Sunday, 22 February 2009

മംഗലാപുരം ഒരു മുഖവുര

'അവിടെ ഭയമാണ് ഭരിക്കുന്നത്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്ന് മംഗലാപുരത്തിനും ബ്രെഹ്തിന്റെ വാക്കുകള്‍ ബാധകമായിരിക്കുന്നു. മംഗലാപുരം ഇന്ത്യയിലെ അധോലോകത്തിന്റെ കുപ്രസിദ്ധതാവളങ്ങളിലൊന്നാണ് എന്ന് നമുക്ക് നേരത്തേയറിയാം. അധോലോക രാജാക്കന്മാരുടെ കൈയൂക്കും കാട്ടുനീതിയും മംഗലാപുരത്ത് മുമ്പു തന്നെ ഭയം വിതച്ചിട്ടുണ്ട്. മംഗലാപുരം ഭരിച്ചുവന്ന സാമ്പത്തിക അധോലോകത്തിനൊപ്പം പുതിയൊരു സാംസ്കാരിക അധോലോകത്തിന്റെ വിഷവൃക്ഷങ്ങള്‍ കൂടി മംഗലാപുരത്തിന്റെ കാവി നിറമുള്ള മണ്ണില്‍ വളര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് പ്രമോദ് മുത്തലിഖ് എന്ന ഹിന്ദുത്വ ഭ്രാന്തന്‍ നയിക്കുന്ന ശ്രീരാം സേന. (തീര്‍ച്ചയായും മംഗലാപുരത്ത് വേരുറപ്പിച്ച സാമ്പത്തിക അധോലോകത്തെയും സാംസ്കാരിക അധോലോകത്തെയും ബന്ധിപ്പിക്കുന്ന ചില പൊതുകണ്ണികളുണ്ട്. അതിനെക്കുറിച്ചുള്ള അന്വേഷണം ഈ ലേഖനത്തിന്റെ വിഷയമല്ല).

ഒളിഞ്ഞുനോട്ടക്കാര്‍

ശ്രീരാംസേന എന്ന ഈ ക്രിമിനല്‍ സംഘത്തിന്റെ സമീപകാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നടുക്കവും പ്രതിഷേധവും ഉണ്ടാക്കുകയുണ്ടായി. അതിലൊന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മംഗലാപുരത്തെ പബ്ബുകളില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി ആക്രമിച്ച സംഭവമാണ്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ട ദൃശ്യങ്ങള്‍ ഭീതിയുളവാക്കുന്നതായിരുന്നു. ആ അപരിഷ്കൃത നടപടിയെ ന്യായീകരിച്ച ശ്രീരാമസേന തുടര്‍ന്ന് ഭീഷണി മുഴക്കിയത് ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കെതിരായിട്ടായിരുന്നു. വാലന്റൈന്‍ ദിനം പങ്കിടുന്ന കമിതാക്കളെ ഒളിക്യാമറ ഉപയോഗിച്ചു കണ്ടെത്തി തല്‍ക്ഷണം വിവാഹം കഴിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി താലിയും പൂജാരിയുമായി ശ്രീരാമസേനാംഗങ്ങള്‍ ആ ദിവസം റോന്തുചുറ്റുമത്രെ. മൂന്നാമത്തേത് അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതി മംഗലാപുരത്തുള്ള കോളേജിലേക്ക് ബസ്സില്‍ പോകുമ്പോള്‍ സഹപാഠിയുടെ സഹോദരനായ മുസ്ലീം കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ടുപേരെയും ബസ്സില്‍ നിന്നിറക്കി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഈ മൂന്നു സംഭവങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ മംഗലാപുരത്ത് ഇന്ന് നിലനില്‍ക്കുന്ന ഭീതിതമായ അന്തരീക്ഷം തിരിച്ചറിയാനാകും. അന്യമതസ്ഥനായ സുഹൃത്തിനോട് മിണ്ടാന്‍പോലും ഭയപ്പെടേണ്ട സ്ഥിതി. അയല്‍ക്കാരനോ പരിചയക്കാരനോ ആയ മുസ്ലീമിനെ കണ്ടാല്‍ അപരിചിതനെപ്പോലെ മുഖംതിരിച്ചു നടക്കണം. സ്കൂള്‍ കുട്ടികള്‍ പോലും അന്യോന്യം മിണ്ടിപ്പോയാല്‍ ആക്രമിക്കപ്പെട്ടേക്കാം. ബസ്സിലോ പൊതുസ്ഥലത്തോ വിദ്യാലയത്തിലോ എവിടെവച്ചും നിങ്ങള്‍ വേട്ടയാടപ്പെടാം. പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക. മംഗലാപുരത്തെ ‘കൊച്ചു ഹിന്ദുരാഷ്ട്രത്തില്‍ പ്രണയം നിരോധിച്ചിരിക്കുന്നു! പ്രണയം കണ്ടുപിടിക്കാന്‍ ബൈനോക്കുലറും ഒളിക്യാമറയുമായി ഒളിഞ്ഞുനോട്ടക്കാരായ കുറേ ഹിന്ദുത്വ ബോറന്മാര്‍ ശ്രീരാമന്റെ പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

ധാര്‍മികതയുടെയും സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും സ്വയം പ്രഖ്യാപിത കാവലാളുകളായി ചമയുന്നത് ലോകത്തിലെല്ലായിടത്തും എല്ലാ കാലത്തുമുള്ള മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും പൊതുവായ രീതി ശാസ്ത്രമാണ്. സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നീ സങ്കല്‍പങ്ങളേയും ആധുനികമൂല്യങ്ങളേയുമാണ് ഇവര്‍ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്രമങ്ങളില്‍ ഏറ്റവും പ്രകടവും ശ്രദ്ധേയവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതുമായ വസ്തുത മതതീവ്രവാദികളുടെ സ്ത്രീവിരുദ്ധതയാണ്.

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ശ്രീരാമസേന ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ഹിന്ദുത്വത്തിന്റേതാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യമാകട്ടെ ഹിന്ദുരാഷ്ട്രവുമാണ്. ശ്രീരാമസേനയെപ്പോലുള്ള ഹിന്ദുത്വശക്തികളെല്ലാം അച്ചടക്കത്തോടെ അംഗീകരിക്കുന്ന ‘ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ നിയമസംഹിതയാകട്ടെ മനുസ്മൃതിയുമാണ്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധതക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. കൌമാരത്തില്‍ പിതാവും യൌവനത്തില്‍ ‘ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടവളായ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വത്തിന്റെ ഭരണഘടനയാണത്. ആ ‘ഭരണഘടനയോടു കൂറു പുലര്‍ത്തുന്ന ശ്രീരാമസൈനികര്‍ വിലക്കുകള്‍ ലംഘിക്കുന്ന’ സ്ത്രീകളെ എങ്ങനെയാണ് നേരിടുക? ആ നേരിടലിന്റെ രീതിയാണ് മംഗലാപുരത്തുനിന്നപ്പോള്‍ തല്‍സമയം കാണുന്നത്. പബ്ബ് ആക്രമിച്ച മുത്തലീഖിന്റെ ഗുണ്ടാസംഘം പെണ്‍കുട്ടികളെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴച്ചതും നിലത്തിട്ട് മതിവരുവോളം മര്‍ദിച്ചതും നാം കണ്ടു. പണ്ട് കൌരവസഭയിലിട്ട് ദ്രൌപതിയെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുകയും ചെയ്ത ദുശ്ശാസനനെ ഓര്‍മിപ്പിക്കുന്നു മുത്തലീഖിന്റെ കശ്മലന്മാര്‍.

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണച്ചട്ടം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ പരിവാര്‍-ഹിന്ദുത്വ സംഘടനകളായ എബിവിപിയും ശിവസേനയുമെല്ലാം പലപ്പോഴും നടത്തിയിട്ടുണ്ട്. എബിവിപി പ്രഖ്യാപിച്ച വസ്ത്രധാരണച്ചട്ടം പാലിക്കാത്തതിന്റെ പേരില്‍ ചില ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടേയും അധ്യാപികമാരുടേയും തലയില്‍ കരിഓയില്‍ ഒഴിച്ച സംഭവം കുറച്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാകട്ടെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുട്ടു മറയ്ക്കാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന ഉത്തരവിറക്കിയത് വിവാദമായിരുന്നു. സ്ത്രീകള്‍ ഭാരതീയ വേഷം’ മാത്രമേ ധരിക്കാവൂ എന്ന സംഘപരിവാര്‍ നിലപാട് നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കാകെ ബാധകമായ ഒരു പൊതു ഭാരതീയ വേഷം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇന്ത്യയെപ്പോലെ ആഴമേറിയ വൈവിധ്യങ്ങളും സാംസ്കാരിക വൈജാത്യങ്ങളുമുള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് പൊതുവേഷം അടിച്ചേല്പിക്കുന്നത് സ്ത്രീവിരുദ്ധതയോടൊപ്പം സാംസ്കാരിക ബഹുസ്വരതയെ നിഷേധിക്കലും കൂടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ തയ്യാറാക്കിയ സ്കൂള്‍ പാഠ്യപദ്ധതി അതിലെ വര്‍ഗീയ ഉള്ളടക്കത്തോടൊപ്പം സ്ത്രീ വിരുദ്ധതയുടെ കൂടി പേരിലാണ് ഏറെ പ്രതിഷേധം ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഗൃഹഭരണം പഠിപ്പിക്കണമെന്നായിരുന്നു ആ പാഠ്യപദ്ധതി അനുശാസിച്ചത്. അന്യജാതിയിലോ മതത്തിലോപെട്ട പരുഷന്മാരെ പ്രണയിച്ച് വിവാഹം കഴിക്കുന്ന സ്ത്രീകളെ കുടുംബത്തിന്റെ മാനം സംരക്ഷിക്കാന്‍ കൊല്ലുന്ന ആദരഹത്യകള്‍ (honour killing) ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പതിവാണ് എന്നും ഓര്‍ക്കുക. ഹിന്ദുത്വശക്തികള്‍ക്ക് വേരോട്ടമുള്ള മേഖലകളിലാണ് പെണ്‍ഭ്രൂണഹത്യയും കൂടുതലുള്ളത് എന്ന വസ്തുത ഹിന്ദുത്വത്തില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയുടെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ത്രീയെ ബാധ്യതയും അടിമയും സ്വകാര്യസ്വത്തും സ്വാതന്ത്ര്യമര്‍ഹിക്കാത്തവളുമായി കണക്കാക്കുന്ന ഹിന്ദുത്വവീക്ഷണത്തിന്റെ ഫാസിസ്റ്റ് പ്രയോഗ പദ്ധതിയാണ് മംഗലാപുരത്ത് കണ്ടത്.

താലിബാനും മനുസ്മൃതിയും

ഈ സ്ത്രീവിരുദ്ധതയാകട്ടെ ഹിന്ദുത്വശക്തികളുടെ മാത്രം മുഖമുദ്രയല്ല. ഇസ്ലാമിക വര്‍ഗീയശക്തികളുള്‍പ്പെടെയുള്ള എല്ലാ വര്‍ഗീയ-മത തീവ്രവാദശക്തികളും ഒരുപോലെ പങ്കുവെക്കുകയും അവലംബിക്കുകയും ചെയ്യുന്ന പ്രതിലോമ നിലപാടാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനും കാശ്മീരിലെ ലഷ്കര്‍-ഇ-തയ്ബയും കേരളത്തിലെ എന്‍ഡിഎഫും വരെയുള്ളവര്‍ ഒരുപോലെ കടുത്ത സ്ത്രീവിരുദ്ധതയുടെ വക്താക്കളാണ്. മറ്റു പലതുമെന്നപോലെ ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദശക്തികള്‍ യോജിപ്പിലെത്തുന്ന ഒരു മേഖല സ്ത്രീവിരുദ്ധതയുടേതാണ് എന്നര്‍ഥം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മേധാവിത്വം നേടിയശേഷം വിവരണാതീതമായ ദുരിതം ഏറ്റുവാങ്ങിയത് സ്ത്രീകളാണ്. അവര്‍ മധ്യകാല കാടത്തത്തിന്റെ ഇരകളായിത്തീര്‍ന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു. അടുത്ത ബന്ധുവായ പുരുഷനോടൊപ്പം മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്നാണ് താലിബാന്റെ ഉഗ്രശാസനം. ലംഘിച്ചാല്‍ വില നല്‍കേണ്ടിവരിക സ്വന്തം ജീവന്‍ തന്നെ. പെണ്‍കുട്ടികള്‍ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നാണ് ശ്രീരാമസേനയുടെയും നിലപാട്. എന്തൊരു സമാനത! മനുസ്മൃതിയുടെ കല്പനകള്‍ പാലിക്കുന്നതില്‍ താലിബാനും ശ്രീരാമസേനയും തമ്മില്‍ എന്തൊരു യോജിപ്പ്! കാശ്മീരിലെ തീവ്രവാദികളാവട്ടെ പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണച്ചിട്ടയും ബുര്‍ഖയും നിര്‍ബന്ധിതമാക്കുകയും അതു നടപ്പില്‍ വരുത്താന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു. അന്ത്യശാസനം സമയം കഴിഞ്ഞും ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനികളെ വെടിവെച്ചുകൊന്ന സംഭവങ്ങളും നിരവധി. കാശ്മീരില്‍ വീടുകള്‍ കൈയേറി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ തീവ്രവാദികള്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും പതിവു സംഭവങ്ങള്‍.

പാകിസ്ഥാനിലെ സ്വാത്ത് താഴ്വര പിടിച്ചടക്കിയ താലിബാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദികള്‍ ആദ്യം ലക്ഷ്യം വച്ചത് സ്ത്രീ സ്വാതന്ത്ര്യത്തെയാണ്. കഴിഞ്ഞ ജനുവരി 15 താലിബാന്‍ പുറപ്പെടുവിച്ച കല്പന സ്വാത്തിലെ ഗേള്‍സ് സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്നാണ്. എണ്‍പതിനായിരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണിങ്ങനെ മുടങ്ങിയത്. നിശ്ചിത തിയ്യതിക്കകം പൂട്ടാത്തതിനാല്‍ 183 സ്കൂളുകളാണ് സ്വാത്തില്‍ തകര്‍ത്തുകളഞ്ഞത്. (The Hindu, 21-01-09).

താലിബാന്റെ കേരള പതിപ്പായ എന്‍ഡിഎഫ് ഇവിടെ ചെയ്യുന്നതും വ്യത്യസ്തമല്ല. മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ട് എന്‍ഡിഎഫ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രം. മുത്തലീഖിന്റെ ശ്രീരാമസേനയെപ്പോലെ പ്രണയം നിരോധിക്കുന്നവരാണ് എന്‍ഡിഎഫും എന്‍ഡിഎഫിന്റെ ശിക്ഷാ നിയമപ്രകാരം പ്രണയത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷ തന്നെ. കാസര്‍കോട്ട് മുസ്ലീം പെണ്‍കുട്ടിയെ പ്രണിയിച്ച് വിവാഹം ചെയ്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ അവര്‍ വെട്ടിക്കൊന്നത്. സ്വസമുദായത്തിലെ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മഞ്ചേരിയിലെ തസ്നിബാനുവെന്ന പെണ്‍കുട്ടിയെ എന്‍ഡിഎഫുകാര്‍ വേട്ടയാടിയത് കേരളം മറന്നിരിക്കാനിടയില്ല. മുസ്ലീം പെണ്‍കുട്ടികളുമായി സംസാരിക്കുന്ന ആണ്‍കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് കൈയോടെതന്നെ ശിക്ഷ നല്‍കാനുമായി തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ സദാചാരപ്പോലീസിനെ നിയോഗിക്കുന്ന രീതി എന്‍ഡിഎഫിനും അന്യമല്ല. അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയവേട്ടയിലും ഒളിഞ്ഞുനോട്ടത്തിലും എന്‍ഡിഎഫ് ശ്രീരാമസേനക്കു പിന്നിലായി എന്ന ‘ദുഷ്പേര്’ ഉണ്ടാകില്ലെന്നുറപ്പ്. മലപ്പുറത്ത് രാത്രിയില്‍ പൊതുവഴിയില്‍ കണ്ടതിന്റെ പേരില്‍ സന്മാര്‍ഗലംഘനം ആരോപിച്ച് മൂന്ന് സ്ത്രീകളെ മൊട്ടയടിച്ചതടക്കമുള്ള സദാചാരപ്പോലീസിന്റെ കൃത്യനിര്‍വഹണം ‘സ്തുത്യര്‍ഹമായിത്തന്നെ അവര്‍ പാലിച്ചു പോന്നിട്ടുണ്ട്.

സാംസ്കാരിക കാപട്യം

സാംസ്കാരിക അപചയത്തിനെതിരായ യുദ്ധപ്രഖ്യാപനവും എല്ലാ മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും സ്ഥിരം തന്ത്രമാണ്. സംസ്കാരം അവര്‍ക്ക് സ്വന്തം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു മറ മാത്രം. സാംസ്കാരിക ജീര്‍ണത വളര്‍ത്തുന്ന സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളെ എതിര്‍ക്കാതിരിക്കുകയും ചില അപചയങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് അതിനെതിരായി യുദ്ധം നടത്തുകയും ചെയ്യുന്നത് നിഴല്‍യുദ്ധം മാത്രമാണ്. സാംസ്കാരിക ജീര്‍ണതക്കെതിരെ എന്നപേരില്‍ തികച്ചും പ്രതിലോമകരവും ജനവിരുദ്ധവുമായ സമീപനങ്ങളില്‍ നിന്നുകൊണ്ട് ജനാധിപത്യ ജീവിതത്തിനുനേരെ കടന്നാക്രമണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജീര്‍ണതക്കിടയാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരായ എതിര്‍പ്പിനെ വഴിതിരിച്ചുവിടുന്നതിലൂടെ സാംസ്കാരികവും സാമൂഹികവുമായ ജീര്‍ണതകളെ ഫലത്തില്‍ കൂടുതല്‍ അഗാധമാക്കുകയും ചെയ്യുന്നു. പബ്ബ് സംസ്കാരവും വാലന്റൈന്‍ ദിനാഘോഷങ്ങളുടെ പേരിലുള്ള പ്രണയ വൈകൃതങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കച്ചവടവല്‍ക്കരണവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ആ എതിര്‍പ്പുകള്‍ ജനാധിപത്യപരമായ രീതികളും ആശയപ്രചരണത്തിന്റെ മാര്‍ഗവും അവലംബിക്കുന്നതും കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമാവണം. ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തേയും സാംസ്കാരിക പ്രത്യാഘാതങ്ങളേയും സമഗ്രതയില്‍ കണക്കിലെടുക്കാത്ത, ആള്‍ക്കൂട്ടത്തിന്റെ അരാജകത്വവും ഗുണ്ടാവിളയാട്ടങ്ങളും സാംസ്കാരിക പ്രതിരോധമല്ല കൂടുതല്‍ വഷളായ സംസ്കാരശൂന്യതയാണ്.

എംഎഫ് ഹുസൈന്‍ മുതല്‍ ഗുലാം അലിയും മമ്മൂട്ടിയും വരെയുള്ള കലാകാരന്മാരെ വേട്ടയാടുകയും ബറോഡ യൂണിവേഴ്സിറ്റിയിലെ ചിത്ര പ്രദര്‍ശനത്തിന് തീ കൊടുക്കുകയും വാട്ടര്‍, ഫയര്‍ തുടങ്ങി തങ്ങള്‍ക്കഭിമതമല്ലാത്ത സിനിമകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും നവവത്സരാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളും വൈദേശികമെന്നാരോപിച്ച് കൈയേറുകയും ചെയ്തിട്ടുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് സംസ്കാരശൂന്യതയുടെ മറ്റൊരു മുഖമാണ് മംഗലാപുരത്തു കണ്ടത്.

റേഡിയോയും ടിവിയും സിനിമയും സംഗീതവും നിരോധിച്ച അഫ്ഗാനിസ്ഥാനെ ഭീകരമായൊരു നരകമാക്കിത്തീര്‍ത്ത താലിബാനും സല്‍മാന്‍ റുഷ്ദിയും തസ്ലീമയും അസ്‌ഗര്‍ അലി എന്‍ചിനീയറും കലാമണ്ഡലം ഹൈദരാലിയും സദനം റഷീദും ഉള്‍പ്പെടെ വലുതും ചെറുതുമായ എഴുത്തുകാരെയും കലാകാരന്മാരേയും വേട്ടയാടിയ ഇസ്ലാമിക തീവ്രവാദികളുടെ സംസ്കാരശൂന്യതയും സംഘപരിവാറിന് ഒട്ടും പിന്നിലല്ല. മതമില്ലാത്ത ജീവന്റെ പേരില്‍ കേരളത്തിലെ ഏഴാം ക്ലാസ് പാഠപുസ്തകം ചുട്ടുചാമ്പലാക്കപ്പെടേണ്ടതാണ് എന്ന് വിധിച്ചതില്‍ ഹിന്ദുത്വ-ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ ഒരേ തൂവല്‍ പക്ഷികളായിരുന്നുവെന്നതും വിസ്മരിച്ചുകൂട. പുസ്തകം കത്തിച്ചതും സദാചാരവും സംസ്കാരവും സംരക്ഷിക്കുന്നതിന്റെ ‘ഭാഗമാണെന്നായിരുന്നല്ലോ ഇരുകൂട്ടരുടേയും ന്യായം. പോളണ്ട് കൈടക്കിയ നാസികള്‍ ആദ്യം ചെയ്തത് വിശ്വക്ലാസിക്കുകള്‍ക്ക് തീയിടുകയായിരുന്നുവെന്നതില്‍ നിന്ന് ഫാസിസ്റ്റുകള്‍ക്ക് സംസ്കാരത്തോടുള്ള സമീപനം വ്യക്തമാകും.

റീച്ച്സ്റാഗും കുഞ്ഞമ്പുവും

ശ്രീരാമസേനയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന സംഘപരിവാറും ബിജെപിയും ഓരോ ആക്രമണങ്ങളെതുടര്‍ന്നും അവരെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ നിരത്തുകയാണ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരാകട്ടെ ശക്തമായ എന്തെങ്കിലും നടപടി അവര്‍ക്കെതിരെ സ്വീകരിക്കുന്നുമില്ല.

ശ്രീരാമസേനയെ രക്ഷിക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത മറനീക്കി പുറത്തുവന്നത് സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ പ്രശ്നത്തിലാണ്. കുഞ്ഞമ്പുവിന്റെ മകളെ ആക്രമിച്ചവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നാണ് സംഘടിതമായി സംഘപരിവാര്‍ പ്രചരിപ്പിച്ചത്. അവിടംകൊണ്ടും നിര്‍ത്താതെ കുഞ്ഞമ്പു തന്നെയാണ് മകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ ഈ സംഭവം ആസൂത്രണം ചെയ്തത് എന്നുവരെ ഇക്കൂട്ടര്‍ പറഞ്ഞുകളഞ്ഞു! ജര്‍മന്‍ പാര്‍ലമെന്റായ റീച്ച് സ്റ്റാഗിന് തീകൊടുത്ത നാസികള്‍ കമ്യൂണിസ്റുകാരാണ് അതു ചെയ്തത് എന്ന് പ്രചരിപ്പിച്ചതിനോടല്ലാതെ എന്തിനോടാണീ നുണയെ താരതമ്യം ചെയ്യുക. ഡിവൈഎഫ്ഐ നേതാക്കളായ ‘ഭാസ്കര കുമ്പളയും ഈയിടെ റഫീക്കും കൊലചെയ്യപ്പെട്ടപ്പോഴും ആര്‍എസ്എസ് ഇങ്ങനെതന്നെയാണ് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ രാജ്‌നാഥ് സിങ് അവകാശപ്പെട്ടത് തങ്ങള്‍ മാത്രമാണ് ഗാന്ധിശിഷ്യര്‍ എന്നാണല്ലോ. ഗാന്ധിശിഷ്യരെന്ന് അവകാശപ്പെടാന്‍ മടിക്കാത്ത ഗാന്ധിഘാതകര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്? എന്താണ് ചെയ്തുകൂടാത്തത്? ഫാസിസ്റ്റ് ഇരട്ടത്താപ്പിന്റെയും അവസരവാദത്തിന്റേയും നികൃഷ്ടമായ ഉദാഹരണമാണിത്.

വിഷത്താമരയുടെ രാഷ്ട്രീയം

മംഗലാപുരം സംഭവങ്ങളുടെ രാഷ്ട്രീയം എന്താണ്? കര്‍ണാടകയില്‍, ദക്ഷിണേന്ത്യയിലാദ്യമായി ബിജെപിയുടെ വിഷത്താമര വിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്. ഇന്ത്യയില്‍ മറ്റു പലയിടത്തുമെന്നപോലെ കര്‍ണാടകയിലും ബിജെപിയുടെ അധികാരാരോഹണം ഹിന്ദുത്വ തീവ്രവാദത്തെയും വര്‍ഗീയ ധ്രുവീകരണത്തെയും ശക്തിപ്പെടുത്തിയിരിക്കുന്നു. ശ്രീരാമസേനപോലുള്ള ഹിന്ദുത്വ മാഫിയാ സംഘങ്ങളുടെ ഉത്ഭവവും പ്രവര്‍ത്തനങ്ങളും ഈ രാഷ്ട്രീയവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമസേന സംഘപരിവാറില്‍ അംഗമായാലും ഇല്ലെങ്കിലും ഇരുവരും പങ്കുവെക്കുന്നത് ഒരേ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ്. അതാകട്ടെ തീവ്രഹിന്ദുത്വത്തിന്റേതുമാണ്.

ഇത്തരം ശക്തികളെ ഇളക്കിവിടുന്നതിനു പിന്നില്‍ ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് തീവ്ര ഹിന്ദുത്വ നിലപാടിലേക്കുള്ള ബിജെപിയുടെ ചുവടുമാറ്റവുമുണ്ട്. നാഗ്പൂരില്‍ അദ്വാനിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് ‘ജയ് ശ്രീരാം’ മുദ്രാവാക്യമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രാമനെ തങ്ങള്‍ മറന്നിട്ടില്ലെന്നുള്ള അദ്വാനിയുടെ പ്രഖ്യാപനം തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്ത ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയുമാണ്. ഈ മടങ്ങിപ്പോക്ക് സമീപകാലത്ത് ബിജെപിക്കുണ്ടായ തിരച്ചടികളുടെ നിരാശയും ആഗോള സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സങ്കീര്‍ണ സമസ്യകളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലായ്മയും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള കാര്യക്ഷമമായ ഒരു പരിപാടിയുടെ ശൂന്യതയും നിമിത്തം അനിവാര്യവുമാണ്.

ബിജെപി തീവ്ര ഹിന്ദുത്വത്തിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞതോടെ ഒരു കാര്യം സ്പഷ്ടമായിരിക്കുന്നു. വരാനിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ പുതിയ കടന്നാക്രമണങ്ങളുടെ വേലിയേറ്റമായിരിക്കും. അരങ്ങേറാനിരിക്കുന്ന ആ ഫാസിസ്റ്റ് ആക്രമണങ്ങളുടെ മുഖവുര മാത്രമാണ് മംഗലാപുരം സംഭവങ്ങള്‍.

*
എം ബി രാജേഷ് കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment