സിപിഐ എം പ്രത്യയശാസ്ത്ര തര്‍ക്കത്തിലാണ് എന്ന് സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ചിലര്‍ 'സ്വത്വരാഷ്ട്രീയ'ത്തെപ്പറ്റിയുള്ള സംവാദത്തെ കരുവാക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. ഡോ. പി കെ പോക്കറെയും സുഹൃത്തുക്കളെയും സിപിഐ എം തള്ളിപ്പറഞ്ഞതിനുസമമാണ് ‘ദേശാഭിമാനി വാരികയില്‍ പി രാജീവ് എഴുതിയ ലേഖനം എന്നും വ്യാഖ്യാനം ഉണ്ടായി. സൈദ്ധാന്തിക സംവാദങ്ങളെപ്പറ്റിയുള്ള അജഞതയോ, പാര്‍ടിയെ ആക്രമിക്കാനുള്ള വ്യഗ്രതയോ ആണ് ഇത്തരം വ്യാഖ്യാനങ്ങള്‍ക്കു പിന്നില്‍. ഡോ. പോക്കര്‍ മികച്ച മാര്‍ക്സിസ്റ് പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതേസമയം ‘സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള വിശദീകരണത്തില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നകൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു തിരുത്തേണ്ട ചില പിശകുകളും അദ്ദേഹത്തിനു പറ്റി. ഇത്തരം കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് സൈദ്ധാന്തിക പഠനത്തിന് അനുപേക്ഷണീയമാണ്.
ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട് എന്നതും പൊതുവായ ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുപേര്‍ ചേര്‍ന്ന് പൊതു സ്വത്വം രൂപമെടുക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല. ഇത്തരം സ്വത്വരൂപീകരണങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് തടയാന്‍ കഴിയില്ല; തടയേണ്ടതുമില്ല.
അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൊതു അവസ്ഥയെ മുന്‍നിര്‍ത്തി ഒത്തുകൂടി ഒരു പൊതുസ്വത്വബോധത്തിലേക്ക് വരുന്നത് സമൂഹത്തിന്റെ പുരോഗതിക്കിടക്ക് രൂപമെടുക്കുന്ന ഒരു പ്രവണതയാണ്. തുടക്കത്തില്‍ അത് അധീശ ശക്തികള്‍ക്കെതിരായ ഒരു ചുവടുവയ്പായിത്തന്നെ കണക്കാക്കാവുന്നതാണ്.
സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.
ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).
സ്വത്വബോധത്തെ ആസ്പദമാക്കി രൂപംകൊള്ളുന്ന കൂട്ടായ്മയ്ക്ക് തുടക്കത്തില്‍ ചില ഘട്ടങ്ങളില്‍ പരിമിതികളോടെ പുരോഗമനപരമായ ഒരു സ്വഭാവം ഉണ്ടെന്നതിനപ്പുറം മറ്റൊരു സംഭാവനയും അതിന് നല്‍കാനില്ല എന്നാണോ അര്‍ഥമാക്കുന്നത്. അതെ എന്നാണ് ഉത്തരം. അതേ സമയം, ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ഥ തൊഴിലാളി വര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാനും സംഭാവന നല്‍കാനും ഇത്തരത്തില്‍പ്പെട്ട ചില സംഘടനകള്‍ക്ക്/കൂട്ടായ്മകള്‍ക്ക് സാധിച്ചു എന്നുവരാം. വര്‍ഗ സമരത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ, സാമ്രാജ്യത്വ ആഗോളീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, കീഴാളവര്‍ഗ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരം കൂട്ടായ്മകളുമായി വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കുവാനുള്ള സാധ്യത കരുതലോടെ അന്വേഷിക്കേണ്ടതാണ്.
സ്വത്വരാഷ്ട്രീയം’ സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും തുടക്കത്തില്‍ അത് അങ്ങനെ മാത്രമായിരുന്നു എന്ന് ആരോപിക്കാനാവില്ല. ഇന്നും താരതമ്യേന സ്വന്തം കാലില്‍ നില്ക്കുന്ന സ്വത്വരാഷ്ട്രീയ കൂട്ടായ്മകളുണ്ടാവാം. അവയുടെ ആത്യന്തിക സംഭാവന എന്തുതന്നെയായാലും ‘സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലഹീനത അത് ആധുനിക സമൂഹം എങ്ങനെ വര്‍ഗവിഭജിതമായിരിക്കുന്നു എന്നു കാണാത്തതാണ്.
ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദനോപാധികളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു അനന്യസ്വഭാവമുണ്ട്; അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്ക്കുന്ന രണ്ടു വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമാണ് അവ.'
നൂറ്റി അറുപത്തിരണ്ടുവര്‍ഷം മുമ്പെഴുതിയ 'കമ്യൂണിസ്റ് മാനിഫെസ്റോ'യിലെ മേല്‍ക്കൊടുത്ത ആശയത്തിന് ഇന്ന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരും, ഇന്ത്യയിലെ സവിശേഷമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനത്തില്‍ തുടരുന്ന ജാതിവിഭജനത്തിന്റെ പ്രത്യേകതകള്‍ വര്‍ഗസമര സിദ്ധാന്തം കണക്കിലെടുക്കുന്നില്ല എന്ന് വാദിക്കുന്നവരുമുണ്ട്. സമീപകാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി കമ്യൂണിസ്റു മാനിഫെസ്റോയുടെ കലോചിതമായ വായന പുനരാരംഭിക്കുവാന്‍ ചിന്താലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ആദ്യം ഓര്‍മിക്കേണ്ടത്. ദൌര്‍ബല്യങ്ങളും പോരായ്മയും തിരുത്തിയ സോഷ്യലിസ്റ്-കമ്യൂണിസ്റ് മുന്നേറ്റമാണ് മാനവരാശി നേരിടുന്ന ശാശ്വത പ്രശ്നങ്ങള്‍ക്കു പരിഹാരം; മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ല എന്ന് ഇന്ന് അധികമധികം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മുതലാളിത്തം അവസാനവാക്കല്ല എന്ന് ദലൈലാമ പോലും പറയുന്ന കാലമാണ് ഇത് എന്നതും കൂട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.
ഇന്ത്യയിലെ ജാതീയ വിഭജനംപോലുള്ള സവിശേഷ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സൂക്ഷ്മമായ പഠനവും ശ്രദ്ധയും ആവശ്യപ്പെടുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അറുതികുറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലുകളുടെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നുണ്ട്. അത്തരം ഇടപെടലുകള്‍ അടുത്തനാളുകളില്‍ തമിഴ്നാട്ടിലും മറ്റും പാര്‍ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഓര്‍ക്കാവുന്നതാണ്.
കേവല ‘സ്വത്വരാഷ്ട്രീയബോധവും, വര്‍ഗബോധവും എപ്രകാരം ഒരു പ്രായോഗികപ്രശ്നത്തില്‍ യഥാക്രമം അശാസ്ത്രീയവും ശാസ്ത്രീയവുമായ നിലപാടുകളിലേക്ക് നയിക്കും എന്നതിന്റെ ഒരു ഉദാഹരണം പ്രസക്തമാണെന്നു തോന്നുന്നു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ സംവരണം പരിശോധിക്കാം. കുറെനാളത്തെ സംവരണ സമ്പ്രദായത്തിലൂടെ, അതിന്റെ ആനുകൂല്യം അനുഭവിച്ചുപോന്ന സമുദായങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയ ഒരു സമ്പന്ന വിഭാഗം രൂപംകൊണ്ട സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പ്രശ്നം പൊന്തിവന്നു. അതിനെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഒന്ന് - സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണം. രണ്ട് - ക്രീമിലെയറിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്കായി സാമുദായിക സംവരണം പരിമിതപ്പെടുത്തണം. മൂന്ന് - സാമുദായിക സംവരണം അതേപടി തുടരണം. എന്നാല്‍ സിപിഐ എം മറ്റൊരു പരിഹാരമാണ് മുന്നോട്ടുവച്ചത്. തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. ഇതിലൂടെയും, സമൂഹത്തില്‍ പൊതുവെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തിയും സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങളില്‍ ഒരു സമ്പന്ന വിഭാഗം രൂപമെടുത്തിട്ടുണ്ട്. ഈ ക്രീമിലെയര്‍ ഒഴിവാക്കി, ദരിദ്ര വിഭാഗങ്ങള്‍ക്കായിരിക്കണം ഇനി സംവരണാനുകൂല്യം ആദ്യം നല്‍കേണ്ടത്. ആദ്യം അത്തരക്കാര്‍ക്ക് ആനുകൂല്യം നല്‍കിയതിനു ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ സംവരണ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും തൊഴില്‍ നല്‍കാവുന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചിത ശതമാനം സംവരണം നല്‍കണം. ഇതാണ് സിപിഐ എം മുന്നോട്ടുവെച്ച ശാസ്ത്രീയ പരിഹാരം.
ഇവിടെ വ്യക്തമാകുന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് സ്വത്വരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി എങ്ങനെ ശരിയായ പരിഹാരം വികസിപ്പിച്ചെടുക്കാനാവുമെന്നാണ്.
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍, സ്ത്രീസംവരണത്തിനുള്ളില്‍ അധഃസ്ഥിത സ്ത്രീ സംവരണംപോലുള്ള വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വത്വരാഷ്ട്രീയവാദികള്‍ ഉന്നയിക്കുന്നു.
എന്തെങ്കിലും വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിക്കുന്നവര്‍ സ്വയം തിരിച്ചറിയുകയും സംഘടിക്കുകയും പൊരുതുകയും അതിനെ നയിക്കുകയും ചെയ്യുന്നത് ആശാസ്യവും അഭികാമ്യവും ആവേശകരവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സമരത്തില്‍ മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും ചൂഷക- അഭിജാത വര്‍ഗങ്ങളില്‍ നിന്നുപോലും ധാരാളം പേരെ അണിനിരത്താനാകണം എന്നതാണ് ശാസ്ത്രീയമായ സമീപനം. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇ എം എസ്, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവര്‍. 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്‍'' എന്നാണ് ഇ എം എസ് തന്നെ സ്വയം വിശേഷിപ്പിച്ചത്.
കമ്യൂണിസ്റ് മാനിഫെസ്റോയിലെ ഒരു കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. "'.....വര്‍ഗസമരത്തിന്റെ നിര്‍ണായകഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത് - വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തില്‍ അടിമുടി- നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായി രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടുപോവുകയും, വിപ്ളവകാരിയായ വര്‍ഗത്തിന്റെ - ഭാവിയുടെ ഭാഗധേയം സ്വന്തം കൈകളില്‍ വഹിക്കുന്ന വര്‍ഗത്തിന്റെ - ഭാഗത്തുചേരുകയും ചെയ്യുന്നു. .....ചരിത്രപരമായ ഈ പ്രസ്ഥാനത്തെ ഒട്ടാകെ തത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം - തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.'' ഈ പ്രക്രിയ വിപ്ളവ പ്രസ്ഥാനത്തെ ബലഹീനമാക്കും, അതിന്റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിക്കും എന്ന വികടവാദമാണ് പലപ്പോഴും ‘സ്വത്വരാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്നത് എന്നും മറക്കാനാവില്ല.
എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയ വാദങ്ങളോട് വ്യത്യസ്ത രീതിയിലാണ് മാര്‍ക്സിസ്റ് പദാവലികളും വിശകലന രീതികളും ഉപയോഗിച്ചുകൊണ്ടുതന്നെ പലരും പ്രതികരിച്ചത്.
ഷാരൊണ്‍ സ്മിത്ത് 'സ്വത്വരാഷ്ട്രീയ'ത്തിന്റെ ബലഹീനതകള്‍ അക്കമിട്ട് വിശദീകരിച്ചതിനുശേഷം, ചൂഷിതരുടെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ സാധ്യമല്ല എന്ന സത്യം വെട്ടിത്തുറന്നു പറയുന്നു. വര്‍ഗാടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട യോജിപ്പിനെ ബലഹീനമാക്കുകയാണ് ‘സ്വത്വരാഷ്ട്രീയം’ ചെയ്യുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിവിധ വിഭാഗങ്ങള്‍ തിരിച്ചറിവിന്റെ ആദ്യാക്ഷരങ്ങള്‍ ചിലപ്പോള്‍ ഇത്തരത്തില്‍പ്പെട്ട ചില പ്രസ്ഥാനങ്ങളിലൂടെ പഠിച്ചു എന്നുവരാം. അതേസമയം, അവര്‍ അവിടെനിന്നു വളര്‍ന്ന് യഥാര്‍ഥ വര്‍ഗപ്രസ്ഥാനത്തില്‍ ചെന്നുചേര്‍ന്നില്ലെങ്കില്‍ മോചനയത്നങ്ങള്‍ക്കെതിരെ അവര്‍ ദുരുപയോഗിക്കപ്പെടാമെന്ന ആപത്ത് ഒട്ടും കുറച്ചുകണ്ടുകൂട.
*
എം.എ. ബേബി
No comments:
Post a Comment