അഭിമാനപ്രശ്നം
ജോസഫിന്റെ വീട്.
മതിലിനപ്പുറത്തുനിന്നും രമേശന്‍ വിളിക്കുന്നു.
"ഹലോ ജോസഫേ''
"എന്താ രമേശാ''
"അല്ല. തന്നോടൊരു കാര്യം പറയണോന്നു വിചാരിക്കുകയായിരുന്നു''.
"എന്താ?''
"ദാ കണ്ടില്ലേ, തന്റെ പ്ലാവിന്റെ ഈ ചില്ല... അത് എന്റെ വീട്ടുമുറ്റത്തേക്ക് വളഞ്ഞുവന്നതുകാരണം, മഴപെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍, ഈ ഭാഗത്തേക്കു വീഴുന്നു. രാവിലെ മുറ്റമടിക്കുമ്പോള്‍ കുറച്ചധികം ഇലകളും ഉണ്ടാകുന്നു. വൈഫിനും ബുദ്ധിമുട്ട്. അല്ല - ആ ചില്ലയൊന്ന് കട്ടുചെയ്തുവിട്ടാല്‍ സന്തോഷമുണ്ട്. അതവിടെനിന്നാല്‍ വളര്‍ന്നുവലുതാകും. കൂടുതല്‍ ഇല വീഴും. തനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍...''
"ഹ! എന്തു ബുദ്ധിമുട്ട് രമേശാ'' എനിയ്ക്കീ പ്ലാവില്‍ വലിഞ്ഞുകയറാന്‍ വയ്യ. ഒരാളിനെ സംഘടിപ്പിച്ച് ഇന്നുതന്നെ അതങ്ങ് റെഡിയാക്കാം. താന്‍ പറഞ്ഞതു നേരാ... ചപ്പുചവറൊക്കെ വീണ് മുറ്റം നാശമാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്കേ അറിയൂ. ഇന്നുതന്നെ വേണ്ടത് ചെയ്തേക്കാം''.
"താങ്ക്യൂ ജോസഫേ താങ്ക്യൂ...''
റോഡ്
നടന്നുവരുന്ന ജോസഫ്, പരിചയക്കാരന്‍ സുഗുണനെ കാണുന്നു.
"ജോസഫ് ചേട്ടന്‍ എങ്ങോട്ടാ...''
"നമ്മുടെ മരംമുറിയ്ക്കല്‍കാരന്‍ ലൂക്കോയെ ഒന്നു കാണണം. പ്ലാവിന്റെ ഒരു കൊമ്പ് വെട്ടാന്‍''
"പ്ലാവിന്റെ കൊമ്പോ? ഏതു പ്ലാവിന്റെ കൊമ്പ്?''
"എന്റെ മുറ്റത്തെ പ്ലാവുതന്നെ. അതില്‍നിന്ന് ഇലകളും വെള്ളത്തുള്ളിയും മറ്റും വീഴുന്നതുകാരണം രമേശന് ഒരു ബുദ്ധിമുട്ട്. ഒരു ചെറിയ ചില്ലയാ. കൂടുതല്‍ വളര്‍ന്നിട്ടാണെങ്കില്‍ മുറിച്ചുമാറ്റാന്‍ പ്രയാസമായിരിക്കും''.
"അതിരിക്കട്ടെ. ഇതിപ്പൊ ആരുപറഞ്ഞിട്ടാ ചേട്ടനിങ്ങനെ മുന്നുംപിന്നുമാലോചിക്കാതെ ഒരുമ്പെട്ടിറങ്ങുന്നത്?''
"രമേശന്‍തന്നെയാ രാവിലെ സൂചിപ്പിച്ചത്''.
"അയ്യടി മനമേ! ചേട്ടനിത്ര അപ്പാവിയായിപ്പോയല്ലോ. ആ കുഴിത്തുരുമ്പന്‍ മരംവെട്ടാന്‍ പറഞ്ഞു. ഓ കോടാലിയന്വേഷിച്ച് ചേട്ടനങ്ങ് മുണ്ടുംമടക്കിക്കുത്തി ഇറങ്ങുകേം ചെയ്തു. അല്ല. അവന്മാരെപ്പോലുള്ളവന്മാര്‍ക്കേ കാലമുള്ളൂ''.
"താനെന്തൊക്കെയാടോ പറയുന്നത്?''
"എന്റെ ചേട്ടാ ദേ നോക്ക്. ഇപ്പൊ അയാളുടെ ഒരു പ്ലാവാണ് ചേട്ടന്റെ മുറ്റത്തേക്ക് ചാഞ്ഞെന്നിരിക്കട്ടെ. ചേട്ടന്‍ അയാളോട് പറയുന്നു. കൊമ്പൊന്നുവെട്ടാന്‍. വെട്ടുമോ?''
"അല്ല... അത്... വെട്ടില്ലേ...''
"ങും. വെട്ടും. പറയാന്‍ ചെല്ലുന്ന ചേട്ടന്റെ തലവെട്ടും. ആളാരാ മോന്‍. അമ്പോ. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം. ഇന്നിപ്പൊ ചേട്ടന്‍ ആ കൊമ്പുവെട്ടുന്നു. അയാള്‍ നാടൊട്ടുക്ക് വീരവാദമടിച്ചു നടക്കും. 'അയാള് ചേട്ടനെ വിരട്ടി. ചേട്ടന്‍ പേടിച്ച് മരം മുറിച്ചു' അങ്ങനെയൊക്കെ. അല്ല. ജയിക്കാന്‍ പറ്റാത്തിടത്ത് അല്‍പമൊന്ന് മുതുകുവളച്ചുകൊടുക്കുന്നതാ നല്ലത്. അല്ലെങ്കില്‍ പിന്നെ ചേട്ടനായിട്ടല്ല ആ കൊമ്പങ്ങ് ചായ്ച്ചുവിട്ടത്. പ്രകൃതി, പ്രകൃതിയുടെ കളി. അല്ല, ചേട്ടനോടൊക്കെയേ അവന് ആളാകാന്‍ പറ്റൂ. എന്നോടായിരിയ്ക്കണമായിരുന്നു. ഇതുപോലെ തോന്ന്യാസവും പറഞ്ഞുവരുന്നത്. ഉച്ചയ്ക്ക് ചോറുണ്ണാന്‍ പിന്നെ വയ്പുപല്ല് വയ്ക്കേണ്ടിവരും...''
"ങാ... ഞാനും ഒന്നാലോചിയ്ക്കട്ടെ...''
ജോസഫിന്റെ വീട്
"എന്താ ജോസഫേ പെട്ടെന്നൊരു മനംമാറ്റം? രാവിലെ എല്ലാം സമ്മതിച്ചാണല്ലോ പോയത്. പിന്നെന്താ?''
"എന്താ തന്റെ ടോണിനൊരു മാറ്റം. ഭീഷണിപ്പെടുത്തി മുറിപ്പിയ്ക്കാമെന്നാണോ?''
"ഹ! താനെന്തൊക്കെയാ ഈ പറയുന്നത്''.
"മരമാകുമ്പൊ ചിലപ്പൊ അങ്ങനെയൊക്കെ സംഭവിക്കും. ഈ രീതിയില്‍ വളരണമെന്ന് ഞാന്‍ മരത്തോടുപറഞ്ഞാല്‍ മരം അനുസരിക്കില്ല. അതുമല്ല. എന്റപ്പന്‍ നട്ടുവളര്‍ത്തിയ മരമാ. അതിന്റെ ചില്ലപോയിട്ട് ഒരില എടുത്തുമാറ്റാന്‍ ഞാന്‍ സമ്മതിയ്ക്കില്ല''
"വാശിയാണോ?''
"അതെ വാശിയാ. എന്തു സംഭവിച്ചാലും ശരി. ഈ ചില്ല ഞാന്‍ മുറിച്ചുമാറ്റില്ല''.
"എന്നാല്‍ താന്‍ കേട്ടോ. എത്രേക്കെ കാശു ചെലവാക്കേണ്ടിവന്നാലും ഞാനിതു മുറിപ്പിയ്ക്കും''
വക്കീലാഫീസ് 1
"വക്കീലേ... ദേ.. ഇത് പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം. രൂപ എനിക്കൊരു പ്രശ്നമല്ല. എത്രവേണോ ഞാന്‍ ചെലവാക്കും. പക്ഷെ എന്റെ ആ പ്ലാവിന്റെ ചില്ലയ്ക്ക് ഒരു പോറല്‍പോലും ഏല്‍ക്കരുത്. അവന്‍ ഗുണ്ടകളെവിട്ട് ചില്ലമുറിക്കാന്‍ ഇടയുണ്ട്. ഇഞ്ചക്ഷനോ മുന്‍കൂര്‍ വാണിങ്ങോ, നോട്ടീസ് പതിപ്പിക്കലോ എന്താണെന്നുവച്ചാല്‍ ഉടനെ ചെയ്യണം. ഇതാ അഡ്വാന്‍സ്, എണ്ണി നോക്കണം. പോരെങ്കില്‍ ഉച്ചയ്ക്കുമുമ്പ് വീണ്ടുമെത്തിയ്ക്കാം''.
വക്കീലാഫീസ് 2
"ഇതാ അമ്പതിനായിരം രൂപ. ഒരു തല്‍ക്കാലഫീസ്. അവന്റെ പ്ലാവിന്റെ ആ ചില്ല ആ മരത്തില്‍നിന്ന് അടര്‍ന്നുമാറുന്ന ദിവസം, ദേ വക്കീലേ, ഞാനെന്റെ വീടും പറമ്പും വക്കീലിന് എഴുതിത്തരും. പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം...''
ഇടവഴി - ആറുമാസത്തിനുശേഷം
"രമേശന്‍ സാറിതെങ്ങോട്ടുപോണു. കേസിന്റെ കാര്യമൊക്കെ എന്തായി''.
"അതിനുവേണ്ടിയുള്ള ഓട്ടംതന്നാ സുഗുണാ. പ്ലാവിന് അയാളും ഞങ്ങളും സെക്യൂരിറ്റിയിട്ടേയ്ക്കുകയാണല്ലോ. അതിന് കക്ഷികള്‍തന്നെ കാശുകെട്ടണം. അടുത്തയാഴ്ചയാ കേസെടുക്കുന്നെ. കുറച്ചു ഫീസുകൂടി എത്തിക്കണം. തന്റെ പരിചയത്തില്‍ ആരെങ്കിലുമുണ്ടോ. കുറച്ചുകാശ് റോള്‍ചെയ്യാന്‍''.
"പത്തുശതമാനം പലിശകൊടുക്കാമെങ്കില്‍ ഞാന്‍ റെഡിയാക്കാം. പിന്നെ രമേശന്‍ സാറെ. ദേ ഞാന്‍ പലവട്ടം പറഞ്ഞകാര്യം ഓര്‍മയുണ്ടല്ലോ. ഇത് അഭിമാനപ്പോരാട്ടമാണ് അഭിമാനപ്പോരാട്ടം. അതുമല്ല അയാള് വരത്തനല്ലേ. വല്ല ജില്ലേന്നും വന്നു കുടിയേറിയ കക്ഷി. അയാള് അങ്ങനെ ആളായാലോ. ഇവനൊക്കെ തലയെടുക്കുമ്പഴേ പത്തിക്കുകൊടുക്കണം തല്ല്''.
"പക്ഷെ ഇപ്പോത്തന്നെ കാശ്...''
"കാശ് വരും പോകും. പക്ഷെ മതിലും മരച്ചില്ലയും പ്രസ്റ്റീജും. അതുപോയാല്‍പിന്നെ തിരിച്ചുകിട്ടില്ല സാറെ. അതുമല്ല നഷ്ടപ്പെടുന്നതോര്‍ത്ത് നീ എന്തിനു ദുഃഖിക്കുന്നു എന്നൊക്കെയല്ലേ വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്''.
രജിസ്ട്രാര്‍ ഓഫീസ് രണ്ടുവര്‍ഷത്തിനുശേഷം
അവിടെ രണ്ട് ആധാരങ്ങളുടെ പ്രമാണം നടക്കുകയാണ്. ജോസഫിന്റെയും രമേശന്റെയും വീടും പറമ്പും വില്‍ക്കുകയാണ്. കേസു നടത്തിച്ചും ഇടനിലക്കാര്‍ പിരികയറ്റിയും കാശു കുറെ ഇറങ്ങി. ഗുണ്ടകള്‍ക്കും മറ്റുമായി വേറെയും ചെലവ്. നില്‍ക്കക്കളിയില്ലാതെ രണ്ടുപേരും വില്‍ക്കുകയാണ്. ആധാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന രമേശന്‍, ജോസഫ്. അവര്‍ നോക്കുന്നു. രണ്ടുപേരുടെയും പ്രസ്റ്റീജ് വിജയിച്ചിരിക്കുകയാണ്. സ്ഥലങ്ങള്‍ വാങ്ങിയ സുഗുണന്‍ സന്തോഷത്തോടെ അവര്‍ക്കുമുന്നിലൂടെ ടാറ്റാ പറഞ്ഞുപോകുന്നു.
"രമേശന്‍''
"എന്താടാ ജോസഫേ?''
"ജയിച്ചത് ഞാനാണോ നീയാണോ?''
"നമ്മള്‍ രണ്ടുപേരുമല്ല''
"പിന്നെ - പ്രസ്റ്റീജാണോ?''
"അതുമല്ല. അതാ പോകുന്നില്ലേ സുഗുണന്‍. അവനാടാ ജയിച്ചത്. നമ്മളെപ്പോലുള്ളവരെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുന്ന അവന്മാര്‍ക്കാണെടാ ജയം. ഒരു മഴത്തുള്ളിയിലോ മരച്ചില്ലയിലോ അല്ല പ്രസ്റ്റീജെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വളരെ വൈകിപ്പോയി''.
"എന്തായാലും പറ്റിയതുപറ്റി. നമുക്ക് സുഗുണനെ കാര്യമായൊന്നു സല്‍ക്കരിക്കണ്ടേ''.
"വേണം''
ആശുപത്രി
കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാര്‍
"ഈശ്വരാ. ഇയാളുടെ എല്ലു മുഴുവന്‍ നുറുങ്ങിയിരിക്കുകയാണല്ലോ''
"അതെ ഒറ്റപല്ലുപോലും വായിലില്ല''.
"കഴുത്തുതിരിഞ്ഞ് പിറകോട്ടായിപ്പോയിരിക്കുന്നു''.
"നാട്ടിലെ പാരയാണത്രെ ഇവന്‍. തമ്മില്‍ തല്ലിയ്ക്കലാണത്രെ ഹോബി. പേരു സുഗുണന്‍''.
"ഒരു കാര്യം ചെയ്യാം. ഒപി ടിക്കറ്റില്‍ പേര് ദുര്‍ഗ്ഗുണന്‍ എന്നാക്കാം''.
(ലേഖകന്‍: ശ്രീ. കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി, വര്‍ക്കേഴ്സ് ഫോറം)
No comments:
Post a Comment