Thursday, 17 June 2010

കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്

ഒരുതുണ്ട് ഭൂമിയും അതിലൊരു പാര്‍പ്പിടവും സാധാരണ മനുഷ്യന്റെ സ്വപ്നമാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന, പുറമ്പോക്കുകളിലും ചേരികളിലും രാപ്പാര്‍ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് സുരക്ഷിതമായ വീട് എന്നത് ജനങ്ങളെ സ്നേഹിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കേരളത്തെ ഭവനരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കിത്തീര്‍ക്കാനുള്ള ആ മഹത്തായ കടമയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ തുടക്കമിട്ട വിപ്ളവകരമായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും പ്രധാനം ഭൂപരിഷ്കരണ മായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണംമൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചു. പക്ഷേ, കുടികിടപ്പവകാശമായി ലഭിച്ച ഭൂമി വീണ്ടും തുണ്ടുവല്‍ക്കരിക്കപ്പെട്ടു. രണ്ടും മൂന്നും സെന്റ് ഭൂമി ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം അവശേഷിച്ചു. പല പദ്ധതികള്‍ നടപ്പാക്കിയെങ്കിലും വര്‍ധിച്ചുവരുന്ന ഭവന ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ലാതായതിനാല്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം കൂടിവന്നു. കേരളത്തില്‍ ഭവനനിര്‍മാണമേഖലയില്‍ ജനകീയാസൂത്രണത്തിലൂടെയാണ് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയത്. ഒന്‍പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താംപദ്ധതിയില്‍ 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് പതിനൊന്നാം പദ്ധതിക്കാലത്ത് സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കാനുള്ള ആശയം ഉയര്‍ന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസിന്റെ നാമധേയത്തില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 1.35 ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇത്രയും കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും. ഈ ലക്ഷ്യം വച്ചാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ഇതര ഭവനപദ്ധതികളെ കൂടി ലക്ഷ്യ പൂര്‍ത്തീകരണത്തിന് കഴിയാവുന്നത്ര ഉപയോഗിക്കാനും ഗവമെന്റ് തീരുമാനിച്ചു. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ മൂന്നുലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു. ഭവനപദ്ധതിക്കു നല്‍കുന്ന സഹായം പട്ടികവര്‍ഗത്തിന് 1.25 ലക്ഷം, പട്ടികജാതിക്ക് 1 ലക്ഷം, പൊതുവിഭാഗത്തിന് 75,000 എന്ന തോതില്‍ വര്‍ധിപ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള ധനസഹായവും വര്‍ധിപ്പിച്ചു. ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷം വീട് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഇതേ തുക തന്നെ ലഭ്യമാക്കുന്നു. അതിനാവശ്യമായ അധികതുക ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്നു. 5000 കോടിയോളം രൂപയാണ് പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടത്. സഹകരണസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പലിശ ഗവമെന്റ് സബ്സിഡിയായി നല്‍കുന്നു. ഇതിനകം വമ്പിച്ചൊരു ജനകീയമുന്നേറ്റമാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. പല പഞ്ചായത്തുകളും ഇതിനകം ലക്ഷ്യം പൂര്‍ണമായി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയിലാകെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയായി മാറുകയാണ് ഇ എം എസ് ഭവനപദ്ധതി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭവനരഹിതരുടേത്. ഇക്കാര്യം കേന്ദ്രഗവമെന്റ് എത്ര ലാഘവത്തോടെയാണ് കൈകാര്യംചെയ്യുന്നതെന്ന് നോക്കുക. 11-ാം പദ്ധതിക്കാലത്ത് വെറും 10,000 കോടി രൂപയാണ് ഭവനപദ്ധതിക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്ര ഗവമെന്റ് നീക്കി വച്ചത്. ഇന്ദിര ആവാസ് യോജനയില്‍ ഒരു വീടിന് 38,500 രൂപയാണ് കേന്ദ്രം വകയിരുത്തിയത്. അതില്‍ത്തന്നെ കേന്ദ്രവിഹിതം വെറും 28,875 രൂപമാത്രം. വീടൊന്നിന് 9625 രൂപ സംസ്ഥാനം കണ്ടെത്തണം. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിപോലൊന്ന് കേന്ദ്ര ഗവമെന്റിനോ അവരെ നയിക്കുന്ന കോഗ്രസിനോ സ്വപ്നം കാണാന്‍ പോലും കഴിയില്ല. തമിഴ്നാട് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭവനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ പോലെ സമഗ്രമല്ല. നിലവിലുള്ള മേല്‍ക്കൂരമാറ്റി പണിയുന്നതിനാണ് തമിഴ്നാടിന്റെ മുന്‍ഗണന. കേരളത്തിന്റെ അഭിമാനമായി മാറിയ ഇ എം എസ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താനും അത് നടപ്പാക്കുമ്പോഴുള്ള സാങ്കേതികമായ പ്രശ്നങ്ങളെ പെരുപ്പിച്ച് പദ്ധതിയാകെ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിലെ ഒന്നാമത്തെ പത്രമെന്നവകാശപ്പെടുന്ന മലയാളമനോരമ രംഗത്തിറങ്ങിയത് ഇന്നാട്ടിലെ ഭവനരഹിതരായ പാവങ്ങളോടുള്ള വെല്ലുവിളിയും ക്രൂരതയുമാണ്. പദ്ധതിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയാണാ പത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അമൂല്യമായ ഒരു നേട്ടത്തെ ഇകഴ്ത്തിക്കാട്ടി യുഡിഎഫിന് രാഷ്ട്രീയനേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള വിടുപണിയിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചുവപ്പുനാടയുടെയും സാങ്കേതികമായ ഭരണനടപടിക്രമങ്ങളുടെയും പ്രശ്നം ഇന്നാട്ടില്‍ പുതിയതല്ല. അത്തരം പ്രശ്നങ്ങള്‍കൊണ്ട് പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മനോരമ തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നമട്ടില്‍ കള്ളക്കണക്കുമായി പ്രചാരണത്തിനിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയശത്രുതയായോ മാധ്യമപ്രവര്‍ത്തനത്തിന്റെ വിമര്‍ശനാത്മകരൂപമായോ കാണാനാകില്ല. മറിച്ച് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അട്ടിമറി പ്രവര്‍ത്തനമാണ്. പാവങ്ങള്‍ക്ക് വീടുകിട്ടുന്നത് മുടക്കാനുള്ള നീചമായ ഇടപെടലാണ്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവരുടെ സങ്കടം പത്രത്തിന്റെ ശക്തികൊണ്ട് ദന്തഗോപുരങ്ങള്‍ പണിയുന്നവര്‍ക്ക് മനസ്സിലാകില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും പ്രതിപക്ഷരാഷ്ട്രീയം കളിക്കുന്നതും ഒരു വലിയ പദ്ധതിയെ അട്ടിമറിച്ചുകൊണ്ടല്ലെന്ന് മനസ്സിലാക്കി കുപ്രചാരണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ഞങ്ങളുടെ സഹജീവിയോടഭ്യര്‍ഥിക്കുന്നു. പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടിക്കോട്ടെ; അതിന് ഇടങ്കോലിടരുത്.

No comments:

Post a Comment