മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്‌ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്ര്യമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്‌ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ.
ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്‌ട്രീയഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്‌ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്‌ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്‌തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ:
"ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്‌ക്കാരം വാസ്‌തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്‌തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ''.
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യ പരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്‌ക്ക്ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍.
മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്‌ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്‌ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്‌ട്രീയവും അവിച്‌ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്‌ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്‌ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്‌മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്‌മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്‌മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്‌മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്.
മാർൿസിസത്തിനും മാർൿസിസ്‌റ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്‌താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്‌തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വംസകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി.
അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്‌ട്രവാദത്തിൽ അധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്‌ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്‌ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നൿസലൈറ്റുകളെയും മുന്‍ റോയിസ്‌റ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്‌ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്തണം''.
*****
കടപ്പാട് : ദേശാഭിമാനി
( എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആദ്യത്തെ ലേഖനം)
No comments:
Post a Comment