മാറ്റത്തിന്റെ നാന്ദി കുറിക്കുമോ?
ഓരോ പുതുവര്‍ഷവേളയിലും പതിവുശൈലിയില്‍ ഉന്നയിക്കപ്പെടുന്ന ആഗ്രഹമോ, ആശംസയോ ആയിട്ടല്ല മേല്‍ ചോദ്യം പ്രസക്തമാകുന്നത് ; അന്യഥാ, 2008ന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ഗൌരവമേറിയ ചോദ്യമായിട്ടാണ്. മുതലാളിത്ത പ്രത്യയശാസ്‌ത്രത്തിന്റെ പതനം കണ്ടുകൊണ്ടാണ് പോയ വര്‍ഷം വിട പറഞ്ഞത്.1990 കളില്‍ സോവിയറ്റ് യൂണിയന്റെയും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനങ്ങളെ സോഷ്യലിസ്‌റ്റ് വ്യവസ്ഥയുടെ പരാജയമെന്നും കമ്മ്യൂണിസത്തിന്റെ അന്ത്യമെന്നുമെല്ലാം കൊട്ടിഘോഷിച്ചതുപോലെ മുതലാളിത്തത്തിന്റെ പതനം കൊണ്ടാടാന്‍ ആഗോള മാധ്യമപ്പടയൊന്നുമുണ്ടായില്ല എന്നത് വാസ്‌തവം. മാത്രമല്ല, ഇപ്പോഴത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തത്തിന്റെ പതനമല്ലെന്നും, മുതലാളിത്ത വ്യവസ്ഥ ഇതിനു മുമ്പും നിരവധി പ്രതിസന്ധികളെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്നുമുള്ള വാദങ്ങളുമായി മുതലാളിത്തത്തിന്റെ വക്താക്കള്‍ രംഗത്തുണ്ടുതാനും. എന്നാല്‍ അവരടക്കം ഏവരും അംഗീകരിക്കുന്ന ഒരു വസ്‌തുത “കമ്പോള മൌലികവാദത്തിന്റെ മരണം” ആണ് ഇത് എന്നതാണ്. കമ്പോളമൌലികവാദമാകട്ടെ മുതലാളിത്തത്തിന്റെ വര്‍ത്തമാനകാല പ്രയോഗരൂപമാണല്ലോ. താച്ചറിസം, റീഗണിസം, നവലിബറലിസമെന്നുമെല്ലാം അറിയപ്പെടുന്ന സാമ്പത്തികനയങ്ങള്‍ കമ്പോളമൌലികവാദത്തില്‍ അധിഷ്‌ഠിതവുമാണ്.
മഹാമാന്ദ്യം- II
1930 കളിലെ മഹാമാന്ദ്യത്തേക്കാള്‍ കടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്ന് സാമ്പത്തികശാസ്‌ത്രജ്ഞരെല്ലാം ഒരേ സ്വരത്തില്‍ അംഗീകരിക്കുന്നു. “മഹാമാന്ദ്യം-രണ്ട് ” എന്ന പേരും വന്നു കഴിഞ്ഞു. ഈ മാന്ദ്യം 2009-2010 വരെ നീണ്ടു നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനു ശേഷം കരകയറുമോ എന്ന കാര്യത്തില്‍ വ്യത്യസ്‌താഭിപ്രായങ്ങളാണ്. ലോകത്താകമാനം ഇതിന്റെ കെടുതികള്‍ അനുഭവപ്പെടുകയാണ്. ഉല്‍പാദന മേഖലകളാകെ മന്ദതയിലാണ്. ബാങ്കുകള്‍ വായ്‌പ കൊടുക്കുന്നില്ല. ബിസ്സിനസ്സുകാരും ഉപഭോക്താക്കളും പണമിറക്കുന്നില്ല. ആഗോള തലത്തില്‍ രണ്ടു കോടി തൊഴില്‍ നഷ്‌ടമാകുമെന്ന് ഐ.എല്‍.ഒ. തകര്‍ന്ന ധനകാര്യസ്ഥാപനങ്ങളേയും, വ്യവസായികളേയും ജാമ്യത്തിലെടുക്കാന്‍ ആഗോളതലത്തില്‍ 10 ലക്ഷം കോടി ഡോളറാണ് വിവിധ സര്‍ക്കാരുകള്‍ നികുതിപ്പണം ചിലവാക്കിയത്. ലീമാന്‍ ബ്രദേഴ്‌സ് മുതല്‍ വാഷിങ്ങ്ടണ്‍ മ്യൂച്വല്‍സ് വരെ 25 ബാങ്കുകളാണ് അമേരിക്കയില്‍ 2008ല്‍ മാത്രം തകര്‍ന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ അവിടെ 52 ബാങ്കുകളാണ് തകര്‍ന്നത് എന്നു കാണുമ്പോള്‍ 2008ലെ തകര്‍ച്ചയുടെ രൂക്ഷത വ്യക്തമാകും. ബ്രിട്ടനില്‍ എച്.ബി.ഒ.എസ്, സ്‌റ്റാന്റ് ചാര്‍ട്ട്, ബാര്‍ക്ളേയ്സ് തുടങ്ങിയ വമ്പന്‍മാരാണ് കൂപ്പുകുത്തിയത്.
രക്ഷാനടപടികള്‍ നയംമാറ്റത്തിലേക്ക് ?
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെവിടെയും. വികസിത രാജ്യങ്ങള്‍ ഇതുവരെ കൈക്കൊണ്ട നടപടികളുടെ ആകെത്തുക പരിശോധിച്ചാല്‍ “ സര്‍ക്കാര്‍ ഇടപെടല്‍ ” വ്യക്തമാകും. ബ്രിട്ടനില്‍ ദേശസാല്‍ക്കരണവും, ധനികര്‍ക്ക് നികുതിവര്‍ധനയും ദരിദ്രര്‍ക്ക് നികുതി ഇളവും നല്‍കി, ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിച്ച് ഗോര്‍ഡണ്‍ ബ്രൌണും ലേബര്‍ പാര്‍ട്ടിയും നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിച്ചുകൊണ്ടിരി ക്കുന്നു എന്നാണ് വാര്‍ത്ത. അമേരിക്കയില്‍ 232 വര്‍ഷത്തെ ജനാധിപത്യ ചരിത്രത്തിലാദ്യമായി “സാമ്പത്തിക പ്രശ്‌നങ്ങള്‍” തെരഞ്ഞെടുപ്പു വിഷയമായി. ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് ആഫ്രോ അമേരിക്കന്‍, ബരാക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനം വന്ന രാത്രിയില്‍ ഒബാമ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “മെയിന്‍ സ്‌ട്രീറ്റുകള്‍ തകരുമ്പോള്‍ വാള്‍ സ്‌ട്രീറ്റുകള്‍ കെട്ടിപ്പൊക്കാനാവില്ല. സമ്പത്തിന്റെയൊ, ആയുധശേഷിയുടെയൊ അടിസ്ഥാനത്തിലല്ല, ജനാധിപത്യവും, സ്വാതന്ത്ര്യവും പ്രതീക്ഷയും ഉയര്‍ത്തുന്ന മഹത്തായ മാതൃകയിലാണ് അമേരിക്കയുടെ ശക്തിയെന്ന് ഈ രാത്രി വെളിപ്പെടുത്തുന്നു.”
അടുത്തയിടെ തന്റെ ആഴ്ച പ്രസംഗത്തില്‍ ഒബാമ പറഞ്ഞത് വളരെ വേഗത്തിലും ധീരതയോടും കൂടി നടപടിയെടുത്തില്ലെങ്കില്‍ തൊഴിലില്ലായ്മ നിരക്ക് രണ്ടക്കമായി ഉയരും എന്നാണ്. മഹാമാന്ദ്യത്തിനു സമാനമായ ഒരു സ്ഥിതിവിശേഷം ഇനി ഒരിക്കലുമുണ്ടാകില്ലെന്നും അഥവാ സംഭവിച്ചാല്‍ മാന്ദ്യം തടഞ്ഞുനിര്‍ത്താനുള്ള നടപടികള്‍ നിരവധിയാണെന്നും അഹങ്കരിച്ചിരുന്ന ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ റോബര്‍ട്ട് ലൂക്കാസിനെപ്പോലുള്ളവര്‍ അന്തം വിട്ടു നില്‍ക്കുകയാണ്.
മാന്ദ്യത്തെ നേരിടാന്‍ ബാങ്കുകള്‍ക്ക് പണലഭ്യത (liquidity) ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നു നിര്‍ദ്ദേശിച്ച മില്‍ട്ടണ്‍ ഫ്രീഡ്‌മാനെപ്പോലുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞരെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബര്‍ണാങ്കെ ഇപ്പോള്‍ പരിഹസിക്കുകയാണ്.“You are right, We did it.We are very sorry. But thanks to you, we won’t do it again” ബാങ്കുകള്‍ക്ക് വേണ്ടത്ര പണലഭ്യത ഉറപ്പുവരുത്തിയിട്ടും സമ്പദ്‌വ്യവസ്ഥ കരകയറാത്തതിലുള്ള പരിഹാസമാണ് ബര്‍ണാങ്കേയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.
ലോകബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനായ വിനോദ് തോമസ്സിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ധനപ്രതിസന്ധി സാമ്പത്തിക പ്രതിസന്ധിയായും, സാമൂഹ്യ-മാനുഷിക പ്രതിസന്ധിയായും വളരാതിരിക്കണമെങ്കില്‍ സത്വര നടപടികളാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.ആ നടപടികള്‍ കേവലം ജി.ഡി.പി ലക്ഷ്യമിട്ടുള്ളതു മാത്രമായിക്കൂടാ എന്നും അദ്ദേഹം അടിവരയിടുന്നു. കെടുതികള്‍ അനുഭവിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന, സാമൂഹ്യനീതി ഉറപ്പാക്കുന്ന നടപടികളാണാവശ്യം.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ആൻഡ്രൂ ഗ്രഹാമിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.
“Elsewhere competition can be a substitute for regulation. In Banking the opposite applies; the greater the competition, the greater the need for regulation and/or supervision.”...“If you are to avoid catastrophe when confidence evaporates, the only option is for the state to underpin the core financial institutions”
ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് പ്രത്യയശാസ്‌ത്ര പിടിവാശി ?
ആഗോളതലത്തിലെ ചിന്താധാരകളും നടപടികളും മേല്‍പ്പറഞ്ഞ രീതിയിലാണെങ്കില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ വലതുപക്ഷ പ്രത്യയശാസ്‌ത്ര പിടിവാശിയിലാണ്. ഇന്ത്യന്‍ ബാങ്കുകള്‍ തകരാതിരുന്നത് തൊഴിലാളികളുടെയും, ഇടതുപക്ഷത്തിന്റെയും നിരന്തരചെറുത്തുനില്‍പ്പ് മൂലമാണ് എന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് നവലിബറല്‍ നയങ്ങളുടെയും, ഡീ-റെഗുലേഷന്റെയും മൂര്‍ത്തിമത്‌ഭാവമായ ചിക്കാഗോ പ്രൊഫസര്‍ രഘുറാം രാജനെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കുന്നു.
ഇന്‍ഷൂറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്‍ അവതരിപ്പിച്ചും, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനു കോപ്പു കൂട്ടിയും, യു.പി.എ സര്‍ക്കാര്‍ കാലത്തിന്റെ ചുവരെഴുത്ത് കണ്ടില്ലെന്നു നടിക്കുന്നു. ഫെഡറല്‍ റിസര്‍വ്വ് സ്വീകരിക്കുന്ന അതേ പണനയങ്ങള്‍ നടപ്പാക്കിക്കൊണ്ട്, പലിശ നിരക്കു കുറച്ചുകൊണ്ട് മറ്റൊരു “കുമിള” സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യക്ക് ഇന്ത്യയുടേതായ പ്രത്യേക മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആഭ്യന്തര കമ്പോളം ലക്ഷ്യമിട്ടിട്ടുള്ള നടപടികളി ലൂടെ ആഗോള പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെ അവസരമാക്കി മാറ്റണമെന്ന ഡോ. അര്‍ജ്ജുന്‍ സെന്‍ഗുപ്തയെപ്പോലുള്ളവരുടെയും, പ്രഭാത്പട്നായിക്കിനെപ്പോലുള്ളവരുടെയും അഭിപ്രായങ്ങള്‍ തിരസ്‌ക്കരിക്കുന്നു.
ജി.ഡി.പി യുടെ 31 ശതമാനം സംഭാവന ചെയ്യുന്ന 580 ലക്ഷം ചെറുകിട സംരംഭങ്ങള്‍ കൈത്തറി, കരകൌശലം, കയര്‍, ലെതര്‍, ഉടുപ്പുകള്‍, ഭക്ഷ്യസംസ്‌ക്കരണം എന്നീ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. 1040 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ഒരു ശതമാനം വായ്‌പാ വര്‍ധനയുണ്ടായാല്‍ ഒരു കോടി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് കണക്ക്. ഈ ഉല്‍പ്പന്നങ്ങളുടെ 90 ശതമാനവും ആഭ്യന്തര കമ്പോളത്തിലാണ് വിറ്റഴിക്കുന്നത്. സര്‍ക്കാര്‍ ഇവിടെ ശ്രദ്ധിക്കുന്നില്ല. മറുവശത്ത് അമേരിക്കയും, ഇസ്രായേലുമായുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ജനതയെ കൂടുതല്‍ വിപത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു.
മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയാകട്ടെ ഇന്‍ഷൂറൻസ് ബില്‍ അവതരണ സമയത്ത് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. വിദേശനയത്തില്‍ യു.പി.എയോട് പരമയോജിപ്പ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ ഇരു കൂട്ടര്‍ക്കും ഒരേ നയം. പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവും ചര്‍ച്ച നടത്തുന്നത് സി.ഐ.എ യോടുമാത്രം. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി ഭരണപക്ഷവും, മുഖ്യ പ്രതിപക്ഷവും മാറുമ്പോള്‍, 2009ല്‍ ലോകമാകെ മാറ്റത്തിന്റെ നാന്ദി കുറിക്കുമ്പോള്‍ ഇന്ത്യക്കാരനു മുമ്പിലുള്ള മാര്‍ഗമേതാണ്?
ഒരാശ്വാസം മാത്രം- 2009- പുതിയ ജനവിധിയുടെ വര്‍ഷമാണ്. വളര്‍ച്ചയും, സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സ്വതന്ത്രമായ വിദേശനയമുള്ള, മതേതരമൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് ജനതയുടെ ഐക്യം ഉറപ്പാക്കുന്ന രാഷ്‌ട്രീയ ശക്തികള്‍ക്കു പിറകില്‍ ഇന്ത്യന്‍ ജനതയെ പരമാവധി അണിനിരത്താനുള്ള ശ്രമത്തിലാണ് 2009ല്‍ മാറ്റത്തിനു നാന്ദി കുറിക്കുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗം.
****
കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം
No comments:
Post a Comment