മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?
ഒറീസ 'ഗുജറാത്ത്' പോലെ ഇന്ത്യന്‍ മതേതരത്വത്തിന്റെ ചോര വാര്‍ന്നൊലിക്കുന്ന മുറിവുകളിലൊന്നാണ്. മനുഷ്യസംസ്‌ക്കാരം സംഘപരിവാര്‍ 'കാടത്തത്തിന്റെ' കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ അവസാനിച്ചുപോയത്, സഹസ്രാബ്‌ദങ്ങളിലൂടെ മനുഷ്യസമൂഹം സ്വന്തമാക്കിയ മൂല്യവ്യവസ്‌ഥകള്‍ മുഴുവനുമാണ്. നരേന്ദ്രമോഡിക്ക് ഗുജറാത്തില്‍ ഇന്നും നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതും ഒറീസയിലെ കാണ്ടമാലിനെ കൊലക്കളമാക്കാന്‍ നരാധമശക്‌തികള്‍ക്ക് ഒറീസയില്‍ കഴിയുന്നതും സംഘപരിവാറിന്റെ സംഘശക്‌തികൊണ്ട് മാത്രമല്ല, മറിച്ച് രാഷ്‌ട്രീയാധികാരത്തിന്റെ പിന്തുണ അവര്‍ക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ടുകൂടിയാണ്.ഒറീസയിലെ സംസ്‌ഥാന സര്‍ക്കാരില്‍ സംഘപരിവാര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുംവിധമുള്ള ഒരു 'കാണ്ടമാല്‍' ഒറീസയില്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു മതയുദ്ധം നിസഹായരായ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് ഇവ്വിധം അഴിച്ചുവിടാന്‍ അവര്‍ക്ക് ഒരുവിധേനയും കഴിയുമായിരുന്നില്ല.
മതേതര കാഴ്‌ചപ്പാട് പുലര്‍ത്തുന്ന ബി.ജെ.ഡി പോലുള്ള പാര്‍ട്ടിയെപ്പോലും സ്വന്തം സങ്കുചിത താല്‍പര്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞതോര്‍ത്ത് ജനാധിപത്യവാദികളാകെ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. കാണ്ടമാലില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്ന ക്രൂരതയ്‌ക്കെതിരേ എന്തുകൊണ്ടാണു മുഖ്യ ഭരണകക്ഷിയായ ബി.ജെ.ഡിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടാവാത്തതെന്നോര്‍ത്ത് വേദനിച്ചവര്‍ക്കൊക്കെയും ആഹ്‌ളാദം പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഒറീസയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിസ്‌ത്യന്‍ വംശഹത്യയുടെ വിജയത്തില്‍ ആഹ്‌ളാദഭരിതരായി കാണ്ടമാലിന്റെ ശിരസില്‍ കാല്‍വച്ച് സംഘപരിവാര്‍ ശക്‌തികള്‍ ആര്‍ത്താര്‍ത്ത് ചിരിക്കുന്നത് കണ്ടപ്പോള്‍ അവിടം സന്ദര്‍ശിച്ച പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അന്നേ ഞങ്ങള്‍ മനസില്‍ കുറിച്ചിട്ടിരുന്നു. 'ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുകയാണെന്ന്...'
സത്യത്തില്‍, ഒരല്‍പ്പം വൈകിയിട്ടാണെങ്കിലും അങ്ങനെത്തന്നെ സംഭവിച്ചിരിക്കുന്നു. ഇതൊരു മുന്നണിയുടെ തകര്‍ച്ചയെന്ന നിലയ്‌ക്കല്ല, മറിച്ച് ഇന്ത്യന്‍ ഫാസിസത്തിനെതിരായ ശക്‌തമായ താക്കീതെന്ന നിലയിലാണു തിരിച്ചറിയേണ്ടത്. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു പ്രസ്‌ഥാനത്തെ ചാരിനില്‍ക്കുന്നവരെയും ചോര മണക്കുമെന്ന ചരിത്രപാഠം മനസിലാക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാറിനൊപ്പം നില്‍ക്കുന്ന സര്‍വസംഘടനകളും നിര്‍ബന്ധിതരാകും.
ഒറീസയിലെ പുതിയ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ആ അര്‍ഥത്തില്‍ മതനിരപേക്ഷശക്‌തികളെ സജീവമാക്കുന്ന വലിയൊരു ചുവട്‌വയ്‌പ്പാണ്. കോണ്‍ഗ്രസിനും സംഘപരിവാറിനുമിടയില്‍ ഇന്ത്യ സ്‌തംഭിച്ചുനില്‍ക്കാന്‍ പോകുന്നില്ലെന്നുള്ളതിന്റെ കുതറുന്ന തെളിവായി ഇന്ന് ഒറീസ മാറിയിരിക്കുന്നു.
സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരേ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെപ്പോലെ ആര്‍ത്തലച്ചുവരുന്ന ഒരു മൂന്നാംബദലിന്റെ മുഴക്കമാണ് ഇന്ന് മറ്റെല്ലായിടത്തുമെന്നപോലെ, ഒറീസയെയും ഇളക്കിമറിക്കുന്നത്. ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന ദേശീയഗാനത്തിലെ ആ പഴയ 'ഉല്‍ക്കല' വംശഹത്യയുടെ 'പാപക്കറകള്‍' കഴുകി ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യുമെന്ന ഒരുറപ്പിലേക്കാണ് 'പുതിയ ഒറീസ' ഇപ്പോള്‍ ഉത്സാഹപൂര്‍വം കുതിക്കുന്നത്. വ്യത്യസ്‌ത രീതികളില്‍ സംഘപരിവാരത്തിനു സമ്മതി നിര്‍മിച്ചുകൊടുക്കുന്ന 'കോളമിസ്‌റ്റുകള്‍ക്ക്' പോലും ഇതില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.
'കേരളത്തിലെന്ത് സംഘപരിവാര്‍' എന്നു ചോദിക്കുന്നവര്‍ സൈനികവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ ശക്‌തി, കുറച്ചുകാണുന്നവര്‍ എന്ന അര്‍ഥത്തിലാണ് 'കുറ്റവാളി'കളായി തീരുന്നത്. സൈന്യവല്‍ക്കരിക്കപ്പെട്ട സംഘടനകളെയും അങ്ങനെയല്ലാത്ത സംഘടനകളെയും ഒരേ മാനദണ്ഡം വച്ചു മാത്രം പരിശോധിക്കുന്ന രീതി ശരിയല്ല.
എന്നാല്‍, സംഘപരിവാര്‍ ഒരു സൈനികശക്‌തി എന്നതിനേക്കാള്‍ 'സാംസ്‌ക്കാരിക മേല്‍ക്കോയ്‌മ' അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംഘടിത രാഷ്‌ട്രീയശക്‌തി എന്ന നിലയിലാണ്, ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ കൂടുതല്‍ അപകടകരമായി തീരുന്നത്. സൈനിക ശക്‌തികൊണ്ടുമാത്രം ഒരു സമൂഹത്തെയും പൂര്‍ണമായി കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല. 'രക്‌തംകൊണ്ട് ചിന്തിക്കാന്‍' ആഹ്വാനം ചെയ്‌ത ഫാസിസ്‌റ്റുകള്‍പോലും വാളിനൊപ്പം വിദ്വേഷകലുഷിതമായ ആശയങ്ങള്‍ക്കും തുല്യപ്രാധാന്യമാണു നല്‍കിയത്.
അധിനിവേശം വിജയിക്കണമെങ്കില്‍, ആയുധങ്ങള്‍ക്കൊപ്പം അതിനേക്കാള്‍ മുറിപ്പെടുത്താന്‍ കഴിയുംവിധമുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളും ആവശ്യമാണ്. ഇത് രണ്ടുമുള്ളതുകൊണ്ടു മാത്രമായില്ല, മറിച്ച്, രണ്ടിനും ആവശ്യമായ 'ഇടം' സാമൂഹ്യ-സാംസ്‌ക്കാരിക ജീവിതത്തില്‍ ലഭിക്കുകയും വേണം.
മുസ്ലിം, ക്രൈസ്‌തവ വിഭാഗീയ സംഘടനകള്‍ക്കൊന്നും കിട്ടാത്ത ഇത്തരമൊരു സൗകര്യം ഇന്ത്യന്‍ പശ്‌ചാത്തലത്തില്‍ എളുപ്പം ലഭിക്കുന്നത് സംഘപരിവാറിനാണെന്ന സത്യം സൂക്ഷ്‌മമായി തിരിച്ചറിയാതെ 'തൂക്കം ഒപ്പിക്കാനെന്ന' നാട്യത്തില്‍ ചുമ്മാ അതും ഇതും വിളിച്ചുപറയുന്നതുകൊണ്ട് ഫാസിസത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല. സര്‍വസമ്മതരാവാന്‍ വേണ്ടിമാത്രം 'മുഖ്യശത്രുവിനെ' നിരവധി ശത്രുക്കള്‍ക്കിടയിലെ വെറുമൊരു ശത്രു മാത്രമാക്കി ചുരുക്കുന്നത്, സത്യത്തോടെന്നപോലെ രാഷ്‌ട്രീയശാസ്‌ത്രത്തോടും കാണിക്കുന്ന അനീതിയാണ്.
*
കെ.ഇ.എന്‍. കടപ്പാട്: മംഗളം
No comments:
Post a Comment