Sunday, 8 March 2009

സത്യത്തിന്റെ തെളിച്ചം

സത്യത്തിന്റെ തെളിച്ചം

ഇവിടെ ധാന്യങ്ങള്‍ പൊടിച്ചു കൊടുക്കപ്പെടും എന്ന കര്‍മണി പ്രയോഗം തെറ്റാണെന്ന് നന്നായറിഞ്ഞുകൊണ്ടുതന്നെയാണ് റിട്ടയറായ മലയാളം മുന്‍ഷി മില്ല് തുടങ്ങിയത്. മില്ലില്‍ നല്ല വരവ്. ഗോതമ്പ്, അരി, മല്ലി, മുളക് ലൊട്ടുലൊടുക്ക് ഇടിപൊടി നടത്തിയാല്‍ പെന്‍ഷന്‍ സംഖ്യ തൊടാതെതന്നെ മാഷ്‌ക്ക് നന്നായി കഴിഞ്ഞുകൂടാം എന്നുവന്നു. അതിനിടക്കാണ് ഇന്‍കം ടാൿസുകാര്‍ പിടിച്ചത്. വരവില്‍ കൂടുതല്‍ സമ്പാദ്യമുണ്ടോ എന്നറിയണം. കടലാസ് ശരിയാക്കാന്‍ ചാര്‍ടേര്‍ഡ് അക്കൌണ്ടന്റിനെ തിരഞ്ഞ് തിരഞ്ഞ് ശങ്ക തീര്‍ന്ന് ഒരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ക്ക് വേണം ബാങ്ക് സ്‌റ്റേറ്റ്മെന്റുകള്‍. ഓരോന്നും ഓരോന്നും അരിച്ചുപെറുക്കി ഗണിച്ചശേഷം കണക്കപ്പിള്ള പറഞ്ഞത് സ്‌റ്റേറ്റ്മെന്റില്‍ തകരാറ് ഉണ്ടെന്നാണ്.

ഭാര്യയുടെ സ്വത്ത് വിറ്റ് കിട്ടിയ കാശുകൂടി അതില്‍ നിക്ഷേപിച്ചതാണ് കാര്യം. എങ്കില്‍ അതിന്റെ രേഖവേണമെന്നായി കണക്കന്‍. അതാണ് കണക്കിന്റെ രീതിശാസ്‌ത്രം എന്ന് മാഷ്‌ക്കും മനസ്സിലായി. എല്ലാം ബ്ളാക്ക് ആന്‍ഡ് വൈറ്റായി വേണം. ഡബിള്‍ എന്‍ട്രിയുടെ വിശദാംശങ്ങള്‍ മാഷെ പഠിപ്പിച്ച സന്തോഷത്തിലായിരുന്നു നമ്മുടെ സി എക്കാരന്‍.

ഇതൊരു നാട്ടുനടപ്പാണ്. കണക്ക് കിറുകൃത്യമാവണം. ഇല്ലെങ്കില്‍ ലൈസന്‍സുതന്നെ തട്ടിപ്പോകും. പാവം ചാര്‍ടേര്‍ഡ് അക്കൌണ്ടന്റുമാര്‍. മാഷ്‌ക്ക് സഹതാപം തോന്നി.

എന്നാല്‍ മാഷ് ഇപ്പോള്‍ ചോദിക്കുന്നത് പിന്നെങ്ങനെ സത്യം കംപ്യൂട്ടേഴ്‌സില്‍ ഇത് സംഭവിച്ചു എന്നാണ്. ഒരു മുറി പീടികയില്‍ നിരത്തിവച്ച അലമാരക്കുമുന്നിലെ കറങ്ങുന്ന കസേരയില്‍ ഒറ്റക്കിരുന്ന് കണക്ക് നോക്കുന്ന ഒറ്റക്കണക്കനല്ല, എല്ലാത്തിനും കണക്കും കൈയുമുള്ള വന്‍കണക്കക്കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൌസാണല്ലോ സത്യത്തിന്റെ ഓഡിറ്റര്‍മാര്‍. എന്നാല്‍ മാഷുടെ സംശയം കമ്പനിക്കാര്യങ്ങളുടെ ഉള്ളറകള്‍ അറിയാവുന്നവര്‍ക്കാര്‍ക്കും ഒട്ടുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കണക്ക് വേറെ കമ്പനി വേറെ എന്നുതന്നെ.

ഓഡിറ്റര്‍മാര്‍ സാധാരണ കണക്ക് ശരിയാക്കി കൈയൊപ്പ് വയ്‌ക്കുന്നതിന് മുമ്പ് ബാങ്ക് അക്കൌണ്ടുകളുടെ വിശദവിവരങ്ങള്‍ പരിശോധിക്കാറുണ്ട്. ബാങ്ക് പാസ്‌ബുക്കുകളും സ്‌റ്റേറ്റ്മെന്റുകളും അരിച്ചുപെറുക്കാറുണ്ട്. വിശ്വോത്തര കണക്കപ്പിള്ളമാരായ പ്രൈസ് വാട്ടര്‍ ഹൌസ് എന്ന വന്‍കിട അക്കൌണ്ടിങ് സ്ഥാപനമാണ് സത്യത്തിന്റെ കണക്ക് പുസ്‌തകങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കിക്കൊണ്ട് തങ്ങള്‍ ആവശ്യപ്പെട്ട പുസ്‌തകങ്ങളും രേഖകളും യഥാസമയം നല്‍കുകയുണ്ടായി എന്ന ഒരു സര്‍ടിഫിക്കറ്റ് സഹിതം ഓഡിറ്റ് റിപ്പോര്‍ട് നല്‍കിയത്.

"ഞങ്ങളുടെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം ഓഡിറ്റിന് ആവശ്യമായ എല്ലാ വിവരങ്ങളും വിശദീകരണങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍, നിയമപ്രകാരം വയ്‌ക്കേണ്ടതായ എല്ലാ കണക്കുപുസ്‌തകങ്ങളും കമ്പനി സൂക്ഷിക്കുന്നുണ്ടെന്നാണ് പ്രസ്‌തുത പുസ്‌തകങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബോധ്യമാകുന്നത്. ഈ റിപ്പോര്‍ടില്‍ കൈകാര്യം ചെയ്യപ്പെടുന്ന ബാലന്‍സ് ഷീറ്റും ലാഭനഷ്‌ടക്കണക്കും കാശൊഴുക്ക് കണക്കും (ക്യാഷ് ഫ്ളോ സ്‌റ്റേറ്റുമെന്റ്) കമ്പനിയുടെ കണക്കുപുസ്‌തകങ്ങളുമായി ഒത്തുപോകുന്നുണ്ട്.'' ഇതാണ് 2007 -08 ലെ ഓഡിറ്റ് റിപ്പോര്‍ടിലെ വാചകം.

അത്തരം പരിശോധനകളിലൊന്നും പെടാതെ 5040 കോടിരൂപയുടെ ബാങ്ക് ബാലന്‍സ് തിരിമറി പിന്നെ എങ്ങനെ എവിടെച്ചെന്ന് ഒളിച്ചു? അത്രയും ബാങ്ക്ബാലന്‍സ് താന്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്ന് രാമലിംഗരാജു വെട്ടിത്തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍, കള്ളക്കണക്കും വിശ്വസിച്ച് വീണ്ടും നിക്ഷേപകരും ഇടപാടുകാരും ജീവനക്കാരും കണ്ണുംപൂട്ടി കൂടുതല്‍ വലിയ തകര്‍ച്ചയിലേക്ക് ചെന്ന് ചാടുമായിരുന്നില്ലേ? ഇത്രയും വലിയ ഒരു സംഖ്യയെ സംബന്ധിച്ച ബാങ്ക് സ്‌റ്റേറ്റുമെന്റുകളുടെ കൃത്യത എന്തുകൊണ്ട് പരിശോധിക്കപ്പെട്ടില്ല? ഇങ്ങനെ ഒരു സംഖ്യ ഒറ്റക്കാശ് പലിശ കിട്ടാതെ വെറുതെ അക്കൌണ്ടില്‍ കിടക്കുന്നത് കണ്ടിട്ട് ഓഡിറ്റര്‍മാര്‍ക്ക് ഒന്നും തോന്നിയില്ലേ? ഇപ്പോള്‍ പുറത്തുവന്ന വിവരം ബാങ്ക് ഡെപ്പോസിറ്റ് രശീതികള്‍ വ്യാജമായി പടച്ചുണ്ടാക്കി ഓഡിറ്റര്‍മാരെ പറ്റിച്ചുവെന്നാണ്. അങ്ങനെ അത്ര എളുപ്പം പറ്റിക്കപ്പെടാവുന്നവരാണോ ഈ ഓഡിറ്റര്‍മാര്‍ എന്നു പറയുന്ന കണക്കപ്പിള്ളമാര്‍? ബാങ്ക് അക്കൌണ്ടിന്റെ നിജസ്ഥിതി അറിയാനായി അതതു ബാങ്കുകളിലേക്ക് കത്ത് അയച്ച് കാര്യം ശരിയാണെന്ന് ഉറപ്പുവരുന്ന ഒരേര്‍പ്പാടുണ്ട്. കണ്‍ഫര്‍മേഷന്‍ എന്നാണ് അതിന്റെ ഇംഗ്ളീഷ്. ഓഡിറ്റ് കമ്പനി വലുതാവുമ്പോള്‍ അതൊന്നും നോക്കേണ്ട എന്നാണോ? കാരണോര്‍ക്ക് അടുപ്പിലും നിര്‍വഹിക്കാം എന്നാണല്ലോ. പക്ഷേ, ഇതൊരു സത്യത്തിന്റെ മാത്രം കഥയല്ല.

ഓര്‍മയുണ്ടോ എന്‍റോണിനെ? ഊര്‍ജരംഗത്തെ അതികായന്‍ എന്നപേരില്‍ ഇന്ത്യയിലേക്ക് പട്ടും പരവതാനിയുമായി സ്വീകരിക്കപ്പെട്ട ഒരന്താരാഷ്‌ട്രഭീമന്‍. കേരളത്തില്‍ എന്‍റോണിന് പരവതാനി വിരിച്ചില്ല എന്നതിന്റെ പേരില്‍ എന്തെല്ലാം പുക്കാറാണ് അന്നിവിടെ അരങ്ങേറിയത് ! ധാബോളില്‍ താപനിലയം വന്നതോടെ നേടാനായ സൌഭാഗ്യങ്ങളെക്കുറിച്ച് എന്തെന്ത് പ്രചാരണ കോലാഹലങ്ങളാണ് അരങ്ങേറിയത്? എന്നാലിപ്പോള്‍ വെളിച്ചവും ഊര്‍ജവും കിട്ടുമെന്നു കരുതി വര്‍ഷങ്ങളോളം കാത്തിരുന്ന ധാബോളിന്റെ സമീപ പഞ്ചായത്തുകളിലെ ഗ്രാമവാസികള്‍ കുടിവെള്ളത്തിന് കേഴുകയാണ്. എന്‍റോണ്‍ പൊളിഞ്ഞതോടെ അനാഥമായ നിലയില്‍ കിടന്ന ധാബോള്‍ പ്ലാന്റിലെ നാഫ്‌താ ടാങ്കുകള്‍ പൊട്ടിയൊലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകള്‍ മലിനമാക്കി ഗ്രാമീണരുടെ കുടിവെള്ളം മുട്ടിക്കുകയാണ്. അതോടൊപ്പം അതൊരു അക്കൌണ്ടിങ് സ്ഥാപനത്തിലെ ജീവനക്കാരുടെ കഞ്ഞികുടിയും മുട്ടിച്ചു. കള്ളക്കണക്കെഴുത്തിന് കൂട്ടുനിന്ന ആൻ‌ഡേഴ്‌സണ്‍ ആന്‍ഡ് കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. 2002 ല്‍ ശിക്ഷിക്കപ്പെട്ടതോടെ, തങ്ങളുടെ ലൈസന്‍സ് തിരിച്ചേല്‍പ്പിച്ച് നിഷ്‌ക്രമിക്കുകയായിരുന്നു കമ്പനി. എന്‍റോണ്‍ കണക്കുകള്‍ നശിപ്പിച്ചതാണ് കേസ്. എന്നാല്‍ 2005 ല്‍ യു എസ് സുപ്രീംകോടതി ഈ ശിക്ഷ റദ്ദാക്കുകയാണ് ചെയ്തത്. ഇതിനകം കമ്പനിയുടെ അമേരിക്കന്‍ ഇടപാടുകള്‍ അത്രയും മറ്റു ഓഡിറ്റിങ് സ്ഥാപനങ്ങള്‍ക്ക് തൂക്കിവിറ്റുകഴിഞ്ഞിരുന്നു ആൻ‌ഡേഴ്‌സണ്‍.

സത്യത്തിന്റെ കള്ളക്കണക്കിന് കൂട്ടുനിന്നത് ഒരു വന്‍കമ്പനിയാണ്. നാടന്‍ കണക്കെഴുത്തുകാരേക്കാള്‍ ഏറെ കേമനാണ് മറുനാടന്‍ എന്നാണല്ലോ പ്രചാരണം. വിശ്വസ്‌തതയും ഏറും എന്നാണ് പഠിപ്പിക്കുന്നത്. സത്യത്തിന്റെ കണക്ക് തിരിമറിയില്‍ പ്രൈസ് വാട്ടര്‍ ഹൌസിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കുകയാണ് എന്നാണ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൌണ്ടന്റസ് ഓഫ് ഇന്ത്യ പറയുന്നത്. മുമ്പ് അമേരിക്കയില്‍ പൊളിഞ്ഞ കെ മാര്‍ടിന്റെ കണക്ക് തിരിമറിയിലും പ്രൈസ് വാട്ടര്‍ ഹൌസായിരുന്നു ഓഡിറ്റര്‍ എന്നത് വേറെ കാര്യം. കൊട്ടിഘോഷിച്ച് കെട്ടിയെഴുന്നള്ളിക്കപ്പെട്ട നമ്മുടെ ഗ്ലോബല്‍ ട്രസ്‌റ്റ് ബാങ്ക് പൊട്ടിപ്പൊളിഞ്ഞപ്പോള്‍ അവിടെയും കണക്ക് നോക്കിയിരുന്നത് ഇതേ പ്രൈസ് വാട്ടര്‍ ഹൌസാണ്. ആ കേസില്‍ ഓഡിറ്റര്‍ കുറ്റക്കാരനാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. അത് ചെയ്യേണ്ടതും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൌണ്ടന്റസ് ഓഫ് ഇന്ത്യയാണല്ലോ.

ഇപ്പോഴും അതെ, ഈ പ്രൈസ് വാട്ടര്‍ ഹൌസ് എന്ന വന്‍കിട സ്ഥാപനത്തെ വെള്ളപൂശാനാണ് നമ്മുടെ നാടന്‍ കണക്കപ്പിള്ളമാരുടെ സംഘടിത ശ്രമം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേറ്റ് ഓഡിറ്റിങ് പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടി വി സോമനാഥ് ഐഎഎസ് ഹിന്ദുവില്‍ ഒരു ലേഖനം എഴുതിയിരുന്നു. തൊട്ടടുത്ത ദിവസം അതിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടും അത് അനാവശ്യമാണെന്ന് സ്ഥാപിച്ചുകൊണ്ടും ലേഖനം എഴുതിയത് ഇതേ ഐസിഐയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന എന്‍ സി കൃഷ്‌ണനായിരുന്നു. വന്‍കിട മുതലാളിമാരുടെ വഴിവിട്ട പോക്കിനെ ചെറുതായെങ്കിലും തടസ്സപ്പെടുത്താനാവുംവിധം കണക്കു പരിശോധനാ രീതിയില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ കുരച്ചുചാടുന്നവരുടെ ഉദ്ദ്യേശം വ്യക്തം.

ആന്ധ്രാ മുഖ്യമന്ത്രിയുമായി രാമലിംഗരാജുവിനുള്ള അടുപ്പം നാട്ടില്‍ പാട്ടാണ്. ഹൈദരാബാദില്‍ മെട്രോ പണിയുന്നതിന്റെ കരാര്‍ സത്യം തിരിച്ചിട്ട (satyam-maytas) മെയ്താസിനു (രാമലിംഗരാജുവിന്റെ മക്കളുടെ സ്ഥാപനം) കൊടുക്കുന്നതില്‍ നേരിയ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ഇ ശ്രീധരനെ വിരട്ടിയ കഥയും അങ്ങാടിപ്പാട്ടാണ്. ഭരണ രാഷ്‌ട്രീയനേതൃത്വം ഇങ്ങനെ കോര്‍പ്പറേറ്റ് അധിപന്മാര്‍ക്ക് വഴങ്ങിയും വണങ്ങിയും നില്‍ക്കെ, പ്രൊഫഷണല്‍ നേതൃത്വവും അതേവഴിക്കുതന്നെ നീങ്ങിയാല്‍?

"ഇന്നേവരെ ആദരിക്കപ്പെടുകയും ഭയഭക്തിയോടെ വീക്ഷിക്കപ്പെടുകയും ചെയ്‌തുപോന്ന എല്ലാ തൊഴിലുകളുടെയും പരിവേഷം ബൂര്‍ഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനെയും അഭിഭാഷകനെയും പുരോഹിതനെയും കവിയെയും ശാസ്‌ത്രജ്ഞരെയുമെല്ലാം അത് സ്വന്തം ശമ്പളം പറ്റുന്ന കൂലി വേലക്കാരനാക്കി മാറ്റി.'' കമ്യൂണിസ്റ് മാനിഫെസ്‌റ്റോയിലെ ഈ നിരീക്ഷണം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്.

സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ സ്ഥാപനം

ഇനിയിപ്പോള്‍ അതിന്റെ ഒരു കുറവേ ഉള്ളൂ. സ്വതന്ത്ര ഡയറൿടര്‍മാര്‍ക്കായുള്ള ഒരു ഇൻസ്‌റ്റിറ്റ്യൂട്ട്. സത്യം കംപ്യൂട്ടേഴ്‌സിലെ തട്ടിപ്പ് പുറത്തായതോടെ, ഖാണ്ഡവദഹനത്തില്‍ കവി പറഞ്ഞതുപോലെ, കൂട്ടംകൂട്ടമായി നമ്മുടെ ഡയറൿടര്‍ ശിങ്കങ്ങള്‍ ചിന്നം വിളിച്ച് പായുകയാണ്- വാ തുറന്നലറുകയാണ്. തങ്ങളുടെ സ്വന്തം തൊലി പൊള്ളാതെ എങ്ങനെ രക്ഷപ്പെടാം എന്നാണ് ഓരോരുത്തന്റെയും നോട്ടം.

ടി ആര്‍ പ്രസാദിനെ ഓര്‍മയില്ലേ? മുന്‍ ക്യാബിനറ്റ് സെക്രട്ടറി. സത്യത്തിന്റെ ബോർഡിലെ സ്വതന്ത്ര ഡയറൿടറായിരുന്നു. നടുക്കടലില്‍ സത്യം മുങ്ങിക്കൊണ്ടിരിക്കെ മൂപ്പര്‍ ചാടി രക്ഷപ്പെട്ടു. അവിടെ നിന്നു മാത്രമല്ല. ടി വി എസ് മോട്ടോഴ്‌സ്, താജ് ജി വി കെ ഹോട്ടല്‍സ്, ജി എം ആര്‍ ഇന്‍ഫ്രാസ്‌ട്രൿചേഴ്‌സ് തുടങ്ങിയവയുടെ ബോർഡില്‍നിന്നു കിട്ടുന്ന ബത്തക്കാശും കിഴിയും വേണ്ടെന്നുവച്ചാണ് തടി സലാമത്താക്കിയത്.

ഇങ്ങനെ കൂട്ടംകൂട്ടമായി സ്വതന്ത്രഡയറൿടര്‍മാര്‍ രംഗംവിട്ടാല്‍ കമ്പനി നിയമം അനുശാസിക്കുന്ന ഈ കുലം വംശനാശം നേരിടുമല്ലോ. അതൊഴിവാക്കാനായാണ് ഒരാലോചന. ഇന്ത്യന്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടേഴ്സ്. ബംഗളൂരു ആസ്ഥാനമാക്കി ഇങ്ങനെയൊരു പുതുസ്ഥാപനം തന്നെ പടുത്തുയര്‍ത്താനാണ് ശ്രമം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനക്കും സമ്മതത്തിനുമായി നിര്‍ദേശം സമര്‍പ്പിച്ചുകഴിഞ്ഞു. പി പി പി അടിസ്ഥാനത്തിലാണത്രെ സ്ഥാപനം നടത്തുക. പി പി പി എന്നാല്‍ പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്, സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ സ്ഥാപനം എന്ന് മലയാളം.

സ്ഥാപനങ്ങളുടെ അഭാവമല്ല ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍. ചാര്‍ടേഡ് അക്കൌണ്ടന്റുമാര്‍ക്ക് പ്രൊഫഷണല്‍ സംഘടനയുണ്ട്. കമ്പനി സെക്രട്ടറിമാര്‍ക്ക് വേറെ. ഐ സി ഡബ്ള്യു എക്കാര്‍ക്ക് വേറെ. ഇന്‍ഷൂറന്‍സിന് ഇനിയും മറ്റൊന്ന്, ബാങ്കുകള്‍ക്ക് വേറൊന്നും. ഇതിനെയൊക്കെ നോക്കി നടത്താനായി ആഗോളാടിസ്ഥാനത്തില്‍ വന്‍ നോക്കിനടത്തിപ്പ് സംവിധാനങ്ങള്‍. ഇവയൊക്കെച്ചേര്‍ന്ന് കണ്ടുപിടിക്കുന്ന പുതിയ കണക്കെഴുത്തു രീതികള്‍, പുതിയ മാനദണ്ഡങ്ങള്‍, പുതിയ നിലവാരങ്ങള്‍, പുതിയ സുതാര്യത. ഫൈനാന്‍ഷ്യല്‍ സ്‌റ്റബിലിറ്റി ഫോറം 97 ലെ തെക്കു കിഴക്കനേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഫാലിഫാൿസിലും കൊളോണിലും ചേര്‍ന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം കണ്ടെത്തിയ പുതിയ സംഘടനാ സംവിധാനങ്ങള്‍ - ന്യൂ ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെൿചര്‍.

ഇതൊക്കെ നിലനില്‍ക്കെയാണ് ആൻ‌ഡേഴ്‌സണും പ്രൈസ് വാട്ടര്‍ ഹൌസും എന്‍റോണും സത്യവും എല്ലാം ചേര്‍ന്ന് സാധാരണ ഇടപാടുകാരെയും നിക്ഷേപകരെയും കുത്തിച്ചോര്‍ത്തുന്നത്. എന്നിട്ടിനിയും പ്രൊഫഷണല്‍ സ്ഥാപനം!


*****

എ കെ രമേശ്

( ബി ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറിയാണ് ലേഖകൻ)

No comments:

Post a Comment