Sunday, 15 February 2009

മത ഭീകരവാദവും വര്‍ഗ്ഗീയ ഫാസിസവും

ര്‍ഗ്ഗീയ ഫാസിസ്‌റ്റ് ശക്തികള്‍ക്ക് ഇന്‍ഡ്യന്‍ രാഷ്‌ട്രീയത്തില്‍ മേല്‍ക്കൈ കിട്ടിയിരിക്കുന്നു എന്ന ദൌര്‍ഭാഗ്യകരമായ സംഗതിയാണ് കഴിഞ്ഞ 25-30 വര്‍ഷങ്ങളായി നാം കാണുന്നത്. ഇത്തരം ശക്തികള്‍ ഇന്‍ഡ്യന്‍ രാഷ്‌ട്രീയത്തില്‍ പടിപടിയായി പിടിമുറുക്കുകയും എന്‍.ഡി.എ മുന്നണിയുടെ കീഴില്‍ ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്‌തത് നാം കണ്ടതാണ്. 1992 ലെ ബാബറി മസ്‌ജിദ് തകര്‍ച്ചക്ക് ശേഷം തുടര്‍ച്ചയായ 8 വര്‍ഷം ഈ ശക്തികള്‍ നടത്തിയ വര്‍ഗ്ഗീയ പ്രചരണത്തിന്റൈ പരിണത ഫലമാണിത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി നമ്മുടെ രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുളള വഴികളിലൂടെയാണ്. ഇതിന്റെയെല്ലാം ഫലമായി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പിറകിലേക്ക് തളളപ്പെട്ടിരിക്കുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും പ്രശ്‌നങ്ങളും‍, എന്തിന് ആഗോള വല്‍ക്കരണത്തിന് എതിരായ ചെറുത്തുനില്‍പ്പുകള്‍ പോലും ഇത്തരത്തിലുളള Aggressive ആയ Identity Politics ന് മുമ്പില്‍ കീഴടങ്ങുകയാണ്. ജനങ്ങളുടെ കാതലായ പല പ്രശ്‌നങ്ങളും അടിയന്തിര പരിഗണന അർഹിക്കാത്ത വളരെ ചെറിയ പ്രശ്‌നങ്ങളായാണ് കരുതപ്പെട്ടു പോരുന്നത്.

ഗുജറാത്തിലെ വംശഹത്യയിൽ ആള്‍ക്കൂട്ട ഭീകരതയെ(Mob Terrorism) യാണ് നാം കണ്ടതെങ്കില്‍ ഇപ്പോൾ ബോംബ് ഭീകരത(Bomb Terrorism) യെ ആണ് നാം ദർശിക്കുന്നത്. ഇത്തരം ചില പുതിയ വെല്ലുവിളികള്‍ ഇന്‍ഡ്യയിലെ പുരോഗമനശക്തികള്‍ ഇന്ന് നേരിടുന്നുണ്ട്. ‘ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഒന്നുപോലെ നേരിടേണ്ട സ്ഥിതി ഇന്ന് ഇന്‍ഡ്യയിലെ പുരോഗമന ശക്തികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇരുവരും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. R.S.S, ബജ്റംഗ്‌ദള്‍, ഹിന്ദു മുന്നണി, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജന ജാഗരണ്‍ സമിതി, സനാതന്‍ സന്‍സദ് തുടങ്ങിയ ‘ഭൂരിപക്ഷ വര്‍ഗ്ഗീയ സംഘടനകളായാലും ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളായാലും,( പ്രത്യേകിച്ച് കേരളത്തിന്റെ പശ്ചാത്തലത്തില്‍ എന്‍. ഡി. എഫ് പോലുളള ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളായാലും) ഇവയെല്ലാം തന്നെ ഇന്‍ഡ്യയുടെ മതേതരത്വത്തിന് കടുത്ത ഭീഷണിയാണ്. ഇരുവരും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിര്‍പ്പിന്റെ രാഷ്‌ട്രീയത്തിനും എതിരായി ‘ഭീഷണിയും കലാപവും അഴിച്ചുവിടുകയാണ്. എന്നു മാത്രവുമല്ല ഇന്‍ഡ്യയുടെ സമന്വയ സംസ്‌ക്കാരത്തിനുപോലും ഈ ശക്തികള്‍ എതിരാണ്. ‘ഭക്തിപ്രസ്ഥാനവും സൂഫിസവുമെല്ലാം ഇന്‍ഡ്യയില്‍ ഉയര്‍ന്നുവന്ന സമന്വയ സംസ്‌ക്കാരത്തിന്റെ മാതൃകകളാണ്. ഇതു കൂടാതെ ഇരു വര്‍ഗ്ഗീയ ശക്തികളും സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതിൽ മുന്നിലാണ്.

1984 ല്‍ രണ്ട് വലിയ ദുരന്തങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന കലാപത്തില്‍ 3,600 പേരാണ് ദില്ലിയില്‍ മാത്രം കൊല്ലപ്പെട്ടത്. രാജ്യത്താകമാനം 7,000 ല്‍ പരം സിക്കുകാര്‍ കൊലചെയ്യപ്പെടുകയുണ്ടായി. സിക്ക് കലാപത്തിന് നേതൃത്വം കൊടുത്ത ബുദ്ധി കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ് നേതാക്കന്മാരോ മന്ത്രിമാരോ ആരും തന്നെ ഈ കലാപത്തിന്റെപേരിൽ കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് സത്യം.1984 സെപ്‌തംബര്‍ മാസത്തിലാണ് ഭോപ്പാല്‍ ദുരന്തമുണ്ടാകുന്നത്. ഇതിന്റെ ഫലമായി 3,700 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭോപ്പാല്‍ ദുരന്തത്തിന് ബഹുരാഷ്‌ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡ് ആയിരുന്നു കാരണക്കാർ . ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിനെ ശിക്ഷിക്കുന്നതിന് പകരം ഇന്‍ഡ്യാ ഗവണ്‍മെന്റ് പ്രസ്‌തുതകമ്പനിക്ക് മഹാരാഷ്‌ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിനാണ് അനുമതി നൽകുകയാണുണ്ടായത്.

1987 ലും 89 ലുമായി ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന കലാപത്തില്‍ 51 മുസ്ലീം യുവാക്കള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ PAC എന്ന പോലീസ് സേനയിലെ പല പോലീസുകാര്‍ക്കും ഈ കലാപത്തില്‍ പങ്കുണ്ടായിട്ടും ഇവരെ ശിക്ഷിക്കുവാന്‍ ഗവണ്‍മെന്റ് തുനിഞ്ഞില്ല. ബീഹാറിലെ ഭഗല്‍പൂരില്‍ ആയിരത്തോളം ന്യൂനപക്ഷ സമുദായാംഗങ്ങളാണ് കൊലചെയ്യപ്പെട്ടത്. അദ്വാനി നയിച്ച രഥയാത്രയോടനുബന്ധിച്ചാണ് ഈ കലാപങ്ങള്‍ നടന്നത്. എന്നാല്‍ ഇവിടെയും അക്രമികള്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടുന്നതാണ് നാം കണ്ടത്. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നും നൂറുകണക്കിന് ജീവന്‍ അപഹരിക്കപ്പെട്ടു.

2002 ലെ ഗുജറാത്ത് നരഹത്യയില്‍ രണ്ടായിരത്തിഅഞ്ഞൂറോളം സാധാരണക്കാരാണ് വധിക്കപ്പെട്ടത്. ബെസ്‌റ്റ് ബേക്കറി കേസ് ബള്‍ക്കീസ് കേസ് എന്നിവയൊഴികെ മറ്റ് കേസുകളില്‍ ഒന്നും തന്നെ ആരും ശിക്ഷിക്കപ്പെടാത്ത അവസ്ഥ വന്നു. ഗുജറാത്ത് കലാപത്തിന്റെ മുഖ്യ സൂത്രധാരനായ നരേന്ദ്രമോഡിക്കെതിരെ കേസുകള്‍ ഒന്നും എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍. കെ. അദ്വാനിയും നരേന്ദ്രമോഡിയും ഇന്‍ഡ്യൻ പ്രധാനമന്ത്രിമാരാകാന്‍ സ്വപ്‌നം കാണുകയാണ്. കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, വംശഹത്യയുടെ പരമ്പരകൾ സൃഷ്ടിച്ചയാളുകള്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാവുന്ന കാഴ്ച്ച നാം കാണാന്‍ പോവുകയാണ്. എല്‍. കെ. അദ്വാനി ഒരിക്കൽ ഇന്‍ഡ്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നല്ലോ. നരേന്ദ്രമോഡിയോ എല്‍.കെ. അദ്വാനിയോ ഇന്‍ഡ്യൻ പ്രധാനമന്ത്രിയാവുന്നത് ന്യൂനപക്ഷങ്ങള്‍ക്കും യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും എന്ത് സന്ദേശമാണ് നല്‍കുക എന്നത് വ്യക്തമാണ്.

ഇന്നിപ്പോൾ ഒരു പുതിയ പ്രതിഭാസം ദൃശ്യമാവുകയാണ്. ആള്‍ക്കൂട്ട ഭീകരതക്ക് പകരം ബോംബ് ഭീകരതയുടെ പാതസ്വീകരിക്കപ്പെടുകയാണ്. പാക്കിസ്ഥാനില്‍ നിന്നും ലഷ്‌കറെ തൊയ്‌ബയുടെ പരിശീലനം പൂര്‍ത്തിയാക്കിയ 28 വയസ്സുളള ഒരു ചെറുപ്പക്കാരന്‍ കേവലം ഒന്നര ലക്ഷം രൂപക്ക് വേണ്ടി ഇന്‍ഡ്യയില്‍ വന്ന് കൊലപാതക പരമ്പരകള്‍ നടത്തുകയുമാണ്. ഏറ്റവും ഒടുവിലത്തെ ബോംബെ ആക്രമണത്തില്‍ ഛത്രപതി ശിവാജി ടെര്‍മിനസില്‍ 56 സാധാരണക്കാരാണ് കൊലചെയ്യപ്പെട്ടത്. എന്നാല്‍ ആ സമയത്ത് നമ്മുടെ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ എല്ലാംതന്നെ താജ് ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. സി. എസ്. ടി ടെര്‍മിനസിലെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചുവീണവരെയും പരിക്ക് പറ്റിയവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ഒരു ആംബുലന്‍സ് പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല എന്ന കാര്യം ജനങ്ങളോട് വെളിപ്പെടുത്തുവാന്‍ ഒരു ചാനല്‍ പോലും തയ്യാറായിരുന്നില്ല. നമ്മുടെ നാട്ടില്‍ ‘ഭീകരതക്ക് എതിരായി പ്രസംഗിക്കുന്ന പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങള്‍ കാണാന്‍ കഴിയുന്നുമില്ല.

നമ്മുടെ രാജ്യത്ത് ഇത്തരത്തിലുളള ബോംബ് സ്‌ഫോടനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2006ല്‍ ബോംബ് സ്‌ഫോടന പരമ്പര തന്നെ ബോംബെയിലുണ്ടായി. 2005 ല്‍ 500 ല്‍ പരം പേര്‍ മരിച്ച വെളളപ്പൊക്ക ദുരന്തം ബോംബെയിലുണ്ടായി. നൂറുകണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്‌ടപ്പെട്ടു.

നമ്മുടെ നാട്ടില്‍ രാഷ്‌ട്രീയ നേതാക്കന്മാര്‍ക്ക് എന്തിനാണ് മുന്‍ഗണന നൽകേണ്ടതെന്ന വിവേചന ശേഷി നഷ്‌ടപ്പെടുകയാണ്. പൊതുവായ പ്രശ്‌നങ്ങളിലോ, പാവപ്പെട്ടവർക്കാർക്കായി ‘ഭവന നിര്‍മ്മാണം നടത്തുന്നതിലോ സാധാരണക്കാരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലോ ഒന്നും ആരും ഇടപെടുന്നില്ല. 1992 ൽ ബാബറി മസ്‌ജിദിന്റെ തകര്‍ച്ചക്ക് ശേഷമാണ് നമ്മുടെ നാട്ടില്‍ ഇത്തരത്തിലുളള സംഭവ വികാസങ്ങള്‍ രൂക്ഷമായി തീർന്നത്.

വടക്ക് കിഴക്കെ ഇന്‍ഡ്യയില്‍ നമുക്ക് ഒരു മുദ്രാവാക്യമുണ്ട്. ‘ഗാന്ധി ഹം ശർമീന്ദാ ഹൈ, തേരി ഘാതിര്‍ ജിന്ദാ ഹൈ’ - ഗാന്ധീ , ഞങ്ങള്‍ ലജ്ജിക്കുന്നു. കാരണം അങ്ങയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇത് വളരെ പ്രചാരം കിട്ടിയ മുദ്രാവാക്യമാണ്. മതേതര ഇന്‍ഡ്യയിലെ ആദ്യത്തെ ഭീകരാക്രമണം ഗാന്ധിവധമായിരുന്നു എന്ന് നമുക്ക് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയണം.

1948 ജനുവരി 30 ന്റെ ഗാന്ധിവധം നടത്തിയത് ആരാണെന്ന് നമുക്കറിയാം. എന്നാല്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ ഇക്കാര്യം കുട്ടികളോട് പറയാറില്ല. 2008 സെപ്‌തംബര്‍ 26 ന് നമുക്ക് സത്യസന്ധനായ ഒരു പോലീസ് ഓഫീസറെയാണ് നഷ്ടപ്പെട്ടത്. ATS (Anti Terrorism Squad) തലവനായ ഹേമന്ത് കാര്‍ക്കറെയാണ് ഭീകരാക്രമണത്തിന്റെ ഫലമായി കൊലചെയ്യപ്പെട്ടത്. ചരിത്രത്തില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത് ഭീകരാക്രമണങ്ങളില്‍ സംഘപരിവാറിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നു എന്നതിനാലാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ മാഗസിനായ കമ്മ്യൂണലിസം കോമ്പാറ്റ് ആര്‍.എസ്.എസ്, ബജ്റംഗ്‌ദള്‍, വിശ്വഹിന്ദു പരിഷത്ത്, കൂട്ടുകെട്ടിന് ബോംബ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്നത് വ്യക്തമായി തന്നെ വെളിപ്പെടുത്തിയിരുന്ന കാര്യമാണ് . എന്നാല്‍ ആ സമയത്ത് സി.ബി.ഐ വളരെ ലളിതമായ ചാര്‍ജ്ജ് ഷീറ്റാണ് നൽകിയത്. 2006 ല്‍ ഞങ്ങള്‍ കൊണ്ടുവന്ന ഈ ആരോപണം തുറന്ന് കാട്ടുകയാണ് മഹാരാഷ്‌ട്രയിലെ എ.ടി.എസ്. ചെയ്‌തത്. മലേഗാവില്‍ 2008 ല്‍ സെപ്തംബര്‍ മാസം 29 ന് മറ്റൊരു ബോംബ് സ്‌ഫോടനം ഉണ്ടായി. ഹേമന്ത്കാര്‍ക്കറെയെ ഈ ബോംബു സ്‌ഫോടനം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. മലേഗാവ് സ്ഫോടനത്തിന് പിന്നിലെ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരിക മാത്രമല്ല അദ്ദേഹം ചെയ്‌തത്, മറിച്ച് ഈ ശക്തികള്‍ക്ക് 2006 ലെ ബോംബെ സ്‌ഫോടനത്തിലുളള പങ്കും അദ്ദേഹം പുറത്തേക്ക് കൊണ്ടുവന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌ഫോടന പരമ്പരകളില്‍ സ്വാധ്വി പ്രഗ്യാ സിങ്ങിന്റെയും മറ്റും പങ്കും കണ്ടെത്തുകയുണ്ടായി. അവരിന്ന് ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. അവരെകൂടാതെ ഒന്നിലേറെ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും എ ടി എസ് കണ്ടെത്തുകയുണ്ടായി. ബജ്റംഗ്ദള്‍ എന്ന വര്‍ഗ്ഗീയ സംഘടനയുടെ പങ്കും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

എന്തായിരുന്നു മരിക്കുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് കാര്‍ക്കറെയുടെ മനസ്സിലുണ്ടായിരുന്നത്. നരേന്ദ്രമോഡിയും എല്‍. കെ അദ്വാനിയും മറ്റും ജനമദ്ധ്യത്തില്‍ അദ്ദേഹത്തെ താറടിച്ച് കാണിക്കുന്നതിനാണ് ശ്രമിച്ചിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും എതിരായി ലേഖനങ്ങള്‍ വരെ എഴുതുകയുണ്ടായി. അദ്ദേഹം സംഘപരിവാര്‍ ശക്തികള്‍ക്ക് ഒരു ശല്യമായിരുന്നു. ഈ വര്‍ഗ്ഗീയ ശക്തികളുടെ ലജ്ജയില്ലായ്‌മ ഏറെ വെളിപ്പെട്ടത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷമായിരുന്നു. നവംബര്‍ 29 ന് ആയിരുന്നു അദ്ദേഹത്തിന്റെ ശവസംസ്‌ക്കാരം. 25,000 ല്‍ ഏറെ ജനങ്ങള്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങിന് സാക്ഷ്യം വഹിച്ചു. ലജ്ജയില്ലാത്ത ഈ നേതാക്കന്മാര്‍ കപടമായ സാന്ത്വനവുമായി അദ്ദേഹത്തിന്റെ ‘ഭാര്യയെ സമീപിച്ചു. അദ്ദേഹത്തിന്റെ ‘ഭാര്യ കവിതാ കാര്‍ക്കറെ നരേന്ദ്രമോഡി നീട്ടിയ പണം നിരസിച്ചു.

കഴിഞ്ഞ റംസാന്‍ കാലത്ത് ഹേമന്ത് കാര്‍ക്കറെയെ മുസ്ലീം തീവ്രവാദികള്‍ ആക്രമിക്കുകയുണ്ടായി. ഹൈദരാബാദ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ആ അക്രമണം നടന്നത്. അന്വേഷണ സംഘം നിരപരാധികളെ പീഡിപ്പിക്കുകയാണ് യാതൊരുവിധ മടിയുമില്ലാതെ ഈ ശക്തികള്‍എന്ന് പ്രചരിപ്പിച്ചു. എന്നാല്‍ അദ്ദേഹം വ്യക്തമാക്കിയത് ഞാന്‍ എന്റെ അന്വേഷണത്തിലൂടെ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ്. എന്റെ അഭിപ്രായത്തിൽ ഇരു വര്‍ഗ്ഗീയ ശക്തികളും അദ്ദേഹത്തെ ഒരു പോലെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

സുഹൃത്തുക്കളെ, നമ്മുടെ ദൌത്യം വളരെ വലുതാണ്. നാം ജീവിക്കുന്നത് പ്രതിദിനം 7000 കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡ്യയിലാണ്. പോഷകാഹാരക്കുറവും ദാരിദ്ര്യവും കാരണമാണ് ഇവര്‍ മരണമടയുന്നത്. നാം ജീവിച്ചുകൊണ്ടിരിക്കുന്നത് പെണ്‍ഭ്രൂണഹത്യകള്‍ സാര്‍വ്വത്രികമായി നടക്കുന്ന ഇന്‍ഡ്യയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട കുടുംബങ്ങളില്‍ ജനിക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടികളെ കൊല്ലുകയാണ്. അടിയന്തിരമായി ശ്രദ്ധപതിയേണ്ട പല പ്രധാന പ്രശ്‌നങ്ങളും ഇന്‍ഡ്യയിലുണ്ട്. പട്ടിണി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കാള്‍ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്കാണ് ഇന്‍ഡ്യയില്‍ മുന്‍ഗണന കിട്ടിക്കൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയ ശക്തികളാണ് ഇന്‍ഡ്യയുടെ അജണ്ട തീരുമാനിക്കുന്നത്.

ഇപ്പോള്‍ ഒടുവിലത്തെ ബോംബെ ആക്രമണത്തിന് ശേഷമുളള തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വളരെ വിവേകപൂര്‍വ്വമാണ് പ്രതികരിച്ചത്. അവര്‍ തങ്ങളുടെ ദൈനംദിനജീവിതത്തെ അടിസ്ഥാനമാക്കിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ലഷ്‌ക്കറെ തൊയ്‌ബ പോലുളള സംഘടനകള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമുക്കറിയാം. അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിദ്ധ്യത്തിന്റെ വെളിച്ചത്തില്‍ അമേരിക്കയ്‌ക്കും ഇംഗ്ളണ്ടിനും അവിടെ കടന്നുപറ്റുന്നതിന് വേണ്ടി പണം നല്‍കി അഫ്‌ഗാന്‍ തീവ്രവാദികളെ വിലക്ക് വാങ്ങുകയായിരുന്നു. താലിബാനെ വളര്‍ത്തിയത് ഇതിന് വേണ്ടിയാണ്. ഒസാമാ ബിന്‍ ലാദന്‍ അമേരിക്കയ്‌ക്കെതിരായി തിരിയുന്നത് വരെയും CIA ഏജന്റായിരുന്നു.

നാം നേരിടുന്ന പോലെ തന്നെ പാക്കിസ്ഥാനും ‘ഇപ്പോൾ ഭീകരാക്രമണങ്ങളെ നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നാം പാക്കിസ്ഥാനോട് ആവശ്യപ്പെടുകയാണ്. ജയ്‌ഷെ മുഹമ്മദിനെതിരെയും താലിബാനെതിരെയും പാക്കിസ്ഥാന്‍ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതേ സമയം പാക്കിസ്ഥാനിലെ മതേതര ശക്തികളെ നാം പിന്‍തുണക്കേണ്ടതുണ്ട്. RSS വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കുന്നതുപോലെതന്നെ മതാന്ധമായ താലിബാന്‍ വാദത്തെയും എന്‍.ഡി.എഫിനെയും എതിര്‍ക്കേണ്ടതുണ്ട്.

ഞാന്‍ നമ്മുടെ വിദ്യാഭ്യാസ അവസ്ഥയെ കുറിച്ചുകൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്. നാം എന്ത് തരത്തിലുളള ചരിത്രമാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് ? എന്ത് തരത്തിലുളള സാമൂഹ്യപാഠമാണ് നാം കുട്ടികള്‍ക്ക് നല്‍കുന്നത് ? ഞാന്‍ നേരത്തെ ഗാന്ധി വധത്തെ കുറിച്ച് സൂചിപ്പിച്ചു. ആര്‍.എസ്.എസ് ഗാന്ധിയെ കൊന്നതിന് ന്യായീകരണമില്ല. നമ്മുടെ രാജ്യത്തിന്റെ വിഭജനത്തെ കുറിച്ച് നാം എങ്ങിനെയാണ് പഠിപ്പിച്ചത് ? അതുപോലെതന്നെ 1947 ലെ കലാപത്തെക്കുറിച്ചും എങ്ങിനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത് ?. ഇന്‍ഡ്യാവിഭജനത്തെക്കുറിച്ച് സ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നത് നാല് ഖണ്ഡിക മാത്രമാണ്. 1) മുഹമ്മദാലി ജിന്ന, 2) Direct Action Plan 3) മുസ്ലീം ലീഗിന്റെ ഉദ്ഭവം, 4) വിഭജനം ഈ നാല് കാര്യങ്ങളാണ് ഇന്‍ഡ്യാവിഭജനത്തെക്കുറിച്ച് ചരിത്ര പാഠപുസ്‌തകം പഠിപ്പിക്കുന്നത്.

മൂന്ന് ലക്ഷം ആളുകള്‍ കൊലചെയ്യപ്പെട്ട 8 ലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്നും ആട്ടി പായിക്കപ്പെട്ട, മൂന്ന് മതങ്ങളും, ഹിന്ദുക്കളും, മുസ്ലീങ്ങളും സിക്കുകാരും ഒരുപോലെ അനുഭവിച്ചതാണ് ഇന്‍ഡ്യയുടെ വിഭജനം. വിഭജനത്തിന്റെ ഫലമായി എല്ലാവിഭാഗങ്ങള്‍ക്കും നഷ്‌ടമുണ്ടായിട്ടുണ്ട്. ബംഗാള്‍ കൂട്ടക്കൊലയുടെ ‘ഭാഗമായും ബീഹാറിലെയും പഞ്ചാബിലെയും കലാപങ്ങളുടെ ‘ഭാഗമായും നിരവധി നഷ്‌ടമുണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പിറകില്‍ ജിന്നയുടെ മുസ്ലീം ലീഗാണ് എന്നാണ് നമ്മുടെ പാഠപുസ്‌തകം പഠിപ്പിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലേക്ക് നയിച്ച ആര്‍.എസ്.എസിനെയും ഹിന്ദു മഹാജന സഭയെയും സവര്‍ക്കറെയെയും വിശദമാക്കുന്നില്ല. ബ്രിട്ടീഷുകാരുമായുളള പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ടിപ്പുസുല്‍ത്താനെക്കുറിച്ച് പാഠപുസ്തകത്തില്‍ വ്യക്തമാക്കുന്നില്ല. ഖാന്‍ അബ്‌ദുള്‍ ഗഫാര്‍ ഖാന്‍ എന്ന അതിര്‍ത്തി ഗാന്ധിയെക്കുറിച്ച് ഇപ്പോള്‍ പഠിപ്പിക്കുന്നില്ല, 1971 വരെ പഠിപ്പിച്ചിരുന്നു. എന്നെ ചെന്നായ്‌ക്കളുടെ കൂട്ടത്തിലേക്ക് എടുത്തെറിയരുതെന്ന് വിഭജനകാലത്ത് പറഞ്ഞ അദ്ദേഹത്തെ കുറിച്ച് പഠിപ്പിക്കുന്നില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നിരവധി മുസ്ലീം നേതാക്കന്മാരെ കുറിച്ച് പറയുന്നില്ല. ഗാന്ധിജിയുടെ പ്രസംഗത്തെക്കുറിച്ച് പറയുമ്പോള്‍ അബ്‌ദുള്‍ കലാം ആസാദിന്റെ പ്രസംഗത്തെക്കുറിച്ച് പറയാന്‍ നമ്മുടെ പുസ്‌തകത്തില്‍ ഇടമില്ല.

ഞാന്‍ പാക്കിസ്ഥാന്‍ പാഠപുസ്‌തകങ്ങള്‍ പഠിച്ചിട്ടുണ്ട്. അവയില്‍ മുഗള്‍ ‘ഭരണകൂടത്തെക്കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നത്. പ്രശസ്‌തമായ ഹാരപ്പയെക്കുറിച്ചോ മോഹന്‍ജോദാരയെ കുറിച്ചോ അവര്‍ പഠിപ്പിക്കുന്നില്ല. ജനങ്ങളെ വിഭജിക്കാനാണ് അവിടെയും പാഠപുസ്‌തകങ്ങള്‍ ഉപയോഗിക്കുന്നത്. അവരുടെ പാഠപുസ്‌തകങ്ങളില്‍ അവര്‍ക്ക് അൿബറിനെ ഇഷ്‌ടമില്ല. കാരണം അൿബര്‍ വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്. അദ്ദേഹം വഹാബി മുസ്ലീമായിരുന്നില്ല. സുന്നിയായിരുന്നു. തന്റെ സ്വന്തം സഹോദരന്മാരെ കൊന്ന ഔറംഗസേബിനെയാണ് അവരുടെ ആദര്‍ശപുരുഷനായി ചിത്രീകരിക്കുന്നത്. എല്ലായിടത്തും മനുഷ്യന്റെ മനസ്സില്‍ വിഭജനം സൃഷ്ടിക്കുന്നതിന് പാഠപുസ്‌തകങ്ങളെ ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

മൂന്ന് കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലൊന്നാമത്തേത് രാജ്യത്തെ പോലീസിന്റെ നവീകരണമാണ്. 1947 ല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടി, 1950 ല്‍ റിപ്പബ്ലിക്കായി. എന്നാലും നമ്മുടെ പോലീസ് നിയമം നൂറ് വര്‍ഷം മുമ്പ് ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ തരത്തിലാണ് ഇന്നും നിലനില്‍ക്കുന്നത്. ആര്‍. പി. ശ്രീകുമാറിനെ പോലുളള ഒറ്റപ്പെട്ട വ്യക്തികൾ മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തം. നമ്മുടെ പോലീസ് വ്യവസ്ഥ ഒട്ടും ജനാധിപത്യപരമല്ല. പോലീസ് കമ്മീഷണര്‍മാര്‍ ഒറ്റക്കെട്ടായി പറഞ്ഞു: നമ്മുടെ പോലീസ് വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം ഇതില്‍ മാറ്റം വരുത്തുന്നതിനൊരുക്കമല്ല.

രണ്ടാമതായി മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് നമ്മുടെ നീതിന്യായ വ്യവസ്ഥയിലാണ് . നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ് . നമ്മുടെ നാട്ടില്‍ ഒരു ക്രിമിനല്‍ കേസ് പൂര്‍ത്തീകരിക്കുന്നതിന് 15 വര്‍ഷം എടുക്കും. ഒരു സിവില്‍ കേസ് പൂര്‍ത്തീകരിക്കണമെങ്കില്‍ മൂന്ന് തലമുറകള്‍ കാത്തിരിക്കണം. ഇപ്രകാരം നമ്മുടെ രാജ്യത്ത് നീതി വൈകിക്കുന്ന രീതിയുണ്ട്. കൂടുതൽ ജഡ്‌ജിമാരെ നിയമിക്കണം. കോടതിയെ യഥേഷ്‌ടം വിമര്‍ശിക്കാനുളള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ടാകേണ്ടതുണ്ട്. കോടതി അലക്ഷ്യ നിയമങ്ങളില്‍ മാറ്റം വരുത്തണം.

മൂന്നാമത് മാറ്റം വരുത്തേണ്ടത്, നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിലാണ്. നമ്മുടെ Intelligence bureau യും Raw യും മറ്റും ഒട്ടും ജനാധിപത്യപരമായല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ഏത് തരത്തിലുളള രഹസ്യാന്വേഷണമാണ് നടത്തുന്നത് എന്ന് ആര്‍ക്കും അറിയില്ല. ഒട്ടും സുതാര്യതയില്ലാത്ത അന്വേഷണരീതിയാണ് അവരുടേത്.

ടീസ്‌റ്റാ സെത്തല്‍വാദ് നടത്തിയ പ്രഭാഷണം.

കടപ്പാട്: യുവധാര

No comments:

Post a Comment