ലോക ബാങ്കിന്റെ ഡയറൿടര്‍ ജനറലും അതിന്റെ കീഴിലുള്ള സ്വതന്ത്ര വിലയിരുത്തല്‍ ( Independent Evaluation Group ) ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റുമായ വിനോദ് തോമസ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ഇപ്പോഴത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും?
ഇത് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. അമേരിക്കയിലെ പണയ (mortgage crisis ) പ്രതിസന്ധിയും തുടര്‍ന്നുണ്ടായ മുരടിപ്പുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പ്രതിസന്ധി വളരെ പെട്ടെന്നുതന്നെ മറ്റ് വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യ പോലുള്ള അതിവേഗം വികസിച്ചുവരുന്ന രാജ്യങ്ങളിലേക്കും എന്തിന് ദരിദ്രരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 2008-ന്റെ അവസാനത്തെ മൂന്നു മാസങ്ങളെ വീക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചുവരെഴുത്ത് വ്യക്തമാകും. ഈ കാലഘട്ടത്തില്‍ അമേരിക്കയിലെ ഉല്‍പ്പാദനനിരക്ക് തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളിലേതിനേക്കാള്‍ 3 ശതമാനമെങ്കിലും കീഴ്‌പോട്ടുപോയി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയേയും ചൈനയേയും പോലുള്ള വലിയ വികസ്വര സമ്പദ് ഘടനകള്‍ ഉല്‍പ്പാദനത്തിലെ ഇടിവിനെ നേരിടുന്നില്ല. എങ്കില്‍പ്പോലും ഇവിടങ്ങളിലെ വളര്‍ച്ചാനിരക്കില്‍ ഗണ്യമായ മുരടിപ്പ് അനുഭവപ്പെടുകയാണ്. ആഗോള സമ്പദ്ഘടനയുടെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിവരുന്ന കേന്ദ്രങ്ങളെയെല്ലാം ഒരേസമയം മുരടിപ്പ് ബാധിക്കുന്നത് ആദ്യമായാണ്. അതുകൊണ്ട് 2008-ലെ സാമ്പത്തിക വളര്‍ച്ച നേരത്തേ കണക്കുകൂട്ടിയതിനേക്കാള്‍ എത്രയോ കുറഞ്ഞതായിരിക്കും. 2009-ലെ ആഗോള ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും നാമമാത്രമായിരിക്കും. അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന സ്ഥിതി കൈവരിച്ചു കഴിഞ്ഞ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കും വികസ്വരരാജ്യങ്ങളിലെ വളര്‍ച്ചാനിരക്ക്. ഇന്ത്യയിലും ചൈനയിലും തീര്‍ച്ചയായും സാമ്പത്തികവളര്‍ച്ചയുണ്ടാകും. എന്നാല്‍ അത് എത്രത്തോളമായിരിക്കും എന്നത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്.
ഇപ്പോഴത്തെ പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു?
സാധാരണഗതിയില്‍ ആറുമാസം മുതല്‍ മൂന്നുവര്‍ഷംവരെ നീണ്ടുനില്‍ക്കുന്നതാണ് ഒരു മാന്ദ്യത്തിന്റെ സമയപരിധി. ശരാശരി സമയപരിധിയാകട്ടെ 18 മാസവും. അമേരിക്കയിലെ ഇപ്പോഴത്തെ മാന്ദ്യം 2007 ഡിസംബറില്‍ ആരംഭിച്ചു എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മാന്ദ്യത്തിന്റെ ദൈര്‍ഘ്യം ശരാശരി 18 മാസങ്ങളാണ് എന്ന് അനുമാനിക്കുകയാണെങ്കില്‍ ആഗോള സമ്പദ് ഘടന 2009-ന്റെ മധ്യത്തോടുകൂടി ഇപ്പോഴത്തെ മുരടിപ്പിന്റെ പിടിയില്‍ നിന്നും വിമുക്തമാകാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇത് അമിതമായ ശുഭാപ്‌തി വിശ്വാസത്തില്‍നിന്നും ഉണ്ടാകുന്ന ഒരു പ്രതീക്ഷയാകാം, പ്രത്യേകിച്ച് അമേരിക്കന്‍ സമ്പദ് ഘടനയുടെ 2008-ലെ അവസാനത്തെ മൂന്നു മാസത്തേക്കുള്ള കണക്കുകള്‍ ആശാവഹമല്ലാത്ത ഒരു ചിത്രം വരച്ചുകാട്ടുന്ന സാഹചര്യത്തില്‍. ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ 1.5 ദശലക്ഷം തൊഴിലുകളാണ് നഷ്‌ടമായത്. മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിലും തൊഴിലും നിക്ഷേപവും സൃഷ്‌ടിക്കുന്നതിലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിലും വന്നിട്ടുള്ള ഇടിവ് മാന്ദ്യം 2010 വരെ നീണ്ടുപോകുന്നതിന് കാരണമായേക്കാം. വരുന്ന രണ്ടുവര്‍ഷങ്ങള്‍ കൂടുതല്‍ പ്രയാസങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ ദശകത്തിന്റെ ആദ്യപാദത്തില്‍ ലോക സമ്പദ്ഘടന കൈവരിച്ച മികച്ച വളര്‍ച്ചാനിരക്കിന്റെ പ്രധാന ഗുണഭോക്താക്കളായിരുന്ന ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങളെ വരുന്ന രണ്ടു കൊല്ലങ്ങളിലെ മാന്ദ്യം തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. അതേസമയം ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തെ ഭാഗികമായിട്ടെങ്കിലും ചെറുത്തുനില്‍ക്കാനുള്ള നിരവധി പോംവഴികള്‍ ഈ രണ്ട് വലിയ സമ്പദ് ഘടനകള്‍ക്കുമുണ്ട്. പ്രത്യുല്‍പ്പാദനപരമല്ലാത്ത സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുന്നത് പോലെയുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ രാജ്യത്തിനകത്ത് വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ഒരു മാര്‍ഗം. കൂടാതെ ഇന്ത്യയേയും ചൈനയേയും പോലുള്ള വലിയ സമ്പദ് ഘടനകള്‍ക്ക് തദ്ദേശീയമായ പ്രതികരണങ്ങളിലൂടെ പ്രതിസന്ധിയെ നേരിടാനുള്ള കഴിവുമുണ്ട്. ആഗോള സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ചെറിയ സമ്പദ് ഘടനകള്‍ക്ക് ഇത്തരമൊരു അവസരം ലഭ്യമല്ല.
പ്രതിസന്ധിയുടെ ആഘാതത്തെ ലഘൂകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എടുക്കേണ്ടത് ?
ഇത് ഒരു ധനപ്രതിസന്ധിയായാണ് (financial crisis )ആരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു സാമ്പത്തിക പ്രതിസന്ധി(economic crisis)യായും പിന്നീട് ഒരു തൊഴില്‍ (employment crisis )പ്രതിസന്ധിയായും മാറുകയാണുണ്ടായത്. അടിയന്തിരമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊണ്ടില്ലെങ്കില്‍ ഇത് ഒരു സാമൂഹിക പ്രതിസന്ധിയായും മാനുഷിക പ്രതിസന്ധിയായും (social and human crisis )രൂപം പ്രാപിച്ചേക്കും. വീണ്ടും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുന്നത് മാത്രം ലക്ഷ്യമാക്കുന്ന നടപടികള്‍ എടുത്തുകൊണ്ട് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയില്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളും എടുക്കണം. ലോകത്താകെ തന്നെ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളായി നിലനില്‍ക്കുന്ന സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ (social inclusion ) തൊഴില്‍ സൃഷ്ടിക്കല്‍ (employment generation ) തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഗുണകരമായ തീരുമാനങ്ങളെടുക്കാനും ഈ സന്ദര്‍ഭത്തെ ഉപയോഗിക്കണം. അതുകൊണ്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള നടപടികളെപ്പറ്റി ചിന്തിക്കുമ്പോള്‍ സാമ്പത്തിക മേഖലയിലെയും സാമൂഹിക മേഖലയിലെയും ലഭ്യമായ അവസരങ്ങളെയെല്ലാം പരിഗണിക്കണം.
പ്രതിസന്ധിയുടെ സാമ്പത്തികവും സാമൂഹികവും ആയ വശങ്ങളെപ്പോലെ തന്നെ നാം വളരെ ഗൌരവമായി കാണേണ്ട മറ്റൊരു വശമാണ് ആഗോള താപീകരണവും കാലാവസ്ഥാ വ്യതിയാനവും (global warming and climate change). സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രതയില്‍ ആഗോള താപീകരണവും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അന്തരീക്ഷത്തെ കാര്‍ബണിന്റെ സാന്ദ്രത ഇപ്പോള്‍ 385 parts per million (ppm) ആണ്. ഇത് വളരെ യാഥാസ്ഥിതികരായ വിദഗ്ധര്‍ പോലും അനുവദിക്കുന്ന കാര്‍ബണ്‍ സാന്ദ്രതയുടെ പരമാവധി അളവായ 450 ppm നു വളരെ അടുത്താണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അതിഭയങ്കരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് നാം ഇതിനകം തന്നെ സാക്ഷിയായി കഴിഞ്ഞിരിക്കുകയാണ്.
അമേരിക്കയിലെ രാഷ്‌ട്രീയമാറ്റത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു?
കുറച്ചുകൂടി സ്ഥായിയായ ഒരു സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക വികസനത്തിന് എതിരായ പ്രവര്‍ത്തിച്ച സമീപവര്‍ഷങ്ങളിലെ നയസ്രഷ്‌ടാക്കളെ കുറിച്ചുള്ള ഗൌരവമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് എല്ലാവര്‍ക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധി, അഥവാ മൂന്നു തരത്തിലുള്ള അപകടം സൃഷ്‌ടിക്കപ്പെട്ടതില്‍ വ്യത്യസ്ത തോതിലുള്ള പങ്കാണ് വിവിധ രാജ്യങ്ങള്‍ക്ക് ഉള്ളതെങ്കിലും പ്രതിസന്ധിയുടെ ആഘാതം എല്ലാ രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. എല്ലാ കുഴപ്പങ്ങളെയും പരിഹരിക്കുന്നതിനുള്ള സമയമോ വിഭവങ്ങളോ നമ്മുടെ പക്കലില്ലാത്ത സാഹചര്യത്തില്‍ ഏതു കുഴപ്പത്തെ പരിഹരിക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത് എന്ന പ്രസക്തമായ ചോദ്യം നമ്മുടെ മുന്നിലുണ്ട്. അതേസമയം ഈ മൂന്ന് പ്രശ്‌നങ്ങളും പരസ്‌പരം വളരേയേറെ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മറ്റുള്ളവയെ അവഗണിച്ചുകൊണ്ട് ഇവയില്‍ ഒന്നിനെമാത്രം പരിഹരിക്കുവാന്‍ ശ്രമിക്കുന്നത് ഉദ്ദേശിക്കുന്ന ഗുണം ചെയ്യുകയുമില്ല.
പ്രതിസന്ധി മറികടക്കുന്നതിനായി ജി.ഡി.പിയുടെ 2 ശതമാനം വരുന്ന തുക സമ്പദ് ഘടനയെ പുനര്‍ജ്ജീവിപ്പിക്കുന്നതിനു വേണ്ടി അധികമായി വിനിയോഗിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളും ഏകാഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒരു അസാധാരണമായ ഘട്ടമാണ്. വികസനത്തിനായി സര്‍ക്കാര്‍ പണം മുടക്കുന്നത് നാണയപ്പെരുപ്പം ഉണ്ടാക്കുമെന്നതിനാല്‍ ഇതിനെ ഭയപ്പാടോടുകൂടിയാണ് പല സാമ്പത്തികവിദഗ്ധരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് നാം നേരിടുന്ന മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത മാന്ദ്യത്തിന്റെ കാലഘട്ടമെന്ന പ്രത്യേകമായ സാഹചര്യത്തില്‍ സമ്പദ് ഘടനയുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള വികസനത്തിനായി സര്‍ക്കാര്‍ പണമിറക്കുന്നതിനെ അനുകൂലിക്കുന്ന ചിന്താഗതിയാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങള്‍ക്ക്, ജി.ഡി.പിയുടെ 2 ശതമാനം തുക അധികമായി വികസനത്തിനുവേണ്ടി ചിലവാക്കാനാകുമോ, ഇത്തരത്തില്‍ ചിലവാക്കപ്പെടുന്ന തുക ഏറ്റവും പ്രത്യുല്‍പ്പാദനപരവും കാര്യക്ഷമവും ആയ രീതിയില്‍ വിനിയോഗിക്കപ്പെടുമോ എന്നുള്ള ചോദ്യങ്ങളും പ്രസക്തമാണ്.
അടിസ്ഥാനസൌകര്യങ്ങള്‍, വിദ്യാഭ്യാസം, സാമൂഹ്യപദ്ധതികള്‍, പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വികസനം നടപ്പിലാക്കുന്നതിന് സഹായകരമായ സാങ്കേതികവിദ്യ എന്നിവയുടെ വികസനത്തിനായി പണം മുടക്കുന്നതായിരിക്കും ഏറ്റവും ഗുണകരം. പഴയ രീതികള്‍ കൈ വിട്ട് ഇത്തരത്തിലുള്ള നവീന മാര്‍ഗങ്ങളില്‍ പണം ചെലവാക്കേണ്ടത് അനിവാര്യമാണ്. ഇതാകട്ടെ എല്ലാ രാജ്യങ്ങളും ഒന്നിച്ച് ചെയ്യുകയും വേണം. വികസനത്തിന്റെ ദിശാമാറ്റം ഒരു രാജ്യത്തില്‍ മാത്രം സംഭവിച്ചാല്‍ പോരാ. എല്ലാ രാജ്യങ്ങളും അതേ ദിശയില്‍ സഞ്ചരിക്കണം.
*
ശ്രീ വിനോദ് തോമസ് ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖം Of a crisis and an opportunity ഇവിടെ വായിക്കാം
*
കടപ്പാട് : സി ഐ ടി യു സന്ദേശം
No comments:
Post a Comment