Sunday, 8 March 2009

സീസണൽ അസുഖം

സീസണൽ അസുഖം

രംഗം 1

"കണ്ടോ രാഗിണിയുടെ ചിരി കണ്ടോ? അതാ രാഗിണി.'' സത്യഭാമ മുറിക്കുള്ളില്‍ ഒരു ചുവരിനെ ചൂണ്ടിക്കാണിച്ചു പറയുകയാണ്. ചുറ്റും അമ്പരന്ന് ബന്ധുമിത്രാദികള്‍. ഭര്‍ത്താവ് സുഗതന്‍ ഇപ്പോള്‍ കരയുമെന്ന മട്ടില്‍. ഭാര്യക്ക് മാനസിക സംഭ്രാന്തിയുണ്ടാകുമ്പോള്‍ ആരാണ് കരഞ്ഞു പോകാത്തത്.

"അനന്തകോടി നക്ഷത്രങ്ങള്‍. നടുവില്‍ സള്‍ഫ്യൂരിക് ആസിഡ്.'' ഭാമ ഭാവനയോടെ പറഞ്ഞു.

കേട്ടവര്‍ താടിക്കും മൂക്കത്തും തലയ്ക്കും കൈവച്ചു. തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആദ്യം ചെറിയ രീതിയിലായിരുന്നു. എന്തോ ആലോചിച്ചിരിക്കുക, ദീര്‍ഘശ്വാസമിടുക....പിന്നെ പിറുപിറുക്കലിലേക്ക് കടന്നു. ഒടുവില്‍ സംസാരമായി... അതുവളര്‍ന്ന് ഇതാ ഒച്ചവയ്ക്കല്‍ വരെ...

"അതാ കണ്ടോ?'' ഭാമ മുകളിലേക്ക് ചൂണ്ടി.

ഏവരും നോക്കി.

"അതെന്താണ്?'' ഭാമയുടെ ചോദ്യം.

"കറങ്ങുന്ന ഫാന്‍'' ഭര്‍ത്താവിന്റെ അന്ധാളിപ്പോടെയുള്ള ആന്‍സര്‍.

"അല്ല, അത് ഐസക് ന്യൂട്ടനാണ്.'' തൊട്ടപ്പുറത്ത് അക്ഷാംശരേഖ.''

"അളിയനിങ്ങുവന്നേ'' ഭാമയുടെ സഹോദരന്‍ സുഗതനെ ഒരു വശത്തേക്ക് വിളിച്ചു. സീനിയര്‍ ബന്ധുക്കളും ഒട്ടിച്ചേര്‍ന്നു. ഒരുന്നത തലം. "ഇനി വച്ചോണ്ടിരുന്നാല്‍ പറ്റൂല. ഉടന്‍ മനഃശാസ്ത്രജ്ഞനെ കാണിക്കണം.'' അളിയന്‍ അളിയനോട് പറഞ്ഞു.

"ഏയ്, അഞ്ചാറു ദിവസം കൂടി നോക്കാം.'' ആരാന്റെ ഭാര്യയുടെ ഭ്രാന്ത് കണ്ട് ചിരിക്കാന്‍ താല്‍പ്പര്യപ്പെട്ട് നില്‍ക്കുന്ന ഒരു ബന്ധു ഇടങ്കോലിട്ടു. അവസാനം ഭൂരിപക്ഷാഭിപ്രായപ്രകാരം അതങ്ങ് തീരുമാനിക്കപ്പെട്ടു. സത്യഭാമയെ മനഃശാസ്ത്രജ്ഞനെ കാണിക്കുക.

രംഗം 2

മനഃശാസ്ത്രജ്ഞന്റെ മുന്നില്‍ സത്യഭാമയെ ഇരുത്തി. ചാടിപ്പോകാതെ ഭര്‍ത്താവും സഹോദരനും മറ്റും പിറകില്‍.

"നിങ്ങളാരാ?'' ഭാമ ചോദിച്ചു.

"ഇത് മനഃശാസ്ത്രജ്ഞന്‍'' സുഗതന്‍ പറഞ്ഞു.

"ശാസ്ത്രജ്ഞന്‍മാരാണ് പ്രശ്നക്കാര്‍'' ഭാമ പറഞ്ഞു. "പക്ഷേ അമീബ പാവമാണ്. ഹിറ്റ്ലര്‍ വിചാരിച്ചാല്‍ അമീബയെ തകര്‍ക്കാം. എന്നാലും രാഗിണിയുടെ ചിരി. അതിനെ തകര്‍ക്കണം. എനിക്കാണ് ഗ്രേഡ് കൂടുതല്‍.''

ആ വാക്കു കേട്ടപ്പോള്‍ അതാ മനഃശാസ്ത്രജ്ഞന്റെ മുഖം വികസിക്കുന്നു. ഒരു പുഞ്ചിരി.

"കിട്ടി പ്രശ്നമെന്താണെന്നു കിട്ടി. ഈ സീസണില്‍ പല അച്ഛനമ്മമാര്‍ക്കും വരുന്ന പ്രശ്നം തന്നെ.''

"എന്താ ഡോക്ടറേ..''

ഒരു കാര്യ ചെയ്യാം. നിങ്ങളുടെ ഭാര്യയില്‍നിന്നുതന്നെ അതുകേള്‍ക്കാം.''

മനഃശാസ്ത്രജ്ഞന്‍ ഭാര്യയെ ഹിപ്നോട്ടിക് നിദ്രക്കു വിധേയയാക്കി.

"ഉറങ്ങൂ'' മനഃശാസ്ത്രജ്ഞന്‍ പറഞ്ഞു.

"അതെ ഉറങ്ങട്ടെ.'' സുഗതന്‍ റെക്കമന്റ് ചെയ്തു. "ഒരാഴ്ചയായി ഉറങ്ങീട്ട്.''

ഭാമ അതാ നിദ്രയിലേക്ക് വീഴുന്നു. മനഃശാസ്ത്രജ്ഞന്‍ കൈകൊണ്ട് അന്തരീക്ഷത്തില്‍ കളങ്ങള്‍ വരച്ചു. എന്നിട്ടു ചോദിച്ചു:

"പറയൂ. പ്രശ്നമെന്താണ്?''

"പരീക്ഷയാണ് എന്റെ പ്രശ്നം'' ഉറങ്ങുന്ന ഭാമയുടെ ഉറങ്ങാത്ത മനസ്സ് ഉത്തരം കൊടുത്തു.

"ഏതു പരീക്ഷ. ജീവിതപ്പരീക്ഷയാണോ?''

"അല്ല. മലയാളിക്ക് ജീവിതപ്പരീക്ഷ ഒരു പരീക്ഷയേ അല്ലല്ലോ. സ്കൂള്‍ പരീക്ഷ. പ്രത്യേകിച്ചും പത്താം ക്ളാസ് പരീക്ഷ. എന്റെ മോന്‍-ടിന്റുമോന്‍-പത്തില്‍ പരീക്ഷയെഴുതാന്‍ പോകുന്നു.''

"അതിന്...''

"അവന് എല്ലാറ്റിനും എ പ്ളസ് വേണം. അവനെ എല്‍കെജിയില്‍ ചേര്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ എസ്എസ്എല്‍സി പരീക്ഷക്ക് ഇനി എത്ര ദിവസം കൂടി എന്നു കൌണ്ട് ചെയ്തു. അവനുവേണ്ടി ഞാനും പഠിച്ചു. അവന്റെ സിലബസുകള്‍ എനിക്ക് പച്ചവെള്ളം. പക്ഷേ എനിക്കിപ്പോള്‍ ഒരു പേടി..''

"പരീക്ഷപ്പേടി അല്ലേ?''

"അതെ. പരീക്ഷാപ്പേടിയും പരീക്ഷാ ചൂടും പരിക്ഷാ പനിയും ഒക്കെ അച്ഛനമ്മമാര്‍ക്കാണ്. അവന് വരാവുന്ന ചോദ്യങ്ങള്‍ ഞാന്‍ വര്‍ക്ക് ചെയ്തു...''

"അങ്ങനെയാണ് കണക്കും സയന്‍സും ഹിസ്റ്ററിയും ഒക്കെ എടുത്ത് ഉദ്ധരിക്കുന്നത് അല്ലേ?''

"അതെ. വര്‍ഷങ്ങളായി ഞാന്‍ സ്വസ്ഥതയോടെ ഉറങ്ങീട്ടില്ല. ഇവനെ റാങ്കു വാങ്ങിപ്പിക്കണമെന്നായിരുന്നു മുമ്പ് മനസ്സില്‍. പക്ഷേ റാങ്ക് സിസ്റ്റം മാറ്റി ഗ്രേഡ് വന്നല്ലോ. ഗ്രേഡെങ്കില്‍ ഗ്രേഡ്. പക്ഷേ എ പ്ളസ് ആയിരിക്കണം. ഇല്ലെങ്കില്‍ രാഗിണി ചിരിക്കും.''

"ആരാ രാഗിണി?''

"എന്റെ ഫ്രണ്ടാ. അവളുടെ മോള്‍ക്ക് കഴിഞ്ഞ വര്‍ഷം എല്ലാറ്റിനും എ പ്ളസ് ആയിരുന്നു. എന്റെ മോനും എ പ്ളസ് കിട്ടിയില്ലെങ്കില്‍ അവള്‍ ചിരിക്കും.''

"എന്റെ സഹോദരീ, കുട്ടികള്‍ തീര്‍ച്ചയായും അക്കാഡമിക്കലി മെച്ചപ്പെട്ടവരാകണം. പക്ഷേ, എല്ലാറ്റിനും എ പ്ളസ് കിട്ടുക എന്നതു മാത്രമാണോ ജീവിത സത്യം?''

"അതൊന്നും അറിയില്ല. എന്റെ മോന്‍ പഠിക്കാന്‍ ശരാശരിയാ. അതോര്‍ത്തപ്പോഴാ നെഞ്ചിലെ ആളല്‍ കൂടിയത്. ഹിസ്റ്ററിയില്‍ ഹിറ്റ്ലറിനെ ബേസ് ചെയ്ത് ക്വസ്റ്റ്യന്‍ ഉണ്ടാകും. അമീബ, E=mc2 എന്നിങ്ങനെയും ചോദ്യം വരും. എനിക്കുറപ്പാ. പക്ഷേ അവന്‍ അതിലേതെങ്കിലും ചോദ്യങ്ങള്‍ വിട്ടാല്‍- ഗ്രേഡ് താഴും. എന്റെ ഗ്രേഡ് കുറയും...''

മനഃശാസ്ത്രജ്ഞന്‍ ബന്ധുക്കളെ നോക്കി. മനഃശാസ്ത്രജ്ഞന്റെ വിശദീകരണമില്ലാതെ ബന്ധുക്കള്‍ക്ക് ചോദ്യവും ഉത്തരവുമൊക്കെ പിടികിട്ടിക്കഴിഞ്ഞു.

"പിള്ളേര്‍ പഠിക്കണം. പഠിച്ചു മിടുക്കരാകണം. അത് ആവശ്യമല്ല, അത്യാവശ്യമാണ്. പക്ഷേ തലച്ചോറിന്റെ കപ്പാസിറ്റിയും കൂടി കണക്കിലെടുക്കണം. ഓരോ കുട്ടിയുടേയും കഴിവ് രക്ഷകര്‍ത്താക്കള്‍ക്കും വീട്ടുകാര്‍ക്കും അറിയാന്‍ പറ്റും. ആ കഴിവിനൊപ്പം അധ്വാനിക്കുന്നുണ്ടോ എന്നു നോക്കുക. അധ്വാനിക്കുന്നതിനുള്ള ഫലം കിട്ടുന്നുണ്ടോ എന്നു നോക്കുക. പരീക്ഷക്ക് അര മാര്‍ക്ക് കുറഞ്ഞാലും സമൂഹജീവിയെന്ന നിലയില്‍ അവന്‍ യോഗ്യനായി വളരുന്നോ എന്നു ശ്രദ്ധിക്കുക. പരീക്ഷയില്‍ മാത്രമല്ല ഒന്നാമനാകാന്‍ പറ്റുന്നത്. ജീവിതത്തില്‍ ഒന്നാമനാകാം. സത്യം പറയുന്നതില്‍ ഒന്നാമനാകാം. സ്നേഹത്തില്‍ ഒന്നാമനാകാം. ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒന്നാമനാകാം. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഒന്നാമനാകാം..''

"ഡോക്ടര്‍ പറയുന്നത് മനസ്സിലാകുന്നുണ്ട്. പക്ഷേ, സത്യഭാമയുടെ അസുഖം എങ്ങനെ മാറും'' സുഗതന്‍ ചോദിച്ചു.

"പഠിത്തത്തില്‍ റിവിഷന്‍ എന്നൊന്നുണ്ടല്ലോ. മറന്നുപോയ പാഠങ്ങളുടെ പുനര്‍വായന. ആ രീതിയില്‍ ചികിത്സിക്കാം.''

അതും പറഞ്ഞ് ഡോക്ടര്‍ ഭാമയോട് ചോദിച്ചു.

"സഹോദരീ..''

"എന്താ ഡോക്ടര്‍''

"എസ്എസ്എല്‍സി പരീക്ഷക്ക് സഹോദരിക്ക് കണക്കിന് എത്ര മാര്‍ക്കു കിട്ടി''

"നൂറില്‍-'' അതു പറഞ്ഞ് സഡന്‍ ബ്രേക്ക്.

"നൂറില്‍?''

"ഡോക്ടര്‍ മറ്റെന്തെങ്കിലും ചോദിക്കൂ''

"സയന്‍സിന്''

"വേറെ ഒന്നും ചോദിക്കാനില്ലേ?''

"ഇംഗ്ളീഷിന്..''

"ജയിച്ചു.''

അതും പറഞ്ഞ് ഭാമ ഒന്നു ഞെട്ടി. കണ്ണു തുറന്നു.

"അയ്യോ. എന്റെ എസ്എസ്എല്‍സി മാര്‍ക്ക് പുറത്തായോ?''

യാഥാര്‍ഥ്യലോകത്തേക്ക് വന്ന ഭാര്യയെക്കണ്ട് സുഗതന്‍ സന്തോഷിച്ചു. അപ്പോഴതാ അകത്തേക്ക് മറ്റൊരു ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവാണ് ഒച്ച വയ്ക്കുന്നത്.

"നോട്ട് ഒണ്‍ലി ബട്ട് ആള്‍സോയെ കണ്ടോ ഡോക്ടര്‍''

*****

കൃഷ്ണ പൂജപ്പുര , കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

No comments:

Post a Comment