Sunday, 22 March 2009

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ബൊളീവിയയില്‍ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന സൈനിക സ്വേച്ഛാധിപതി ബാരിയന്റോസിന്റെ കിരാത വാഴ്ചക്കെതിരായ ഗറില്ലാപ്പോരാട്ടത്തിനിടയില്‍ പിടിക്കപ്പെട്ട ചെയെ അമേരിക്കയുടെ കൂലിപ്പട്ടാളം വെടിവെച്ചു കൊല്ലുകയാണുണ്ടായത്. ആ അനശ്വര വിപ്ലവതേജസ്സിന്റെ സ്മരണ പോലും സാമ്രാജ്യത്വത്തിന്റേയും അതിന്റെ പിണിയാളുകളുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ വീരവിപ്ലവകാരിയുടെ ശവശരീരത്തെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഭീരുക്കളായ സൈനികഭരണകൂടം കൊല്ലപ്പെട്ട ചെയുടെ ഒരു കൈ വെട്ടി മാറ്റിയശേഷം അജ്ഞാതമായ ഒരിടത്ത് പരമരഹസ്യമായി കുഴിച്ചിടുകയാണുണ്ടായത്.

1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ഒരിടത്തരം കുടുംബത്തില്‍ ഏണെസ്റ്റോ ഗുവേര ദെ ലാസെര്‍ന ജനിച്ചു. പിതാവ് ഏണെസ്റ്റോ ഗുവെര ലിഞ്ച്. മാതാവ് സീലിയ ദെ ലാ സെര്‍ന. കുട്ടിക്കാലം മുതല്‍ ബൊളീവിയന്‍ കാട്ടിലെ അന്ത്യനാളുകള്‍ വരെ ആസ്ത്മ രോഗം അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. ചരിത്രത്തിലും സാഹിത്യത്തിലും അതീവ തല്‍പരനായിരുന്ന ഗുവേര 1948ല്‍ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനത്തിനു ചേര്‍ന്നു.

സഞ്ചാരകുതുകിയായിരുന്ന ഗുവേര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1950ല്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ അര്‍ജന്റീനയുടെ വടക്കന്‍ മേഖലയിലാകെ ചുറ്റിക്കറങ്ങി(ഏകദേസം 4500 കിലോമീറ്റര്‍ ദൂരം). വീണ്ടും 1951 ഡിസംബറില്‍ തന്റെ സുഹൃത്ത് ആല്‍ബെര്‍ടൊയുമൊത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയുടെ തെക്കെയറ്റത്തുള്ള ബ്യൂണസ് അയേഴ്സില്‍ നിന്നും തുടങ്ങി വടക്കെ അറ്റത്ത് കാരക്കാസ് വരെ സാഹസികമായ യാത്ര നടത്തി. എട്ടുമാസത്തിനുശേഷം 1952 ആഗസ്റ്റില്‍ തിരിച്ചെത്തി. ആ യാത്രയുടെ വിവരണമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ 'മോട്ടോര്‍ സൈക്കിള്‍ ഡയറി'യില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.

1953ല്‍ വൈദ്യശാസ്ത്ര ബിരുദം നേടിയ അദ്ദേഹം രോഗചികില്‍സയേക്കാള്‍ ലോകത്തെ അറിയാനും മാറ്റിമറിക്കാനുമുള്ള അദമ്യമായ ആഗ്രഹവുമായി വീണ്ടും ലാറ്റിന്‍ അമേരിക്കന്‍ പര്യടനം ആരംഭിച്ചു. ഈ യാത്രക്കിടയില്‍ 1953ലെ ബൊളീവിയന്‍ വിപ്ലവത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1954ല്‍ ഗ്വാട്ടിമാലയിലെ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ പിന്തുണയോടെ പട്ടാളം അട്ടിമറിക്കുമ്പോള്‍ ഗുവേര അവിടെ ഉണ്ടായിരുന്നു. ഗ്വാട്ടിമാലയില്‍ വെച്ച് യുവ ക്യൂബന്‍ വിപ്ലവകാരിയായ അന്തോണിയോ ലോപ്പെസിനെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഗ്വാട്ടിമാലയില്‍ നിന്ന് അദ്ദേഹം അക്കാലത്തെ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരികളുടെ സങ്കേതമായിരുന്ന മെക്സിക്കോയിലേക്ക് പോകാന്‍ ഇടയാക്കിയത് ഈ പരിചയപ്പെടലായിരുന്നു.

നിരന്തരമുള്ള യാത്രകളിലൂടെ യുവാവായ ഏണെസ്റ്റോ ലാറ്റിനമേരിക്കയിലെ കൊടിയ ദാരിദ്ര്യത്തിന്റെ രൂക്ഷമായ മുഖം കണ്ടു. വിവിധ ആദിമജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതങ്ങളും തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളകളും സൈനിക സ്വേച്ഛാധിപതികളുടെ തേര്‍വാഴ്ചകളൂം മുഖാമുഖം കണ്ട ഏണെസ്റ്റോയിലെ വിപ്ലവകാരി ഉണര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഈ ദുരിതങ്ങള്‍ക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ വില്ലന്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് തിരിച്ചറിയാന്‍ അഗാധമായ ചരിത്രബോധവും ഗ്വാട്ടിമാലയിലെ അട്ടിമറിയും അദ്ദേഹത്തെ സഹായിച്ചു. രണ്ടാം ലാറ്റിന്‍ അമേരിക്കന്‍ യാത്രയെക്കുറിച്ച് ''വീണ്ടും യാത്ര'' എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു.

മെക്സിക്കോയില്‍ വെച്ചാണ് ചരിത്രത്തില്‍ ഇടം നേടിയ ആ കൂടിക്കാഴ്ച നടന്നത്. ക്യൂബയില്‍ അമേരിക്കന്‍ പിന്തുണയോടെ 1933 മുതല്‍ ഭരണം നടത്തിയിരുന്ന ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സായുധസമരത്തിന് എതിരെ സായുധ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു കാസ്ട്രോയും സഹപോരാളികളും. മെക്സിക്കോയില്‍ വെച്ച് ക്യൂബന്‍ വിപ്ലവകാരികളാണ് അദ്ദേഹത്തിന്‍ 'ചെ' എന്ന ഓമനപ്പേര് നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനക്കാരെ പൊതുവെ കളിയാക്കിവിളിക്കുന്ന ആ പേര് പില്‍ക്കാലത്ത് ഏണെസ്റ്റോ സ്വയം സ്വീകരിക്കുകയും ചെയ്തു. മെക്സിക്കന്‍ വാസത്തിനിടയിലാണ് അദ്ദേഹം പെറുവിയന്‍ വിപ്ലകാരിയായിരുന്ന ഹിള്‍ഡ ഗാഡിയയെ വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ പിറന്ന പുത്രിയാണ് ഹില്‍ഡിത്ത.

ക്യൂബന്‍ ഗറില്ലാ പോരാളികളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചെയും ചേര്‍ന്നു. 1956 നവംബറില്‍ 'ഗ്രാന്മ' എന്ന നൌകയില്‍ ഫിദെല്‍ കാസ്ട്രോയും റൌള്‍ കാസ്ട്രോയും ചെയും ഉള്‍പ്പെടെ 82 വിപ്ലവകാരികള്‍ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്ക് തിരിച്ചു. ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തിനെതിരെ പൊതുപണിമുടക്കുകളൂം പ്രതിഷേധ സമരങ്ങളും ആഞ്ഞടിക്കുന്ന കാലമായിരുന്നു അത്. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സെയ്രാമെയ് സ്ട്രാ പര്‍വതനിര കേന്ദ്രീകരിച്ച് ഗറില്ലാ പോരാട്ടം ആരംഭിച്ചു. ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന ചെ തന്റെ സൈനിക മികവ് പ്രകടിപ്പിച്ച് 1957 ജൂലായില്‍ ഗറില്ലാ സൈന്യത്തില്‍ ഒരു മേഖലയുടെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. മദ്ധ്യക്യൂബയില്‍ ബാറ്റിസ്റ്റ സേനയുടെ മുട്ടുമടക്കിച്ച നിര്‍ണ്ണായകമായ പല പോരാട്ടങ്ങള്‍ക്കും ചെ നായകത്വം വഹിച്ചു.

1959 ജനുവരി 1ന് ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്നും തുരത്തിയോടിച്ച് ഹവാനയില്‍ അധികാരം സ്ഥാപിച്ച കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയാണുണ്ടായത്. വിപ്ലവ വിജയത്തെത്തുടര്‍ന്ന് ചെയെ ക്യൂബന്‍ പൌരനായി അംഗീകരിക്കുകയും കാര്‍ഷിക പരിഷ്കരണത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. 1959 നവംബറില്‍ അദ്ദേഹത്തെ ക്യൂബന്‍ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റായും നിയോഗിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് തന്റെ സഹപ്രവര്‍ത്തകയായിരുന്ന അലീദ മാര്‍ച്ചിനെ അദ്ദേഹം ഇക്കാലത്ത് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്.

ക്യൂബന്‍ വിപ്ലവസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോവിയറ്റ് യൂണിയനും ചൈനയും കിഴക്കന്‍ ജര്‍മ്മനിയും ചെക്കോസ്ലോവാക്യയും വടക്കന്‍ കൊറിയയും സന്ദര്‍ശിച്ച ചെ, ആ രാജ്യങ്ങളുമായെല്ലാം നിരവധി വ്യാപാരക്കരാറുകളില്‍ ഒപ്പുവെച്ചു. 1961ല്‍ അദ്ദേഹം ക്യൂബയുടെ വ്യവസായമന്ത്രിയായി നിയോഗിക്കപ്പെട്ടു. 1961 ആഗസ്തില്‍ ഉറുഗ്വേയില്‍ ചേര്‍ന്ന അമേരിക്കന്‍ രാഷ്ട്രസംഘടനാ സമ്മേളനത്തില്‍ ക്യൂബന്‍ പ്രതിനിധി സംഘത്തലവനായി പങ്കെടുത്ത ചെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ സഖ്യനിര്‍ദ്ദേശത്തെ നിരാകരിച്ചു. 1962ല്‍ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച അദ്ദേഹം തുടര്‍ന്ന് അള്‍ജീരിയയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. 1964ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ക്യൂബയെ പ്രതിനിധീകരിച്ച് സംസാരിച്ചതും ചെ ആയിരുന്നു.ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച്, സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ച്, ഗറില്ലാ യുദ്ധമുറയെ സംബന്ധിച്ചെല്ലാം ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇക്കാലത്ത്, വിദ്യാഭ്യാസകാലം മുതല്‍ മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുമായി പരിചിതനായിരുന്നു ചെ. കാസ്ട്രോയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1965 മാര്‍ച്ചില്‍ ക്യൂബയോട് യാത്രപറഞ്ഞുപിരിഞ്ഞ അദ്ദേഹം പാട്രിസ് ലുമുംബ സ്ഥാപിച്ച കോംഗോയിലെ വിപ്ലവ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിന് നേതൃത്വം കൊടുത്ത് കോംഗോയിലെത്തി. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടേണ്ടി വന്ന അമേരിക്കന്‍ സാമ്രാജ്യത്വം ആഫ്രിക്കയെയായിരിക്കും തുടര്‍ന്ന് താവളമാക്കുകയെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആ വിപ്ലവ പ്രതിഭ, ആഫ്രിക്കന്‍ വിപ്ലവം വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു.

ആറുമാസക്കാലത്തെ കോംഗോ ദൌത്യത്തെ തുടര്‍ന്ന് രഹസ്യമായി ഹവാനയില്‍ എത്തി കാസ്ട്രൊയേയും സഖാക്കളെയും സന്ദര്‍ശിച്ചശേഷം ബൊളീവിയയില്‍ പുതിയ ദൌത്യം ഏറ്റെടുക്കുകയായിരുന്നു. 1966 നവംബറില്‍ ബൊളീവിയയില്‍ ഒളിച്ചുകടന്ന ചെ, ഒരു ചെറിയ ഗറില്ലാസംഘം സംഘടിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി. പതിനൊന്നു മാസത്തെ ക്ലേശകരമായ പോരാട്ടത്തിനൊടുവില്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു അദ്ദേഹം.

'നമ്മുടെ കാലത്തെ ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യന്‍' എന്ന് ഴാങ്ങ് പോള്‍ സാര്‍ത്രും 'ഇരുപതാം നൂറ്റാണ്ടിന്റെ ആരാധനാമൂര്‍ത്തി' എന്ന് ടൈംസ് വാരികയും വിശേഷിപ്പിച്ച 'ചെ' സാമ്രാജ്യത്വത്തിനും സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കും എതിരായ പോരാട്ടവേദികളിലെല്ലാം നിത്യപ്രചോദനമായിരിക്കുന്നു.

മുപ്പത്തിഒന്‍പതാം വയസ്സില്‍ ആ വിശ്വവിപ്ലവകാരിയെ ചതിയില്‍പ്പെടുത്തി വധിക്കുകയും അദ്ദേഹത്തിന്റെ ശവശരീരത്തെ ഛിന്നഭിന്നമാക്കി കുഴിച്ചുമൂടുകയും ചെയ്ത സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാര്‍ക്ക് അദ്ദേഹത്തിന്റെ വിപ്ലവചേതനയെ നശിപ്പിക്കാനായില്ല.

അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇടതുപക്ഷ ലാറ്റിന്‍ അമേരിക്ക, സാമ്രാജ്യത്വത്തിനെതിരായ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക, ആ വിശ്വ വിപ്ലവകാരിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഇന്ന് ക്യൂബയും കാസ്ട്രോയും ഒറ്റയ്ക്കല്ല. വെനിസ്വേലയില്‍, ഇക്വഡോറില്‍ എല്ലാം സാമ്രാജ്യത്വം വെല്ലുവിളി നേരിടുന്നു. ചെയുടെ വിപ്ലവ പൈതൃകം ഏറ്റെടുത്ത് ഹ്യൂഗോ ഷാവേസ് പുതിയ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ സൈനികസ്വേച്ഛാധിപത്യങ്ങള്‍ ജനമുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും പ്രതിവിപ്ലവത്തിന്റെ വിത്തും വിതച്ച് തക്കം പാര്‍ത്തിരിക്കുകയാണ് സാമ്രാജ്യത്വം. സാമ്രാജ്യത്വത്തിന്റെ അട്ടിമറികള്‍ക്കെതിരെ പോരാടുന്ന ജനങ്ങള്‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ഒരു വിപ്ലവായുധമായിരിക്കും.

(ലേഖകന്‍: ശ്രീ. ജി. വിജയകുമാര്‍, കടപ്പാട്. വര്ക്കേഴ്സ് ഫോറം)

No comments:

Post a Comment