അന്നത്തെ വാസന്തരാവ്
1973 ഒക്ടോബര്‍, തീയതി ഓര്‍മയില്ല. ഞാനന്ന് മദിരാശിയിലായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യവീട്ടില്‍ പോയതാണ്. ഭാര്യാ പിതാവ് പി എ സെയ്ദ്. മാപ്പിളപ്പാട്ട് രചയിതാവായിരുന്നു. മദിരാശിയില്‍ വലിയൊരു സുഹൃദ്‌വൃന്ദത്തിനുടമയുമായിരുന്നു. അന്ന് രാവിലെ അദ്ദേഹം പറഞ്ഞു.
'ബാബുരാജ് സ്ഥലത്തുണ്ട്. നമുക്ക് കാണാന്‍ പോകണം'.
എനിക്ക് ഏറെ സന്തോഷമായി. ബാബുരാജ് അന്ന് മലയാളിമനസ്സുകളെ മുഴുവന്‍ വിലക്കെടുത്തിരുന്ന കാലമാണ്. ആ പ്രതിഭാധനനെ അടുത്തുനിന്ന് കാണുക മഹാഭാഗ്യമാണെന്ന് ഞാന്‍ കരുതി. ഒരു പുതുസന്ദര്‍ശകനായ എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന കാര്യത്തില്‍ അല്‍പ്പം ആശങ്കയും ഉണ്ടായിരുന്നു.
രാവിലെ ഒമ്പതുമണിയായിട്ടുണ്ടാകും. ഞങ്ങള്‍ ഒരു ചെറിയ ലോഡ്ജിലെത്തി. ഒരറ്റത്തെ മുറി. വാതില്‍ ചാരിയിട്ടിരിക്കുന്നു. ബാപ്പച്ചി ആധികാരികതയോടെ വാതില്‍ തള്ളിത്തുറന്നു. ഇരുട്ട് ഉറക്കം വിട്ടിട്ടില്ലാത്ത ആ കൊച്ചുമുറിയിലെ ചെറിയ ചെറിയ കട്ടിലില്‍ ഒരാള്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നു. താഴെ വിരിയില്‍ സ്ഥൂലിച്ച മറ്റൊരാള്‍ കമിഴ്ന്നുകിടക്കുന്നു. അരികില്‍ ഹാര്‍മോണിയവും തബലയും. ബാപ്പച്ചി കട്ടിലില്‍ കിടക്കുന്ന ആളെ കുലുക്കിവിളിച്ചു.
'നിങ്ങള്‍ ഇതുവരെ എണീറ്റില്ലേ?'
അദ്ദേഹം ഉറക്കമുണര്‍ന്ന് മിഴിച്ചുനോക്കി. പുതുമുഖമായ എനിക്കൊരു ചെറുചിരിയെറിഞ്ഞു.
'മരുമകനാണ്, നിഷാത്തിന്റെ ഭര്‍ത്താവ്'‘.
ചിരി നന്നായി വിരിഞ്ഞു. എഴുന്നേറ്റ് കൈതന്ന് എന്നെ കട്ടിലില്‍ ഇരുത്തി. എന്നിട്ട് കിടന്നുറങ്ങുന്ന ആളെ കുലുക്കിവിളിച്ചു.
'എടാ മജീദേ, എണിറ്റേ... ഇതാരാ വന്നിരിക്കണേന്ന് നോക്ക്യേ...'
ബാബുരാജ്! വലിയ ആ മനുഷ്യന്‍ ഇത്ര എളിയവനോ? ഞാന്‍ സ്തബ്ധനായി അദ്ദേഹത്തിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.
പിന്നെ വര്‍ത്തമാനം... ചായ... വര്‍ത്തമാനം. വീട്ടുകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, രാഷ്ട്രീയം, സിനിമ, സംഗീതം....
അങ്ങനെ ഒന്നു രണ്ടു മണിക്കൂര്‍ പോയതറിഞ്ഞില്ല. യാത്രപറഞ്ഞിറങ്ങുമ്പോള്‍ ബാബുരാജ് വിളിച്ചുപറഞ്ഞു.
'മോനെ, പോകുന്നതിനുമുമ്പ് ഇനിയും കാണണം'.
അന്നത്തെ സന്ധ്യ. ഞാന്‍ വന്നതറിഞ്ഞ് നാട്ടുകാരായ ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. നുങ്കംപക്കത്തേയും ആയിരംവിളക്കിലെയും മറ്റും ബന്ധുവീട്ടുകാരും എത്തിയിരിക്കുന്നു. വര്‍ത്തമാനങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും ഇടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത. നീളന്‍ ജുബ്ബയും മേലെ ഷാളും ഇട്ട കറുത്ത മനുഷ്യന്‍ പടികടന്നു വരുന്നു. കൂടെ ചെറുപ്പക്കാരനായ ഒരു സുമുഖനും.
അതേ, ആ വസന്തസംഗീതം ഒരു മുന്നറിയിപ്പുമില്ലാതെ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു.
ബാബുരാജ്!കൂടെയുള്ളത് യുവഗായകന്‍ സീറോ ബാബു. 'ഓപ്പണ്‍സീറോ' എന്ന പഴയ ഹൈപിച്ച് ഗാനക്കാരന്‍. ആ പാട്ടിന് ശേഷമാണ് അദ്ദേഹത്തിന്റെ പേരിനുമുമ്പില്‍ സീറോവന്നതത്രെ.
വന്നപാടെ ബാബുരാജ് പറഞ്ഞു.
'എനിക്ക് കഞ്ഞി മതി. നല്ല ചൂടുള്ള കഞ്ഞീം ചമ്മന്തീം...'
പിന്നെ വര്‍ത്തമാനം. നുറുങ്ങുതമാശകള്‍. വര്‍ത്തമാനം ഏറെയും സംഗീതത്തെപ്പറ്റി. ഈണം ചിട്ടപ്പെടുത്തുന്നതിനെപ്പറ്റി. നേരം ഇരുട്ടി. വിളക്കുകള്‍ തെളിഞ്ഞു.
ബാബുരാജിന്റെ നിര്‍ദേശം. 'ഇനി നമുക്ക് നിലത്തിരിക്കാം'.
എല്ലാവരും പായവിരിച്ച് നിലത്തിരുന്നു. അപ്പോഴേക്കും അവിടെ ചെറിയൊരു സദസ്സ് രൂപംകൊണ്ടിരുന്നു.
'മോനെ, ആ പെട്ടിയിങ്ങെടുക്ക്'.
വീട്ടിലെ ഹാര്‍മോണിയം ബാബുരാജിന്റെ മുന്നില്‍. ആ നീണ്ട വിരലുകള്‍ ശ്രുതിക്കട്ടകളില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകാന്‍ തുടങ്ങി. സ്വരങ്ങളുടെ ആയിരം നിശാഗന്ധികള്‍ ഒരുമിച്ചുവിരിഞ്ഞു. ബാബുരാജ് 'പെട്ടി'യില്‍ തൊട്ടാല്‍ എന്നും അങ്ങനെയായിരുന്നല്ലോ. ആര്‍ദ്രതയുടെ തെളിനീരില്‍ പൊന്നലകളായി ആ അനശ്വരഗാനം ഒഴുകി.
'താമസമെന്തേ വരുവാന്‍.....'
പാട്ടുതീര്‍ന്നപ്പോള്‍ പിന്നെ അത് ജന്മംകൊണ്ടതിന്റെ വിശദീകരണം. തുടര്‍ന്ന് സീറോബാബുവിനോട് പാടാന്‍ നിര്‍ദേശം. ബാബു ഹൈപിച്ചില്‍ത്തന്നെ തുടങ്ങി.
'ഏഴാം ബഹറിന്റെയക്കരെയക്കെരെ ഒരൂക്കന്‍ കോട്ട...'
അത് കഴിഞ്ഞ് ബാബുരാജ് സദസ്സിനെനോക്കി ചോദിച്ചു.
'മക്കളേ, നിങ്ങളാരെങ്കിലും പാട്വോ...'
പാടാന്‍ താല്‍പ്പര്യമുള്ളവര്‍ മടിച്ചുനിന്നു. അവരെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. ചിലരൊക്കെ പാടി. ആ അനുഗ്രഹീത വിരലുകള്‍ അവര്‍ക്കുവേണ്ടിയും ശ്രുതിയിട്ടു...'
തളിരിട്ട കിനാക്കളും, സുറുമയെഴുതിയ മിഴികളും, പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്തും, കണ്ണുതുറക്കാത്ത ദൈവങ്ങളും അന്നു ഞങ്ങള്‍ക്കായി ആ സംഗീത മനീഷിയില്‍നിന്നും ഒഴുകിയെത്തി. പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കൂവിയിട്ടും അദ്ദേഹം ഞങ്ങളോടൊപ്പമിരുന്നു പാടി.
അതാണ് ബാബുരാജ്...!
സ്വന്തം മോതിരംപോലും പണയം വച്ച് കൂട്ടുകാര്‍ക്ക് വിരുന്നൊരുക്കുന്ന സുഹൃത്ത്. ചോദിക്കുന്ന തുക മുന്‍കൂര്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാന്‍ ചെല്ലുന്ന പ്രൊഡ്യൂസറോട് 'ഒരമ്പത് രൂപ എടുക്കാനുണ്ടാകുമോ' എന്ന ശങ്കയോടെ ചോദിക്കുന്ന മഹാ വിനീതന്‍. മാലോകര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സംഗീതമാണ് വലുത്. അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക് സംഗീതംപോലെതന്നെ അനുഭവവേദ്യമാണ് തെളിനീരുറവപോലെയുള്ള ആ മനുഷ്യസ്നേഹവും. വിശപ്പടക്കാന്‍ തെരുവിലും റെയില്‍വേ പ്ലാറ്റ്ഫോമിലും വയറ്റത്തടിച്ചു പാട്ടുപാടിനടന്ന മുഹമ്മദ് സബീര്‍ എന്ന ബാലന്‍ 'മാനംമുട്ടുന്ന' ബാബുരാജായി വളര്‍ന്നത് സര്‍ഗ്ഗസംഗീതത്തോടൊപ്പം താളലയമാര്‍ന്ന ആ സ്നേഹരാഗവും വിനീതചാരുതയുംകൊണ്ടുകൂടിയാണ്.
സംഗീതം നൈമിഷികമായ വെറും ശബ്ദഘോഷങ്ങളായി മാറിക്കഴിഞ്ഞ ഇന്നും നല്ല പാട്ടുകള്‍ക്കുവേണ്ടി സംഗീതപ്രേമികള്‍ ബാബുരാജിന്റെ ഗാനങ്ങള്‍ തേടിപ്പോകുന്നു. അതിനിയും തുടരുകതന്നെ ചെയ്യും.
സ്നേഹധനനായ പാട്ടുകാരാ, ആരുപറഞ്ഞു താങ്കള്‍ മരിച്ചെന്ന്...
No comments:
Post a Comment