കുട്ടിത്തൊഴിലാളികളും മനുഷ്യരാണ്
ചോര നീരാക്കി അധ്വാനിക്കുന്നത് വലിയവരുടെ മാത്രം സവിശേഷതയല്ല. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുരുന്നുകൈകളില്‍ പണിയായുധങ്ങളുമായി വിയര്‍പ്പൊഴുക്കുന്ന കുരുന്നുകളും നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. പലപ്പോഴും അവര്‍ക്ക് പ്രതിഫലം നാനാവിധത്തിലുള്ള പീഡനങ്ങളാണെന്നു മാത്രം. ലോകാരോഗ്യസംഘടനയും ലോകതൊഴില്‍ സംഘടനയുമൊക്കെ രക്ഷക്കെത്തിയതോടെയാണ് ബാലവേല നിയമവിരുദ്ധമാക്കണമെന്ന അവബോധം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തിപ്പെട്ടത്. കാശ്മീരിലെ തണുപ്പിനെ ചെറുക്കാന്‍ തുന്നിയെടുക്കുന്ന കമ്പിളിയുടുപ്പുകളും ജയ്‌പൂരില്‍ കയറ്റുമതിക്കായി പിറന്നുവീഴുന്ന നിറമേറിയ പരവതാനികളുമൊക്കെ രൂപപ്പെടുത്തുന്ന കുരുന്നുവിരലുകള്‍ക്ക് തെല്ലൊരാശ്വാസമായി ബാലവേല നിരോധനനിയമം. ശിവകാശിയിലെ തീപ്പെട്ടിനിര്‍മ്മാണവും പടക്കനിര്‍മ്മാണവും കുട്ടിത്തൊഴിലാളികളുടെ കണ്ണീരില്‍ നിന്നു മുതലെടുക്കുന്നതു താല്‍ക്കാലികമായി നിലച്ചു. പക്ഷേ, വലിയവീടുകളിലെ എച്ചില്‍പാത്രങ്ങളും ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളും കുട്ടിത്തൊഴിലാളികളുടെ നിശ്വാസങ്ങളേറ്റ് ഇപ്പോഴും പൊള്ളുന്നുണ്ട്. ചട്ടുകം പഴുപ്പിച്ച് ദേഹത്തു വെയ്ക്കുന്നതും സിഗരറ്റ് കത്തിച്ച് പൊള്ളിക്കുന്നതും ലൈംഗികപീഡനങ്ങളേല്‍പ്പിക്കുന്നതും മാനസിക പീഡനത്തിനിരയാക്കുന്നതുമൊക്കെ കുട്ടിത്തൊഴിലാളികള്‍ക്കുമേല്‍ ഇപ്പോഴും തുടരുന്നു.
ഇന്ത്യയില്‍ ബാലവേല നിരോധിച്ച് നിയമം പ്രാബല്യത്തില്‍ വന്ന ശേഷം കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നന്വേഷിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും താല്‍പ്പര്യം കാണിക്കാറുണ്ട്. കേരളംപോലെ സാക്ഷരതയിലും സാമൂഹ്യസുരക്ഷിതത്വത്തിലും ആരോഗ്യപരിപാലനത്തിലും വര്‍ധിച്ച ശ്രദ്ധ നല്‍കുന്ന പ്രദേശങ്ങളില്‍പോലും കുട്ടികളോടുള്ള പെരുമാറ്റം തൃപ്തികരമല്ല.
തമിഴ്‌നാട്, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യവും സാമൂഹ്യസംഘര്‍ഷങ്ങളും കുട്ടികളുടെ ജീവിതത്തെയും ബാധിക്കുക പതിവാണ്. കുഞ്ഞുങ്ങളെ വേലക്കയച്ച് കിട്ടുന്ന തുച്ഛമായ തുകപോലും അവിടങ്ങളിലെ ദരിദ്രരുടെ ജീവിതത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യം പുലര്‍ത്തുന്ന മാതാപിതാക്കളുള്ള പ്രദേശമാണ് കേരളം എന്നാണ് പൊതുധാരണ. ഇടത്തരക്കാര്‍ക്ക് മേധാവിത്വമുള്ള നമ്മുടെ സാമൂഹ്യാവസ്ഥയില്‍ പുറമേ നിന്നു നോക്കുമ്പോള്‍ കുട്ടികളുടെ നില വളരെ മെച്ചമാണ്. താരതമ്യേന നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമൊക്കെ ഇടത്തരം കുടുംബങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നു. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനുമൊക്കെ നന്നായി പണം മുടക്കുന്ന ഇടത്തരക്കാര്‍ കുട്ടികളെ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് പരിഗണിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു തലവേദന വന്നാല്‍ ഉത്കണ്ഠ പെരുത്ത് ഓടിനടക്കുന്ന അമ്മമാരും അച്ഛന്‍മാരും നിരവധിയാണ് കേരളത്തില്‍. കളിക്കോപ്പു വ്യവസായം മുതല്‍ വിദ്യാഭ്യാസവ്യവസായം വരെ തഴച്ചുവളരുന്നത് ഇത്തരം ഉത്കണ്ഠാഭരിതരായ മാതാപിതാക്കളുടെ ചെലവിലാണ്.
തങ്ങള്‍ക്കു പല കാരണങ്ങളാല്‍ നഷ്ടമായ സാമൂഹ്യപദവിയും സാമ്പത്തികസുരക്ഷയും തൊഴില്‍മേന്മയുമൊക്കെ മക്കളിലൂടെ നേടിയെടുക്കാന്‍ നെട്ടോട്ടമോടുന്ന മലയാളിമാതാപിതാക്കള്‍ എല്ലാകുട്ടികളോടും കാരുണ്യമുള്ളവരാണോ? സ്വന്തം മക്കള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസൌകര്യങ്ങളും അനുഭവിക്കണമെന്നാശിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും അത്തരമൊരു നില വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന് സംശയമാണ്. വളരെ കുറച്ചുപേര്‍ മാത്രമേ എല്ലാ കുട്ടികളുടെയും വികാസത്തെ സ്വപ്നം കാണുന്നുള്ളൂ. ബഹുഭൂരിപക്ഷവും സ്വന്തം കുഞ്ഞുങ്ങളെ മാത്രം പൊന്‍കുഞ്ഞായി കാണുന്നവരാണ് എന്നതാണ് വസ്തുത.
കേരളത്തിലും ബാലവേല പലമണ്ഡലങ്ങളിലും സജീവമായി നിലനില്‍ക്കുന്നുണ്ട്. ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്യാനെത്തുന്നവരില്‍ കുട്ടികള്‍ ഏറെയുണ്ട്. നിര്‍മ്മാണത്തൊഴില്‍, നെയ്ത്ത്, പടക്കനിര്‍മ്മാണം, ഇഷ്ടികക്കളം, ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, ചെറുകിടഫാക്ടറികള്‍ തുടങ്ങിയ മേഖലകളിലെ കുട്ടികളുടെ തൊഴില്‍സാധ്യത ബാലവേല നിരോധന നിയമത്തിന്റെ വരവോടെ കുറഞ്ഞിട്ടുണ്ട്. എങ്കിലും പിന്നോക്ക ജില്ലകളിലും തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിജില്ലകളിലുമൊക്കെ ബാലവേല നിര്‍ബാധം തുടരുന്നുണ്ട്. ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ ഇപ്പോഴും ബാലവേല തള്ളിക്കളയാനാവാത്ത ജീവിതചുറ്റുപാടുകളിലാണുള്ളത്. മത്സ്യത്തൊഴിലാളിമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കൊപ്പം പിന്നോക്കം നില്‍ക്കുന്ന ജീവിതാവസ്ഥകളില്‍ നിന്നെത്തുന്ന മലയാളിക്കുട്ടികളും ഹോട്ടല്‍ത്തൊഴിലാളികളായും വീട്ടുവേലക്കാരായും നിര്‍മ്മാണത്തൊഴിലാളികളായും വിയര്‍പ്പൊഴുക്കുന്നു. ഇവരോടുള്ള തൊഴില്‍ദാതാക്കളുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണ്. പലവിധത്തിലുള്ള പീഡനങ്ങളും കുട്ടികള്‍ക്കുമേല്‍ മുതിര്‍ന്നവര്‍ അടിച്ചേല്‍പ്പിക്കുന്നു. ചീത്തവിളിയും മര്‍ദ്ദനവും ഭക്ഷണം നിഷേധിക്കലുമൊക്കെ സര്‍വസാധാരണമാണ്. സംസ്കാരസമ്പന്നരും കാരുണ്യവാന്മാരുമായി പുറംലോകത്തു പ്രത്യക്ഷപ്പെടുന്നവര്‍ തന്നെയാണ് വീട്ടുവേലക്കാരായ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്. സ്വന്തം മക്കളെ മെച്ചപ്പെട്ട പൌരന്മാരാക്കാന്‍ ധനവും സമയവും ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കള്‍ കുട്ടിത്തൊഴിലാളികളെ ശത്രുക്കളായി കാണുന്നത് എന്തുകൊണ്ടാണ്?
തന്റെ മക്കളുടെ ഉടുപ്പിലും നടപ്പിലും ആരോഗ്യസംരക്ഷണത്തിലും അതീവശ്രദ്ധാലുക്കളാകുന്ന മാതാപിതാക്കള്‍ തന്നെ വീട്ടുവേലക്കാരായ കുട്ടികളോട് വിദ്വേഷത്തോടെ പെരുമാറുന്നതിലെ മനശ്ശാസ്ത്രം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഏറ്റവുമധികം പീഡനവും അപമാനവും സഹിക്കേണ്ടിവരുന്ന കുട്ടിത്തൊഴിലാളികളില്‍ നിന്നാണ് പിന്നീട് സാമൂഹ്യവിരുദ്ധരും കുറ്റവാളികളും ഗുണ്ടാനേതാക്കളുമൊക്കെ വളര്‍ന്നുവരുന്നത്. ചെറുപ്പത്തില്‍ ഏല്‍ക്കേണ്ടിവരുന്ന മുറിവുകളാണ് അവരുടെ മനസ്സിനെ നിഷേധാത്മകനിലപാടിലേക്കു നയിക്കുന്നത്. ബാലവേലയില്‍ നിന്ന് നിരാലംബരായ കുഞ്ഞുങ്ങളെ മോചിപ്പിച്ച് അവര്‍ക്ക് ആരോഗ്യകരമായി വളരാനുള്ള ചുറ്റുപാട് സൃഷ്ടിക്കുകയാണ് ആവശ്യം. ഭക്ഷണം പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തി അവരെ മെച്ചപ്പെട്ട നിലവാരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള അവസരം സമൂഹം ഉറപ്പുനല്‍കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവരും ഒറ്റപ്പെട്ടവരും സാമൂഹ്യമായി പിന്തള്ളപ്പെട്ടവരും അവഗണിക്കപ്പെടുന്ന പശ്ചാത്തലം ആരോഗ്യകരമായ സാമൂഹനിര്‍മ്മിതിക്ക് സഹായകരമല്ല.
(ലേഖിക: മീര എസ് നായര്‍, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)
No comments:
Post a Comment