മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രിയപ്പെട്ട മഹാകവി കൂടിയായിരുന്നു ദിവംഗതനായ ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍.
കടമ്മനിട്ട കവിതയുടെ ജീവന്‍ നമ്മുടെ ഗോത്രസ്‌മൃതികളില്‍ നിന്നാണ് ഉത്ഭവിച്ചത്. അത് നിസ്സംഗതയുടെ, അന്തര്‍മുഖത്വത്തിന്റെ രചനാസമ്പ്രദായങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ട് അസമത്വത്തിനും അരാജകത്വത്തിനുമെതിരെ കവിതയുടെ ശരതുല്യമായ കരുത്തിന്റെ ഗാഥയാവുകയായിരുന്നു.
സര്‍ഗ്ഗാത്മകതയുടെ, സ്നേഹത്തിന്റെ നേരവകാശികള്‍ ഓരോരുത്തരായി വിടപറയുന്നതിനിടയില്‍ കടമ്മനിട്ടയും യാത്രയായി.
കവിതകളെഴുതേണ്ട കാലത്ത് കവിതകളിലൂടെ പൊതുപ്രവര്‍ത്തനവും, പൊതുപ്രവര്‍ത്തനത്തിന്റെ കാലത്ത് അതു മാത്രമായ പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയ മറ്റൊരു കവി ഇന്ത്യന്‍ ഭാഷകളില്‍ വേറിട്ടില്ല.
യുവതയുടെ ചുണ്ടുകളില്‍ അനീതിക്കെതിരായ സമരാഹ്വാനങ്ങളായി തലമുറകളിലൂടെ പ്രവഹിച്ചു പോരുന്ന കടമ്മനിട്ടക്കവിത കാലഘട്ടങ്ങള്‍ എത്ര കഴിഞ്ഞാലും ക്ഷുഭിതരുടെ ശബ്ദമായി നിലനില്‍ക്കുക തന്നെ ചെയ്യും.
ജനകീയ ആധുനികതക്കു തുടക്കമിട്ട കവി
സാഹിത്യത്തില്‍ ബുദ്ധിജീവി ആധുനികതയ്ക്ക് പകരം ജനകീയ ആധുനികതയ്ക്ക് തുടക്കമിട്ട കവിയാണ് കടമ്മനിട്ട. കവിതയെഴുതുമ്പോഴും അദ്ദേഹം രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കി. കലാപം കവിതയാകാമെന്നും കവിത കലാപവുമാകാമെന്നം അദ്ദേഹം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ കടമ്മനിട്ടയിലാണ് എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ ജനനം.
പടയണി ആചാര്യനായിരുന്ന മേലേത്തറയില്‍ രാമന്‍നായരുടെയും കുട്ടിയമ്മയുടെയും മകനായി 1935 മാര്‍ച്ച് 22ന്. കുടിപ്പള്ളിക്കൂടത്തിലായിരുന്നു വിദ്യാഭ്യാസം. കടമ്മനിട്ട ഗവര്‍മെണ്ട് മിഡില്‍ സ്കൂളില്‍ നിന്ന് മലയാളം ഏഴാം ക്ലാസ് പരീക്ഷ പാസായി. തുടര്‍ന്ന് പത്തനംതിട്ട ചുട്ടിപ്പാറ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ സെക്കന്റ് ഫോറത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് മൈലപ്ര സേക്രഡ് ഹാര്‍ട് ഹൈസ്കൂള്‍. കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായി ഹൈസ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. ചങ്ങനാശ്ശേരി എന്‍ എസ് എസ്സ് കോളേജില്‍ നിന്ന് 1957ല്‍ ബി എ. പിന്നീട് കുറേക്കാലം രാഷ്ട്രീയപ്രവര്‍ത്തനവും ട്യൂട്ടോറിയല്‍ അധ്യാപനവുമായി നാട്ടില്‍. തോട്ടംതൊഴിലാളി മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച രാമകൃഷ്ണന്‍ കമ്യൂണിസ്റ്റ് പാര്‍ടി പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി. പിന്നീട് തൊഴില്‍ തേടി നാടുവിട്ടു. ആസാമിലേക്ക്പുറപ്പെട്ടെങ്കിലും എത്തിയത് കൊല്‍ക്കത്തയില്‍. 24 പര്‍ഗാന ജില്ലയിലെ സോട്പൂരില്‍ ഖാദി പരിശീലന കേന്ദ്രത്തില്‍ ജോലിയ്ക്ക് ചേര്‍ന്നു.
ഇന്ത്യാവിഭജനം കഴിഞ്ഞപത്തുകൊല്ലമായിട്ടും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥിപ്രവാഹം നിലച്ചിരുന്നില്ല. പട്ടിണിയും രോഗവും അനാഥത്വവും നിറഞ്ഞ അഭയാര്‍ഥികളുടെ ജീവിതദൃശ്യങ്ങള്‍ രാമകൃഷ്ണന്റെ ജീവിത വീക്ഷണത്തെ ഉഴുതുമറിച്ചു. പില്‍ക്കാലത്ത് കേരളം മുഴുവന്‍ കത്തിപ്പടര്‍ന്ന കവിതകളുടെ സ്രഷ്ടാവ് കൊല്‍ക്കത്തയില്‍ നിന്നും അനുഭവങ്ങളുടെ ഇന്ധനം ആവാഹിക്കുകയായിരുന്നു. മൂന്ന് മാസം കൊല്‍ക്കത്തയില്‍ കഴിഞ്ഞു.
1959 ഫെബ്രുവരി 20ന് കേന്ദ്ര ഗവര്‍മെണ്ടിന്റെ പോസ്റ്റല്‍ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലികിട്ടി. മദിരാശിയില്‍ ആയിരുന്നു നിയമനം. തുടര്‍ന്ന് സര്‍വീസ് സംഘടനാ രംഗത്ത് സജീവമായി. മദിരാശിയില്‍ രാമകൃഷ്ണന്‍ താമസിച്ചിരുന്ന ലോഡ്ജിലെ അന്തേവാസികളില്‍ അധികം പേരും ചിത്രകാരന്മാരായിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്ന കെ ദാമോദരന്‍, കാനായി കുഞ്ഞുരാമന്‍, പാരിസ് വിശ്വനാഥന്‍, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ അതില്‍പ്പെടുന്നു. ഈ കലാകാരന്മാര്‍ വഴി എം ഗോവിന്ദനുമായി പരിചയപ്പെട്ടു. ഗോവിന്ദന്റെ 'സമീക്ഷ' മാസികയുടെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യസംവാദങ്ങളിലും സുഹൃദ്സംഗമങ്ങളിലുമൊക്കെ പങ്കെടുക്കാനിടയായി. മദിരാശിയില്‍ നിന്നു പുറത്തിറങ്ങിയ 'അന്വേഷണം' എന്ന മാസികയുമായി ബന്ധപ്പെടുവാനും അവസരമുണ്ടായി. മദിരാശി പബ്ലിക് ലൈബ്രറിയില്‍ നടത്തിയിരുന്ന സഹൃദയ വേദിയുടെ സദസ്സില്‍ രാമൃഷ്ണന്‍ കവിത അവതരിപ്പിച്ചു. ഇടശ്ശേരിയുടെ കവിതകളായിരുന്നു ആദ്യം അവതരിപ്പിച്ചത്. പിന്നീട് സ്വന്തം കവിതകളും. അവയില്‍ ചിലത് 'അന്വേഷണ'ത്തിലും 'സമീക്ഷ'യിലും പ്രസിദ്ധീകരിച്ചു. 'ഞാന്‍', 'ഇരുട്ട്', 'ജയില്‍', 'ശാരികയോട്', 'താറും കുറ്റിച്ചൂലും' തുടങ്ങിയവയായിരുന്നു അവ. ഈ കവിതകളോടെയാണ് രാമകൃഷ്ണന്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിയായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത്. 1967ല്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടി. കടമ്മനിട്ട രാമകൃഷ്ണന്റെ കാവ്യജീവിതത്തില്‍ സുപ്രധാന വഴിത്തിരിവായിത്തീര്‍ന്ന 'കടമ്മനിട്ട' എന്ന കവിത പുറത്തുവരുന്നത് ഈ സന്ദര്‍ഭത്തിലായിരുന്നു. തുടര്‍ന്ന് 1991 വരെയുള്ള കാലത്തിനിടയില്‍ എഴുപതോളം കവിതകളാണ് കടമ്മനിട്ട പ്രസിദ്ധം ചെയ്തത്. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച 'കുറത്തി' പ്രസിദ്ധീകരിച്ചത് ബോധി എന്ന മാസികയിലായിരുന്നു. 1978ല്‍.
ആദ്യ കാവ്യ സമാഹാരം 'കവിത' എന്ന പേരില്‍ 1976ല്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ 'കടമ്മനിട്ടയുടെ കവിതകള്‍' എന്ന പേരില്‍ അന്ന് വരെ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കവിതകളുടെ സമാഹാരം രണ്ട് വാള്യങ്ങളായി പുറത്തു വന്നു. കോഴിക്കോട്ടെ പ്രപഞ്ചം പബ്ളിഷേഴ്സായിരുന്നു പ്രസാധകര്‍. പിന്നീട് ഡി സി ബുക്സ് അത് ഒറ്റ വാള്യമായി പ്രസിദ്ധീകരിച്ചു. 1992ല്‍ 'മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു' എന്ന സമാഹാരം പുറത്തു വന്നു. 'മിശ്രതാളം',കടിഞ്ഞൂല്‍പൊട്ടന്‍ എന്നിവയാണ് പ്രസിദ്ധീകൃതമായ മറ്റു സമാഹാരങ്ങള്‍.കടമ്മനിട്ടക്കവിതകളുടെ നാല് വാള്യം കാസറ്റുകളും പുറത്തുവന്നിട്ടുണ്ട്. കവിതകളുടെ കാസറ്റ് പുറത്തിറക്കുന്ന സമ്പ്രദായം ഇതോടെയാണ് മലയാളത്തില്‍ വ്യാപകമാവുന്നത്. ആശാന്‍ പ്രൈസ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1982), ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ മലയാളി ഫൌണ്ടേഷന്‍ അവാര്‍ഡ് ( 1984), അബുദാബി മലയാളി സമാജം അവാര്‍ഡ് (1982), ഒമാന്‍ കള്‍ചറല്‍ സെന്റര്‍ അവാര്‍ഡ് ( 1986), ഇ വി കൃഷ്ണപിള്ള സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1978ല്‍ കടമ്മനിട്ട രണ്ടു മാസത്തിലേറെ നീണ്ട ഭാരത പര്യടനം നടത്തി. 1984ല്‍ യു എസ്, കാനഡ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പല തവണ ഗള്‍ഫ് പര്യടനംനടത്തിയിട്ടുണ്ട്.
പ്രശസ്ത ശില്‍പി കെ പി സോമന്‍ കടമ്മനിട്ട കവിതകള്‍ പ്രമേയമാക്കി കടമ്മനിട്ട ഗ്രാമത്തില്‍ ശില്‍പ സമുച്ചയം നിര്‍മിച്ചിട്ടുണ്ട്. 1992ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമായ കടമ്മനിട്ട 1992ല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വൈസ്പ്രസിഡണ്ടായി. 1994ല്‍ ലൈബ്രറി കൌസിലിന്റെ പ്രസിഡണ്ടായി. പ്രധാന കൃതികള്‍: കുറത്തി, മകനോട്, ശാന്ത, കണ്ണൂര്‍കോട്ട, കോഴി, കാട്ടാളന്‍, ഇരുട്ട്, ജയില്‍, കടമ്മനിട്ട, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, കുഞ്ഞെ മുലപ്പാല്‍ കുടിക്കരുത്, ചിത, ശരശയ്യ, കിരാതവൃത്തം, ഉണരാന്‍ ഭയമാണ്, അവസാനചിത്രം, ഞാനിവിടെയാണ് , പുരുഷസൂക്തം, ഉയിര്‍ത്തെഴുന്നേല്‍പ്, നദിയൊഴുകുന്നു, അവലക്ഷണം തുടങ്ങി 72 ഓളം കൃതികളാണ് പ്രസിദ്ധീകരിച്ചത്. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെകാത്ത്, ഒക്ടോവിയാ പാസിന്റെ സൂര്യശില എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
പച്ചയായ മനുഷ്യജീവിതത്തിന്റെ കഥയും കഥയില്ലായ്മയും വരച്ചുകാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്. 'കുറത്തി'യും 'ശാന്ത'യും 'മകനോടും' പടയണിയെപ്പോലെ തന്നെ മലയാളി നെഞ്ചേറ്റി. കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് അനേകമനേകം ചോദ്യങ്ങളെറിഞ്ഞു. പടയണിയുടെ മുഖ്യ നടത്തിപ്പുകാരായിരുന്ന കുടുംബത്തില്‍ നിന്നും താരാട്ടുപോലെ കേട്ടുപഠിച്ച പടയണിപ്പാട്ടുകളാണ് കടമ്മനിട്ടയുടെ കവിതകളെ സ്വാധീനിച്ചത്. ചടുലത നിറഞ്ഞ ആലാപന ശൈലിയും കവിതകള്‍ സൃഷ്ടിച്ച പരിമുറുക്കവും കൃത്രിമത്വം കലരാത്ത എഴുത്തും കടമ്മനിട്ടയെ മലയാളിയുടെ പ്രിയങ്കരനാക്കി.
കവിതയിലെ യൌവ്വനം
സൌഹൃദം എന്നും കടമ്മനിട്ടയുടെ ബലഹീനതയായിരുന്നു. പ്രായഭേദമന്യേ വലിയ ഒരു സുഹൃദ് വലയം അദ്ദേഹം സ്വന്തമാക്കി. ദേശാന്തരങ്ങള്‍ കടന്നും അതു വേരുപടര്‍ത്തി. 'കുറത്തി'യും 'ശാന്ത'യും മലയാള മനസ്സിനെ എങ്ങനെ കീഴ്പ്പെടുത്തിയോ അതേ വേഗത്തില്‍ തന്നെ കടമ്മനിട്ടയുടെ ആ മുഴക്കമുള്ള ശബ്ദവും മലയാളിക്ക് അവന്റെ യൌവ്വന കാലത്തേക്കുള്ള മടങ്ങി പോക്കിന് പ്രചോദനമേകി. അടിയന്തിരാവസ്ഥയുടെ നീറ്റലും കനലും ഒരു പോലെ കേരളത്തിലെ കാമ്പസുകളെ ഉഴുതു മറിച്ച എഴുപതുകളിലാണ് കവിയുടെ ഉദയവും. പത്തനംതിട്ട ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് വന്ന് പിന്നീട് ആ ഗ്രാമം തന്റെ പേരില്‍ അറിയപ്പെടുന്ന നിലയിലേക്ക് മാറ്റാനും കവിക്ക് അധിക നാള്‍ വേണ്ടി വന്നില്ല. സമൂഹത്തിന്റെ ഉള്‍തുടിപ്പുകള്‍ മറ്റാരേക്കാളും വേഗത്തിലും ആഴത്തിലും ഏറ്റുവാങ്ങേണ്ടത് കലാകാരന്മാരും സാഹിത്യകാരന്മാരുമാകണമെന്ന ഉറച്ച അഭിപ്രായം എന്നും കടമ്മനിട്ട പുലര്‍ത്തിയിരുന്നു. പാവപ്പെട്ടവന്റെ ഹൃദയ വികാരം തൊട്ടറിഞ്ഞ ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായി ഒരു ചെറിയ ഇടവേളയില്‍ മാറേണ്ടി വന്നപ്പോഴും അതില്‍ നിന്ന് വിഭിന്നനായി ചലിക്കാതിരിക്കാന്‍ ഈ 'ജ്ഞാനം' അദ്ദേഹത്തെ സഹായിച്ചു. എന്നും ജനങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. കവിത പൂര്‍ത്തിയായാല്‍ അത് സുഹൃത്തുക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്ന് പലപ്പോഴും പറഞ്ഞിരുന്നു.
ഔപചാരിതകള്‍ ഒട്ടും തീണ്ടാതെയുള്ള ആ സംഘത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകള്‍ ഉള്‍പ്പെട്ടു. കവിത അവര്‍ക്ക് ഹൃദ്യമാകുന്നുവെങ്കില്‍ അത് സമൂഹത്തിന് ഒന്നാകെ ഇഷ്ടപ്പെടുമെന്ന വിലയിരുത്തലായിരുന്നു അദ്ദേഹത്തിന്. പാട്ടും മേളവും കൊട്ടും കുരവയുമെല്ലാമായി അത്തരം അനേകം മണിക്കൂറുകള്‍ അദ്ദേഹത്തോടൊപ്പം ചെലവിട്ടതിനെ കുറിച്ച് സുഹൃത്തുക്കള്‍ക്ക് പറയാന്‍ ഏറെയുണ്ട്. ഇന്ന രീതിയിലെഴുതുന്നതേ കവിതയാകൂ എന്ന നിഷ്ക്കര്‍ഷകളെല്ലാം അദ്ദേഹം തകര്‍ത്തു. സമൂഹത്തിന്റെ വേദനകളും ഇല്ലായ്മകളുമെല്ലാമാണ് കവിതകള്‍ക്ക് ഏറെയും വിഷയമാക്കിയിട്ടുള്ളത്. മലയാളി സമൂഹം ഹൃദയപൂര്‍വം അത് നെഞ്ചോടു അടുപ്പിക്കുകയും ചെയ്തു.
മധ്യതിരുവിതാംകൂറിന്റെ തനതു കലാരൂപമായ പടയണിയെ ലോകശ്രദ്ധയിലെത്തിച്ചതിന്റെ അംഗീകാരവും കടമ്മനിട്ടയ്ക്ക് സ്വന്തമെന്ന് പറയാം. വിദേശത്തു നിന്നു പോലും ആളുകള്‍ ഈ കലാരൂപം പഠിക്കാനെത്തിയതിന്റെ പ്രേരക ശക്തി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കടമ്മനിട്ട തന്നെ. അന്യം നിന്നു പോകുമായിരുന്ന കലാ രൂപത്തെ സംരക്ഷിക്കുക മാത്രമല്ല അതിന്റെ വൈശിഷ്ട്യം പുറം ലോകത്ത് എത്തിച്ച് നാടിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാന്‍ ഇടവരുത്തുകയും ചെയ്തു. ഇതെല്ലാമുള്ളപ്പോഴും മലയാള നാടിന്റെ പൈതൃകം വരും തലമുറ ഏറ്റുവാങ്ങുമോയെന്ന ആശങ്ക അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നു. മാറുന്ന കാലത്തിന്റെ വേഗതയും നവീന സാംസ്ക്കാരിക തലവുമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാമ്പസുകളാണ് കടമ്മനിട്ടയെ ശരിക്കും ആസ്വദിച്ചത്. ക്യാമ്പസുകള്‍ക്ക് ലഹരി ആയിരുന്നു അക്കാലത്ത് കടമ്മനിട്ട കവിതകള്‍. കലാലയവേദികള്‍ 'തുള്ളിയാട്ട'ക്കാര്‍ പിടിച്ചെടുക്കുന്ന അവസ്ഥയില്ലായിരുന്നു അന്ന്. ഒട്ടൊക്കെ ഗൌരവമായി തന്നെ സാഹിത്യത്തെയും കലയെയും കലാകാരന്മാരെയും കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അന്നത്തെ ക്യാമ്പസുകള്‍. ഇടതുപക്ഷ രാഷ്ട്രീയം അതിന് എല്ലാ തരത്തിലും ഊടും പാവും നല്‍കി. അത്രയൊന്നും പഴക്കം വരാത്ത ആ തലമുറ ഇന്നും ഏറെ ഗൃഹാതുരതയോടെയും അതിലേറെ സ്നേഹവായ്പോടെയുമാണ് ഈ കവി ശ്രേഷ്ഠനെ സ്മരിക്കുക. കാലത്തിനു മായ്ക്കാന്‍ പറ്റാത്ത വിധം രൌദ്രമായ ആ താളം സഹൃദയമനസുകളില്‍ നിലയ്ക്കില്ല.
നിസ്വവര്‍ഗ്ഗത്തിനായി തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടിയ ഈ മഹാഗായകന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരങ്ങള്‍
കുറത്തി
മലഞ്ചൂരല്‍ മടയില്‍ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരല്‍പ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍ നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാറക്കരയിലീറ-
പ്പൊളിയില്‍ നിന്നും
കുറത്തിയെത്തുന്നു
വേട്ടനായ്‌ക്കടെ പല്ലില്‍ നിന്നും
വിണ്ടു കീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍ നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി-
ക്കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്ത് മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചുംകൊണ്ടിടംകണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരെ
വിരല്‍ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ-ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നുതന്നില്ലേ-പിന്നെ
പൂത്ത മാമര ചോട്ടില്‍ നിങ്ങള്‍
കാറ്റു കൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലെ
കാട്ടുപോത്ത് കരടി, കടുവ
നേര്‍ക്കു വന്നപ്പോള്‍-ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലെ-പുലിയുടെ
കൂത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലെ-വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചു വന്നില്ലേ..നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടെരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ച തന്നില്ലേ ഞങ്ങള്‍
മരമരിച്ച് പൂവരിച്ച് തേനരിച്ച്
കാഴ്ച വച്ചില്ലെ-നിങ്ങള്‍
മധു കുടിച്ച് മത്തരായി
കൂത്തടിച്ചില്ലെ-ഞങ്ങള്‍
മദിച്ച കൊമ്പനെ മെരുക്കി
നായ്‌ക്കളെ മെരുക്കി, പൈക്കളെ
കറന്നുപാലു നിറച്ചു തന്നില്ലെ-ഞങ്ങള്‍
മരം മുറിച്ച് പുല്ല് മേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി
കൂര തന്നില്ലേ-പിന്നെ
മലയൊരുക്കി ച്ചെളി കലക്കി
മുള വിതച്ച് പതമൊരുക്കി
മൂട നിറയെപ്പൊലിച്ചു തന്നില്ലെ-കതിരിന്‍
കാളകെട്ടിക്കാട്ടു ദൈവക്കൂത്തരങ്ങില്‍
തിറയെടുത്തില്ലെ.
അന്നു നമ്മളടുത്തുനിന്നവ
രൊന്നു നമ്മളെന്നോര്‍ത്തു രാപ്പകല്‍
ഉഴവുചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്‌ക്കലുറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകുപൊളിച്ച്
ഞങ്ങടെ ബുദ്ധി മന്ദിച്ചു-നിങ്ങള്‍
ഭരണമായ് പണ്ടാരമായ് പ്പല
ജനപദങ്ങള്‍ പുരിപുരങ്ങള്‍
പുതിയ നീതികള്‍ നീതി പാലകര്‍
കഴുമരങ്ങള്‍ , ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കോട്ടകൊത്തള-
മാനതേരുകളാലവട്ടം
അശ്വമേധ ജയങ്ങളോരോ-
ദിഗ്‌ജയങ്ങള്‍-മുടിഞ്ഞ
ഞങ്ങള്‍ അടിയിലെന്നും
ഒന്നുമറിയാതുടമ നിങ്ങള്‍-
ക്കായി ജീവന്‍ ബലികൊടുത്തില്ലെ
പ്രാണന്‍ പതിരു പോലെ
പറന്നു പാറിച്ചിതറി വീണില്ലെ..
കല്ലുവെട്ടിപ്പുതിയപുരികള്‍
കല്ലുടച്ച് പുതിയ പാതകള്‍
മല തുരന്നുപാഞ്ഞുപോകും പുതിയ തേരുകള്‍
മലകടന്നു പറന്നുപോകും പുതിയ തേരുകള്‍
കടല്‍കടന്നുപോകും പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍, പുതിയ പുലരികള്‍
പുതിയ വാനം, പുതിയ അമ്പിളി
അതിലണഞ്ഞു കുനിഞ്ഞു നോക്കി
ക്കുഴിയെടുക്കും കൊച്ചുമനുഷ്യന്മാര്‍.
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതംപറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടുവരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കു തുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നൂ ഞങ്ങടെ പുതിയ തലമുറ
മുറയിതിങ്ങിനെ തലയതെങ്ങിനെ
നേരെയാകുന്നൂ
പണ്ടു ഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനംമുട്ടി നിന്നു, തകര്‍ന്നു പിന്നെ
യടിഞ്ഞുമണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായ് വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:-
“ ഖനി തുരക്കൂ, തുരന്നുപോയി
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്ക് കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ, യെല്ലാം ഞങ്ങള്‍ക്കാകട്ടെ”
കല്ലുവീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു, മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്ന കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍ നിന്നും
വിളിച്ചു ചോദിച്ചൂ:-
ഞങ്ങള്‍ക്കന്നമെവിടെ? എവിടെ
ഞങ്ങടെ കരിപുരണ്ട മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തിവെട്ടത്തിരി കൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങി നിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നുചോദ്യം കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനി തുരന്നല്ലോ!
ആവിവണ്ടികള്‍, ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായുകള്‍, നിലയുറയ്‌ക്കാ-
തൊടുവിലെച്ചിക്കുഴിയിലൊന്നായ്-
ച്ചെള്ളരിക്കുമ്പോള്‍-നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍, ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞു തന്നൂ ബഹുമതി
“ഹരിജനങ്ങള്‍” ഞങ്ങളാഹാ; അവമതി-
യ്‌ക്കപലബ്‌ധി പോലെ ദരിദ്ര ദൈവങ്ങള്‍.
അടിമ ഞങ്ങള്‍, ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.
നടുവു കൂനിക്കൂടിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടുകാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടം പോരാ
കുനിയാനുമിടം പോരാ, പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും-അടിമ ഞങ്ങള്‍
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്‍.
എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും-അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞുപൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെ മുലയുണ്ടുള്ളറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.
കരിനാഗക്കളമഴിച്ച് കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടു വെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പു പോലെ
കുറത്തി നില്‍ക്കുന്നു.
No comments:
Post a Comment