Monday, 9 March 2009

സാര്‍വദേശീയ മഹിളാദിനം ഓർമ്മപ്പെടുത്തുന്നത്

സാര്‍വദേശീയ മഹിളാദിനം ഓർമ്മപ്പെടുത്തുന്നത്

പുരോഗമന മഹിളാപ്രസ്ഥാനങ്ങള്‍ക്ക് പോരാട്ടത്തിന്റെ ആവേശം പകരുന്ന ദിനമാണ് മാര്‍ച്ച് 8. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീകള്‍ ലോകമെങ്ങും ഭരണാധികാരി വര്‍ഗത്തോട് 'ഞങ്ങളും മനുഷ്യരാണ്, തുല്യാവകാശം തന്നേതീരൂ' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിനമാണ് സാര്‍വദേശീയ മഹിളാദിനം.

ഓരോ വര്‍ഷവും നിലവിലുളള സാമൂഹ്യസാഹചര്യത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ സാര്‍വദേശീയ വനിതാദിനം സാര്‍ഥകമാക്കുന്നത്. ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത്. ഇത്തവണ ഐക്യരാഷ്‌ട്രസഭ നിര്‍ദേശിച്ച വിഷയവും ഏറെ പ്രസക്തമാണ്- 'അധിനിവേശത്തിനെതിരെ സ്‌ത്രീ പ്രതിരോധം'. സാമ്രാജ്യത്വ അധിനിവേശം ലോകജനതയെ പട്ടിണിയിലേക്കും അശാന്തിയിലേക്കും നയിക്കുമ്പോള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പില്ലാതെ രക്ഷപ്പെടാന്‍ മറ്റ് പോംവഴികളില്ല.

മുതലാളിത്തം സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ജനതയെ പിടിച്ചുലയ്‌ക്കുമ്പോള്‍ അതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ വര്‍ഷത്തെ മാര്‍ച്ച് 8 വേദിയാക്കുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇത്തവണ മാര്‍ച്ച് 8ന്റെ പ്രചാരണപരിപാടി നടത്തുന്നത്.

(1) ഭക്ഷ്യസുരക്ഷിതത്വം സംബന്ധിച്ച പ്രശ്നങ്ങള്‍
(2) തൊഴില്‍ സുരക്ഷിതമാക്കി സ്‌ത്രീകളുടെ സാമ്പത്തികസുസ്ഥിരത ഉറപ്പാക്കുക
(3) ഭീകരതയ്‌ക്കും വര്‍ഗീയവാദത്തിനുമെതിരെ അണിചേരുക.

ഈ വിപത്തുകളെല്ലാം സാമ്രാജ്യത്വ അധിനിവേശത്തിന്റെ പരിണതഫലമായതിനാല്‍ ആത്യന്തികമായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി ദിനാചരണം മാറുന്നു. ലോകമാകെ പടരുന്ന മുതലാളിത്ത സംസ്‌ക്കാരവും ഉപഭോഗാര്‍ത്തിയും കേരളത്തെയും ഗ്രസിച്ചിരിക്കുകയാണ്. ലിംഗപരമായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതലാളിത്ത ജീര്‍ണതയുടെ പുതിയ മുഖമാണ്. കൌമാരപ്രായത്തിലുളള കുട്ടികള്‍ എത്രമാത്രം അരക്ഷിതരാണെന്ന് അടുത്തയിടെ ഉണ്ടായ ആത്മഹത്യകളും റാഗിങ്ങും കൊലപാതകങ്ങളും തെളിയിക്കുന്നു. കുടുംബത്തില്‍പോലും സുരക്ഷിതത്വമില്ലാതായിരിക്കുന്നു. മുതലാളിത്തത്തിന്റെ ജീര്‍ണിച്ച തുരുത്തുകളായി, രാഷ്‌ട്രത്തിന്റെ പൊതുധാരയില്‍നിന്ന് വേറിട്ട യൂണിറ്റുകളായി കഴിയുന്ന കുടുംബങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ടല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. അതിനാല്‍ സാര്‍വദേശീയ മഹിളാദിനം സാമൂഹ്യസാമ്പത്തികരാഷ്‌ട്രീയ മേഖലകളിലേക്ക് സ്‌ത്രീകളെ വന്‍തോതില്‍ അണിനിരത്താനുളള മുന്നൊരുക്കങ്ങളുടെ നാളായി മാറ്റാം. ആത്മഹത്യകളും ലിംഗപരമായ അതിക്രമങ്ങളും വിവേചനങ്ങളുമില്ലാത്ത ഒരു സമൂഹസൃഷ്‌ടിക്കായി നാം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഒന്നുകൂടി കരുത്തു പകരാം.

*****

കെ കെ ശൈലജ

(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

No comments:

Post a Comment