ഭീകരവാദം ഐ.ടി. മേഖലയിലും
പ്രതിരോധ മേഖലയില്‍ വരെ നുഴഞ്ഞുകയറിയ ആര്‍ എസ് എസ് ഐ ടി മേഖലയിലേക്കും കടന്നുകയറുന്നു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചാണ് സംഘാടനം നടക്കുന്നത്. ഐ ടി മിലന്‍ എന്ന പേരിലാണ് ഐ ടി പ്രൊഫഷണലുകളെ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ നുഴഞ്ഞുകയറ്റം ആരംഭിച്ചു എങ്കിലും 2006 ന് ശേഷമാണ് ഇത് ഊര്‍ജിതമാക്കിയത്. ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ, പൂണെ, മുംബൈ, ഹരീദാബാദ്, ദല്‍ഹി എന്നിവിടങ്ങളില്‍ ഐ ടി മിലനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗലൂരുവില്‍ മാത്രം 42 ഓളം ഐ ടി മിലനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐ ടി പ്രൊഫഷണലുകളുടെ സമയക്കുറവും ജോലിത്തിരക്കും മൂലം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ശാഖപ്രവര്‍ത്തിക്കുന്നത്. മിക്കപ്പോഴും ഞായര്‍ രാവിലെകളില്‍. ടെക്കികളുടെ സ്റ്റാറ്റസിന് സംഘത്തിന്റെ നിക്കറും ഷര്‍ട്ടും ചേരാത്തതുകൊണ്ട് ‘ടെക്കിഗണങ്ങളെ’ ഈ യൂണിഫോമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ ടി മേഖലയില്‍ ന്യൂനപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയതിന് ബദലായിട്ടാണ് ഐ ടി മിലനുകള്‍ ആര്‍ എസ് എസ് ആരംഭിച്ചിട്ടുള്ളത്. കാക്കി നിക്കറും ദണ്ഡും കൊണ്ട് കലാപങ്ങള്‍ക്കിറങ്ങുന്ന സംഘഗണങ്ങള്‍ക്കൊപ്പം ഇനി ടൈയും ധരിച്ച് എക്സിക്യൂട്ടീവ് വേഷത്തില്‍ ഇറങ്ങുന്ന 'ടെക്കി ഗണങ്ങളെയും' നമുക്കു കാണേണ്ടി വരും".
ഭീകരവാദത്തിന്റെ സംഘമുഖം
മഹാരാഷ്ട്രയിലെ മലേഗാവില്‍ കഴിഞ്ഞ സെപ്‌തംബറില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകയും സന്യാസിനിയുമായ സാധ്വി പ്രഗ്യാസിങ്ങിനെയും അന്വേഷണത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ലെഫ്‌റ്റ്‌നന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതിനെയും അറസ്റ്റ് ചെയ്യുകയും മറ്റു പല സുപ്രധാന തെളിവുകളും വെളിപ്പെടുത്തലുകളും പുറത്ത് വരുകയും ചെയ്തതോടെയാണ് ഭീകരവാദത്തിന്റെ സംഘപരിവാര്‍മുഖം കൂടുതല്‍ അനാവൃതമാകാന്‍ തുടങ്ങിയത്. ന്യൂനപക്ഷ തീവ്രവാദത്തെ എതിര്‍ക്കാര്‍ എന്ന പേരില്‍ ബജരംഗ് ദള്‍, വി എച്ച് പി, അഭിനവ് ഭാരത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സംഘപരിവാര്‍ സംഘടനകളാണ് ഈ ഉദ്യമം ഏറ്റെടുത്തിട്ടുള്ളത്. ഇതിനേക്കാള്‍ ഗുരുതരമായ മറ്റൊരു വെളിപ്പെടുത്തലാണ് ഇന്ത്യയുടെ പ്രതിരോധ വകുപ്പുകളില്‍ സംഘപരിവാര്‍ നടത്തിയിട്ടുള്ള നുഴഞ്ഞുകയറ്റം. മലേഗാവ് സ്‌ഫോടനകേസിലെ മുഖ്യപ്രതി പ്രഗ്യാസിങ്ങുമായി സംഘപരിവാറിന്റെ ഉന്നതനേതാക്കള്‍ക്കുള്ള അടുത്തബന്ധം ഇത്തരം സംഭവങ്ങള്‍ക്കുള്ള ഉന്നതരുടെ മൌനാനുവാദത്തെയും ശരിവയ്ക്കുന്നു. ഒരിക്കല്‍ കൂടി വ്യക്തമാവുന്ന മറ്റൊരു വസ്തുത തീവ്രവാദത്തിന് ഒരു പ്രത്യേക മതത്തിന്റെ മുഖമല്ല ഉള്ളത് എന്നാണ്. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷതീവ്രവാദവും വെറും വര്‍ഗീയതയില്‍ അധിഷ്ഠിതമാണെന്നും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്നും നമുക്ക് കാണാന്‍ കഴിയും.
ഒരു പക്ഷെ മലേഗാവില്‍ നടന്നതുപോലെ അത്യാധുനിക രീതിയിലുള്ള ആര്‍ ഡി എക്സ് ഉള്‍പ്പെടെയുള്ള ഉഗ്രസ്‌ഫോടനശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള തീവ്രവാദപ്രവൃത്തികള്‍ സംഘപരിവാറിന്റെ ശ്രമങ്ങളില്‍ ഒന്നുമാത്രമാണ്. ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തീവ്രവാദപ്രവൃത്തിയായ മഹാത്മാഗാന്ധിയുടെ വധത്തിനുപിന്നിലും ഇതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയായിരുന്നു. 2003 നും 2006 നും ഇടയ്ക്ക് മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ ഈ തീവ്രവാദികളുടെ ട്രയല്‍ റണ്ണുകള്‍ ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇവയെല്ലാം ലക്ഷ്യം വച്ചത് അതത്പ്രദേശത്തെ മുസ്ലീം പള്ളികളേയും മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളേയുമാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചത് 2006 ഏപ്രില്‍ 6 ന് മഹാരാഷ്‌ട്രയിലെ നന്ദേദ് എന്ന സ്ഥലത്ത് നടന്ന സ്‌ഫോടനശേഷമാണ്. ഇതില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മരിക്കുകയുണ്ടായി. അവിടെ നിന്ന് രക്ഷപ്പെടുകയം പിന്നീട് പിടിയിലാവുകയും ചെയ്‌ത ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നടത്താനുദ്ദേശിച്ചിരുന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതേ കാലയളവില്‍ തന്നെ കാണ്‍പൂരില്‍ വി എച്ച് പി നേതാവിന്റെ വസതിയില്‍ ഉണ്ടായ സ്‌ഫോടനത്തിലും ആര്‍ ഡി എക്സിന്റെ ഉപയോഗം തെളിയിക്കപ്പെട്ടിരുന്നു.
ആര്‍ എസ് എസിന്റെ തീവ്രവാദ വിദ്യാലയങ്ങള്‍
മലേഗാവ്, നന്ദേദ്, സ്‌ഫോടനങ്ങളെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് രാജ്യത്ത് ഹൈന്ദവതീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിമാത്രം ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ള വിവരം ജനങ്ങള്‍ അറിയുന്നത് മുന്‍സൈനികഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന നാസിക്കിലെ ബോണ്‍സ്ളാ സൈനിക വിദ്യാലയമാണ് ഇവയില്‍ ഏറ്റവും പ്രധാനം. ആ സ്‌കൂളിന്റെ ലക്ഷ്യമായിട്ട് അതിന്റെ വെബ് സൈറ്റില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്.
“നാല് വേദങ്ങള്‍ മനസ്സിലും അമ്പും വില്ലുമുള്ളവന് ശത്രുവിനെ കീഴടക്കാന്‍ വിജ്ഞാനത്തിന്റെ ശക്തികൊണ്ടും ശക്തിയുടെ കൈയില്‍ വിജ്ഞാനം കൊണ്ടും കഴിയും''.
അവിടെ ആധുനിക സൈനിക അഭ്യാസമുറകളെ പറ്റിയും അത്യാധുനിക സൈനിക ഉപകരണങ്ങളെക്കുറിച്ചും ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചവരും അല്ലാത്തവരുമായ ഓഫീസര്‍മാര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ബോണ്‍സ്ള സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ലെഫ് കേണല്‍ എസ് സി റായ്ക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചോദ്യം ചെയ്യലിന് വിധേയരായിരിക്കുകയാണ്. മറ്റൊരു മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ റിട്ട. മേജര്‍. രമേശ് ഉപാധ്യായയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന ബോണ്‍സ്ളാ സ്‌കൂളില്‍ നടന്നത്. രാജ്യത്തെ കുരുതിക്കളമാക്കാന്‍ പോന്ന തീവ്രവാദികളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുകയാണ് ഇത്തരം സൈനിക വിദ്യാലയങ്ങള്‍ ചെയ്യുന്നത്.
രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ സ്ഥാപനത്തില്‍ ഹെഡ്‌ഗേവാറിനൊപ്പം പ്രവര്‍ത്തിച്ച ഡോ. ബി എസ് മുന്‍ജെയാണ് നാസിക്കിലെ ബോണ്‍സ്ളാ, മിലിട്ടറി സ്‌കൂള്‍ ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഹൈന്ദവദേശീയതയുടെ പേരില്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടുന്ന ഉന്നതജാതിക്കാരായ യുവാക്കളെ സംഘടിപ്പിക്കാന്‍ മുന്‍ജെ ശ്രമിച്ചിരുന്നു. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായ മുസ്സോളിനിയെ സന്ദര്‍ശിച്ച് അവിടെ നടപ്പാക്കിക്കൊണ്ടിരുന്ന തീവ്രദേശീയതയുടെ പരിപാടി ഹൈന്ദവവല്‍ക്കരണം എന്ന പേരില്‍ ഇന്ത്യയില്‍ നടപ്പിലാക്കാനും മുന്‍ജെ പദ്ധതിയിട്ടിരുന്നു. ഹിറ്റ്ലറേയും മുസ്സോളിനിയേയും ആരാധിച്ചിരുന്ന മുന്‍ജെ 1935 ല്‍ നാസിക്കില്‍ സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എജ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചു. അതിനെ തുടര്‍ന്നാണ് 1937 ജൂണ്‍ 12 ന് ബോണ്‍സ്ള മിലിട്ടറി സ്കൂള്‍ സ്ഥാപിച്ചത്. 50 ഹെൿടര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിനെ പൊതുവേ രാംഭൂമി എന്നാണ് വിളിക്കുന്നത്. 1996 ല്‍ ആണ് നാഗ്‌പൂരില്‍ അതിന്റെ ശാഖ ആരംഭിക്കുന്നത്. ഇറ്റലി, ജര്‍മ്മനി മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തി മിലിട്ടറി സ്‌കൂള്‍ സ്ഥാപിച്ച മുന്‍ജെ ആ സ്‌കൂളിന്റെ പദ്ധതിയുടെ ആമുഖം എന്ന പേരില്‍ ഒരു ലഘുലേഖ പുറത്തിറക്കി. പ്രിഫേസ് ടു ദി സ്കീം ഓഫ് ദി സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി സൊസൈറ്റി ആന്റ് ഇറ്റ്സ് മിലിട്ടറി സ്കൂള്‍. അതില്‍ ഇപ്രകാരം ഹിന്ദുസമൂഹത്തിന്റെ സൈനിക പുന:സംഘടനയെക്കുറിച്ച് പറയുന്നു:
"ശത്രുവിനുമേല്‍ സാധ്യമായ ഏറ്റവും കനത്തനാശം വിതയ്ക്കുമ്പോള്‍ തന്നെ മരിച്ചവരും പരിക്കേറ്റവരുമായി പരമാവധി ക്ഷതമേല്പിച്ചുകൊണ്ട് വിജയം നേടുകയെന്ന വാഞ്ഛയോടെ ആള്‍ക്കൂട്ടത്തെ കൊന്നൊടുക്കുന്ന കളിക്കുവേണ്ടി നമ്മുടെ കുട്ടികളെ കഴിവും യോഗ്യതയുമുള്ളവരാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പരിശീലനം''.
ഇത്തരം സൈനിക സ്‌കൂളുകളെ കൂടാതെ ചെറിയ പ്രായത്തിലെ കുട്ടികളെ വര്‍ഗീയവാദത്തിന്റെ വിഷം കുത്തിവയ്ക്കാന്‍ ഉതകുന്ന രീതിയിലുള്ള സരസ്വതി വിദ്യാമന്ദിറുകളും ആര്‍ എസ് എസ് നടത്തിവരുന്നുണ്ട്. ആര്‍ എസ് എസ്സിന്റെ ബൌദ്ധിക ആചാര്യനും രണ്ടാമത്തെ സര്‍സംഘചാലകും ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ കുരുക്ഷേത്രത്തില്‍ സ്ഥാപിച്ച ഗീത സ്‌കൂളിന്റെ മാതൃകയിലാണ് ഇപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തായി 29000 ത്തോളം സരസ്വതി ശിശുമന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ വികലമായ പാഠഭാഗങ്ങള്‍ ചരിത്രത്തേയും ശാസ്‌ത്രത്തേയും വെല്ലുവിളിക്കുന്നവയാണെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഈ സ്‌കൂളുകളില്‍ അധ്യയനം നേടുന്നത്. ഒരു തലമുറയെ മുഴുവന്‍ വര്‍ഗീയവിഷം കുത്തിവച്ച് ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ആര്‍ എസ് എസ്സ് സ്‌കൂള്‍ പാഠപുസ്തകവും മഹാത്മാഗാന്ധിയുടെ കൊലപാതകവും (ആര്‍ എസ് എസ്, സ്‌കൂള്‍ടെക്സ് ആന്റ് മര്‍ഡര്‍ ഓഫ് മഹാത്മാഗാന്ധി; ദി ഹിന്ദു കമ്യൂണല്‍ പ്രോജൿട്, സേജ് പബ്ളിക്കേഷന്‍, 2008) എന്ന പുസ്തകത്തില്‍ ആര്‍ എസ് എസ്സിന്റെ വിദ്യാലയങ്ങളില്‍ അവര്‍ പഠിപ്പിക്കുന്ന സിലബസിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആര്‍ എസ് എസിന് ഗാന്ധിജിയോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്ന പല പാഠഭാഗങ്ങളും ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഹിറ്റ്ലറുടെ നാസിസവും മുസോളിനിയുടെ ഫാസിസവും ദേശീയതയുടെ മകുടോദാഹരണങ്ങളായിട്ടാണ് ഈ പുസ്‌തകങ്ങളില്‍ വിവരിക്കുന്നത്.
ഹിറ്റ്ലറേയും മുസോളിനിയേയും വാഴ്ത്തുന്ന പാഠഭാഗങ്ങള്‍ ഗുജറാത്തിലെ പത്താംക്ളാസ് പാഠപുസ്തകങ്ങളില്‍ കാണാന്‍ കഴിയും; ആര്‍ എസ് എസ് സ്ഥാപിതമായകാലം മുതല്‍ക്കുതന്നെ അവര്‍ക്ക് ഹിറ്റലറുടേയും മുസോളിനിയുടേയും ആശയങ്ങളോട് ഉണ്ടായിരുന്ന അടുപ്പം അവരുടെ ആചാര്യന്മാര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ അന്ന് ഹിറ്റ്ലറും മുസോളിനിയും നടത്തിയ വംശഹത്യകള്‍ തന്നെയാണ് ഇന്ന് ആര്‍ എസ് എസും നടത്തിവരുന്നത്. 1938 ല്‍ ആര്‍ എസ് എസ്സ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ എഴുതിയ 'നാം അഥവാ നമ്മുടെ രാഷ്‌ട്രം നിര്‍വചിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാന്‍ എങ്ങനെ നാസി ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വഴികാട്ടിയാവും എന്ന് വിശദീകരിക്കുന്നു:
" വംശശുദ്ധിയും അതിന്റെ സാംസ്‌ക്കാരികശുദ്ധിയും നിലനിര്‍ത്തുന്നതിന് സെമറ്റിക് വംശജരില്‍ നിന്ന് ജൂതന്മാരില്‍ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കുകവഴി ജര്‍മ്മനി ലോകത്തെ നടുക്കി. വംശാഭിമാനം അതിന്റെ അത്യുന്നതാവസ്ഥയില്‍ അവിടെ പ്രകടമായി രൂഢമൂലമായ ഭിന്നതകളുള്ള വംശസംസ്‌ക്കാരാദികള്‍ക്ക് ഏകീകൃതമായ പൂര്‍ണതയില്‍ ലയിച്ചു ചേരുക ഏറെക്കുറെ അസാധ്യമാണെന്നും ജര്‍മ്മനി കാട്ടിത്തന്നു. ഹിന്ദുസ്ഥാന് പഠിക്കാനും അങ്ങനെ നേട്ടം കൈവരിക്കാനുമുള്ള ഒന്നാംതരം പാഠമാണത്.''
ഇത്തരത്തില്‍ ഹൈന്ദവദേശീയത സ്ഥാപിക്കുന്നതിനുവേണ്ടി ആര്‍ എസ് എസ് അതിന്റെ ശൈശവദശയില്‍ തന്നെ വംശഹത്യകള്‍ നടത്തുന്ന കലാപങ്ങള്‍ സംഘടിപ്പിച്ചു. 1927 ല്‍ നാഗ്‌പൂരില്‍ നടത്തിയ കലാപം അവരുടെ ആദ്യ പരീക്ഷണം ആയിരുന്നു. ആ പരീക്ഷണങ്ങള്‍ ഗുജറാത്തിലേയും ഒറീസയിലേയും പോലെ ഇപ്പോഴും തുടരുന്നു. ഇത്തരം ആശയങ്ങളാണ് പിഞ്ചുകുട്ടികളുടെ മസ്‌തിഷ്‌ക്കത്തിലേക്ക് ഈ വിദ്യാലയങ്ങളിലൂടെ കടത്തിവിടുന്നത്. മറ്റു ചില വിചിത്രവാദങ്ങളും പാഠ്യപദ്ധതികളില്‍ ഉണ്ട്. ഉദാഹരണത്തിന് കുത്തുബ് മീനാര്‍ നിര്‍മ്മാണം തുടങ്ങിയത് കുത്തുബ്ദീന്‍ ഐബക്ക് അല്ലെന്നും അത് സമുദ്രഗുപ്തനാണെന്നും, അതിന്റെ യഥാര്‍ത്ഥപേര് വിഷ്‌ണുസ്‌തംഭം എന്നാണെന്നും, മുസ്ലീങ്ങളുടെ പ്രധാന ആരാധാനാകേന്ദ്രമായ കഅബയില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ശിവലിംഗമാണെന്നും മറ്റും പഠിപ്പിക്കുന്ന പുസ്തകങ്ങളില്‍ മുസ്ലീങ്ങളെ ആക്രമകാരികളും സംസ്‌ക്കാരവിഹീനരുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വെറുപ്പിന്റെ തത്വശാസ്ത്രം പഠിപ്പിച്ച് കുട്ടികളെ മസ്‌തിഷ്‌ക്കപ്രക്ഷാളനത്തിന് വിധേയമാക്കിയശേഷം ആയുധമണിയിച്ച് തീവ്രവാദത്തിലേക്ക് തള്ളിവിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്‌കൂളുകള്‍ ആര്‍ എസ് എസ്സ് നടത്തുന്നത്. ഇവ കൂടാതെയാണ് സാംസ്‌ക്കാരിക സംഘാടനത്തിനും ഹൈന്ദവധര്‍മസ്ഥാപനത്തിനുമായി ശാഖകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ഗോഡ്‌സെ മുതല്‍ പ്രഗ്യാസിങ് വരെ
നമ്മുടെ രാഷ്‌ട്രപിതാവിന്റെ അര്‍ദ്ധ നഗ്നമായ മേനിയിലേക്ക് വെടിയുണ്ടകള്‍ പായിച്ച് ഭാരതത്തിലെ ആദ്യത്തെ തീവ്രവാദപ്രവര്‍ത്തനത്തിലെ മുഖ്യപ്രതിയായ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍ എസ് എസ്സുകാരനായിരുന്നു. ആര്‍ എസ് എസ് ഇന്നാളുവരേയും ഗോഡ്‌സേയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞിട്ടില്ല. യാദൃച്ഛികം മാത്രമാണെങ്കിലും മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഗ്യാസിങ്ങിനെ തള്ളിപ്പറയാന്‍ സംഘപരിവാര്‍ തുനിഞ്ഞിട്ടില്ല. മറിച്ച് അവര്‍ക്കുവേണ്ട നിയമസഹായവും പൂര്‍ണപിന്തുണയും നല്‍കും എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ പ്രസ്താവിച്ചത്. ഒരു പടികൂടി കടന്ന് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പില്‍ പ്രഗ്യയ്ക്ക് ഒരു സീറ്റുപോലും ഉമാഭാരതി വാഗ്ദാനം ചെയ്തു.
2006 ആദ്യം മുതല്‍ തന്നെ തീവ്രവാദത്തിന്റെ മേഖലകളിലേക്ക് കൂടുതല്‍ കടക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമം തുടങ്ങിയിരുന്നു. പുതിയ പുതിയ നാമധേയങ്ങളില്‍ സംഘടനകള്‍ തുടങ്ങിയായിരുന്നു ഇതിന് ആരംഭം കുറിച്ചത്. ആര്‍ എസ് എസ്, വി എച്ച് പി എന്നിവ നമ്മള്‍ കേട്ടുമടുത്ത പേരുകളാണ്. ഇപ്പോള്‍ വീറ് കൂടിയ ബജറംഗ്‌ദള്‍, സനാതന്‍ സന്‍സ്ഥ, അഭിനവ് ഭാരത്, ദുര്‍ഗാവാഗിനി ഹിന്ദുജനജാഗ്രതി സമിതി എന്നിവയെക്കുറിച്ചാണ് കേള്‍ക്കുന്നത്. ഇവയില്‍ പലതുമായിട്ടും ആര്‍ എസ് എസിനു ബന്ധമൊന്നുമില്ല എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവയില്‍ പലതിന്റെയും നേതൃസ്ഥാനം അലങ്കരിക്കുന്നത് ഒന്നാന്തരം സംഘഗണങ്ങള്‍ തന്നെയാണ്. മലേഗാവ് സ്‌ഫോടമവുമായി ബന്ധപ്പെട്ടാണ് അഭിനവ് ഭാരത് പത്രത്താളുകളില്‍ നിറഞ്ഞത്.
ഇറ്റലിയിലെ ദേശീയവാദി ഗിസിപ്പെ മസ്സീനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യുവജന പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് സംഘപരിവാര്‍കാരുടെ ആരാധ്യപുരുഷനായ വി ഡി സവര്‍ക്കര്‍ 1905 ല്‍ അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 2006 ല്‍ ആണ് ഈ പഴയ സംഘടനയുടെ പുന:സ്ഥാപനം നടന്നത്. സാമൂഹിക സേവനം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംഘടനയുടെ മുദ്രാവാക്യം ഇതാണ്
"ഇനി മാപ്പ് കൊടുക്കാനാവില്ല, ഇനി ക്ഷമിക്കാനുമാവില്ല, ഇനി നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തന്നെയാണ് വേണ്ടത്. അത് ഏല്‍പ്പിക്കുന്ന ആഘാതം തീവ്രവുമായിരിക്കണം.''
വി ഡി സവര്‍ക്കറുടെ മരുമകളും നാഥുറാം വിനായക് ഗോഡ്‌സേയുടെ ബന്ധുവുമായ ഹിമാനി സവര്‍ക്കര്‍ സ്ഥാപിച്ച അഭിനവഭാരത പ്രസ്ഥാനത്തിന് ഇതില്‍ കുറഞ്ഞ തീവ്രതകൊണ്ടു നടക്കാന്‍ കഴിയില്ലല്ലോ. മഹാരാഷ്‌ട്രയിലെ പൂണെയിലാണ് സംഘടനയുടെ ജനനം. ഇന്ന് അതിന് മിക്ക വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വേരുകളുണ്ട്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ തനതുപ്രവര്‍ത്തനങ്ങളായ വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രക്രിയകള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു.
"ഞാന്‍ ഗാന്ധിയെ വെടിവച്ചു, വെടിയുണ്ടകള്‍ അദ്ദേഹത്തിന് നേരെ തുരുതുരാ അയച്ചു. ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല ഞാന്‍ ചെയ്തത് പൂര്‍ണ്ണമായും ശരിയാണ്''
എന്ന് ഉദ്ഘോഷിച്ച ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ തന്നെയാണ് തങ്ങളെന്ന് പ്രഗ്യാസിങ് മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു.
"തന്റെ സ്കൂട്ടറില്‍ എന്തുകൊണ്ട് ആളുകള്‍ കൂടുന്ന സ്ഥലത്ത് ബോംബ് വച്ചിട്ടും ഇത്ര കുറച്ച് ആള്‍ക്കാര്‍ മാത്രം മരിച്ചു'' എന്ന് ചോദിക്കുന്ന ടെലിഫോണ്‍സംഭാഷണങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഹൈന്ദവതീവ്രവാദം നടപ്പിലാക്കാനുള്ള വന്‍ പദ്ധതികള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ കോപ്പുകൂട്ടുന്നുണ്ട്. പ്രധാനമായും അടുത്ത ലോകസഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഒരു വര്‍ഗീയ ധ്രുവീകരണം നടത്താനും അതിന്റെ ബലത്തില്‍ അധികാരത്തില്‍ വരാനുമാണ് അവര്‍ ശ്രമിക്കുന്നത്. ബോംബ് നിര്‍മാണത്തിനിടെ കഴിഞ്ഞ മാസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ മരണപ്പെട്ടത് മൂന്നോളം ആര്‍ എസ് എസ്സുകാരാണ്. ഇതേ ഹൈന്ദവതീവ്രവാദത്തിന്റെ പടയാളികളായിട്ടാണ് അവരും 'ബലിദാനി'കളായത്.
സൈന്യത്തിലേക്കും കടന്നുകയറ്റം മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സൈനികര്‍ക്കുള്ള ബന്ധം ഇന്ത്യന്‍ സേനയെ പ്രത്യേകിച്ചും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സര്‍വീസിലുള്ള ലെഫ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട മേജര്‍രമേഷ് ഉപാധ്യായ, ബോണ്‍സ്ളാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലെഫ്. കേണല്‍ എസ് സിറായ്ക്കര്‍ എന്നിവരെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പുരോഹിത് ആണ് അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് ആര്‍ ഡി എൿസും മറ്റ് ആയുധങ്ങളും വിതരണം ചെയ്തത് എന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറി എന്ന വസ്തുത വളരെ അധികം ഗൌരവത്തോടെയാണ് സൈനിക നേതൃത്വം കാണുന്നത്.
ബി ജെ പി അധികാരത്തില്‍ ഇരുന്ന കാലയളവിലാണ് സൈന്യത്തിലേക്ക് ഇത്തരക്കാര്‍ നുഴഞ്ഞുകയറിയത്. സംഘപരിവാര്‍ അതിന്റെ വര്‍ഗീയ അജണ്ട സൈന്യത്തിലേക്ക് വ്യാപിപ്പിച്ചതും ഈ കാലയളവില്‍ തന്നെ. കാര്‍ഗില്‍ യുദ്ധ സമയത്ത് പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാന്‍ വി എച്ച് പി നേതാക്കള്‍ക്ക് അനുമതി നല്‍കിയതിനെ അന്നേ സൈനിക നേതൃത്വം എതിര്‍ത്തിരുന്നു. യുദ്ധകാലയളവില്‍ പരിക്കേറ്റ സൈനികരെ കാണാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്ന പതിവില്ലാത്തതാണ്. ഇത്തരത്തില്‍ വിവിധ പ്രവൃത്തികള്‍ ആകാലയളവില്‍ നടത്തിയിട്ടുണ്ടായിരുന്നു. സൈന്യത്തിന്റെ മതേതരസ്വഭാവം തകര്‍ത്ത് ഒരു ആസന്ന ഘട്ടത്തില്‍ സമാന്തരമായി പ്രവര്‍ത്തിച്ച് ഹൈന്ദവരാഷ്‌ട്ര നിര്‍മിതിക്കായി സൈന്യത്തെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്.
എന്തൊക്കെയായാലും നാം ഇന്ന് നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിട്ട് ഒരു സമൂഹത്തിന്റെ ഭാവിയായ യുവത്വത്തെ തീവ്രവാദത്തിന്റെ ബലിയാടാക്കാനാണ് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയഭ്രാന്തന്മാര്‍ ശ്രമിക്കുന്നത്. രാജ്യം ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്റെ യജമാനനായ ജോര്‍ജ്ജ് ബുഷിന്റെയും കൂട്ടരുടേയും തോല്‍വിയിലും പുതിയ പ്രസിഡന്റ് ഒബാമയുടെ ടെലിഫോണില്‍ വിളി വരാത്തതിലും മനംനൊന്തുകഴിയുന്ന പ്രധാനമന്ത്രിക്കോ ഇസ്രയേലുമായി സൈനികകരാറുകള്‍ ഒപ്പുവച്ച് കമ്മീഷന്‍ അടിച്ചുമാറ്റാനുള്ള തിരക്കുകള്‍ക്കിടയിലുള്ള പ്രതിരോധ വകുപ്പിനെയോ ഈ പ്രശ്നങ്ങള്‍ ഒന്നും അലട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. ഒരു പക്ഷെ ആര്‍ എസ് എസ്സിന്റെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുന്ന കോണ്‍ഗ്രസിന് അത് സാധ്യമായ കാര്യവുമല്ല.
ഒറീസയിലും കര്‍ണാടകത്തിലും ജമ്മു കാശ്‌മീരിലും ഹൈന്ദവതീവ്രവാദികള്‍ അഴിഞ്ഞാടിയപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ മൌനം ഭജിച്ച് ഇരിക്കുകയാണ് ചെയ്‌തത്. മലേഗാവ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന അന്വേഷണം ഹൈന്ദവതീവ്രവാദപ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിവന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2003 ല്‍ പര്‍ബാനി, 2004 ലെ ജല്‍ന, പൂര്‍ണ, 2007 ലെ സംഝോത എക്സ്പ്രസ് സ്‌ഫോടങ്ങളുടെ പിന്നിലും ഇവരുടെ കരങ്ങള്‍ സംശയിക്കപ്പെടുന്നു. ഇത് കൂടാതെ ആത്മീയതയെ വര്‍ഗീയ പ്രചരണത്തിന്റെയും തീവ്രവാദത്തിന്റെയും മറയാക്കുന്ന കപട ആത്മീയവാദികളെ കുറിച്ചും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അറസ്റിലായ സ്വാമിദയാനന്ദ് പാണ്ഡെ സ്വാമി അഷിമാനന്ദ മഹാരാജ എന്നിങ്ങനെ ആ പേരുകള്‍ നീളുകയാണ്. ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ന്യൂനപക്ഷതീവ്രവാദത്തെയും അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു ഭൂരിപക്ഷതീവ്രവാദപ്രസ്ഥാനം അതിന്റെ വിശ്വരൂപം പ്രകടമാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ അലകള്‍ കാശ്‌മീര്‍ മുതല്‍ ഇങ്ങ് കേരളം വരെയും ഗുജറാത്ത് മുതല്‍ ആസാം വരെയും നാം കണ്ടുവരികയാണ്. നമ്മുടെ യുവത്വം നേരിടുന്ന തൊഴിലില്ലായ്‌മ, വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അവരുടെ ശ്രദ്ധയെ മാറ്റി മതത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെടുകയാണ്, അവരെ കുരുതി കൊടുക്കുകയാണ് ആര്‍ എസ് എസ്സും എന്‍ ഡി എഫും പോലുള്ള പ്രസ്ഥാനങ്ങള്‍.
യുവാക്കളുടെ കൈകളിലേക്ക് എ കെ 47 ഉം ബോംബും എടുത്ത് കൊടുക്കുന്ന ഇത്തരം തീവ്രവാദപ്രസ്ഥാനങ്ങളെ ആശയപരമായി നേരിട്ട് യുവാക്കളെ നേരിന്റെ പാതയിലേക്ക്, പുരോഗതിയുടെ പാതയിലേക്കാണ് നയിക്കേണ്ടത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊലക്കയറിന് മുന്നില്‍ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്‍ക്വിലാബ് വിളിച്ച് വീരമൃത്യു വരിച്ച ഭഗത്സിംഗിന്റെ മാതൃകയാണ് യുവത്വം പിന്തുടരേണ്ടത്. അല്ലാതെ സങ്കുചിതമായ വര്‍ഗീയ മതവികാരത്തിന്റെ പേരില്‍ ബോംബുവച്ചും, സ്വയം പൊട്ടിച്ചും നിരപരാധികളായ ആള്‍ക്കാരെ വധിക്കുന്ന ഭീരുക്കളുടെ മാതൃകയല്ല നമ്മുടെ യുവത്വം പിന്തുടരേണ്ടത്. കരുതിയിരിക്കുക ഇത്തരം തീവ്രവാദശക്തികളെ. മുമ്പത്തേക്കാള്‍ ശക്തിയായി ഇത്തരം വര്‍ഗീയ തീവ്രവാദികള്‍ക്ക് എതിരായ സമരനിര കെട്ടിപ്പടുത്ത് അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
വിപിന്‍, കടപ്പാട്: യുവധാര
No comments:
Post a Comment