ഏര്‍നെസ്റ്റോ ചെ ഗുവേര,അനശ്വര വിപ്ലവകാരി
അമാനുഷപ്രഭാവനായ വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കാമോ ചെ ഗുവേരയെ? അങ്ങനെയായാല്‍ അത് വികാരവിവശമായ ഒരു വിലയിരുത്തലാകുമോ? അര്‍ജന്റീനയില്‍ ജനിച്ച് ലാറ്റിനമേരിക്ക മുഴുവന്‍ യാത്രചെയ്ത് തുടര്‍ന്ന് മെക്സിക്കോയിലെത്തി പരിശീലനംനേടി ക്യൂബയില്‍ വിപ്ളവംനയിക്കാന്‍പോയി, വിപ്ളവംജയിപ്പിച്ച് മന്ത്രിയും അംബാസഡറുമായി ലോകപൌരനായി തിളങ്ങി, ലോകമാകെ സഞ്ചരിച്ച് വീണ്ടും ക്യൂബയിലെത്തി വിപ്ളവത്തിന്റെ വിളികേട്ട് ഒളിവില്‍പ്പോയി ബൊളീവിയന്‍ കാടുകളില്‍ ഗറില്ലായുദ്ധം നയിച്ച് ബൊളീവിയയില്‍ യാങ്കി ഭടന്മാരുടെ വേട്ടയില്‍ 39 ാം വയസ്സില്‍ എരിഞ്ഞടങ്ങിയ ഏര്‍നെസ്റ്റോ ചെ ഗുവേരയുടെ ജീവിതം നാം പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
1967 ഒക്ടോബര്‍ 8 പുലര്‍കാലം. സ്ഥലം: കൂബ്രാദാ ദല്‍ച്യൂറോ.അമേരിക്കന്‍ സിഐഎ നയിക്കുന്ന ബൊളീവിയന്‍ പട്ടാളത്താല്‍ വേട്ടയാടപ്പെട്ട് ക്യൂബയുമായും തന്റെ ഗറില്ലാസ്ക്വാഡുമായും ബന്ധമറ്റ്, മരുന്നും ഭക്ഷണവുമില്ലാതെ മുഷിഞ്ഞുനാറിയ വേഷത്തില്‍ ക്ഷീണിച്ചുവിളറി പരിക്ഷീണനായ ചെയും ഒരു ഡസന്‍ ഗറില്ലകളും ഒറ്റുകാരായ കൃഷിക്കാരുടെ സഹായത്തോടെ വളയപ്പെട്ടു. ജന്മനാ കടുത്ത ആസ്ത്്മ രോഗിയായ ചെ ഗുവേരയ്ക്ക് തണുപ്പും കാറ്റും മഞ്ഞുംമൂലം രോഗം അസഹ്യമായിരുന്നു... വേട്ടയാടലിനിടയില്‍ ആസ്ത്മയ്ക്കുള്ള മരുന്നും ഇന്‍ഹേലറുകളും നഷ്ടപ്പെട്ടു. പലപ്പോഴും ബോധം നഷ്ടപ്പെടുന്ന അവസ്ഥ. അദ്ദേഹം അത് ബൊളീവിയന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്.
ചെയുടെ ദുര്‍ബലമായ ഗറില്ലാസംഘത്തെ വലയംചെയ്തത് പുതുതായി പരിശീലനംനേടിയ ബൊളീവിയന്‍ ആര്‍മി റേഞ്ചര്‍മാര്‍. അവരെ നയിക്കുന്നത് നല്ല ഉയരമുള്ള യുവാവായ ഗാമിര പ്രാദോ സാല്‍മന്‍. വെറും 300 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും മാത്രമുള്ള കുറ്റിച്ചെടികള്‍ക്കിടയിലാണ് വളയപ്പെട്ടത്. ഏറ്റുമുട്ടലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മനസ്സിലാക്കിയ ചെ ഗറില്ലകളെ മൂന്നു ഗ്രൂപ്പായിതിരിച്ച് യുദ്ധത്തിന് തയ്യാറാകാന്‍ ഓര്‍ഡര്‍ നല്‍കി. പ്രക്ഷുബ്ധമായ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങി...
ഒടുവില്‍ പതിയിരുന്ന ഗറില്ലകളെ മുഖാമുഖംകണ്ട് സൈന്യം വെടിവയ്പാരംഭിച്ചു. വിപ്ളവകാരികള്‍ ഓരോന്നായി വീണുതുടങ്ങി. ചെ അദ്ദേഹത്തിന്റെ എം-2 കര്‍ബൈന്‍ ഉപയോഗിച്ച് വെടിവയ്പാരംഭിച്ചു. ബൊളീവിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് അദ്ദേഹത്തിന്റെ തോക്ക് തകര്‍ന്നു. അതോടെ അദ്ദേഹം നിരായുധനായി. അടുത്ത ബുള്ളറ്റ് ചെയുടെ തുടയ്ക്കുകൊണ്ടു. അടുത്തത് അദ്ദേഹത്തിന്റെ തൊപ്പിക്ക്. തൊട്ടുടുത്തുണ്ടായ വില്ലി ചെയുടെ സഹായത്തിനെത്തി. ഈ നിമിഷം പാഞ്ഞെത്തിയ പട്ടാള ഓഫീസര്‍ ബെര്‍ണാഡിനോ ചെയുടെ നെഞ്ചിനുനേരെ തോക്കുചൂണ്ടി. പിന്നീട് അയാള്‍ അവകാശപ്പെട്ടതിങ്ങനെയാണ്- ചെ ഗുവേര പറഞ്ഞു 'വെടിവയ്ക്കരുത്. ഞാന്‍ ചെ ഗുവേര. മരിച്ച എന്നെക്കാള്‍ നിങ്ങള്‍ക്കു വിലപിടിപ്പുള്ളത് ജീവിച്ചിരിക്കുന്ന എന്നെയാണ്'. രണ്ടുപേരെയും പിടിച്ചതോടെ ക്യാപ്റ്റന്‍ പ്രോഡോ എത്തി. നേരത്തെ അമേരിക്ക നടത്തിയ പിഗ് ഉള്‍ക്കടല്‍ അധിനിവേശകാലത്ത് ചെവിക്കേറ്റ പരിക്ക് കണ്ടുപിടിച്ച് ചെ ഗുവേരതന്നെയെന്ന് ഉറപ്പുവരുത്തി. ഉടന്‍ ചെയുടെ കൈകള്‍ ബന്ധിച്ചു. സൈനികകേന്ദ്രമായ വല്ലെഗ്രാന്‍ഡെയിലേക്ക് സന്ദേശംനല്‍കി. ഈ സമയം അവശേഷിക്കുന്ന ഗറില്ലകള്‍ പോരാടുകയായിരുന്നു.
വൈകിട്ട് 3.15ന് ലെഫ്. കേണല്‍ സെലിക് എത്തി. വിപ്ളവകാരികള്‍ കസ്റ്റഡിയിലായതിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണം തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി. 'ഞാന്‍ ചെ ഗുവേരയോട് പറഞ്ഞു. ഞങ്ങളുടെ സൈന്യം നിങ്ങള്‍ കരുതുന്നതുപോലെയല്ല. ചെയുടെ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് പരിക്കേല്‍ക്കുകയും എന്റെ ബാരല്‍ വെടികൊണ്ട് തകരുകയുംചെയ്തനിലയ്ക്ക് ഇതല്ലാതെ മറ്റുപോംവഴിയില്ല. ക്വബ്രാഡയില്‍ പോരാട്ടംതുടര്‍ന്നുകൊണ്ടിരിക്കെ ചെയെയും ബില്ലിയെയും ലാ ഹിഗ്വേരയിലേക്കുകൊണ്ടുപോയി. അപ്പോഴേക്കും ക്യാപ്റ്റന്‍ പ്രാദോയും അദ്ദേഹത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ മേജര്‍ ഹിഗ്വല്‍ അയോറോയുമെത്തി. ഇടതുകാല്‍ വെടിയേറ്റുതകര്‍ന്നതിനാല്‍ വലതുകാലിലൂന്നിയാണ് ചെ നടന്നത്. രണ്ടു പട്ടാളക്കാര്‍ സഹായിച്ചു. അപ്പോഴേക്കും മരണമടഞ്ഞ രണ്ടു ഗറില്ലകളുടെ മൃതദേഹം കൃഷിക്കാര്‍ കൊണ്ടുവന്നു. സന്ധ്യയായതോടെ ലാ ഹിഗ്വേരയിലെ മണ്‍ഭിത്തികൊണ്ടു നിര്‍മിച്ച സ്കൂള്‍കെട്ടിടത്തിലെ വൃത്തിഹീനമായ തറയില്‍ വെടിയേറ്റുമരിച്ച വിപ്ളവകാരികളായ അന്റോണിയോയുടെയും അര്‍തോറോയുടെയും ഇടയില്‍ ചെ ഗുവേരയെ കിടത്തി. തൊട്ടടുത്ത മുറിയില്‍ വില്ലിയെ തടവിലാക്കി'.
യാങ്കിപ്പടയുടെ വെടിയേറ്റു മരിച്ച ചെ ഗുവേരയുടെ ശരീരം ഹിഗ്വേരയിലെ സ്കൂള്‍ കെട്ടിടത്തില്‍ കിടത്തിയിരിക്കുന്നു
ഇരുട്ടായതോടെ മറ്റു ഗറില്ലകള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി. ചെയെ മോചിപ്പിക്കാന്‍ അവര്‍ വരുമെന്നു ഭയന്ന് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയത്. അടുത്ത കല്‍പ്പനയ്ക്കുവേണ്ടി പട്ടാള ആസ്ഥാനത്തേക്ക് സന്ദേശംനല്‍കി കാത്തിരുന്ന അവര്‍ ചെയുമായി സംഭാഷണത്തിലേര്‍പ്പെട്ടു. 45 മിനിറ്റ് നീണ്ട സംഭാഷണം സെലിക്ക് ഇങ്ങനെ രേഖപ്പെടുത്തി.
'കമാന്‍ഡന്റ്, താങ്കള്‍ കുറച്ചു വിഷാദവാനായി കാണുന്നു? എന്താണിങ്ങനെ? ചെ പറഞ്ഞു. ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എല്ലാം കഴിഞ്ഞു. അതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ കാണേണ്ടിവന്നത്.
ഞാന്‍ ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങള്‍ വിദേശികളായ ഗറില്ലകള്‍ ബൊളീവിയയില്‍ ആക്രമണത്തിന് വന്നത്?
അന്റോണിയോയുടെയും ഔര്‍തോറോയുടെയും മൃതദേഹം നോക്കിയിട്ട് ചെ പറഞ്ഞു- കേണല്‍ നോക്കൂ... ഈ കുട്ടികള്‍ക്ക് ആവശ്യമായതെന്തും അവര്‍ക്ക് ക്യൂബയില്‍ ലഭിക്കും. എന്നിട്ടാണവര്‍ ഇവിടെ പട്ടിയെപ്പോലെ മരിക്കാന്‍ വന്നത്.
താങ്കള്‍ ക്യൂബക്കാരനാണോ അര്‍ജന്റീനക്കാരനാണോ. എന്ന എന്റ ചോദ്യത്തിന് ഞാന്‍ ക്യൂബക്കാരനും, അര്‍ജന്റീനക്കാരനും, ബൊളീവിയക്കാരനും, പെറുവിയനും, ഇക്വഡോറുകാരനുമാണ്- ഇതായിരുന്നു ചെയുടെ മറുപടി'.
1967 ഒക്ടോബര്‍ 9 രാവിലെ 6.15
കേണല്‍ ജോവാക്വിം സെന്റനോയെയും സിഐഎ ഏജന്റ് ഫെലിക്സ് റോഡ്രിഗ്വസിനെയും വഹിച്ചുകൊണ്ട് ഒരു ഹെലികോപ്റ്റര്‍ ലാ ഹിഗ്വേറയിലെത്തി. ഫെലിക്സ് റാമോസ് എന്നറിയപ്പെട്ട റോഡ്രിഗ്സ് ഓര്‍ക്കുന്നു- പഴകിദ്രവിച്ച ഒരു കീറത്തുണിപോലെയാണ് ചെ ഗുവേര കിടന്നത്. 11 മണിയായപ്പോള്‍ ചെ ഗുവേരയോടു സംസാരിക്കാന്‍ റോഡ്രിഗ്വസ് അനുവാദംചോദിച്ചു. തന്റെ സാന്നിധ്യത്തില്‍മാത്രം സംഭാഷണമാകാമെന്ന് സെലിക്ക് പറഞ്ഞു. റോഡ്രിഗ്വസിന്റെ സംഭാഷണം മുഴുവന്‍ ക്യൂബന്‍ ബൊളീവിയന്‍ വിപ്ളവങ്ങള്‍ക്കെതിരായിരുന്നു. മുറിയില്‍ കിടന്ന റോഡ്രിഗ്വസിനോട് ചെ പറഞ്ഞു. 'എന്നെ ചോദ്യംചെയ്യുകയൊന്നും വേണ്ട. നമുക്ക് സംഭാഷണമാകാം'. ചെയുടെ അഭിമാനപൂര്‍വമുള്ള നിഷേധമനോഭാവം സെലിക് എടുത്തുപറയുന്നു. ഒടുവില്‍ ചെ റോഡ്രിഗ്വസിനോട് ചോദിച്ചു: നിങ്ങള്‍ ബൊളീവിയനല്ല, ക്യൂബക്കാരനോ പ്യൂര്‍ട്ടോറിക്കക്കാരനോ? ക്യൂബക്കാരനായ അമേരിക്കന്‍ ഇന്റലിജന്‍സ്- റോഡ്രിഗ്വസ് പറഞ്ഞു. ചെ 'ഹാ' എന്ന് ചിരിക്കുകമാത്രംചെയ്തു.
പകല്‍ 12.30ന് ലാപാസിലുള്ള ബൊളീവിയന്‍ ഹൈക്കമാന്‍ഡിന്റെ ഓര്‍ഡര്‍ കേഡര്‍ ബെന്റിനോ അനായോയ്ക്ക് എത്തി. ഓര്‍ഡര്‍ സെലികിന് കൈമാറി. അത് ചെയെ വധിക്കാനുള്ള ആജ്ഞയായിരുന്നു. മേജര്‍ അയോറോയായിരുന്നു ഈ ദൌത്യം നടപ്പാക്കേണ്ടത്. ഉടന്‍തന്നെ സെലിക്കും സെന്റിനോയും പിടിച്ചെടുത്ത രേഖകളുമായി ഹെലികോപ്റ്ററില്‍ മടങ്ങി. റോഡ്രിഗ്വസ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ് 'അമേരിക്കയ്ക്ക് ചെ ഗുവേരയെ ജീവനോടെ വേണമായിരുന്നു. പക്ഷേ, ബൊളീവിയന്‍ പ്രസിഡന്റ് ബരിയന്തേസ് നേരിട്ട് വധിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു'. വധിച്ചില്ലെങ്കില്‍ പണ്ട് ഫിദല്‍ കാസ്ട്രോയെ ബാത്തിസ്ത്ത വിട്ടയച്ചതുപോലെ സംഭവിക്കുമോ എന്ന തോന്നലുമുണ്ടായി.
തുടര്‍ന്ന് തടവിലാക്കപ്പെട്ടിരുന്ന വില്ലിയെ അവര്‍ വെടിവച്ചുകൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ചെന്നപേരില്‍. തുടര്‍ന്ന് ചെയോടൊപ്പംനിന്ന് റോഡ്രിഗ്വസ് ഒരു ഫോട്ടോയെടുത്തു. റോഡ്രിഗ്വസ് ഓര്‍ക്കുന്നു. 'ഒരു വന്യമൃഗം നില്‍ക്കുന്നതുപോലെ ക്ഷീണിച്ച മുഖം കുനിച്ച് കൈകള്‍ മുന്നോട്ടിട്ട് ചെ നിന്നു. തുടര്‍ന്ന് വീണ്ടും സംഭാഷണമാരംഭിച്ചു. ഇതിനിടയില്‍ വീണ്ടും അടുത്ത മുറിയില്‍ വെടിപൊട്ടി. അത് ചെയുടെ സഹപ്രവര്‍ത്തകന്‍ ചിനോ ചാങ് ആയിരുന്നു. വെടിയൊച്ചകേട്ട ചെ സംഭാഷണംനിര്‍ത്തി. പിന്നെ യാതൊന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മുഖം ദുഃഖംകൊണ്ട് നിറഞ്ഞു. ചെ അദ്ദേഹത്തിന്റെ തല ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടിരുന്നു. ചെയ്ക്ക് അദ്ദേഹത്തിന്റെ വിധിയും ഉറപ്പായിക്കഴിഞ്ഞപോലെ'. പക്ഷേ, ഒരുമണിവരെ റോഡ്രിഗ്വസ് അക്കാര്യം പറഞ്ഞില്ല- ചെയെ ഉടന്‍ വധിക്കാന്‍പോകുന്ന കാര്യം.
ഉടന്‍ ഒരു സ്കൂള്‍ അധ്യാപിക ഓടി അങ്ങോട്ടുവന്നു. എപ്പോഴാണ് ഇദ്ദേഹത്തെ കൊല്ലുന്നതെന്ന് ചോദിച്ചു. നിനക്കറിഞ്ഞിട്ടെന്താണ് കാര്യമെന്ന് റോഡ്രിഗ്വസ് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ചെ ഗുവേര ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് റേഡിയോ പ്രക്ഷേപണംചെയ്തുകൊണ്ടിരിക്കയാണ്. തുടര്‍ന്ന് ചെയുടെ മുറിയിലേക്ക് കടന്ന റോഡ്രിഗ്വസ് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും എല്ലാ മനസ്സിലാക്കിയ ചെ പറഞ്ഞു 'ഇങ്ങനെയാവുന്നതാണ് നല്ലത്, ഞാന്‍ ഒരിക്കലും ജീവനോടെ പിടിക്കപ്പെടരുത്'. അവസാനമായി എന്തെങ്കിലും സന്ദേശം കുടുംബത്തിന് നല്‍കാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ ചെ പറഞ്ഞു. 'ഫിദലിനോട് പറയുക അദ്ദേഹം വിജയകരമായ ഒരു അമേരിക്കന്‍ വിപ്ളവം കാണാന്‍പോകുന്നെന്ന്. എന്റെ ഭാര്യയോട് പറയുക പുനര്‍വിവാഹം കഴിച്ച് സന്തോഷവതിയായിരിക്കാന്‍'.
അതിനുശേഷം റോഡ്രിഗ്വസ് ചെയെ ആശ്ളേഷിക്കാന്‍ അടുത്തുചെന്നു. റോഡ്രിഗ്വസ് പറയുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം അടക്കാനാകാത്ത ഏറ്റവും വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. ഞാനൊരിക്കലും അദ്ദേഹത്തെ വെറുത്തില്ല. അദ്ദേഹം ധീരതയോടെയും അഭിമാനത്തോടെയും മരണത്തെ നേരിട്ടു'.
റോഡ്രിഗ്വസ് മുറിവിട്ടുപോയി. തുടര്‍ന്ന് ആ ദൌത്യം സ്വയമേറ്റെടുത്ത മരിയേ ടെറാന്‍ എന്ന പരുക്കനായ സര്‍ജന്റ് ഊഴംകാത്തുനിന്നപോലെ മുറിയിലേക്ക് വന്നു. റോഡ്രിഗ്വസ് പറയുന്നു. 'ചെയുടെ കഴുത്തിന് താഴെയെ വെടിവയ്ക്കാവൂ. മുഖത്ത് പാടില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കുന്നിന്‍മുകളിലേക്ക് നടന്നു. താമസിയാതെ വെടിയൊച്ച കേട്ടു. ഞാന്‍ വാച്ചുനോക്കി... സമയം പകല്‍ 1.10'.
ആ ദൌത്യം നിര്‍വഹിച്ച മരിയോടെറാന്റെ വിശദീകരണം- ഞാന്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ചെ ഗുവേര പറഞ്ഞു. 'നീ വന്നത് എന്നെ കൊല്ലാനാണെന്നറിയാം. വെടിവയ്ക്കെടാ ഭീരൂ. നീ ഒരു വെറും മനുഷ്യനെയാണ് കൊല്ലുന്നതെന്നോര്‍ക്കുക'. ഞാന്‍ കാഞ്ചിവലിച്ചു, ചെയുടെ കൈയും കാലും തകര്‍ന്നു. തറയില്‍ കുഴഞ്ഞുവീണ ചെ അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ കടിച്ചുപിടിക്കാന്‍ ശ്രമിച്ചു; കരച്ചില്‍ പുറത്തുവരാതിരിക്കാന്‍. അടുത്ത ബുള്ളറ്റ് പാഞ്ഞു. ചെയുടെ നെഞ്ചുതകര്‍ന്ന് ശ്വാസകോശം രക്തംകൊണ്ടു നിറഞ്ഞു...
സി. എന്‍. മോഹനന്‍, കടപ്പാട്. ജനശക്തി ന്യൂസ്
No comments:
Post a Comment