Monday, 9 March 2009

വിദ്യാഭ്യാസ വായ്‌പാ കടക്കെണിയുടെ കാണാപ്പുറങ്ങള്‍

വിദ്യാഭ്യാസ വായ്‌പാ കടക്കെണിയുടെ കാണാപ്പുറങ്ങള്‍

പ്രൊഫഷണല്‍ ജ്വരം പടര്‍ന്നുപിടിക്കുകയും സ്വാശ്രയകോളേജു കള്‍ വ്യാപകമാകുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസം വായ്‌പയിലൂ ടെ എന്ന പുതിയ സമവാക്യം ഉയര്‍ന്നുവന്നത്. ഫീസ് ക്രമാതീതമായപ്പോള്‍ തുക എവിടെ നിന്നു സമാഹരിക്കും എന്ന ചിന്ത ഉണര്‍ന്നു. റിസര്‍വ് ബാങ്ക് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ഉദാരമായ വിദ്യാഭ്യാസവായ്‌പാപദ്ധതി പ്രഖ്യാപിക്കുകയും ബാങ്കുകളോട് മുന്‍ഗണനാ മേഖലയില്‍ വിദ്യാഭ്യാസവായ്‌പ ഉദാരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.

മുന്‍പ് സ്കോളര്‍ഷിപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായധനമായി ലഭ്യമായിരുന്നത്. കുമാരപിള്ള കമ്മീഷന്‍ പ്രകാരമുള്ള ഫീസിളവും ഒട്ടേറെ പേര്‍ക്ക് ലഭിച്ചിരുന്നു. ലോണ്‍ സ്കോളര്‍ഷിപ്പുകളായിരുന്നു കുറേ പേര്‍ക്ക് പ്രയോജനം ചെയ്തിരുന്നത്. ജോലി കിട്ടിയാല്‍ തിരിച്ചടയ്ക്കേണ്ടതായിരുന്നെങ്കിലും അത് മിക്കവാറും തിരിച്ചുപിടിച്ചിരുന്നില്ല. അന്ന് ഫീസും വളരെ കുറവായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വായ്‌പ വ്യാപകമായതോടെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രമല്ല അര്‍ദ്ധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കോളജുകളുടെ ചെലവുപോലും വായ്‌പ വഴിയോ അല്ലാതെയോ വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും മാറ്റപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസവായ്‌പ അതാത് ബാങ്കുകള്‍ തന്നെ തയ്യാറാക്കിയിരുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു. വിദ്യാജ്യോതി, വിദ്യാശ്രീ തുടങ്ങി വിവിധ പേരുകളില്‍ വായ്‌പാ പദ്ധതികള്‍ ബാങ്കുകള്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു. ഐ. റ്റി. വിദ്യാഭ്യാസം വ്യാപകമായതോടെ പഠനകാലത്തു തന്നെ വിദ്യാര്‍ത്ഥികള്‍ക്കു വായ്‌പ കൊടുക്കുവാന്‍ ബാങ്കുകള്‍ തമ്മില്‍ മത്സരമായി. എന്‍ട്രന്‍സ് കൌണ്‍സിലിംഗ് കേന്ദ്രങ്ങളിലും മറ്റും കൌണ്ടറുകള്‍ തുടങ്ങി വായ്‌പ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു അവര്‍. ഭാവിയിലെ ഒരു നല്ല കസ്‌റ്റമറെയാണ് ബാങ്കുകള്‍ മുന്നില്‍ കണ്ടത്. ഉയര്‍ന്ന യോഗ്യതയുള്ള മിടുക്കരായ കുട്ടികള്‍ക്കാണ് ബാങ്കുകള്‍ വായ്‌പ നല്‍കിയിരുന്നത്. പഠിച്ച് സ്വദേശത്തോ വിദേശത്തോ ഉന്നത ഉദ്യോഗം നേടുമ്പോള്‍ നിക്ഷേപം മാത്രമല്ല വീട് വയ്ക്കാനും കാറു വാങ്ങാനും മറ്റും വായ്‌പയെടുക്കുന്ന കസ്‌റ്റമറെയുമാണ് ബാങ്ക് ലക്ഷ്യം വച്ചത്. വ്യാപകമായി സ്വാശ്രയ കോളേജുകള്‍ അനുവദിക്കുകയും 50 ശതമാനം സീറ്റില്‍ യഥേഷ്ടം തലവരിയും ഫീസും വാങ്ങാന്‍ സൌകര്യം ലഭിക്കുകയും ചെയ്തതോടെ നിലവാരം കുറഞ്ഞ കുട്ടികളും പ്രൊഫഷണൽ അഡ്‌മിഷന്‍ നേടി. നാലുലക്ഷം രൂപവരെ ഈടില്ലാതെ വായ്‌പ ലഭിക്കും എന്നതു കൊണ്ടാണ് പലരും വലിയ തുക നല്‍കി അഡ്‌മിഷന്‍ കരസ്ഥമാക്കുന്നത്.

മെഡിസിന്‍, എഞ്ചിനീയറിംഗ്

മെഡിസിന്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് വായ്‌പ ലഭിക്കാന്‍ ഇന്നു ബുദ്ധിമുട്ടു കുറവാണ്. പക്ഷേ അവരില്‍ എത്ര പേരാണ് സ്‌തുത്യര്‍ഹമായ രീതിയില്‍ പഠനം പുര്‍ത്തിയാക്കുന്നത്? എത്ര പേരാണ് തോല്‍ക്കുന്നത്? എത്ര പേര്‍ക്കാണ് അഞ്ചക്ക ശമ്പളം ലഭിക്കുന്നത്? എം ബി ബി എസ് പോരാ, എം ഡി യും മറ്റു സ്പെഷ്യലൈസേഷനുകളുമുണ്ടെങ്കിലേ രക്ഷയുള്ളു എന്ന നിലയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസം. 25 ഉം 35 ഉം ലക്ഷം കൊടുത്തു പഠിക്കുന്ന ഇവര്‍ എങ്ങനെയാണു തൊഴിലില്‍ നിന്ന് ആ തുകയും പലിശയും ഈടാക്കുക? അതിനെത്രകാലം വേണ്ടിവരും? ഇതൊന്നും ഒരു കണക്കെടുപ്പിനും വിധേയമല്ല എന്നതാണ് ഖേദകരം. എം ബി ബിഎസ് കഴിഞ്ഞവര്‍ക്ക് 5000രൂപയും മററുമാണ് സ്വകാര്യ ആശുപത്രികള്‍ ഓഫര്‍ ചെയ്യുന്നത്. ഐ. ടി. മേഖലയില്‍ കുറേപേർക്ക് തൊഴില്‍ കിട്ടുന്നു എന്നതു നേരുതന്നെ. എന്നാല്‍ ബി പി ഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ്) സെന്ററുകളില്‍ ജോലികിട്ടാന്‍ എന്‍ജിനീയറിംഗ് പഠിക്കണമെന്നില്ല. ഇംഗ്ളീഷ് ഭാഷ വിവിധ രാജ്യങ്ങളിലെ ആക്സെന്റോടെ നല്ലവണ്ണം സംസാരിക്കാനുള്ള കഴിവും ഡേറ്റാ എന്‍ട്രി വേഗതയും മതിയാകും. ബാക്കി പരിശീലനം ജോലിനല്‍കുന്ന സ്ഥാപനം നല്‍കും. പല ബിപി ഒ സ്ഥാപനങ്ങളിലും 4000-5000 രൂപയാണ് ശമ്പളം എന്നതാണ് വസ്തുത. വായ്‌പയിലുടെ പഠനം പുര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിന്നു തിരിച്ചടവിനുള്ള തുകയും ജീവിത ചെലവിനുള്ളവകയും കിട്ടുമോ എന്ന പരിശോധന പോലും നടത്തുന്നില്ല.

തമിഴ്‌നാട്ടില്‍ അണ്ണാ യുണിവേഴ്‌സിറ്റിയിലും മറ്റും അഫിലിയേഷനുള്ള പല എഞ്ചിനീയറിംഗ് കോളജുകള്‍ക്കും വര്‍ഷം തോറും പരിശോധനയ്ക്കു ശേഷം അഫിലിയേഷന്‍ പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. പല കുട്ടികളും ഡൊണേഷന്‍ നല്‍കി അഡ്‌മിഷന്‍ വാങ്ങിയ ശേഷമാണ് ബാങ്കിനെ സമീപിക്കുന്നത്. തനത് വര്‍ഷം അഫിലിയേഷ ന്‍ ലഭ്യമല്ലാത്ത കോളേജിലേക്കുവേണ്ടിയാണ് ബാങ്ക് വായ്‌പ നല്‍കേണ്ടി വരിക. നിശ്ചിത ശതമാനം കുട്ടികള്‍ ഉണ്ടെങ്കിലേ അഫിലിയേഷന്‍ ലഭിക്കൂ എന്നതാണവസ്ഥ. ഇതൊന്നും വിദ്യാഭ്യാസമുള്ള രക്ഷാകര്‍ത്താക്കള്‍ക്കു പോലും അറിയില്ല എന്നതാണ് സത്യം.

നഴ്‌സിംഗ്, എം.ബി.എ, പാരാമെഡിക്കല്‍, കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും, എം ബി. ബി.എസ്, ബി.ഡി.എസ് ,എം ബി എ തുടങ്ങിയ കോഴ്‌സുകള്‍ക്കും മറ്റും ഉക്രെയിന്‍, ചൈന, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സീറ്റുകള്‍ ഓഫര്‍ ചെയ്‌തുകൊണ്ട് വലിയ പരസ്യമാണ് പത്രങ്ങളില്‍ വരുന്നത്. വന്‍തുക ഈടാക്കി നാട്ടിന്‍പുറങ്ങളിലും ചെറുപട്ടണങ്ങളിലും നിന്ന് നഴ്‌സിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, മറൈന്‍ ഫിറ്റര്‍, എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്ക് ആളെ പിടിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ വ്യാപകമാണ്. ഇവരുടെ വലയില്‍ വീഴുന്നവര്‍ നിരവധിയാണ്. നഴ്‌സിംഗിനും മറ്റും പഠിക്കുന്ന കുട്ടികളെക്കൊണ്ടു തന്നെ ആളെ പിടിക്കുന്ന സ്ഥാപനങ്ങള്‍ കര്‍ണ്ണാടകയില്‍ ധാരാളമുണ്ട്. മറ്റൊരാളെ കൊടുക്കുന്ന കുട്ടിക്ക് ഫീസില്‍ അല്പം ഇളവും നല്‍കും.

നാലു ലക്ഷം രൂപ വരെ ബാങ്ക് ലോണ്‍ വാങ്ങിയ ശേഷം ചില സ്ഥാപനങ്ങള്‍ കുറച്ചുതുക സ്‌കോളര്‍ഷിപ്പ് എന്നരീതിയില്‍ തിരിച്ചുകൊടുക്കുന്നതായും പറയപ്പെടുന്നു. ബി. എസ്. സി. നഴ്‌സിംഗിന് വായ്‌പ ലഭിക്കണമെങ്കില്‍ പ്ലസ് ടൂ വിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും ജനറല്‍ നഴ്‌സിംഗിനുള്ള വായ്‌പയ്‌ക്ക് കുറഞ്ഞത് 45 ശതമാനം മാര്‍ക്കും ഉണ്ടാവണം എന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിററിയുടെ മാര്‍ഗരേഖയില്‍ പറയുന്നത്. പലരുടെയും സയന്‍സ്, ഇംഗ്ളീഷ് മാര്‍ക്കുകള്‍ ഇതിലും താഴെയാണ് പല വായ്‌പാ അപേക്ഷകളിലും കാണുന്നത്. സമ്മര്‍ദ്ദം കൂടുമ്പോള്‍ പല ബാങ്കുകളും വായ്‌പ ലഭ്യമാക്കും. എത്രപേര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനാവും, വിജയിക്കുന്നവര്‍ക്കു തന്നെ എത്ര രൂപ ശമ്പളത്തില്‍ എവിടെ ജോലി ലഭിക്കും ഇതൊന്നും, രക്ഷിതാക്കളും കുട്ടികളും കണക്കാക്കുന്നതേയില്ല. തങ്ങള്‍ക്കുണ്ടാകുന്ന കടബാധ്യത, പലിശ ഇതൊന്നും കണക്കുകൂട്ടാതെ വായ്‌പാ ലഭ്യത ഒന്നുകൊണ്ടു മാത്രം ഇറങ്ങിത്തിരിക്കുന്നവരാണ് പലരും.

വിദേശ എംബിബിഎസ് / ബി ഡി എസ്

ഉക്രെയിന്‍, റഷ്യ, ചൈന, മറ്റു കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മെഡിസിന്‍ കോഴ്‌സിനു വേണ്ടി ആളെ പിടിച്ചു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. ഇവിടങ്ങളില്‍ പഠിച്ചു പാസ്സായാല്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ ഒരു ടെസ്‌റ്റ് പാസ്സായാല്‍ മാത്രമേ ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കൂ. ഈ ടെസ്‌റ്റിന് എം ഡി യുടെ നിലവാരമാണ് എന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഈ ടെസ്‌റ്റ് പാസ്സാകണം. ഗള്‍ഫിലും മററു വിദേശ രാജ്യങ്ങളിലും ജോലി കിട്ടുമെന്നാണ് മറ്റൊരു പ്രചാരണം. അതിന് കോഴ്‌സു കഴിഞ്ഞശേഷം ഉയര്‍ന്ന മാര്‍ക്കോടെ മറ്റൊരു എലിജിബിലിറ്റി ടെസ്‌റ്റ് പാസ്സാകേണ്ടതുണ്ട്. അതിനെത്രപേര്‍ക്കാവും എന്നത് കണ്ടറിയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തന്നെ ഈ രാജ്യങ്ങളിലെ അഡ്‌മിഷന്‍ വാഗ്ദാനം ചെയ്‌തുള്ള പരസ്യങ്ങളില്‍ ചെന്നു വീഴുന്നത് സൂക്ഷിച്ചാകണമെന്നും സ്ഥാപനത്തിന്റെ നിലവാരവും അഫിലിയേഷനും മറ്റും ഉറപ്പു വരുത്താതെ അഡ്‌മിഷന്‍ നേടരുതെന്നും കാട്ടി പത്രപ്പരസ്യം നല്‍കിയിരുന്നു. 15 ലക്ഷം രൂപ വരെ വായ്‌പയെടുത്ത് റഷ്യയില്‍പോയി എംബിബിഎസ് പഠിച്ചവര്‍ പലരും പലിശപോലും അടയ്‌ക്കാനാവാതെ കടക്കെണിയിലാണ്. ജാമ്യമായി നല്‍കിയ കിടപ്പാടം നഷ്‌ടമാകുമെന്ന നിലയിലാണ്. പല ബാങ്കുകളും ഇപ്പോള്‍ ഇത്തരം രാജ്യങ്ങളിലെ കോഴ്‌സുകള്‍ക്കുവേണ്ടി വായ്‌പ നല്‍കുന്നത് നിറുത്തിയിരിക്കുന്നു.

നഴ്‌സിംഗ് കോഴ്‌സുകള്‍

വിദ്യാഭ്യാസവായ്‌പയ്‌ക്ക് 4 ലക്ഷം രുപവരെ ഈടോ മാര്‍ജിനോ വാങ്ങാന്‍ പാടില്ല എന്നാണ് സ്‌കീമില്‍ പറയുന്നത്. ബാങ്കുകള്‍ വായ്‌പാതുക കൂട്ടിയതോടെ സ്ഥാപനങ്ങളും ഫീസ് നിരക്ക് അതനുസരിച്ച് ഉയര്‍ത്തുകയാണുണ്ടായത്. മുന്‍പ് കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി എസ് സി നഴ്‌സിംഗിന് 2 - 21/2 ലക്ഷം ഫീസായിരുന്നത് ഒറ്റയടിക്ക് 31/2 - 4 ലക്ഷമാക്കി മാറ്റി (ഇതില്‍ 50,000 - 75000 രൂപയോളം ഏജന്റിന്റെ കമ്മീഷനാണ് എന്നാണ് പറയുന്നത്). സ്ഥാപനത്തിന്റെ ഗുണനിലവാരമൊന്നും പരിശോധിക്കാനാവില്ല. ഇന്ത്യന്‍ നഴ്‌സിംഗ് കൌണ്‍സിലിന്റെയും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസിന്റെയും അംഗീകാരമുള്ള നഴ്‌സിംഗ് വിദ്യാലയങ്ങള്‍ക്കു മാത്രമേ കര്‍ണ്ണാടകയിലെ നഴ്‌സിംഗിന് വായ്‌പ നല്‍കാവു എന്നു പറയുന്നുണ്ടെങ്കിലും പല കോളേജുകളും അംഗീകാരം ലഭിച്ചതില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കുന്നു. പലരുടെയും രേഖകള്‍ വ്യക്തമായുള്ളതല്ല. കോളേജുകള്‍ നല്‍കുന്ന പല ലെറ്ററുകളിലും കുട്ടിയുടെ പേരോ വിലാസമോ പിന്നീട് എഴുതി ചേര്‍ക്കുന്നതാണ്. ബാങ്കുമാനേജര്‍ ലറ്റര്‍ മാറ്റിവാങ്ങാന്‍ പറഞ്ഞാല്‍ അടുത്ത ദിവസം പ്രിൻസിപ്പാളിന്റെ ഒറിജിനല്‍ ഒപ്പുരേഖപ്പെടുത്തിയ ലെറ്റര്‍ ഹാജരാക്കും. ഇതിനര്‍ത്ഥം ഒപ്പിട്ട ലെറ്റര്‍ പാഡുവരെ ഏജന്റുമാര്‍ക്ക് നല്‍കിയിരിക്കുന്നു എന്നതാണ്. ബാങ്കുകള്‍ ഫീസിന്റെ ഡി.ഡി. നേരിട്ട് സ്ഥാപനത്തിനയച്ചു കൊടുക്കണമെന്നാണ് നിയമം. അപ്രകാരം അയച്ചാല്‍ പൂര്‍ണതുകയ്‌ക്ക് രസീത് നല്‍കാറില്ല. കാരണം ഇതിന്റെ ഒരു ഭാഗം കോളേജ് ഡി ഡി മാറി ഏജന്റിനും ചിലപ്പോള്‍ വിദ്യാര്‍ത്ഥിക്കു തന്നെയും തിരികെ നല്‍കുന്നു. ലോണെടുക്കാന്‍ കൃത്രിമരേഖയാണ് പലപ്പോഴും നല്‍കുന്നത്. പാവപ്പെട്ട, നാട്ടിന്‍ പുറത്തുള്ള, മാര്‍ക്കു കുറഞ്ഞവരെയാണ് ഏജന്റന്‍മാര്‍ ചാക്കിടുന്നത്. പലപ്പോഴും മുന്‍വര്‍ഷം ചേര്‍ന്ന കുട്ടികളെയാണ് കാന്‍വാസിംഗിന് ഉപയോഗിക്കുന്നത്.

ഇവര്‍ എങ്ങനെയാണ് ഈ കോഴ്‌സ് സമര്‍ത്ഥമായി പുര്‍ത്തിയാക്കുന്നത് ? ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞാല്‍ ബ്രിട്ടനിലും ഗള്‍ഫിലും ജോലി കിട്ടുമെന്നാണ് പലരുടെയും ധാരണ. എത്ര പേര്‍ക്കാണ് ഇപ്രകാരം വിദേശത്തു പോകാനാവുക? ഉന്നത വിജയവും കഴിവും എത്ര പേര്‍ക്കാണുണ്ടാവുക? 3000 രൂപ പോലും ശമ്പളം കിട്ടാത്ത നഴ്‌സുമാര്‍ നിരവധിയുണ്ട്. ജിഎന്‍എം കോഴ്‌സ് കഴിഞ്ഞാല്‍ 2000 രൂപ പോലും നല്‍കുന്ന ആശുപത്രികള്‍ കുറവാണ്. കേരളത്തിലെ പ്രമുഖ ആശുപത്രികളെല്ലാം നഴ്‌സിംഗ് കോഴ് സ് നടത്തുന്നുണ്ട്. അവിടത്തെ നിയമനങ്ങളില്‍ പ്രഥമ പരിഗണന അവിടെ പഠിച്ചവര്‍ക്കു തന്നെയാവും.

ഫയര്‍ ഫൈറ്റിംഗ് & സേഫ്‌റ്റി കോഴ്‌സ്

എഞ്ചിനീയറിംഗ് എന്ന പദം ദുരുപയോഗം ചെയ്യുന്നതിന്റെ മികച്ച ദൃഷ്‌ടാന്തമാണ് ഈ കോഴ്‌സ്. പത്ര ദൃശ്യമാധ്യമങ്ങളിലൂടെ വന്‍ പരസ്യമാണ് ചില സ്ഥാപനങ്ങള്‍ നടത്തുന്നത്. നാഷണല്‍ സേഫ്‌റ്റി കൌണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് പറയപ്പെടുന്ന അടൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ചില സ്ഥാപനങ്ങള്‍ ജില്ലകളിലും താലുക്കുകളിലും ഫ്രാഞ്ചൈസികള്‍ വഴിയാണ് ഈ കോഴ്‌സ് നടത്തുന്നത്. ഒരു യുണിവേഴ്‌സിറ്റി അഫിലിയേഷനുമില്ല. ഒരു വര്‍ഷമാണ് കാലാവധി. പകുതിയോളം സമയം പ്രാൿടിക്കലിനാണെന്നാണ് പറയപ്പെടുന്നത്. താഴ്ന്ന നിലയില്‍ പാസ്സായവര്‍ പലരുമാണ് ഇതിനു ചേരുന്നത് ഇതൊരു എഞ്ചിനീയറിംഗ് കോഴ്‌സല്ല. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മാത്രമാണ്.

സര്‍ക്കാർ പരസ്യമെന്ന് തോന്നിക്കുന്ന രീതിയില്‍വരെ പരസ്യം നല്‍കി ആളെ പിടിക്കുന്നു. ഇതിന്റെ തൊഴില്‍സാദ്ധ്യത ഇവര്‍ പറയുന്ന തരത്തിലുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. പതിനായിരം രൂപ പോലും ഈടാക്കാന്‍ പാടില്ലാത്ത ഈ കോഴ്‌സിന് 35000-50000 രൂപവരെ ഫീസ് ഈടാക്കുന്നു. ബാങ്കുകള്‍ക്ക് നിജസ്ഥിതി പരിശോധിക്കാന്‍ മാര്‍ഗവുമില്ല. ബാങ്ക് മാനേജര്‍മാര്‍ ഈ വായ്‌പാപേക്ഷകള്‍ തള്ളാനും കൊള്ളാനും വയ്യാതെ കുഴങ്ങുന്നു. ഇതൊന്നും പരിശോധിച്ച് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനവും ഇല്ല.

കംപ്യൂട്ടര്‍, ആനിമേഷന്‍, ടി.ടി. സി., ബി. എഡ്., ഹെല്‍ത്ത് ഇന്‍സ്‌പെൿടര്‍, മറൈന്‍ഫിററര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്കും നിരവധി വായ്‌പാപേക്ഷകര്‍ ഉണ്ട്. ഇവയൊക്കെ പാസായാല്‍ ഉടനെ ജോലി കിട്ടുമെന്നെന്താണുറപ്പ്?

ബാങ്കുകള്‍ കേരളത്തില്‍ വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കുന്നതില്‍ വളരെ മുന്നോട്ടുപോയിട്ടുണ്ട്. 2007-2008 വര്‍ഷത്തെ കേരളത്തിലെ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്‌പ നില നോക്കുക

2007 ഏപ്രില്‍ 1 മുതല്‍ 2008 മാര്‍ച്ച് 31 വരെ ബാങ്കുകള്‍ 43078 പേര്‍ക്ക് വിദ്യാഭ്യാസവായ്‌പ നല്‍കുകയുണ്ടായി എന്ന് മേല്‍ പട്ടികയില്‍ നിന്നു കാണാം. 2198 അപേക്ഷകളാണ് സാങ്കേതിക തകരാറുകളാലോ, വേണ്ട രേഖകള്‍ ലഭിക്കാത്തതു നിമിത്തമോ കോളേജിന്റ അംഗീകാരം തെളിയിക്കുന്ന രേഖ ഹാജരാക്കാത്തതു നിമിത്തമോ മറ്റോ നിരസിക്കപ്പെട്ടിട്ടുള്ളത്. ബാക്കി വായ്‌പകളൊക്കെ ബാങ്കുകള്‍ നല്‍കുകയുണ്ടായി എന്നര്‍ത്ഥം. ദേശസാൽകൃത ബാങ്കുകള്‍ 99 ശതമാനം വായ്‌പാ അപേക്ഷകളും പരിഗണിച്ചു. സഹകരണ മേഖലയാകട്ടെ 253 അപേക്ഷ കിട്ടിയതില്‍ 150 എണ്ണമാണ് പാസ്സാക്കിയത്. വാണിജ്യ ബാങ്കുകളുടെ മൂന്നിലൊന്നോളം ശാഖകളുള്ള ഇവരുടെ പങ്കാളിത്തം നാമമാത്രമായിരുന്നു എന്നുകാണാം.

2004 മുതലാണല്ലോ സ്വാശ്രയകോളേജുകള്‍ ഇത്ര വ്യാപകമായത്. സര്‍ക്കാരിനോട് വിലപേശിയും കോടതിനടപടികളിലുടെയും ഫീസ് വര്‍ദ്ധിപ്പിക്കുവാന്‍ അവര്‍ പരമാവധി ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം സ്ഥിരനിക്ഷേപം എന്ന നിര്‍ദ്ദേശമൊക്കെ ആദ്യം അംഗീകരിച്ചു. ഒടുവില്‍ കോടതി വിധിയുടെ ബലത്തില്‍ തുക ഫീസായും തലവരിയായും കൈപ്പറ്റുകയായിരുന്നു. കൈയ്യില്‍ കാശില്ലാത്തവര്‍ക്ക് ബാങ്ക് വായ്‌പ സുഗമമായതോടെ കടക്കെണിയുടെ വ്യാപ്‌തിആലോചിക്കാതെ ഒട്ടേറെ പേര്‍ വായ്‌പ എടുത്തു.

രക്ഷാകര്‍ത്താവിന്റെ തിരിച്ചടവുശേഷികൂടി പരിഗണിച്ചാകണം വായ്‌പ നല്‍കേണ്ടത് എന്നാണ് പുതിയ കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ പ്രൊഫഷണല്‍ അല്ലാത്ത കോഴ്‌സുകള്‍ക്കുവരെ സാമ്പത്തിക നിലവാരമോ തിരിച്ചടവുശേഷിയോ നോക്കാതെ വായ്‌പ നല്‍കണമെന്നാണ് പൊതു ആവശ്യം. കുട്ടികളുടെ അക്കാഡമിക് നിലവാരം മുന്‍പ് പരിഗണിക്കുമായിരുന്നു. ഇന്ന് സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ അതൊന്നും പറഞ്ഞ് വായ്‌പ നിരസിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. രജനി എസ് ആനന്ദിന്റെ ആത്മഹത്യയെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വായ്‌പ നിരസിക്കുന്നതിന്റെ അളവു കുറച്ചിട്ടുണ്ട്.

കടക്കെണിയിലേക്ക്

പഠനകാലയളവും ഒരു വര്‍ഷവും കഴിഞ്ഞോ, ജോലികിട്ടുന്നതോ ഏതാണോ ആദ്യം അന്നു മുതലാണ് വായ്‌പയില്‍ തിരിച്ചടവ് ആരംഭിക്കേണ്ടത്. വേണമെങ്കില്‍ വായ്‌പാകാലത്തു തന്നെ തിരിച്ചടവും തുടങ്ങാം. അതു പലരും ഇപ്പോള്‍ ചെയ്യാറില്ല. ഉദാഹരണമായി ബി.എസ്.സി. നഴ്‌സിംഗിനും എഞ്ചിനീയറിംഗിനും അഞ്ചു വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങണം. അതുവരെയുള്ള പലിശ അടയ്‌ക്കാന്‍ കഴിയാത്തവര്‍ക്ക് അതും ചേര്‍ത്താവും തിരിച്ചടവ് തവണ തീരുമാനിക്കുക.

ഓരോ ബാങ്കിലും അവരുടെ പ്രൈം ലെന്‍ഡിംഗ് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. 12 മുതല്‍ 15 1/2 ശതമാനം വരെ നിരക്കുണ്ടിപ്പോള്‍. സ്വകാര്യ ബാങ്കുകളില്‍ പലിശ കുടുതലായിരിക്കും. 4 ലക്ഷം രൂപ വായ്‌പയെടുത്ത ഒരാള്‍ക്ക് 5 വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങുമ്പോ ള്‍ 12 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷ കാലാവധിക്ക് തവണ 13235 രുപയായിരിക്കും. 10 വര്‍ഷത്തേയ്‌ക്ക് ആകെ നല്‍കുന്ന പലിശ ഏകദേശം 394100 രൂപയാകും. ഇതനുസരിച്ച് കുറഞ്ഞത് 20000 രുപയെങ്കിലും ശമ്പളം കിട്ടുന്ന ജോലി ലഭിക്കണം. കേരളത്തില്‍ 4000 പേരിലധികം പ്രതിവര്‍ഷം ഈ കടക്കെണിയില്‍പ്പെടുന്നു എന്നു സാരം.

തിരിച്ചടവ് തുടങ്ങുന്നതു മുതല്‍ കൂട്ടുപലിശയാണ് ബാങ്കുകള്‍ ഈടാക്കുക. ഒരു ലക്ഷം രൂപക്ക് 60 മാസത്തെ ഇ. എം. ഐ (ഇക്വേറ്റഡ് മന്ത്‌ലി ഇന്‍‌സ്റാള്‍മെന്റ്) 2330 രൂപയാണ്. 5,68,000 രൂപയ്‌ക്ക് 13235 രൂപ.. ഇത് കൃത്യമായി അടച്ചാല്‍ ആകെ അടയ്ക്കേണ്ടിവരുന്ന മുതല്‍ 4 ലക്ഷം രൂപയും പലിശ 394100 രൂപയുമാണ്. (13235*60= 794100 രൂപ) തവണ മുടങ്ങിയാല്‍ 2 ശതമാനം പിഴ പലിശയും നല്‍കണം. സ്വകാര്യ ബാങ്കുകളില്‍ 15 1/4 ശതമാനം വരെ പലിശയുണ്ടിപ്പോള്‍. ഒരുലക്ഷത്തിന് 2400 രൂപയോളം തിരിച്ചടവു വരുമെന്നുസാരം. പഠനകാലത്ത് സാധാരണ പലിശയാണു കണക്കാക്കേണ്ടത്. പല ബാങ്കിന്റെയും വായ്‌പാ പ്രോഗ്രാമില്‍ കമ്പ്യൂട്ടറില്‍ കൂട്ടുപലിശയാണ് വരിക. ഇതുചൂണ്ടിക്കാണിച്ച് തിരിച്ചടവു തുടങ്ങുമ്പോഴെങ്കിലും അധികമീടാക്കിയ പലിശ കുറവു ചെയ്യിക്കേണ്ടതാണ്. തിരിച്ചടവിന്റെ വ്യാപ്തി തന്നെ അറിയാത്തവര്‍ ഇത് ശ്രദ്ധിക്കുമോ ആവോ.

റവന്യു റിക്കവറി നിയമം നിലവിലുള്ള സംസ്ഥാനമാണ് കേരളം. കുട്ടിയുടെയും രക്ഷാകര്‍ത്താവിന്റെയും പേരിലാണ് വായ്‌പ നല്‍കുന്നത്. ആയതിനാല്‍ ഈട് നല്‍കിയില്ലെങ്കിലും വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ അവരുടെ പേരിലുള്ള വസ്‌തുക്കള്‍ അറ്റാച്ച് ചെയ്യിക്കാന്‍ ബാങ്കുകള്‍ക്കാവും. 3 തവണ കുടിശ്ശിക ആയാല്‍ ആ വായ്‌പ കിട്ടാക്കടമായി കണക്കാക്കി റിക്കവറി നടപടി തുടങ്ങണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം.

ഭാവിയില്‍ വിദ്യാഭ്യാസവായ്‌പയും എഴുതിത്തള്ളും എന്ന ചിന്താഗതിയാണ് ചിലര്‍ക്കുള്ളത്. അതിനുളള സാധ്യത തീരെയില്ല. ഇന്ത്യയില്‍ ഉന്നത സ്ഥാപനങ്ങളില്‍ വായ്‌പയെടു ത്തുപഠിച്ച് എം.ബി.എ.യും മറ്റ് പ്രഫഷണല്‍ ഡിഗ്രികളും നേടുന്ന മിടുക്കന്‍മാര്‍ക്ക് നല്ല ജോലി ലഭിക്കുകയും ഉയര്‍ന്ന ശമ്പളമുണ്ടാവുകയും ചെയ്യും. കേരളത്തി ലെപോലെ വ്യാപകമായ കോഴക്കോളേജുകളും കോഴ്‌സിന്റെ നിലവാരമോ പഠനം കഴിഞ്ഞ് ലഭ്യമാകാവുന്ന ശമ്പളമോ നോക്കാതെ ഇത്രയേറെ വായ്‌പയെടുത്ത് പഠിക്കുന്നവരും മററു സംസ്ഥാനങ്ങളില്‍ കാണാന്‍ സാധ്യതയില്ല.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ബാങ്കുകള്‍ ഇന്ത്യയില്‍ 22000 കോടിയോളം രൂപ വിദ്യാഭ്യാസ വായ്‌പ നല്‍കിയിട്ടുണ്ടെന്നും അത് മറ്റൊരു രാജ്യത്തും വിഭാവന ചെയ്യാനാകാത്തതാണെന്നും ധനകാര്യ മന്ത്രി ഈയിടെ പ്രസ്‌താവിക്കുകയുണ്ടായി. ഇതില്‍ അഞ്ചിലൊന്നിലധികവും നല്‍കിയത് കേരളത്തിലാണെന്നോര്‍ക്കുക.

ഈ വസ്‌തുതകള്‍ പരിഗണിക്കുമ്പോള്‍ നമുക്കു ബോധ്യമാകുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നതാണ്. ഏതൊക്കെ കോഴ്‌സുകള്‍ക്ക് എന്തൊക്കെ തൊഴില്‍ സാധ്യതയുണ്ട് എന്ന കാര്യം പഠനവിധേയമാക്കണം. നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളുടെ ഫീസിനെ സംബന്ധിച്ച് കേരളത്തില്‍ നിന്ന് ആളെ പിടിക്കുന്ന സ്ഥാപനങ്ങളുമായും അയല്‍ സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്‌ത് അമിത ഫീസ് ഒഴിവാക്കണം. ഏജന്റന്‍മാര്‍ വഴിയും മറ്റും കബളിപ്പിക്കപ്പെടുന്നതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കണം. ഏജന്റന്‍മാരുടെ പ്രവര്‍ത്തനം പരിശോധനാ വിധേയമാക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. വായ്‌പയും പലിശയുമടക്കം തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്‍കൂര്‍ധാരണ ഉണ്ടാക്കണം. പ്ലസ് ടൂ പാസ്സാകുന്ന മുഴുവന്‍ പേരും പ്രഫഷണല്‍ വിദ്യാഭ്യാസം കടംവാങ്ങി നേടുക എന്ന ചിന്താഗതി മാറേണ്ടതുണ്ട്. വൊക്കേഷണല്‍ സ്ഥാപനങ്ങളും ഐ ടി സി, ഐ.ടി.ഐ, പോളിടെക്നിക്കുകള്‍ തുടങ്ങിയവയും പഴകി യ, തൊഴില്‍ സാധ്യത കുറഞ്ഞ കോഴ്‌സുകള്‍ ഒഴിവാക്കി തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങണം. വായ്‌പയെടുത്തുളള വിദ്യാഭ്യാസം നല്ല ശമ്പളം ലഭിക്കാവുന്ന കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തണം. അല്ലെങ്കില്‍ വിദ്യാഭ്യാസ വായ്‌പ വൈകാതെ മറ്റൊരു ആത്മഹത്യാ മുനമ്പായി മാറുകയും വായ്‌പ അനിവാര്യമായി കിട്ടേണ്ടവര്‍ക്ക് കിട്ടാതാവുകയും ചെയ്യും.

*
ആര്‍. ഗിരീഷ് കുമാര്‍

No comments:

Post a Comment