സെന്‍സെക്സിനു പിന്നില്‍ എന്ത്?
ഓഹരി വിലസൂചികയുടെകുതിപ്പുനോക്കി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തോ മഹാത്ഭുതം സംഭവിക്കുകയാണെന്നു കരുതുന്നവര്‍ കുറവല്ല. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ ഓഹരിസൂചിക ഉറപ്പായും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ അടയാളംതന്നെ. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളില്‍ 45.7 കോടിക്കുമാത്രമേ എന്തെങ്കിലും തൊഴിലുള്ളൂവെന്നും, അവരില്‍ 93 ശതമാനവും അതായത് 39.49 കോടിയും അസംഘടിതമേഖലയിലാണെന്നും,അതില്‍ 77 ശതമാനത്തിന്റെ (30.48 കോടി ആളുകളുടെ) പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണെന്നും അറിയുമ്പോള്‍ ജനങ്ങളുടെ യഥാര്‍ഥ ജീവിതാവസ്ഥയും ഓഹരിക്കമ്പോളത്തിലെ കുതിച്ചുച്ചാട്ടവും തമ്മില്‍ കടലും കടലാടിയും തമ്മിലെ ബന്ധമേ ഉള്ളൂവെന്ന് നാം മനസ്സിലാക്കുന്നു. ജനസംഖ്യയില്‍ 28 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും, പ്രതിദിനം ലഭിക്കുന്ന ആളോഹരി ഭക്ഷ്യോര്‍ജം 2004-05ല്‍ അതിനുമുമ്പുള്ള ഏഴുവര്‍ഷത്തിലേതിനേക്കാള്‍ 160 കലോറി കുറഞ്ഞെന്നും മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 46 ശതമാനത്തിന് നിശ്ചിത തൂക്കമില്ലെന്നും 80 ശതമാനത്തിന് മഞ്ഞപിത്തരോഗമുണ്ടെന്നും അറിയുമ്പോള്‍ നമ്മുടെ ധാരണ കുറെക്കൂടി പ്രബലപ്പെടുന്നു.
ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ട്?
ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തുടരുമ്പോഴും ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വളരെ പ്രസക്തമാണ്.
രാജ്യത്തെ 23 ഓഹരിവിപണികളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ) ലാണ്. പ്രമുഖങ്ങളായ 30 കമ്പനികളുടെ ഓഹരിവിലകളെ ആസ്പദമാക്കി ഉണ്ടാക്കുന്നതാണ് ബിഎസ്ഇ സെന്‍സിറ്റീവ് ഇന്‍ഡക്സ് അഥവാ ചുരുക്കരൂപത്തില്‍ സെന്‍സെക്സ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 13,000 ആയിരുന്ന സെന്‍സെക്സാണ് ഇപ്പോള്‍ 19,000 ആയി ഉയര്‍ന്നത്.
വന്‍കിട കമ്പനികള്‍ അധികലാഭം കൊയ്യുമ്പോള്‍ ഓഹരികളിന്മേലുള്ള ലാഭവിഹിതം വര്‍ധിക്കും. അത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകും. ഓഹരിവിലകള്‍ ഉയരുകയുംചെയ്യും. വിലകള്‍ ഇനിയും ഉയരുമെന്നു പ്രതീക്ഷിച്ച് കൂടുതല്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങും. വിലകള്‍ വീണ്ടും ഉയരും. ഇടപാടുകാരുടെ ലാഭം പെരുകും. ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് , ബാങ്കിങ്ങ് കമ്പനികള്‍ തുടങ്ങിയ വിദേശനിക്ഷേപക സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെയും അവ നടത്തുന്ന ഇടപാടുകളുടെയും തോത് ക്രമംവിട്ട് ഉയരുകയാണ്.
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ എണ്ണം ഒരു വര്‍ഷംകൊണ്ട് 813ല്‍ നിന്ന് 1642 ആയി ഉയര്‍ന്നു. അവര്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഇടപാടുകാരുടെ കണക്കുകള്‍ വേറെയാണ്. ഇന്ത്യന്‍ ഓഹരിവിപണി അക്ഷരാര്‍ഥത്തില്‍ വിദേശമൂലധനസ്രാവുകളുടെ നീന്തല്‍ക്കുളംതന്നെ. അവര്‍ യഥേഷ്ടം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു, വില്‍ക്കുന്നു, കണക്കില്ലാത്ത ലാഭം വാരിക്കൂട്ടുന്നു. 1992നുശേഷം 61 ബില്യന്‍ ഡോളറിന്റെവിദേശ ഓഹരിനിക്ഷേപം നടത്തപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ 10വരെ 16 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തി. സെപ്തംബറില്‍ മാത്രം നടത്തിയ നിക്ഷേപം 2.73 ബില്യന്‍ ഡോളറാണ്. വിദേശനിക്ഷേപത്തിന്റെ ഭീമമായ കുത്തൊഴുക്കിനാണ് ഇന്ത്യന്‍ ഓഹരിക്കമ്പോളം സാക്ഷ്യം വഹിക്കുന്നത്. ഓഹരി വിലസൂചികയുടെ കുതിച്ചുച്ചാട്ടത്തിനു കാരണം വിദേശനിക്ഷേപകരുടെ ഈ പേക്കൂത്താണ്. അല്ലാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയല്ല.
ഓഹരിവ്യപാരം ഒരു ചൂതാട്ടമാണ്. വില ഉയരുമെന്നു പ്രതീക്ഷിച്ച് വാങ്ങുക; ഉയരുമ്പോള്‍ വില്‍ക്കുക. ഇതാണ് ഓഹരിവ്യാപാരം. കോടികളുടെ ഇടപാടുനടത്തുന്ന വന്‍നിക്ഷേപകര്‍ക്ക് ഓഹരിവിലയിലെ നാമമാത്ര വര്‍ധനപോലും കോടിക്കണക്കിനു രൂപയുടെ ലാഭം കൈവരുത്തും.
ലാഭസാധ്യതയുണ്ടെങ്കിലേ നിക്ഷേപം നടക്കൂ. ഇല്ലെങ്കില്‍ നിക്ഷേപം തിരിച്ചൊഴുകും. ഓഹരിവിലകള്‍ ഇടിയും. ഓഹരിക്കമ്പോളം തകരും. നീര്‍ക്കുമിളയെ ചൂണ്ടി മഹാമേരു എന്നുപറയുകയാണ്. ഏഷ്യന്‍ കടുവകളായി വിശേഷിപ്പിക്കപ്പെട്ട തായ് ലണ്ട്, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയവയുടെ സമ്പദ് വ്യവസ്ഥ ഞൊടിയിടയില്‍ തകര്‍ന്നത് വിദേശമൂലധനത്തിന്റെ പിന്മാറ്റംമൂലമാണെന്നതാണ് ചരിത്രവസ്തുത.
ഇന്ത്യയിലെ കുത്തക കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലാണ്. അവയുടെ ആസ്തിയും വിറ്റുവരവും ലാഭവും വര്‍ധിക്കുകയാണ്. സ്വാഭാവികമായും അവയുടെ ഓഹരികള്‍ക്കും പ്രിയമേറുന്നു. അമേരിക്കയിലെ 'ഫോര്‍ബസ്' മാഗസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 40 കുത്തക വ്യവസായകുടുംബങ്ങളുടെ ആസ്തി 2006ല്‍ 106 ബില്യന്‍ ഡോളറായി രുന്നത് 2007ല്‍ 170 ബില്യന്‍ ഡോളറായി വളര്‍ന്നു. ഇതില്‍ 112 ബില്യന്‍ ഡോളറും ഏറ്റവും മുകള്‍ത്തട്ടിലെ 10 വ്യവസായകുടുംബങ്ങളുടെ ആസ്തിയാണ്. 33.3 ബില്യന്‍ ഡോളറോടെ റിലയന്‍സാണ് മുമ്പില്‍. അതീവസമ്പന്നരുടെ സ്വത്ത് വീണ്ടും വര്‍ധിച്ചതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് 'ഫോര്‍ബസ്' മാഗസിന്‍ അടിവരയിടുന്നു.
ഇന്ത്യന്‍ സമൂഹത്തിലെ ഇടത്തരം വരുമാനക്കാരുടെ എണ്ണപ്പെരുപ്പവും സര്‍ക്കാരിന്റെ ഉദാരസമീപനവും പണപ്പെരുപ്പവും കുത്തകകളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കി. വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുമ്പോഴും അസംഘടിതമേഖലയിലെ 64 ശതമാനംവരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കഷ്ടസ്ഥിതി അയവില്ലാതെ തുടരുന്നു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികാസമത്വത്തിന്റെ ചിഹ്നംകൂടിയാണ് സെന്‍സെക്സിന്റെ വര്‍ദ്ധന.
അമേരിക്കയിലെ സെന്‍ട്രല്‍ ബാങ്ക് അരശതമാനംകണ്ട് പലിശനിരക്ക് താഴ്ത്തിയതാണ് ഇന്ത്യയിലെ ഓഹരിനിക്ഷേപം ഉയരാന്‍ മറ്റൊരു കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനാണ് പലിശനിരക്ക് താഴ്ത്തിയത്. പലിശനിരക്ക് കുറഞ്ഞപ്പോള്‍ കൂടുതല്‍ വായ്പ ലഭ്യമായി. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ആദായകരമാണ് ഓഹരികളിലെ നിക്ഷേപമെന്നും വന്നു. രണ്ടും ചേര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹം സുഗമമായി. ചുരുക്കത്തില്‍ രാജ്യത്തെ കുത്തക വ്യവസായകുടുംബങ്ങളുടെ വളര്‍ച്ചയും ആഗോളമൂലധനത്തിന്റെ കുത്തൊഴുക്കും സൃഷ്ടിച്ചതാണ് സെന്‍സെക്സിലെ കുതിച്ചുച്ചാട്ടം. രാജ്യപുരോഗതിയുടെ ചിഹ്നമല്ല അത്.
(ലേഖകന്‍: പ്രൊഫ. കെ എന്‍ ഗംഗാധരന്‍. കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം)
No comments:
Post a Comment