Saturday, 21 February 2009

കർഷകന് രക്ഷയില്ല; പദ്ധതികളും

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രോഷം ജ്വലിച്ച പ്രതികരണ പരമ്പരകള്‍ക്കിടയില്‍, ഒരു പക്ഷേ, അതിലേറെ ഭീകരമായ ദുരന്തം പാടെ മുങ്ങിപ്പോയി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഉന്നതകുലജാതരെപ്പോലും പിടിച്ചു കുലുക്കുമായിരുന്ന ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക്‌ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ 'ബ്രേക്കിങ്‌ ന്യൂസി'ന്റെ വിലപോലും കൽപിച്ചില്ല. 2007-ല്‍ രാജ്യത്ത്‌ 16,632 കര്‍ഷകരാണ്‌ ജീവനൊടുക്കിയത്‌. അവരുടെ പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമത്‌. ആ വാര്‍ത്തയാണ്‌ പാടെ പിന്തള്ളപ്പെട്ടത്‌.

കാരണം സുവ്യക്തമാണ്‌. കര്‍ഷകര്‍ ‘താജ്‌ എന്റെ രണ്ടാം വീട് ’ സമീപനക്കാരായ ഉന്നതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല.

ഗ്രാമപ്രദേശങ്ങളില്‍ മരണപരമ്പരയുടെ നൃത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കടക്കെണിയും അപമാനഭാരവും മൂലം 1997 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 1,82,936 ആണെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. അതിനിടയിലും സാമ്പത്തിക രക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുള്ള ആവേശത്തിലാണ്‌ സര്‍ക്കാര്‍. കഴിഞ്ഞ സപ്‌തംബര്‍ മുതല്‍ 10,000 കോടിയുടെ രക്ഷാപദ്ധതികളാണ്‌ കേന്ദ്രം അനുവദിച്ചത്‌. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജുകൂടി അണിയറയില്‍ ഒരുങ്ങുകയാണ്‌.

പിഴവുകള്‍ വരുത്തിയ മേഖലകള്‍ക്കു മാത്രമാണ്‌ ഇതുവരെ രക്ഷാപദ്ധതി പ്രഖ്യാപിച്ചത്‌. 20 ലക്ഷം രൂപവരെയുള്ള ഭവനവായ്‌പകള്‍ക്കു പലിശ ഇളവ്‌ അനുവദിച്ചത്‌ അത്തരം തെറ്റായ സാമ്പത്തിക സാഹസികതകള്‍ക്ക്‌ ഒരുദാഹരണം. ഭവനവായ്‌പയുടെ പലിശ കുറച്ച്‌ ആവശ്യകത കൂട്ടുമ്പോള്‍ അത്‌ തിരിച്ചടയ്‌ക്കപ്പെടുമെന്നതിന്‌ ഉറപ്പൊന്നുമില്ല. പ്രതിമാസം 25,000 രൂപ വരെ തിരിച്ചടയ്‌ക്കാന്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാറെന്തിനു രക്ഷാപദ്ധതികളെക്കുറിച്ച്‌ ആലോചിക്കണം? സമൂഹത്തെ കൊള്ളയടിക്കുന്ന വസ്‌തുവ്യാപാര മേഖലയ്‌ക്കായി എന്തിനു രക്ഷാപദ്ധതി പ്രഖ്യാപിക്കണം? മഹാനഗരങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഫ്‌ളാറ്റ്‌ വിലയില്‍ 450 ശതമാനമാണ്‌ വര്‍ധന ഉണ്ടായത്‌. എന്തുകൊണ്ട്‌ വസ്‌തുവില അതിന്റെ യഥാര്‍ഥ മൂല്യത്തിലേക്ക്‌ താഴാന്‍ അനുവദിച്ചുകൂടാ? അതുവഴി വില സാധാരണക്കാരനു താങ്ങാവുന്ന നിലയിലായാല്‍ കൂടുതല്‍പ്പേര്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാവില്ലേ?

സാമ്പത്തിക ഉത്തേജനം വേണമെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കു പണലഭ്യത ഉറപ്പാക്കണം. അങ്ങനെയാണ്‌ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. റിപ്പോ നിരക്ക്‌ കുറച്ചു; കരുതല്‍ ധനാനുപാതത്തിന്റെ നിരക്കിലും കുറവു വരുത്തി. ബാങ്കുകള്‍ക്കു പ്രത്യേക വായ്‌പാസൗകര്യം അനുവദിച്ചു. അങ്ങനെ ഒട്ടേറെ നടപടികളാണ്‌ വന്നത്‌. കഴിഞ്ഞ സപ്‌തംബര്‍ പകുതി തൊട്ട്‌ മൂന്നു ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്ക്‌ രാജ്യത്തെ ബാങ്കിങ്‌ മേഖലയിലേക്ക്‌ ഒഴുക്കിയത്‌. എന്തുസംഭവിച്ചുവെന്ന്‌ നോക്കുക. ആ പണം സുരക്ഷിതമായി ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ തിരികെ നിക്ഷേപിച്ചു. ഡിസംബര്‍ ഒന്നിനും എട്ടിനും ഇടയിലെ എട്ടു ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ 3.27 ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിച്ചത്‌. അതും വെറും ആറു ശതമാനം നാമമാത്രമായ പലിശയ്‌ക്ക്‌. ആ പലിശ വൈകാതെ അഞ്ചു ശതമാനമായി കുറയുകയും ചെയ്‌തു.

ഉത്തേജക പാക്കേജുകള്‍ സാമ്പത്തിക മാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തിയേക്കാം. എന്നാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട്‌ വിവിധ ലോബി ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്‌ ഇത്തരം നടപടികളെന്ന്‌ വ്യക്തം. ഉദാഹരണത്തിന്‌ കയറ്റുമതിക്കാര്‍ക്ക്‌ ഉത്തേജക പാക്കേജിന്റെ 'ഉത്തേജനം' രണ്ടുതവണയാണ്‌ ലഭിച്ചത്‌. രൂപയും ഡോളറും തമ്മിലുള്ള വിനിമയ മൂല്യം 37-ലെത്തിയപ്പോള്‍ വസ്‌ത്ര കയറ്റുമതിക്കാര്‍ പിന്തുണവേണമെന്ന്‌ മുറവിളി തുടങ്ങി. സര്‍ക്കാര്‍ ഉടനെ തന്നെ 1700 കോടി രൂപയോളം സഹായമായി ഒഴുക്കി. ഇപ്പോള്‍ വിനിമയ നിരക്ക്‌ വീണ്ടും 50-നോടടുക്കുന്നു, വസ്‌ത്ര വ്യവസായത്തിനു വീണ്ടും നേട്ടങ്ങളുടെകാലം.

പരുത്തി വസ്‌ത്ര നിര്‍മാതാക്കളും കയറ്റുമതിക്കാരും പുതിയ രക്ഷാപദ്ധതിക്കായി മുറവിളി കൂട്ടുന്നുണ്ട്‌. അന്താരാഷ്‌ട്ര വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം നികത്തണമെന്നാണ്‌ അവരുടെ ആവശ്യം. കയറ്റുമതിയില്‍ 95 ശതമാനം ഇടിവുണ്ടായെന്നും ഈ സാഹചര്യത്തില്‍ രക്ഷാപദ്ധതി അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പരുത്തിക്കര്‍ഷകരെ സഹായിക്കണമെന്ന്‌ ഈ വ്യവസായികള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെടുന്നില്ല.

വിനാശത്തിന്റെയും മാന്ദ്യത്തിന്റെയും പരമ്പരകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും കാര്യമായ പരിഗണന ലഭിക്കാത്തത്‌ കാര്‍ഷിക മേഖലയ്‌ക്കു മാത്രമാണ്‌. ഇന്ത്യ തിളങ്ങുമ്പോഴും മുങ്ങുമ്പോഴുമെല്ലാം സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ നട്ടെല്ല്‌ കാര്‍ഷിക മേഖലതന്നെയായിരുന്നു. കാര്‍ഷിക മേഖലയോടുള്ള പൂര്‍ണ ഉദാസീനതയും അവഗണനയും കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നു. ഒട്ടേറെപ്പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. എന്നിട്ടും കാര്‍ഷികമേഖലയ്‌ക്ക്‌ വ്യവസായത്തെപ്പോലെ വന്‍ തകര്‍ച്ച നേരിടേണ്ടിവന്നിട്ടില്ല. ബലംപ്രയോഗിച്ച്‌ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നയങ്ങളും ഭീമന്‍ കമ്പനികള്‍ക്ക്‌ ഏറ്റെടുക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതുമൊക്കെ കാര്‍ഷികമേഖലയുടെ മരണത്തിനു കാരണമാകും. ലോകബാങ്കിന്റെ കുറിപ്പടിയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സംസാരിക്കുന്നതു തന്നെ ഗ്രാമങ്ങളില്‍നിന്ന്‌ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നിനെക്കുറിച്ചാണ്‌.

രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനമാണ്‌ കാര്‍ഷിക മേഖലയുമായി നേരിട്ട്‌ ബന്ധപ്പെട്ടു കഴിയുന്നത്‌. ഭൂരഹിതരായ 20 കോടിയോളം തൊഴിലാളികളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ സമ്പദ്‌മേഖലയ്‌ക്ക്‌ യഥാര്‍ഥ ഉത്തേജനം വേണമെങ്കില്‍ ശ്രദ്ധ കാര്‍ഷിക മേഖലയിലേക്ക്‌ തിരിഞ്ഞേ മതിയാകൂ. ഇതു പറയുമ്പോള്‍ ട്രാൿടര്‍ വ്യവസായത്തിനും ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കും ധനരക്ഷാപദ്ധതി വേണമെന്നല്ല അര്‍ഥം. അതു വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ. കാര്‍ഷിക മേഖലയുടെ പേരില്‍ നിലവില്‍ അനുവദിക്കുന്ന സബ്‌സിഡികള്‍ ഉത്‌പന്ന വിതരണക്കാര്‍ക്കാണ്‌ പ്രയോജനപ്പെടുന്നത്‌. വിത്ത്‌ ഉത്‌പാദകരും കീടനാശിനി, വളം കമ്പനികളും ട്രാൿടര്‍ നിര്‍മാതാക്കളുമൊക്കെ നേട്ടം കൊയ്യുന്നു.

കാര്‍ഷിക മേഖലയ്‌ക്ക്‌ ഉണര്‍വേകാന്‍ വിപ്ലവകരമായ മാറ്റമാണ്‌ അനിവാര്യമായിരിക്കുന്നത്‌. കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജിനു രൂപം നല്‌കണം. ഊഷര ഭൂമികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. 1.20 ലക്ഷം കോടിയുടെ വളം സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു വിതരണം ചെയ്യണം. അതു സ്വാഭാവിക കൃഷിമാര്‍ഗത്തിലേക്ക്‌ തിരിയണമോയെന്ന്‌ തീരുമാനിക്കാന്‍ കര്‍ഷകനു സഹായകമാകും. അന്തിമായി കര്‍ഷകക്ഷേമത്തില്‍ ശ്രദ്ധയൂന്നുവാന്‍ പാക്കേജില്‍ നടപടിവേണം. പ്രത്യക്ഷ വരുമാന പിന്തുണയെന്ന തത്ത്വത്തിലൂന്നി പ്രതിമാസ സ്ഥിര വരുമാനമാണ്‌ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്‌ക്ക്‌ ഇന്നാവശ്യം.

ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്‌ മറ്റൊന്ന്‌. പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളും പ്രതിദിനം ഏറ്റവും കുറഞ്ഞത്‌ 60 രൂപ കൂലിയും വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണിത്‌. 100 തൊഴില്‍ദിനങ്ങളെന്ന പരിധി എടുത്തുകളയുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌. ഗ്രാമീണ തൊഴിലാളികള്‍ക്കും 365 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; സംഘടിത മേഖലയിലെന്നപോലെ. അസംഘടിതമേഖലകളിലെ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 57000 കോടി രൂപയുടെ ഉത്തേജക പദ്ധതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ 365 ദിവസങ്ങളാക്കി ഉയര്‍ത്താന്‍ അതു വിനിയോഗിക്കാം.

ഇതിനു പുറമേ കാര്‍ഷിക മേഖലയ്‌ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ സഹായമെങ്കിലും പ്രഖ്യാപിക്കണം. വളം സബ്‌സിഡിയുടെ ഒരു ഭാഗം ഇതിലുള്‍പ്പെടുത്താവുന്നതാണ്‌. അതു കര്‍ഷകര്‍ക്ക്‌ സ്ഥിരവരുമാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിക്കാം. ആവശ്യകത ഉയര്‍ത്താനും സമ്പദ്‌വ്യവസ്ഥ ഊര്‍ജസ്വലമാകാനും അതു സഹായകരമാകും.
ദേശീയ തൊഴിലുറപ്പു പദ്ധതിയെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്താനും അടിയന്തര നടപടി വേണം. സമഗ്ര വളര്‍ച്ചയ്‌ക്കു സ്വീകരിക്കേണ്ട നടപടികളാണ്‌ മുകളില്‍ പറഞ്ഞത്‌. ആ വളര്‍ച്ച മുംബൈ താജ്‌ രാജ്യത്തിന്റെ അഭിമാന പ്രതീകമാണെന്ന്‌ വാഴ്‌ത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടില്ല.

No comments:

Post a Comment