സ്വര്‍ണ മാനദണ്ഡത്തിന്‍കീഴില്‍ വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെ മൂല്യം സ്വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതായത് ഈ നാണയങ്ങള്‍ തമ്മില്‍ തമ്മിലുള്ള കൈമാറ്റനിരക്ക് നിശ്ചിതമാണ് എന്നാണ് അതിനര്‍ഥം. അതുകൊണ്ട് കൈമാറ്റ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍, അസ്സല്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ കഴിയില്ല; അതുകാരണം ആഭ്യന്തര തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്താന്‍ കഴിയില്ല. അതേ അവസരത്തില്‍ത്തന്നെ, "ഭദ്രമായ ധനകാര്യ വ്യവസ്ഥ'' എന്ന തത്വം നടപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ പ്രതിജ്ഞാബദ്ധവുമാണ്. മുപ്പതുകളിലെ മഹാമാന്ദ്യകാലംവരെ നിലനിന്ന ഒരു ബാധ്യതയായിരുന്നു അത്. ബജറ്റുകള്‍ സന്തുലിതമാക്കിത്തീര്‍ക്കാന്‍ അവ നിര്‍ബന്ധിക്കുന്നു എന്നാണ് അതിനര്‍ത്ഥം. ആഭ്യന്തരമായ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ധനപരമായ നടപടികളിലൂടെ സര്‍ക്കാര്‍ ഇടപെടുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അതിന്റെ ഉദ്ദേശം.
ഉപഭോഗച്ചെലവ് സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനനിലവാരത്തെ ആശ്രയിച്ചു നില്‍ക്കുന്നതിനാലും നിക്ഷേപച്ചെലവ് മുതലാളിമാരുടെ "വിശ്വാസത്തിന്റെ അവസ്ഥയെ'' ആശ്രയിച്ചുനില്‍ക്കുന്നതിനാലും പത്തൊമ്പതാം നൂററാണ്ടിന്റെ അവസാന കാലംതൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലംവരെയുള്ള കാലഘട്ടത്തിലുടനീളം, ആഭ്യന്തര തൊഴില്‍ അവസരങ്ങള്‍ ബോധപൂര്‍വം വര്‍ധിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങളെയും മുതലാളിത്തം ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സിന്റെ അഭിപ്രായത്തില്‍, വിദേശവിപണികള്‍ പിടിച്ചടക്കുന്നതിനായി മുതലാളിത്ത ശക്തികള്‍ തമ്മില്‍തമ്മില്‍ മത്സരാധിഷ്ഠിതമായ സമരം നടക്കുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു; അവ തമ്മിലുള്ള യുദ്ധത്തിനും അതായിരുന്നു കാരണം.
എന്നാല്‍ ഇക്കാര്യത്തില്‍ കെയിന്‍സിന് തെറ്റുപറ്റി-അദ്ദേഹത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തിലല്ല, മറിച്ച് അദ്ദേഹത്തിന് ലഭ്യമായ വസ്‌തുതകളുടെ കാര്യത്തില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലവും, മുതലാളിത്ത ചരിത്രത്തില്‍ താരതമ്യേന സമാധാനത്തിന്റെ കാലമായിരുന്നു. അതുകൊണ്ടാണ് വിപണിക്കുവേണ്ടിയുള്ള മത്സരാത്മകമായ സമരം പ്രായേണ ദൃശ്യമാകാതിരുന്നത്. അക്കാലത്തെ ഏറ്റവും പ്രമുഖ മുതലാളിത്ത ശക്തിയായിരുന്ന ബ്രിട്ടന് കൊളോണിയല്‍ വിപണികളില്‍ പ്രവേശിക്കുവാനുള്ള അവസരം ലഭിച്ചിരുന്നതും എതിരാളികളായ മുതലാളിത്ത ശക്തികളെ ബ്രിട്ടന്‍ തങ്ങളുടെ സ്വന്തം വിപണിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നതുമാണ് അതിന് ഇടയാക്കിയത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടന്‍ പ്രത്യക്ഷമായും മറ്റ് കൊളോണിയല്‍ ശക്തികള്‍ ബ്രിട്ടനിലൂടെ പരോക്ഷമായും കോളണികളിലെ വിപണികളില്‍ പ്രവേശിച്ചിരുന്നു എന്നര്‍ഥം. ഈ കോളണി രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നുതാനും. "സുദീര്‍ഘമായ പത്തൊമ്പതാം നൂറ്റാണ്ടിലെ'' (അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംതൊട്ട് ഒന്നാംലോക മഹായുദ്ധംവരെ) "സുദീര്‍ഘമായ കുതിപ്പി''നെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചത്, വിപണി ലഭ്യതയാണ്.
എന്നാല്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തില്‍ കെയിന്‍സിന്റെ അഭിപ്രായം ശരിയായിരുന്നു. കോളണികളിലെ വിപണി നഷ്‌ടമായതിനെത്തുടര്‍ന്ന് മുതലാളിരാജ്യങ്ങളിലെ ആഭ്യന്തര തൊഴില്‍ അവസര വികസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതുപോലും, "ഭദ്രമായ ഫിനാന്‍സും'' നിശ്ചിത കൈമാറ്റനിരക്കും കാരണം അവതാളത്തിലാകുമായിരുന്നു. അതുകാരണം സാമ്പത്തിക വികസനം തെല്ലിടനിലച്ചാല്‍പോലും തൊഴിലില്ലായ്‌മ വന്‍തോതില്‍ വര്‍ദ്ധിക്കുമായിരുന്നു.
അഗാധഗര്‍ത്തത്തിലേക്ക്
ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം, കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലേയും സാമ്പത്തിക പരിത:സ്ഥിതിയോട് സമാനതയുള്ളതാണ് ആനുകാലിക ലോക സമ്പദ് വ്യവസ്ഥ എന്ന അവസ്ഥ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വിരോധാഭാസം. അതോടൊപ്പം രണ്ടു വസ്‌തുതകള്‍കൂടി കൂട്ടിച്ചേര്‍ക്കുകയും വേണം. ഒന്നാമത്, കൊളോണിയല്‍ വിപണികളുടെ സഹായം മുതലാളിത്ത ശക്തികള്‍ക്ക് പഴയപോലെ ഇന്ന് ലഭ്യമല്ല. കോളണികള്‍ നിയമപരമായി ഇല്ലാതായിത്തീരുന്നുവെന്നതു മാത്രമല്ല അതിനുകാരണം; മറിച്ച് അവയ്‌ക്ക് നല്‍കാന്‍ കഴിയുന്ന ആശ്വാസം, ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ് എന്നതാണ്. രണ്ടാമത് സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ പെട്ടെന്നുണ്ടാവുന്ന നിശ്ചലത (മുതലാളിത്ത ലോകത്തില്‍ അത് അനിവാര്യമായ പ്രതിസന്ധിയാണ്) യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ പ്രതിസന്ധിയില്‍നിന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മയില്‍നിന്നും സ്വയം പുറത്തുകടക്കുന്നതിനുള്ള വഴികളൊന്നും ഇന്ന് മുതലാളിത്തത്തിന്റെ പക്കലില്ലതാനും. ഏറെക്കവിഞ്ഞാല്‍ ഒരു പുതിയ "കുമിള'' ഉയര്‍ന്നുവന്നേക്കാം എന്ന് അവര്‍ക്ക് പ്രത്യാശിക്കാം; എന്നാല്‍ അതും ക്ഷണിക സ്വഭാവത്തോടുകൂടിയതായിരിക്കും.
ഒറ്റനോട്ടത്തില്‍ ഇത് അസാധാരണമായി തോന്നാം. കാരണം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ ചോദനം കൈകാര്യംചെയ്യുന്നതിനായി സര്‍ക്കാര്‍ ഇടപെടണം എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു പ്രതിസന്ധി പരിഹാരമാര്‍ഗം കെയിന്‍സ്, മുതലാളിത്തത്തിന് കാണിച്ചുകൊടുത്തതായിരുന്നുവല്ലോ. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ ഉണ്ടാകുന്ന പ്രതിസന്ധിയുടെ പരിമാണത്തെ കെയിന്‍സ് കുറച്ചു കണ്ടു. വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ പ്രതിസന്ധി ഉണ്ടാകുന്ന ഈ പ്രവണതയെ പുറത്തുള്ള ഒരു ശക്തിക്കും തടയാന്‍ കഴിയില്ല. അതിനാല്‍ ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അത് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക്, ആത്മനാശത്തിലേക്ക്, തള്ളിവിടുന്നു. ഗ്രീസിലും യൂറോപ്പിലെ മറ്റ് തെക്കന്‍ രാജ്യങ്ങളിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇതിന് തെളിവാണ്.
എന്നാല്‍ ആത്മനാശത്തിലേക്കുള്ള ഈ നീക്കം, വ്യവസ്ഥയുടെ സ്വാഭാവികവും യാന്ത്രികവുമായ തകര്‍ച്ചയിലേക്ക് വഴിവെയ്‌ക്കുകയില്ല എന്ന് വ്യക്തമാണ്. മുതലാളിത്തം തകരുകയില്ല. പ്രവര്‍ത്തനത്തിലൂടെ അതിനെ തൂത്തെറിയേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടതുപക്ഷത്തിനും മറ്റ് പുരോഗമനശക്തികള്‍ക്കും ഒരു പ്രമുഖ സ്ഥനം വഹിക്കാനുമുണ്ട്. എന്നാല്‍ ഇതിന് ലോകത്തെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ചും ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച്, വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്.
കെയിന്‍സ് ആവിഷ്‌ക്കരിച്ച രണ്ട് വ്യവസ്ഥകള്‍ എങ്ങനെയാണ് ഇന്ന് നിറവേറ്റപ്പെടുന്നതെന്ന് നോക്കാം. അതില്‍ ഒന്നാമത്തേത് കൈമാറ്റനിരക്കിനെ സംബന്ധിച്ചതാണ്. ലോക സമ്പദ് വ്യവസ്ഥയിലെ പ്രധാന ശക്തികള്‍ക്കിടയില്‍, കൈമാറ്റനിരക്കിന്റെ കാര്യത്തില്‍ ഇന്ന് ഏറക്കുറെ ഒരു സ്ഥിരതയുണ്ടായിട്ടുണ്ട്-സര്‍ണ്ണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഉണ്ടാക്കപ്പെട്ട ഒരു സ്ഥിരതയല്ല അത്; മറിച്ച് നിരവധി പ്രായോഗിക കാരണങ്ങളാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സ്ഥിരത ഉണ്ടായി വന്നതാണ്. ചൈനയുടെ നേതൃത്വത്തില്‍ "ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍'' ലോക സമ്പദ് വ്യവസ്ഥയില്‍ വളരെ ഉയര്‍ന്ന മത്സരം കാഴ്‌ചവെയ്‌ക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. തൊഴിലാളികളുടെ കരുതല്‍സേന അവിടെ ഉയര്‍ന്ന അളവില്‍ ഉണ്ട് എന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലിചെയ്യിക്കാന്‍ കഴിയുന്നു. രണ്ടാമത് ചില പ്രത്യേക മേഖലകളില്‍ അവര്‍ക്ക് ഉയര്‍ന്ന സാങ്കേതികവിദ്യയും കൈവശമുണ്ട്. അതുകൊണ്ട് അവര്‍ക്ക് തൊഴിലാളികളില്‍നിന്ന് ഉയര്‍ന്ന നിരക്കിലുള്ള ഉല്‍പാദനക്ഷമത നേടാന്‍ കഴിയുന്നു.
"ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ'' ശക്തമായ മത്സരക്ഷമത കാരണം, മുതലാളിത്ത ലോകത്തിലെ മറ്റു ശക്തികള്‍ക്ക് വിദേശ വ്യാപാരത്തിന്റെ കാര്യത്തില്‍ വളരെ വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ നാണയങ്ങളെ അപേക്ഷിച്ച്, തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്താന്‍ പ്രധാന മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയുകയില്ല. കാരണം ലോകത്തിലെ സമ്പത്തില്‍ വളരെ വലിയ ഭാഗം അവരുടെ കയ്യിലാണ്. തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്തിയാല്‍ ലോകത്തിലെ സമ്പന്നരാഷ്‌ട്രങ്ങള്‍ക്ക് വളരെ വലിയ മൂലധന നഷ്‌ടം സംഭവിക്കും. അന്താരാഷ്‌ട്ര ധനമൂലധനത്തിന് അതുമൂലമുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ച് പറയേണ്ടതുമില്ലല്ലോ. യഥാര്‍ത്ഥത്തിലുള്ള മൂല്യശോഷണം പോയിട്ട്, മൂല്യശോഷണത്തെക്കുറിച്ചുള്ള ഭയംപോലും മുതലാളിത്ത ഫിനാന്‍സ് ലോകത്തില്‍ കടുത്ത അസ്ഥിരത സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്.
എന്നുതന്നെയല്ല, ജപ്പാന് (വളരെ വലിയ അളവില്‍ പൊതുകടം ഉണ്ടെങ്കിലും) വേണ്ടത്ര വിദേശ വിനിമയ കരുതല്‍ധനം കൈവശമുണ്ട്. ജര്‍മ്മനിക്കും വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് മിച്ചമുണ്ട്. അമേരിക്കയുടെ നാണയമാകട്ടെ, സ്വര്‍ണത്തെപ്പോലെതന്നെ വിലപിടിച്ചതാണ് എന്നാണ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് ലോകത്തെങ്ങും സ്വത്തു കൈവശംവെയ്‌ക്കുന്നതിനുള്ള വിശ്വസനീയമായ മാധ്യമമായി ഡോളര്‍ ഉപയോഗിക്കപ്പെട്ടുവരുന്നു. (അമേരിക്കയ്‌ക്ക് വളരെ വമ്പിച്ച അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയുണ്ടെന്നത് മറ്റൊരു കാര്യം). അതുകൊണ്ട് അവയുടെ നാണയങ്ങള്‍ക്ക് സ്വമേധയാ മൂല്യശോഷണംവരുത്താനുള്ള സാധ്യതയൊന്നും ഉടനെ ഇല്ല.
ഏറ്റവും ദുര്‍ബലമായ യൂറോ മേഖല
അതുകൊണ്ട്, പ്രായോഗിക ആവശ്യങ്ങള്‍ കണക്കിലെടുത്താല്‍, നിരവധി കാരണങ്ങളാല്‍, നാമിന്ന് നിശ്ചിത വിനിമയ നിരക്കിന്റെ ലോകത്തിലാണ് ജീവിക്കുന്നതെന്ന് കാണാം. എന്നാല്‍ പ്രധാന ലോക സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ച നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെയും, യൂറോമേഖലയ്‌ക്കുള്ളില്‍ നിയമപരമായിത്തന്നെ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ചയും (ഒരൊറ്റ നാണയത്തിന്റെ വാഴ്‌ചതന്നെ) നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖനാണയങ്ങള്‍ ഉള്‍പ്പെട്ട, ഫലത്തില്‍ നിശ്ചിതമായ വിനിമയനിരക്കിന്റെ വാഴ്‌ച പ്രധാന ആഗോള അസന്തുലിതത്വവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് നാം കണ്ടു. ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍ (ചൈന പ്രത്യേകിച്ചും) എല്ലാം കൂടിയെടുത്താല്‍, അവയ്‌ക്ക് വമ്പിച്ചതോതിലുള്ള കറന്റ് മിച്ചമാണുള്ളത്. അതേ അവസരത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് (പ്രത്യേകിച്ചും അമേരിക്കയ്‌ക്ക്) അതിന് ആനുപാതികമായി കറന്റ് കമ്മിയുമുണ്ട്. നിയമപരമായി നിശ്ചിത വിനിമയനിരക്കുള്ള മേഖലയിലെ, അതായത് യൂറോ മേഖലയിലെ, മത്സരക്ഷമത കുറവുള്ള സമ്പദ് വ്യവസ്ഥകളുടെമേല്‍ ഈ അസന്തുലിതത്വം ഉണ്ടാക്കുന്ന ആഘാതം അതീവ തീവ്രമാണ്. യൂറോ മേഖലയില്‍ത്തന്നെ ജര്‍മ്മനി കൂടുതല്‍ ശക്തമായ മത്സരക്ഷമത കാണിക്കുന്നതിനാല്‍ (കാരണം അവിടത്തെ കൂലിവളര്‍ച്ചയുടെ നിരക്ക് താരതമ്യേന വളരെകുറവാണ്) യൂറോ മേഖലയിലെ മത്സരക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥകളുടെ ദുരിതങ്ങള്‍ വളരെ കൂടുതലാണ്. ലോക മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്കുള്ളിലെ ഏറെ ദുര്‍ബലമായ, എളുപ്പത്തില്‍ പരിക്കേല്‍ക്കാവുന്ന മേഖലയാണത്.
ലോക വിപണിയില്‍ അവയുടെ മത്സരക്ഷമത താരതമ്യേന കുറവായതുകൊണ്ട്, മൊത്തം ചോദനത്തില്‍ വീഴ്‌ചയുണ്ടാകുമ്പോള്‍ അതിന്റെ പ്രതിസന്ധി വളരെ കടുത്തതായിരിക്കും. ഒറ്റ നാണയമുള്ള യൂറോ മേഖലയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ അവര്‍ക്ക് അവരുടെ നാണയത്തിന് മൂല്യശോഷണം വരുത്താന്‍ കഴിയില്ല. മാത്രമല്ല ധനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിനെ ഉപയോഗപ്പെടുത്താനും അതുവഴി ആഭ്യന്തര പ്രവര്‍ത്തനങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കാനും അവര്‍ക്ക് കഴിയുകയില്ല. സര്‍ക്കാരിന്റെ ധനപരമായ ഇടപെടലുകളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതുപോയിട്ട്, പ്രതിസന്ധികാരണം തങ്ങളുടെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനോ അതിനുവേണ്ടി സോഷ്യല്‍ ഡെമോക്രാറ്റിക് ഭരണങ്ങള്‍ ചെയ്യുന്നപോലെ "സാധാരണ നിലയി''ലുള്ള "സുരക്ഷാ'' നടപടികള്‍ കൈക്കൊള്ളുന്നതിനോ അവര്‍ക്ക് കഴിയുകയില്ല. കാരണം ഇത്തരം നടപടികളിലൂടെ ധനക്കമ്മി വര്‍ധിക്കുന്നത് ഫിനാന്‍സ് മൂലധനത്തിന് സ്വീകാര്യമായ മാര്‍ഗമല്ല. (മാസ്‌ട്രിച്ച് കരാറില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 3 ശതമാനം ധനക്കമ്മി എന്ന പരിധിക്ക് യുക്തമായ വിധത്തില്‍ ഇളവ് അനുവദിക്കാമെന്നുവെച്ചാല്‍പോലും അതിന് കഴിയില്ല). ധനമൂലധനത്തിന്റെ മേധാവിത്വത്തിന്‍കീഴില്‍ ഈ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങള്‍ വമ്പിച്ച തൊഴിലില്ലായ്‌മയ്‌ക്കും സാമൂഹ്യ സുരക്ഷാച്ചെലവിലെ വെട്ടിക്കുറവിനും കൂലി വെട്ടിക്കുറവിനും വേതനം വെട്ടിക്കുറവിനും (ഇങ്ങനെയൊക്കെ ചെയ്‌താല്‍ ഈ സമ്പദ് വ്യവസ്ഥകള്‍ മത്സരക്ഷമമായിത്തീരും എന്നാണ് കരുതപ്പെടുന്നത്) പരോക്ഷ നികുതികളുടെ വര്‍ധനയ്‌ക്കും ഇരയായിത്തീരും. വസ്‌തുവിന്മേലുള്ള പ്രത്യേക നികുതികള്‍ അടക്കം സമ്പന്നരുടെമേല്‍ പ്രത്യക്ഷനികുതി ചുമത്തുന്നത്, അവരെ സംബന്ധിച്ചിടത്തോളം തികച്ചും അചിന്ത്യംതന്നെയാണ്. (വസ്‌തുവിന്മേലുള്ള പ്രത്യേക നികുതിയാണ് ഏറ്റവും യോജിച്ച നികുതി രൂപം എന്നാണ് മൈക്കേല്‍ കലേക്കിയുടെ അഭിപ്രായം).
എന്നാല്‍ വികസിത മുതലാളിത്ത ലോകത്തിലെ ദുര്‍ബലവും വേഗത്തില്‍ പരിക്കേല്‍ക്കാവുന്നതുമായ മേഖലയില്‍ (അതായത് തെക്കന്‍ യൂറോപ്പില്‍) ഉയര്‍ന്നുവരുന്ന പ്രതിസന്ധി, ആ മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയില്ല; അതൊരു യൂറോപ്യന്‍ പ്രതിഭാസമായി മാത്രം ഒതുങ്ങിനില്‍ക്കുകയുമില്ല. യൂറോപ്പ് ഒരൊറ്റ നാണയമേഖലയായതുകൊണ്ട് വിനിമയനിരക്കില്‍ മൂല്യശോഷണം വരുത്താനുള്ള സാധ്യതയും ഇല്ല. "ഭദ്രമായ ധനകാര്യവ്യവസ്ഥ'' ഉപേക്ഷിക്കാനുള്ള സാധ്യതയും ഇല്ല. മുതലാളിത്ത ലോകത്തെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള, കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ള പ്രശ്‌നത്തിന്റെ ദുസ്സൂചനയാണ് അവരുടെ പ്രതിസന്ധി നല്‍കുന്നത്.
സര്‍ക്കാരിന്റെ ഇടപെടലും ആഗോളവല്‍ക്കൃത ഫിനാന്‍സും
മൊത്തം ചോദനത്തിലുണ്ടായ കുറവ് നികത്തുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് വാദിച്ചപ്പോള്‍ (അക്കാലത്ത് നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്‌മയുടെ നിലവാരം ഏറെക്കാലം സഹിക്കാന്‍ ലോകത്തിന് കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം) വിപണി വ്യവസ്ഥയുടെ പ്രവര്‍ത്തനംമൂലം സ്വകാര്യ പങ്കാളികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന, തടസ്സങ്ങളൊന്നുമില്ലാത്ത, ശരിക്കും പുറത്തുള്ള ഒരു "വസ്‌തു''വാണ് സര്‍ക്കാര്‍ എന്നാണ് അദ്ദേഹം കരുതിയിരുന്നത്. യാന്ത്രിക ഉത്തോലകത്തിന്റെ തത്വം അറിയാമായിരുന്ന ആര്‍ക്കിമെഡിസ് ഇങ്ങനെ പറയുകയുണ്ടായത്രെ: "എനിക്ക് നില്‍ക്കാനൊരു ഇടം തരൂ; എന്നാല്‍ ഞാന്‍ ഭൂമിയെ ഒരു ഉത്തോലകംകൊണ്ട് നീക്കിക്കാണിച്ചുതരാം''. കെയ്ന്‍സിന്റെ സങ്കല്‍പനത്തില്‍ സര്‍ക്കാര്‍ എന്നത്, ആര്‍ക്കിമെഡിസിന്റെ "നില്‍ക്കാനുള്ള ഇടം'' പോലെ എന്തോ ആണ്. അത് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പുറത്താണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന് പോരായ്‌മകളെ തിരുത്താനും അതിനെ തത്വത്തില്‍ സ്ഥായിയാക്കിത്തീര്‍ക്കാനും കഴിയും. ചുരുക്കത്തില്‍ മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയുടെ പുറത്താണ് അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
കെയ്ന്‍സിന്റെ നിലപാടിനെതിരെ ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മാതൃകാപരമായി ഊന്നിപ്പറഞ്ഞത്, ഭരണകൂടം എന്നത് സ്വയം ഭരണാധികാരമുള്ള അസ്‌തിത്വമല്ല, അതിന് വര്‍ഗസ്വഭാവമുണ്ട് എന്നാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയെ സ്ഥിരീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇടപെടലിന് അത് പരിധി നിശ്ചയിക്കും. (ഉദാഹരണത്തിന് പൂര്‍ണ്ണമായും യഥാര്‍ഥമായും ഉള്ള തൊഴില്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് അതിന് കഴിയുകയില്ല. കാരണം തൊഴില്‍ സേനയുടെ ഒരു കരുതല്‍ ശേഖരമില്ലാതെ മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. അച്ചടക്കം നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന വിധത്തിലുള്ള കരുതല്‍ ശേഖരമല്ല, മറിച്ച് കൂലി താഴ്ത്തി നിര്‍ത്താന്‍ ഉതകുന്നവിധത്തില്‍ വലിയ അളവിലുള്ള കരുതല്‍ ശേഖരമാണ് വേണ്ടത്). സര്‍ക്കാരിന്റെ ഇടപെടലിന്റെ രീതിയേയും ഈ വര്‍ഗ്ഗ സ്വഭാവം സ്വാധീനിക്കുന്നതാണ്. (ഉദാഹരണത്തിന് സൈനികച്ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടപെടും.) ചുരുക്കത്തില്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണ്ണമായ തൊഴില്‍ കൈവരിക്കാന്‍ കഴിയും എന്ന കെയ്ന്‍സിന്റെ ശുഭാപ്‌തിവിശ്വാസത്തെ വിമര്‍ശിച്ച ഇടതുപക്ഷക്കാര്‍പോലും, മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയ്‌ക്കുപുറത്താണ് ഭരണകൂടം നിലയുറപ്പിച്ചിട്ടുള്ളത്, എല്ലാ വിപണി പങ്കാളികളുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് അതിനുള്ളത് എന്ന അദ്ദേഹത്തിന്റെ സങ്കല്‍പനത്തെ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല.
പക്ഷേ, ധന മൂലധനത്തിന്റെ ആഗോളവല്‍ക്കരണത്തോടുകൂടി, ആ ധാരണകൂടി ഉപേക്ഷിക്കേണ്ടിവന്നു. മുതലാളിത്ത ലോകത്തിന്റെ നേതാവായ അമേരിക്കന്‍ ഐക്യനാടുകളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളുടെ കാര്യത്തിലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഈ ധാരണ ഉപേക്ഷിക്കേണ്ടിവരും എന്ന വസ്‌തുതപോലും അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ അതിനാവശ്യമായ വാദമുഖം താഴെ പറയുന്ന രീതിയിലാണ് മുന്നോട്ടുവെയ്ക്കപ്പെട്ടത്-ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്റെ അഭിലാഷങ്ങള്‍ക്കും ചാപല്യങ്ങള്‍ക്കും എതിരായി ഒരു ദേശരാഷ്‌ട്രം എന്തെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ആ രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍നിന്ന് മൂലധനം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് അത് കാരണമായിത്തീരും; അതിനാല്‍ ഈ ചാഞ്ചാട്ടങ്ങളുമായി ഒത്തുപോകാന്‍ ആ രാഷ്‌ട്രം നിര്‍ബന്ധിതമായിത്തീരുന്നു. കെയിന്‍സിന്റെ ഇടപെടല്‍വാദത്തെ അത് അസാധ്യമാക്കുന്നു. എന്നാല്‍ കെയ്ന്‍സിന്റെ ധാരണയ്‌ക്കെതിരായ വാദം ഇതിനേക്കാള്‍ ശക്തമാണ്.
രാഷ്‌ട്രത്തിന്റെ പരമാധികാരം നഷ്‌ടപ്പെടുന്നു
ഭരണകൂടവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ ആ രാജ്യത്തില്‍നിന്ന് മൂലധനവുമായി പലായനം ചെയ്യുന്നതിലൂടെ മാത്രമല്ല ആഗോളവല്‍ക്കൃത ധനമൂലധനത്തിന് കെയ്ന്‍സിന്റെ ശൈലിയിലുള്ള സര്‍ക്കാര്‍ ഇടപെടലിനോട് കലഹിക്കാന്‍ കഴിയുന്നത്. അതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ധനമൂലധനത്തിന് ചെയ്യാന്‍ കഴിയും. വായ്‌പ വാങ്ങുന്നതില്‍നിന്ന് സര്‍ക്കാരിനെ തടയാനും അതിന് കഴിയും. രാഷ്‌ട്രത്തിനുള്ളില്‍ നിലനില്‍ക്കുന്ന 'വിശ്വാസ'ത്തെ അട്ടിമറിക്കാനും അതിന് കഴിയും. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ ഉപയോഗപ്പെടുത്തുക എന്ന ലളിതമായ ഉപായത്തിലൂടെ ഒരു രാഷ്‌ട്രത്തെ വായ്‌പ കൊടുക്കാന്‍ കൊള്ളാത്തതാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന് കഴിയും. ('സബ്പ്രൈം' പ്രതിസന്ധിയിലൂടെ കുപ്രസിദ്ധമായിത്തീര്‍ന്ന അവ വീണ്ടും ബഹുമാന്യത തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. പരമാധികാര രാഷ്‌ട്രങ്ങള്‍ എന്നു വിളിക്കാവുന്ന രാജ്യങ്ങളുടെ വിധി നിര്‍ണയിക്കുന്ന സര്‍വ്വശക്തരായ മധ്യസ്ഥന്മാരുടെ നിലയിലേക്ക് അവര്‍ വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്). മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 13 ശതമാനം ധനകമ്മിയുള്ള ഗ്രീസിനെ കടംകൊടുക്കാന്‍ കൊള്ളാത്ത രാജ്യമായി പ്രഖ്യാപിച്ചതിലെന്താണ് തെറ്റ് എന്ന് ശുദ്ധാത്മാക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ 6 ശതമാനം മാത്രം ധനക്കമ്മിയുള്ള എസ്ത്തോണിയക്കും അതേ വിധി വരുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അവര്‍ പാടുപെടേണ്ടിവരും.
അതെന്തായാലും, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ ഔചിത്യമല്ല ഇവിടെ പരാമര്‍ശവിഷയം; ആഗോളവല്‍ക്കൃത ധനമൂലധനത്തിനെതിരായ ധാര്‍മ്മികമായ ആക്രമണവുമല്ല. ലളിതമായി പറഞ്ഞാല്‍ കാര്യം ഇതാണ്: പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍ണമായും നടപ്പാക്കപ്പെട്ടുകഴിഞ്ഞ ഒരു രാജ്യത്ത്, രാഷ്‌ട്രത്തിന്റെ നിയന്ത്രണമില്ലാത്ത സ്വയംഭരണ സ്ഥാപനമായി കേന്ദ്രബാങ്ക് മാറിത്തീര്‍ന്ന ഒരു രാജ്യത്ത് (അല്ലെങ്കില്‍ ഗ്രീസിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രബാങ്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ളിലേക്ക് ചുമ്മാ അപ്രത്യക്ഷമായിത്തീര്‍ന്ന ഒരു രാജ്യത്ത് എന്നും പറയാം), സ്വന്തം ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി അന്താരാഷ്‌ട്ര ഫിനാന്‍ഷ്യല്‍ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ വന്ന ഒരു രാജ്യത്ത്, അതായത് ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് വിപണി വ്യവസ്ഥയ്‌ക്കുപുറത്ത് നില്‍ക്കുന്ന ഒരു വസ്‌തുവല്ല രാഷ്‌ട്രം എന്നു വന്നിരിക്കുന്നു. മറ്റ് വിപണി പങ്കാളികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല അതും എന്ന അവസ്ഥ വന്നിരിക്കുന്നു. രാഷ്‌ട്രം സ്വയം വിപണിയുടെ ഒരു ഭാഗമായി കഴിഞ്ഞതുകൊണ്ട്, വിപണിയുടെ വീഴ്‌ചകള്‍ തിരുത്താനുള്ള ശക്തി സാമൂഹ്യശാസ്‌ത്രപരമായി അതിനില്ല എന്നതോ പോകട്ടെ, സാങ്കല്‍പികമായിപ്പോലും അതിനുണ്ടാവുകയില്ല. പ്രതിസന്ധിയെക്കുറിച്ച് ശാസനാപൂര്‍വ്വം ജല്‍പ്പിക്കുന്ന ഏതൊരു സാധാരണ മുതലാളിത്ത പങ്കാളിക്കും കഴിയുന്നതിനേക്കാള്‍ അധികമൊന്നും വിപണിയുടെ തെറ്റുതിരുത്താന്‍ രാഷ്‌ട്രത്തിനും കഴിയുകയില്ല. കാരണം അത്തരം വിപണി പങ്കാളികളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന പദവിയൊന്നും രാഷ്‌ട്രത്തിനുമില്ല. രാഷ്‌ട്രം വാങ്ങിച്ച വായ്‌പയെ വേണമെങ്കില്‍ "പരമാധികാരവായ്‌പ'' എന്ന് വിളിക്കാം, എന്നാല്‍ ഒരര്‍ഥത്തിലും അത് "പരമാധികാര രാഷ്‌ട്ര''മല്ല. ഈ യാഥാര്‍ത്ഥ്യം ഇന്ന് ഗ്രീക്കുകാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ആര്‍ക്കിമീഡിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്‌ട്രത്തിന് "നില്‍ക്കാനുള്ള ഇടം'' നഷ്‌ടപ്പെട്ടിരിക്കുകയാണ്. അവിടെനിന്നുകൊണ്ട് വേണമായിരുന്നല്ലോ വ്യവസ്ഥയെ നീക്കാന്‍!
ജനാധിപത്യത്തിന്റെ ശീര്‍ഷാസനം
രാഷ്‌ട്രത്തിന്റെ ഭാഗത്തുണ്ടായിരുന്ന "പരമാധികാരം'' നഷ്‌ടപ്പെട്ടത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയയുടെ മറുവശമാണ് എന്നതാണ് വസ്‌തുത. അതേ പ്രക്രിയയിലൂടെത്തന്നെ ധനമൂലധനം ഇതേ 'പരമാധികാര'ത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യുന്നു. ഒരെണ്ണത്തിന് 'പരമാധികാരം' നഷ്‌ടപ്പെട്ടാല്‍, മറ്റൊരെണ്ണത്തിന് പുതിയ തരത്തിലുള്ള ഒരു പരമാധികാരം നേടാന്‍ കഴിയും എന്ന വസ്‌തുത പ്രകടമാണല്ലോ. അത് ആവര്‍ത്തിച്ച് വിശദമാക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ തലകീഴ്‌മറിച്ചിലിന്റെ കാര്യവും അങ്ങനെതന്നെയാണ്. ജനാധിപത്യം എന്നതിനര്‍ഥം ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന രാഷ്‌ട്രം എന്നാണ്; ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുള്ള രാഷ്‌ട്രം എന്നാണ്; ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സ്വന്തം കഴിവില്‍നിന്ന് തത്വത്തിലെങ്കിലും, സ്വന്തം നിയമസാധുത്വം ആര്‍ജിക്കുന്ന രാഷ്‌ട്രം എന്നാണ്. എന്നാല്‍ വിപണിയിലെ ഒരു പങ്കാളി മാത്രമായ രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങള്‍ക്കുമുമ്പില്‍ കണക്ക് ബോധ്യപ്പെടുത്താന്‍ സ്വയം ബാധ്യസ്ഥമായ ഒരു രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിനായി ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ തയ്യാറാവുന്ന ഒരു രാഷ്‌ട്രം (അതിന് ഇഷ്‌ടമുണ്ടെങ്കിലും ഇല്ലെങ്കിലും) ജനാധിപത്യത്തിന്റെ മൌലികമായ നിഷേധത്തെയാണ് പ്രതിനിധീകരിക്കുന്നത്.
രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം, ജനങ്ങളും ഫിനാന്‍സ് മൂലധനവും ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലംമാറ്റിയപോലെയാണ് തോന്നുന്നത്. എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞപോലെയാണ് തോന്നുന്നത്. ഏതാണോ നിയന്ത്രിക്കപ്പെടേണ്ടത്, അത് നിയന്ത്രണ ജോലി സ്വയം ഏറ്റെടുക്കുന്നു; മറ്റുള്ളവയുടെമേല്‍ നിയന്ത്രണം നിര്‍വഹിക്കേണ്ടതെന്ന് കരുതപ്പെടുന്ന രാഷ്‌ട്രം, അതിനുപകരം നിയന്ത്രിക്കപ്പെടുന്നു. ഗ്രീസ് തന്നെയാണ് നല്ല ഉദാഹരണം. ജനങ്ങളെ ഏതളവുവരെ ഞെക്കിപ്പിഴിയണം എന്ന്, ധനമൂലധനത്തിന്റെ തൃപ്‌തിക്കനുസരിച്ച് അവിടെ രാഷ്‌ട്രം നിശ്ചയിക്കുകയാണ്. ഇതൊക്കെ ചെയ്യുന്നതാകട്ടെ, ഏതെങ്കിലും അട്ടിമറിയിലൂടെയല്ല, പിന്നില്‍കൂടിയുള്ള ഗൂഢതന്ത്രങ്ങളിലൂടെയല്ല; അദൃശ്യമായ മായാജാലത്തിലൂടെയുമല്ല. പട്ടാപ്പകല്‍, തുറന്നനിലയ്‌ക്ക്, വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ട തികച്ചും ന്യായയുക്തമായ ഒരു പ്രവൃത്തി എന്ന നിലയിലാണ് അത് ചെയ്യുന്നത്. അതേ അവസരത്തില്‍ അതിനെ എതിര്‍ക്കുന്നവരെയാകട്ടെ, യുക്തിഹീനരെന്നും അര്‍ഥശൂന്യരെന്നും വിവേകശൂന്യരെന്നും മറ്റും വിളിക്കുകയും ചെയ്യുന്നു. ധനമൂലധനത്തിന്റെ മേധാവിത്വത്തിന്റെ പരിവര്‍ത്തനം പൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് ഈ പ്രക്രിയ പൂര്‍ണമായി നടപ്പാക്കുന്നതിനെ തടഞ്ഞ ഇടതുപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പുരോഗമനശക്തികളുടെയും ദൃഢമായ നിലപാടിനോട് നാം നന്ദിപറയേണ്ടിയിരിക്കുന്നു. എന്നാല്‍ പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ശക്തികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല. അവരുടെ ഈ ശ്രമങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്‌ട്ര ധനമൂലധനമാണ് എന്നതിനാല്‍ അതില്‍ വലിയ അത്ഭുതത്തിനും അവകാശമില്ല.
ഐഎംഎഫിലെ മുഖ്യസാമ്പത്തികവിദഗ്ധനായിരുന്ന രഘുറാം രാജന്‍ ചെയര്‍മാനായി ഒരു സാമ്പത്തിക പരിഷ്‌ക്കരണ കമ്മീഷനെ ആസൂത്രണക്കമ്മീഷന്‍ നിയമിക്കുകയുണ്ടായി. (ഇക്കാര്യത്തില്‍ ആസൂത്രണക്കമ്മീഷന് എന്താണ് കാര്യം എന്നത് ദുരൂഹതയായിത്തന്നെ അവശേഷിക്കുന്നു). ഇന്ത്യയിലെ ഗവണ്‍മെന്റ് ബോണ്ടുകളുടെ വിപണി അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണം എന്നാണ് ആ കമ്മീഷന്‍ ഈയിടെ നടത്തിയ ഒരു ശുപാര്‍ശ. ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങളോട് സംവേദനക്ഷമത കാണിക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ കയ്യിലെ വെറുമൊരു കളിപ്പാവയായി ഇന്ത്യാ ഗവണ്‍മെന്റും മാറും. ഈ നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ സഹായം അവസാനിപ്പിക്കല്‍
എന്നാല്‍ വെറുമൊരു വിപണി പങ്കാളിയായി രാഷ്‌ട്രം ചുരുക്കപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം, ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായ മറ്റൊന്നാണ്. ലെ മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയോടെ മുതലാളിത്ത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഏതാനും മുതലാളിത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ധനപരമായി ഇടപെട്ടതുമൂലം ഏറ്റവും മോശപ്പെട്ട അവസ്ഥ സംഭവിക്കുന്നത് തടയാന്‍ കഴിഞ്ഞു. തങ്ങളുടെ ധനവ്യവസ്ഥയെ രക്ഷിക്കുന്നതിനും തങ്ങളുടെ അതത് സമ്പദ് വ്യവസ്ഥകളില്‍ പ്രവര്‍ത്തനതലങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി രാഷ്‌ട്രങ്ങള്‍ കൈക്കൊണ്ട നടപടികള്‍ കാരണം അവയ്‌ക്ക് വമ്പിച്ച ധനക്കമ്മി അനുഭവിക്കേണ്ടിവന്നു. അത്തരം സുരക്ഷാ പാക്കേജുകള്‍ക്ക് നീക്കിവെയ്ക്കേണ്ടിവന്ന മൊത്തം തുക അവയുടെ ബജറ്റുകളില്‍ വകയിരുത്തിയതിനേക്കാള്‍ എത്രയോ വലിയതായിരുന്നു. അത്തരം സുരക്ഷാ പാക്കേജുകളില്‍ എല്ലാ തരത്തിലുള്ള ഉറപ്പുകളും സഹായങ്ങളുംഉള്‍പ്പെട്ടിരുന്നതുകൊണ്ടാണത്. ഉദാഹരണത്തിന് ഫിനാന്‍ഷ്യല്‍ വ്യവസ്ഥകളുടെ രക്ഷയ്‌ക്കായി അമേരിക്ക തയ്യാറാക്കിയ പാക്കേജുകളുടെ മൊത്തം ചെലവ് 13 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. ബജറ്റില്‍ നീക്കിവെച്ചതിനേക്കാള്‍ എത്രയോ ഭീമമായ തുകയാണത്. അതെന്തായാലും, ബജറ്റിലൂടെയുള്ളതായാലുംശരി, ബജറ്റിന് പുറത്തുള്ളതായാലും ശരി, സര്‍ക്കാര്‍ നല്‍കിയ സഹായംവഴി പ്രതിസന്ധിയുടെ വലിപ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.
എന്നാല്‍ ഇന്നിപ്പോള്‍ നാം കാണുന്നത്, ഈ സര്‍ക്കാര്‍ സഹായത്തില്‍ ഒരു ഭാഗമെങ്കിലും ഒഴിവാക്കുന്നതിനുള്ള സംഘടിതമായ ശ്രമമാണ്. ധനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം പിന്‍വലിക്കുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാതിരിക്കില്ല. സാമ്പത്തിക ഉത്തേജനം തുടര്‍ന്ന് നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍, സാമ്പത്തിക ഉത്തേജനം നിലനിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ വായ്‌പാ വിതരണ കഴിവ് ഇടിയുകയാണെങ്കില്‍, പണച്ചുരുക്ക നടപടികള്‍ അനിവാര്യമായിത്തീരും. അത്തരം നടപടികള്‍ക്ക് ചൂതാട്ട ഫലമാണുണ്ടാവുക. അത്തരം നടപടികള്‍ തെക്കന്‍ യൂറോപ്പിലോ ബ്രിട്ടനിലോ മറ്റോ ഏര്‍പ്പെടുത്തിയെന്നിരിക്കട്ടെ. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തലത്തില്‍ മറ്റു ചില രാജ്യങ്ങളിലും അത് മാന്ദ്യത്തിന്റെ ഫലമുണ്ടാക്കും. അതാകട്ടെ, ഈ സമ്പദ് വ്യവസ്ഥകളില്‍ ധനക്കമ്മി ഉണ്ടാകുന്നതിനും ഇടവരുത്തും. അത്തരം മാന്ദ്യത്തിന്റെ ആഘാതങ്ങളെ ചെറുക്കുന്നതിന് അവയുടെ സമ്പദ് വ്യവസ്ഥകളെ ധനപരമായി ഉത്തേജിപ്പിക്കുന്നതിനുള്ള വ്യക്തമായ ശ്രമങ്ങള്‍ നടത്തുന്നില്ലെങ്കില്‍ കൂടി ഇങ്ങനെ സംഭവിക്കും. കാരണം മറ്റ് കാര്യങ്ങളില്‍ തുല്യമായ സ്ഥിതിയാണെങ്കില്‍ അവയുടെ നികുതി വരുമാനം ഇടിയും. ഇതിന്റെ ഫലമായി ഈ സമ്പദ് വ്യവസ്ഥകളുടെ വായ്‌പാ ലഭ്യ സാധ്യത വീണ്ടും ഇടിയും. ഇത്തരം വായ്പാ ലഭ്യ സാധ്യതയുടെ ഇടിവിന് അമേരിക്ക ഇപ്പോള്‍ വിധേയമല്ലെങ്കിലും, മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഭാവിയില്‍ അമേരിക്ക അതിനു വിധേയമാകുന്നതിനുള്ള സാധ്യതയില്ലെങ്കിലും, ധനക്കമ്മി കുറയ്‌ക്കുന്നതിന് അമേരിക്കന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരുമ്പോള്‍, നിയന്ത്രിതമായി എന്ന് പ്രത്യക്ഷത്തില്‍ തോന്നപ്പെടുന്ന മുതലാളിത്ത പ്രതിസന്ധി വരും മാസങ്ങളില്‍ വീണ്ടും രൂക്ഷമായിത്തീരാനിടയുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ മുതലാളിത്തത്തിന് താങ്ങുകൊടുത്ത് അതിനെ നിലനിര്‍ത്തിയിരുന്ന സാമ്പത്തിക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍, മുതലാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുള്ള സ്വയം തകര്‍ച്ചയിലേക്കുള്ള പ്രവണത കാണപ്പെടുന്നത് എന്തുകൊണ്ടാണ് ? മുതലാളിത്തം ആസൂത്രിതമായ ഒരു വ്യവസ്ഥയല്ല എന്ന വസ്‌തുതയിലാണ് ഭാഗികമായി അതിനുള്ള ഉത്തരം കിടക്കുന്നത്. മുതലാളിത്തത്തിന്റെ ചലനങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുള്ള പ്രവണതകളെയാണ് ആശ്രയിക്കുന്നത്. അതുമൂലം മുതലാളിത്തത്തിന് സ്വമേധയാ ഉള്ള യാദൃച്ഛികത്വം ലഭിക്കുന്നു. സ്വമേധയാ ഉള്ള ഈ യാദൃച്ഛികത്വമാകട്ടെ, മുതലാളിത്തത്തെ ആത്മനാശത്തിന്റെ മാര്‍ഗത്തിലേക്ക് തള്ളി വിട്ടേക്കാനും ഇടയുണ്ട്. "ഭദ്രമായ ഫിനാന്‍സ്'' എന്ന ആശയം ഉപേക്ഷിക്കുന്നതിനോട് അന്താരാഷ്‌ട്ര ധന മൂലധനത്തിനുള്ള എതിര്‍പ്പ്, ഈ യാദൃച്ഛികതയുടെ ഒരു ഭാഗമാണ്. (അത്തരം 'ഭദ്രമായ ഫിനാന്‍സ്' സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിനീക്കാനുള്ള സാധ്യതയുണ്ടെങ്കിലും). ആഗോളവല്‍ക്കൃത ധനമൂലധനത്തിനുമേല്‍ തങ്ങളുടെ ആജ്ഞ അടിച്ചേല്‍പിക്കാന്‍ കഴിവുള്ള ഒരു ആഗോള മുതലാളിത്തരാഷ്‌ട്രം ഇന്നില്ല എന്ന വസ്‌തുതയിലാണ് നാം ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരത്തിന്റെ മറ്റൊരു ഭാഗം കിടക്കുന്നത്. അത്തരമൊരു ആഗോള മുതലാളിത്ത രാഷ്‌ട്രത്തോട് ഏറ്റവും അടുത്തു കിടക്കുന്ന ബദല്‍ എന്ന നിലയില്‍ കണക്കാക്കാവുന്ന അമേരിക്കന്‍ ഐക്യ നാടുകളാകട്ടെ, വളരെയധികം കടബാധ്യതയുള്ള സമ്പദ് വ്യവസ്ഥയോടുകൂടിയതാണ്. വളരെ വമ്പിച്ച വാര്‍ഷിക കറന്റ് അക്കൌണ്ട് കമ്മിയോടുകൂടിയാണ് അത് നിലനില്‍ക്കുന്നത്. പഴയകാലത്ത് ബ്രിട്ടന്‍ ചെയ്തിരുന്നപോലെ, കോളണികളിലെ വിപണികള്‍ വെട്ടിപ്പിടിച്ചുകൊണ്ടും കോളണികളിലെ മിച്ചധനം തട്ടിയെടുത്തുകൊണ്ടും, ഇന്ന് ഈ കറന്റ് അക്കൌണ്ട് കമ്മി നികത്താന്‍ കഴിയുകയില്ല. അതുകൊണ്ടാണ് ലോക മുതലാളിത്തം താഴോട്ട് മുതലക്കൂപ്പ് കുത്തുമ്പോള്‍, ആ വീഴ്‌ചയെ താങ്ങിനിര്‍ത്തുന്നതിന് കഴിവുള്ള ഒരു ശക്തി ഇല്ലാതെ പോയത്.
******
പ്രഭാത് പട്നായിക്
No comments:
Post a Comment