Wednesday, 9 June 2010

ഫുട്ബോളിന്റെ കമിതാക്കള്‍


കാല്‍പ്പന്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. മാധ്യമങ്ങളില്‍ നിറയെ ലോകകപ്പിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. അതുകൊണ്ടായിരിക്കണം വലിയ സ്പോര്‍ട്സ് പ്രേമിയൊന്നുമല്ലെങ്കിലും ഞാനും ഇടക്കിടെ ഫുട്ബോളിനെക്കുറിച്ച് ആലോചിച്ചുപോകുന്നത്.

കഴിഞ്ഞ ലോകകപ്പിലെ മിക്കവാറും എല്ലാ പ്രധാന മത്സരങ്ങളും ടിവിയില്‍ കണ്ടിരുന്നു. ആദ്യത്തെ ലോകകപ്പ് മത്സരം നടന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറൂഗ്വേയിലാണല്ലോ. ആ മത്സരങ്ങളില്‍ ഒന്നുപോലും എനിയ്ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ഞാന്‍ വെള്ളിയാങ്കല്ലില്‍ ഒരു തുമ്പിയായി പറക്കുകയായിരുന്നു. അഥവാ ജനിച്ചിരുന്നെങ്കില്‍ത്തന്നെ ആ കളികളൊന്നും കാണുവാന്‍ കഴിയുമായിരുന്നില്ല. അന്ന് ടിവിയില്ല. റേഡിയോപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉറൂഗ്വേയില്‍ പോകാതെ കളി കാണുക അസാധ്യമായിരുന്നു.

ഇന്ന് ലോകത്തിന്റെ ഏത് മൂലയിലിരുന്നും നമുക്ക് ലോകത്ത് എവിടെവച്ചു നടക്കുന്ന കളികളും കാണുവാന്‍ കഴിയും. ടെലിവിഷനാണത് സാധ്യമാക്കിയത്. ടിവി ചാനലുകളെ കുറ്റം പറയുന്നത് നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോള്‍ ഒരു ശീലമായിത്തീര്‍ന്നിരിക്കുന്നു. ലോകകപ്പ് കഴിയുന്നതുവരെ നമുക്ക് ടിവിയെക്കുറിച്ച് കുറ്റം പറയാതിരുന്നുകൂടെ? നമ്മളെ സംബന്ധിച്ചിടത്തോളം ടി വി ഇല്ലെങ്കില്‍ റൊണാള്‍ഡോവും പെലേയും മറഡോണയും പ്ളാത്തിനിയും റൊണാള്‍ഡിഞ്ഞ്യോവും ഒന്നും ഉണ്ടാകില്ലായിരുന്നു.

രണ്ടാമത്തെ ലോകകപ്പ് ജയിച്ചത് ഇറ്റലിയാണ്. ആഹ്ളാദത്തിമര്‍പ്പുകളായിരുന്നു അന്ന് ഇറ്റലിയിലാകെ. 1934 ലായിരുന്നു അത്. അധികം കഴിയുന്നതിനുമുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധമായി വളര്‍ന്നു. റോമില്‍ ബോംബുകള്‍ വര്‍ഷിച്ചു. എല്ലാ ഇറ്റലിക്കാരും അവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി പലായനം ചെയ്യുകയോ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയോ ചെയ്തു. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് ഷ്യൂല്‍സ് റിമേ തന്റെ ജീവനെക്കുറിച്ചോ സ്വത്തിനെക്കുറിച്ചോ ചിന്തിച്ചില്ല. അദ്ദേഹം വേവലാതിപ്പെട്ടത് കപ്പിനെക്കുറിച്ചാണ്. ബോംബ് സ്ഫോടനത്തില്‍ അതിനെന്തെങ്കിലും സംഭവിച്ചാലോ? ഒരു കുട്ടി എവിടെ പോകുമ്പോഴും തന്റ കളിപ്പാട്ടം കൂടെ കൊണ്ടുനടക്കുന്നതുപോലെ അദ്ദേഹം കപ്പ് കൂടെ കൊണ്ടുനടന്നു. ബോംബര്‍ വിമാനത്തിന്റെ ഇരമ്പല്‍ ആകാശത്തില്‍ കേള്‍ക്കുമ്പോള്‍ കപ്പ് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് അദ്ദേഹം സുരക്ഷാസ്ഥലത്തേക്ക് ഓടും. കപ്പിനെ രക്ഷിക്കാന്‍വേണ്ടി ഒരു ദിവസം മുഴുവന്‍ അദ്ദേഹം തന്റെ കട്ടിലിനടിയില്‍ അതിനുമുകളില്‍ കമിഴ്ന്ന് കിടന്നു. നിരവധി എടുപ്പുകളും മ്യൂസിയങ്ങളും ഗ്രന്ഥശാലകളും ബോംബ് സ്ഫോടനങ്ങളില്‍ നശിച്ചുവെങ്കിലും ഷ്യൂല്‍സ് റിമേ തന്റെ രാജ്യം നേടിയ കപ്പിനെ സംരക്ഷിച്ചു. ഷ്യൂല്‍സ് റിമേയ്ക്ക് കപ്പിനോട് തോന്നിയ പ്രണയം ഇറ്റലിക്കാര്‍ക്ക് പൊതുവെ ഫുട്ബോളിനോട് തോന്നിയ പ്രണയം തന്നെയായിരുന്നു.

കഴിഞ്ഞ തവണ ഇറ്റലിയാണ് ലോകകപ്പ് നേടിയത്. ഈ വര്‍ഷവും അവര്‍ നേടുമോ?

ഷ്യൂല്‍സ് റിമേയുടെ കാലം ഇറ്റലിക്കാര്‍ക്ക് ഫുട്ബോളിനോട് തോന്നിയ പ്രണയമല്ല ഇന്ന് അവര്‍ക്കതിനോടുള്ളത്. ഇന്നവര്‍ ഫുട്ബോളിനെ പ്രണയിക്കുകയല്ല, കാമിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആ ഭ്രാന്തിന് ഇരയായത് മറ്റാരുമല്ല, ലോകം കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ഫ്രാന്‍സിലെ സിനദീന്‍ സിദാനായിരുന്നു. അദ്ദേഹം ഫ്രാന്‍സിലെ കുടിയേറ്റക്കാരനാണ്. വംശീയമായി അധിക്ഷേപങ്ങള്‍ നടത്തിയാണ് സിദാനെ അവര്‍ കളിക്കളത്തില്‍ നിര്‍വീര്യനാക്കിയത്. അന്ന് ഇറ്റലിക്കാര്‍ ലോകനിലവാരമുള്ള ഒരു കളിക്കാരന്റെ സ്വത്വം നശിപ്പിക്കുകയും ഒരു രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നം തകര്‍ക്കുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും നല്ല കളിയായ ഫുട്ബോളിന്റെ സംസ്കാരത്തില്‍ അവര്‍ വംശീയ വിഷം കലര്‍ത്തുകകൂടി ചെയ്തു.

ജൂണ്‍ 11 ന് ലോകത്തിന്റെ മുഖഛായ പാടേ മാറും. ജോഹന്നാസ്ബര്‍ഗിലെ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30ന് ഷക്കീറയുടെ ഇറ്റ്സ് ടൈം ഫോര്‍ ആഫ്രിക്ക എന്ന പാട്ടിന്റെ അകമ്പടിയോടെ പന്ത് കിക്കോഫ് ചെയ്യുമ്പോള്‍ ലോകത്തിന്റെ മുഖത്തിന് ഫുട്ബോളിന്റെ ആകൃതി കൈവരും. രണ്ടു ഗോള്‍മുഖങ്ങള്‍ക്കിടയില്‍ ഇരുപത്തിരണ്ട് കളിക്കാരുടെ കാലുകള്‍ക്കിടയിലൂടെ പറന്നുയരുന്ന കാല്‍പ്പന്തായി മാറും നമ്മുടെ ഈ പ്രിയപ്പെട്ട ഭൂമി. ഭൂഗോളത്തില്‍നിന്ന് വന്‍കരകളും സമുദ്രങ്ങളും പര്‍വതനിരകളും അപ്രത്യക്ഷമാകും. തല്‍സ്ഥാനത്ത് അടയാളപ്പെടുത്തി വെക്കുന്നത് മെസിയുടെയും കക്കയുടെയും ഫാബിയാനോവിന്റെയും മറ്റും ജര്‍സികളുടെ വര്‍ണചിത്രങ്ങളായിരിക്കും. ജര്‍സിയണിഞ്ഞ ഭൂമിയെയാണ് നാം കാണാന്‍ പോകുന്നത്.

ലോകകപ്പ് കളിക്കളങ്ങളില്‍ ജര്‍സിയിട്ടിറങ്ങുന്നത് ഒട്ടേറെ രാജ്യങ്ങളുടെ അഭിമാനവും കോടിക്കണക്കിന് മനുഷ്യരുടെ വികാരങ്ങളുമാണ്. അവിടെ വെറുപ്പും വിദ്വേഷവും ഉണ്ടാവും. വേദനയും ആഹ്ളാദവുമുണ്ടാകും. ജയിക്കുന്നതും ആഹ്ളാദിക്കുന്നതും ഒരു രാജ്യം മാത്രമായിരിക്കും. മറ്റെല്ലാ രാജ്യങ്ങളും തോല്‍ക്കും. സ്വപ്നങ്ങള്‍ തകരും. ആത്മഹത്യകള്‍ നടന്നേക്കാം. കൊലപാതകങ്ങളും നടന്നേക്കാം. ഫുട്ബോള്‍ ലോകകപ്പ് ഒരു മഹാനാടകമാണ്. അതൊരിക്കലും ശുഭപര്യവസായിയല്ല. അതൊരു ഗ്രീക്ക് ദുരന്ത നാടകം പോലെയാണ്. തകര്‍ന്ന ഹൃദയങ്ങളുടെയും ഒഴുകിയ ചോരയുടെയും കഥകളായിരിക്കും എങ്ങും എല്ലാവര്‍ക്കും പറയുവാനുണ്ടാവുക.

നാം ഇന്ത്യക്കാര്‍ ഈ മഹാനാടകത്തില്‍ പങ്കാളികളല്ല. നമ്മള്‍ കാഴ്ചക്കാര്‍ മാത്രമാണ്.

നമുക്ക് ലോകകപ്പ് ഫുട്ബോള്‍ കളിക്കുവാനുള്ളതല്ല, കാണുവാന്‍ മാത്രമുള്ളതാണ്. അത് നമ്മുടെ ഒരു സ്വകാര്യദുഃഖമാണ്. ലേകകപ്പ്പോലുള്ള ഒരു വേദിയില്‍ ഇന്ത്യക്കാര്‍ കളിക്കുന്നത് നമുക്ക് സ്വപ്നം കാണുവാന്‍പോലും കഴിയുകയില്ല. ഇതുവരെ ഞാന്‍ നമ്മുടെ രാജ്യത്തെ കളിക്കാരെ കുറ്റപ്പെടുത്തുമായിരുന്നു. മറഡോണയെപ്പോലെയോ റൊണാള്‍ഡോവിനെപ്പോലെയോ ഉള്ള ഒരു ലോകതാരം എന്തുകൊണ്ട് നമുക്കുണ്ടാകുന്നില്ല എന്ന് വ്യസനത്തോടെ സ്വയം ചോദിച്ചിരുന്നു.

ഇത് നമ്മുടെ കളിക്കാരുടെ കഴിവുകേട് കാരണമല്ല. ഈയിടെ നടത്തിയ ഒരു ഇംഗ്ളണ്ട് യാത്രയിലാണ് എനിയ്ക്കത് വ്യക്തമായത്.

നോര്‍ത്തേണ്‍ ഇംഗ്ളണ്ടിലെ ന്യൂകാസില്‍ വിമാനത്താവളത്തില്‍ ഞാന്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ആകെ ബഹളം. എല്ലാവരുടെയും ശ്രദ്ധ അപ്പോള്‍ മറ്റൊരു ഫ്ളൈറ്റില്‍ വന്നിറങ്ങിയ ഇംഗ്ളീഷ് ഫുട്ബോള്‍ ടീമിലാണ്. ന്യൂകാസില്‍ ഫുട്ബോളിന് പേരുകേട്ട നഗരമാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ കളിക്കാരുടെ മുഖം കാണുവാന്‍ വേണ്ടി എനിക്ക് തല പിറകോട്ട് തിരിച്ച് മുകളിലേക്ക് നോക്കേണ്ടിവന്നു. അത്ര ഉയരമുണ്ടായിരുന്നു ആ കളിക്കാര്‍ക്ക്. അവരുടെ കഴുത്തിലെയും കൈകളിലെയും മാംസപേശികള്‍ കാളക്കുട്ടന്മാരുടെ മസിലുകള്‍പോലെ വിജൃംഭിച്ചുകിടന്നു. എന്നെ അവര്‍ക്ക് നിഷ്പ്രയാസം ഒരു കൈകൊണ്ട് തൂക്കിയെടുത്ത് ആകാശത്തിലേക്ക് വലിച്ചെറിയുവാന്‍ കഴിയും. അവരുടെ ഉയരവും ശരീരബലവും കണ്ണുകളിലെ ദാര്‍ഢ്യവും ഭയപ്പെടുത്തുന്നതായിരുന്നു...

ഇതുപോലുള്ളവര്‍ ഇറങ്ങുന്ന കളിക്കളത്തില്‍ എങ്ങനെ ഒന്നൂതിയാല്‍ പറന്നുപോകുന്ന നമ്മുടെ പാവം കളിക്കാര്‍ക്ക് ഇറങ്ങി കളിക്കാന്‍ കഴിയും?

ലോകകപ്പ് ഫുട്ബോള്‍ കിക് ഓഫ് ചെയ്യുമ്പോള്‍ നമ്മള്‍ എന്നത്തെയും പോലെ കാഴ്ചക്കാര്‍ മാത്രമായിരിക്കും....
*
എം മുകുന്ദന്‍

No comments:

Post a Comment