Sunday, 22 February 2009

ആഗോള പ്രതിസന്ധിയും ഇന്ത്യയുടെ പ്രതികരണവും

മുതലാളിത്ത ലോകത്തെ ബാധിച്ച പ്രതിസന്ധിക്ക് വിശദീകരണം നല്‍കുന്നതിനായി ടണ്‍ കണക്കിന് വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയില്‍ വ്യവസ്ഥാപരമായി അന്തര്‍ലീനമായിട്ടുള്ള ചലനനിയമങ്ങളെ ആകെ തമസ്‌ക്കരിച്ചുകൊണ്ടാണത്. ഏതാനും ചിലരുടെ അത്യാര്‍ത്തി, ചില ധാര്‍മിക നിബന്ധനകളുടെ ലംഘനം, നോബല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്‌മാന്‍ പറഞ്ഞപോലെ 'ധാര്‍മികാധഃപതനം', സുതാര്യതയില്ലായ്മ, നിയന്ത്രണസംവിധാനങ്ങളുടെ ദൌര്‍ബല്യം, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പരാജയം എന്നിങ്ങനെ പോകുന്നു അവ.

"മൂലധന''ത്തില്‍ വ്യാവസായിക മുതലാളിത്ത രാഷ്‌ട്രങ്ങളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള അധ്യായം അവസാനിപ്പിച്ചുകൊണ്ട് കാള്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നുണ്ട്: "തലതൊട്ട് കാലടിവരെ, ഓരോ ദ്വാരങ്ങളില്‍നിന്നും ചോരയ്ക്കും ചെളിയ്ക്കുമൊപ്പം മൂലധനവും തുള്ളിതുള്ളിയായി കിനിഞ്ഞുവരുന്നു''. തന്റെ ഈ വാദം സമര്‍ത്ഥിക്കുന്നതിന് അദ്ദേഹം ഒരു ഉദ്ധരണി കൊടുക്കുന്നുണ്ട് - ടി ജെ ഡണ്ണിങ്ങ് എന്ന തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും ആയ ഒരാളുടെ ഉദ്ധരണി അടിക്കുറിപ്പായി കൊടുത്തുകൊണ്ടാണത്. "തക്കതായ ലാഭം ലഭിച്ചാല്‍ മൂലധനത്തിന് വളരെ ധൈര്യമായി; 10 ശതമാനം ലാഭം ലഭിക്കുകയാണെങ്കില്‍ അതെവിടെയും കടന്നുചെല്ലും എന്നുറപ്പാണ്; 20 ശതമാനം ലഭിച്ചാല്‍ അത് ആവേശഭരിതമായിത്തീരും; 50 ശതമാനമായാല്‍ ഔദ്ധത്യമായി; 100 ശതമാനം ലാഭം കിട്ടുമെങ്കില്‍ എല്ലാ മാനവിക നിയമങ്ങളെയും അത് ചവിട്ടിമെതിക്കും; 300 ശതമാനമാണ് ലാഭമെങ്കിലോ -അത് ചെയ്യാന്‍ മടിക്കാത്ത യാതൊരു കുറ്റകൃത്യവുമില്ല; ഏതു സാഹസത്തിലും അത് ചെന്നുചാടും; എന്തിനധികം, അതിന്റെ ഉടമയെപ്പോലും തൂക്കിലിടാന്‍ സാധ്യതയുണ്ട് ''. എന്തു ചെയ്‌തും പരമാവധി ലാഭമുണ്ടാക്കാനുള്ള ഈ ത്വരയാണ്, മുതലാളിത്ത വ്യവസ്ഥയിലെ അന്തര്‍ലീനമായ ഈ സ്വഭാവമാണ്, ഏതെങ്കിലും ചില വ്യക്തികളുടെ അത്യാര്‍ത്തിയല്ല, നിയന്ത്രക സംവിധാനങ്ങളുടെ പരാജയമല്ല, ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.

വര്‍ധമാനമായ ഉല്‍പാദനക്ഷമതയിലേക്ക് ലാഭത്തെ വീണ്ടും തിരിച്ചുവിടുകയാണെങ്കില്‍, അതിന്റെ ഫലമായി ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍മൂലം ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിക്കും; മൊത്തം ചോദനം പിന്നെയും വര്‍ധിക്കുന്നതിലേക്കാണ് അത് നയിക്കുക; അതാകട്ടെ, യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ വ്യവസായവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഭീമാകാരമായി കുന്നുകൂടിയ അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ നിയമങ്ങളനുസരിച്ച്, ഈ പ്രക്രിയയെ കവച്ചുവെയ്ക്കുന്നു; ഊഹക്കച്ചവടത്തിലൂടെ കൊള്ളലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടപരമായ ഫിനാന്‍ഷ്യല്‍ കുമിള കൊണ്ട് പൊതിഞ്ഞ് അവര്‍ ഈ പ്രക്രിയയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര മല്‍സരത്തില്‍നിന്ന് രൂപം കൊള്ളുന്ന കുത്തക മൂലധനം സ്വതന്ത്ര മല്‍സരത്തെത്തന്നെ ഇല്ലാതാക്കുന്നതുപോലെയാണിത്.

ചുരുക്കിപ്പറയാം: ആഗോളവല്‍ക്കരണത്തിനുകീഴില്‍, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുമ്പോള്‍ (ഇന്ത്യയിലെ "തിളങ്ങുന്ന''വരും "തീ തിന്നുന്നവരും'' തമ്മിലുള്ള അന്തരം പോലെ) അമിതമായ വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള അത്യാഗ്രഹമുള്ള ഫിനാന്‍സ് മൂലധനം, വായ്പ ലഭിക്കാൻ ശേഷിയില്ലാത്തവർക്കും (സബ്പ്രൈം) വായ്‌പ നല്‍കിക്കൊണ്ട് ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കൃത്രിമമായി ഉയര്‍ത്തുന്നതിന് ഊഹക്കച്ചവടപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇങ്ങനെ കടം കൊടുക്കുന്നു, ലാഭമുണ്ടാകുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കേണ്ട ഘട്ടം വരുമ്പോള്‍ വീഴ്ച വരുന്നു; വായ്പയെടുത്തവന്‍ നശിക്കുന്നു; വ്യവസ്ഥയാകെ അവതാളത്തിലാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇതാണ് ഭീമാകാരമായ തോതില്‍ സംഭവിച്ചത്. ഈ പ്രക്രിയയ്ക്കിടയില്‍ നശിച്ചവരുടെ പേരും പറഞ്ഞ്, നികുതിദായകരുടെ പണമെടുത്ത്, ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ പൈശാചികമായ വിരോധാഭാസം! ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ ദേശസാല്‍ക്കരണവും തന്നെയാണിത്.

ഇത്തരം വമ്പന്‍ ഊഹക്കച്ചവടത്തില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇന്ത്യയെപോലെയുള്ള സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയൂ. കടുത്ത തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് ഒരതിര്‍ത്തിവരെ രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്നു കാരണം, കൂടുതല്‍ ശക്തമായ ഫിനാന്‍ഷ്യല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ അവലംബിക്കുന്നതില്‍നിന്ന് ഇന്നത്തെ യുപിഎ സര്‍ക്കാരിനെ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇടതുപക്ഷം തടഞ്ഞുനിര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നതാണ്. നമ്മുടെ കടുത്ത എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യമാണിത്-ഏറ്റവും വൈമുഖ്യത്തോടുകൂടിയാണെങ്കിലും.

നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ചലനക്ഷമത ഉണ്ടാക്കുന്നതിനായി, അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനത്തിനുമേല്‍ നാം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനാണ് യുപിഎ ഗവണ്‍മെന്റിന്റെ നീക്കമെങ്കില്‍ (അതിനാണ് അവരുടെ നീക്കമെന്ന് തോന്നുന്നു) അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ നിയന്ത്രണം നീക്കിയാല്‍ ചെലവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അങ്ങനെ മൊത്തം ചോദനം ഉയര്‍ത്താന്‍ കഴിയുമെന്നും വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നും ആണ് കണക്കുക്കൂട്ടല്‍. എന്നാല്‍ ഊഹക്കച്ചവടപരമായ മൂലധനം ഇറക്കുമതി ചെയ്തുകൊണ്ട് ഈ പ്രക്രിയ നടത്താന്‍ കഴിയില്ല. സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിച്ചുകൊണ്ട്, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക, അങ്ങനെ ചോദനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ച കൈവരിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം.

പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതുണ്ട്. 1930 കളിലെ മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ അവലംബിച്ച ചില മാര്‍ഗങ്ങള്‍ ഫാസിസത്തിന്റെ ഉദയത്തിന് വഴിവെച്ച കാര്യം ഓര്‍ക്കുക. അത്തരം ഭയാനകമായ സംഭവ്യതകളെ ചെറുക്കാനുള്ള ഒരു മാര്‍ഗം, പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള നീക്കത്തില്‍, ലാഭത്തിനേക്കാള്‍ മുന്‍ഗണന ജനങ്ങള്‍ക്കു നല്‍കുക എന്നതാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള രക്ഷാ പാക്കേജുകള്‍ ചെയ്യുന്നത് നേരെ മറിച്ചാണ്. "അമേരിക്കയുടെ 70,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ബാങ്കുകളുടെ ബാലൻ‌സ്‌ഷീറ്റുകള്‍ പ്രബലമാക്കുന്നതിന് സഹായിച്ചുവെങ്കിലും പുതിയ വായ്‌പകളുടെയോ സഹായങ്ങളുടെയോ അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് കാരണമായിത്തീര്‍ന്നില്ല'' എന്ന് "ന്യൂയോര്‍ക്ക് ടൈംസ്'' പോലും പറയാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. ഇന്നത്തെ പ്രതിസന്ധിയെ സൃഷ്‌ടിച്ച ഫിനാന്‍സ് മൂലധനത്തിനാണ് അത്തരം രക്ഷാമാര്‍ഗങ്ങള്‍ സഹായകമായിത്തീര്‍ന്നത്; മാന്ദ്യത്തിലേക്കുള്ള പതനത്തെ അത് തടഞ്ഞുനിര്‍ത്തുന്നില്ല. അമേരിക്കയില്‍ (യുഎസ്എ) 2,40,000 തൊഴിലുകളാണ് ഒക്ടോബറില്‍ നഷ്ടപ്പെട്ടത്; നവംബറില്‍ വീണ്ടും 5,93,000 തൊഴിലുകള്‍ കൂടി നഷ്ടപ്പെട്ടു. 2009-ാമാണ്ടില്‍ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഇതിനുവിപരീതമായി, രണ്ടുകൊല്ലം കൊണ്ട് 58,600 കോടി ഡോളര്‍ പൊതുനിക്ഷേപം നടത്തുന്ന ഒരു പദ്ധതിയാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കുക, പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഭൂകമ്പംപോലുള്ള പ്രകൃതിദുരന്തംകൊണ്ട് തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളുടെ ക്ഷേമം വിപുലമാക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പുതിയ തൊഴിലുകള്‍ കാരണം മൊത്തം ആഭ്യന്തരചോദനം വര്‍ദ്ധിക്കും; അതുവഴി വളര്‍ച്ച കൈവരിക്കാം. താഴെ കൊടുത്തിട്ടുള്ള ഉദാഹരണം നോക്കുക. ഈ പാക്കേജിന്റെ ഭാഗമായി 2010 അവസാനമാകുമ്പോഴേക്ക് 10,000 കിലോമീറ്റര്‍ റെയില്‍വെ ലൈന്‍ നിര്‍മിക്കും; 60 ലക്ഷം പേര്‍ക്ക് അതുവഴി പുതിയതായി തൊഴില്‍ ലഭിക്കും; അതിന് 200 ലക്ഷം ടണ്‍ സ്റ്റീലും 1200 ലക്ഷം ടണ്‍ സിമന്റും വേണ്ടിവരും. ആഗോളമാന്ദ്യം കാരണം കയറ്റുമതിയില്‍ ഉണ്ടായ വമ്പിച്ച ഇടിവിന്റെ ആഘാതം തരണം ചെയ്യുന്നതിന് അത്തരം പൊതുനിക്ഷേപം ഉപകരിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു.

എന്നാല്‍ എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2007 ഒക്ടോബറില്‍ നിര്‍മാണരംഗത്ത് 13.8 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് 2008 ഒക്ടോബറില്‍ അത് -1.2 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ 15 കൊല്ലക്കാലത്തിനുള്ളില്‍ ഇതാദ്യമായി ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പാദന നിരക്ക് പൂജ്യത്തില്‍നിന്നും താഴേയ്ക്ക് പോയിരിക്കുന്നു -0.4 ശതമാനമാണത്. അതുപോലെത്തന്നെ നമ്മുടെ ജിഡിപിയില്‍ ഏതാണ്ട് 22 ശതമാനത്തോളം ഭാഗവും കയറ്റുമതിയില്‍നിന്നായിരുന്നു; അതിന്റെ വിഹിതം ഇപ്പോള്‍ 12.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ഐടി മേഖല 5000 കോടി ഡോളറില്‍പ്പരം തുകയാണ് വാര്‍ഷികവരുമാനമായി ഉണ്ടാക്കിത്തരുന്നത്. നമ്മുടെ കയറ്റുമതി വരുമാനത്തിന്റെ 16 ശതമാനത്തോളം വരുമത്; എന്നാല്‍ ആ മേഖലയില്‍ നിന്നുള്ള വരുമാനം 50 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള (എഫ് ഐ ഐ) പണമൊഴുക്ക് കഴിഞ്ഞവര്‍ഷത്തില്‍ 1740 കോടി ഡോളറായിരുന്നുവെന്നാണ് കണക്ക്. ഓഹരിവിപണിയിലെ തകര്‍ച്ച കാരണം അത് ഈ വര്‍ഷം ഫലത്തില്‍ ഒട്ടുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഡോളറുമായിട്ടുള്ള രൂപയുടെ വിനിമയ മൂല്യം 20 ശതമാനം കണ്ടാണ് ഇടിഞ്ഞത്. 200 കോടി ഡോളര്‍ വീതം ഓരോ ദിവസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയില്‍ ഇറക്കിയിട്ടും ഇതാണ് സ്ഥിതി.

കയറ്റുമതി യൂണിറ്റുകള്‍ വന്‍തോതില്‍ അടച്ചിടുന്നതിനും തൊഴിലാളികളെ ലെ ഓഫ് ചെയ്യുന്നതിനും ആണ് ഇതൊക്കെ ഇടയാക്കിയിട്ടുള്ളത്. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുന്നത്, വളര്‍ച്ചയെ കൂടുതല്‍ മുരടിപ്പിക്കും. ഇത് ഇന്ത്യയെയും മാന്ദ്യത്തിലേക്ക് തള്ളിവിടും. ഇത്തരം പരിതഃസ്ഥിതികളില്‍ എത്രതന്നെ കുറഞ്ഞ പലിശയ്ക്കായാലും വായ്പ ലഭ്യമാക്കിയാല്‍, ആ വായ്പ തന്നെയും വാങ്ങാന്‍ ആളുകള്‍ ഉണ്ടാവില്ല. തൊഴില്‍ ഉണ്ടാക്കുന്നതിനും അങ്ങനെ ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനും അങ്ങനെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഉതകത്തക്കവിധത്തില്‍ പൊതുനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് ഇന്നാവശ്യം. 20,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വെറും 400 കോടി ഡോളറിന്റെ പദ്ധതി മാത്രമാണ്.

ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഈ വൈകല്യം ഉടനടി തിരുത്തിയേപറ്റൂ. നമ്മുടെ അപര്യാപ്തമായ പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വന്‍തോതില്‍ പൊതുനിക്ഷേപം ആവശ്യമാണ്. ലോകത്തില്‍വെച്ച് മൂന്നാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ളത് ഇന്ത്യയിലാണ്. ഏതാണ്ട് 33 ലക്ഷം കിലോമീറ്റര്‍ റോഡ്. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നാഷണല്‍ ഹൈവേകള്‍, അതില്‍ വെറും രണ്ട് ശതമാനം മാത്രമേ വരൂ. അതില്‍ത്തന്നെ 12 ശതമാനം മാത്രമേ (8000 കിലോ മീറ്റര്‍) ഇരട്ടവരിപ്പാതയായിട്ടുള്ളൂ. 2007 ആയപ്പോഴേക്ക് ചൈനയില്‍ 54,000 കിലോമീറ്ററിലധികം ദൂരം നാലുവരിപ്പാതയായി (അല്ലെങ്കില്‍ അതിലധികം വീതിയുള്ള) മാറ്റപ്പെട്ടു കഴിഞ്ഞു. ഇന്ത്യയില്‍ മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ദൌര്‍ബല്യങ്ങള്‍ ദൃശ്യമാണ്. കഴിഞ്ഞവര്‍ഷം, വൈദ്യുതിയുടെ ചോദനം (ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ ചോദനം) വൈദ്യുതി ലഭ്യതയെക്കാള്‍ 15 ശതമാനം കൂടുതലായിരുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനക്ഷമതയുടെ 9 ശതമാനം കറന്റ് കട്ട് കാരണം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏതാണ്ട് 60 ശതമാനം ആളുകള്‍ക്കും നേരിട്ടുള്ള വൈദ്യുതി കണക്ഷന്‍ കിട്ടുന്നില്ല. കഴിഞ്ഞവര്‍ഷം നാം പുതിയതായി ഉല്‍പാദിപ്പിച്ചത് വെറും 7000 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. അതേ അവസരത്തില്‍ ചൈന 1 ലക്ഷം മെഗാവാട്ട് പുതിയതായി ഉല്‍പാദിപ്പിച്ചു.

സാമൂഹ്യമായ പശ്ചാത്തല സൌകര്യങ്ങളുടെ മേഖലയില്‍ നമുക്ക് വളരെയേറെ ചെയ്യാനുണ്ട്. തടയാന്‍ കഴിയുന്ന രോഗങ്ങള്‍കാരണം പ്രതിദിനം ഏതാണ്ട് ആയിരം കുട്ടികള്‍ വീതമാണ് ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. മലിനജലത്തില്‍ 13 ശതമാനം മാത്രമേ സംസ്‌ക്കരിക്കപ്പെടുന്നുള്ളൂ. ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്കും ശരിയായ കക്കൂസ് ഇല്ല. 50 ശതമാനത്തിലധികം പേര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. സ്‌കൂളില്‍ ചേരുന്ന കുട്ടികളില്‍ പകുതിപേരും പതിനാലാമത്തെ വയസ്സ് ആകുമ്പോഴേക്ക് പൊഴിഞ്ഞുപോകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ ശതമാനം 7 മുതല്‍ 13 വരെയാണ്. പലരും പല കണക്കാണ് നല്‍കുന്നത്. ഇതുപോലും, പാശ്ചാത്യരാജ്യങ്ങളുടെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതാണ്. ഇന്ത്യയിലെ ബുദ്ധിജീവികള്‍ അവിടെച്ചെന്ന് മേധാവിത്വം സ്ഥാപിച്ചാലോ? ഇന്ത്യയിലെ ജനസംഖ്യയില്‍ 54 ശതമാനംപേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. അവര്‍ക്കെല്ലാം മതിയായ വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും നല്‍കുകയാണെങ്കില്‍, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരിന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇപ്പോഴത്തെ ആഗോള പ്രതിസന്ധി, ഇതിന്നുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്. ആഭ്യന്തര സമ്പാദ്യനിരക്ക് ജിഡിപിയുടെ 35.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിച്ച്, വമ്പിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ നിക്ഷേപം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയാണ് പ്രതിസന്ധിയെ അവസരമാക്കി മാറ്റേണ്ടത്.

നിങ്ങളുടെ ചിന്തയെ ഒന്ന് പ്രകോപിപ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കാം: ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാഘോഷം നടക്കുന്ന കൊല്ലമാണ് 2009. ലോകത്തെ പിടിച്ചു കുലുക്കിയ 'ഒറിജിന്‍ ഓഫ് സ്പീഷീസ്'' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷം തികയുന്നതും 2009ല്‍ത്തന്നെ. ആ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിലാണ് തന്റെ പ്രസിദ്ധമായ പ്രയോഗം, "സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്'' (ഏറ്റവും യോജിച്ചവ അതിജീവിക്കും) ആദ്യമായി ഡാര്‍വിന്‍ ഉപയോഗിക്കുന്നത്. ഡാര്‍വിന്‍ ഊന്നിപ്പറയുന്നതുപോലെ, ബോധപൂര്‍വമല്ലാതെ പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായി സ്വയം മാറിത്തീരുന്ന സ്പീഷീസുകള്‍ അതിജീവിക്കും. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ പരിതഃസ്ഥിതിക്ക് അനുയോജ്യമായ അത്തരം പരിണാമം ബോധപൂര്‍വമായിത്തന്നെ ഉണ്ടാവണം. നാം ഒരു രാഷ്ട്രമെന്ന നിലയില്‍ ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാന്‍ തയ്യാറാണോ?


****

സീതാറാം യെച്ചൂരി

No comments:

Post a Comment