Saturday, 5 June 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത്) സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.

മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.
*
ജി പി രാമചന്ദ്രന്‍, ദേശാഭിമാനി

No comments:

Post a Comment