Thursday, 3 June 2010

അനുഭവങ്ങളുടെ കഥാകാരന്‍


മലയാളിയെ മതിയാവോളം ഊട്ടിയിട്ടാണ് കോവിലന്‍ കടന്നുപോകുന്നത്. കോവിലന്‍ കഥ പറയുകയായിരുന്നില്ല- മനുഷ്യന്റെ പച്ചയായ ജീവിതം അതിന്റെ എല്ലാ തീവ്രതയോടെയും തുറന്നുകാട്ടുകയായിരുന്നു. കോള്‍പാടവും ഹിമാലയവും ഗുരുവായൂരിന്റെ ഗ്രാമഭംഗിയും പരുക്കന്‍ പട്ടാളബാരക്കും ഒരുപോലെ കോവിലന്‍ വരച്ചു- ആ സചേതന ചിത്രങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍നിന്ന് ശ്വാസംപകര്‍ന്നുനല്‍കി. പട്ടാളകഥകളിലൂടെ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ അനുഭവമാണദ്ദേഹം പകര്‍ന്നത്. മലയാള സാഹിത്യത്തിന്റെ രൂപഭാവം മാറ്റിയെഴുതിയ അതുല്യനായ കഥാകാരനെയാണ് നഷ്ടമാകുന്നത്. തുളച്ചുകയറുന്ന; വിസ്മയിപ്പിക്കുന്ന; ഇഴയടുപ്പമുള്ള ഭാഷയിലൂടെ അദ്ദേഹം സ്വന്തം അനുഭവലോകം അവതരിപ്പിച്ചു. മനുഷ്യന്‍ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളും ആത്മസംഘര്‍ഷങ്ങളും സവിശേഷരീതിയില്‍ അദ്ദേഹം ആവിഷ്കരിച്ചു. ഹിമാലയംമുതല്‍ സ്വന്തം നാടായ കണ്ടാണിശേരിവരെ അദ്ദേഹത്തിന്റെ കഥകള്‍ക്ക് പശ്ചാത്തലമായി. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തെളിഞ്ഞതാണ് ആ തൂലികയില്‍നിന്ന് ഊര്‍ന്നുവീണ ഓരോ വാക്കും. കോവിലന്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഥകളും നോവലുകളുമായി പാകപ്പെടുത്തുകയായിരുന്നെന്ന് സംശയമില്ലാതെ പറയാം. ദാരിദ്യ്രവും കഷ്ടപ്പാടും ശ്വാസം മുട്ടിക്കുന്ന ഗാര്‍ഹിക പശ്ചാത്തലത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ വരവ്. ചെറുപ്പത്തിലേ ഭഗത്സിങ്ങിന്റെ ആരാധകനായിരുന്ന കോവിലന്‍ 19-ാമത്തെ വയസ്സില്‍ ക്ളാസ് ബഹിഷ്കരിച്ച് സ്വാതന്ത്യ്രസമരത്തില്‍ സജീവമായി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ത്യന്‍ പട്ടാളക്കാരോട് നിലനിന്ന വിവേചനത്തില്‍ പ്രതിഷേധിച്ച കോവിലന്‍ നാവികസമരത്തിലും പങ്കാളിയായി. പിന്നീട് അവിടെനിന്ന് പിരിച്ചുവിടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യമായി പഠിച്ച് എസ്എസ്എല്‍സി പാസായി. തൃശൂര്‍ രാമവര്‍മപുരം അധ്യാപക പരിശീലനകേന്ദ്രത്തില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ പോയി. അധ്യാപകനാകാനും കലാശാലാ ബിരുദമെടുക്കാനും കഴിയാതെ പോയത് സ്വകാര്യ ദുഃഖമായി ജീവിതാന്ത്യംവരെ കോവിലന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. സൈനിക ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ സ്വന്തം പേര് അപകടമാകുമെന്നു കരുതിയാണ് കോവിലന്‍ എന്ന തൂലികാ നാമം സ്വീകരിച്ചത്. പാവറട്ടി സംസ്കൃതകോളേജില്‍ അധ്യാപകനായിരുന്ന ചെറുകാടുമായുള്ള ബന്ധം കോവിലന്റെ രാഷ്ട്രീയബോധത്തിന് ദിശാബോധം നല്‍കി. ഗുരു- ശിഷ്യബന്ധത്തിന്റെ ഔപചാരികതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ആ ബന്ധം അദ്ദേഹത്തെ കമ്യൂണിസ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചു. ശക്തമായ ഇടതുപക്ഷ പശ്ചാത്തലമുള്ള പ്രദേശമായിരുന്നു കോവിലന്റെ തട്ടകമായ കണ്ടാണശേരി. അക്കാലത്ത് നടന്ന ചെത്തുതൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത കോവിലന്‍ പൊതുയോഗങ്ങളില്‍ പ്രാസംഗികനായി. ചാവക്കാട് ഫര്‍ക്കയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കുന്നതിലും കോവിലന്‍ പങ്കാളിയായി. സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്നതിന് ഒരിക്കലും അദ്ദേഹം മടിച്ചിട്ടില്ല. കവി രാവുണ്ണി ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ ഒരഭിമുഖത്തില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ കമ്യൂണിസ്റ് പാര്‍ടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കോവിലന്‍ ഇങ്ങനെ പറഞ്ഞു: "കമ്യൂണിസ്റ് പാര്‍ടിയാണ് ഇവിടെ എല്ലാം ഉണ്ടാക്കിയത്. മറ്റാരും ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ശ്രീനാരായണഗുരു സാംസ്കാരികമായ മാറ്റമാണ് ഉണ്ടാക്കിയത്. കമ്യൂണിസ്റ് പാര്‍ടി സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് ആരുടെ മുമ്പിലും ഞാന്‍ പറയും. കമ്യൂണിസ്റ് അനുഭാവികളായ നിങ്ങളെ സന്തോഷിപ്പിക്കാനല്ല ഞാനിത് പറയുന്നത്. കേരളീയജീവിതത്തെ മുഴുവന്‍ രൂപപ്പെടുത്തിയത് കമ്യൂണിസ്റ് പാര്‍ടിയാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് കമ്യൂണിസ്റുകാരായിരുന്നു. രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുമ്പോഴാണ് സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത്. ആ മാറ്റം കമ്യൂണിസ്റുകാരാണ് ഉണ്ടാക്കിയത്. പലരും ഇതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് ആഭാസമാണ്.'' സ്വനുഭവത്തിന്റെ കരുത്തില്‍ പട്ടാള അനുഭവം പരുക്കന്‍ ശൈലിയില്‍ അവതരിപ്പിച്ച എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ബോര്‍ഡൌട്ട് തുടങ്ങിയ നോവലുകളും പട്ടാളകഥകളും മലയാളി അനുവാചകലോകം ഇരുകൈയും നീട്ടി ഏറ്റുവാങ്ങി. എങ്കിലും ജന്മനാടിന്റെ പശ്ചത്തലത്തില്‍ രചിച്ച തട്ടകം, തോറ്റങ്ങള്‍ എന്നിവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എഴുത്തച്ഛന്‍ പുരസ്കാരവും രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വയലാര്‍ അവാര്‍ഡ്, ബഷീര്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ അടക്കം നിരവധി മറ്റു പുരസ്കാരങ്ങളും ലഭിച്ചു. മലയാള സാഹിത്യലോകത്തിന് എന്നും മുതല്‍ക്കൂട്ടായ ഒട്ടേറെ രചനകള്‍ അവശേഷിപ്പിച്ചാണ് കോവിലന്‍ തട്ടകമൊഴിയുന്നത്. ആ മഹാകഥാകാരന്റെ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.

No comments:

Post a Comment