Tuesday, 24 February 2009

പ്രണയപരിണാമം

അടുത്ത ജന്മത്തില്‍
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി

കഴിഞ്ഞ ജന്മത്തില്
‍പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്‌
അപ്പോളതിലൂടെ നടന്നുപോയി

അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു

പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും

എന്നാലും ആ വഴിയോരത്ത്‌
ചോളപ്പൊരി കണ്ടപ്പോള്
‍വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ

എനിക്കറിയില്ല

എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോള്
‍തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോള് ‍
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കല്
‍സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു

അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു


അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും

അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും

ഈ ദൈവത്തിന്റെ ഒരു കാര്യം

അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍

എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോള് ‍ഞാനൊരു സിഗരറ്റ്‌ കൂടി വലിച്ചു

ഞാന്‍ ജനിച്ചിട്ട്‌ പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്‌
ഇക്കുറി ദാ പോകുന്നു

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ക വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു
*********************
കുഴൂര്‍ വില്‍‌സണ്‍

No comments:

Post a Comment