Friday, 4 June 2010

സ്വത്വരാഷ്ട്രീയ വിവാദം

വാരികയില്‍ കോളമെഴുത്ത് തുടങ്ങിയതിനുശേഷം ഏറ്റവുമധികം പ്രതികരണങ്ങള്‍ വന്നത് സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് എഴുതിയപ്പോഴാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മെയിലുകളും എസ്എംഎസുകളും വന്നു. കോളം വായിക്കപ്പെടുന്നുവെന്നതിനേക്കാളും ആഹ്ളാദം തോന്നിയത് പാര്‍ടിയുടെ നിലപാടിനുള്ള വര്‍ധിച്ച പിന്തുണയിലാണ്. മാധ്യമങ്ങളിലും കോളം ചര്‍ച്ചയായി. പതിവുപോലെ വിവാദത്തിനും ആശയക്കുഴപ്പത്തിനുമാണ് ഇത്തരം ചര്‍ച്ചകള്‍ ശ്രമിച്ചത്. ഡോ. പി കെ പോക്കറിനെതിരെ സിപിഐ എം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രശ്നം അവതരിപ്പിച്ചത്. ഡോ. പികെ പോക്കര്‍ എന്ന വ്യക്തിക്കെതിരായ യുദ്ധപ്പുറപ്പാടായിരുന്നില്ല അത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരവേലക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ നിഷേധിക്കുകയുമല്ല. പ്രത്യേകിച്ചും കപട ഇടതുപക്ഷ പ്രചാരവേലയെ തുറന്നുകാണിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലെ കാഴ്ചപ്പാട് അങ്ങേയറ്റം അപകടകരവും മാര്‍ക്സിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അത് തുറന്നുകാണിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്വത്വരാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന നിലപാട് പാര്‍ടി ശക്തമായി അവതരിപ്പിക്കുകയും പാര്‍ടി പാഠ്യപദ്ധതിയില്‍ തന്നെ അതു പ്രത്യേക വിഷയമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യേണ്ടത് ഒഴിവാക്കാനാവാത്ത ചുമതലയാണ്.

മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനമാണ് മാര്‍ക്സിസത്തിന്റെ ജീവന്‍. മാര്‍ക്സിസ്റ്റ് വിശകലനരീതിയനുസരിച്ച് പ്രശ്നങ്ങളെ വിലയിരുത്തുമ്പോള്‍ തന്നെ പലപ്പോഴും വ്യത്യസ്ത നിലപാടുകളില്‍ എത്തിയെന്നുവരും. മൂര്‍ത്ത സാഹചര്യത്തെ വിലയിരുത്തുന്നതില്‍ പാളിച്ചകളുണ്ടായെന്നുവരും. കമ്യൂണിസ്റ്റ് പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്താണ് കൂടുതല്‍ ശരിയായ നിഗമനത്തിലേക്ക് എത്തുന്നത്. വിപ്ളവഘട്ടത്തിന്റെയും തന്ത്രത്തിന്റെയും കാര്യത്തില്‍വരെ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായെന്നുവരാം. അങ്ങനെയുള്ള ഉള്‍പ്പാര്‍ടി പ്രക്രിയയിലൂടെ കടന്നുപോയാണ് സിപിഐ എം ജനകീയ ജനാധിപത്യപരിപാടി അംഗീകരിക്കുന്നത്. പാര്‍ടി പരിപാടി കാലികമാക്കിയപ്പോഴും ഇതേ രീതി കാണാന്‍ കഴിയും. പാര്‍ടി ഒരു പ്രശ്നത്തില്‍ ഒരു നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ അതാണ് പാര്‍ടിയുടെ പൊതുവായ അഭിപ്രായം. പാര്‍ടി ബോധത്തിലേക്ക് തന്റെ ബോധത്തെ ഉയര്‍ത്തുകയെന്നത് ഒരു പാര്‍ടി അംഗത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ്.

സ്വത്വരാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന് എതിരാണ്്. അതു വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. എങ്കിലും സ്വത്വം ഒരു പ്രശ്നം തന്നെയല്ലേ എന്ന സംശയം ചില സുഹൃത്തുക്കള്‍ ഉന്നയിക്കുകയുണ്ടായി. സ്വത്വത്തെ പൂര്‍ണമായും അവഗണിക്കുന്ന വ്യതിയാനത്തെക്കുറിച്ച് കോളത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ദളിത് തൊഴിലാളി, തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണം മാത്രമേ നേരിടുന്നുള്ളൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു അസംബന്ധമാണ്. സാമൂഹ്യമായ വിവേചനവും പ്രധാനമാണ്. എന്നാല്‍, ഇത് ദളിത് വിഭാഗത്തിനുമാത്രമേ മനസ്സിലാവുകയുള്ളൂ എന്നും സ്വത്വരാഷ്ട്രീയമാണ് ഇതു കൈകാര്യം ചെയ്യേണ്ടതെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്. ഈ പ്രശ്നത്തെ വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തിയാണ് നേരിടേണ്ടത്. സാമൂഹ്യപ്രശ്നങ്ങളെ എങ്ങനെയാണ് വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി കൈകാര്യം ചെയ്യുന്നതെന്ന കാര്യം സിപിഐ എം പരിപാടി ശാസ്ത്രീയമായി അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയങ്ങളില്‍ ഇതിനു പ്രത്യേക ഇടം കിട്ടിയിട്ടുണ്ട്.

സ്വത്വരാഷ്ട്രീയക്കാര്‍ പ്രശ്നങ്ങളെ അങ്ങേയറ്റം വികലമായാണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്നത് അര്‍ധഫ്യൂഡല്‍ സമ്പ്രദായമാണെന്നുപോലും ചിലര്‍ എഴുതുന്നുണ്ട്. ഒരു കാലത്ത് നക്സലുകാര്‍ ഉന്നയിച്ച വാദമാണത്. അര്‍ധഫ്യൂഡല്‍, അര്‍ധകൊളോണിയല്‍ രാജ്യമാണെന്ന അവരുടെ കാഴ്ചപ്പാടിനെ അന്നേ സിപിഐ എം തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ നടപ്പിലാക്കുന്നത് മുതലാളിത്ത വികസനമാണ്. അതിനു നേതൃത്വം നല്‍കുന്നത് വന്‍കിട ബൂര്‍ഷ്വാസിയാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണത്തിന്റെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടം. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്നുവെന്നതുകൊണ്ട് മുതലാളിത്ത കടമകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അര്‍ഥമില്ല. അതുകൊണ്ടാണ് സിപിഐ എം ജനകീയജനാധിപത്യവിപ്ളവം പരിപാടിയായി അംഗീകരിക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അത് കോളത്തിന്റെ പരിധിയില്‍ നില്‍ക്കില്ല. എന്നാല്‍, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്, സ്വത്വരാഷ്ട്രീയ ചിന്ത പേറുന്നവര്‍ പറയുന്നത് തൊഴിലാളി വര്‍ഗത്തിനു വിപ്ളവം നയിക്കാന്‍ കഴിയില്ലെന്നാണ്. അതിനു പറയുന്ന ന്യായങ്ങള്‍ അമ്പരപ്പിക്കും. തൊഴിലാളി എണ്ണത്തില്‍ കുറവാണ്, പ്രത്യയശാസ്ത്രബോധവും കമ്മിയാണ്. എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല വിപ്ളവം നയിക്കാന്‍ സംഘടിതതൊഴിലാളി വര്‍ഗത്തിനു കഴിയുമെന്ന് മാര്‍ക്സിസം കാണുന്നത്. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ തൊഴിലാളി ഉല്‍പ്പാദനത്തിന് അനിവാര്യമായ മുന്നുപാധിയാണ്. ഇതാണ് തൊഴിലാളിയെ നേതൃത്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പ്രധാനഘടകം. അങ്ങേയറ്റം പിന്നോക്കം നിന്ന റഷ്യയില്‍ വിപ്ളവം നടന്നതിനെ ഇക്കൂട്ടര്‍ എങ്ങനെയാണ് കാണുന്നത്? വിപ്ളവത്തിന്റെ പ്രയോഗ പ്രതിസന്ധിയില്‍നിന്നാണ് സാമ്രാജ്യത്വത്തെ ശാസ്ത്രീയമായി ലെനിന്‍ വലിയിരുത്തുന്നതും വിപ്ളവതന്ത്രം ആവിഷ്കരിക്കുന്നതും. തൊഴിലാളിവര്‍ഗം നയിക്കുന്ന സോഷ്യലിസ്റ്റ് വിപ്ളവമാണ് ബോള്‍ഷേവിക് പാര്‍ടി നടപ്പിലാക്കിയത്. റഷ്യയിലെ സ്വത്വശക്തികളല്ല വിപ്ളവം നയിച്ചത്. വ്യത്യസ്ത സ്വത്വശക്തികളെ വര്‍ഗരാഷ്ട്രീയം കൊണ്ട് കോര്‍ത്തിണക്കുകയാണ് ചെയ്തത്. പ്രതിവിപ്ളവത്തിനുശേഷമുണ്ടായ ശിഥിലീകരണവും പ്രസക്തം.

കേരളത്തില്‍പോലും നിലനില്‍ക്കുന്നത് ജാതിവ്യവസ്ഥയുടെ ബോധമാണെന്നും അതുകൊണ്ട് പുതിയ രീതികള്‍ ആവശ്യമാണെന്നും ചിലര്‍ ശഠിക്കുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ജാതീയത ചെലുത്തുന്ന സ്വാധീനത്തെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍, അതാണ് എല്ലാത്തിനെയും നിര്‍ണയിക്കുന്നതെന്ന വാദം തെറ്റാണ്. മുതലാളിത്തവികസനപാത നടപ്പിലാക്കുന്ന രാജ്യത്ത് ജനതയുടെ ബോധം മുതലാളിത്തബോധമായി ഉടന്‍ പരിവര്‍ത്തനം ചെയ്യുമെന്ന് ആരും കരുതുന്നില്ല. അതറിയാന്‍ ഗ്രാംഷിയെപോലും കുട്ടുപിടിക്കേണ്ടതില്ല. മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ധാരണ മതി. എന്നാല്‍, കേരളീയ പൊതുബോധ നിര്‍മിതിയെ സ്വത്വത്തിനകത്തു മാത്രമായി തളിച്ചിടുന്നത് അങ്ങേയറ്റം അശാസ്ത്രീയമാണ്. അടിത്തറയെ നിര്‍ണയിക്കുന്ന പുതിയ നിരവധി ഘടകങ്ങളെ കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. അതു മേല്‍ക്കൂരയെയും പതുക്കെപ്പതുക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങും.

അടിത്തറയെ മാത്രം കാണുന്നവരെപ്പോലെതന്നെ മേല്‍ക്കൂരയെ മാത്രം കൈവെള്ളയില്‍ എടുത്തുവെച്ച് ലാളിക്കുന്നവരുമുണ്ട്. ദീര്‍ഘകാലമായി പണിയെടുക്കുന്നവരായി മാറിയ സവര്‍ണകുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് തൊഴിലാളിവര്‍ഗബോധത്തിലേക്ക് ഉയരാന്‍ കഴിയില്ലെന്നുവരെ അവര്‍ ശാഠ്യംപിടിക്കുന്നു. അവരില്‍ ഇപ്പോഴും നഷ്ടബോധം ഉണ്ടെന്നും അതാണ് അവരുടെ ചിന്തയെ നയിക്കുന്നതെന്നും വാദിക്കുന്നതിന്റെ മുന്‍ഗാമികളാണ് സവര്‍ണനായ ഇ എം എസിനു കമ്യൂണിസ്റ്റാകാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ത്തിയത്. കൂലിപ്പണിയെടുക്കുന്നതുകൊണ്ടോ സംഘടിത തൊഴിലിലേക്ക് മാറിയതുകൊണ്ടോ മാത്രം എല്ലാവരുടെയും ബോധം ഇടതുപക്ഷരാഷ്ട്രീയത്തിനു അനുസൃതമായി മാറുമെന്നതും തെറ്റാണ്. ഫ്യൂഡല്‍ബോധം പിന്തുടര്‍ന്നെന്നും വരാം. എന്നാല്‍, അതിനെ പൊതുവല്‍ക്കരണത്തിലേക്കു നയിക്കുന്ന ചിന്തയും അപകടകരമാണ്.

സ്വത്വരാഷ്ട്രീയത്തിന്റെ ദാര്‍ശനിക അടിത്തറ ഉത്തരാധുനികതയിലാണെങ്കിലും ആഗോളവല്‍ക്കരണകാലം ഇതിനു വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. വിഭജിതമായ സമൂഹത്തെയാണ് ആഗോളമൂലധനം ആഗ്രഹിക്കുന്നത്. അത് വിപണിയുടെ വളര്‍ച്ചക്കുള്ള പരിസരം ഒരുക്കുന്നു. ഒപ്പം എതിര്‍പ്പിന്റെ ശക്തികളുടെ ഐക്യത്തെ ശിഥിലമാക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിലും വംശീയതയും ഇന്ത്യയില്‍ വര്‍ഗീയതയും കേരളത്തില്‍ ജാതീയതയും ഈ കാലത്ത് ശക്തിപ്പെടുന്നതിന്റെ സമാനപരിസരം പ്രധാനമാണ്. വികാരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ശാസ്ത്രീയമായി പ്രശ്നത്തെ സമീപിക്കാന്‍ ശ്രമിക്കുകയും ശരിയായ വര്‍ഗകാഴ്ചപ്പാടിലേക്ക് ഉയരുകയുമാണ് പ്രധാനം.
*
പി രാജീവ്

No comments:

Post a Comment