Thursday 19 March 2015

ഇ എം എസ് എന്നും വഴികാട്ടി

സ. ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ട് തികയുന്നു. കേരളം ലോകത്തിനുനല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്നില്ല.
ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യസംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയപ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു.
ജന്മിത്തം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണസമരങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്- വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്.
ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസ് നല്‍കി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയാണ്. മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് എന്നും ജാഗ്രതകാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ സഖാവ് നല്‍കിയ സംഭാവന കാലാതിവര്‍ത്തിയാണ്. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതംകൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്.
കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്തവ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു. കേരളചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലനില്‍ക്കുന്നു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരികചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ കുറച്ചുകണ്ടതുമില്ല. കേരളത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഇടപെടല്‍ ജീവിതാന്ത്യംവരെ അദ്ദേഹം തുടര്‍ന്നു. മലയാളഭാഷയെ നവീകരിക്കുന്നതിനും വക്രീകരിക്കുന്നതിനെതിരായും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു.
മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം എന്നും നമുക്ക് വഴികാട്ടിയാണ്. കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്രസംസ്ഥാനബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടു. സംസ്ഥാനങ്ങളുടെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ഫെഡറല്‍ ഘടനയ്ക്കും ദേശീയ ഐക്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ ഇന്ത്യന്‍ ജനതയുടെ ദുരിതത്തിന്റെ വഴികളാണ് വെട്ടിത്തുറക്കുന്നത് എന്ന യാഥാര്‍ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്ന ഘട്ടത്തിലാണ് ഇത്തവണ ഇ എം എസ് സ്മരണ പുതുക്കുന്നത്. നവലിബറല്‍ നയങ്ങളുടെ ആഘാതം ജനജീവിതത്തെ അതിഗുരുതരമായി ബാധിച്ചിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പെരുകിപ്പെരുകിവരുമ്പോള്‍, വിലക്കയറ്റത്തിന്റെ കടിഞ്ഞാണഴിച്ചുവിട്ട് ജനങ്ങളെ എരിതീയിലേക്ക് നയിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ബിജെപിയാകട്ടെ, തീവ്രഹിന്ദുത്വത്തിന്റെ അജന്‍ഡകള്‍ നിരത്തി പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ജനവിരുദ്ധ സാമ്പത്തികനയങ്ങളില്‍ ഇരുകൂട്ടരും ഒരേ വഴിയിലുമാണ്. ബദല്‍നയങ്ങളുടെയും ബദല്‍ രാഷ്ട്രീയത്തിന്റെയും പ്രസക്തി അനുനിമിഷം വര്‍ധിക്കുന്നു. ആ ബദലിന് മാതൃകയായ ത്രിപുരയിലെ ഇടതുപക്ഷമുന്നണി ഏഴാംതവണ ഗംഭീരവിജയം നേടിയത് ഇത്തരുണത്തിലാണ്.
ബദല്‍നയങ്ങള്‍ ഉയര്‍ത്തി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാല് അഖിലേന്ത്യാ സമരസന്ദേശ ജാഥകള്‍ രാജ്യത്തെങ്ങും നടത്തിയ പര്യടനം ആവേശകരമായിരുന്നു. ജാഥാസമാപനമായി ഇന്ന് ഡല്‍ഹിയില്‍ അത്യുജ്വലറാലി നടക്കുന്നതോടെ, സിപിഐ എമ്മിന്റെയും പാര്‍ടി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളുടെയും സ്വീകാര്യതയാണ് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുക. ധനകമ്മി നിയന്ത്രിക്കാനെന്നപേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും ഇന്ധനവില കുത്തനെ ഉയര്‍ത്തിയും പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ വാരിക്കോരി കൊടുത്തും രാജ്യത്തെയും ജനങ്ങളെയും അക്രമോത്സുകമായി കൊള്ളയടിക്കുന്നത് തുടരുമെന്നാണ് പാര്‍ലമെന്റില്‍ അവതരിക്കപ്പെട്ട ബജറ്റുകള്‍ പ്രഖ്യാപിച്ചത്.
ഭക്ഷ്യസുരക്ഷ, ഭൂമിയും കിടപ്പാടവും, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വിഷയങ്ങള്‍ വിശദീകരിച്ച് സിപിഐ എം നടത്തുന്ന സമരസന്ദേശ പ്രചാരണങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ, യുപിഎ സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ രൂക്ഷതയെക്കൂടി സൂചിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ക്കെതിരായ സര്‍വവ്യാപിയായ ജനരോഷമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20നും 21നും നടന്ന ദ്വിദിന പണിമുടക്കത്തിന്റെ ഐതിഹാസികമായ വിജയം തെളിയിച്ചത്. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്കും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും കേരളമാതൃകയ്ക്കും അടിത്തറയിട്ടത് ഇ എം എസ് നേതൃത്വം നല്‍കിയ 1957ലെ സര്‍ക്കാരാണ്. ആ മാതൃകയെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്, വലതുപക്ഷസ്വഭാവമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വിലക്കയറ്റത്തിന്റേതും വികസനമുരടിച്ചയുടേതുമാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്നതാകണം ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കേന്ദ്രനയംമൂലം തകരുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയും എങ്ങനെ രക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, അതൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ പരിഗണനകളല്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നൂറുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. രണ്ടുമാസത്തെ നഷ്ടംനികത്താന്‍പോലും തികയാത്ത ആ തുകയെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി നൈരാശ്യം പ്രകടിപ്പിച്ചു. ബജറ്റിലെ സമീപനത്തിന്റെ നിരര്‍ഥകത എത്രത്തോളമുണ്ടെന്നാണ് അതിലൂടെ വ്യക്തമായത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുമ്പോള്‍ത്തന്നെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഹീനമായ അധ്യായങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളരാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ക്കുന്നത്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും അതിരുകള്‍ വിട്ട് ഭരണാധികാരികള്‍തന്നെ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുന്നു. ഭരണത്തെ സംരക്ഷിക്കുക എന്ന ഏകലക്ഷ്യത്തില്‍ തട്ടി ഏതുഹീനകൃത്യവും സംരക്ഷിക്കപ്പെടുന്നു. രാഷ്ട്രീയത്തെ ജാതി-മത ശക്തികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നു.
ജാതി-മതശക്തികളുടെ രാഷ്ട്രീയ ഇടപെടലിനെ തുറന്നുകാട്ടാനും മതനിരപേക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനുമായിരുന്നു ഇ എം എസിന്റെ നിരന്തരമായ ശ്രമം. ജനങ്ങള്‍ക്ക് ദുരിതം സംഭാവനചെയ്ത ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ ഇടവേളയില്ലാതെ പൊരുതിയ നേതാവാണ് ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരം ബദല്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലമാണിത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ എം എസ് കാണിച്ചുതന്ന പാത നമുക്ക് കരുത്ത് നല്‍കും. ജനകീയതാല്‍പ്പര്യങ്ങള്‍ക്കായി പാര്‍ടി നടത്തുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം. അതിലൂടെയേ അനുസ്മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് നിറവേറ്റാനാകൂ.

Wednesday 16 July 2014

വര്‍ഗീയവാദത്തിന്റെ അടിവേരുകള്‍ തേടി


നമ്മുടെ രാജ്യത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ അധികാരമുറപ്പിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ വര്‍ഗീയതയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും കുറിച്ച് മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് കെ.എ. വേണുഗോപാലന്‍ എഴുതിയ 'വര്‍ഗീയത: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകം. ഇന്ത്യന്‍ ഭരണവര്‍ഗം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുന്ന നില എന്തുകൊണ്ട് ഉണ്ടായി എന്ന പരിശോധന നടത്തിക്കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ ഹിന്ദു പുനരുജ്ജീവനത്തിന്റെ അംശങ്ങള്‍ പ്രകടമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വളര്‍ന്നുവന്ന കോണ്‍ഗ്രസ്സില്‍ ഈ സ്വാധീനം ദൃശ്യമായി. അക്കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖകന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനകത്ത് രൂപപ്പെട്ട ഈ നിലപാട് രാജ്യം ഒരു ഹിന്ദുരാഷ്ട്രമാകുമോ എന്ന തോന്നല്‍ മറ്റു ജനവിഭാഗങ്ങളില്‍ ഉണ്ടാക്കി. അതിന്റെ ഫലമായിട്ടാണ് അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടത് എന്നും ലേഖകന്‍ വ്യക്തമാക്കുന്നു. 


സ്വാതന്ത്ര്യാനന്തരം അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് ഭൂപ്രഭുത്വവുമായി സന്ധി ചെയ്ത് രാഷ്ട്രീയ അധികാരം നിലനിര്‍ത്തുകയാണ് ചെയ്തത്. ഇത് ജാതിമത ചിന്തകളും അവയുടെ രൂപാന്തരമായ ജാതി വര്‍ഗീയ രാഷ്ട്രീയവും നിലനില്‍ക്കുന്നതിനും വളരുന്നതിനുമുള്ള ഭൗതിക പശ്ചാത്തലം ഉണ്ടാക്കി. ഇന്ത്യയില്‍ വളര്‍ന്നുവന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇതാണെന്ന് സി.പി.ഐ (എം) ന്റെ പാര്‍ടി പരിപാടി കൂടി ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ രേഖപ്പെടുത്തുന്നു. ഇന്ത്യാരാജ്യത്ത് കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഉതകുന്ന നയസമീപനമാണ് നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചത്. അതിനാല്‍, അത്തരം ശക്തികള്‍ക്ക് തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ബി.ജെ.പിയുടെ ഭരണവും സഹായകമാണെന്ന് വ്യക്തമാവുകയുണ്ടായി. ഗുജറാത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കായുള്ള വികസന നയങ്ങള്‍ മുന്നോട്ടുവച്ച നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തുന്നതിനു പിന്നിലുള്ള കുത്തക മുതലാളിത്തത്തിന്റെ താല്‍പ്പര്യം ഈ പുസ്തകത്തില്‍ തുറന്നുകാട്ടപ്പെടുന്നു. ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനത്തില്‍ പുനരുജ്ജീവനത്തിന്റെ അംശങ്ങള്‍ നിലനിന്നിരുന്നു. അതിനാല്‍ തന്നെ, സാമൂഹ്യ അന്തരീക്ഷത്തില്‍ ഇത്തരം ആശയങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വളര്‍ച്ചയും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ജനാധിപത്യം വന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്കായിരിക്കും നേട്ടമെന്നും ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന ധാരണയും രൂപപ്പെട്ടുവെന്നും ഇത് തകര്‍ക്കണമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന വാദം ഉയര്‍ന്നുവരികയുണ്ടായി. അതിനായി മുസ്ലീങ്ങള്‍ സംഘടിക്കണമെന്ന വാദവും മുന്നോട്ടുവയ്ക്കപ്പെട്ടു. ഇത്തരം ചിന്തകളെ രൂപപ്പെടുത്തി വളര്‍ത്തിയെടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെ തന്ത്രം വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പടര്‍ന്നു പന്തലിക്കുന്നതിനും സുപ്രധാനമായ കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് പുസ്തകം വിരല്‍ ചൂണ്ടുന്നുണ്ട്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുന്ന വിവിധ ഘട്ടങ്ങള്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദു വര്‍ഗീയതയുടെ വികാസത്തെ വ്യക്തമാക്കിയശേഷം അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ രൂപീകരണവും അതിന് അടിസ്ഥാനമായിത്തീര്‍ന്ന സാമൂഹ്യ ചലനങ്ങളേയും പരിചയപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും തുറന്നുകാട്ടപ്പെടുന്നുണ്ട്. സാമ്രാജ്യത്വം ഇസ്ലാമിക തീവ്രവാദത്തെ ഏതൊക്കെ നിലയിലാണ് ശക്തിപ്പെടുത്തുന്നത് എന്നതും ഇതിന്റെ പരിഗണനാ വിഷയമാകുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് ഇടയാക്കിയ രാഷ്ട്രീയ ചലനങ്ങളും കേരള രാഷ്ട്രീയത്തില്‍ അവ നടത്തിയ ഇടപെടലുകളും അതിലൂടെ രൂപപ്പെട്ട പ്രതികരണവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന കാര്യവും പരിശോധനാ വിഷയമാകുന്നുണ്ട്. ജനസംഘത്തിന്റെ പില്‍ക്കാലരൂപമായ ഭാരതീയ ജനതാ പാര്‍ടി രൂപംകൊള്ളുന്നതും അവര്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും ഈ പുസ്തകത്തില്‍ വിശകലനത്തിന് വിധേയമാകുന്നു. ബി.ജെ.പിയുടെ സാമ്പത്തിക നിലപാടിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനാണ് അടുത്ത ഭാഗങ്ങള്‍ നീക്കിവച്ചിട്ടുള്ളത്. ഓരോ രംഗത്തും അവര്‍ സ്വീകരിച്ചുവന്ന നയങ്ങളെ വിലയിരുത്തിയശേഷം സാമ്പത്തികരംഗത്തെ നയങ്ങളും പഠനവിധേയമാകുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്‍ തകര്‍ത്ത ബാബറി മസ്ജിദ് സംഭവത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളും അതിന് സഹായകമായി വര്‍ത്തിക്കുന്ന സംഘടനകളേയും പിന്നീട് വിലയിരുത്തപ്പെടുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യയെയും അതില്‍ മോഡിയുടെ പങ്കിനെക്കുറിച്ചും ഗുജറാത്തിന്റെ വികാസ മാതൃകയുടെ പൊള്ളത്തരങ്ങളെയും തുറന്നുകാട്ടാനും പുസ്തകത്തില്‍ ശ്രമിക്കുന്നുണ്ട്. മോഡി ശിവഗിരിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കങ്ങളാണ് അടുത്ത അധ്യായത്തില്‍ ഉള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള മോഡിയുടെ നീക്കങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യവും ഇതിലുണ്ട്. വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം കൊയ്യുന്ന സംഘപരിവാറിന്റെ അജണ്ടകളുടെ നിജസ്ഥിതിയും പഠനവിധേയമാകുന്നു. ദേശീയതയുടെ രൂപീകരണം മതവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും അത് ചരിത്രപരമായ പരിണാമ പ്രക്രിയയിലൂടെയാണ് രൂപീകരിക്കപ്പെടുന്നതെന്നും 'മതവും ദേശീയത'യുമെന്ന അധ്യായത്തില്‍ പറയുന്നുണ്ട്. മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി നടന്ന ജനാധിപത്യ വിപ്ലവത്തിന്റെ സംഭാവനയാണ് മതനിരപേക്ഷത. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ സവിശേഷതകളെയും പരാമര്‍ശവിധേയമാകുന്നുണ്ട്. മതത്തെ സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാടുകള്‍ മാര്‍ക്സിന്റെ പ്രസിദ്ധമായ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവതരിപ്പിക്കുന്നു. ഇന്ത്യയിലെ വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന വര്‍ഗീയത പോലുള്ള ആപല്‍ക്കരമായ കാഴ്ചപ്പാടുകളെ പ്രതിരോധിക്കുന്നതിന് യോജിച്ച സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. രാജ്യം നേരിടുന്ന വര്‍ഗീയതയുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും അതിന്റെ പിന്നിലുള്ള രാഷ്ട്രീയസാമൂഹ്യ ചലനങ്ങളെ പരിചയപ്പെടുന്നതിനും ഉതകുന്നതാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ, വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് ദിശാബോധം പകരുന്നതിന് ഈ പുസ്തകം സഹായകമാണ്.
** പിണറായി വിജയന്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മതിഭ്രമങ്ങള്‍


ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഹങ്കാരത്തിന്റെ അവതാരമായി മാറിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം മലപ്പുറം ജില്ല, രാജ്യത്തിനകത്തുള്ള മറ്റേതോ നാട്ടുരാജ്യമായി മാറിയിരിക്കുന്നുവെന്നു വേണം കരുതാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പേ മലപ്പുറം ജില്ലയ്ക്കു മാത്രമായി ഒരു മദ്യവര്‍ജന നയം വേണം എന്ന് അവര്‍ സ്വയമേവ പ്രഖ്യാപിക്കുകയുണ്ടായി. ഈയിടെ നമ്മള്‍ കേട്ടത് മലബാര്‍ ഒരു സംസ്ഥാനമാക്കണം എന്ന അവരുടെ അടുത്ത ആവശ്യമാണ്. ഒപ്പം ജില്ല വിഭജിച്ച് അവര്‍ പറയും പോലെ രണ്ടു ജില്ലകള്‍ സൃഷ്ടിക്കണമെന്ന വാദവും. ഇപ്പോള്‍ കേള്‍ക്കുന്നത് മലപ്പുറം ജില്ലയിലെ നാല് നഗരസഭകളും ഒട്ടേറെ പഞ്ചായത്തുകളും കൂട്ടിചേര്‍ത്ത് തങ്ങള്‍ക്ക് ഭരണം നടത്താന്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന പുതിയ വാദമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് പല പഞ്ചായത്തുകളും വിഭജിക്കണം. ഒട്ടേറെ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കണം എന്നു തുടങ്ങിയ വാദങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നു. എല്ലാറ്റിന്റെയും പിന്നില്‍, എല്ലാം തങ്ങളുടെ കയ്യില്‍ ഒതുങ്ങണം, സ്വന്തമായി ലീഗിനും ഒരു കോര്‍പ്പറേഷന്‍ വേണം എന്നിങ്ങനെയുള്ള അത്യാഗ്രഹങ്ങള്‍ മാത്രമാണ്. മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കണമെങ്കില്‍ അതിനു മുമ്പേ നടക്കേണ്ട നയപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ട്. ആവശ്യമായ പഠനമുണ്ട്. നിയമപരമായ തടസ്സങ്ങളോ ഭരണഘടനാപരമായ പ്രതിബന്ധങ്ങളോ ഉണ്ടോ എന്ന അന്വേഷണവും വേണ്ടതുണ്ട്. എന്നാലിവിടെ ലീഗിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഒരു നിര്‍ബന്ധവും ഇല്ല. &ഹറൂൗീ;ഉണ്ടിരിക്കണ നായര്‍ക്ക് ഒരു വിളി തോന്നി&ൃറൂൗീ; എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ, തങ്ങള്‍ക്കു തോന്നിയാല്‍ മതി. മറ്റെല്ലാം കൂടെ വരും എന്നാണവരുടെ ധാരണ. വാര്‍ഡുകളുടെ പുനര്‍വിഭജനം 20 വര്‍ഷക്കാലത്തേക്കു വേണ്ടതില്ല എന്ന ഒരു സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. അത് എപ്പോള്‍ മാറ്റി, ആരു മാറ്റിയെന്നൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എല്ലാം തീരുമാനിക്കപ്പെട്ടുവെന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ കാര്യമാണെങ്കില്‍, മലപ്പുറമല്ല ആദ്യം പരിഗണിക്കപ്പെടേണ്ടത്. നിയമപരമായും മാനദണ്ഡങ്ങളനുസരിച്ചും ആദ്യം പരിഗണിക്കപ്പെടേണ്ട മറ്റൊട്ടേറെ നഗരസഭകള്‍ കേരളത്തിലുണ്ട്. വളര്‍ന്നു വരുന്ന ഗ്രാമങ്ങളുടെയും കര്‍ഷക  കര്‍ഷക തൊഴിലാളി ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മലപ്പുറത്തിന് കോര്‍പ്പറേഷന്‍ ആകണമെങ്കില്‍ ഒട്ടേറെ തടസങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ലീഗിന് പ്രശ്നമല്ല. ഭരണഘടന, നിയമങ്ങള്‍, കീഴ്-വഴക്കങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയൊന്നുംതന്നെ ലീഗിന്റെ ആഗ്രഹ സാഫല്യത്തിനു തടസമായിക്കൂടാ എന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ എങ്ങനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മുന്നോട്ടു പോകാന്‍ അവര്‍ ധൈര്യപ്പെടും? ഭരണ മുന്നണിയില്‍ സ്വന്തമായി 20 എംഎല്‍എമാര്‍ ഉണ്ട് എന്ന ഹുങ്കും എന്തുതന്നെ സംഭവിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്ന വിശ്വാസവുമാണ് ഇങ്ങനെ ഏക പക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ലീഗിന് ധൈര്യം നല്‍കുന്നത്. ഏതായാലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇപ്പോള്‍ അതിയായ ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐ എമ്മുമുള്‍പ്പടെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, സാരമായ ക്ഷീണം സംഭവിച്ചപ്പോള്‍, തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ക്ക് ഒരു പരുക്കുമേല്‍ക്കാതെ പിടിച്ചുനിന്നുവെന്നാണ് അവര്‍ ഊറ്റം കൊള്ളുന്നത്. ഒറ്റ നോട്ടത്തില്‍ ഇതു ശരിയാണ് എന്നു തോന്നാം. പക്ഷേ സൂക്ഷ്മമായി വിശകലനം നടത്തിയാല്‍ അത് അര്‍ധ സത്യം മാത്രമാണ് എന്നു കാണാം. തങ്ങളുടെ നേട്ടം എന്നവര്‍ ചിന്തിക്കുന്ന ഈ അവസ്ഥ തന്നെ യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും (നരേന്ദ്രമോഡിയുടെ)യും പരോക്ഷ സംഭാവനയാണ്. യഥാര്‍ഥത്തില്‍ ലീഗ് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും, അവര്‍ക്കു നേട്ടമുണ്ടായി എന്നു പറയാന്‍ വയ്യ. കേവലം 31 ശതമാനം മാത്രം വോട്ടു നേടി ജയിച്ച നരേന്ദ്രമോഡിക്ക് 282 എം.പി.മാരെ ജയിപ്പിക്കാന്‍ സാധിച്ചുവെന്നു പറയുമ്പോള്‍, അതിലെ ജനാധിപത്യം; എത്രമാത്രം വിരോധാഭാസമാണ് എന്ന് ആര്‍ക്കും മനസിലാക്കാം. ഏതാണ്ട് അതുപോലെതന്നെയാണ് ലീഗിന്റെയും &ഹറൂൗീ;വിജയരഹസ്യം. ലീഗ് മത്സരിച്ച പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ 1,79,000 വോട്ടര്‍മാരാണ് എണ്ണത്തില്‍ വര്‍ധിച്ചത്. വോട്ടു ചെയ്തവരുടെ എണ്ണവും 2009നെ അപേക്ഷിച്ച് 70000ത്തോളം വര്‍ധിച്ചു. ലീഗ് വോട്ടര്‍മാര്‍ മുഴുവന്‍ പോളിങ് ബൂത്തിലെത്താന്‍ താല്‍പര്യം കാണിച്ചില്ല എന്നാണ്, അതു നല്‍കുന്ന സൂചന. വോട്ടിങ് 2009ല്‍ 76.67 ശതമാനമായിരുന്നു. 2014ല്‍ 73.83 ശതമാനവും. തന്നെയുമല്ല 70,000ത്തോളം പേര്‍ ഇത്തവണ അധികം വോട്ടു ചെയ്തപ്പോള്‍ ലീഗിന്റെ സ്ഥാനാര്‍ഥി, പ്രമുഖനായ ഇ.ടി.മുഹമ്മദ് ബഷീറിന് 2009ല്‍ കിട്ടിയ വോട്ടുപോലും നേടാനായില്ല. അന്നത്തേതില്‍ നിന്നും എണ്ണായിരത്തോളം വോട്ടു കുറയുകയാണുണ്ടായത്. അദ്ദേഹത്തെ എതിര്‍ത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുറഹിമാന്‍ 2009ല്‍ എല്‍.ഡി.എഫിനു കിട്ടിയ വോട്ടിനെക്കാള്‍ അമ്പതിനായിരത്തോളം വോട്ട് അധികം നേടി. ലീഡ് ആകട്ടെ എണ്‍പത്തയ്യായിരത്തില്‍ നിന്നും കേവലം ഇരുപത്തയ്യായിരമായി കുറയുകയും ചെയ്തു. ലീഗിന്റെ കോട്ടയാണ് എന്നവകാശപ്പെടുന്ന മലപ്പുറം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഇത്തവണ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരത്തോളം പുതിയ വോട്ടര്‍മാര്‍ അധികമായുണ്ടായിരുന്നു. വോട്ടിംഗ് ശതമാനം അവിടെയും കുറവായിരുന്നു. 2009നെ അപേക്ഷിച്ച് 5.3ശതമാനം കുറവ്, വോട്ടര്‍മാര്‍ കാണിച്ച നിസ്സംഗത നേട്ടമാണെന്നവകാശപ്പെടാന്‍ ലീഗിനസാധ്യമാണ്. ഇത്തവണ കൂടുതലായി വോട്ടു ചെയ്ത ഒരു ലക്ഷത്തോളം പേരില്‍ കേവലം പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ്, ലീഗിന്റെ സ്ഥാനാര്‍ഥി ഇ.അഹമ്മദിന് വോട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ലീഡ് ഒരു ലക്ഷത്തി പതിനഞ്ചായിരത്തില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം ആയി വര്‍ധിച്ചത്, കൂടുതല്‍ വോട്ട് നേടിയതുകൊണ്ടല്ല മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒരു മുസ്ലിം വനിതയായിരുന്നു എന്നതുപയോഗപ്പെടുത്തി മതത്തിലും മതവിശ്വാസത്തിലും ഊന്നി, ലീഗും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ മതമൗലികവാദ സംഘടനകളും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണത്തില്‍ കുടുങ്ങി, ഒരു വിഭാഗം എല്‍.ഡി.എഫ്. വോട്ടര്‍മാരടക്കം വോട്ടുചെയ്യാതെ വിട്ടുനിന്നതിനാലാണ്. അഖിലേന്ത്യാതലത്തില്‍ നരേന്ദ്രമോഡിയും ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി.യും നടത്തിയ അതേരീതിയിലുള്ള മതാവേശവും മത വിദ്വേഷവും ഇളക്കി വിടുന്ന ഭജാലവിദ്യ  അതേ അടവുനയം അതുതന്നെയാണ് ഇവിടെയും കണ്ടത്. ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫിന് 12 സീറ്റ് നേടി, മാനവും ഭരണവും നിലനിര്‍ത്താന്‍ സാധിച്ചത് നരേന്ദ്രമോഡി അധികാരത്തില്‍ വരാനിടയുണ്ട് എന്ന ഭയം കാരണം കേരളത്തിലെ മുസ്ലിം  ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ അധികവും യു.ഡി.എഫിന് വോട്ടുചെയ്തതിനാലാണ്. ലീഗിന് ഈ വിജയത്തില്‍ ഒട്ടും തന്നെ അഭിമാനിക്കാനില്ല. നരേന്ദ്ര മോഡിക്കും ബി.ജെ.പി.ക്കും എതിരെ അവര്‍ ഉന്നയിക്കുന്ന എല്ലാ ആക്ഷേപവും ഇവിടെ അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്നും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണമെന്നും ഗോവധം നിരോധിക്കണമെന്നും 370ാം വകുപ്പ് എടുത്തുകളയണമെന്നും ഒക്കെ ആര്‍.എസ്.എസും ബി.ജെ.പി.യും ആവശ്യപ്പെടുന്നത് നാളെ തന്നെ അതെല്ലാം നടപ്പാക്കാന്‍ കഴിയും എന്ന തെറ്റിദ്ധാരണകൊണ്ടല്ല. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ അതുവഴി കഴിയും എന്ന വിശ്വാസം മൂലമാണ് അവര്‍ ആ മുദ്രാവാക്യം ഉയര്‍ത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തെ, വിശേഷിച്ച് മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ദുഷ്പ്രചരണം നടത്തിയാല്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു ഭൂരിപക്ഷ പിന്തുണ നേടാന്‍ ഹിറ്റ്ലര്‍ക്കു സാധിച്ചതുപോലെ ഇവിടെയും സാധ്യമാകും എന്നതാണ് ആര്‍.എസ്.എസിന്റെ ഉള്ളിലിരുപ്പ്. അവരുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുള്ള കുറുക്കുവഴിമാത്രമാണ് അവര്‍ക്ക് ഹിന്ദുത്വവാദം. അവര്‍ ഒരിക്കലും മഹാത്മാ ഗാന്ധിയെപ്പോലെ സനാതന ഹിന്ദുത്വത്തേയോ അതല്ലെങ്കില്‍ സ്വാമി വിവേകാനന്ദനപോലെ മഹത്തായ ഹൈന്ദവ സംസ്കാരത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. മതമൗലികവാദം ഉയര്‍ത്തുന്ന, വര്‍ഗ്ഗീയത പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വോഷം പ്രചരിപ്പിക്കുന്നു, ന്യൂനപക്ഷ മതവിഭാഗങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ശാന്തിയും സമാധാനവും നശിപ്പിക്കുന്നുവെന്നല്ലാം ലീഗ് ആര്‍.എസ്.എസിനേയും ബി.ജെ.പി.യേയും ചൂണ്ടി കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ സ്വയം വിസ്മരിക്കുന്നത് തങ്ങള്‍ ചെയ്യുന്നതും അതെ മഹാപരാധമാണ് എന്ന സത്യമാണ്. ഇന്ത്യാ വിഭജനത്തിനു കാരണക്കാര്‍ അന്നത്തെ ജിന്നാ സാഹിബിന്റെ ലീഗാണ്. അധികാര നഷ്ടം ഭയന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കയ്യില്‍കളിക്കുകയായിരുന്നു അവര്‍. മഹാത്മാ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അധികാര ദുര മൂത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നു. ഇന്ത്യ വെട്ടിമുറിച്ച്, പാകിസ്താന്‍ വിഭജിച്ച് പോയാല്‍, ശേഷമുള്ള ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം, പതുക്കെ അധികാരം കയ്യടക്കാം എന്നതായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും മറ്റും മനസ്സിലിരുപ്പ്. ഇന്ത്യാ വിഭജനം സംഭാവന ചെയ്ത മഹാദുരന്തം, ഇന്ന് നമുക്കൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറമാണ്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് മാനവും ജീവനും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അനേകം കുട്ടികളും സ്ത്രീകളും അനാഥരായി. ഒടുവില്‍ യുഗപുരുഷന്‍ എന്നുതന്നെ വിശേഷിക്കപ്പെടുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഹിന്ദുമതഭ്രാന്തന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുകയും മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വെട്ടിമുറിച്ച് വേര്‍പിരിഞ്ഞു പോകുകയും ചെയ്ത, ആ ലീഗിന്റെ പൈതൃകം പേറുന്ന മറ്റൊരു ലീഗ് എന്ന നിലയിലാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആ പുതിയ ലീഗിന്റെ ശബ്ദവും ശൈലിയും രീതിയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് പഴയ ജിന്നാ ലീഗിനെത്തന്നെയാണ്. ജിന്നയുടെ സ്വപ്നം സഫലമായില്ലയെന്നും ഇസ്ലാമിക രാജ്യമായ പാകിസ്താനില്‍ സ്വര്‍ഗം സൃഷ്ടിക്കപ്പെട്ടില്ല എന്നും നമുക്കറിയാം. അതിന്റെ സ്ഥാപകനായ ജിന്നാ സാഹിബ് തന്നെ തനിക്കു പറ്റിയ തെറ്റില്‍ പിന്നീട് പശ്ചാത്തപിക്കുകയുമുണ്ടായി. ഇന്ത്യാ ഉപഭൂഖണ്ഡം അന്നു വെട്ടിമുറിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ന് ചൈനയെപോലെ ശക്തമായ മറ്റൊരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ഏതാണ്ട് തുല്യരെന്ന നിലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ശക്തമായ ഒരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ആ സാധ്യതകളൊക്കെ തകര്‍ത്തു കളഞ്ഞത് ഇന്ത്യാ വിഭജനമാണ്. അതിനു കാരണക്കാര്‍ ജിന്നാ ലീഗും കോണ്‍ഗ്രസുമാണ്. എന്നിട്ടും അതേ പൊളിഞ്ഞുപാളീസായ നയം  മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന അതേ ഹീനമായ രാഷ്ട്രീയ നയമാണ് ലീഗ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്കാകെ ഒരു പാര്‍ട്ടി, എല്ലാ മുസ്ലീങ്ങളും യൂണിയന്‍ ലീഗില്‍, മുസ്ലീങ്ങളുടെ രക്ഷയ്ക്ക് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മാത്രം എന്നെല്ലാം അവര്‍ പറയുമ്പോള്‍, എഴുതുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍ സ്വയമറിയാതെ അതിന്റെ അനുരണനം മറുഭാഗത്തുമുണ്ടാകുന്നുവെന്നത് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അതുവഴി അവര്‍ ചെയ്യുന്നത്, ഹിന്ദുക്കളെയാകെ ഒരു പാര്‍ട്ടിയില്‍ സംഘടിപ്പിക്കുക, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആര്‍.എസ്.എസ്.  ബി.ജെ.പി. നിലപാടിന് അംഗീകാരം നല്‍കുകയാണ്. ലീഗ് ഈ നിലപാട് മാറ്റണം. എന്നിട്ടുമതി ആര്‍.എസ്.എസിനെയും ബി.ജെ.പി.യേയും ഒരു നയമെന്ന നിലയില്‍തന്നെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ ദുരവസ്ഥ&ൃറൂൗീ;ചൂണ്ടിക്കാട്ടി പരിതപിക്കാന്‍. യഥാര്‍ഥത്തില്‍ ഇവിടെ കേരളത്തിലെങ്കിലും ഇത്തവണ സി.പി.ഐ.എമ്മിനു ഒരു പോറല്‍പോലും ഏറ്റിട്ടില്ല. 2009ല്‍ നാലു സീറ്റാണുണ്ടായിരുന്നതെങ്കില്‍ അത് ഇരട്ടിയാക്കാന്‍ 2014ല്‍ സാധിച്ചിട്ടുണ്ട്. സീറ്റു മാത്രമല്ല വോട്ടും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന ശേഷം ലീഗ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടി അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അതുനേടിയെടുത്ത ശേഷം നടത്തിയ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളും മറ്റെല്ലാ പാര്‍ട്ടികളിലും സമുദായങ്ങളിലും സൃഷ്ടിച്ച രോഷം വളരെ വലുതാണ് എന്ന് എന്തുകൊണ്ടാണവര്‍ക്ക് കാണാന്‍ കഴിയാത്തത് ? കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്തിമയാമത്തില്‍ പിരിച്ചുവിട്ടതും മാറാട് സി.ബി.ഐ. അന്വേഷണം തടസ്സപ്പെടുത്തിയതും നാദാപുരം ബോംബ് സ്ഫോടന കേസ് അധികാരം ഉപയോഗിച്ച് അട്ടിമറിച്ചതും കുനിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ. പി.കെ. ബഷീറിന്റെ അറസ്റ്റ് തടഞ്ഞതും കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പൊന്നുംവില കിട്ടേണ്ട ഭൂമി ലീഗ് പ്രസിഡന്റിന്റെയും രണ്ട് മന്ത്രിമാരുടെ ബന്ധുക്കളുടെയും പേരില്‍ ചാര്‍ത്തിക്കൊടുത്തതും അധികാര ദുര്‍വിനിയോഗമല്ലേ?. ഇപ്പോഴും അതല്ലേ തുടരുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത പാര്‍ശ്വവര്‍ത്തികളെ യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരാക്കി അവരെ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികളിലെ ജനാധിപത്യ സംവിധാനവും അക്കാദമിക് സ്വാതന്ത്യവും അട്ടിമറിക്കുക, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണമുണ്ടാക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളും കോഴ്സുകളും വാരിക്കോരികൊടുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും അധ്യാപകരുടെ ജീവിതം കൊണ്ട് പന്തു തട്ടുക എന്നിങ്ങനെ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ദുര്‍ഭരണം, കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയില്‍ വിഭജനമുണ്ടാക്കുന്നു, വെറുപ്പുളവാക്കുന്നുവെന്ന് നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. മോഡിയുടെ അരങ്ങേറ്റം അസാധാരണമായ ഒരു പുതിയ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. നരേന്ദ്ര മോഡിക്ക് കേരളത്തിലും ചെറിയതോതില്‍ സ്വീകാര്യതയുണ്ടാക്കിയതില്‍ തങ്ങള്‍ക്കുള്ള പങ്ക് അവര്‍ തിരിച്ചറിയണം. ശിവഗിരിയിലും എറണാകുളത്തെ ദളിതരുടെ മഹാസംഗമത്തിലും നരേന്ദ്ര മോഡി പ്രധാന അതിഥിയായെത്തിയത് ലീഗ് ഉയര്‍ത്തിവിട്ട രോഷവും അതൃപ്തിയും തെറ്റായ വഴിയിലൂടെ നീങ്ങാന്‍ ഈഴവ  നായര്‍ സാമുദായിക സംഘടനകളെ പ്രേരിപ്പിച്ചതിനാലാണ്. എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകും എന്ന്, ഈ വൈകിയ വേളയിലെങ്കിലും ലീഗ് തിരിച്ചറിയേണ്ടതുണ്ട്. മതേതര പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തുകൂടാ എന്ന് നിഷ്കര്‍ഷിക്കുകയുമാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ചെയ്യേണ്ടത്. ഇന്ത്യപോലുള്ള ഒരു അര്‍ധഫ്യൂഡല്‍ സമൂഹത്തില്‍ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും സ്വാധീനം അളവറ്റതാണ്. ഇത് ഇളക്കിവിട്ടാല്‍ ജനങ്ങള്‍ മറ്റെല്ലാം മറക്കും. മറ്റെല്ലാം മറന്ന് ഹിന്ദുക്കളെല്ലാം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ കെ അദ്വാനി രഥയാത്ര നയിച്ചത്. അത് ഉളവാക്കിയ സ്വാധീനവും സംഭാവന ചെയ്ത മഹാദുരന്തവും അന്നു ബിജെപിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്. അവര്‍ അധികാരത്തിന്റെ അയലത്തുവരെയെത്തി. എന്നാല്‍ ആ ഇടയ്ക്ക് വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ ആ ഹിന്ദു ഐക്യം തകര്‍ന്നു. ഉത്തരേന്ത്യയിലാകെ ഉദയം ചെയ്ത ജാതി രാഷ്ട്രീയ പാര്‍ട്ടികളാണ് യഥാര്‍ഥത്തില്‍ അദ്വാനിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടിയത്. എന്നാലിപ്പോള്‍ അന്തര്‍ദേശീയധനമൂലധനവും ഇന്ത്യയിലെ ആര്‍.എസ്.എസ്.പരിവാരവും സന്ധിചെയ്തിരിക്കുകയാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ പണവും ആധുനിക മാനേജ്മെന്റ് സംവിധാനവും മീഡിയപവറും മണിപവറും ആര്‍.എസ്.എസിന്റെ മസില്‍പവറും ഒന്നു ചേര്‍ന്നിരിക്കുന്നതായാണ് നാം കാണുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പേ മുതല്‍ അവര്‍ ആഗ്രഹിച്ചതും, എന്നാല്‍ കൈവിട്ടുപോയതുമായ ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ആര്‍ എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൈവിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നുവെങ്കിലും അതിനാവശ്യമായ തന്റേടവും സാമര്‍ഥ്യവും ഇച്ഛാശക്തിയും വേണ്ടത്ര ഇല്ലാതെ പോയതിനാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെയും മന്‍മോഹന്‍ സിംഗിനെയും അവര്‍ കൈവിട്ടു. ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും ധനമൂലധനവും ആവശ്യമുള്ളതെല്ലാം കൈനിറയെ നല്‍കാന്‍ കെല്‍പ്പും സാമര്‍ഥ്യവും നിശ്ചയദാര്‍ഢ്യവുമുള്ള നരേന്ദ്രമോഡിയേയും ബിജെപിയേയും ഇപ്പോള്‍ മുന്നോട്ടു കൊണ്ടുവന്നിരിക്കുകയാണ്. ഉള്ളതെല്ലാം കൈവിട്ടു പോകും മുമ്പ്, ആവശ്യമായ പ്രതിരോധ നിര സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും ന്യൂനപക്ഷമാകെയും ഒന്നിച്ചണിനിരന്ന് ഇന്ത്യയിലെ ജനകോടികളുടെ വിശ്വാസമാര്‍ജിച്ച് നാടിനെ രക്ഷിക്കുക എന്നതാണ് ഇന്ന് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അത് ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലും സാധ്യമാവുകയില്ല എന്നും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇക്കാര്യം ഇനിയും ബോധ്യമായതായി കാണുന്നില്ല. തങ്ങള്‍ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ വിദ്യാലയങ്ങളിലും ബ്ലാക്ക് ബോര്‍ഡുമാറ്റി പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവരിപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പച്ചയോടുള്ള അവരുടെ പ്രേമം, പ്രകൃതിയോടുള്ള സ്നേഹം കൊണ്ടോ ആദരവു മൂലമോ അല്ല. ഏതാണ്ട് ഒരു മത ചിഹ്നം പോലെയാണ് അവരിപ്പോള്‍ പച്ചയും കൊണ്ടു നടക്കുന്നത്. അരീക്കോട് സുല്ല മുസല്ലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാരോട് പച്ച കോട്ട് ധരിക്കാനാവശ്യപ്പെട്ടതും നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ നടപടി എടുത്ത സംഭവവും എറണാകുളത്തു നടന്ന ഒരു പൊതു ചടങ്ങളില്‍ എല്ലാ അധ്യാപികമാരോടും പച്ച ബ്ലൗസ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു കൊണ്ട് എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ സര്‍ക്കുലര്‍ നല്‍കിയ സംഭവവും എത്ര വലിയ വിവാദമാണുണ്ടാക്കിയത് എന്ന് ഓര്‍ക്കേണ്ടതായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ലീഗുകാരല്ലാത്ത മുസ്ലീങ്ങള്‍ ലീഗിന്റെ അന്തസ്സാര ശൂന്യമായ ഇത്തരം അബദ്ധ ധാരണകളെയും അതിന്റെ അടിസ്ഥാനത്തില്‍ അവരുണ്ടാക്കുന്ന പ്രകോപനങ്ങളേയും ഒട്ടും തന്നെ അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ കേരളീയ സമൂഹത്തില്‍ ഇതെല്ലാമുണ്ടാക്കുന്ന അപസ്വരങ്ങളും സംഘര്‍ഷങ്ങളും ആര്‍.എസ്.എസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ലീഗ് ചെയ്തു കൂട്ടുന്ന ഇത്തരം വങ്കത്തങ്ങള്‍ കേരളത്തില്‍ മുമ്പില്ലാത്ത വിധം, ഒരു തരം മുസ്ലിം വിരോധം രൂപപ്പെട്ടു വരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം 29.06.2014നു പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗം തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ചന്ദ്രിക പറയുന്നു, കേരളത്തില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സാമാന്യമായി ഒരു പൊതുബോധം രൂപപ്പെട്ടുവരുന്നുണ്ട്. അവര്‍ നടത്തുന്ന ഏത് ഇടപാടിലും അവിഹിതമായ എന്തെല്ലാമോ സംഗതികളുടെ സാന്നിധ്യമുണ്ട് എന്നാണ് ഈ പൊതുബോധം അനുശാസിക്കുന്നത്. മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനെപ്പറ്റി പറയുമ്പോഴേക്കും പൊതുബോധത്തിലെ ഈ ചൊറിപ്പാട് തിണര്‍ത്തു വരും. എന്നാല്‍ ഇത്രയും പറഞ്ഞിട്ട് അതെല്ലാം തങ്ങളല്ലാത്ത വേറെ ചിലരുടെ കുറ്റം കൊണ്ടാണ് എന്നു സ്ഥാപിക്കാനാണ് അവര്‍ക്ക് വ്യഗ്രത. മുസ്ലീം ലീഗില്‍ വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ മുന്നിട്ടിറങ്ങി ലീഗിനെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കണം. മതസൗഹാര്‍ദത്തിനു കേളി കേട്ട കേരളീയ സമൂഹത്തില്‍ എങ്ങനെ അവര്‍ പറയുംപോലെ മുസ്ലീങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നതിനെ കുറിച്ചു അവര്‍ ഗവേഷണം നടത്തണം. ഒരു കാര്യം ഉറപ്പ്. മുസ്ലീങ്ങള്‍ അല്ല; മുസ്ലീം ലീഗാണ് ഇക്കാര്യത്തില്‍ അപരാധികള്‍.

** പി പി വാസുദേവന്‍

Sunday 4 May 2014

മെയ്‌ നാല് പാടിക്കുന്ന് രക്ത സാക്ഷി ദിനം !!



ന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് സംഘടിക്കാനും ശബ്ദിക്കാനും വേദിയൊരുക്കിയ കര്‍ഷകസംഘം പിറന്നത് പാടിക്കുന്നിന്റെ താഴ്‌വാരത്തു കൊളച്ചേരിയിലെ നണിയൂരില്‍വെച്ചാണ്. കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തില്‍ 1935 ല്‍ രൂപീകരിച്ച പ്രസ്തുത സംഘടനയാണ് ഈ മേഖലയില്‍ നടന്ന കര്‍ഷക സമരങ്ങളെ കൂടുതല്‍ തീക്ഷ്്ണമാക്കിയത്. അതുകൊണ്ടുതന്നെ‘ഭരണകൂടത്തിന്റെ ആജ്ഞ നടപ്പിലാക്കുന്നതിനായി ഒട്ടേറെ സൈനിക ക്യാമ്പുകള്‍ ഈ മേഖലയില്‍ സ്ഥാപിച്ചിരുന്നു. പൊലീസ്, ജന്മി കൂട്ടുകെട്ടിന്റെ തേര്‍വാഴ്ചയക്ക് എതിരെ പൊരുതിയതിന്റെ പേരില്‍ ഉശിരരായ മൂന്ന് കമ്മ്യൂണിസ്റ്റ് പോരാളികളെ പാടിക്കുന്നിന്റെ നിറുകയില്‍ കൊണ്ടു വന്ന് നിരത്തി നിര്‍ത്തി വെടിവെച്ചുകൊന്നത് 1950 മെയ് 3 അര്‍ധരാത്രിയാണ്. അവരുടെ ചോര വീണതിനാല്‍ ചുകന്ന കുന്നായ ഈ കുന്നിന് രക്തസാക്ഷിക്കുന്ന് എന്നും പേരുണ്ട്. ആ ധീര രക്തസാക്ഷികളുടെ സ്മൃതികുടീരം എല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ട് കുന്നിന്റെ ഏറ്റവും മുകളില്‍ തലയുര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.
രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് വെടിവെച്ച് കൊന്നത്. വെളിച്ചത്തെ ഭയക്കുന്നവര്‍ കനത്ത ഇരുട്ട് കട്ടകെട്ടി നില്‍ക്കുന്ന അര്‍ധരാത്രിയിലാണ്, ഈ ക്രൂരകൃത്യം ചെയ്തത്. പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്.

മെയ് ദിനത്തിന്റെ വിപ്ലവ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക

ലോകത്തുടനീളം തൊഴിലാളിവര്‍ഗത്തിനിടയില്‍ പോരാട്ടത്തിെന്‍റയും ഐക്യദാര്‍ഢ്യത്തിെന്‍റയും ആവേശം അലയടിപ്പിക്കുന്നതാണ് മെയ്ദിനാഘോഷങ്ങള്‍. ഈ വര്‍ഷം ലോകമാകെ മെയ്ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഗൗരവതരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിെന്‍റ നടുവിലാണ്. 16ാമത് ലോക്സഭയുടെ രൂപീകരണത്തിനായുള്ള, ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഇതിനകം പകുതി പിന്നിട്ടിരിക്കുന്നു. ഇവിടെ വീണ്ടും, ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ലോകത്തിെന്‍റ നാനാഭാഗത്തുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന അതേ വിഷയങ്ങള്‍ തന്നെയാണ് ഉന്നയിക്കുന്നത്. മറ്റു വിഷയങ്ങള്‍ക്കൊപ്പം കൂലിയും തൊഴില്‍ സുരക്ഷയും വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹ്യസുരക്ഷയും തങ്ങള്‍ക്കിഷ്ടമുള്ള ട്രേഡ് യൂണിയനില്‍ ചേരാനുള്ള അടിസ്ഥാനപരമായ അവകാശവുംപോലും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മുഖ്യവിഷയങ്ങളാണ്. കഴിഞ്ഞ 23 വര്‍ഷമായി ഈ രാജ്യത്ത് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവയെല്ലാം. ഈ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനാണ് അധ്വാനിക്കുന്ന ജനങ്ങള്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, അധ്വാനിക്കുന്നവരുടെ ഉപജീവനമാര്‍ഗവുമായും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ ഭാവിയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഈ തിരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടിരിക്കുന്ന പോരാട്ടമാകട്ടെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിവരുന്ന വമ്പിച്ച സംയുക്ത പോരാട്ടത്തിെന്‍റ ഭാഗവുമാണ്. ഐതിഹാസികമായ രാജ്യവ്യാപക പൊതുപണിമുടക്കുകളും ഓരോ മേഖലയിലും നടന്ന നിരവധി പണിമുടക്കുകളും സമരങ്ങളും ഉള്‍പ്പെടെയുള്ള സംയുക്ത പ്രസ്ഥാനവും പോരാട്ടങ്ങളുമെല്ലാം സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്ന നയങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചുള്ളവയാണ്. ആ തരത്തില്‍ ഈ പണിമുടക്കുകളും പോരാട്ടങ്ങളും ലോകത്തിെന്‍റ നാനാഭാഗങ്ങളില്‍ നടക്കുന്ന വമ്പിച്ച പോരാട്ടങ്ങളുമായി സമരസപ്പെട്ടിരിക്കുന്നു. ലോകമാസകലം പ്രതിസന്ധി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുതലാളിത്ത ലോകം കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. അതിെന്‍റ അനന്തരഫലങ്ങള്‍ ലോകത്താകെയുള്ള ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയുമാണ്. ഈ പ്രതിസന്ധി മൂലമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കെതിരെയാണ് യൂറോപ്പിലെയും മറ്റെല്ലാ ഭൂഖണ്ഡങ്ങളിലെയും പോരാട്ടങ്ങള്‍. യൂറോപ്പിലെ മുഖ്യപ്രശ്നം തൊഴിലില്ലായ്മയാണ്. ഔദ്യോഗിക തൊഴിലില്ലായ്മാനിരക്ക് ഗ്രീസില്‍ 27.4 ശതമാനവും സ്പെയിനില്‍ 26.7 ശതമാനവും പോര്‍ച്ചുഗലില്‍ 15.5 ശതമാനവും ബള്‍ഗേറിയയില്‍ 12.9 ശതമാനവും ഇറ്റലിയില്‍ 12.7 ശതമാനവുമാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ അവസ്ഥ ഇതിലും പരിതാപകരമാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലില്ലാത്തവരില്‍ അധികവും ഈ രണ്ടു വിഭാഗവുമാണ്. വര്‍ധിച്ചുവരുന്ന ഈ തൊഴിലില്ലായ്മ കൂലിക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ക്കുംമേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കിടയാക്കും എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. 'ചെലവ് ചുരുക്കല്‍' (അൗെലേൃശേ്യ) എന്നറിയപ്പെടുന്ന നയങ്ങള്‍ യഥാര്‍ഥത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനാണ് ഇടയാക്കിയിട്ടുള്ളത്; അത് പിന്നെയും അധ്വാനിക്കുന്ന ജനതയുടെ ഉപജീവനമാര്‍ഗത്തിനുമേല്‍ കടുത്ത കടന്നാക്രമണങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനും ഇടയാക്കുന്നു. നവലിബറല്‍ നയങ്ങളോട് പ്രത്യയശാസ്ത്രപരമായി അടുപ്പമുള്ളവര്‍ക്കുപോലും ഭരണവര്‍ഗങ്ങളുടെയും ഐഎംഎഫിനെയും യൂറോപ്യന്‍ കേന്ദ്ര ബാങ്കിനെയുംപോലുള്ള ഉപദേശകരുടെ നയപരമായ തീട്ടൂരങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നില്ല. ഏപ്രില്‍ 4ന് ബ്രസ്സല്‍സില്‍ നടന്ന വമ്പിച്ച പ്രകടനത്തില്‍ യൂറോപ്പിലുടനീളമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. "മറ്റൊരു യൂറോപ്പ് സാധ്യമാണ്", "ചെലവുചുരുക്കല്‍ നയം തുലയട്ടെ" എന്നിത്യാദി മുദ്രാവാക്യങ്ങളാണ് ആ പ്രകടനത്തില്‍ ഉയര്‍ത്തപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ ഭരണാധികാരികള്‍ തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുടങ്ങിയവയ്ക്ക് പരിഹാരം കാണുകയാണ് വേണ്ടത് എന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. ദൗര്‍ഭാഗ്യവശാല്‍, അനീതിക്കും വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കുന്ന വമ്പിച്ച പ്രക്ഷോഭ പ്രസ്ഥാനങ്ങള്‍ക്ക് പലതിനും 'വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രസ്ഥാന'ത്തിെന്‍റ കാലത്ത് സംഭവിച്ചതുപോലെ വ്യക്തമായ രാഷ്ട്രീയ ദിശാബോധമില്ല. അതുകൊണ്ടു തന്നെ അവ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്ന ഒരു തരംഗം മാത്രമായി ഒടുങ്ങുന്നു. വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതിന് ഈ വിഷയങ്ങളെയെല്ലാം വര്‍ഗപരമായ ഒരു കോണില്‍നിന്ന് നിരീക്ഷിക്കാനാണ് മെയ് ദിനം നമ്മെ ആഹ്വാനം ചെയ്യുന്നത്. അധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്തു കൊണ്ടു മാത്രമേ മുതലാളിത്തത്തിനു നിലനില്‍ക്കാനാകൂ; നാം നേരിടുന്ന എല്ലാ പ്രതിസന്ധികളും ഈ വ്യവസ്ഥിതിയുടെ ഉല്‍പന്നങ്ങളുമാണ്. ഈ വ്യവസ്ഥിതിയാണ് വെല്ലുവിളിക്കപ്പെടേണ്ടത്. ഈ ലക്ഷ്യത്തോടെയായിരിക്കണം തൊഴിലാളിവര്‍ഗത്തെയും മറ്റെല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തേണ്ടത്; അവരുടെ ദൈനംദിന പോരാട്ടങ്ങളെ ഭരണവര്‍ഗത്തിെന്‍റ നയങ്ങളുമായി ബന്ധപ്പെടുത്തണം; ഈ നയങ്ങള്‍ക്കുപിന്നിലുള്ള രാഷ്ട്രീയത്തെ തുറന്നു കാണിക്കണം. ഇതാണ് പരമപ്രധാനമായ സംഗതി. മുതലാളിത്ത വ്യവസ്ഥിതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ് മെയ്ദിനത്തിെന്‍റ അന്തഃസത്ത നമ്മോടാവശ്യപ്പെടുന്നത്. ഇന്നത്തെ ലോകത്ത്, നമ്മുടെ രാജ്യത്ത്, സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ രംഗങ്ങളില്‍ ഒരേപോലെ നമ്മുടെ പ്രവര്‍ത്തനം തീവ്രമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിെന്‍റ സാമൂഹിക സംവിധാനത്തില്‍ നവലിബറല്‍ കടന്നാക്രമണങ്ങള്‍ സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്; അവയെ നേരിടേണ്ടതുമുണ്ട്. നമ്മുടെ രാജ്യത്തെ 45 കോടിയിലേറെ വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമേ ഏതെങ്കിലുമൊരു ബഹുജന സംഘടനയില്‍ സംഘടിതരായിട്ടുള്ളൂ; അതുകൊണ്ട് നമ്മുടെ പ്രാഥമിക കടമ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാണ്. ഇന്ത്യന്‍ തൊഴില്‍ സേനയില്‍ ഏറ്റവും വലിയ ഭാഗമായ ദരിദ്ര കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങളും കൂടി ഏറ്റെടുക്കേണ്ടത് ട്രേഡ് യൂണിയനുകളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അവര്‍ നിര്‍ദയമായി കൊള്ളയടിക്കപ്പെടുകയാണ്; ലക്ഷക്കണക്കിനാളുകളാണ് ആത്മഹത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നത്. ഫ്യൂഡല്‍ പ്രത്യയശാസ്ത്രങ്ങളുടെയും പരിഷ്കരണവാദപരമായ പ്രത്യയശാസ്ത്രങ്ങളുടെയും ശക്തമായ സ്വാധീനമാണ് അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലെ മറ്റൊരു മുഖ്യവെല്ലുവിളി. ഇത് നമ്മുടെ കടമയെ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. ട്രേഡ് യൂണിയനുകളുടെ വര്‍ഗപരമായ ദിശാബോധത്തെ ശക്തിപ്പെടുത്തുന്നതിനും അധ്വാനിക്കുന്ന ജനവിഭാഗത്തിനിടയില്‍ ശാസ്ത്രീയമായ സോഷ്യലിസ്റ്റ് ധാരണ പ്രചരിപ്പിക്കുന്നതിനും നിര്‍ണായകമായ പ്രാധാന്യമാണുള്ളത്. ക്യാമ്പെയ്നുകളിലും പോരാട്ടങ്ങളിലും ഓരോ രാജ്യത്തെയും സവിശേഷ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിനുപുറമെ സാമ്രാജ്യത്വ കടന്നാക്രമണങ്ങളെയും അവയുടെ ഇടപെടലുകളെയുംകുറിച്ച് ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഒന്നാം ലോക യുദ്ധത്തിെന്‍റ ആരംഭത്തിെന്‍റ ശതാബ്ദിയാണ് ഈ വര്‍ഷം. ഇരുപതാം നൂറ്റാണ്ടിെന്‍റ ആദ്യപകുതിയില്‍ തന്നെ ലോകം വീണ്ടുമൊരു ലോകയുദ്ധത്തിന് ഇരയായത് അസംഖ്യം ജീവനും അളവറ്റ സ്വത്തും നഷ്ടപ്പെടുന്നതിന് ഇടയാക്കിയെങ്കിലും യുദ്ധക്കൊതിക്ക് ഇപ്പോഴും അറുതിയായിട്ടില്ല. സാമ്രാജ്യത്വശക്തികള്‍ പല ഭൂഖണ്ഡങ്ങളിലെയും പല രാജ്യങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടുകൊണ്ട് അവയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്. പലസ്തീനിലും ക്യൂബയിലും മറ്റും എന്നപോലെ സിറിയയിലും വെനസ്വേലയിലും സാമ്രാജ്യത്വശക്തികളെയും അവയുടെ ഗൂഢാലോചനകളെയും ചെറുക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ നമ്മുടെ പ്രതിഷേധശബ്ദം ഉയരണം. ഈ സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ ഇരകളായി ലിബിയയും ഇറാഖും അഫ്ഗാനിസ്ഥാനും നമ്മുടെ മുന്നില്‍ തന്നെയുണ്ട്. നമുക്ക് മുന്നിലുള്ള കടമകളെക്കുറിച്ച് നാമെല്ലാം അനുസ്മരിക്കാനുള്ള സന്ദര്‍ഭമാണ് മെയ്ദിനം. മെയ് ദിനത്തിെന്‍റ വിപ്ലവ പാരമ്പര്യത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട് സിഐടിയുവിെന്‍റ സ്ഥാപക പ്രസിഡന്‍റായ സഖാവ് ബി ടി രണദിവെ പറഞ്ഞു  "ഭാഗികമായ ആവശ്യങ്ങള്‍ക്കൊപ്പം തൊഴിലാളിവര്‍ഗത്തിെന്‍റ സാര്‍വദേശീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കാനും തൊഴിലാളിവര്‍ഗത്തിന് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുമുള്ള ദൃഢനിശ്ചയവും അതിലുള്ള ഉറച്ച വിശ്വാസവും കൂടി ചേര്‍ന്നതാണ് എക്കാലത്തും മെയ്ദിനത്തിെന്‍റ വിപ്ലവ പാരമ്പര്യം". ഇന്ന് ഇന്ത്യയില്‍ ഭാഗികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തെ തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുമായും സാമൂഹ്യവിമോചനത്തിനായുള്ള ലക്ഷ്യം, സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള പ്രയാണവുമായും കൂട്ടിയിണക്കുക എന്ന ഈ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജരാക്കേണ്ടതാണ്. വര്‍ഗസമരത്തിലെ ധീരന്മാരായ പോരാളികളുടെ മഹത്തായ ത്യാഗവും അവരില്‍ പലരുടെയും രക്തസാക്ഷിത്വവും ഓര്‍മിച്ചുകൊണ്ട്, പോരാട്ടത്തിെന്‍റയും ഐക്യദാര്‍ഢ്യത്തിെന്‍റയും ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നേറാം. മെയ് ദിനം നീണാള്‍ വാഴട്ടെ! തൊഴിലാളിവര്‍ഗ ഐക്യം നീണാള്‍ വാഴട്ടെ! വിപ്ലവം വിജയിക്കട്ടെ!

Monday 24 March 2014

വിപ്ലവ സോഷ്യലിസത്തിന്റെ കൊല്ലം വഴികള്‍

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയെന്നപേരില്‍ നടത്തിയിട്ടുള്ള വിപ്ലവവും സോഷ്യലിസവും ഇനി കോണ്‍ഗ്രസിന്റെ മടിയില്‍ കിടന്നാണ് ആര്‍എസ്പി നടപ്പാക്കാന്‍ പോകുന്നത്. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ ജനകീയ ജനാധിപത്യത്തെപ്പറ്റിയും ദേശീയ ജനാധിപത്യ വിപ്ലവത്തെപ്പറ്റിയും മാത്രമേ പരിപാടികളില്‍ പറയുന്നുള്ളുവെന്നും ഉടനടി സോഷ്യലിസം വരുത്താന്‍ തങ്ങള്‍ക്കുമാത്രമേ സാധിക്കു എന്നുമാണ് ആര്‍എസ്പിയുടെ നയപരിപാടികള്‍ പറയുന്നത്. അത്തരമൊരു പാര്‍ടിയുടെ കേരളഘടകം അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യതിചലിച്ച് കേരളാ ആര്‍എസ്പിയായി മാറി വരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെക്കൂടി അട്ടിമറിക്കുന്ന ഹീനകൃത്യമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. സോളാര്‍ തട്ടിപ്പിലുള്‍പ്പടെ, നിരവധി സംഭവപരമ്പരകളില്‍ അടിത്തറയിളകിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചാക്കിടല്‍ രാഷ്ട്രീയം നെയ്യാറ്റിന്‍കരയില്‍നിന്ന് നീണ്ടകരയിലെത്തിയപ്പോള്‍, വലയില്‍ കുടുങ്ങിയത് രണ്ട് എംഎല്‍എമാര്‍ കൂടി ഉള്‍പ്പെടുന്ന ഒരു പാര്‍ടിതന്നെയായി. വലയില്‍ കുടുങ്ങുന്ന മത്സ്യത്തിന്റെ ഗതി അതിജീവനമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമേറ്റ് വളര്‍ന്നു വികസിച്ചവര്‍ ഉമ്മന്‍ചാണ്ടിയുടെ ചാക്കില്‍ കയറുമ്പോള്‍, ഭരണസുഖം നല്‍കുന്ന കുളിര്‍മ ആസ്വദിക്കാമെങ്കിലും രാഷ്ട്രീയമായി മരണംതന്നെയാകും ഫലം.

സീറ്റുതര്‍ക്കം മുറുകുമ്പോള്‍ ഒരേ മുന്നണിയില്‍പെട്ട പാര്‍ടികള്‍ പരസ്പരം മത്സരിക്കേണ്ടി വരാറുണ്ട്. 1980ല്‍ ഇടതുപക്ഷ ഐക്യം ഇന്ത്യയില്‍ വളര്‍ന്നതിനുശേഷം ചുരുക്കം സീറ്റുകളിലെങ്കിലും സിപിഐ യും സിപിഐ എമ്മും മത്സരിക്കാനിടവന്നിട്ടുമുണ്ട്. എന്നാല്‍ ആര്‍എസ്പിയുടെ കാര്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സീറ്റ് തര്‍ക്കം പുറമെ പറയുന്നതുമാത്രം. കൊല്ലം സീറ്റ് തങ്ങള്‍ക്ക് എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഏറ്റവും കൂടുതല്‍ അറിയുന്നതും പ്രേമചന്ദ്രനുതന്നെയാകുമല്ലോ. ചെറിയ പാര്‍ടിയായിട്ടുകൂടി എത്രയോ പിളര്‍പ്പുകള്‍ ആ പാര്‍ടിയെ തേടിയെത്തി. പ്രാമാണികനായ നേതാവ് എന്‍ ശ്രീകണ്ഠന്‍നായര്‍തന്നെ, കൊല്ലത്ത് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പിളര്‍പ്പുകളുടെ പരമ്പര ആ പാര്‍ടിയെ എത്രയോ ദുര്‍ബലമാക്കി. ആര്‍എസ്പിയുടെ മുന്‍നിര നേതാവായ ബേബിജോണിനെ, കൊലയാളിയെന്ന് വിളിച്ച് ചവറ സരസന്റെ കൊലപാതകത്തിന് ഉത്തരവാദിയാക്കി ചിത്രവധം ചെയ്തപ്പോള്‍, സഖാവെന്ന പരിഗണന നല്‍കി, പൊതു മണ്ഡലത്തില്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കൊലയാളിയെന്നു വിളിച്ചപമാനിച്ച കോണ്‍ഗ്രസുകാര്‍ക്കൊപ്പം അധികാരംപങ്കിടാന്‍ മാത്രമല്ല അവിടേക്ക് തന്റെ പിതാവിന്റെ പഴയ സഹപ്രവര്‍ത്തകരെ ചാക്കിലാക്കി 'കൂട്ടിക്കൊടുക്കാനും' യാതൊരു മടിയുമില്ല എന്നുകൂടി ബേബിജോണിന്റെ മകന്‍ തെളിയിച്ചിരിക്കുന്നു. യൂദാസിനു കിട്ടിയ വെള്ളിക്കാശുപോലെ, യുഡിഎഫിന്റെ ലോകസഭാ ടിക്കറ്റ് തരപ്പെടുത്തിയ പ്രേമചന്ദ്രനും സംഘവും തങ്ങള്‍ ഇന്നലെവരെ പറഞ്ഞ രാഷ്ട്രീയം എങ്ങനെ വിഴുങ്ങും കോര്‍പ്പറേറ്റുകള്‍ക്കെതിരെയും കസ്തൂരിരംഗനെതിരെയും സോളാര്‍ തട്ടിപ്പിനെതിരെയും ഇടതുപക്ഷ പ്രതിനിധിയായി ചാനലുകളില്‍ തിളങ്ങിയയാള്‍ക്ക് താനുന്നയിച്ച വാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് എങ്ങനെ പ്രതികരിക്കാനാകും ക്ലിഫ്ഹൗസ് ഉപരോധിക്കാന്‍ സമരംനയിച്ചുപോയ നേതാവ് അന്തിയായപ്പോള്‍, തലയില്‍ മുണ്ടിട്ട്, ക്ലിഫ്ഹൗസിനകത്ത് ചെന്ന് സീറ്റൊറപ്പിച്ചുപോന്നിട്ട് കുറ്റം മുഴുവന്‍ സിപിഐ എമ്മിന്റെയും സിപിഐയുടേയും തലയില്‍ ചാര്‍ത്തിക്കൊടുക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നണി നടത്താനറിയില്ലത്രേ. കോണ്‍ഗ്രസുകാര്‍ എത്ര നന്നായി സംസാരിക്കുമെന്നാണ് വീരേന്ദ്രകുമാറിന് അത്ഭുതം. ആധുനിക കേരളത്തിന്റെ സൃഷ്ടാവായ ഇ എം എസിനെ 'വിക്കന്‍ നമ്പൂതിരി'യെന്നു വിളിച്ച കോണ്‍ഗ്രസുകാരുടെ പെരുമാറ്റ മര്യാദ കേമമാണ്. കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് ആശുപത്രിയില്‍ മരണക്കിടക്കയില്‍ കിടക്കുന്ന എ കെ ജിയോട് ചോദിച്ചതും ഇതേ കോണ്‍ഗ്രസാണ്. വടകരയോ കോഴിക്കോടോ തരാന്‍ സൗകര്യപ്പെടുന്നില്ല, വേണമെങ്കില്‍ പാലക്കാട്ട് പോയി പനങ്കള്ള് കുടിച്ചു വരുകയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഉമ്മന്‍ചാണ്ടി എത്രയോ മര്യാദരാമന്‍. പെരുമാറ്റ മര്യാദയുടെ സര്‍ട്ടിഫിക്കറ്റ് അടിക്കുന്ന ഒരു കമ്മട്ടംതന്നെ വീരന്റെ പാര്‍ടി പണിതുവെച്ചിട്ടുണ്ട്. ഏതായാലും സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഒപ്പം ഉറച്ചുനിന്ന പഴയ പാര്‍ടിയിലെ നാലുപേര്‍ എംഎല്‍എമാരായി നിയമസഭയിലിരിക്കുമ്പോള്‍, വീരന്‍ ചെറിയ പാര്‍ടിയുടെ ചെറിയനേതാവായി മാറിയെന്നതാണ് പരമാര്‍ത്ഥം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടരുത് എന്ന പഴമൊഴിപോലെ എത്ര മെലിഞ്ഞാലും വീരനെ പാലക്കാട്ട് കൊണ്ടുകെട്ടാന്‍ പാടില്ലായിരുന്നു. "കോഴിയെ ഡ്രസുചെയ്ത് കൊടുക്കപ്പെടും" എന്ന് ബോര്‍ഡ് കാണുമ്പോള്‍ കോഴിക്ക് എന്തോ നല്ലതുവരുമെന്ന് വിചാരിക്കുന്നവന്‍ എത്രയോ "ബുദ്ധി"മാനായിരിക്കും. ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ചിരി കൊലച്ചിരിയാണെന്ന് പാലക്കാട്ട് ചെല്ലുമ്പോഴെങ്കിലും അറിയുമെന്നിരിക്കെ, പാലക്കാട് ചുരം കയറി പാണ്ടിനാട്ടില്‍ ഒരു യാത്രാവിവരണംകൂടി എഴുതി നോക്കാമെന്നല്ലാതെ, യുഡിഎഫിലെ പെരുമാറ്റ മര്യാദകൊണ്ട് വീരന്റെ പാര്‍ടി ഗതിപിടിക്കുന്നില്ല എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.

ഇരുപത് എംഎല്‍എമാരുള്ള മുസ്ലീംലീഗിന് രണ്ടു ലോകസഭാ സീറ്റ്. ഒന്‍പത് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസിന് ഒരേ ഒരു സീറ്റ്. മുപ്പത്തിയാറ് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് പതിനാറുസീറ്റ്. എത്ര ഉദാരമായ സീറ്റു പങ്കിടലാണത്. അതിനെ വാഴ്ത്താന്‍ മാധ്യമങ്ങളും. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലെ ജനങ്ങള്‍ നല്‍കിയ ഒരു വിധിയെഴുത്തിനെ അട്ടിമറിച്ച് പച്ചയായ കാലുമാറ്റം നടത്തി അധാര്‍മിക രാഷ്ട്രീയം പയറ്റിയ ഉമ്മന്‍ചാണ്ടിയുടെ നഗ്നതയെ പട്ടുകോണകംകൊണ്ടു മറയ്ക്കാനാണ് എല്‍ഡിഎഫിലെ പെരുമാറ്റ വിശേഷങ്ങളെപ്പറ്റി ഉപന്യാസങ്ങള്‍ ചമയ്ക്കുന്നത്. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണിയിലുണ്ടാവില്ല എന്നതാണ് ആര്‍എസ്പിയുടെ ശാഠ്യമെങ്കില്‍ എന്തിന് രാജ്യസഭാ സീറ്റ് സ്വീകരിച്ച് കൊല്ലങ്ങള്‍ക്കുമുമ്പ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് എംപിയായി ദില്ലിയിലേക്ക് പോയി? മുന്നണിയിലെ ധാരണയനുസരിച്ച് ജനതാദളിന് ഒരു ടേമിന്റെ പകുതി നല്‍കണമായിരുന്നുവെങ്കിലും 2001ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ലോട്ടറിയടിച്ചത് ഇതേ പ്രേമചന്ദ്രനായിരുന്നു. ജനതാദളിന്റെ ഓഹരിയായ മൂന്നുകൊല്ലംകൂടി രാജ്യസഭയില്‍ അംഗമായി തുടര്‍ന്നു. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗത്വംവരെയും എംഎല്‍എ സ്ഥാനം മുതല്‍ മന്ത്രിപ്പട്ടംവരെയും എത്തിയിട്ടും ചവിട്ടിനിന്ന ഗോവണി, കൂടെനിന്നവന്റെ തലയിലേക്കെറിഞ്ഞ്, മറുകരകണ്ട് കൊഞ്ഞനംകുത്തുന്ന പ്രേമചന്ദ്രനും സംഘവും നയിക്കുന്ന വഴിയെ അണികള്‍ വരണമെന്നില്ല.

1957ല്‍ കമ്യൂണിസ്റ്റ്പാര്‍ടിയും കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും മത്സരിച്ചപ്പോള്‍ 60 സീറ്റ് കമ്യൂണിസ്റ്റുകാര്‍ക്കും, അഞ്ച് സീറ്റ് കമ്യൂണിസ്റ്റ് സ്വതന്ത്രര്‍ക്കും കിട്ടി. ഒറ്റയ്ക്ക് ഭരിക്കാനല്ല, സോഷ്യലിസ്റ്റുകളെ കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷ അടിത്തറ വികസിപ്പിക്കാനാണ് അക്കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിച്ചത്. ആദ്യത്തെ കേരള നിയമസഭയില്‍ 23 എംഎല്‍എമാരുണ്ടായിരുന്ന സോഷ്യലിസ്റ്റ്പാര്‍ടിയുടെ കമ്യൂണിസ്റ്റ് വിരോധം ആ പാര്‍ടിയെ തകര്‍ക്കുക മാത്രമല്ല, വിമോചന സമരമുന്നണിയിലെത്തിച്ചു. കേരളം ഏറെ ബഹുമാനിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ വിമോചന സമരകാലത്ത് ചവറയില്‍വച്ച് അടിച്ച "പത്തല്‍ വിപ്ലവം" മുതല്‍, ആര്‍എസ്പിയുടെ പൂര്‍വികരുടെ ഇടതുപക്ഷ സ്വഭാവം ചരിത്രത്തില്‍ മുദ്രണംചെയ്യപ്പെട്ടിട്ടുണ്ട്. തക്കംനോക്കി പരസ്പരം കുത്തുകയും കൂട്ടില്‍ കുത്തുകയും ചെയ്ത് ഛിന്നഭിന്നമായിപ്പോയ ഒരു പ്രസ്ഥാനത്തെ, ഒന്നര ദശകത്തോളമായി ഒപ്പം നിര്‍ത്തി പരിലാളിച്ച് സംരക്ഷിച്ചതിന്റെ മര്യാദകളൊന്നും മാനിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലും തലേന്നുപോലും ഒന്നും ഉരിയാടാതെ കളം മാറിച്ചവിട്ടിയ നെറികേടിന് കേരളം മാപ്പുനല്‍കില്ല. രണ്ടായിരത്തി ഒന്‍പതില്‍ ജനതാദള്‍, രണ്ടായിരത്തി പതിനാലില്‍ ആര്‍എസ്പി. ഇടതുമുന്നണിയില്‍നിന്ന് കൊഴിച്ചില്‍ കൂടുന്നതായി ആഹ്ലാദിക്കുന്നവര്‍ ഏറെയുണ്ട്. ജനതാദളിലെ ഭൂരിപക്ഷവും ഇടതുമുന്നണിയിലുണ്ട് എന്നത് ഈ കഥാകഥനത്തില്‍ മറച്ചുവയ്ക്കപ്പെടുന്നുണ്ട്. 2009ലെ കോണ്‍ഗ്രസോ യുപിഎയോ അല്ല 2014ല്‍ ജനവിധി തേടുന്നത്.

മതനിരപേക്ഷതയുടെ കൊടിയുയര്‍ത്തുന്ന ദേശീയ രാഷ്ട്രീയത്തിന് ഇടതുപക്ഷം കൂടുതല്‍ പ്രസക്തമാകണമെന്ന് ഓരോ കേരളീയനും തിരിച്ചറിയുന്ന കാലമാണിത്. യുഡിഎഫിനൊപ്പംനിന്ന ജനവിഭാഗങ്ങള്‍ അവരെ കൈവിട്ടിരിക്കുന്നു. ആയിരം ചോദ്യങ്ങളുമായി യുഡിഎഫിനെ കാത്തിരിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അവരോടൊപ്പം കൂടിയതോടെ, ആര്‍എസ്പിയുടെ യാത്ര, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ്. മൂല്യങ്ങളേയും നിലപാടുകളേയും ധാര്‍മികതയേയും വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ക്കായി ഒരു വ്യക്തി പോകുന്നത് തല്‍ക്കാലത്തേക്ക് വിജയം കണ്ടേക്കാം. അബ്ദുള്ളക്കുട്ടിമാരെയും ശെല്‍വരാജുമാരെയും ചൂണ്ടി അങ്ങനെ പറയാന്‍ കഴിയുമായിരിക്കാം. ഇവിടെ ഇടതുപക്ഷത്തെന്ന് ജനങ്ങള്‍ വിശ്വസിച്ച ഒരു പാര്‍ടിയെയാണ് അഖിലേന്ത്യാ നേതൃത്വം വിസമ്മതിച്ചിട്ടും സംസ്ഥാനകമ്മിറ്റിയെ കൈക്കലാക്കിയ ഒരു കൂട്ടം തട്ടിയെടുത്ത് യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടുന്നത്. അതിന് ചരിത്രം കരുതിവച്ച മറുപടി ഏറ്റുവാങ്ങാന്‍ തയ്യാറാവുക മാത്രമാണ് ആര്‍എസ്പിക്ക് ചെയ്യാനുള്ളത്. കാര്യം കണ്ടുകഴിഞ്ഞാല്‍ കറിവേപ്പിലപോലെ പുറത്തെറിയപ്പെടുന്ന ഒന്നായി കേരളാ ആര്‍എസ്പിയെന്ന ഈ കാലുമാറ്റ പാര്‍ടി മാറുമെന്ന് തീര്‍ച്ചയാണ്.
**അഡ്വ. കെ അനില്‍കുമാര്‍**

ശിങ്കിടി മുതലാളിത്തത്തിന്റെ അത്യാര്‍ത്തി

"തിളങ്ങുന്ന ഇന്ത്യ", സൂര്യപ്രകാശത്തില്‍, അക്ഷരാര്‍ഥത്തില്‍ത്തന്നെ 'വെയില്‍കായുക'യാണ്. സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിയ്ക്കുന്നു. 22000 എന്ന അതിര്‍ത്തിയും അത് ഏറെക്കുറെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. നിഫ്റ്റിയും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു പ്രമുഖ ഫൈനാന്‍സ് കമ്പനിയുടെ വക്താവിെന്‍റ വാക്കുകളിലൂടെ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അതിനോട് ചടുലമായി പ്രതികരിച്ചത് ഇങ്ങനെയാണ്: "ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത, ഈ കുതിപ്പിന് ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുന്നു". (ഹിന്ദുസ്ഥാന്‍ ടൈംസ്, 2014 മാര്‍ച്ച് 8). കടിഞ്ഞാണില്ലാത്തവിധം ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള വ്യഗ്രതയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ വിശദീകരിയ്ക്കുന്നതിനായി ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ "ഫാസ്റ്റ് ഫുഡ്" സമീപനമാണ് നിരന്തരം അവലംബിച്ചുവരുന്നത്. ഇത് മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

ഓഹരിക്കമ്പോളത്തിലെ 1998ലെ പതനത്തിനുകാരണം, പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന വാജ്പേയിക്ക്, തെന്‍റ പിന്‍തുണയറിയിച്ചുകൊണ്ടുള്ള കത്ത് ജയലളിത അയച്ചുകൊടുക്കുന്നതില്‍ വന്ന കാലതാമസമാണ് എന്നാണ് പറയപ്പെട്ടത്. കിഴക്കന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞ കാലമായിരുന്നു അത്. അതിെന്‍റ ഫലമായി ഉണ്ടായ അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: "ഒരിടയ്ക്ക് ഏഷ്യന്‍ കടുവകള്‍ എന്ന് കരുതപ്പെട്ടിരുന്നവയുടെ എല്ലുകള്‍ തോട്ടിപ്പണിക്കാര്‍ വാരിക്കൂട്ടുന്ന അവസ്ഥയാണുണ്ടായത്". പിന്നീട് അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അതിനെ അവഗണിച്ചത്, ഒന്നാം യുപിഎ ഗവണ്‍മെന്‍റിന് 2004ല്‍ ഇടതുപക്ഷ പാര്‍ടികള്‍ പുറത്തുനിന്നു നല്‍കിയ പിന്‍തുണയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.

അതുപോലെത്തന്നെ, അന്താരാഷ്ട്രവിപണികള്‍ ഒരു വലിയ വേലിയേറ്റത്തിെന്‍റ അവസ്ഥയിലാണ് എന്ന വസ്തുതയാണ് ഇന്ന് അവഗണിയ്ക്കപ്പെടുന്നത്. അമേരിക്കയിലെ ശമ്പളവിതരണം കൂടുതല്‍ ശക്തിപ്പെട്ടപ്പോള്‍, വാള്‍സ്ട്രീറ്റ് റെക്കോര്‍ഡ് തലത്തിലെത്തി. തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണെങ്കില്‍ത്തന്നെയും, കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി പുതിയ തൊഴിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിവരുന്നതിന് ഇതിടയാക്കി. എന്നാല്‍ ഈ സുഖം ഏറെക്കാലം നിലനിന്നില്ല. ഉക്രെയ്നിലെ പ്രതിസന്ധിയും ചൈനയില്‍നിന്നുള്ള നിരുത്സാഹകരമായ വിവരങ്ങളും കാരണം യൂറോപ്യന്‍ വിപണിയില്‍നിന്നും ഏഷ്യന്‍ വിപണിയില്‍ നിന്നും നിഷേധാത്മകമായ വാര്‍ത്തകള്‍ വന്നതുമൂലമാണത്. അതിെന്‍റ ആഘാതം അധികം താമസിയാതെ ഇന്ത്യന്‍ വിപണിയിലും കാണാതിരിയ്ക്കില്ല. എന്നുതന്നെയല്ല, ഡോളറുമായുള്ള രൂപയുടെ മൂല്യം ശക്തിപ്പെടുകയും കറന്‍റ് അക്കൗണ്ട് ശിഷ്ടം മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ (ഏറെ വൈകിയിട്ടാണെങ്കിലും ആഡംബരച്ചരക്കുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു നന്ദി). പതിനെട്ടു മാസത്തിനുശേഷം ആഭ്യന്തര സാമ്പത്തിക അവസ്ഥകളോട് ഓഹരിവിപണിയും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിെന്‍റയും ജീവിത പരിതഃസ്ഥിതിയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വളരെ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂ എന്നത് ശരി തന്നെ. എങ്കില്‍ത്തന്നെയും ഫിനാന്‍ഷ്യല്‍ വിപണികളെ സമീപിക്കുന്നതിനുള്ള കോര്‍പറേറ്റുകളുടെ കഴിവുകളെ നിര്‍ണയിക്കുന്നത് വിപണി മൂലധനവല്‍കരണത്തിെന്‍റ അളവാണ് എന്നതിനാല്‍ അത് സുപ്രധാനം തന്നെയാണ്. അതിനാല്‍ വിപണിയിലെ അനുകൂലചലനങ്ങളെ കൗശലത്തോടുകൂടി ഉയര്‍ത്തിപ്പിടിച്ചു നിര്‍ത്തുക എന്നത്, ഇന്ത്യയിലെ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ലാഭം പരമാവധി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായകം തന്നെയാണ്. ഇതാകട്ടെ, ശിങ്കിടി മുതലാളിത്തത്തിെന്‍റ വൈപുല്യം അളവുപരമായി വര്‍ധിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്താനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതിനുമുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ. എന്നു തന്നെയല്ല, "ഇന്ത്യയ്ക്ക് ശിങ്കിടി മുതലാളിത്തത്തെ സഹിയ്ക്കാന്‍ കഴിയില്ല" എന്ന് ഒരിയ്ക്കല്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തിട്ടുള്ളത് ഓര്‍ക്കുക. എന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ അതിന് ഇത്ര കാലവും പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്നു.

"ഈയടുത്ത കാലത്തെ മാന്ദ്യത്തിെന്‍റ കാലത്തിലൊരിയ്ക്കലും കോര്‍പറേറ്റുകളുടെ ആകെ മൊത്തം സമ്പാദ്യത്തില്‍ ഇടിവുണ്ടായ ഒരൊറ്റ വര്‍ഷവും ഉണ്ടായിട്ടില്ല" എന്ന തെന്‍റ പ്രസ്താവനയിലൂടെ ഒരു പ്രമുഖ നിക്ഷേപക ബാങ്കിെന്‍റ എംഡി ഇതിന് സ്ഥിരീകരണം നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5.72 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 5.5 ശതമാനം കണ്ടാണ് വളര്‍ന്നത്; ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് 6 ശതമാനം കണ്ട് നേട്ടമുണ്ടായി. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റ് വമ്പിച്ച അളവില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തില്ലായിരുന്നുവെങ്കില്‍, ഇതൊന്നും സാധിയ്ക്കുമായിരുന്നില്ല. ഇത്തരം സൗജന്യങ്ങളും ഇഷ്ടദാനങ്ങളും തുടര്‍ന്നുകൊണ്ടുപോകാന്‍, ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഒരു "മിശിഹ"യെ, ശക്തനായ ഒരു നേതാവിനെ, ആവശ്യമുണ്ട്. അതിനാല്‍ ബിജെപിയുടെ പ്രധാനമന്ത്രിപദ മോഹിക്ക് ആര്‍പ്പുവിളിയ്ക്കാനുള്ള വൈതാളികരായി അവരില്‍ ചിലര്‍, തങ്ങളെ സ്വയം നിയമിയ്ക്കുകയാണ്. ഗുജറാത്തില്‍ മറ്റൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വമ്പിച്ച അളവിലുള്ള സൗജന്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളില്‍, അത്തരം സൗജന്യങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. സൂറത്തിലെ ഹസീറയിലെ വ്യവസായ മേഖലയില്‍ കണ്ണായ സ്ഥലത്ത് എല്‍ ആന്‍റ് ടിയ്ക്ക് ലേലമൊന്നും കൂടാതെ 8 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മോഡി സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ചതുരശ്ര മീറ്ററിന് അവിടെ 950 രൂപ വില വരും എന്ന് ഭൂകമ്മിറ്റി വിലയിരുത്തിയിട്ടുണ്ടെങ്കിലും ചതുരശ്ര മീറ്ററിന് ഒരു രൂപ വെച്ചാണ് എല്‍ ആന്‍റ് ടിയ്ക്ക് ഭൂമി നല്‍കിയത്! ടാറ്റയുടെ നാനോ കാര്‍ പദ്ധതിയ്ക്ക് ചതുരശ്ര മീറ്ററിന് 900 രൂപ വില വെച്ചാണ് 1,100 ഏക്കര്‍ സ്ഥലം വിറ്റത്. അതേ അവസരത്തില്‍ അവിടെ ചതുരശ്ര മീറ്ററിെന്‍റ വിപണി വില ഏതാണ്ട് 10,000 രൂപയായിരുന്നു. ടാറ്റയ്ക്ക് ആകെ നല്‍കിയ സൗജന്യങ്ങള്‍ കണക്കിലെടുത്താല്‍, ടാറ്റയുണ്ടാക്കുന്ന ഓരോ കാറിനും 60,000ല്‍ പരം രൂപ വെച്ച് സംസ്ഥാന ഖജനാവിന് ചെലവു വരും. എസ്സാര്‍, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കും ഇതേ അളവിലുള്ള വമ്പിച്ച സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആസൂത്രണ കമ്മീഷെന്‍റ തെണ്ടൂല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്കുള്ള ഗുജറാത്തിലെ "ഊര്‍ജസ്വലമായ വളര്‍ച്ച" അങ്ങിനെയാണ്. നാല് ലക്ഷത്തോളം കൃഷിക്കാര്‍ക്ക് വൈദ്യുതി കണക്ഷനില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ 9829 തൊഴിലാളികളും 5447 കൃഷിക്കാരും 919 കൂലിവേലക്കാരും ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2008 തൊട്ട് ഓരോ വര്‍ഷവും സംസ്ഥാനത്തിെന്‍റ കടഭാരം അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2011ല്‍ അത് 1,12,462 കോടി രൂപയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ ഇഷ്ടദാനങ്ങള്‍ ലഭിയ്ക്കണം എന്ന കോര്‍പറേറ്റുകളുടെ പ്രത്യാശ ന്യായം തന്നെയാണോ?  പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളുടെ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ചെലവിലാണ് അത് സംഭവിക്കുന്നത് എന്ന് വരുമ്പോള്‍? സംസ്ഥാനത്തിെന്‍റ മനുഷ്യ വികസന സൂചികകള്‍ വളരെ താഴ്ന്നു നില്‍ക്കുന്നതും വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതത്തിെന്‍റ ദൃഷ്ടാന്തമാണല്ലോ. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിെന്‍റ "ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്" എന്ന വിഖ്യാതമായ സിനിമ ഓര്‍ക്കുക. ഹിറ്റ്ലറുടെ പൈശാചികമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണം ഉറപ്പാക്കിക്കഴിയുന്ന ജൂതന്മാരുടെ ഒരു പട്ടിക ഉണ്ടാക്കുന്നതിനും അവരെ രക്ഷിക്കുന്നതിനുംവേണ്ടി ബിസിനസ്സുകാരനായ മുഖ്യകഥാപാത്രം ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുമ്പോള്‍, തെന്‍റ ഈ പിന്‍തുണയെ അയാള്‍ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "ബിസിനസ്സിനുപറ്റിയ ഏറ്റവും നല്ല സമയമാണല്ലോ യുദ്ധം".

വല്ലപ്പോഴുമൊരിയ്ക്കല്‍ മനുഷ്യത്വപരമായ ഇത്തരം ചില പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും, ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള ആള്‍ത്താരയില്‍ മനുഷ്യജീവനും സ്വാതന്ത്ര്യവും അന്തസ്സും അടക്കം എല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെ സമര്‍പ്പിയ്ക്കപ്പെടുമല്ലോ. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ അത്യാഗ്രഹം നടക്കുകയാണെങ്കില്‍ത്തന്നെ, വര്‍ഗീയ കൂട്ടക്കൊലകളുടെയും ശിങ്കിടി മുതലാളിത്തത്താല്‍ ഉത്തേജിപ്പിയ്ക്കപ്പെട്ട ഹിമാലയന്‍ അഴിമതിയുടെയും ചെലവേറിയ സന്നാഹങ്ങളോടെയായിരിക്കും അത് നടപ്പാക്കപ്പെടുക. അതിെന്‍റ അനന്തരഫലമായ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും സിവില്‍ സ്വാതന്ത്ര്യ ലംഘനങ്ങളും സമുദായ സാഹോദര്യത്തിെന്‍റ തകര്‍ച്ചയും, ഇന്ത്യയുടെ സമ്പന്നവും വര്‍ണശബളവുമായ നാനാത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ വിനാശകരമായിരിക്കും. എന്നു തന്നെയല്ല, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിെന്‍റയും ജീവിതഗുണനിലവാരം നിശിതമായി ഇടിയുന്നതിനും അതിടയാക്കും എന്നത് അതിനേക്കാള്‍ ദോഷകരമായിരിക്കും. "തിളങ്ങുന്ന ഇന്ത്യ" എന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിെന്‍റ മാത്രമല്ല, എല്ലാ ജനങ്ങളുടെയും വര്‍ധിച്ച സാമ്പത്തിക അഭിവൃദ്ധിയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്ന ബദല്‍ നയമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം. അത്തരമൊരു ബദല്‍നയം സാധ്യമാണ് എന്നു തന്നെയല്ല, നല്ല നിലയില്‍ കൈവരിയ്ക്കാനും കഴിയും.

**സീതാറാം യെച്ചൂരി**