Monday, 16 February 2009

അനന്തമായ പരിഹാരവും കാത്ത് കാലത്തിന്റെ അനിശ്ചിതത്വത്തില്‍

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇസ്രയേല്‍-പലസ്തീന്‍പ്രശ്നം സസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയാണ് ഈ ലേഖകന്‍. അതുകൊണ്ടുതന്നെ ഗാസയിലെ ഇന്നത്തെ സംഘര്‍ഷം വിസ്മയമോ ദുഃഖമോ പകരുന്നില്ല. 'മേശപ്പുറത്ത് തണുത്താറിയ എച്ചിലുപോലെ എന്റെ കഥയുടെ അന്ത്യം' എന്ന ഇസാം മെഹ്ഫൂസ് എന്ന ലെബനീസ് കവിയുടെ വരികളാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങളിലൂടെ കടന്നുപോയ ഒരു പഴങ്കഥ. കാലം അതിന് ചെറിയ ചെറിയ രൂപപരിണാമം നടത്തുന്നുവെന്നുമാത്രം. മധ്യപൂര്‍വദേശത്തെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിനുള്ള പരിഹാരം സമഭാവനയോടെ ചിന്തിക്കാവുന്ന ഒരു സാഹചര്യംപോലും ഇപ്പോള്‍ നിലവിലില്ല.

എത്രയെത്ര നരഹത്യകള്‍, എത്രയെത്ര രക്തസാക്ഷികള്‍, എത്രയെത്ര അഭയാര്‍ഥികള്‍, എത്രയെത്ര ബോംബിങ്ങുകള്‍, എത്രയെത്ര അമേരിക്കന്‍ വീറ്റോകള്‍, എരിഞ്ഞുപോയ എത്രയെത്ര കവിതകള്‍, ആകാശത്തേക്കുയരുന്ന അന്തമില്ലാത്ത പുകച്ചുരുളുകള്‍- നരകസമാനമായ ഒരു ജനതയുടെ ജീവിതം വിലാപങ്ങളുടെ കണ്ണുനീര്‍ ഒരിക്കലും വിട്ടുമാറാത്ത മധ്യപൌരസ്ത്യമേഖലയുടെ ചിത്രമാണിത്. പലസ്തീന്‍ ജനതയുടെ മഹാനായ കവി മെഹ്മൂദ് ദാര്‍വിഷ് ഒരിക്കല്‍ ഇങ്ങനെ കുറിച്ചിട്ടു:

"ഒരിക്കലും വിലപേശാനാകാത്ത
മുറിവുകളുടെ പ്രതിനിധിയാകുന്നു ഞാന്‍.
ആരാച്ചാരുടെ പ്രഹരമേറ്റ്
ഞാനെന്റെ മുറിവുകള്‍ക്കു മീതെ
നടക്കാന്‍ ശീലിച്ചിരിക്കുന്നു.''

ദാര്‍വിഷിന്റെ കവിതയിലും മധ്യപൂര്‍വദേശത്തെ എല്ലാ കവിതകളിലും ഈ മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുന്നു. ചരിത്രം ആ മുറിവുകള്‍ക്കുമുമ്പില്‍ നിസ്സഹായമായി നിലകൊള്ളുന്നു.

ഓസ്ലോ ഒത്തുതീര്‍പ്പ്

1996ലെ ഓസ്ലോ ഒത്തുതീര്‍പ്പാണ് ഇന്നു നിലനില്‍ക്കുന്ന പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലം. മെഡിറ്ററേനിയന്‍ തീരത്തെ ഗാസാ ചീന്തും (Gaza Strip), ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേക്കരയും (West Bank) പലസ്തീന്‍കാര്‍ക്കായി മാറ്റിവച്ചുകൊണ്ടുള്ള ഉടമ്പടിയില്‍ ഒരു പുതിയ പലസ്തീന്‍ തൊണ്ണൂറുകളില്‍ പിറന്നുവീണു. എന്നാല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ പലസ്തീന്‍ ജനതയെന്ന അഭയാര്‍ഥിസമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരംപോലുമാകുന്നില്ല. ഭൂരിഭാഗവും ഇസ്രയേലിന്റെ അതിര്‍ത്തികൊണ്ട് മറയ്ക്കപ്പെട്ട രണ്ടു പ്രദേശങ്ങളാണവ. ഗാസയുടെ മറ്റു ഭാഗങ്ങള്‍ ഈജിപ്തും മെഡിറ്ററേനിയന്‍ കടല്‍ത്തീരവുമാണ്. പടിഞ്ഞാറേക്കര ആകട്ടെ ജോര്‍ദാന്‍മാത്രമാണ് ഇസ്രയേല്‍ ഒഴിച്ചുള്ള മറ്റൊരു അതിര്‍ത്തിയാകുന്നത്.

മാറുന്ന സമവാക്യങ്ങള്‍

ഒരിക്കല്‍ പലസ്തീന്‍ ജനതക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറുന്ന കാഴ്ചയ്ക്കും സമീപകാലത്ത് ഗാസ സാക്ഷ്യംവഹിച്ചു. അല്‍ഫത്ത, പിഎഫ്എല്‍പി തുടങ്ങിയ മിതവാദികളും കമ്യൂണിസ്റ്റുകാരുമടങ്ങിയ പിഎല്‍ഒ സംവിധാനത്തെ തള്ളിമാറ്റി അല്‍ഹമാസ് എന്ന വര്‍ഗീയസംഘടനയ്ക്ക് പലസ്തീന്‍ ജനതക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനായി. വര്‍ഗീയപ്രസ്ഥാനങ്ങളുടെ തിരിച്ചുവരവുണ്ടായി എന്നതും സത്യമാണ്. അതിന്റെ ഭാഗമായി പലസ്തീന്‍ രാഷ്ട്രീയത്തെയും കാണുന്നതായിരിക്കും ഔചിത്യം. മാത്രമല്ല, ഒരിക്കലും പരിഹരിക്കാനാവാത്ത ഒരു പ്രശ്നത്തിന്റെ ബാക്കിപത്രം മതതീവ്രവാദത്തിലേക്ക് നീണ്ടുപോയിട്ടുണ്ടെങ്കില്‍ അതൊട്ടും അത്ഭുതകരമല്ല. 2007ല്‍ ഫത്താ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ഹമാസുകാര്‍ ഭരണം പിടിച്ചെടുത്തു. അതും ഒരു രക്തച്ചൊരിച്ചിലിലൂടെ. അതോടെ പലസ്തീന്‍ പ്രദേശങ്ങളെന്നു കരുതപ്പെടുന്ന പിഎല്‍ഒ അധീനതയിലുള്ള പടിഞ്ഞാറേക്കരയില്‍നിന്ന് ഗാസ ഒറ്റപ്പെട്ടു. അതില്‍പ്പിന്നെ ഗാസ ഇസ്രയേലിന്റെ കണ്ണിലെ വലിയ കരടായതില്‍ അത്ഭുതപ്പെടാനുമില്ല.

ഗാസ

നാല്‍പ്പതു കിലോമീറ്റര്‍ നീളവും വീതിയുമുള്ള ഒരു ചെറിയ പ്രദേശമാണ് ഗാസ. 19 വര്‍ഷം ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ഗാസ പിടിച്ചെടുത്തു. 1996ലെ ഓസ്ലോ ഒത്തുതീര്‍പ്പിനുശേഷം ഗാസയില്‍ അധിവസിച്ചിരുന്ന ജൂതന്മാരായ കുടിയേറ്റക്കാരും ഇസ്രയേലി സൈന്യവും ഗാസ ഒഴിഞ്ഞുപോയി. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി ഗാസയിലെ കുടിയേറ്റം അവസാനിച്ചു. എന്നാല്‍, ഇതൊരു നാട്യംമാത്രം. ഗാസയുടെ അതിര്‍ത്തികള്‍ക്കു ചുറ്റും ഇസ്രയേലാണ്. ഗാസയുടെ മെഡിറ്ററേനിയന്‍ സമുദ്രതീരവും ഇസ്രയേലിന്റെ അധീനതയില്‍.

ഈ ഗാസക്കെതിരെയാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തിന് ഹമാസിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഹാനികരമാണെന്ന് ഇസ്രയേലും വാദിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ക്കുനേരെ ബോംബുകള്‍ ഉതിര്‍ക്കുന്നു. മിലിട്ടറിയും ധാരാളം സിവിലിയന്മാരും നൂറുകണക്കിന് കൊല്ലപ്പെടുന്നതാണ് ഗാസയുടെ ഇപ്പോഴത്തെ ചിത്രം.

അഭയാര്‍ഥികളുടെ കൂടാരമാണ് ഗാസ. ഗാസാ നഗരത്തില്‍മാത്രം ഏതാണ്ട് നാലുലക്ഷത്തോളം പേര്‍ അധിവസിക്കുന്നു. ഇസ്രയേലി പ്രദേശങ്ങളില്‍നിന്നു തിരിച്ചുവന്ന അഭയാര്‍ഥികളുടെ എട്ടോളം ക്യാമ്പുകളും ഈ പ്രദേശത്തുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കാണ് ഇതിന്റെ മേല്‍നോട്ടം. ദാരിദ്ര്യവും തൊഴിലില്ലായ്മയും അനാഥത്വവും ഉരുണ്ടുകൂടുന്ന വിളനിലങ്ങളാണ് ഈ അഭയാര്‍ഥി ക്യാമ്പുകള്‍. ഇപ്പോഴവ മതതീവ്രവാദികളുടെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിലെത്തന്നെ അത്യപൂര്‍വമായ ഒരു ജനവാസകേന്ദ്രമായി ഗാസയെ കണക്കാക്കിയിരിക്കുന്നു. ഇവിടെ ജീവിതം കഠിനവും ദുഷ്കരവുമാണ്. വേണ്ടത്ര സൌകര്യങ്ങളില്ല. ഗട്ടറുകളില്‍നിന്ന് മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ റോഡിലേക്കൊഴുക്കപ്പെടുന്ന ദരിദ്രമായ ചേരിപ്രദേശങ്ങള്‍.

"മരണവുമായി ഞങ്ങള്‍
അഭിമുഖം തേടിയെത്തുന്നു
നിരാശയുടെ തീരങ്ങളുമായി ഞങ്ങള്‍ ഇടപഴകുന്നു
തണുത്തുറഞ്ഞ സമുദ്രവും
ഇരുമ്പുപോലത്തെ വെള്ളവും
ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍
വളര്‍ന്നിരിക്കുന്നു''

സിറിയന്‍കവി അഡോണിസിന്റെ ജീവിതസാക്ഷ്യമാണ് മധ്യപൂര്‍വദേശത്തെ ഈ ദുരിതജീവിതം. അനന്തമായ പരിഹാരവും കാത്ത് ലോകമനസ്സാക്ഷിയുടെ കനിവും തേടി കാലത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ കാത്തിരിക്കുകയാണ്.

*

കൃഷ്ണദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments:

Post a Comment