലം സൃഷ്‌ടിച്ചുകൊണ്ട് ഇവ ഹൈജാക്കു ചെയ്യപ്പെട്ടു. മാധ്യമരംഗത്തെ കൂറ്റന്‍ കുത്തകകളുടെ വളര്‍ച്ചക്ക് വഴിയൊരുക്കിക്കൊണ്ട് ടെൿനിക്കല്‍ കണ്‍വെര്‍ജന്‍സ് തകര്‍ന്നു. ഈ സഹസ്രാബ്‌ദത്തിന്റെ തുടക്കത്തിലെ ആധിപത്യമുള്ള രാഷ്‌ട്രീയ തത്വശാസ്‌ത്രമായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റെ അന്തിമഫലം റോബര്‍ട്ട് മൿ ചെന്‍സിയുടെ 'റിച്ച് മീഡിയ ആന്‍ഡ് പുവര്‍ ഡെമോക്രസി' എന്ന പുസ്‌തകത്തില്‍ പ്രതിപാദിച്ചത് നാം കണ്ടു. മാധ്യമങ്ങള്‍ കൂടുതല്‍ സമ്പന്നമാവുകയാണെന്നും ജനാധിപത്യം കൂടുതല്‍ ദരിദ്രമാവുകയാണെന്നുമാണ് മൿ ചെന്‍സി ഈ പുസ്തകത്തില്‍ വാദിക്കുന്നത്. മാധ്യമങ്ങള്‍ ലാഭമുണ്ടാക്കരുതെന്നല്ല ഇതിനര്‍ഥം. സാമ്പത്തികമായി മെച്ചപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തവയുമാവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമുക്ക് സമ്പന്നമായ മാധ്യമങ്ങളും ദരിദ്രമായ മാധ്യമപ്രവര്‍ത്തനവുമാണുള്ളത്. കാതലായ മൂല്യങ്ങളും മാധ്യമപ്രവര്‍ത്തനത്തിന്റെ മൌലികതത്വങ്ങളും ലാഭമുണ്ടാക്കുന്നതിന് തടസ്സമാണെന്ന് കണ്ടെത്തിയ, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ വിപണി മന്ത്രങ്ങളില്‍ വീണുപോയ മാധ്യമസ്ഥാപനങ്ങള്‍ ഈ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടി. ഒരു പതിറ്റാണ്ടിലേറെയായി ലാഭം കൊയ്യുന്ന ഇന്ത്യയിലെയും കേരളത്തിലെയും മുഖ്യധാരാമാധ്യമങ്ങള്‍ തങ്ങളുടെ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരത്തകര്‍ച്ച ലാഭത്തെ ബാധിക്കുന്നില്ലെന്ന് മനസ്സിലാക്കി. ലാഭം കൊയ്‌തുകൊണ്ട് സമൃദ്ധിനേടുന്ന മാധ്യമങ്ങളും വിഭവദാരിദ്ര്യം അനുഭവിക്കുകയും അനുദിനം ചുരുങ്ങുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള യഥാര്‍ഥ ധ്രുവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അന്തര്‍ലീനമായ വൈരുധ്യമായി തോന്നിയേക്കാം. എന്നാല്‍, തൊണ്ണൂറുകള്‍ മുതല്‍ മാധ്യമങ്ങളില്‍ നിന്ന് കുത്തകകളിലേക്കുള്ള വളര്‍ച്ചയെ മാധ്യമപ്രവര്‍ത്തനത്തിന്റെ തകര്‍ച്ചയായാണ് അടയാളപ്പെടുത്തേണ്ടത്. മാധ്യമങ്ങളുടെ ഭാവി ശോഭനമായേക്കാം. പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റേത് ഒരു ചോദ്യചിഹ്നമാണ്.
ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു സംഘം പ്രൊഫഷണലുകളുടെ കൈകളിലേക്ക് മുഖ്യധാരാ മാധ്യമ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിനോടുള്ള താങ്കളുടെ പ്രതികരണമെന്തായിരിക്കും. നവോത്ഥാനകാല മാധ്യമ പ്രവര്‍ത്തനത്തെ മനസ്സില്‍വച്ചുകൊണ്ട് ഈ ചോദ്യത്തോടൊന്ന് പ്രതികരിക്കാമോ?
ഇന്ന് മാധ്യമങ്ങള്‍ മാടിവിളിക്കുന്നത് വായനക്കാരെയും കാഴ്‌ചക്കാരെയുമല്ല, വിപണിയെ മാത്രമാണ്. മാധ്യമസ്ഥാപനങ്ങള്‍ക്കുള്ളിലെ മാറ്റങ്ങള്‍ തികച്ചും പ്രകടമാണെന്ന് നിങ്ങള്‍ക്കു കാണാം. സ്വതന്ത്രവും സുഗമവുമായ മാധ്യമത്തിന്റെ ഏറ്റവും നല്ല മാതൃകയില്‍ എഡിറ്റോറിയല്‍ വിഭാഗത്തിനും മാര്‍ക്കറ്റിങ്ങ് വിഭാഗത്തിനുമിടയ്‌ക്ക് എപ്പോഴും ഒരു മതില്‍ ഉണ്ടായിരുന്നു. ആ മതിലാണ് ഇപ്പോള്‍ തകര്‍ന്നത്. പലപ്പോഴും മാര്‍ക്കറ്റിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗം ചെയ്യുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ചീഫ് എഡിറ്റര്‍ തന്നെയാണ് ചീഫ് എൿസിക്യൂട്ടീവ് ഓഫീസറുടെ തൊപ്പിയണിയുന്നത്. വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ പത്രത്തിന്റെയോ മാഗസിന്റെയോ എഡിറ്ററുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി മാറും. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും നമ്മുടെ പൊതുമണ്ഡലത്തില്‍ ഒരു സാമൂഹ്യസ്ഥാപനമെന്ന പദവി അലങ്കരിക്കുകയും ചെയ്‌ത അച്ചടി മാധ്യമങ്ങള്‍ക്കുണ്ടായ മൌലികമായ മാറ്റത്തിന്റെ ഒരു ഘട്ടമാണിത്. ഇപ്പോളത് കമ്പോളത്തില്‍ ഒരിടം കണ്ടെത്തിയിരിക്കുന്നു. താരതമ്യേന പുതിയതും സ്വതന്ത്രവുമായ ടി വി ചാനലുകള്‍ക്കാവട്ടെ, രാഷ്‌ട്രനിര്‍മാണത്തിന്റെ ഭാഗമാണെന്ന പൈതൃകമില്ല. അവ പരസ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലാണ് വ്യാപരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണമുള്ള പ്രചാരണമാധ്യമ (ദൂരദര്‍ശന്‍) ത്തില്‍ നിന്ന് കുതറിച്ചാടുന്നതിനു മാത്രമല്ല, ജനങ്ങളെ സംബന്ധിച്ച് പ്രസക്തമാവുന്ന കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരവും ഇലൿട്രോണിക് മാധ്യമ വിപ്ലവം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ടി വി ചാനലുകള്‍ കൂടുതല്‍ സ്വകാര്യമായി. ബിസിനസ് മാത്രമായി പരിമിതപ്പെട്ടു. തുടക്കത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയതുപോലെ പൊതുജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവയ്‌ക്ക് കഴിഞ്ഞതുമില്ല. സ്വാഭാവികമായി മനസ്സിലുയരുന്ന ചോദ്യമുണ്ട്. കമ്പോളത്തിലെ മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയാണ് മാധ്യമങ്ങള്‍ എങ്കില്‍ അവ എങ്ങനെ നമ്മുടെ ഭരണഘടനയുടെ 19-ാം അനുഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കും? ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പരീക്ഷണകാലംതൊട്ട് പത്രങ്ങളെ വരിഞ്ഞുമുറുക്കാനും നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴൊക്കെ പത്രങ്ങള്‍ക്ക് ജനകീയവിശ്വാസവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ ഐക്യദാര്‍ഢ്യം മാധ്യമങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്കും ലഭിക്കേണ്ടതല്ലേ. സ്വതന്ത്രവിപണിയുടെ അവകാശങ്ങള്‍ക്കായി മാധ്യമങ്ങള്‍ നിലകൊള്ളുമ്പോള്‍ എന്തിനാണ് ജനങ്ങള്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണര്‍ന്നുകൊണ്ടേയിരിക്കുന്നത്? കമ്പോളത്തോടുള്ള മാധ്യമങ്ങളുടെ പ്രതിപത്തി ഒരു കെണിയാണ്. വായനക്കാരെ/പ്രേക്ഷകരെ പരസ്യക്കാരെക്കൊണ്ട് പകരം വയ്‌ക്കുന്ന, അങ്ങനെ കമ്പോളത്തിന് പകരം വയ്‌ക്കുന്ന മാധ്യമങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.
ടി വി ചാനലുകളുടെ പെരുക്കം കേരളത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്?
മത്സരക്ഷമത ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും വ്യത്യസ്‌തകളും സൃഷ്‌ടിക്കുമെന്നാണ് സ്വതന്ത്ര വിപണിയിലെ ടെലിവിഷന്റെ ലോകം മുന്നോട്ടുവയ്‌ക്കുന്ന ആശയം. പക്ഷേ, എല്ലാ ചാനലുകളിലെയും പരിപാടികള്‍ ഏകതാനവും വാര്‍പ്പുമാതൃകയിലുള്ളതുമാവുന്നു. ചാനലുകള്‍ തമ്മിലുള്ള വ്യത്യാസവും അവര്‍ വാഗ്ദാനം ചെയ്യുന്നവയും തികച്ചും പരിമിതവും സാങ്കല്‍പ്പികവുമാണ്. പ്രൈം ടൈമിലെ സീരിയലായാലും റിയാലിറ്റി ഷോ ആയാലും ന്യൂസ് ഷോ അയാലും എല്ലാ ചാനലിലും ഒരുപോലെ തന്നെ. സാമ്പത്തികശാസ്‌ത്രത്തിലെ ലോ ഓഫ് ഡിമിനിഷിങ് റിട്ടേണ്‍സ് പ്രതിഭാസം ഇതില്‍ പ്രയോഗിച്ചാല്‍, നിങ്ങള്‍ക്ക് ഒരേ ഇനത്തിലുള്ളത് കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഈ ആധിക്യം കുറയുന്ന ഘട്ടത്തിലാണ് നിങ്ങള്‍ എത്തിച്ചേരുക. ഇതാണ് ചാനലുകളുടെ പെരുക്കം നമ്മോട് ചെയ്യുന്നത്. കൂടുതല്‍ എന്ന പേരില്‍ നമുക്ക് കിട്ടുന്നത് കുറച്ചു മാത്രം. പരിപാടികള്‍ പരിമിതം. ഒരേ മെനുവിലെ പകരംവയ്‌ക്കലുകള്‍ മാത്രം. ഇത് നമ്മുടെ മനസ്സിന്റെ ചക്രവാളങ്ങളെ വിപുലമാക്കുന്നില്ല. പകരം നമ്മുടെ ത്വര ഒരു കിടങ്ങില്‍ ചെന്നുചാടും. ചാനലുകള്‍ നമുക്ക് തരുന്നതില്‍ കൂടുതല്‍ നല്ലതൊന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ കൂടുതല്‍ മെച്ചപ്പെട്ടതു വേണമെന്ന് നാം ആവശ്യപ്പെടാറുമില്ല. ബൌദ്ധികമായ വന്ധ്യംകരണത്തിന്റെ നിരാശാജനകവും അപകടകരവുമായ പ്രക്രിയയാണിത്. ഇങ്ങനെയാണ് ഇംഗ്ലീഷ് പഴഞ്ചൊല്ലില്‍ പറയുന്നപോലെ നമ്മള്‍ സ്വയം 'കൌച്ച് പൊട്ടറ്റോ'കളായി അധഃപതിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനാണല്ലോ താങ്കള്‍. അത്തരമൊരു ചാനല്‍ തുടങ്ങുമ്പോള്‍ സമൂഹത്തില്‍ അതിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കണം എന്നായിരുന്നു താങ്കള്‍ വിഭാവനം ചെയ്‌തിരുന്നത്?
ഏഷ്യാനെറ്റ് ഒരു വെറും ചാനലോ ഒരു സാംസ്‌ക്കാരികോല്‍പ്പന്നമോ അല്ല, പുരോഗമനപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കായുള്ള ഒരു പ്രസ്ഥാനമാവണമെന്നായിരുന്നു എന്റെ കാഴ്‌ചപ്പാട്. പ്രേക്ഷകരെ ശാക്തീകരിക്കുകയും അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും, അവന്റെ ഇന്ദ്രിയങ്ങളെയല്ല, ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പരിപാടികളുടെ തുടക്കം ഇതാവണമെന്നായിരുന്നു കാഴ്‌ചപ്പാട്. ചാനല്‍ വിളമ്പുന്നതെല്ലാം നിഷ്‌ക്രിയവും അലസവുമായി സ്വീകരിക്കുന്നവരായി പ്രേക്ഷകരെ മാറ്റുന്നതിന് പകരം ചോദ്യംചെയ്യാനും അന്വേഷിക്കാനുമുള്ള ഒരു ത്വര അവരിലുണ്ടാക്കുക എന്നതായിരുന്ന ലക്ഷ്യം. ഗുണപരമായ മാറ്റമുണ്ടാക്കാത്ത വിവരങ്ങള്‍ വെറും പരദൂഷണമാണെന്ന് മുമ്പാരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചാനല്‍ ഗുണപരമായ മാറ്റത്തിനുള്ളതാവണമെന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. വിനോദത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ധാരണ വ്യത്യസ്‌തമായതുകൊണ്ടുതന്നെ ഇത് ഘട്ടംഘട്ടമായി മാത്രമേ സാധിക്കൂ എന്ന് എനിക്ക് ബോധ്യമായി. ആദ്യഘട്ടത്തില്‍ സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കാര്‍ക്കും എളുപ്പം വില്‍ക്കാന്‍ കഴിയുന്ന, കൂടുതല്‍ ജനപ്രിയപരിപാടികള്‍ ചാനലിലെ അര്‍ഥപൂര്‍ണമായ നല്ല പരിപാടികളുമായി ക്രോസ് സബ്‌സിഡി ചെയ്യുകയായിരുന്നു. ചാനലില്‍ നിന്ന് ഞാന്‍ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നത് വാസ്‌തവം. പക്ഷേ, നല്ല രീതിയില്‍ വ്യത്യസ്‌തത സൃഷ്‌ടിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു.
പോയ വര്‍ഷങ്ങളിലെ ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? ആരംഭകാലത്തെ ഏഷ്യാനെറ്റും ഇന്നത്തെ ഏഷ്യാനെറ്റും താരതമ്യം ചെയ്യാമോ?
അന്നത്തെയും ഇന്നത്തെയും എഷ്യാനെറ്റിനെ താരതമ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ചാനലിനെ പുറത്തുനിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ചാനലിന്റെ ഡ്രൈവിങ് സീറ്റിലില്ലാത്തപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് ആശാസ്യമല്ല. ഒരു പൊതു ബ്രോഡ്‌കാസ്റ്റിങ് ഫിലോസഫി എന്ന ആശയമാണ് ഏഷ്യാനെറ്റിനെ നയിക്കേണ്ടിയിരുന്നത് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിപണിയിലെ കുതിപ്പ് താഴോട്ടുള്ള കുതിപ്പാണ്. മത്സരത്തില്‍ മുകളില്‍ നില്‍ക്കുക എന്നതാണ് വെല്ലുവിളി. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നു എന്നതാണ് മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രഭുക്കളും ഇപ്പോള്‍ വാദിച്ചുകൊണ്ടേയിരിക്കുന്നത്. ഇത് കള്ളവാറ്റുകാരന്റെ ന്യായമാണ്. വായനക്കാരന്റെ അഭിരുചികളെ പരിപക്വമാക്കുകയും നിര്‍ബന്ധിതാവസ്ഥയില്‍ ആ അഭിരുചിയെ കയ്‌പുള്ളതാക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഏഷ്യാനെറ്റിനെ മര്‍ഡോക്ക് വാങ്ങി എന്ന വാര്‍ത്തയോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
മര്‍ഡോക് ഏഷ്യാനെറ്റ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഞാനും കേട്ടു. അത് സത്യമാണോ എന്നറിയില്ല. ഇതുസംബന്ധിച്ച് വിശ്വസനീയമായ ഒരു വിവരവും എനിക്കില്ല. ഇതെല്ലാം ശരിയാണെങ്കില്‍ ഈ ബിസിനസ്സിലെ വിനോദമെന്ന ഭാഗത്തെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തയെപ്പറ്റിയല്ല. കാരണം ന്യൂസ് ചാനലില്‍ 24 ശതമാനം മാത്രമേ വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളൂ. മര്‍ഡോക്കിന്റെ ഓഹരികള്‍ രൂപപ്പെടുത്താനും മര്‍ഡോക്ക് സാന്നിധ്യം പൊതുജനങ്ങളില്‍നിന്ന് ഒളിച്ചുവയ്‌ക്കാനുമുള്ള നിരവധി നിഗൂഢവഴികളുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്താന്‍ വിദഗ്ധരാണ് മര്‍ഡോക്കിന്റെ സംഘം. പക്ഷേ, ഈ ആശയം മൊത്തത്തില്‍ ഏഷ്യാനെറ്റിനു മാത്രമല്ല, ഏതു സ്വതന്ത്ര മാധ്യമത്തിനും അരുചിയുണ്ടാക്കുന്നതാണ്. വ്യവസായയുഗത്തില്‍ ഹെന്‍ട്രി ഫോർഡും ഫോർഡിസവും എത്ര കൊടിയ ശാപമായിരുന്നോ അത്രയുമാണ് വിവരയുഗത്തില്‍ മര്‍ഡോക്കും മര്‍ഡോക്കിസവും. മാധ്യമങ്ങളിലെ ഏറ്റവും നീചമായതിനെയാണ് മര്‍ഡോക് പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെങ്ങുമുള്ള പത്രപ്രവര്‍ത്തനത്തെ മര്‍ഡോക് തന്ത്രപൂര്‍വം വരിയുടയ്-ക്കുകയാണ്. പൂച്ചയ്‌ക്കുമുന്നില്‍ പെട്ട പ്രാവുകളുടെ അവസ്ഥയാണ് കേരളത്തില്‍ മര്‍ഡോക്കിനെ കയറൂരിവിട്ടാല്‍ ഉണ്ടാവുക. കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയവും ദരിദ്രവുമാകും. മര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ എപ്പോഴും വലതുപക്ഷരാഷ്‌ട്രീയത്തെയാണ് ആശ്ലേഷിക്കുന്നത്. ഒപ്പം ഇടതുപക്ഷരാഷ്‌ട്രീയത്തിനെതിരെ തെറ്റായ പ്രചാരണവും നടത്തുന്നു. എഡ്വേഡ് ഹെര്‍മാനൊപ്പം നോം ചോംസ്‌ക്കി എഴുതിയ മാന്യുഫാൿചറിങ് കണ്‍സെന്റ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കുമേല്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അരിപ്പകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'കമ്യൂണിസ്‌റ്റ് വിരുദ്ധത ഒരു ദേശീയമതം' എന്ന അഞ്ചാമത്തെ അരിപ്പക്ക് ഏറ്റവും ശക്തമായ പ്രചാരണം നല്‍കുന്നത് മര്‍ഡോക് അല്ലാതെ മറ്റാരുമല്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമയെ തകര്‍ക്കാന്‍ മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ഫോൿസ് ന്യൂസ് നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധിക്കുക. ഒബാമയുടെ വിജയസാധ്യത ദിനംപ്രതി വര്‍ധിക്കുമ്പോള്‍ അവര്‍ പന്തയത്തിന്റെ വീര്യം കുറയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലതുപക്ഷ റിവിഷനിസത്തിന്റെയും അവസരവാദത്തിന്റെയും സംയുക്തമാണിത്. മര്‍ഡോക്കിന്റെ ചാനലുകളെ രാജ്യത്തുനിന്ന് പുറത്താക്കുകയും കര്‍ശനമായ മുന്നുപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്‌ത ചൈന മാത്രമാണ് മര്‍ഡോക്കിന് കടിഞ്ഞാണിട്ടത്.
മാതൃഭൂമിയുടെ ഓഹരികള്‍ മറ്റൊരു പത്രം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റിന്റെ വില്‍പ്പന അത്തരത്തിലുള്ള പ്രതിഷേധമൊന്നും സൃഷ്‌ടിച്ചില്ലല്ലോ?
മാതൃഭൂമിയുടെ അനുഭവം ഒരു ശരിയായ താരതമ്യമല്ല. കാരണം, ശത്രുതാപരമായ ആ ഏറ്റെടുക്കല്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. ഇവിടെ ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറാണെന്നത് സുവ്യക്തമാണ്. കേരളത്തിലെ മാധ്യമപരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കുമെന്നതാണ് ഉത്കണ്ഠാകുലം.
പരസ്യങ്ങളുടെയും സ്വകാര്യ മൂലധനത്തിന്റെയും പിടിയില്‍നിന്നുകൊണ്ട് എന്തെങ്കിലുമൊരു ബ്രേക്ക് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഉണ്ടാക്കാനാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
സ്വകാര്യമൂലധനംകൊണ്ട് സ്ഥാപിക്കപ്പെടുകയും പരസ്യവരുമാനംകൊണ്ടു മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് നമുക്ക് പരിചിതമായ മാധ്യമമാതൃക. വൈകിയിട്ടാണെങ്കിലും മൂലധനത്തിന്റെ പുതിയ രൂപങ്ങളും വരുമാനമാര്‍ഗങ്ങളും ഈ മേഖലയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്‌ട്രീയ മുതലാളിത്തം എന്നുവിളിയ്ക്കാവുന്ന മാധ്യമ ബിസിനസ് ഇറ്റലിയിലും തായ്‌ലന്‍ഡിലും ആഞ്ഞടിച്ചു. തന്റെ ടി വി ചാനലുകളുടെ പിന്‍ബലത്തിലാണ് ഇറ്റലിയില്‍ സില്‍വിയോ ബെര്‍ലുസ്‌ക്കോണി അധികാരത്തിലെത്തിയത്. അതുപോലെ തന്നെ തായ്‌ലന്‍ഡില്‍ ഷിനാവത്ര അധികാരത്തിലെത്തിയത് മാധ്യമനിക്ഷേപങ്ങളിലൂടെയും. അമേരിക്ക പിരികയറ്റിവിട്ട ടി വി ചാനലുകള്‍ വെനിസ്വേലയില്‍ ഷാവേസിനെതിരെ എങ്ങനെ ആയുസ്സ് അധികമില്ലാത്ത ഒരു അട്ടിമറി സംഘടിപ്പിച്ചുവെന്നും നമുക്കറിയാം. ഇന്ത്യയില്‍ പ്രാദേശികഭാഷകളില്‍ തുടങ്ങിയ ചില രാഷ്‌ട്രീയ ചാനലുകളും രാഷ്‌ട്രീയ മൂലധനത്തില്‍ നിന്നാണുണ്ടായത്. തമിഴ്‌നാട്ടില്‍ ഇത്തരം ചാനലുകളുടെ പ്രളയമാണ്. നേരത്തെ സണ്‍ ടിവിയും ഇപ്പോള്‍ കലൈഞ്ജര്‍ ടിവിയും ഡിഎംകെയുടെ ഉടമസ്ഥതയില്‍. എഐഎഡിഎംകെയുടെ ജയാ ടിവി, പിഎംകെയുടെ മക്കള്‍ ടിവി, പിന്നെ രണ്ടു കോണ്‍ഗ്രസ് ചാനലുകളും. കേരളത്തില്‍ കക്ഷിരാഷ്‌ട്രീയം ചാനലുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. സിപിഐ എമ്മിന്റെ കൈരളിയും കോണ്‍ഗ്രസിന്റെ ചാനലും. ജനങ്ങളില്‍ നിന്ന് ഓഹരിയെടുത്തു തുടങ്ങിയ മൂലധനമാണ് കൈരളിക്കുള്ളത് എന്നതുകൊണ്ട് ആ ചാനല്‍ വ്യത്യസ്‌ത തലത്തിലാണ്.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴി ലഭിക്കുന്നതും പരസ്യവരുമാനം കൊണ്ടു പ്രവര്‍ത്തിക്കുന്നതുമായ ഡിറൿട് ബ്രോഡ്‌കാസ്റ്റ് സാറ്റലൈറ്റ്(ഡിബിഎസ്) സാങ്കേതിക വിദ്യ ഇപ്പോള്‍ ഡിറൿട് ടു ഹോം(ഡിടിഎച്ച്) സാങ്കേതിക വിദ്യക്ക് വഴിമാറിയിരിക്കുന്നു. ഇതില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരില്ല. ആവശ്യമായ ബാന്‍ഡ് വിഡ്ത്തിന്റെ അഭാവമാണ് ഈ രംഗത്തെ കുപ്പിക്കഴുത്ത്. എങ്കിലും ഇതില്‍ ഉടന്‍ മാറ്റം വരും. ചെറുസംരംഭകരെ സംബന്ധിച്ചിടത്തോളം ഐപിടിവി ചെലവുകുറഞ്ഞ സാങ്കേതികവിദ്യയാണ്. ഈ മേഖല കൈയടക്കിയ കുത്തകകള്‍ക്കും കാര്‍ടലുകള്‍ക്കും എതിരെ ജനകീയ സംസ്‌ക്കാരം സൃഷ്‌ടിക്കാന്‍ ഇതിനാവും.
ജനകീയമായ ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി ആഗോളതലത്തില്‍ പോയകാലത്തുണ്ടായ പരിശ്രമങ്ങളെക്കുറിച്ചൊന്നു വിശദീകരിക്കാമോ?
നിര്‍ഭാഗ്യമെന്നു പറയട്ടെ, ആഗോളതലത്തില്‍ സ്വതന്ത്രമായ മുന്‍കൈയെടുക്കലിന് കാര്യമായ ശ്രമമുണ്ടായിട്ടില്ല. പ്രതീക്ഷാനിര്‍ഭരമായ ചില തുടക്കങ്ങളുണ്ടായെങ്കിലും പിന്നീടത് അസ്‌തമിച്ചു. മുന്‍കാലങ്ങളില്‍ പൊതുപ്രക്ഷേപണസേവനങ്ങള്‍ക്ക് പണം നല്‍കിയത് സ്റ്റേറ്റും അപകടകാരികളല്ലാത്ത കോര്‍പറേറ്റുകളുമാണ് എന്നതാണ് വാസ്‌തവം. അവ താരതമ്യേന പക്വവും ഉദ്ബുദ്ധവുമായിരുന്നു. പക്ഷേ വാണിജ്യ ടെലിവിഷനുകള്‍ ഇവയെ ഞെക്കിപ്പുറത്താക്കി. അമേരിക്കയിലെ പിബിഎസിന്റെ ചഞ്ചലവും അനിശ്ചിതവുമായ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇതിന് തിളങ്ങുന്ന ഉദാഹരണമാണ്. നിഷേധികളായ ചെറുപ്പക്കാരുടെ ഒരു മണ്ഡലത്തെ ഏകോപിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന എംടിവി പോലുള്ള ചാനലുകള്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നുവെങ്കിലും അവയും സാംസ്‌ക്കാരികമായ സാമ്രാജ്യത്വത്തിന്റെ ഭാഗമാവുകയും ദേശീയ മൂല്യങ്ങളെയും സ്വത്വങ്ങളെയും കടന്നാക്രമിക്കുകയും ചെയ്‌തു. ഡിറൿട് ബ്രോഡ്‌കാസ്റ്റിങ് കാലത്തെ ടെലിവിഷന്‍ ലോകസോഷ്യലിസത്തെ നശിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പൂര്‍ണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല. ഡിബിഎസ് സിഗ്നലുകള്‍ രാജ്യാതിര്‍ത്തികളെ ബഹുമാനിക്കുന്നില്ല. ഡി ബി എസിന്റെ കാല്‍ച്ചുവട്ടിലുള്ള ആര്‍ക്കും സിഗ്നലുകള്‍ സ്വീകരിക്കാം. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്ക് തൊട്ടുമുമ്പ്, എണ്‍പതുകളുടെ ഒടുവില്‍ കിഴക്കന്‍ ബര്‍ലിനിലേക്ക് നടത്തിയ യാത്ര ഞാന്‍ അനുസ്‌മരിക്കുന്നു. കിഴക്കന്‍ ബര്‍ലിനില്‍ ഞാന്‍ സന്ദര്‍ശിച്ച വീടുകളില്‍ എല്ലാം സ്വന്തം ഡിഷ് വഴി പടിഞ്ഞാറന്‍ ജര്‍മനിയില്‍നിന്നുള്ള ഉപഗ്രഹ ടെലിവിഷന്‍ സിഗ്നലുകള്‍ രഹസ്യമായി ലഭിച്ചിരുന്നു. ഇവ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. ഞാന്‍ പോയ വീടുകളിലെല്ലാം അവര്‍ പശ്ചിമ ജര്‍മന്‍ പരിപാടികള്‍ കാണുന്നുണ്ടായിരുന്നു. ജര്‍മനിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ഡലസ് എന്ന അമേരിക്കന്‍ സീരിയല്‍ ആയിരുന്നു എല്ലാവരും ആവേശത്തോടെ കാണ്ടിരുന്നത്. സമ്പന്നമായ അമേരിക്കന്‍ ജീവിതരീതിയെക്കുറിച്ചുള്ള ഒരു മിത്തായിരുന്നു ആ സീരിയല്‍. വലിയ കാറുകള്‍, നീന്തല്‍ക്കുളമെല്ലാമുള്ള കൊട്ടാരസദൃശമായ വീടുകള്‍, ആര്‍ഭാടത്തിന്റെ എല്ലാത്തരം ഘടകങ്ങളും നിറഞ്ഞതായിരുന്നു ആ സീരിയല്‍.ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ ഇങ്ങനെയാണ് ജീവിക്കുന്നതെന്ന് കിഴക്കന്‍ ബര്‍ലിന്‍കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. വീടും ഹീറ്റിങ്ങും പൊതുഗതാഗതവും വിദ്യാഭ്യാസവും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ആ സോഷ്യലിസ്റ്റ് രാജ്യത്ത് സൌജന്യമായോ, കുറഞ്ഞ ചെലവിലോ ലഭിച്ചിട്ടും അമേരിക്കന്‍ മാതൃകയിലുള്ള നല്ല ജീവിതം നഷ്‌ടപ്പെട്ടതില്‍ കിഴക്കന്‍ ബര്‍ലിന്‍കാര്‍ നഷ്‌ടബോധം പ്രകടിപ്പിച്ചു. പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഒരു വിപ്ലവത്തിലേക്ക് നയിച്ചത് ഇതെല്ലാമാണ്. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ഇതുതന്നെയാണ് കാരണമായത്. ഒരു സോപ്പ് ഓപ്പറക്ക് ഒരു രാജ്യത്തിനുമേല്‍ ഇതൊക്കെ ചെയ്യാനാവും. ഇത് അതിശയോക്തിപരമല്ല. അതുകൊണ്ടാണ് ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രി ജാക് ലാങ് പ്രഖ്യാപിച്ചത് - ഡലസ് ഒരു സാംസ്‌ക്കാരിക സാമ്രാജ്യത്വമാണെന്ന്.
സമൂഹത്തിന്റെ കൂട്ടായ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് ഒരു ടെലിവിഷന്‍ ആരംഭിക്കുക എന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ആദിവാസി സമൂഹം ഒരു ടി വി ചാനല്‍ തുടങ്ങിയതാണ് ഈ രംഗത്തെ ശ്രദ്ധേയമായ കാര്യം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അവര്‍ സ്വന്തമായി ഫണ്ട് സ്വരൂപിച്ചാണ് ചാനല്‍ നടത്തിക്കൊണ്ടുപോയത്. എന്നാല്‍ വിപണിയുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് ചാനലിന്റെ വ്യത്യസ്‌തത നഷ്‌ടമായി. സമാനമായ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. കാനഡയിലെ ഇന്യുട്ട് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷനും ന്യൂസിലാന്‍ഡിലെ ആദിവാസികളായ മാവോറിസ് സ്വന്തമായ ഒരു പ്രക്ഷേപണ സംവിധാനം തുടങ്ങിയതും ഇതില്‍ പ്രധാനപ്പെട്ടവയാണ്.
ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നോട്ടു പോയി എന്ന വിമര്‍ശനത്തോട് താങ്കളുടെ പ്രതികരണം എന്താണ് ?
മാധ്യമങ്ങളില്‍ ഒരു നല്ല പങ്ക് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നത് സത്യമാണ്. തന്ത്രപരമായി മാധ്യമങ്ങളില്‍ നുഴഞ്ഞുകയറാന്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി വലതുപക്ഷ ഹിന്ദുത്വം നടത്തിയ കൂട്ടായ ശ്രമങ്ങള്‍ അപകടകരമായ വിജയത്തിലെത്തിയിരിക്കയാണ്. മാധ്യമറിപ്പോര്‍ടുകളിലൂടെ അവരുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുമ്പോഴൊക്കെ കത്തുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും പത്രങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുകയാണ് ജാഗരൂകമായ വലതുപക്ഷഹിന്ദുത്വ ബ്രിഗേഡ്. ശക്തവും പരുഷവുമായ ഒരു സമ്മര്‍ദ ഗ്രൂപ്പായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒറീസയിലെ ക്രിസ്‌ത്യന്‍ വംശഹത്യയുടെ, പ്രത്യേകിച്ച് പൊലീസിന്റെ കണ്‍മുന്നില്‍ വെച്ച് കന്യാസ്‌ത്രീയെ നീചമായി ബലാല്‍സംഗം ചെയ്‌ത വാര്‍ത്ത നല്‍കിയ ശക്തമായ സെക്യുലര്‍ പത്രമായ ദ ഹിന്ദുവിനെ അവര്‍ ലക്ഷ്യമിട്ടത് എങ്ങനെയെന്ന് നോക്കുക. വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ടു ചെയ്യുന്ന കാര്യത്തില്‍ പ്രാദേശികപത്രങ്ങളെക്കാള്‍ മെച്ചമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ എന്നതാണ് ചരിത്രം. 2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഇംഗ്ലീഷ് പത്രങ്ങളും ഗുജറാത്തി പത്രങ്ങളും റിപ്പോര്‍ട് ചെയ്‌തതിലെ വൈരുധ്യങ്ങള്‍ ഇതിനകം സ്വതന്ത്രപഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടുള്ള ഹിന്ദുത്വത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ അതിന്റെ ഏറ്റവും നീചമായ അവസ്ഥയിലാണ്.
ടെലിവിഷനിലായാലും , പല ചാനലുകളും മതസംവാദങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവയില്‍ ഏറിയപങ്കും അന്യമതങ്ങളോടും ആചാരങ്ങളോടും അസഹിഷ്‌ണുത പുലര്‍ത്തുന്നവയാണ്. താരതമ്യേന നവവും ഉത്കൺഠാകുലാവുമായ ഒരു പ്രവണതയുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിന് പ്രത്യേക മുദ്രനല്‍കാനും സമുദായത്തിനെതിരെ ദുരാരോപണം ഉന്നയിക്കാനും ഗവണ്‍മെന്റിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ആളുകള്‍ക്ക് അറിയാതെയെങ്കിലും വേദി നല്‍കുകയാണ് മുഖ്യധാരാചാനലുകള്‍.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് മതനിരപേക്ഷ ഇടം ടെലിവിഷനില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഹിന്ദുത്വ വോട്ട് ബാങ്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് രാമായണം പോലുള്ള ഐതിഹ്യസീരിയലുകളെ പ്രൈംടൈമില്‍ കെട്ടഴിച്ചുവിട്ടതോടെയാണ് ദൂരദര്‍ശന്റെ മതനിരപേക്ഷ ചരിത്രത്തിന് ആഘാതമേറ്റത്. മെഗാ ടിവി സീരിയലിനുവേണ്ടി തുളസീദാസിന്റെ രാമായണം തെരഞ്ഞെടുത്തതും പ്രശ്‌നം സൃഷ്‌ടിച്ചിരുന്നു. കാരണം 12, 13 നൂറ്റാണ്ടുകളിലെ മുസ്ലീം ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള ധാരണകളോടുള്ള ഒരു പ്രതികരണമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ഹിന്ദുഭവനങ്ങള്‍ക്ക് അറിയാവുന്ന ശാന്തനും ഉദാരനുമായ രാമനല്ല, ആക്രമണോത്സുകനും യുദ്ധസന്നദ്ധനുമായ രാമനെയാണ് സീരിയല്‍ വരച്ചു കാട്ടിയത്. വിശുദ്ധഭാവമുള്ള രാമനെ എല്ലാ അഹിന്ദുശക്തികളെയും കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന യുദ്ധവീരനായ, അമ്പും വില്ലും അണിഞ്ഞ രാമനെയാക്കി രാമാനന്ദ് സാഗര്‍ ഈ സീരിയലില്‍ മാറ്റിയെടുത്തു. ഹിന്ദുത്വത്തിന്റെ വിദ്വേഷപ്രചാരണത്തിന്റെയും ബാബ്‌റി പള്ളി തകര്‍ക്കുന്നതില്‍ കലാശിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെയും ബിംബമായി ഈ രാമന്‍ മാറുകയായിരുന്നു.
ഈ സീരിയല്‍ സംപ്രേഷണം ചെയ്‌തതിനു പിന്നാലെ ഇതിഹാസ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി സീരിയലുകള്‍ ടെലിവിഷന്‍ സ്‌ക്രീനിനെ വൈറസ് പോലെ ബാധിച്ചു. ഇതിന്റെ എല്ലാ കുറ്റവും ചെന്നു ചേരുന്നത് ആദ്യമായി ഇത്തരം സീരിയലുകള്‍ക്ക് അനുമതി നല്‍കിയ രാജീവ്ഗാന്ധിയിലാണ്.
മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം മാധ്യമങ്ങള്‍ക്കുള്ളിലും മാധ്യമങ്ങളുപയോഗിച്ചും സൃഷ്‌ടിക്കാനാണ് വലതുപക്ഷ ഹിന്ദുത്വം ശ്രമിക്കുന്നത്. 'കപടമതേതരത്വം' എന്ന വ്യാജപ്രയോഗം അവര്‍ രൂപപ്പെടുത്തിയെടുത്തു. ആമുഖത്തില്‍ പോലും രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നിര്‍വചിക്കുകയും ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രഛന്നമായ ആക്രമണമാണിത്.
വാണിജ്യവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, പരിമിതികളില്‍ നിന്നുകൊണ്ടാണെങ്കിലും, ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാം?
വാണിജ്യവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ സ്‌പിരിറ്റ് വിപണി ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടെങ്കിലും, രൂപപ്പെടുന്ന ചില പ്രതിപ്രവണതകള്‍ വെള്ളിരേഖകളാവുന്നു. ചുരുക്കത്തില്‍, വാര്‍ത്താമാധ്യമത്തിന്റെ വിശ്വാസ്യത സംശയിക്കപ്പെട്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് ജനങ്ങള്‍ കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബ്ലോഗുകളും ബ്ലോഗിടങ്ങളും(ബ്ളോഗ് സ്‌പേസ്) പത്രപ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറമായിരിക്കുന്നു. പലപ്പോഴും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും സന്ദര്‍ഭങ്ങളില്‍ മുഖ്യധാരാമാധ്യമങ്ങള്‍പോലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ നടത്തുന്ന വിശ്വസനീയമായ ബ്ലോഗുകളിലെ വിവരങ്ങളെ പൂര്‍ണമായി ആശ്രയിക്കുന്നു. ഇറാഖിന്റെ കാര്യത്തില്‍ ഇത് വളരെ വ്യക്തമായി കാണാം. അമേരിക്കന്‍ അധിനിവേശം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനോ രാജ്യത്തെ സ്ഥിതിയെക്കുറിച്ച് ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനോ കഴിയുന്നില്ല. ഇറാഖിലെ പ്രാദേശിക സ്‌ട്രിങ്ങര്‍മാരും ബ്ലോഗര്‍മാരും നല്‍കുന്ന വിരങ്ങള്‍ക്കായി അവര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ കാത്തുകെട്ടിക്കിടക്കും. അവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് ടി വിയിലും റേഡിയോയിലും പത്രങ്ങളിലും വരുന്നത്. തങ്ങളുടെ ഈ വിധിയെക്കുറിച്ച് ഫലിതബോധമുള്ള പാശ്ചാത്യ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ സ്വയം പരിഹസിക്കുന്നത് മങ്കി ജേർണലിസ്‌റ്റുകള്‍ എന്നാണ്. കാരണം കൂടുതല്‍ സമയവും ഹോട്ടലുകളുടെ ടെറസില്‍ കഴിയുന്ന ഇവര്‍ക്ക് ബ്ലോഗര്‍മാരും സ്‌ട്രിങ്ങര്‍മാരും നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.
അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയലാണ് മാധ്യമദൌത്യം. ഇന്ന് സിറ്റിസണ്‍ ജേർണലിസ്‌റ്റാണ് മാധ്യമത്തോട് സത്യം വിളിച്ചു പറയുന്നത്. അധിനിവേശശക്തികളോട് രാജിയാവാത്തവര്‍ക്ക് പ്രതിഷേധിക്കാനുള്ള പ്രധാനകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഇന്റര്‍നെറ്റ്. ഫിനാന്‍സ് മൂലധനം അഭൂതപൂര്‍വവും ദയനീയവുമായ പ്രതിസന്ധിയിൽ പെട്ടിരിക്കയാണെന്നും ആ മൂലധനവ്യവസ്ഥ ഉല്‍പ്പാദിപ്പിച്ച മാധ്യമമൂല്യങ്ങള്‍ വല്ലാതെ തുറന്നുകാട്ടപ്പെട്ടിരിക്കയാണെന്നും നാം മറക്കരുത്.
****
കടപ്പാട്: ദേശാഭിമാനി വാരിക
No comments:
Post a Comment