Monday, 23 March 2009

ഒരു ജൈ‌സാള്‍‍‌മീര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്

ഒരു ജൈ‌സാള്‍‍‌മീര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്

അന്ന് രാവിലെ 11വരെ രാജസ്ഥാനിലെ ജോദ്പുര്‍ നഗരത്തില്‍ ബിജെപിയുടെ വഴിതടയല്‍ സമരമായിരുന്നു. ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങളുടെ കാര്‍ തടഞ്ഞപ്പോള്‍ ക്യാമറമാന്‍ ജയേഷ് ക്യാമറയെടുത്ത് പുറത്തേക്ക് കാണിച്ചു.

'ഞങ്ങള്‍ നിങ്ങളുടെ രാമസേതു സമരം റിപ്പോര്‍ട്ട്ചെയ്യാന്‍ ഡല്‍ഹിയില്‍നിന്നും എത്തിയ ചാനലുകാരാണ്. മറ്റു സ്ഥലങ്ങളിലെയും സമരദൃശ്യങ്ങള്‍ പകര്‍ത്തണം. ഞങ്ങളെ പോകാന്‍ അനുവദിച്ചാലും'.

ജയേഷിന്റെ 'ദൃശ്യമാധ്യമ തട്ടിപ്പ് ' മനസ്സിലാവാതിരുന്ന ജനക്കൂട്ടം വഴിയിലെ തടസ്സങ്ങള്‍ നീക്കി. വൈകിട്ട് ടിവിയില്‍ കാണാനാകുമെന്ന പ്രതീക്ഷയോടെ ക്യാമറയുടെ മുന്നില്‍വന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു. ' ജയ് ശ്രീറാം... ജയ് രാമസേതു...'

ജനക്കൂട്ടം സന്തോഷത്തോടെ ജോദ്പുരില്‍നിന്നും ഞങ്ങളെ യാത്രയാക്കി. ജോദ്പുരിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഹിന്ദുസിങ് സോസ ഏര്‍പ്പാടാക്കിയ റായ് ചന്ദ് എന്ന ദളിത് യുവാവാണ് ഞങ്ങളുടെ വഴികാട്ടി. ജോദ്പുരിലെ സമരങ്ങളെക്കുറിച്ച് റായ് ചന്ദ് ഇങ്ങനെ വിവരിച്ചു.

'രാവിലെ നമ്മള്‍ കണ്ട ജനക്കൂട്ടത്തെ ശ്രദ്ധിച്ചോ? അവരില്‍ ദളിതരല്ലാത്തവരായി നാലോ അഞ്ചോ ആളുകള്‍മാത്രമേ ഉള്ളൂ. സമരംചെയ്യാനും വഴിതടയാനും കല്ലെറിയാനുമെല്ലാം എല്ലാവര്‍ക്കും ദളിതരെവേണം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും നാടുഭരിക്കാനും കട്ടുമുടിക്കാനുമെല്ലാം സവര്‍ണരെയും...'

രാജസ്ഥാനിലെ മരുപ്രദേശങ്ങളുടെ മുക്കും മൂലയും പരിചയമുള്ള ഒരാള്‍ എന്ന വിശേഷണത്തോടെയായിരുന്നു ഹിന്ദുസിങ് സോസ റായ് ചന്ദിനെ പരിചയപ്പെടുത്തിയിരുന്നത്. ആദിവാസി ഗോത്രവിഭാഗമായ ഭീല്‍സമുദായത്തിലെ വിരലിലെണ്ണാവുന്ന അഭ്യസ്തവിദ്യരില്‍ ഒരാളാണ് റായ് ചന്ദ് . ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയായ ബിക്കാനീറാണ് റായ് ചന്ദിന്റെ സ്വദേശം. പണ്ട് ജൈസാള്‍മീറിലെ ഭൂപ്രഭുക്കള്‍ ഭീല്‍സമുദായക്കാരെ കൂട്ടത്തോടെ മരുഭൂമിയുടെ അപ്പുറത്തേക്ക് ആട്ടിയോടിച്ചത്രെ. സംഭവം നടന്നത് സ്വാതന്ത്ര്യത്തിനുമുമ്പ്.

അന്ന് ഇന്ത്യ-പാക് അതിര്‍ത്തി ഇല്ല. ഗത്യന്തരമില്ലാതെ റായ് ചന്ദിന്റെ പൂര്‍വികര്‍ പാകിസ്ഥാനിലെ സിന്ധ് ബിരാനി ഗ്രാമത്തിലേക്ക് കുടിയേറി. റായ് ചന്ദ് ജനിച്ചതും വളര്‍ന്നതുമെല്ലാം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ മുസ്ലിം സമുദായക്കാരുമായി അന്നെല്ലാം നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇന്ത്യ-പാക് യുദ്ധവേളകളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവിടെത്തന്നെ ജീവിതം തുടര്‍ന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിഞ്ഞത്. ഭീലുകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടപ്പോള്‍ റായ് ചന്ദിന്റെ കുടുംബം അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ റായ് ചന്ദിനും കുടുംബത്തിനും ഇന്ത്യന്‍ പൌരത്വംനല്‍കി.

'പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കുനേരെ വിവേചനമുണ്ട്. എന്നാല്‍ ദളിതരോട് പ്രത്യേകമായി വിവേചനം ഉണ്ടായിരുന്നില്ല. ഏത് മുസ്ലിം പ്രമാണിയുടെ വീട്ടില്‍പ്പോയാലും അവര്‍ ബ്രാഹ്മണനെയും രജപുത്രനെയും ഭീലിനെയും മീണയെയും മെഗ് വാറിനെയും കുംദാറിനെയും സ്വീകരിച്ച് കസേരയിലിരുത്തും. വെള്ളവും ചായയും ഭക്ഷണവും തരും. ഇവിടെയോ? ജൈസാള്‍മീരില്‍ ബ്രാഹ്മണരും രജപുത്രരും ഞങ്ങളെ അവരുടെ വീടുകളില്‍ കയറ്റില്ല. അഥവാ കയറ്റിയാലോ ഞങ്ങള്‍ തറയിലിരിക്കണം എന്നതാണ് എഴുതപ്പെടാത്ത നിയമം'.

റോഡിന്റെ ഇരുവശത്തെയും പച്ചപ്പുല്ലുകള്‍ കുറഞ്ഞുകൊണ്ടിരുന്നു. താപനില ഉയര്‍ന്നു. മണലാരണ്യത്തിലൂടെ വാഹനം ചീറിപ്പാഞ്ഞു. ചെറുപട്ടണമായ പൊഖ്റാനിലെത്തിയപ്പോള്‍ റായ് ചന്ദ് ഒരു ഉള്‍വഴി കാണിച്ചുതന്നുകൊണ്ട് പറഞ്ഞു.

'ഈ വഴിയിലൂടെ കുറച്ചുദൂരം യാത്ര ചെയ്താല്‍ അണുപരീക്ഷണം നടത്തിയ സ്ഥലത്തെത്താം'.

അണുപരീക്ഷണം നടന്ന സ്ഥലം കാണാനുള്ള വ്യഗ്രതയോടെ ഞങ്ങള്‍ തല പുറത്തേക്കിട്ടു.

'അണുപരീക്ഷണം നടന്നതിന്റെ തലേനാള്‍ ഒരാള്‍ ഇവിടത്തെ ഒരു തട്ടുകടയില്‍വന്ന് ചായ കുടിച്ചത്രെ. എങ്ങനെ ശാസ്ത്രീയമായി ചായയുണ്ടാക്കുമെന്നതിനെക്കുറിച്ച് തട്ടുകടക്കാരനെ ഉപദേശിച്ചു. അടുത്ത ദിവസം വൈകിട്ട് എല്ലാവരും അദ്ദേഹത്തെ ടിവിയില്‍ കണ്ടു. തൊട്ടടുത്തനാള്‍ പത്രത്തിലും. ആരാണ് അയാള്‍?'

ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ' മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം'

പൊഖ്റാനില്‍നിന്നും ഉള്‍ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴുമൊക്കെയേ ബസ് ഉള്ളു. ബസുകളുടെ അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ മുകളിലാണ്. ചില ബസുകളുടെ അകത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പക്ഷേ, മുകള്‍ഭാഗത്ത് ജനങ്ങള്‍ തിക്കിത്തിരക്കി ഇരിക്കുന്നു. ഇതെന്തുലോകം?

റായ്‌ചന്ദ് വിശദീകരിച്ചു.

' അകത്തുള്ളവരെയും മുകളിലുള്ളവരെയും സൂക്ഷിച്ചു നോക്കൂ. അകത്ത് ബ്രാഹ്മണരും രജപുത്രരും ജാട്ടും. പുറത്ത് ഭീലും മീണയും മെഗ് വാറും കുംഭാറും. ഏറെക്കാലം ബസുകളുടെ അകത്തിരിക്കാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കാലം കുറേ കഴിഞ്ഞപ്പോള്‍ അകത്തിരിക്കാമെന്നായി. പക്ഷേ, സവര്‍ണര്‍ വന്നാല്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റു കൊടുക്കണം. എന്നാല്‍ അകത്തെ യാത്രയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടുള്ള പുറംയാത്രകളാണ്. '

ഒട്ടകങ്ങളെയും, മുഖംമറച്ച് തലയില്‍ കുടങ്ങളും കൈകാലുകളില്‍ കുപ്പിവളകളുടെ കിലുകിലുക്കങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടിവരുന്ന രാജസ്ഥാന്‍ സ്ത്രീകളെയും തലപ്പാവുധരിച്ച പാവകളി സംഘങ്ങളേയുമെല്ലാം പിറകോട്ടാക്കി വാഹനം മരുപ്പച്ചകളിലൂടെ ചീറിപ്പാഞ്ഞു. ഭൂമിയുടെ നിറംമാറുന്നു. കല്ലിനും മണ്ണിനും കൊട്ടാരത്തിനും കുടിലിനുമെല്ലാം സ്വര്‍ണനിറം. ഇരുവശത്തും കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയാത്രങ്ങള്‍. റോഡുനിറയെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍.

'നമ്മള്‍ ജൈസാള്‍മീരില്‍ എത്തിയിരിക്കുന്നു'.

സ്വര്‍ണനിറമുള്ള ജൈസാള്‍മീര്‍ വളരുകയാണ്. ആകാശത്തോളം. പണ്ടെല്ലാം അവധിക്കാലം ആസ്വദിക്കാനായി ഡല്‍ഹിയിലെത്തിയിരുന്ന വിദേശികള്‍ക്ക് താല്‍പ്പര്യം ഹിമാലയന്‍ ഹില്‍‍സ്റ്റേഷനുകളായ സിംലയോടും കുളുവിനോടും മണാലിയോടുമെല്ലാമായിരുന്നു. ഇപ്പോള്‍ എല്ലാവരും മരുഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാനായി ജൈസാള്‍മീരിലാണ് എത്തുന്നത്. വര്‍ഷാന്ത്യവും വര്‍ഷാദ്യവും പുതുവല്‍സരം ആഘോഷിക്കാനായി എത്തുന്ന സന്ദര്‍ശകരുടെ തിരക്കുമൂലം ജൈസാള്‍മീരില്‍ സൂചി കുത്താന്‍ ഇടമുണ്ടാകില്ല.

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മലയാളി ബിഎസ്എഫ് ജവാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയൊരാളെ റായ്‌ചന്ദ് പരിചയപ്പെടുത്തിയത്. ' ഇത് കിഷോര്‍കുമാര്‍. ഞങ്ങളുടെ ജാതിയില്‍പ്പെട്ടവനാണ്. ഇവിടെ ഒരു കടയില്‍ തൊഴിലെടുക്കുന്നു. ഈ പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളെക്കുറിച്ചും കിഷോര്‍കുമാറിന് നന്നായി അറിയാം. ഇനി ഇവനാണ് നമ്മുടെ സാരഥി'.

കിഷോര്‍കുമാര്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നു. ഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുത്തു.

ഇവിടെനിന്നും 30 കിലോമീറ്റര്‍ അകലെയാണ് കാളിഡുങ്കര്‍ഭായ് ക്ഷേത്രം. ഏറെ ശക്തിയുള്ള ദേവിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ചതാണ് ക്ഷേത്രം. ഇപ്പോള്‍ ബ്രാഹ്മണരും രജപുത്രരുമടങ്ങിയ ഒരു സമിതിയാണ് ക്ഷേത്രം ഭരിക്കുന്നത്. ക്ഷേത്രത്തിനകത്തേക്ക് ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രവേശനമില്ല.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളോട് ചേര്‍ന്നുള്ള പാതകളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. മരുഭൂമിയിലെ നിമ്‌നോന്നതങ്ങള്‍ കയറിയിറങ്ങി. അകലെയതാ മണല്‍ത്തട്ടിന് മുകളില്‍ ഒരു ചെറിയ ക്ഷേത്രം.

' ക്ഷേത്രം ചെറുതാണ്. പക്ഷേ, ജൈസാള്‍മീര്‍ ജില്ലയില്‍ കാളിഡുങ്കര്‍ഭായിക്ക് നിരവധി വിശ്വാസികളുണ്ട്. ഉച്ചസമയമായതിനാല്‍ ഇപ്പോള്‍ തിരക്കുണ്ടാവില്ല. അവിടെ കാണുന്നവരോടൊന്നും ക്ഷേത്രത്തിലെ ചാതുര്‍വര്‍ണ്യം റിപ്പോര്‍ട്ട്ചെയ്യാന്‍ വന്നതാണെന്ന് പറയരുത്. പറഞ്ഞാല്‍ നിങ്ങള്‍ക്കുമാത്രമല്ല ഞങ്ങള്‍ക്കും അടികിട്ടും'.

കിഷോര്‍കുമാര്‍ പറഞ്ഞതുപോലെ ക്ഷേത്രത്തിനകത്ത് തിരക്ക് നന്നേ കുറവായിരുന്നു. ക്യാമറയും മൈക്കുമായി ചെന്ന ഞങ്ങളെ പണ്ഡിറ്റ്ജി നീച്‌വന്‍ ജോഷി സ്വീകരിച്ചു.

ഞങ്ങള്‍ കേരളത്തില്‍നിന്നും വരുന്നവരാണ്. രാജസ്ഥാനിലെ ദേവീക്ഷേത്രങ്ങളെക്കുറിച്ച് പ്രോഗ്രാം നിര്‍മിക്കുകയാണ് ഉദ്ദേശം. പണ്ഡിറ്റ്ജി മനസ്സു തുറന്നു ചിരിച്ചു.

'കാളിഡുങ്കര്‍ഭായ് ക്ഷേത്രത്തെ ഒഴിവാക്കിക്കൊണ്ട് ആര്‍ക്കെങ്കിലും രാജസ്ഥാനിലെ ക്ഷേത്രങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുമോ? അത്രയ്ക്ക് ശക്തിയും തേജസ്സും ഉള്ളതല്ലേ ഈ ദേവിക്ക്. അകത്തേക്കൊന്നു സൂക്ഷിച്ചുനോക്കൂ. എത്ര ഐശ്വര്യവതിയാണ്...'

രണ്ടു യുവാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നു. അവര്‍ ദേവിയെ ആരാധിക്കുകയാണ്. ക്ഷേത്രത്തിനുപുറത്തായി നാലഞ്ചുപേര്‍ നില്‍ക്കുന്നുണ്ട്. അവര്‍ ദളിതരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. രാജസ്ഥാനിലെ ക്ഷേത്രങ്ങളില്‍ പൂജാരിക്ക് മാത്രമല്ല ഭക്തര്‍ക്കും വിഗ്രഹത്തിനടുത്തിരുന്ന് പൂജിക്കുകയും പ്രാര്‍ഥിക്കുകയും ആരാധിക്കുകയുംചെയ്യാം. എന്നാല്‍ ഇതെല്ലാം സവര്‍ണജാതിക്കാര്‍ക്ക് മാത്രമുള്ള പ്രാര്‍ഥനാരീതികളാണ്. ക്ഷേത്രത്തിനു തൊട്ടുമുന്നില്‍ നിലത്ത് കല്ലുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ഇത് അവര്‍ണര്‍ക്കായുള്ള കാളിഡുങ്കര്‍ഭായിയുടെ 'ഡ്യൂപ്ളിക്കേറ്റ്' വിഗ്രഹം‘. ഈ വിഗ്രഹത്തിന് മുന്നിലിരുന്ന് എത്രനേരം വേണമെങ്കിലും അവര്‍ണര്‍ക്ക് പ്രാര്‍ഥിക്കാം.

പണ്ഡിറ്റ്ജി അദ്ദേഹത്തിന്റെ സമീപത്ത് ഞങ്ങളെ പിടിച്ചിരുത്തി. പിന്നെ ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു.

'ഒരുകാലത്ത് ഈ മരുഭൂമി നിറയെ ഭൂതങ്ങളായിരുന്നു. ഭൂതങ്ങള്‍ മനുഷ്യരെ പിടിക്കും. കഴുത്തുപിടിച്ച് ഞെരിക്കും. ചോരകുടിക്കും. കൂട്ടത്തോടെ നിഗ്രഹിക്കും. ഭൂതങ്ങളെ പേടിച്ച് ജനങ്ങള്‍ കൂട്ടത്തോടെ മരുഭൂമിയില്‍ തപസ്സനുഷ്ഠിച്ചു. നാല്പത്തിഒന്നാം ദിവസം ദേവി പ്രത്യക്ഷപ്പെട്ടു. ദേവി പറഞ്ഞു: ഞാന്‍ കാളിഡുങ്കര്‍ഭായി... ഇനി ആരും ഭൂതങ്ങളെ പേടിക്കേണ്ട. ഞാനിരിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണം. എന്നെ പൂജിക്കണം. നിങ്ങളെ ഭൂതങ്ങളില്‍നിന്നും ഞാന്‍ രക്ഷിക്കാം. അങ്ങനെ ഈ സ്ഥലത്ത് അന്നത്തെ ജൈസാള്‍മീര്‍ മഹാരാജാവ് പണിത ക്ഷേത്രമാണ് ഇത് '.

പണ്ഡിറ്റ്ജി തുടര്‍ന്നു.

'അകത്ത് ബ്രാഹ്മണര്‍, രജപുത്രര്‍ തുടങ്ങിയ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാര്‍ഥിക്കാം. താഴ്ന്നജാതിക്കാര്‍ക്ക് പുറത്ത് നിലത്തിരുന്ന് പ്രാര്‍ഥിക്കാം'. ഇതെല്ലാം ദേവിയുടെ കല്‍പ്പനകളാണ്. എല്ലാം ഞങ്ങള്‍ അനുസരിക്കുന്നുവെന്നുമാത്രം'.

അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ സമീപത്തെത്തി. ദീപക് കെലിയ എന്ന രജപുത്ര യുവാവ് . ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. കെലിയക്ക് ഞങ്ങളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി. അവന്‍ തറപ്പിച്ചുപറഞ്ഞു.

' ജനറല്‍ വിഭാഗങ്ങള്‍ക്ക് അകത്തിരിക്കാം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പുറത്തിരിക്കാം.'

ആ ചെറുപ്പക്കാരന്‍ ആവര്‍ത്തിച്ചു. ' ജനറല്‍ വിഭാഗങ്ങള്‍ അകത്ത്. എസ് സി, എസ് ടിയും ഒബിസിയും പുറത്ത് '

കാളീഡുങ്കര്‍ഭായ് ക്ഷേത്രത്തില്‍ മാത്രമല്ല, ജൈസാള്‍മീറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാ ദേവീ ദേവന്മാര്‍ക്കും ഉജ്വലമായ ഐതിഹ്യകഥകളുണ്ട്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ദേവീദേവന്മാരുടെ വലംകൈകള്‍ ബ്രാഹ്മണരും ക്ഷത്രിയരുമായിരിക്കും. ഐതിഹ്യങ്ങളിലെ വില്ലന്മാര്‍ ദളിതരും.

ക്ഷേത്രത്തില്‍നിന്നുമുള്ള മടക്കയാത്രക്കിടെ കിഷോര്‍കുമാര്‍ ഭീല്‍ ജാതിക്കാരുടെ കഥനകഥകള്‍ വിവരിച്ചു.

'ഈ പ്രദേശത്തെ ജനസംഖ്യയിലെ 35 ശതമാനത്തോളം ഞങ്ങളാണ്. എങ്കിലും ഞങ്ങള്‍ ഇത്തരം അനീതികളെ ചോദ്യംചെയ്യാറില്ല. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഉടനെ രജപുത്രര്‍ അവരെ തേടി ഗ്രാമത്തിലെത്തും. പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് ശിക്ഷവിധിക്കും. തല്ലിക്കൊല്ലാനും അവര്‍ക്ക് ഒരു മടിയുമില്ല. പൊലീസ് സ്റ്റേഷനില്‍ പോയാല്‍ പൊലീസുകാരെല്ലാം രജപുത്രരായിരിക്കും. പരാതികൊടുത്താല്‍ വാദി പ്രതിയാകും. ഞങ്ങള്‍ ഇപ്പോള്‍ ആരോടും പരാതി പറയാറില്ല'.

കിഷോര്‍കുമാറിനോട് യാത്രപറഞ്ഞ് മടങ്ങുന്നതിനിടെ ഞങ്ങള്‍ റോഡരികില്‍ ഒരു പ്രകടനം കണ്ടു. രാമസേതു പ്രശ്നത്തിലുള്ള പ്രകടനം. റായ് ചന്ദ് തല പുറത്തിട്ടു.

'നിങ്ങള്‍ നോക്കൂ. ആ പ്രകടനത്തിലെ ഏറെക്കുറെ എല്ലാവരും ദളിതരാണ്. ഇതിനുമാത്രമേ ഇവര്‍ക്ക് ഞങ്ങളെ വേണ്ടു...'

ഞങ്ങള്‍ സ്വര്‍ണനിറമുള്ള നഗരത്തോട് വിടപറഞ്ഞു. വാഹനം കാറ്റാടിയന്ത്രങ്ങള്‍ക്കു ചുവട്ടിലൂടെ ജോദ്പുര്‍ ലക്ഷ്യമിട്ട് ചീറിപ്പാഞ്ഞു.

(ലേഖകന്‍: ശ്രീ.കെ.രാജേന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി)

No comments:

Post a Comment