ക്യൂബ - കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം
മഞ്ഞവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന, അംബരചുംബികളായ കെട്ടിടങ്ങള്‍ നിറഞ്ഞ ദുബായിലെ നഗരകാന്താരത്തില്‍ പകച്ചുപോയ മുകുന്ദനോട് ക്യൂബയില്‍ ഇതുപോലൊരു കെട്ടിടമുണ്ടോ? എന്ന പരിഹാസം നിറഞ്ഞ ചോദ്യം ചോദിക്കുന്ന രംഗമുണ്ട് അറബിക്കഥയില്‍. ആ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി നിരായുധനായി നില്‍ക്കുന്ന മന്ദബുദ്ധിയായ മാതൃകാ കമ്യൂണിസ്റ്റ് മുകുന്ദന്റെ നിസ്സഹായതയില്‍ നിറഞ്ഞുനില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരോടുള്ള പരിഹാസം മാത്രമല്ല വികസനം സംബന്ധിച്ച ജനവിരുദ്ധ വീക്ഷണം കൂടിയാണ്.
മൂലധനാധിപത്യത്തിന്റെയും വിപണി വിസ്മയങ്ങളുടേയും നഗരക്കാഴ്ചകളാണ് വികസനത്തെ അടയാളപ്പെടുത്തുന്നത് എന്ന അമാനവികമായ വീക്ഷണമാണത്. അടിച്ചമര്‍ത്തലും ചൂഷണവുമില്ലാത്ത ഒരു ജീവിത വ്യവസ്ഥയും അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യരുമാണ് വികസനത്തിന്റെ യഥാര്‍ഥ ചിത്രമെന്ന് ക്യൂബ നമ്മെ ഓര്‍മ്മിപ്പിക്കും. ക്യൂബന്‍ യാഥാര്‍ഥ്യങ്ങളെ നേരില്‍ കാണാന്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവസരം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ മുടിച്ചു ഭരിച്ച നാടിനെക്കുറിച്ചുള്ള കെട്ടുകഥകളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി ബോധ്യമായി.
ലണ്ടന്‍ വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ മോസ്കോ വഴി ഹവാനയിലെത്തിയത് ജൂലൈ 27 ന് പുലര്‍ച്ചെയാണ്. ക്യൂബയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള യുവജന ബ്രിഗേഡില്‍ അംഗമായിട്ടായിരുന്നു യാത്ര. ഞാനും ശ്രീരാമകൃഷ്ണനും സ്വരാജുമായിരുന്നു പത്തംഗ ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍. മറ്റെല്ലാവരും ഹവാനയിലെത്തിയ ശേഷമാണ് വിസ പ്രശ്നത്തില്‍ കുരുങ്ങിയ ഞങ്ങള്‍ അവിടെയെത്തുന്നത്. ജൂലൈ 26 ന്റെ മൊന്‍കാഡോ ആക്രമണ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനാവാത്തതും റൌള്‍ കാസ്ട്രോയുടെ പ്രസംഗം ശ്രദ്ധിക്കാനാവാത്തതുമായിരുന്നു അതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍. ആറുവര്‍ഷം മുമ്പ് ഫിദലിന്റെ അഞ്ചുമണിക്കൂര്‍ നീണ്ട പെരുമഴ പോലുള്ള പ്രസംഗത്തിന്റെ ഓര്‍മകളില്‍ മുഴുകിയാണ് ആ ഖേദം തീര്‍ത്തത്.
ഞങ്ങള്‍ ഹവാന നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രക്കുശേഷം ജൂലിയോ ആന്റോണിയോ മേ സ്മാരക ഇന്റര്‍നാഷണല്‍ ക്യാമ്പിലെത്തുമ്പോള്‍ അവിടെ അമേരിക്ക, കാനഡ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുണ്ട്. ഞങ്ങളെത്തിയതിന്റെ തൊട്ടടുത്ത ദിവസം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ സംഘവുമെത്തി. ബൊളീവിയ, വെനിസ്വേല, ഇന്‍ഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട ഈ സംഘത്തിന്റെ വരവോടെയാണ് ക്യാമ്പ് അക്ഷരാര്‍ഥത്തില്‍ ഉണര്‍ന്നത്. പാട്ടും നൃത്തവും മുദ്രാവാക്യം വിളികളും കളിയും കാര്യവുമെല്ലാമായി ലാറ്റിനമോരിക്ക ക്യാമ്പ് കീഴടക്കി. പാടാനും നൃത്തം ചെയ്യാനുമറിയാത്ത, സദാ ഗൌരവക്കാരായി ഇരിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോള്‍ അവര്‍ക്ക് അതിശയമാണ്. അവരുടെയെല്ലാം ഭാഷ സ്പാനിഷ് ആണ്. ഇംഗ്ലീഷറിയുന്നത് വളരെ ചുരുക്കം പേര്‍ക്ക്, അതും കഷ്ടി. ലോകത്ത് ഇംഗ്ലീഷുകൊണ്ട് പ്രയോജനമില്ലാത്ത നിരവധി രാജ്യങ്ങളുണ്ടെന്ന് വ്യക്തമായ സന്ദര്‍ഭം. പക്ഷേ ഭാഷ ആശയവിനിമയത്തിനും ഐക്യദാര്‍ഢ്യത്തിനും സൌഹൃദങ്ങള്‍ക്കും ഒരു തടസ്സമായതേയില്ല.
ചര്‍ച്ചകള്‍, സെമിനാറുകള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ ആശുപത്രി, സ്കൂള്‍, യങ്ങ് കമ്യൂണിസ്ററ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനം, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം കൊണ്ട് സമ്പന്നമായിരുന്നു പതിനൊന്ന് ദിവസത്തെ പര്യടനം. പാശ്ചാത്യ മാധ്യമങ്ങളിലും കമ്യൂണിസ്റ് വിരുദ്ധ പ്രചാരണങ്ങളിലും മറച്ചുവെക്കപ്പെട്ട ക്യൂബന്‍ യാഥാര്‍ഥ്യങ്ങളെ നേരിട്ടരിയാനുള്ള അവസരമായി പര്യടനം മാറി.
ചെകുത്താനും കടലിനുമിടയില്‍
അമേരിക്കയില്‍ നിന്ന് പറന്നുയരുന്ന ഒരു പോര്‍ വിമാനത്തിന് ഹവാനയില്‍ ബോംബ് വര്‍ഷിക്കാന്‍ ഏഴ് മിനിറ്റ് സമയം മാത്രമേ വേണ്ടൂ. അറ്റ്ലാന്റിക് സമുദ്രത്തിലും കരീബിയന്‍ കടലിനും മദ്ധ്യേ , അവയാല്‍ വലയം ചെയ്യപ്പെട്ട് കിടക്കുന്ന ക്യൂബ അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടക്കാണ്. ചെകുത്താനെ ചെറുത്തു തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടാവാറായി. ഇതിനിടയില്‍ ഫിദലിന്റെ ജീവനെടുക്കാന്‍ മാത്രം 638 ശ്രമങ്ങള്‍. അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ബോംബ് വെച്ച് തകര്‍ത്തതുള്‍പ്പെടെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളും ഇക്കാലയളവിലുണ്ടായി.1959 ല്‍ വിപ്ളവം വിജയിച്ച ശേഷം 61 മുതല്‍ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. അന്നുവരെ തുടങ്ങിയ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ സാമ്പത്തിക ഉപരോധം ഇന്നും അയവില്ലാതെ തുടരുന്നു. ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ടും ശ്വാസം മുട്ടിച്ചും ഇല്ലാതാക്കാനുള്ള ശ്രമം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നതിനു പോലും ഉപരോധമുണ്ടായി.
ജോര്‍ജ് ബുഷ് അധികാരത്തില്‍ വന്നതോടെ ഉപരോധം കൂടുതല്‍ ശക്തമാക്കി. ക്ലിന്റന്റെ കാലത്ത് അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത് ബുഷ് നിരോധിച്ചു. അക്കാദമിക് സഹകരണവും വെട്ടിക്കുറച്ചു. അമേരിക്കയില്‍ .ജോലി ചെയ്യുന്ന ക്യൂബക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുമുണ്ട് കടും നിയന്ത്രണങ്ങള്‍. ഉപരോധം ലംഘിച്ച് ക്യൂബയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികളേയും കപ്പലുകളേയും യു എസ് കരിമ്പട്ടികയില്‍പ്പെടുത്തും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കടുത്ത സാമ്പത്തിക ഉപരോധവും കൂടിയായപ്പോള്‍ ക്യൂബ വിവരിക്കാനാവാത്ത പ്രതിസന്ധി നേരിട്ടു. 1991 മുതല്‍ 2000 വരെ ഈ സ്ഥിതി നിലനിന്നു. ഇത് അറിയപ്പെടുന്നത് പ്രത്യേക കാലയളവ് എന്നാണ്. ഈ കാലയളവില്‍ ക്യൂബന്‍ ഉല്‍പന്നങ്ങളുടെ ആഗോളവിപണിയുടെ 85% വും നഷ്ടമായി. ആ ദുഷ്കര കാലത്തെ അതിജീവിച്ച് ക്യൂബ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രതിവര്‍ഷം 59 ദശലക്ഷം ഡോളറാണ് ബുഷ് ഭരണകൂടം ക്യൂബക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ചെലവഴിക്കുന്നത്. പ്രതിമാസം 2000 മണിക്കൂര്‍ ടെലിവിഷന്‍ സംപ്രേഷണവും 1200 മണിക്കൂര്‍ റേഡിയോ പ്രക്ഷേപണവുമാണ് ക്യൂബാ വിരുദ്ധ പ്രചരണത്തിനായി അമേരിക്ക നടത്തുന്നത്. ഹവാന നഗരഹൃദയത്തില്‍, ജോസ്‌മാര്‍ട്ടി ചത്വരത്തിനു മുന്നിലുള്ള അമേരിക്കന്‍ ഇന്‍സ്റ്റന്റ് സെക്ഷന്‍ ഓഫീസില്‍ (ക്ലിന്റന്‍ ആരംഭിച്ചത്) സ്ഥാപിച്ചിട്ടുള്ള പടുകൂറ്റന്‍ ഇലക്ട്രോണിക്സ് വാര്‍ത്താബോര്‍ഡ് ക്യൂബ വിരുദ്ധ വാര്‍ത്തകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രദര്‍ശിച്ചിരിക്കുന്നതു കാണാം. ഈ അമേരിക്കന്‍ ഓഫീസിനു മുന്നില്‍ നൂറുകണക്കിന് വന്‍ കരിങ്കൊടികള്‍ കൊണ്ട് മറച്ചാണ് ക്യൂബ ഇത് നേരിടുന്നത്. ബുഷ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെ അമേരിക്ക ലക്ഷ്യം വെക്കുന്നത് വാഴ്ചാ മാറ്റമാണ്. അതിന് തങ്ങള്‍ക്കിഷ്ടമില്ലാത്ത സോഷ്യലിസ്റ് വ്യവസ്ഥയുടെ അട്ടിമറി എന്നുതന്നെയാണര്‍ഥം. ഈ ലക്ഷ്യത്തിനുവേണ്ടി മിയാമിയില്‍ ഒരു ക്യൂബാ വിരുദ്ധ മാഫിയയെത്തന്നെ ബുഷും സഹോദരന്‍ ജെബ് ബുഷും ചേര്‍ന്ന് പോറ്റി വളര്‍ത്തുന്നുണ്ട്.
ഈ മാഫിയയുടെ ഭീകരപ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് വിവരങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് ധീരന്മാരായ അഞ്ച് ക്യൂബന്‍ ദേശാഭിമാനികളെ അമേരിക്ക ഒമ്പതുവര്‍ഷമായി തടവിലിട്ടിരിക്കുന്നത്. തടവറയില്‍ കഴിയുന്ന ആ ധീരന്മാരുടെ മാതാപിതാക്കളും സഹോദരന്മാരുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു. രാജ്യത്തിനുവേണ്ടി കല്‍ത്തുറുങ്കില്‍ കഴിയുന്ന ധീരരായ മക്കളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന അവരുടെ നിശ്ചയദാര്‍ഢ്യം പകര്‍ന്ന ആവേശം വിവരണാതീതമാണ്. വായിച്ചു കേട്ടിട്ടുള്ള വീരമാതാക്കള്‍ കണ്‍മുന്നില്‍ നിന്ന് സംസാരിച്ചപ്പോള്‍ വിശ്വസിക്കാനാവാത്ത അനുഭവമായിത്തീര്‍ന്നു.
വീണ്ടെടുപ്പിന്റെ നാളുകള്‍
ഉപരോധത്തേയും ഉപജാപങ്ങളേയും അതിജീവിക്കാന്‍ അനുനിമിഷം പൊരുതുന്ന ക്യൂബക്കിത് വീണ്ടെടുപ്പിന്റെ കാലമാണ്. എന്നാല്‍ പ്രത്യേക കാലയളവിലെ പ്രതിസന്ധിയുടെ തീവ്രതമൂലം ഈ വളര്‍ച്ചാ നിരക്കിന്റെ നേട്ടം പൂര്‍ണമായും അനുഭവഭേദ്യമായിട്ടില്ല. ദേശീയ വരുമാനത്തിന്റെ മുഖ്യ പങ്കും സേവന മേഖലയില്‍ നിന്നും ടൂറിസം ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് ക്യൂബ. ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ് കേന്ദ്രങ്ങളിലൊന്നായ വരദേരോയില്‍ ഞങ്ങള്‍ പോവുകയുണ്ടായി.
ഹവാനയില്‍ നിന്ന് റോഡ് മാര്‍ഗം നാല് മണിക്കൂര്‍ യാത്ര ചെയ്യണം അവിടേക്ക്. അത്‌ലാന്റിക് സമുദ്രത്തിന്റെ ആഴം വളരെ കുറഞ്ഞതും തിര തീരെയില്ലാത്തതുമായ ഈ തീരം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ വന്നാല്‍ അത്‌ലാന്റിക്കിലൊന്ന് നീന്തിക്കുളിക്കാതെ ആരും പോകില്ല. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ വന്നെത്തുന്നത്. ക്യൂബയുടെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. റോഡിനിരുവവും നിറഞ്ഞു നില്‍ക്കുന്ന പനയും തെങ്ങും മറ്റ് വൃക്ഷങ്ങളും കേരളം പോലെത്തന്നെ തോന്നിപ്പിക്കുന്ന കരിമ്പിന്‍ തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ധാരാളം. കപ്പയും വാഴയും മാവും കൂടിയാകുമ്പോള്‍ ഭൂഗോളത്തിന്റെ മറുഭാഗത്താണ് എത്തിയിരിക്കുന്നതെന്ന വിചാരം ഒട്ടും ഉണ്ടാവില്ല. മനോഹരമായി വെട്ടിയൊതുരക്കിയ ചെടികളും തണല്‍ മരങ്ങളും തീര്‍ക്കുന്ന ഹരിതാഭയ്ക്ക് നടുവിലൂടെയുള്ള വിശാലവും വൃത്തിയുള്ളതുമായ വീതികള്‍ ഒരു ദൃശ്യചാരുത തന്നെയാണ്.
തലസ്ഥാനമായ ഹവാന നഗരത്തിനുപോലും ഗ്രാമീണമായ ഒരു സ്വച്ഛതയും ശീതളിമയമുണ്ട്. പ്രകൃതി സൌന്ദര്യം നല്‍കുന്ന ദൃശ്യാനുഭവത്തോടൊപ്പം തികഞ്ഞ സമാധാന അന്തരീക്ഷം നല്‍കുന്ന സുരക്ഷിതത്വ ബോധം കൂടിയാണ് സഞ്ചാരികളുടെ സ്വര്‍ഗമായി ക്യൂബ മാറാന്‍ കാരണം. ടൂറിസത്തിന്റെ ഈ വന്‍ വളര്‍ച്ച ക്യൂബ ഗണ്യമായ വിദേശനാണ്യം (ഡോളറില്‍ നിന്ന് ക്യൂബ യൂറോയിലേക്ക് വിനിമയം മാറ്റുകയുണ്ടായി) നേടിക്കൊടുക്കുന്നുണ്ട്.
വിവരസാങ്കേതിക വിദ്യം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ നവ സാമ്പത്തിക മേഖലകളിലും ക്യൂബ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഫ്‌റ്റ്വെയര്‍ വികസന രംഗത്ത് ആഗോളതലത്തില്‍ മുഖ്യശക്തിയായി വളരാനുള്ള ക്യൂബയുടെ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. പ്രതിവര്‍ഷം 30,000 ഐ ടി ബിരുദധാരികളെയാണ് ക്യൂബ സൃഷ്ടിക്കുന്നത്. ജൈവ സാങ്കേതികവിദ്യയില്‍ (Biotechnolocy)ഇപ്പോള്‍ തന്നെ ക്യൂബ ഗണനീയമായ ഒരു ശക്തിയാണ്. ഈ പുരോഗതി ഉപയോഗിച്ച് ഒട്ടേറെ അപൂര്‍വമായ ജീവന്‍ രക്ഷാ ഔഷധങ്ങള്‍, വിശേഷിച്ച് ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ മരുന്നുകള്‍ ഇറക്കുമതി ചെയ്യാനായി ചില അമേരിക്കന്‍ കമ്പനികള്‍ പോലും തയ്യാറായി വന്നിട്ടുണ്ട്. ക്യൂബയുടെ ദേശീയ വരുമാനത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കാണ് ജൈവ സാങ്കേതികവിദ്യാ മേഖല നല്‍കുന്നത്.
തങ്ങളിതിനെ ലാഭകരമായ ഒരു വ്യവസായമായിട്ടല്ല കാണുന്നതെന്നും എന്നിട്ടും അത് പ്രധാനപ്പെട്ട വരുമാന സ്രോതസ്സായിത്തീര്‍ന്നത് ആ രംഗത്തെ വളര്‍ച്ചയേയാണ് കാണിക്കുന്നതെന്നും യങ്ങ് കമ്യൂണിസ്റ് ലീഗിന്റെ അന്താരാഷ്ട്ര വിഭാഗം മേധാവി ഏര്‍ണെസ്റോ പറയുന്നു. പഞ്ചസാര, പുകയില എന്നിവയും ക്യൂബയുടെ മുഖ്യ കയറ്റുമതി ഉല്‍പ്പന്നങ്ങളാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദര്‍, അധ്യാപകര്‍ തുടങ്ങി മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയും ക്യൂബക്ക് വരുമാനം നേടിക്കൊടുക്കുന്ന പ്രധാന സ്രോതസ്സാണ്.
ഊര്‍ജ ഉല്‍പ്പാദനമാണ് ക്യൂബ ഊന്നല്‍ നല്‍കുന്ന ഒരു പ്രധാന മേഖല. വെനിസ്വേല പോലുള്ള ലാറ്റിനമേരിക്കയിലെ സുഹൃദ് രാജ്യങ്ങല്‍ ക്യൂബക്ക് പെട്രോളിയം നല്‍കുന്നുണ്ട്. ക്യൂബ വിലയായി പകരം നല്‍കുന്നത് മനുഷ്യവിഭവ ശേഷിയുടെ സേവനമാണ്. 2006 ക്യൂബയില്‍ ഊര്‍ജം വിപ്ളവ വര്‍ഷമായാണ് ആചരിച്ചത്. ഊര്‍ജം പാഴാക്കുന്നത് വിപ്ലവത്തെ പരാജയപ്പെടുത്തുന്നു എന്ന് ക്യൂബ വിശ്വസിക്കുന്നു.
സോവിയറ്റ് മാതൃകയിലുള്ള നിരവധി വന്‍കിട താപ വൈദ്യുത നിലയങ്ങള്‍ ക്യൂബയിലുണ്ട്. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച്, എണ്ണയെ ആശ്രയിച്ചുകൊണ്ടുള്ള നിരവധി ചെറുകിട ഊര്‍ജപദ്ധതികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലും ഊര്‍ജനിലയങ്ങളുണ്ട്. പ്രകൃതിവാതക ഉല്‍പ്പാദനത്തിനുള്ള പദ്ധതികളും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങളുടെ ഫലമായി പവര്‍കട്ട് പൂര്‍ണമായും ഒഴിവാക്കാനായി. 91 - 2000 കാലയളവില്‍ 12 മണിക്കൂര്‍ വരെ പവര്‍കട്ടുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്.
വിദേശ മൂലധനവും സ്വകാര്യ സ്വത്തും
ആഗോളവല്‍ക്കരണം സൃഷ്ടിച്ച വസ്തുനിഷ്ഠ സാഹചര്യങ്ങളോടും വിദേശ മൂലധനത്തോടുമുള്ള കമ്യൂണിസ്റ്റുകാരുടെ നിലപാടിനെച്ചൊല്ലി ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ക്യൂബയുടെ അനുഭവം പ്രസക്തമാണ്. ക്യൂബന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ വിദേശകാര്യ വിഭാഗം മേധാവി സ: ഫെര്‍ണാണ്ടോ റെമൈറോസുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമായി.
ലോകത്തിനു നേരെ വാതിലും കൊട്ടിയടച്ച് ജീവിക്കാനാവില്ല എന്നു ജീവിതം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള്‍ ജീവിക്കുന്നത് ഒരു മുതലാളിത്ത ലോകത്താണ് എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കാതിരിക്കാനാവില്ല അദ്ദേഹം പറയുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും നവലിബറല്‍ നയങ്ങള്‍ ലോകമാകെ ഗതിവേഗമാര്‍ജിച്ചതിനും ശേഷം 96 ല്‍ ക്യൂബാ വിദേശ നിക്ഷേപം സംബന്ധിച്ച ഒരു ദേശീയ നിയമം അംഗീകരിക്കുകയുണ്ടായി. ആ നിയമത്തെ ആസ്പദമാക്കിയാണ് വിദേശമൂലധനത്തോടുള്ള ക്യൂബയുടെ സമീപനം. അതനുസരിച്ച് നാല് മേഖലകളിലൊഴികെ മറ്റെല്ലാ മേഖലകളിലും 100% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ തടസ്സമില്ല. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പ്രതിരോധം, സാമൂഹ്യ സുരക്ഷ എന്നിവയാണ് വിദേശ നിക്ഷേപം അനുവദനീയമല്ലാത്ത മേഖലകള്‍. ഇതിനര്‍ഥം രാജ്യരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും തങ്ങള്‍ കൈവരിച്ച വമ്പിച്ച സാമൂഹ്യ പുരോഗതിയെ മൂലധനത്തിന്റെ ലാഭക്കൊതിക്ക് വിധേയമാക്കുകയും ചെയ്യാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടാണ് വിദേശനിക്ഷേപം അനുവദിക്കുന്നത് എന്നതാണ്.
വിദേശനിക്ഷേപം അനുവദിക്കുന്ന മേഖലകളിലാവട്ടെ വിവേചനരഹിതമായിട്ടല്ല അത് ചെയ്യുന്നത്. മൂന്നു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്നതാണെങ്കില്‍ മാത്രമേ ആ നിക്ഷേപം അനുവദിക്കുകയുള്ളൂ. ക്യൂബക്ക് വിപണി, ആധുനിക സാങ്കേതിക വിദ്യ, സാമ്പത്തിക വിഭവങ്ങള്‍ എന്നിവ പ്രദാനം ചെയ്യുക എന്നതാണ് ആ ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ അനുസരിച്ച് വിദേശനിക്ഷേപത്തെ നിയന്ത്രിക്കാന്‍ ഒരു ഇന്‍സ്റ്റിട്യൂട്ട് പ്രവര്‍ത്തിക്കുന്നു. വിദേശ മൂലധനത്തോടനുബന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കാതെ അതിനെ ആഭ്യന്തര സമ്പദ് വ്യവസ്ഥയേയും സോഷ്യലിസത്തേയും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഈ വ്യവസ്ഥയില്‍ നിരവധി സംയുക്ത സംരംഭങ്ങളില്‍ നാട്ടിലും വിദേശത്തും ക്യൂബ ഏര്‍പ്പെട്ടിട്ടുണ്ട്. ടൂറിസം രംഗത്തുമാത്രം ആയിരത്തിലേറെ ഇത്തരം സംരംഭങ്ങളുണ്ട്. ജൈവസാങ്കേതിക വിദ്യാ മേഖലയില്‍ ബാംഗ്ലൂരില്‍ ഇത്തരമൌരു സംയുക്ത സംരംഭത്തില്‍ 49% ക്യൂബന്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതേ പങ്കാളി (കിരണ്‍ മജുംദാര്‍) യുമായുള്ള ക്യൂബയിലെ സംരംഭത്തില്‍ ക്യൂബന്‍ ഓഹരി 49% വും പങ്കാളിയുടേത് 51% വുമാണ്. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേക്ഷണമുള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ക്യൂബ വിദേശനിക്ഷേപം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാനഡ, ജര്‍മനി, പ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ക്യൂബയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ബംഗാളിനെയും കേരളത്തെയും മുന്‍നിര്‍ത്തി കമ്യൂണിസ്റുകാര്‍ മൂലധനത്തോട് സന്ധി ചെയ്യുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ സോഷ്യലിസ്റ് ക്യൂബയുടെ അനുഭവങ്ങള്‍ കണ്‍തുറന്നു കാണണം. ക്യൂബയിലായാലും ഇവിടെയായാലും കമ്യൂണിസ്റുകാര്‍ മൂലധനത്തിനു മുന്നില്‍ കിഴടങ്ങുകയല്ല നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ട് അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ക്യൂബയില്‍ പണത്തിന്റെ രൂപത്തില്‍ സ്വകാര്യ സ്വത്ത് കൈവശം വെക്കാം. അതിനുപുറമേ 65 ഹെക്ടര്‍വരെ ഭൂമിയും, വീടും വാഹനങ്ങളും സ്വന്തമായി ഉടമസ്ഥാവകാശത്തോടെ കൈവശം വെക്കാം. ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും ദീര്‍ഘകാലം ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളയാളുമായ സ: അബലാദോ ചോദിക്കുന്നത് വിദര്‍ഭയിലെ കര്‍ഷകന് 65 ഹെക്ടര്‍ ഭൂമി സ്വന്തമായി ലഭിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നാണ്.
ക്യൂബയെന്നാല്‍ ലോകത്തുനിന്നാകെ ഒറ്റപ്പെട്ട് ഇരുമ്പുമറയാല്‍ കവചിതവും അവികസിതവുമായ ഒരു തുരുത്ത് എന്ന കെട്ടുകഥകളാണിവിടെ തകര്‍ന്നുവീഴുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങള്‍ അയല്‍പക്കത്തെ മുതലാളിത്ത സ്വര്‍ഗത്തേക്കാള്‍ മികച്ചതാണ് എന്നത് അതിശയോക്തിയോ സ്ഥിതിവിവരകണക്കുകളിലെ അക്കങ്ങളോ അല്ല. മറിച്ച് ക്യൂബയില്‍ ഞങ്ങള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ട പച്ചപ്പരമാര്‍ത്ഥം മാത്രമാണത്.
സോഷ്യലിസം മനുഷ്യന്റെ ശേഷികളുടെ വികാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിന്റെ നീതിയുക്തമായ ഒരു സമൂഹം പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ക്കാണ് ക്യൂബയില്‍ ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്.
ശ്രീ.എം.ബി.രാജേഷ്, യുവധാര
good .like it .
ReplyDelete