Wednesday, 30 June 2010
രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായാണ് പലസ്‌തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്‌തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.
കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്‌തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്‌ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്‌ക്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്‌ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്.
അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്‌തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്‌റ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്‌ക്ക് രൂപം നല്‍കി.
അറബ് ക്രിസ്‌ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്‌തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്‌തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു.
പലസ്‌തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്‌ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്‌തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്‌മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്‌ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്‌ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്‌തീന് ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം പാലസ്‌തീന് നല്‍കിയ 'രാഷ്‌ട്രപദവി' പാലസ്‌തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്‌തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്‌ട്രീയ മൂല്യങ്ങളെയും രാഷ്‌ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്‌ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്‌ട്രീയ ഇസ്ളാം മധ്യപൌരസ്‌ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്‌ദുള്‍ നാസറിന്റെ സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്‌ട്രീയ ഇസ്ളാം' കടന്നു വന്നു.
മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.
ദേശരാഷ്‌ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്‌ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്‌ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്‌റ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി.
മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്‌ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്‌തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതണ്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്‌ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്‌റ്റുകള്‍ക്ക് കഴിഞ്ഞു.
ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്‌റ്റ് സംഘങ്ങള്‍ പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ് ' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്‌തു.
ഫത്ത പാര്‍ടിയും ഹമാസും രാഷ്‌ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്‌റ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്‌ത്യന്‍ അറബികള്‍, പലസ്‌തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്‌തീന്‍ മാറി. രാഷ്‌ട്രീയമായി ഐക്യപ്പെട്ട പലസ്‌തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്‌ട്രമായി മാറാനുള്ള യോഗ്യത പലസ്‌തീനിനില്ല' എന്ന സയണിസ്‌റ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്.
വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്‌ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്‌റ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്‌ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്‌തീന്‍ ജനതയ്‌ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്‌ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്‌തീന്‍.
******
ഡോ. പി ജെ വിന്‍സന്റ്, കടപ്പാട് : ദേശാഭിമാനി
(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം)
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്ത്രവും
വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്‌ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്‌റ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്‌നിച്ചത്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്‌ചാത്തലത്തിലാണ്.
ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്‌ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്‌ടം രാജവാഴ്‌ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്.
ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്‌ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്‌ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.
ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്‌ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്‌ട്രവാദംപോലെതന്നെ രാഷ്‌ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്‌ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്‌ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്.
സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (WORLD MUSLIM CONGRESS) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്‌ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്‌തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്‌ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി.
റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ് '' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്.
സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്‌ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നതാണ്.
പ്രശസ്‌ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിൿമോവ്സ്‌കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്‌തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്‌തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്‌കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്‌റ്റുകാരുടെ 'ജനാധിപത്യമില്ലായ്‌മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്‌റ്റുകാരും ക്രൈസ്‌തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്‌കോവ്സ്‌കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി.
വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിൿമോവിസ്‌കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്‌റ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്‌തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്‌റ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്‌ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.
*****
കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)
Tuesday, 29 June 2010
ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു. വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്. എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്‌ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്‌ട്രം സൃഷ്‌ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്‌ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്.
1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ് ' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി.
എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്‌ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്‌ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്.
മതം രാഷ്‌ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്‌ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്‌തിലെ മുസ്ളിം ബ്രദര്‍ഹുഡ്(ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ.
മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്‌മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡുകാര്‍ ഈജിപ്‌തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്‌ദ് അൿബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.
ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്‌തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്‌റ്റോൺസ് '. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും.
ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്‌റ്റോൺസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്‌ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107).
ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്‌ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86)
ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്‌റ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.
ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്‌മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക:
"താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്‌ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്‌സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്‌ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്‌മീര്‍ (കാശ്‌മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ് ''.
ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്‌മീരിലും രണ്ടാണ്. കാരണം കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്.
മേല്‍വിവരിച്ച ഇസ്ളാമും, രാഷ്‌ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്‌ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്‌തു എന്നു പറയുന്നത് യാദൃച്‌ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്‌ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്‌ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.
****
ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ രണ്ടാമത്തെ ലേഖനം)
എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്‌ട്രീയഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്‌ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്‌ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്‌തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ:
"ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്‌ക്കാരം വാസ്‌തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്‌തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ''.
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യ പരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്‌ക്ക്ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍.
മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്‌ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്‌ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്‌ട്രീയവും അവിച്‌ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്‌ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്‌ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്‌മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്‌മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്‌മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്‌മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്.
മാർൿസിസത്തിനും മാർൿസിസ്‌റ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്‌താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്‌തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വംസകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി.
അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്‌ട്രവാദത്തിൽ അധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്‌ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്‌ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നൿസലൈറ്റുകളെയും മുന്‍ റോയിസ്‌റ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്‌ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്തണം''.
*****
കടപ്പാട് : ദേശാഭിമാനി
( എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആദ്യത്തെ ലേഖനം)
Sunday, 27 June 2010
ഗുജറാത്ത് നരഹത്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍
ഗുജറാത്തിലെ കലാപബാധിത മേഖലകളിൽ നിലനിൽക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന് എങ്ങനെ അയവുണ്ടാവുമെന്നാണ് താങ്കള്‍ കരുതുന്നത് ?
കലാപബാധിതര്‍ക്ക് നീതിലഭിക്കാതെ അവിടെ നിലനിൽക്കുന്ന ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം ഒഴിവാകുകയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വവും സിവിൽ ഭരണകൂടവും പിന്തുടരുന്ന വിദ്വേഷമുണര്‍ത്തുന്ന കൂട്ട ആക്രമണങ്ങള്‍ക്ക് പ്രചോദനം പകരുന്ന നയങ്ങള്‍ക്ക് അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. ഒപ്പംതന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ഒരു പരിധിവരെയെങ്കിലും തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൊണ്ട് കലാപത്തിലെ ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. അവരോടൊപ്പം നിന്നുകൊണ്ട് മാത്രമേ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും മുറിവുണക്കാനും കഴിയുകയുള്ളൂ.
2009-ൽ പുറത്തിറങ്ങിയ താങ്കളുടെ ഏറ്റവും പുതിയ പുസ്തകം "ഭയവും പൊറുക്കലും-ഗുജറാത്ത് കലാപത്തിനുശേഷം'' അനുരഞ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. പ്രായോഗിക തലത്തിൽ ഇത് സാധ്യമാണോ?
ഭയാശങ്കയുടെ നിഴലിൽ കീഴടങ്ങലിന്റേതായ ഒരു അന്തരീക്ഷം നിലനിൽക്കുമ്പോള്‍ കലാപത്തിലെ ഇരകള്‍ എല്ലാം മറക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരാന്‍ പ്രയാസമാണ്. ഇരകള്‍ക്ക് നീതി നൽകിക്കൊണ്ട് മാത്രമെ ഈ പ്രത്യേക അവസ്ഥാ വിശേഷത്തിന് മാറ്റം വരുത്താന്‍ കഴിയൂ. അല്ലാതെയുള്ള ഏതുതരം ഒത്തുതീര്‍പ്പും ശാശ്വതമായിരിക്കില്ലെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തിലെ ഒരു ന്യൂനപക്ഷവിഭാഗം കിരാതമായി ആക്രമിക്കപ്പെട്ടു എന്നതും അവര്‍ക്ക് നീതി ലഭ്യമായില്ല എന്ന യഥാര്‍ത്ഥ്യവും ഭൂരിപക്ഷസമൂഹം ഉള്‍ക്കൊള്ളുക കൂടി ചെയ്‌താലേ ശാശ്വതമായ ഒരു സാമുദായിക ഐക്യത്തിന്റെ സാഹചര്യം ഉരുത്തിരിയുകയുള്ളൂ. കലാപ ബാധിതരോട് ആത്മാര്‍ത്ഥതയോടെ സഹാനുഭൂതി കാട്ടേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഒരു കാലത്തും ശാശ്വത സമാധാനം നിലവിൽ വരരുതെന്നുള്ള വ്യക്തമായ ധാരണയോടെയാണ് ഗുജറാത്തിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സമുദായങ്ങള്‍ക്കിടയിലെ അകൽച്ച വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമെ ഉതകുകയുള്ളൂ. എന്നാൽ നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക പൈതൃകം പേറുന്ന ഇന്ത്യന്‍ ജനത സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ സമുദായഐക്യം നിലനിര്‍ത്തുമെന്നുതന്നയാണ് എന്റെ ഉറച്ചവിശ്വാസം.
ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ചെറുതും വലുതുമായ നിരവധി സാമുദായിക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായും എന്നാൽ 2002 ലെ ഗുജറാത്ത് നരഹത്യ അതിഭീകരമായിരുന്നെന്നും താങ്കളുടെ പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ചെന്താണ് അഭിപ്രായം?
1984 ൽ ഡെൽഹിയിൽ നടന്ന കൂട്ടക്കുരുതിക്കും 2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയ്‌ക്കും ചരിത്രപരമായി ഒട്ടനവധി സമാനതകളുണ്ട്. മേൽപ്പറഞ്ഞ രണ്ട് കലാപങ്ങളും ഇരു മതവിഭാഗങ്ങള്‍ തമ്മിൽ പൊടുന്നനെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ഇവ രണ്ടും തന്നെ പൊതുഭരണ സംവിധാനത്തിന്റെ വക്താക്കള്‍ തന്ത്രപരമായി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്‌തവയാണ്. രണ്ട് കലാപവേളയിലും നിയമസമാധാനം നിലനിര്‍ത്തേണ്ട ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരേതരത്തിൽ ആക്രമണോത്സുകതയോടെയാണ് പ്രതികരിച്ചത്. അക്രമാസക്തരായ ജനകൂട്ടത്തിന് ന്യൂനപക്ഷ സമുദായംഗങ്ങളുടെ സ്വത്തും മുതലും കൊള്ളയടിക്കുന്നതിനും അവരെ കൂട്ടത്തോടെ, പലപ്പോഴും ജീവനോടെതന്ന കുഴിച്ചുമൂടുന്നതിനും ഈ ഉദ്യോഗസ്ഥര്‍ പ്രേരണ നൽകി. 1984 ലെ കലാപത്തിൽ ഡൽഹി തെരുവീഥികളിൽ സിക്കുകാരാണ് അക്രമത്തിനിരയായതെങ്കിൽ 2002 ൽ ഗുജറാത്തിൽ മുസ്ളീം സമുദായാംഗങ്ങളാണ് വംശീയ ക്രൂരതയ്‌ക്ക് ഇരയായത്. രണ്ട് സന്ദര്‍ഭങ്ങളിലും ഭരണപക്ഷ രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും സമുദായസ്‌പര്‍ധവളര്‍ത്തുന്നതിലും, ആയുധസംഭരണത്തിനും, ആളും, അര്‍ത്ഥവും വിതരണം നടത്തുന്നതിനും മുന്‍നിരയിൽ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പലപ്പോഴും എതിര്‍പക്ഷത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടിക തന്നെ അവലംബമാക്കി എന്ന സത്യം കലാപം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയവരുടെ പൈശാചികത വ്യക്തമാക്കുന്നു.
1984 ലെ ഡൽഹി കലാപം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുകയും തുടങ്ങിയതിനുശേഷം ഭരണകൂടത്തിന്റെ ഒത്താശയോടെ പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ആസൂത്രണം നടത്തിയതുമാണ്. എന്നാൽ ഇപ്പോള്‍ ലഭ്യമായ വ്യക്തമായ സൂചനകള്‍ നൽകുന്നത് 2002 ലെ ഗുജറാത്ത് കലാപം മാസങ്ങള്‍ക്ക് മുമ്പുതന്നെ തൽപരകക്ഷികള്‍ ആസൂത്രണം ചെയ്‌തതാണെന്നാണ്. ഗോദ്ര ട്രെയിന്‍ തീപിടുത്തം അതിനൊരു തുടക്കം കുറിച്ചു എന്നുമാത്രം. ഗുജറാത്ത് കലാപവേളയിൽ സ്‌ത്രീകളെയും കുട്ടികളെയും ഉന്നംവെച്ച് കിരാതമായ രീതിയിൽ അവരെ കൊന്നാടുക്കിയപ്പോള്‍ ഡൽഹി കലാപകാരികള്‍ ഉന്നംവച്ചത് പ്രധാനമായും പുരുഷന്‍മാരെയും യുവാക്കളെയുമാണ്. രണ്ട് കലാപങ്ങളെയും വലിയ രീതിയിൽ വ്യത്യസ്തമാക്കുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം അതിലെ ഇരകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്ക്കരിക്കുന്ന ഒരുപ്രവണതയാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.
ഡൽഹിയിലും ഗുജറാത്തിലും നടന്ന ഈ രണ്ടു കൂട്ടനരഹത്യകളും രാഷ്‌ട്രീയ നേതൃത്വവും മതനേതൃത്വവും ഏറെക്കുറെ ന്യായീകരിച്ചു എന്നു പറയാം. രണ്ട് കലാപങ്ങളിലും അക്രമം വ്യക്തികള്‍ക്ക് നേരെ ആയിരുന്നില്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് നേരെയായിരുന്നു. ജനങ്ങള്‍ക്കിടയിൽ വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്നതിൽ മത-രാഷ്‌ട്രീയ നേതൃത്വം തക്കതായ പങ്ക് വഹിക്കുകയും തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിൽനിന്ന് നേട്ടം കൊയ്യുകയും ചെയ്‌തു.
രണ്ട് കലാപവേളയിലും കണ്ട മറ്റൊരു പ്രത്യേകത ഭരണനേതൃത്വത്തിലിരുന്ന് കലാപത്തിനും നരഹത്യക്കും ഒത്താശചെയ്‌തവരും നേതൃത്വം നൽകിയവരും തക്കതായരീതിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്. ഇക്കാര്യത്തിൽ സിവിൽ ഭരണകൂടവും, പോലീസും, നീതിന്യായ വ്യവസ്ഥയും അങ്ങേയറ്റത്തെ നിസ്സംഗതയാണ് പുലര്‍ത്തിയത്. 1984 ലെ ഡൽഹി കലാപത്തെ അപേക്ഷിച്ച് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം ഇരകളുടെ പക്ഷത്തുനിന്നുകൊണ്ട് നീതിക്കായി മുറവിളികൂട്ടാന്‍ നിരവധി മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തി. എന്നാൽ ഡൽഹി കലാപകാലത്ത് ദേശീയ മനുഷ്യവകാശകമ്മീഷന്‍ തന്നെ രൂപീകൃതമായിരുന്നില്ല. ഗുജറാത്ത് കലാപത്തിലെ എഴുതിതള്ളപ്പെട്ട പലകേസുകളും ഇന്ന് സുപ്രീംകോടതി ഇടപെട്ടതിനെതുടര്‍ന്ന് പുനരന്വേഷണത്തിന്റെ പാതയിലാണ്. നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് കുറെ ആക്രമണകാരികളെയെങ്കിലും ജയിലിലടയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസത്തിന് വകനൽകുന്നു.
വര്‍ഗ്ഗീയവികാരം ഇനിയും പടര്‍ന്ന് മുന്നേറുമെന്നാണോ അങ്ങു കരുതുന്നത് ?
നമ്മള്‍ ജീവിക്കുന്നത് പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ്. തൊണ്ണൂറുകളിൽ രാജ്യത്ത് നിലനിന്നിരുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടേയുമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഭീകരതയ്ക്കെതിരെയുള്ള യുദ്ധമെന്ന പേരിൽ ആരംഭിച്ച ന്യൂനപക്ഷവിരുദ്ധനീക്കം പൊതുസമൂഹത്തിലെമ്പാടും അസ്വസ്ഥത പടര്‍ത്തിയിരുന്നു. എന്നാൽ 2004-2009 ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കാണിക്കുന്നത് പൊതുസമൂഹം സാമുദായിക സംഘര്‍ഷമെന്ന വിപത്തിനെ തിരിച്ചറിഞ്ഞതായാണ്. ഭൂരിപക്ഷം ഇന്ത്യക്കാരും ഒരു വര്‍ഗ്ഗീയവിരുദ്ധ നിലപാടെടുത്തുകൊണ്ട് പൊതുജീവിതത്തിൽ മാന്യതയ്‌ക്കും, മതേതരത്വത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന സമീപനമാണ് തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടത്. ഈ സമീപനം അത്യന്തം ആശാവഹമാണ്.
ഗുജറാത്ത് കലാപബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ ദേശീയ ന്യൂനപക്ഷകമ്മീഷനും ന്യൂനപക്ഷകാര്യമന്ത്രാലയവും വേണ്ടത്ര ജാഗ്രതകാട്ടിയെന്ന് അങ്ങ് കരുതുന്നുണ്ടാ?
2004 ൽ അധികാരത്തിൽ വന്ന യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഞാന്‍ കരുതുന്നില്ല. എന്നാൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2009 ലെ യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാട്ടുന്നുണ്ട്.
താങ്കളുടെ പുസ്‌തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് ഗുജറാത്തിൽ 2002 നുശേഷം നിലനിൽക്കുന്ന അനീതിയുടേതായ അന്തരീക്ഷം. ഇത് വിശദമാക്കാമോ?
പുറത്തുനിന്ന് നോക്കുമ്പോള്‍ ഗുജറാത്ത് ശാന്തമാണ്. എന്നാൽ യാഥാര്‍ത്ഥ്യം വേദനാജനകമാംവിധം വ്യത്യസ്‌തമാണ്. അക്രമങ്ങള്‍ തീരെയില്ലാ എന്നുതന്നപറയാം. എന്നാൽ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിതം തള്ളിനീക്കുന്നത്. അക്രമത്തെ തുടര്‍ന്ന് 2002 ൽ വീടും സ്വത്തുമുപേക്ഷിച്ച് പോയവര്‍ക്ക് ഇന്നും ക്യാമ്പുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് തിരികെ വരാനാകാത്ത സാഹചര്യം നിലനിൽക്കുന്നു. ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കുന്ന സാഹചര്യവും ഇന്നുമിവിടെയുണ്ട്.
ഒരു മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ഗുജറാത്ത് നരഹത്യയുടെ കാലത്ത് ഐ എ എസ്, ഐ പി എസ് പോലയുള്ള കേന്ദ്രസര്‍വ്വീസുകള്‍ ഏതുതരത്തിൽ പ്രവര്‍ത്തിച്ചു എന്നുവ്യക്തമാക്കാമോ?
സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പിന്തുണയില്ലാതെ ഒരു കലാപവും മണിക്കൂറുകള്‍ക്കപ്പുറം നീളാന്‍ സാധ്യതയില്ല എന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിൽ അതിനെ ഒരു പരാജയമായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ല. മറിച്ച് നിരപാധികളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുന്ന മനപ്പൂര്‍വമായ ഒരു നടപടിയായി മാത്രമെ ഇതിനെകാണാന്‍ കഴിയൂ. ഭൂരിപക്ഷം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം കുറ്റകരമായ അനാസ്ഥ കാട്ടിയപ്പോള്‍ രാഹുൽ ശര്‍മ്മയെപ്പോലുള്ള ഐ പി എസ് ഉദ്യോഗസ്ഥര്‍ അവരുടെ മേഖലയിൽ കലാപം അടിച്ചമര്‍ത്തുന്നതിൽ ധീരമായ നിലപാടെടുത്തു. നീരജ ഗോര്‍ജുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ പഞ്ചമഹൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൂട്ടക്കുരുതിക്കളങ്ങള്‍ പുറത്ത് കൊണ്ടുവന്ന് ശക്തമായ തെളിവുകള്‍ ഭരണകൂടത്തിന് മുന്നിൽ നിരത്തി. എന്നാൽ ഭൂരിപക്ഷം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ഗുജറാത്ത് നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയായിരുന്നു.
പോലീസും രാഷ്‌ട്രീയനേതൃത്വവും സമുദായപ്രമാണിമാരുമടങ്ങുന്നവരുടെ അവിശുദ്ധകൂട്ടുകെട്ട് താങ്കള്‍ സംശയിക്കുന്നുണ്ടാ?
സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടപ്പോള്‍ നെഹ്റുവും പട്ടേലും കരുതിയത് പോലീസും സിവിൽഭരണകൂടവും ഒത്തുനിന്നുകൊണ്ട് ജനതയുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിൽ
ഡൽഹിയിലും, മുംബൈയിലും, ഭഗൽപ്പൂരിലും ഗുജറാത്തിലുമൊക്കെ നടന്ന കലാപങ്ങളിൽ പോലീസും സിവിൽ ഭരണകൂടവും രാഷ്‌ട്രീയനേതൃത്വവുമായി പക്ഷം ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്.
താങ്കള്‍ എന്തുകൊണ്ടാണ് ഐ എ എസ് ഉപേക്ഷിച്ചത് ?
നമ്മുടെ ഭരണഘടന ഒരു ഇന്ത്യന്‍ പൌരന് വാഗ്ദാനം ചെയ്‌തിരിക്കുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം പാലിക്കപ്പെടാതെ പോകുന്ന ഒരു രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഭരണം നൽകുന്ന വാഗ്ദാനങ്ങളെക്കാള്‍ മൂല്യമുള്ള ഒന്നുംതന്നെ ഞാന്‍ ഐ എ എസ്സിൽ കാണുന്നില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയത്തെ അതേ നാണയംകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് സ്‌നേഹത്തിലൂടെയും പരസ്‌പരവിശ്വാസത്തിലൂടെയും മാത്രമെ അത് സാധിക്കുകയുള്ളൂ. ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ഈ നയം നടപ്പിലാക്കാന്‍ എനിക്ക് ഏറെ പരിമിതികളുണ്ട്. ആ പരിമിതികളെ മറികടക്കാനാണ് ഐ എ എസ് വിട്ട് ശേഷിക്കുന്ന ചെറിയ ജീവിതം ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നതിന് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷമായി അങ്ങ് ഗുജറാത്തിലെ കലാപബാധിതര്‍ക്കിടയിൽ പ്രവര്‍ത്തിക്കുന്നു. എന്താണ് അങ്ങേയ്‌ക്ക് ഇതിനായുള്ള പ്രചോദനം. എന്തൊക്കെയാണ് തടസ്സങ്ങള്‍?
ഗുജറാത്തിലെ പൊതുസമൂഹം ഭീതിദമായ നിലയിൽ വര്‍ഗ്ഗീയ നിറമണിഞ്ഞിട്ടുണ്ടങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്ന ഒരുകൂട്ടം നല്ല ആളുകള്‍ ഗുജറാത്തിലുണ്ട്. കൂടാതെ അങ്ങേയറ്റം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടും ജീവിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരായ ഹിന്ദുവും മുസൽമാനും ഗുജറാത്തിലുണ്ട്. അവരാണ് എന്റെ പ്രചോദനം. അവരുള്ളപ്പോള്‍ മറ്റുതടസ്സങ്ങള്‍ ഒന്നും പ്രശ്‌നമല്ല.
*
കടപ്പാട്: യുവധാര
Thursday, 24 June 2010
വിശപ്പിന്റെ സൌന്ദര്യശാസ്ത്രം
സൌന്ദര്യശാസ്ത്ര ചര്‍ച്ചകളില്‍ അടിക്കടി പരാമര്‍ശിച്ചു കേള്‍ക്കാറുള്ള പ്രബന്ധമാണ് ലാറ്റിനമേരിക്കന്‍ സിനിമാ സംവിധായകനായ ഗ്ളാബര്‍ റോഷയുടെ 'വിശപ്പിന്റെ സൌന്ദര്യശാസ്ത്രം'. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ലെന്നും, വിശക്കുന്നവന്റെ സഹജഭാവം ഹിംസ (വയലന്‍സ്) ആയിരിക്കുമെന്നും പ്രസ്തുത പ്രബന്ധത്തില്‍ റോഷ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഇക്കാര്യം കൃത്യതയോടെ, കണിശതയോടെ, തികഞ്ഞ പ്രായോഗികതയോടെ പറഞ്ഞ എഴുത്തുകാരന്‍ കോവിലനാകുന്നു. കോവിലന്റെ ഓരോ രചനയും വിശപ്പിന്റെ ഓരോ പുതിയ സൌന്ദര്യശാസ്ത്രങ്ങളാകുന്നു. "വിശപ്പ് ഒരു പാപമല്ല. ശാപമാണ്.'' ദൈവശാപം ജഠരാഗ്നിയായി ദാഹാനലനായി മനുഷ്യന്റെ കുടലുകളില്‍ കത്തിപ്പടര്‍ന്നുകയറുന്നു. അഗ്നി ഒരു പ്രളയത്തിലും കെടുന്നില്ല - അവനെ തിന്നുതീര്‍ക്കാതിരിക്കാന്‍ ആ അഗ്നിയിലേക്ക് അവന്‍ ആഹാരം ഹോമിക്കുന്നു. നേരാനേരത്തും ആഹാരം ഹോമിച്ചുകൊണ്ടിരിക്കുന്നു. നേരം തെറ്റിയോ, അഗ്നി അവനെ തിന്നും. കൂടുതല്‍ ആഹാരം തേടാന്‍, മെച്ചപ്പെട്ട ആഹാരം തേടാന്‍ മനുഷ്യന്‍ തമ്മില്‍തമ്മില്‍ മത്സരിക്കുന്നു.
"ദൈവമേ, എനിക്കെന്റെ ഉരിയരിക്കഞ്ഞി തരൂ.... എനിക്കൊരു തൊഴില്‍ തരൂ..... എന്റെ തൊഴില്‍ എന്റെ ജീവിതമാകുന്നു'' (ഭരതന്‍: പുറം 7-8). കോവിലന്റെ രചനകളിലെ സമയം വിശപ്പുകൊണ്ട് അളന്നു തിട്ടപ്പെടുത്തപ്പെട്ടതാണ്.
"ഇന്നത്തെ അത്താഴം കഴിഞ്ഞു. ബുധന്‍ അവസാനിക്കുന്നു'' (ഭരതന്‍). കോവിലന്‍ രചിച്ച വിശപ്പിന്റെ ഭൂമികകളില്‍ അഗ്നി ഒരു സ്ഥിരം രൂപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അഗ്നി വിശപ്പാകുന്നു. "ഈ പാപ്പന്‍ എപ്പോള്‍ കാണുമ്പോഴും വയറ്റത്തേ നോക്കൂ'' എന്നത്രയും പറയുമാറ് വയറ് മനുഷ്യന്റെ ഉത്തമാംഗമായി കോവിലന്‍ കണ്ടു. ഏതു ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിനിടയിലും വിശക്കുന്ന മനുഷ്യനെ കോവിലന്‍ നൊടിയിടകൊണ്ട് തിരിച്ചറിഞ്ഞു. "മരിച്ചുപോയാല്‍ എല്ലാ സൊല്ലകളും അവസാനിച്ചുകിട്ടും. പക്ഷേ മരിച്ചുകിട്ടാന്‍ ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കണം''- മനുഷ്യന്റെ അസ്തിത്വദുഃഖങ്ങള്‍,ആധി ഭൌതികങ്ങള്‍ കോവിലന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളായിത്തീരുന്നത് ഇക്കാരണത്താലാണ്. വിശപ്പാണ് മനുഷ്യന്റെ ആത്യന്തികസത്യം എന്ന് കോവിലന്‍ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളിലൂടെ മാത്രമല്ല. പാവറട്ടി സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ അഞ്ചു ഗുരുനാഥന്മാരിലൊരാള്‍ -ചെറുകാട്- പറഞ്ഞു: "പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇന്നലെ ഉണ്ടായ സംഭവമാണ്. മനുഷ്യന്‍ എന്തുമാത്രം ദുരിതങ്ങളാണനുഭവിക്കുന്നതെന്ന് ഇതു കേട്ടാല്‍ നിങ്ങള്‍ക്ക് ഊഹിക്കാം''. രാത്രിയായിരുന്നു, കൂരിരുട്ടായിരുന്നു, അസമയമായിരുന്നു. എന്തോ ഒരാവശ്യത്തിനുവേണ്ടി ചാവക്കാട്ടേക്ക് പോയ ചെറുകാട് പുന്നച്ചോട്ടിലെത്തിയപ്പോള്‍ ആരോ ഒരാള്‍ അദ്ദേഹത്തെ തടുത്തു. അപായമൊന്നും ഉണ്ടായില്ല- അതൊരു സ്ത്രീയായിരുന്നു. സ്ത്രീയുടെ പേക്കോലമായിരുന്നു. അവള്‍ക്ക് ചെറുകാട് എന്തെങ്കിലും കൊടുക്കണം. അവള്‍ക്ക് വിശക്കുന്നുണ്ട്. നാളുകളായി അവള്‍ ആഹാരം കഴിച്ചിട്ടില്ല. കൂരിരുട്ടില്‍ മിഴിച്ചുനിന്ന ചെറുകാടിനോട് സ്ത്രീ വീണ്ടും ഇരന്നു,"രണ്ടു മുക്കാല് തരൂ.... എന്നെ എന്തും ചെയ്തോളൂ. എനിക്ക് രണ്ടു മുക്കാല് തരൂ''...... തന്റെ ശിഷ്യനായ കോവിലനോട് ബനിയനിട്ടുവരാന്‍ പറയുകയും ബനിയനകത്ത് കമ്യൂണിസ്റ്റ് സാഹിത്യം ഒളിപ്പിച്ചു കൊടുത്തയക്കുകയും ചെയ്തു ചെറുകാട്. കോവിലനെ കമ്യൂണിസ്റ്റു പാര്‍ടിയിലേക്ക് അടുപ്പിക്കുന്നതും ചെറുകാടാണ്.
തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് 'ജന്മാന്തര'ങ്ങളില്‍ ഒരിടത്ത് കോവിലന്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ എത്ര സുന്ദരമായ പദം! മലയാളത്തിലെ കമ്യൂണിസ്റ്റു സാഹിത്യകാരന്മാരോളംതന്നെ ഉച്ചത്തില്‍ കോവിലന്‍ ഈ വാക്യം ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യന്റെ ജനിതകത്തെക്കുറിച്ച്, പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളെക്കുറിച്ച്, ഓരോ മനുഷ്യനും അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചമാണെന്ന സത്യത്തെക്കുറിച്ച് കോവിലന്‍ ബോധവാനായിരുന്നു. മനുഷ്യനെക്കുറിച്ച് എഴുതേണ്ടിവന്നപ്പോഴൊക്കെ കോവിലന്‍ നിസ്സംഗതയോടെ അവന്റെ ശരിതെറ്റുകളെ നോക്കിക്കണ്ടു. ഒരു ധനചിഹ്നമെഴുതേണ്ടിടത്ത് ഒരു ഋണചിഹ്നമെഴുതിയതുകൊണ്ട് ഒരു ജീവിതം മുഴുവന്‍ പണയം നല്‍കേണ്ടിവരുന്ന പാവം മനുഷ്യജീവിതങ്ങള്‍ (എ മൈനസ് ബി).
"മനുഷ്യന്‍ എന്തുമാവാം. എല്ലാവര്‍ക്കും ഓരോന്നില്ല. എന്തോ ഒന്നിന് പിശകാണ്. മനുഷ്യന്‍! മനുഷ്യന്‍ എന്ന ഈ മഹത്തായ വാക്ക് ഉള്‍ക്കൊള്ളുന്ന ആത്മാവും ഹൃദയവും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‍ എവിടെ? എന്തോ ഒന്നിന് പിശകാണ്. എ മൈസ് ബി. ജീവിതം പൂര്‍ണമല്ലെന്ന്. മനുഷ്യരുടെ കണക്കെഴുത്തില്‍ അനവരതം അകാലത്തില്‍നിന്ന് കാലത്തോളം കണക്കുകൂട്ടുന്ന ചിത്രഗുപ്തനെക്കുറിച്ച് ഇളയതു മാസ്റ്റരല്ലേ പറഞ്ഞുതന്നത്? ചിത്രഗുപ്തന്‍ ഒരാശയമാണോ? ജീവിതം പൂര്‍ണമല്ലെന്ന അജ്ഞേയമായ സംഹിതയെ വിഡംബനായ ഒരു കണക്കപ്പിള്ളയിലൂടെ ഏതൊരു ജീനിയസ്സാണ് ലോകത്തിന് ചികഞ്ഞെടുത്തുകൊടുത്തത്!'' (എ മൈനസ് ബി).
"ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരുകാലത്തും മനസ്സിലാക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അതാകുന്നു.ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂര നക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണമെന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവന്‍ അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളില്‍ ഒന്ന് അവന്റെ വാക്കാകുന്നു. പക്ഷേ മനുഷ്യന്‍ പൊളിവാക്കും പറയും'' (ഭരതന്‍).
അതെ, മനുഷ്യനെ മനസ്സിലാക്കുക എന്ന അത്യന്തം ശ്രമകരമായ പ്രവൃത്തിയാണ് തന്റെ സാഹിത്യത്തിലൂടെ കോവിലന്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചത്. മുനിമടകളുടെയും കുടക്കല്ലുകളുടെയും നന്നങ്ങാടികളുടെയും അയല്‍പക്കക്കാരനായിരുന്ന കോവിലന്‍ മനുഷ്യന്റെ ജനിതകബന്ധങ്ങളെയും ചരിത്രത്തെയുംകുറിച്ചാണ് എപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞുപോന്നത്.
"എക്കാലത്തും കണ്ണാഞ്ചിറക്കളരിയില്‍ രണ്ട് ഗുരുനാഥന്മാരുണ്ടായിരുന്നു. കഞ്ചുട്ടിപ്പണിക്കരുടെ മഹന്‍ കുഞ്ചിട്ട പണിയ്ക്കര്‍, കുഞ്ചിട്ട പണിയ്ക്കരുടെ മകന്‍ കുഞ്ചുട്ടി പണിക്കര്‍, കുഞ്ഞുട്ടി പണിക്കരുടെ മഹന്‍ ....'' (തട്ടകം).
"ആറാടിക്കടവില്‍ ചേന്നന്‍, ചേന്നന്‍ മകന്‍ ചേന്നപ്പന്‍, ചേന്നപ്പന്‍ മകന്‍ ചേന്നന്‍, ചേന്നന്‍ മകന്‍....'' (തോറ്റങ്ങള്‍).
പരമ്പരകളിലൂടെ ആവര്‍ത്തിക്കുന്ന മനുഷ്യമഹാജീവിതനാടകത്തിന്റെ സാക്ഷിയായിരുന്നു കോവിലന്‍. നിസ്സംഗനായ സാക്ഷി- "ഭടനും സന്യാസിയും നിസ്സംഗരാകുന്നു.'' കോവിലന്‍ ഭടനും സന്യാസിയുമായിരുന്നു. ഒന്നാംതരം ഒരു "റൊമാന്റിക് റവലൂഷണറി''. തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് വിളിച്ചുപറഞ്ഞ സന്യാസി. ഒരു കഷണം അസ്ഥിയും ഒരു പലം മനയോലയും മനസ്സില്‍ കൊണ്ടുനടന്ന ഭടനും സന്യാസിയുമായ ഒരു നിസ്സംഗന്‍.
പക്ഷേ ഈ നിസ്സംഗന്റെ വ്യക്തിബന്ധങ്ങള്‍ എത്ര സ്നേഹപൂര്‍ണവും ദൃഢതരവുമായിരുന്നു എന്ന് കോവിലന്റെ മരണാനന്തരമുള്ള ശൂന്യതക്ക് മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ ആലോചിക്കുകയാണ്. ചെറുകാടിന്റെ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഓരോരുത്തരെയും കോവിലന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തലശേരി സാഹിത്യസമിതിയുടെ വാര്‍ഷികങ്ങള്‍ക്ക് വരുമ്പോഴൊക്കെയും മയ്യഴിയില്‍ എന്റെ വീട്ടില്‍ കോവിലന്‍ അതിഥിയായെത്തുമായിരുന്നു. സാമ്പത്തികമായും ശാരീരികമായും കോവിലന്‍ ഏറെ വിഷമങ്ങള്‍ അനുഭവിച്ച ഒരു കാലമായിരുന്നു അത്. പക്ഷേ എഴുത്തില്‍ പുതിയപുതിയ വഴികള്‍ തേടിയിരുന്ന കാലം. 'എ മൈനസ് ബി'യില്‍നിന്നും ഏഴാമെടങ്ങളില്‍നിന്നും വ്യത്യസ്തമായി കോവിലന്‍ പുതിയ പുതിയ ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. തോറ്റങ്ങളും, താഴ്വരകളും ഹിമാലയവും വന്ന കാലം. ആത്മാനുകരണം ആത്മഹത്യയെക്കാള്‍ മോശമാണെന്ന് കോവിലന്‍ വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്ത് ആധുനികതയുടെ ബാനറില്‍ പുറത്തിറങ്ങിയ കഴമ്പുറ്റ രചനകളെയെല്ലാം കോവിലന്‍ സ്വാഗതം ചെയ്തു. ചെറുപ്പക്കാരായ എഴുത്തുകാരെ ഇത്രയേറെ ശ്രദ്ധിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. പുതിയ കുട്ടികള്‍ക്കേ ഹിമാലയത്തിലെയും താഴ്വരകളിലെയും ഭാഷ മനസ്സിലാകൂ എന്നുവരെ ശഠിച്ചു കോവിലന്‍ - അതിഥിയായി വീട്ടിലെത്തിയാല്‍ ശാസിക്കാന്‍വരെ സ്വാതന്ത്യ്രമുള്ള ഒരു കാരണവരായി മാറും കോവിലന്‍. അടിയ്ക്കടി എഴുതാത്തതിനെച്ചൊല്ലി, എടുക്കുന്ന നിലപാടിനെച്ചൊല്ലി സ്നേഹത്തിന്റെ ഭാഷയില്‍ ശാസിക്കാന്‍ കോവിലന് കഴിയുമായിരുന്നു. എഴുപതുകള്‍ക്കുശേഷം കോവിലന്റെ വടക്കോട്ടുള്ള യാത്രകള്‍ ചുരുങ്ങി. ഏതെങ്കിലും യോഗത്തില്‍ കാണുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരു കൂര്‍ത്ത നോട്ടം- ഒരു കനത്ത മൂളല്‍. 2007 ല്‍ തൃശൂര്‍ കേരളവര്‍മ കോളേജ് പൂര്‍വവിദ്യദ്യാര്‍ഥി സംഘം ഏര്‍പ്പെടുത്തിയ മൂന്നോ നാലോ അവാര്‍ഡുകളില്‍ ഏറ്റവും നല്ല ഗവേഷണകൃതിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. സച്ചിദാനന്ദനും കെ ആര്‍ മീരയുമായിരുന്നു മറ്റ് അവാര്‍ഡ് ജേതാക്കള്‍. അവാര്‍ഡ് നല്‍കുന്നത് കോവിലന്‍. എനിക്ക് അവാര്‍ഡ് തന്ന് ഒരു നിമിഷം എന്നെ നോക്കിനിന്ന് ചേര്‍ത്തുപിടിച്ച് എന്റെ നെറ്റിയില്‍ നല്‍കിയ ചുംബനത്തിന്റെ ചൂട് - സ്നേഹവാത്സല്യങ്ങളുടെ ചൂട് - നിറകണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. പ്രിയപ്പെട്ട കോവിലന്‍, മജിഷ്യന്‍ എന്ന് അങ്ങ് കളിപ്പേരിട്ട അങ്ങയുടെ ഗുരുനാഥന്റെ ബാക്കിയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള ഉര്‍ജമാണ് ആ വാത്സല്യത്തില്‍നിന്ന് ലഭിച്ചത്."അവന്‍ ഒരു കൊച്ചുകുട്ടിയായിരുന്നു. നനഞ്ഞ മണല്‍ത്തിട്ടില്‍ അവന്‍ ഒരു വെള്ളിനാണ്യം കുഴിച്ചിട്ടു. അവന്റെ അമ്മ കടവില്‍ കുളിക്കുന്നുണ്ടായിരുന്നു. നാണ്യത്തിന്റെ വെള്ളിവിത്ത് മുളച്ച് തൈയായി മരമായി വളരുന്നതും കാത്ത് അവന്‍ മണല്‍ത്തിട്ടില്‍ ഇരുന്നു. ആ മരം കായ്ച്ച് ഉതിരുന്ന വെള്ളിനാണ്യങ്ങള്‍ ശേഖരിക്കാന്‍ അവന്‍ ഒരു കുട്ടുസഞ്ചി സമ്പാദിച്ചുവെച്ചു. വെള്ളി വിത്തിന് മുളപൊട്ടിയത് നോക്കാന്‍ അവന്‍ എന്നും ആറ്റുകടവില്‍ പോയി. പക്ഷേ അവന്‍ മറന്നുപോയി നനഞ്ഞ മണല്‍ത്തിട്ടില്‍ എവിടെയാണ് വെള്ളിനാണ്യം കുഴിച്ചിട്ടതെന്ന്. പിന്നിടൊരിക്കലും അവന് പിടികിട്ടിയില്ല. അമ്മ പറഞ്ഞു, നിന്റെ നാണ്യം അടുത്ത ജന്മത്തില്‍ മുളയ്ക്കും'' (ഭരതന്‍: പുറം 59-60).
"അമ്മിഞ്ഞ പുഴയില്‍ തുണി കഴുകുമ്പോള്‍ അപ്പുക്കുട്ടന്‍ തൊട്ടപ്പുറത്ത് നനഞ്ഞ പൂഴിയില്‍ നാണ്യം കുഴിച്ചിട്ടു. മുളച്ച് വളര്‍ന്ന് കാശുമരമാകട്ടെ. തിരിച്ചുവരുമ്പോള്‍, അമ്മിഞ്ഞ ചോദിച്ചു,
അണ എവിടെ?
ഉടനെ പറഞ്ഞു:
'കുഴിച്ചിട്ടു'
'എവിടെ?'
അപ്പുക്കുട്ടന്‍ സ്ഥലം മറന്നുപോയി. ഓളങ്ങള്‍ നിരന്തരം കയറിത്തലോടിയ പുഴക്കരയില്‍ നാണ്യം എവിടെയെന്ന് അവന്‍ കണ്ടെത്തിയില്ല'' (തട്ടകം: പുറം 157-158).
തട്ടകം എഴുതുമ്പോഴേക്ക് കോവിലന്‍ തന്റെ ജനിതകത്തിന്റെ വെള്ളിനാണയം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അത് മുറ്റത്തെ മുരിങ്ങമരച്ചുവട്ടിലാണെന്ന്തന്റെ ഗുരുനാഥന്‍ - മജിഷ്യന്‍ എന്ന് താന്‍ കളിപ്പേരിട്ട ഗുരുനാഥന്‍- തന്നെയാണല്ലോ പറഞ്ഞുകൊടുത്തത്.
*
കെ പി മോഹനന്‍, ദേശാഭിമാനി വാരിക
Wednesday, 23 June 2010
മുസ്ളിം സ്വത്വബോധവും ജമാഅത്തെ ഇസ്ളാമിയും
സ്വത്വാവബോധമില്ലാത്ത മനുഷ്യരില്ല. ഒരു മനുഷ്യന്റെ വ്യക്തിസ്വത്വത്തിന് പല അടരുകളുണ്ടായിരിക്കും. മതം, ജാതി, ദേശം, ഭാഷ തുടങ്ങിയ സാമൂഹിക വ്യവഹാര മണ്ഡലങ്ങളുടെ മാനസികപ്രതിരൂപങ്ങളെല്ലാം വ്യക്തിസ്വത്വത്തിന്റെ അടരുകളില്‍ ചേര്‍ന്നിട്ടുണ്ടാകും. സ്വത്വാവബോധത്തിന്റെ ചില അംശങ്ങളെ രാഷ്ട്രീയതലത്തിലേക്കുയര്‍ത്തി ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങള്‍ ഉളവാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ആത്മീയത (മതം), ദേശീയത, വംശീയത എന്നീ സ്വത്വാംശങ്ങളാണ് ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങളുളവാക്കാന്‍ ഫാസിസം ഉപയോഗിക്കുക. നാസിസത്തെ സസൂക്ഷ്മം പഠിച്ച വില്‍ഹെം റൈഹിന്റെ ഈ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സ്വത്വസംബന്ധിയായ സംവാദങ്ങളെ വിവാദങ്ങളാക്കി മാറ്റാനും കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സ്വത്വസംഘര്‍ഷങ്ങള്‍ക്കും അവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗപരമായ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തു നിന്നും ആ ജനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുപോകാന്‍ കുതന്ത്രങ്ങള്‍ പണിയുന്നതും സ്വത്വരാഷ്ട്രീയം പ്രയോഗിക്കുന്നവരാണ്.
ഹിന്ദുക്കളുടെ മതപരമായ സ്വത്വാവബോധത്തെ ഹിന്ദുരാഷ്ട്രമെന്ന രാഷ്ട്രീയാവബോധമാക്കി മാറ്റാനാണ് സവര്‍ണ ഹിന്ദുത്വം ശ്രമിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരാണ്. അവരുടെ മതവികാരങ്ങളെ ചൂഷണം ചെയ്ത് ഹിന്ദുത്വരാഷ്ട്രീയാവബോധം സൃഷ്ടിക്കാനുള്ള മനഃശാസ്ത്രപരമായ അടവാണ് മൃദുഹിന്ദുത്വം. ഇതേ തന്ത്രം മതരാഷ്ട്രീയം പയറ്റുന്ന മുസ്ളിം സംഘടനകളും പ്രയോഗിക്കുന്നുണ്ട്. ഇക്കാര്യം തുറന്നു കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രചാരണമാണെന്ന് ചാപ്പ കുത്തുന്നത് നിര്‍ഭാഗ്യകരമാണ്. "ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ പ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി മൃദുഹിന്ദുത്വം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി മൃദുഇസ്ളാമികത, മൃദുക്രിസ്ത്യാനികത എന്നിവ നിര്‍മിച്ച്, സര്‍വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടയ്ക്കു കീഴില്‍ ഒന്നിച്ചു നിര്‍ത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല''. സവര്‍ണഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് രീതികളോടൊപ്പം ഇസ്ളാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശമാണിത്.
യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ളീങ്ങളെങ്കിലും അവര്‍ സാര്‍വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കിനില്‍ക്കാന്‍ കഴിയാത്തവരാണെന്ന് ജമാഅത്തെ ഇസ്ളാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമം പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ളാമിക്ക് സാര്‍വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ഇത് ക്ളാസിക്കല്‍ ഫാസിസത്തിന്റെ നിര്‍വചനത്തില്‍നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. വില്‍ഹെം റൈഹിന്റെ ഫാസിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് സൂചിപ്പിച്ചല്ലോ. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനെയോ എല്ലാത്തിനെയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ജമാഅത്തെ ഇസ്ളാമിയും അനുബന്ധ 'പരിവാരങ്ങളും' ഫാസിസ്റ്റ് സ്വഭാവമുള്ള മതരാഷ്ട്രീയ സംഘടനകളാണ്.
ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതുകൊണ്ടും ഇസ്ളാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തതു കൊണ്ടും മുസ്ളിം വര്‍ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ല. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ളാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മുസ്ളിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ളിങ്ങളുടെയും ഫാസിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ളിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ സാര്‍വദേശീയമായും ദേശീയമായും ഇംപീരിയലിസത്തിനെതിരായി ഇന്ന് ഇസ്ളാമിസം എന്ന ധാരണ തെറ്റാണെന്ന് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്‍ പറയുന്നു.
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ ങീിവേഹ്യ ഞല്ശലം മാസികയുടെ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ 'ജീഹശശേരമഹ കഹെമാ ശി വേല ടല്ൃശരല ീള കാുലൃശമഹശാ' എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. സമീര്‍ അമീന്‍ എഴുതി: "യഥാര്‍ഥ സാമൂഹിക പ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ളാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ട്രീയ ഇസ്ളാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗവും രാഷ്ട്രീയ ഇസ്ളാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യ വിരുദ്ധ - ക്രൈസ്തവ വിരുദ്ധ ('മിശേണലലൃിെേ, മഹാീ മിശേഇവൃശശെേമി') നിലപാടുകളാണ് രാഷ്ട്രീയ ഇസ്ളാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.''
സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇസ്ളാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങ ളെയും സമീര്‍ അമീന്‍ വിമര്‍ശിക്കുന്നുണ്ട്. "വലിയൊരു ജനസഞ്ച യത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ന്യായം''. സാര്‍വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ളാമിസ്റ്റ് സംഘടനകളായ ജമാഅത്തെ ഇസ്ളാമി പരിവാറുകള്‍ പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ളാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇസ്ളാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടാനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിര്‍ത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരള ത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ളാമിസ്റ്റുകള്‍ക്കറിയാം.
സമീര്‍ അമീന്‍ തുടരുന്നു: "രാഷ്ട്രീയ ഇസ്ളാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ന്യായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ളാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു.''
ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്‍പ്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ളാമിസ്റ്റുകളുടെ ഇപ്പോഴത്തെ അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങ്ങിലെ മുസ്ളിങ്ങളെ "കൊന്നൊടുക്കുന്ന'' നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ളമോഫോബിയയെ ചെറുക്കാന്‍ ഇസ്ളാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ളിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ളിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്യ്രത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു.
"മൃദുഹിന്ദുത്വവും മൃദു ഇസ്ളാമിസവും - ഒരു മനഃശാസ്ത്ര പഠനം'' എന്ന ലേഖന ത്തില്‍ ഞാന്‍ എഴുതി:
"ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാസിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്. അജ ഖീവ്യെ, ങഉ ടൃലലിശ്മ, ഖഗ ആമഷമഷ എന്നിവര്‍ ചേര്‍ന്ന് എഴുതി 2003 ല്‍ പ്രസിദ്ധീകരിച്ച ഞലഹശഴശീൌ ഉലാീഴൃമുവ്യ ീള കിറശമ എന്ന ഗ്രന്ഥം ഫാസിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രലംബനം (ജൃീഷലര) ചെയ്തപ്പോള്‍ 2051 ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം''.
ഇടതുപക്ഷം ഇസ്ളാമാഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. മുസ്ളിം വിരോധത്തെ ചെറുക്കാന്‍ മതമൌലീകവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കും.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമടങ്ങുന്ന കീഴാളരും എക്കാലത്തും വിവേചനത്തിന്റെയും മുന്‍വിധികളുടെയും ഇരകളാണ് പലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ളിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചില പണ്ഡിതന്മാര്‍ ശഠിക്കുന്നു. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ളിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. കേരളത്തിന്റെ പൊതുബോധം നവോത്ഥാന, കമ്യൂണിസ്റ്റ് ചിന്തകളാല്‍ മുഖരിതവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ളിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം.
പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മുന്‍വിധികളും വിവേചനങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: "എന്റെ ക്ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാധ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ളാദം കണ്ടെത്തി''. അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ "അന്നത്തെ രീതി അങ്ങനെ ആയിരുന്നു'' എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍. സവര്‍ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. "എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ളാസ്സില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്.?'' വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: "ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍നിന്നും - വര്‍ഗീയ വിദ്വേഷത്തില്‍നിന്നല്ല - ഉത്ഭവിക്കുന്നതാണ്.'' (സ്നേഹത്തിന്റെ സ്വാതന്ത്യ്രം- പുറം 46) മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ളിങ്ങള്‍ക്ക് ഇത്തരം ദുരനു ഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അതുകൊണ്ട് മാത്രം ഇരവാദം അപ്രസക്തമാവുന്നില്ല.
ഡോ. എന്‍ എം മുഹമ്മദലി
Thursday, 17 June 2010
കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്
Wednesday, 16 June 2010
സ്വയം കുഴിതോണ്ടുന്ന മുതലാളിത്തം
ഉപഭോഗച്ചെലവ് സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനനിലവാരത്തെ ആശ്രയിച്ചു നില്‍ക്കുന്നതിനാലും നിക്ഷേപച്ചെലവ് മുതലാളിമാരുടെ "വിശ്വാസത്തിന്റെ അവസ്ഥയെ'' ആശ്രയിച്ചുനില്‍ക്കുന്നതിനാലും പത്തൊമ്പതാം നൂററാണ്ടിന്റെ അവസാന കാലംതൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലംവരെയുള്ള കാലഘട്ടത്തിലുടനീളം, ആഭ്യന്തര തൊഴില്‍ അവസരങ്ങള്‍ ബോധപൂര്‍വം വര്‍ധിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങളെയും മുതലാളിത്തം ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സിന്റെ അഭിപ്രായത്തില്‍, വിദേശവിപണികള്‍ പിടിച്ചടക്കുന്നതിനായി മുതലാളിത്ത ശക്തികള്‍ തമ്മില്‍തമ്മില്‍ മത്സരാധിഷ്ഠിതമായ സമരം നടക്കുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു; അവ തമ്മിലുള്ള യുദ്ധത്തിനും അതായിരുന്നു കാരണം.
എന്നാല്‍ ഇക്കാര്യത്തില്‍ കെയിന്‍സിന് തെറ്റുപറ്റി-അദ്ദേഹത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തിലല്ല, മറിച്ച് അദ്ദേഹത്തിന് ലഭ്യമായ വസ്‌തുതകളുടെ കാര്യത്തില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലവും, മുതലാളിത്ത ചരിത്രത്തില്‍ താരതമ്യേന സമാധാനത്തിന്റെ കാലമായിരുന്നു. അതുകൊണ്ടാണ് വിപണിക്കുവേണ്ടിയുള്ള മത്സരാത്മകമായ സമരം പ്രായേണ ദൃശ്യമാകാതിരുന്നത്. അക്കാലത്തെ ഏറ്റവും പ്രമുഖ മുതലാളിത്ത ശക്തിയായിരുന്ന ബ്രിട്ടന് കൊളോണിയല്‍ വിപണികളില്‍ പ്രവേശിക്കുവാനുള്ള അവസരം ലഭിച്ചിരുന്നതും എതിരാളികളായ മുതലാളിത്ത ശക്തികളെ ബ്രിട്ടന്‍ തങ്ങളുടെ സ്വന്തം വിപണിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നതുമാണ് അതിന് ഇടയാക്കിയത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടന്‍ പ്രത്യക്ഷമായും മറ്റ് കൊളോണിയല്‍ ശക്തികള്‍ ബ്രിട്ടനിലൂടെ പരോക്ഷമായും കോളണികളിലെ വിപണികളില്‍ പ്രവേശിച്ചിരുന്നു എന്നര്‍ഥം. ഈ കോളണി രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നുതാനും. "സുദീര്‍ഘമായ പത്തൊമ്പതാം നൂറ്റാണ്ടിലെ'' (അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംതൊട്ട് ഒന്നാംലോക മഹായുദ്ധംവരെ) "സുദീര്‍ഘമായ കുതിപ്പി''നെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചത്, വിപണി ലഭ്യതയാണ്.
എന്നാല്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തില്‍ കെയിന്‍സിന്റെ അഭിപ്രായം ശരിയായിരുന്നു. കോളണികളിലെ വിപണി നഷ്‌ടമായതിനെത്തുടര്‍ന്ന് മുതലാളിരാജ്യങ്ങളിലെ ആഭ്യന്തര തൊഴില്‍ അവസര വികസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതുപോലും, "ഭദ്രമായ ഫിനാന്‍സും'' നിശ്ചിത കൈമാറ്റനിരക്കും കാരണം അവതാളത്തിലാകുമായിരുന്നു. അതുകാരണം സാമ്പത്തിക വികസനം തെല്ലിടനിലച്ചാല്‍പോലും തൊഴിലില്ലായ്‌മ വന്‍തോതില്‍ വര്‍ദ്ധിക്കുമായിരുന്നു.
അഗാധഗര്‍ത്തത്തിലേക്ക്
ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം, കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലേയും സാമ്പത്തിക പരിത:സ്ഥിതിയോട് സമാനതയുള്ളതാണ് ആനുകാലിക ലോക സമ്പദ് വ്യവസ്ഥ എന്ന അവസ്ഥ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വിരോധാഭാസം. അതോടൊപ്പം രണ്ടു വസ്‌തുതകള്‍കൂടി കൂട്ടിച്ചേര്‍ക്കുകയും വേണം. ഒന്നാമത്, കൊളോണിയല്‍ വിപണികളുടെ സഹായം മുതലാളിത്ത ശക്തികള്‍ക്ക് പഴയപോലെ ഇന്ന് ലഭ്യമല്ല. കോളണികള്‍ നിയമപരമായി ഇല്ലാതായിത്തീരുന്നുവെന്നതു മാത്രമല്ല അതിനുകാരണം; മറിച്ച് അവയ്‌ക്ക് നല്‍കാന്‍ കഴിയുന്ന ആശ്വാസം, ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ് എന്നതാണ്. രണ്ടാമത് സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ പെട്ടെന്നുണ്ടാവുന്ന നിശ്ചലത (മുതലാളിത്ത ലോകത്തില്‍ അത് അനിവാര്യമായ പ്രതിസന്ധിയാണ്) യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ പ്രതിസന്ധിയില്‍നിന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മയില്‍നിന്നും സ്വയം പുറത്തുകടക്കുന്നതിനുള്ള വഴികളൊന്നും ഇന്ന് മുതലാളിത്തത്തിന്റെ പക്കലില്ലതാനും. ഏറെക്കവിഞ്ഞാല്‍ ഒരു പുതിയ "കുമിള'' ഉയര്‍ന്നുവന്നേക്കാം എന്ന് അവര്‍ക്ക് പ്രത്യാശിക്കാം; എന്നാല്‍ അതും ക്ഷണിക സ്വഭാവത്തോടുകൂടിയതായിരിക്കും.
ഒറ്റനോട്ടത്തില്‍ ഇത് അസാധാരണമായി തോന്നാം. കാരണം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ ചോദനം കൈകാര്യംചെയ്യുന്നതിനായി സര്‍ക്കാര്‍ ഇടപെടണം എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു പ്രതിസന്ധി പരിഹാരമാര്‍ഗം കെയിന്‍സ്, മുതലാളിത്തത്തിന് കാണിച്ചുകൊടുത്തതായിരുന്നുവല്ലോ. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ ഉണ്ടാകുന്ന പ്രതിസന്ധിയുടെ പരിമാണത്തെ കെയിന്‍സ് കുറച്ചു കണ്ടു. വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ പ്രതിസന്ധി ഉണ്ടാകുന്ന ഈ പ്രവണതയെ പുറത്തുള്ള ഒരു ശക്തിക്കും തടയാന്‍ കഴിയില്ല. അതിനാല്‍ ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അത് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക്, ആത്മനാശത്തിലേക്ക്, തള്ളിവിടുന്നു. ഗ്രീസിലും യൂറോപ്പിലെ മറ്റ് തെക്കന്‍ രാജ്യങ്ങളിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇതിന് തെളിവാണ്.
എന്നാല്‍ ആത്മനാശത്തിലേക്കുള്ള ഈ നീക്കം, വ്യവസ്ഥയുടെ സ്വാഭാവികവും യാന്ത്രികവുമായ തകര്‍ച്ചയിലേക്ക് വഴിവെയ്‌ക്കുകയില്ല എന്ന് വ്യക്തമാണ്. മുതലാളിത്തം തകരുകയില്ല. പ്രവര്‍ത്തനത്തിലൂടെ അതിനെ തൂത്തെറിയേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടതുപക്ഷത്തിനും മറ്റ് പുരോഗമനശക്തികള്‍ക്കും ഒരു പ്രമുഖ സ്ഥനം വഹിക്കാനുമുണ്ട്. എന്നാല്‍ ഇതിന് ലോകത്തെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ചും ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച്, വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്.
കെയിന്‍സ് ആവിഷ്‌ക്കരിച്ച രണ്ട് വ്യവസ്ഥകള്‍ എങ്ങനെയാണ് ഇന്ന് നിറവേറ്റപ്പെടുന്നതെന്ന് നോക്കാം. അതില്‍ ഒന്നാമത്തേത് കൈമാറ്റനിരക്കിനെ സംബന്ധിച്ചതാണ്. ലോക സമ്പദ് വ്യവസ്ഥയിലെ പ്രധാന ശക്തികള്‍ക്കിടയില്‍, കൈമാറ്റനിരക്കിന്റെ കാര്യത്തില്‍ ഇന്ന് ഏറക്കുറെ ഒരു സ്ഥിരതയുണ്ടായിട്ടുണ്ട്-സര്‍ണ്ണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഉണ്ടാക്കപ്പെട്ട ഒരു സ്ഥിരതയല്ല അത്; മറിച്ച് നിരവധി പ്രായോഗിക കാരണങ്ങളാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സ്ഥിരത ഉണ്ടായി വന്നതാണ്. ചൈനയുടെ നേതൃത്വത്തില്‍ "ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍'' ലോക സമ്പദ് വ്യവസ്ഥയില്‍ വളരെ ഉയര്‍ന്ന മത്സരം കാഴ്‌ചവെയ്‌ക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. തൊഴിലാളികളുടെ കരുതല്‍സേന അവിടെ ഉയര്‍ന്ന അളവില്‍ ഉണ്ട് എന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലിചെയ്യിക്കാന്‍ കഴിയുന്നു. രണ്ടാമത് ചില പ്രത്യേക മേഖലകളില്‍ അവര്‍ക്ക് ഉയര്‍ന്ന സാങ്കേതികവിദ്യയും കൈവശമുണ്ട്. അതുകൊണ്ട് അവര്‍ക്ക് തൊഴിലാളികളില്‍നിന്ന് ഉയര്‍ന്ന നിരക്കിലുള്ള ഉല്‍പാദനക്ഷമത നേടാന്‍ കഴിയുന്നു.
"ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ'' ശക്തമായ മത്സരക്ഷമത കാരണം, മുതലാളിത്ത ലോകത്തിലെ മറ്റു ശക്തികള്‍ക്ക് വിദേശ വ്യാപാരത്തിന്റെ കാര്യത്തില്‍ വളരെ വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ നാണയങ്ങളെ അപേക്ഷിച്ച്, തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്താന്‍ പ്രധാന മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയുകയില്ല. കാരണം ലോകത്തിലെ സമ്പത്തില്‍ വളരെ വലിയ ഭാഗം അവരുടെ കയ്യിലാണ്. തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്തിയാല്‍ ലോകത്തിലെ സമ്പന്നരാഷ്‌ട്രങ്ങള്‍ക്ക് വളരെ വലിയ മൂലധന നഷ്‌ടം സംഭവിക്കും. അന്താരാഷ്‌ട്ര ധനമൂലധനത്തിന് അതുമൂലമുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ച് പറയേണ്ടതുമില്ലല്ലോ. യഥാര്‍ത്ഥത്തിലുള്ള മൂല്യശോഷണം പോയിട്ട്, മൂല്യശോഷണത്തെക്കുറിച്ചുള്ള ഭയംപോലും മുതലാളിത്ത ഫിനാന്‍സ് ലോകത്തില്‍ കടുത്ത അസ്ഥിരത സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്.
എന്നുതന്നെയല്ല, ജപ്പാന് (വളരെ വലിയ അളവില്‍ പൊതുകടം ഉണ്ടെങ്കിലും) വേണ്ടത്ര വിദേശ വിനിമയ കരുതല്‍ധനം കൈവശമുണ്ട്. ജര്‍മ്മനിക്കും വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് മിച്ചമുണ്ട്. അമേരിക്കയുടെ നാണയമാകട്ടെ, സ്വര്‍ണത്തെപ്പോലെതന്നെ വിലപിടിച്ചതാണ് എന്നാണ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് ലോകത്തെങ്ങും സ്വത്തു കൈവശംവെയ്‌ക്കുന്നതിനുള്ള വിശ്വസനീയമായ മാധ്യമമായി ഡോളര്‍ ഉപയോഗിക്കപ്പെട്ടുവരുന്നു. (അമേരിക്കയ്‌ക്ക് വളരെ വമ്പിച്ച അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയുണ്ടെന്നത് മറ്റൊരു കാര്യം). അതുകൊണ്ട് അവയുടെ നാണയങ്ങള്‍ക്ക് സ്വമേധയാ മൂല്യശോഷണംവരുത്താനുള്ള സാധ്യതയൊന്നും ഉടനെ ഇല്ല.
ഏറ്റവും ദുര്‍ബലമായ യൂറോ മേഖല
അതുകൊണ്ട്, പ്രായോഗിക ആവശ്യങ്ങള്‍ കണക്കിലെടുത്താല്‍, നിരവധി കാരണങ്ങളാല്‍, നാമിന്ന് നിശ്ചിത വിനിമയ നിരക്കിന്റെ ലോകത്തിലാണ് ജീവിക്കുന്നതെന്ന് കാണാം. എന്നാല്‍ പ്രധാന ലോക സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ച നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെയും, യൂറോമേഖലയ്‌ക്കുള്ളില്‍ നിയമപരമായിത്തന്നെ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ചയും (ഒരൊറ്റ നാണയത്തിന്റെ വാഴ്‌ചതന്നെ) നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖനാണയങ്ങള്‍ ഉള്‍പ്പെട്ട, ഫലത്തില്‍ നിശ്ചിതമായ വിനിമയനിരക്കിന്റെ വാഴ്‌ച പ്രധാന ആഗോള അസന്തുലിതത്വവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് നാം കണ്ടു. ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍ (ചൈന പ്രത്യേകിച്ചും) എല്ലാം കൂടിയെടുത്താല്‍, അവയ്‌ക്ക് വമ്പിച്ചതോതിലുള്ള കറന്റ് മിച്ചമാണുള്ളത്. അതേ അവസരത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് (പ്രത്യേകിച്ചും അമേരിക്കയ്‌ക്ക്) അതിന് ആനുപാതികമായി കറന്റ് കമ്മിയുമുണ്ട്. നിയമപരമായി നിശ്ചിത വിനിമയനിരക്കുള്ള മേഖലയിലെ, അതായത് യൂറോ മേഖലയിലെ, മത്സരക്ഷമത കുറവുള്ള സമ്പദ് വ്യവസ്ഥകളുടെമേല്‍ ഈ അസന്തുലിതത്വം ഉണ്ടാക്കുന്ന ആഘാതം അതീവ തീവ്രമാണ്. യൂറോ മേഖലയില്‍ത്തന്നെ ജര്‍മ്മനി കൂടുതല്‍ ശക്തമായ മത്സരക്ഷമത കാണിക്കുന്നതിനാല്‍ (കാരണം അവിടത്തെ കൂലിവളര്‍ച്ചയുടെ നിരക്ക് താരതമ്യേന വളരെകുറവാണ്) യൂറോ മേഖലയിലെ മത്സരക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥകളുടെ ദുരിതങ്ങള്‍ വളരെ കൂടുതലാണ്. ലോക മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്കുള്ളിലെ ഏറെ ദുര്‍ബലമായ, എളുപ്പത്തില്‍ പരിക്കേല്‍ക്കാവുന്ന മേഖലയാണത്.
ലോക വിപണിയില്‍ അവയുടെ മത്സരക്ഷമത താരതമ്യേന കുറവായതുകൊണ്ട്, മൊത്തം ചോദനത്തില്‍ വീഴ്‌ചയുണ്ടാകുമ്പോള്‍ അതിന്റെ പ്രതിസന്ധി വളരെ കടുത്തതായിരിക്കും. ഒറ്റ നാണയമുള്ള യൂറോ മേഖലയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ അവര്‍ക്ക് അവരുടെ നാണയത്തിന് മൂല്യശോഷണം വരുത്താന്‍ കഴിയില്ല. മാത്രമല്ല ധനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിനെ ഉപയോഗപ്പെടുത്താനും അതുവഴി ആഭ്യന്തര പ്രവര്‍ത്തനങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കാനും അവര്‍ക്ക് കഴിയുകയില്ല. സര്‍ക്കാരിന്റെ ധനപരമായ ഇടപെടലുകളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതുപോയിട്ട്, പ്രതിസന്ധികാരണം തങ്ങളുടെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനോ അതിനുവേണ്ടി സോഷ്യല്‍ ഡെമോക്രാറ്റിക് ഭരണങ്ങള്‍ ചെയ്യുന്നപോലെ "സാധാരണ നിലയി''ലുള്ള "സുരക്ഷാ'' നടപടികള്‍ കൈക്കൊള്ളുന്നതിനോ അവര്‍ക്ക് കഴിയുകയില്ല. കാരണം ഇത്തരം നടപടികളിലൂടെ ധനക്കമ്മി വര്‍ധിക്കുന്നത് ഫിനാന്‍സ് മൂലധനത്തിന് സ്വീകാര്യമായ മാര്‍ഗമല്ല. (മാസ്‌ട്രിച്ച് കരാറില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 3 ശതമാനം ധനക്കമ്മി എന്ന പരിധിക്ക് യുക്തമായ വിധത്തില്‍ ഇളവ് അനുവദിക്കാമെന്നുവെച്ചാല്‍പോലും അതിന് കഴിയില്ല). ധനമൂലധനത്തിന്റെ മേധാവിത്വത്തിന്‍കീഴില്‍ ഈ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങള്‍ വമ്പിച്ച തൊഴിലില്ലായ്‌മയ്‌ക്കും സാമൂഹ്യ സുരക്ഷാച്ചെലവിലെ വെട്ടിക്കുറവിനും കൂലി വെട്ടിക്കുറവിനും വേതനം വെട്ടിക്കുറവിനും (ഇങ്ങനെയൊക്കെ ചെയ്‌താല്‍ ഈ സമ്പദ് വ്യവസ്ഥകള്‍ മത്സരക്ഷമമായിത്തീരും എന്നാണ് കരുതപ്പെടുന്നത്) പരോക്ഷ നികുതികളുടെ വര്‍ധനയ്‌ക്കും ഇരയായിത്തീരും. വസ്‌തുവിന്മേലുള്ള പ്രത്യേക നികുതികള്‍ അടക്കം സമ്പന്നരുടെമേല്‍ പ്രത്യക്ഷനികുതി ചുമത്തുന്നത്, അവരെ സംബന്ധിച്ചിടത്തോളം തികച്ചും അചിന്ത്യംതന്നെയാണ്. (വസ്‌തുവിന്മേലുള്ള പ്രത്യേക നികുതിയാണ് ഏറ്റവും യോജിച്ച നികുതി രൂപം എന്നാണ് മൈക്കേല്‍ കലേക്കിയുടെ അഭിപ്രായം).
എന്നാല്‍ വികസിത മുതലാളിത്ത ലോകത്തിലെ ദുര്‍ബലവും വേഗത്തില്‍ പരിക്കേല്‍ക്കാവുന്നതുമായ മേഖലയില്‍ (അതായത് തെക്കന്‍ യൂറോപ്പില്‍) ഉയര്‍ന്നുവരുന്ന പ്രതിസന്ധി, ആ മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയില്ല; അതൊരു യൂറോപ്യന്‍ പ്രതിഭാസമായി മാത്രം ഒതുങ്ങിനില്‍ക്കുകയുമില്ല. യൂറോപ്പ് ഒരൊറ്റ നാണയമേഖലയായതുകൊണ്ട് വിനിമയനിരക്കില്‍ മൂല്യശോഷണം വരുത്താനുള്ള സാധ്യതയും ഇല്ല. "ഭദ്രമായ ധനകാര്യവ്യവസ്ഥ'' ഉപേക്ഷിക്കാനുള്ള സാധ്യതയും ഇല്ല. മുതലാളിത്ത ലോകത്തെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള, കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ള പ്രശ്‌നത്തിന്റെ ദുസ്സൂചനയാണ് അവരുടെ പ്രതിസന്ധി നല്‍കുന്നത്.
സര്‍ക്കാരിന്റെ ഇടപെടലും ആഗോളവല്‍ക്കൃത ഫിനാന്‍സും
മൊത്തം ചോദനത്തിലുണ്ടായ കുറവ് നികത്തുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് വാദിച്ചപ്പോള്‍ (അക്കാലത്ത് നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്‌മയുടെ നിലവാരം ഏറെക്കാലം സഹിക്കാന്‍ ലോകത്തിന് കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം) വിപണി വ്യവസ്ഥയുടെ പ്രവര്‍ത്തനംമൂലം സ്വകാര്യ പങ്കാളികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന, തടസ്സങ്ങളൊന്നുമില്ലാത്ത, ശരിക്കും പുറത്തുള്ള ഒരു "വസ്‌തു''വാണ് സര്‍ക്കാര്‍ എന്നാണ് അദ്ദേഹം കരുതിയിരുന്നത്. യാന്ത്രിക ഉത്തോലകത്തിന്റെ തത്വം അറിയാമായിരുന്ന ആര്‍ക്കിമെഡിസ് ഇങ്ങനെ പറയുകയുണ്ടായത്രെ: "എനിക്ക് നില്‍ക്കാനൊരു ഇടം തരൂ; എന്നാല്‍ ഞാന്‍ ഭൂമിയെ ഒരു ഉത്തോലകംകൊണ്ട് നീക്കിക്കാണിച്ചുതരാം''. കെയ്ന്‍സിന്റെ സങ്കല്‍പനത്തില്‍ സര്‍ക്കാര്‍ എന്നത്, ആര്‍ക്കിമെഡിസിന്റെ "നില്‍ക്കാനുള്ള ഇടം'' പോലെ എന്തോ ആണ്. അത് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പുറത്താണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന് പോരായ്‌മകളെ തിരുത്താനും അതിനെ തത്വത്തില്‍ സ്ഥായിയാക്കിത്തീര്‍ക്കാനും കഴിയും. ചുരുക്കത്തില്‍ മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയുടെ പുറത്താണ് അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
കെയ്ന്‍സിന്റെ നിലപാടിനെതിരെ ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മാതൃകാപരമായി ഊന്നിപ്പറഞ്ഞത്, ഭരണകൂടം എന്നത് സ്വയം ഭരണാധികാരമുള്ള അസ്‌തിത്വമല്ല, അതിന് വര്‍ഗസ്വഭാവമുണ്ട് എന്നാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയെ സ്ഥിരീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇടപെടലിന് അത് പരിധി നിശ്ചയിക്കും. (ഉദാഹരണത്തിന് പൂര്‍ണ്ണമായും യഥാര്‍ഥമായും ഉള്ള തൊഴില്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് അതിന് കഴിയുകയില്ല. കാരണം തൊഴില്‍ സേനയുടെ ഒരു കരുതല്‍ ശേഖരമില്ലാതെ മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. അച്ചടക്കം നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന വിധത്തിലുള്ള കരുതല്‍ ശേഖരമല്ല, മറിച്ച് കൂലി താഴ്ത്തി നിര്‍ത്താന്‍ ഉതകുന്നവിധത്തില്‍ വലിയ അളവിലുള്ള കരുതല്‍ ശേഖരമാണ് വേണ്ടത്). സര്‍ക്കാരിന്റെ ഇടപെടലിന്റെ രീതിയേയും ഈ വര്‍ഗ്ഗ സ്വഭാവം സ്വാധീനിക്കുന്നതാണ്. (ഉദാഹരണത്തിന് സൈനികച്ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടപെടും.) ചുരുക്കത്തില്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണ്ണമായ തൊഴില്‍ കൈവരിക്കാന്‍ കഴിയും എന്ന കെയ്ന്‍സിന്റെ ശുഭാപ്‌തിവിശ്വാസത്തെ വിമര്‍ശിച്ച ഇടതുപക്ഷക്കാര്‍പോലും, മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയ്‌ക്കുപുറത്താണ് ഭരണകൂടം നിലയുറപ്പിച്ചിട്ടുള്ളത്, എല്ലാ വിപണി പങ്കാളികളുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് അതിനുള്ളത് എന്ന അദ്ദേഹത്തിന്റെ സങ്കല്‍പനത്തെ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല.
പക്ഷേ, ധന മൂലധനത്തിന്റെ ആഗോളവല്‍ക്കരണത്തോടുകൂടി, ആ ധാരണകൂടി ഉപേക്ഷിക്കേണ്ടിവന്നു. മുതലാളിത്ത ലോകത്തിന്റെ നേതാവായ അമേരിക്കന്‍ ഐക്യനാടുകളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളുടെ കാര്യത്തിലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഈ ധാരണ ഉപേക്ഷിക്കേണ്ടിവരും എന്ന വസ്‌തുതപോലും അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ അതിനാവശ്യമായ വാദമുഖം താഴെ പറയുന്ന രീതിയിലാണ് മുന്നോട്ടുവെയ്ക്കപ്പെട്ടത്-ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്റെ അഭിലാഷങ്ങള്‍ക്കും ചാപല്യങ്ങള്‍ക്കും എതിരായി ഒരു ദേശരാഷ്‌ട്രം എന്തെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ആ രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍നിന്ന് മൂലധനം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് അത് കാരണമായിത്തീരും; അതിനാല്‍ ഈ ചാഞ്ചാട്ടങ്ങളുമായി ഒത്തുപോകാന്‍ ആ രാഷ്‌ട്രം നിര്‍ബന്ധിതമായിത്തീരുന്നു. കെയിന്‍സിന്റെ ഇടപെടല്‍വാദത്തെ അത് അസാധ്യമാക്കുന്നു. എന്നാല്‍ കെയ്ന്‍സിന്റെ ധാരണയ്‌ക്കെതിരായ വാദം ഇതിനേക്കാള്‍ ശക്തമാണ്.
രാഷ്‌ട്രത്തിന്റെ പരമാധികാരം നഷ്‌ടപ്പെടുന്നു
ഭരണകൂടവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ ആ രാജ്യത്തില്‍നിന്ന് മൂലധനവുമായി പലായനം ചെയ്യുന്നതിലൂടെ മാത്രമല്ല ആഗോളവല്‍ക്കൃത ധനമൂലധനത്തിന് കെയ്ന്‍സിന്റെ ശൈലിയിലുള്ള സര്‍ക്കാര്‍ ഇടപെടലിനോട് കലഹിക്കാന്‍ കഴിയുന്നത്. അതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ധനമൂലധനത്തിന് ചെയ്യാന്‍ കഴിയും. വായ്‌പ വാങ്ങുന്നതില്‍നിന്ന് സര്‍ക്കാരിനെ തടയാനും അതിന് കഴിയും. രാഷ്‌ട്രത്തിനുള്ളില്‍ നിലനില്‍ക്കുന്ന 'വിശ്വാസ'ത്തെ അട്ടിമറിക്കാനും അതിന് കഴിയും. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ ഉപയോഗപ്പെടുത്തുക എന്ന ലളിതമായ ഉപായത്തിലൂടെ ഒരു രാഷ്‌ട്രത്തെ വായ്‌പ കൊടുക്കാന്‍ കൊള്ളാത്തതാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന് കഴിയും. ('സബ്പ്രൈം' പ്രതിസന്ധിയിലൂടെ കുപ്രസിദ്ധമായിത്തീര്‍ന്ന അവ വീണ്ടും ബഹുമാന്യത തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. പരമാധികാര രാഷ്‌ട്രങ്ങള്‍ എന്നു വിളിക്കാവുന്ന രാജ്യങ്ങളുടെ വിധി നിര്‍ണയിക്കുന്ന സര്‍വ്വശക്തരായ മധ്യസ്ഥന്മാരുടെ നിലയിലേക്ക് അവര്‍ വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്). മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 13 ശതമാനം ധനകമ്മിയുള്ള ഗ്രീസിനെ കടംകൊടുക്കാന്‍ കൊള്ളാത്ത രാജ്യമായി പ്രഖ്യാപിച്ചതിലെന്താണ് തെറ്റ് എന്ന് ശുദ്ധാത്മാക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ 6 ശതമാനം മാത്രം ധനക്കമ്മിയുള്ള എസ്ത്തോണിയക്കും അതേ വിധി വരുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അവര്‍ പാടുപെടേണ്ടിവരും.
അതെന്തായാലും, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ ഔചിത്യമല്ല ഇവിടെ പരാമര്‍ശവിഷയം; ആഗോളവല്‍ക്കൃത ധനമൂലധനത്തിനെതിരായ ധാര്‍മ്മികമായ ആക്രമണവുമല്ല. ലളിതമായി പറഞ്ഞാല്‍ കാര്യം ഇതാണ്: പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍ണമായും നടപ്പാക്കപ്പെട്ടുകഴിഞ്ഞ ഒരു രാജ്യത്ത്, രാഷ്‌ട്രത്തിന്റെ നിയന്ത്രണമില്ലാത്ത സ്വയംഭരണ സ്ഥാപനമായി കേന്ദ്രബാങ്ക് മാറിത്തീര്‍ന്ന ഒരു രാജ്യത്ത് (അല്ലെങ്കില്‍ ഗ്രീസിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രബാങ്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ളിലേക്ക് ചുമ്മാ അപ്രത്യക്ഷമായിത്തീര്‍ന്ന ഒരു രാജ്യത്ത് എന്നും പറയാം), സ്വന്തം ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി അന്താരാഷ്‌ട്ര ഫിനാന്‍ഷ്യല്‍ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ വന്ന ഒരു രാജ്യത്ത്, അതായത് ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് വിപണി വ്യവസ്ഥയ്‌ക്കുപുറത്ത് നില്‍ക്കുന്ന ഒരു വസ്‌തുവല്ല രാഷ്‌ട്രം എന്നു വന്നിരിക്കുന്നു. മറ്റ് വിപണി പങ്കാളികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല അതും എന്ന അവസ്ഥ വന്നിരിക്കുന്നു. രാഷ്‌ട്രം സ്വയം വിപണിയുടെ ഒരു ഭാഗമായി കഴിഞ്ഞതുകൊണ്ട്, വിപണിയുടെ വീഴ്‌ചകള്‍ തിരുത്താനുള്ള ശക്തി സാമൂഹ്യശാസ്‌ത്രപരമായി അതിനില്ല എന്നതോ പോകട്ടെ, സാങ്കല്‍പികമായിപ്പോലും അതിനുണ്ടാവുകയില്ല. പ്രതിസന്ധിയെക്കുറിച്ച് ശാസനാപൂര്‍വ്വം ജല്‍പ്പിക്കുന്ന ഏതൊരു സാധാരണ മുതലാളിത്ത പങ്കാളിക്കും കഴിയുന്നതിനേക്കാള്‍ അധികമൊന്നും വിപണിയുടെ തെറ്റുതിരുത്താന്‍ രാഷ്‌ട്രത്തിനും കഴിയുകയില്ല. കാരണം അത്തരം വിപണി പങ്കാളികളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന പദവിയൊന്നും രാഷ്‌ട്രത്തിനുമില്ല. രാഷ്‌ട്രം വാങ്ങിച്ച വായ്‌പയെ വേണമെങ്കില്‍ "പരമാധികാരവായ്‌പ'' എന്ന് വിളിക്കാം, എന്നാല്‍ ഒരര്‍ഥത്തിലും അത് "പരമാധികാര രാഷ്‌ട്ര''മല്ല. ഈ യാഥാര്‍ത്ഥ്യം ഇന്ന് ഗ്രീക്കുകാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ആര്‍ക്കിമീഡിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്‌ട്രത്തിന് "നില്‍ക്കാനുള്ള ഇടം'' നഷ്‌ടപ്പെട്ടിരിക്കുകയാണ്. അവിടെനിന്നുകൊണ്ട് വേണമായിരുന്നല്ലോ വ്യവസ്ഥയെ നീക്കാന്‍!
ജനാധിപത്യത്തിന്റെ ശീര്‍ഷാസനം
രാഷ്‌ട്രത്തിന്റെ ഭാഗത്തുണ്ടായിരുന്ന "പരമാധികാരം'' നഷ്‌ടപ്പെട്ടത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയയുടെ മറുവശമാണ് എന്നതാണ് വസ്‌തുത. അതേ പ്രക്രിയയിലൂടെത്തന്നെ ധനമൂലധനം ഇതേ 'പരമാധികാര'ത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യുന്നു. ഒരെണ്ണത്തിന് 'പരമാധികാരം' നഷ്‌ടപ്പെട്ടാല്‍, മറ്റൊരെണ്ണത്തിന് പുതിയ തരത്തിലുള്ള ഒരു പരമാധികാരം നേടാന്‍ കഴിയും എന്ന വസ്‌തുത പ്രകടമാണല്ലോ. അത് ആവര്‍ത്തിച്ച് വിശദമാക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ തലകീഴ്‌മറിച്ചിലിന്റെ കാര്യവും അങ്ങനെതന്നെയാണ്. ജനാധിപത്യം എന്നതിനര്‍ഥം ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന രാഷ്‌ട്രം എന്നാണ്; ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുള്ള രാഷ്‌ട്രം എന്നാണ്; ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സ്വന്തം കഴിവില്‍നിന്ന് തത്വത്തിലെങ്കിലും, സ്വന്തം നിയമസാധുത്വം ആര്‍ജിക്കുന്ന രാഷ്‌ട്രം എന്നാണ്. എന്നാല്‍ വിപണിയിലെ ഒരു പങ്കാളി മാത്രമായ രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങള്‍ക്കുമുമ്പില്‍ കണക്ക് ബോധ്യപ്പെടുത്താന്‍ സ്വയം ബാധ്യസ്ഥമായ ഒരു രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിനായി ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ തയ്യാറാവുന്ന ഒരു രാഷ്‌ട്രം (അതിന് ഇഷ്‌ടമുണ്ടെങ്കിലും ഇല്ലെങ്കിലും) ജനാധിപത്യത്തിന്റെ മൌലികമായ നിഷേധത്തെയാണ് പ്രതിനിധീകരിക്കുന്നത്.
രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം, ജനങ്ങളും ഫിനാന്‍സ് മൂലധനവും ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലംമാറ്റിയപോലെയാണ് തോന്നുന്നത്. എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞപോലെയാണ് തോന്നുന്നത്. ഏതാണോ നിയന്ത്രിക്കപ്പെടേണ്ടത്, അത് നിയന്ത്രണ ജോലി സ്വയം ഏറ്റെടുക്കുന്നു; മറ്റുള്ളവയുടെമേല്‍ നിയന്ത്രണം നിര്‍വഹിക്കേണ്ടതെന്ന് കരുതപ്പെടുന്ന രാഷ്‌ട്രം, അതിനുപകരം നിയന്ത്രിക്കപ്പെടുന്നു. ഗ്രീസ് തന്നെയാണ് നല്ല ഉദാഹരണം. ജനങ്ങളെ ഏതളവുവരെ ഞെക്കിപ്പിഴിയണം എന്ന്, ധനമൂലധനത്തിന്റെ തൃപ്‌തിക്കനുസരിച്ച് അവിടെ രാഷ്‌ട്രം നിശ്ചയിക്കുകയാണ്. ഇതൊക്കെ ചെയ്യുന്നതാകട്ടെ, ഏതെങ്കിലും അട്ടിമറിയിലൂടെയല്ല, പിന്നില്‍കൂടിയുള്ള ഗൂഢതന്ത്രങ്ങളിലൂടെയല്ല; അദൃശ്യമായ മായാജാലത്തിലൂടെയുമല്ല. പട്ടാപ്പകല്‍, തുറന്നനിലയ്‌ക്ക്, വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ട തികച്ചും ന്യായയുക്തമായ ഒരു പ്രവൃത്തി എന്ന നിലയിലാണ് അത് ചെയ്യുന്നത്. അതേ അവസരത്തില്‍ അതിനെ എതിര്‍ക്കുന്നവരെയാകട്ടെ, യുക്തിഹീനരെന്നും അര്‍ഥശൂന്യരെന്നും വിവേകശൂന്യരെന്നും മറ്റും വിളിക്കുകയും ചെയ്യുന്നു. ധനമൂലധനത്തിന്റെ മേധാവിത്വത്തിന്റെ പരിവര്‍ത്തനം പൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് ഈ പ്രക്രിയ പൂര്‍ണമായി നടപ്പാക്കുന്നതിനെ തടഞ്ഞ ഇടതുപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പുരോഗമനശക്തികളുടെയും ദൃഢമായ നിലപാടിനോട് നാം നന്ദിപറയേണ്ടിയിരിക്കുന്നു. എന്നാല്‍ പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ശക്തികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല. അവരുടെ ഈ ശ്രമങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്‌ട്ര ധനമൂലധനമാണ് എന്നതിനാല്‍ അതില്‍ വലിയ അത്ഭുതത്തിനും അവകാശമില്ല.
ഐഎംഎഫിലെ മുഖ്യസാമ്പത്തികവിദഗ്ധനായിരുന്ന രഘുറാം രാജന്‍ ചെയര്‍മാനായി ഒരു സാമ്പത്തിക പരിഷ്‌ക്കരണ കമ്മീഷനെ ആസൂത്രണക്കമ്മീഷന്‍ നിയമിക്കുകയുണ്ടായി. (ഇക്കാര്യത്തില്‍ ആസൂത്രണക്കമ്മീഷന് എന്താണ് കാര്യം എന്നത് ദുരൂഹതയായിത്തന്നെ അവശേഷിക്കുന്നു). ഇന്ത്യയിലെ ഗവണ്‍മെന്റ് ബോണ്ടുകളുടെ വിപണി അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണം എന്നാണ് ആ കമ്മീഷന്‍ ഈയിടെ നടത്തിയ ഒരു ശുപാര്‍ശ. ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങളോട് സംവേദനക്ഷമത കാണിക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ കയ്യിലെ വെറുമൊരു കളിപ്പാവയായി ഇന്ത്യാ ഗവണ്‍മെന്റും മാറും. ഈ നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ സഹായം അവസാനിപ്പിക്കല്‍
എന്നാല്‍ വെറുമൊരു വിപണി പങ്കാളിയായി രാഷ്‌ട്രം ചുരുക്കപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം, ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായ മറ്റൊന്നാണ്. ലെ മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയോടെ മുതലാളിത്ത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഏതാനും മുതലാളിത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ധനപരമായി ഇടപെട്ടതുമൂലം ഏറ്റവും മോശപ്പെട്ട അവസ്ഥ സംഭവിക്കുന്നത് തടയാന്‍ കഴിഞ്ഞു. തങ്ങളുടെ ധനവ്യവസ്ഥയെ രക്ഷിക്കുന്നതിനും തങ്ങളുടെ അതത് സമ്പദ് വ്യവസ്ഥകളില്‍ പ്രവര്‍ത്തനതലങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി രാഷ്‌ട്രങ്ങള്‍ കൈക്കൊണ്ട നടപടികള്‍ കാരണം അവയ്‌ക്ക് വമ്പിച്ച ധനക്കമ്മി അനുഭവിക്കേണ്ടിവന്നു. അത്തരം സുരക്ഷാ പാക്കേജുകള്‍ക്ക് നീക്കിവെയ്ക്കേണ്ടിവന്ന മൊത്തം തുക അവയുടെ ബജറ്റുകളില്‍ വകയിരുത്തിയതിനേക്കാള്‍ എത്രയോ വലിയതായിരുന്നു. അത്തരം സുരക്ഷാ പാക്കേജുകളില്‍ എല്ലാ തരത്തിലുള്ള ഉറപ്പുകളും സഹായങ്ങളുംഉള്‍പ്പെട്ടിരുന്നതുകൊണ്ടാണത്. ഉദാഹരണത്തിന് ഫിനാന്‍ഷ്യല്‍ വ്യവസ്ഥകളുടെ രക്ഷയ്‌ക്കായി അമേരിക്ക തയ്യാറാക്കിയ പാക്കേജുകളുടെ മൊത്തം ചെലവ് 13 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. ബജറ്റില്‍ നീക്കിവെച്ചതിനേക്കാള്‍ എത്രയോ ഭീമമായ തുകയാണത്. അതെന്തായാലും, ബജറ്റിലൂടെയുള്ളതായാലുംശരി, ബജറ്റിന് പുറത്തുള്ളതായാലും ശരി, സര്‍ക്കാര്‍ നല്‍കിയ സഹായംവഴി പ്രതിസന്ധിയുടെ വലിപ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.
എന്നാല്‍ ഇന്നിപ്പോള്‍ നാം കാണുന്നത്, ഈ സര്‍ക്കാര്‍ സഹായത്തില്‍ ഒരു ഭാഗമെങ്കിലും ഒഴിവാക്കുന്നതിനുള്ള സംഘടിതമായ ശ്രമമാണ്. ധനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം പിന്‍വലിക്കുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാതിരിക്കില്ല. സാമ്പത്തിക ഉത്തേജനം തുടര്‍ന്ന് നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍, സാമ്പത്തിക ഉത്തേജനം നിലനിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ വായ്‌പാ വിതരണ കഴിവ് ഇടിയുകയാണെങ്കില്‍, പണച്ചുരുക്ക നടപടികള്‍ അനിവാര്യമായിത്തീരും. അത്തരം നടപടികള്‍ക്ക് ചൂതാട്ട ഫലമാണുണ്ടാവുക. അത്തരം നടപടികള്‍ തെക്കന്‍ യൂറോപ്പിലോ ബ്രിട്ടനിലോ മറ്റോ ഏര്‍പ്പെടുത്തിയെന്നിരിക്കട്ടെ. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തലത്തില്‍ മറ്റു ചില രാജ്യങ്ങളിലും അത് മാന്ദ്യത്തിന്റെ ഫലമുണ്ടാക്കും. അതാകട്ടെ, ഈ സമ്പദ് വ്യവസ്ഥകളില്‍ ധനക്കമ്മി ഉണ്ടാകുന്നതിനും ഇടവരുത്തും. അത്തരം മാന്ദ്യത്തിന്റെ ആഘാതങ്ങളെ ചെറുക്കുന്നതിന് അവയുടെ സമ്പദ് വ്യവസ്ഥകളെ ധനപരമായി ഉത്തേജിപ്പിക്കുന്നതിനുള്ള വ്യക്തമായ ശ്രമങ്ങള്‍ നടത്തുന്നില്ലെങ്കില്‍ കൂടി ഇങ്ങനെ സംഭവിക്കും. കാരണം മറ്റ് കാര്യങ്ങളില്‍ തുല്യമായ സ്ഥിതിയാണെങ്കില്‍ അവയുടെ നികുതി വരുമാനം ഇടിയും. ഇതിന്റെ ഫലമായി ഈ സമ്പദ് വ്യവസ്ഥകളുടെ വായ്‌പാ ലഭ്യ സാധ്യത വീണ്ടും ഇടിയും. ഇത്തരം വായ്പാ ലഭ്യ സാധ്യതയുടെ ഇടിവിന് അമേരിക്ക ഇപ്പോള്‍ വിധേയമല്ലെങ്കിലും, മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഭാവിയില്‍ അമേരിക്ക അതിനു വിധേയമാകുന്നതിനുള്ള സാധ്യതയില്ലെങ്കിലും, ധനക്കമ്മി കുറയ്‌ക്കുന്നതിന് അമേരിക്കന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരുമ്പോള്‍, നിയന്ത്രിതമായി എന്ന് പ്രത്യക്ഷത്തില്‍ തോന്നപ്പെടുന്ന മുതലാളിത്ത പ്രതിസന്ധി വരും മാസങ്ങളില്‍ വീണ്ടും രൂക്ഷമായിത്തീരാനിടയുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ മുതലാളിത്തത്തിന് താങ്ങുകൊടുത്ത് അതിനെ നിലനിര്‍ത്തിയിരുന്ന സാമ്പത്തിക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍, മുതലാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുള്ള സ്വയം തകര്‍ച്ചയിലേക്കുള്ള പ്രവണത കാണപ്പെടുന്നത് എന്തുകൊണ്ടാണ് ? മുതലാളിത്തം ആസൂത്രിതമായ ഒരു വ്യവസ്ഥയല്ല എന്ന വസ്‌തുതയിലാണ് ഭാഗികമായി അതിനുള്ള ഉത്തരം കിടക്കുന്നത്. മുതലാളിത്തത്തിന്റെ ചലനങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുള്ള പ്രവണതകളെയാണ് ആശ്രയിക്കുന്നത്. അതുമൂലം മുതലാളിത്തത്തിന് സ്വമേധയാ ഉള്ള യാദൃച്ഛികത്വം ലഭിക്കുന്നു. സ്വമേധയാ ഉള്ള ഈ യാദൃച്ഛികത്വമാകട്ടെ, മുതലാളിത്തത്തെ ആത്മനാശത്തിന്റെ മാര്‍ഗത്തിലേക്ക് തള്ളി വിട്ടേക്കാനും ഇടയുണ്ട്. "ഭദ്രമായ ഫിനാന്‍സ്'' എന്ന ആശയം ഉപേക്ഷിക്കുന്നതിനോട് അന്താരാഷ്‌ട്ര ധന മൂലധനത്തിനുള്ള എതിര്‍പ്പ്, ഈ യാദൃച്ഛികതയുടെ ഒരു ഭാഗമാണ്. (അത്തരം 'ഭദ്രമായ ഫിനാന്‍സ്' സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിനീക്കാനുള്ള സാധ്യതയുണ്ടെങ്കിലും). ആഗോളവല്‍ക്കൃത ധനമൂലധനത്തിനുമേല്‍ തങ്ങളുടെ ആജ്ഞ അടിച്ചേല്‍പിക്കാന്‍ കഴിവുള്ള ഒരു ആഗോള മുതലാളിത്തരാഷ്‌ട്രം ഇന്നില്ല എന്ന വസ്‌തുതയിലാണ് നാം ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരത്തിന്റെ മറ്റൊരു ഭാഗം കിടക്കുന്നത്. അത്തരമൊരു ആഗോള മുതലാളിത്ത രാഷ്‌ട്രത്തോട് ഏറ്റവും അടുത്തു കിടക്കുന്ന ബദല്‍ എന്ന നിലയില്‍ കണക്കാക്കാവുന്ന അമേരിക്കന്‍ ഐക്യ നാടുകളാകട്ടെ, വളരെയധികം കടബാധ്യതയുള്ള സമ്പദ് വ്യവസ്ഥയോടുകൂടിയതാണ്. വളരെ വമ്പിച്ച വാര്‍ഷിക കറന്റ് അക്കൌണ്ട് കമ്മിയോടുകൂടിയാണ് അത് നിലനില്‍ക്കുന്നത്. പഴയകാലത്ത് ബ്രിട്ടന്‍ ചെയ്തിരുന്നപോലെ, കോളണികളിലെ വിപണികള്‍ വെട്ടിപ്പിടിച്ചുകൊണ്ടും കോളണികളിലെ മിച്ചധനം തട്ടിയെടുത്തുകൊണ്ടും, ഇന്ന് ഈ കറന്റ് അക്കൌണ്ട് കമ്മി നികത്താന്‍ കഴിയുകയില്ല. അതുകൊണ്ടാണ് ലോക മുതലാളിത്തം താഴോട്ട് മുതലക്കൂപ്പ് കുത്തുമ്പോള്‍, ആ വീഴ്‌ചയെ താങ്ങിനിര്‍ത്തുന്നതിന് കഴിവുള്ള ഒരു ശക്തി ഇല്ലാതെ പോയത്.
******
പ്രഭാത് പട്നായിക്
അമേരിക്കയ്‌ക്ക് വേണ്ടാത്തത് ഇന്ത്യക്ക്
അമേരിക്കയില്‍ 1980ല്‍ നടപ്പാക്കുകയും വിവാദത്തെത്തുടര്‍ന്ന് മാറ്റങ്ങള്‍ക്കു വിധേയമാക്കപ്പെടുകയും ചെയ്‌ത ബേ-ഡോള്‍ ആക്ടിന്റെ (Bayh-Dole Act)ചുവടുപിടിച്ചാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കന്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായുണ്ടാവുന്ന കണ്ടുപിടിത്തങ്ങള്‍ സര്‍ക്കാരാണ് പേറ്റന്റ് ചെയ്‌തുകൊണ്ടിരുന്നത്. ഇവയില്‍ വളരെ കുറച്ചു ശതമാനം കണ്ടുപിടിത്തങ്ങളെ മാത്രമേ ഉല്‍പ്പന്നങ്ങളാക്കി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളു. അവിടുത്തെ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഗവേഷണങ്ങളുടെ നേട്ടം ചില ശാസ്‌ത്രജ്ഞര്‍ വന്‍കിട കമ്പനികളുമായി ചേര്‍ന്ന് വാണിജ്യവല്‍ക്കരിക്കാനും തുടങ്ങിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബിര്‍ച്ച് ബേ, ബോബി ഡോള്‍ എന്നീ സെനറ്റര്‍മാര്‍ ചേര്‍ന്നു തയ്യാറാക്കിയ ആക്ട് പ്രാബല്യത്തില്‍ വന്നത്.
നല്ല ഉദ്ദേശ്യത്തോടെയാണ് നടപ്പാക്കിയതെങ്കിലും ബേ-ഡോള്‍ ആൿട് പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അമേരിക്കയിലെ സര്‍വകലാശാല ഗവേഷണവും ഗവേഷണഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും നിരവധി പ്രതിസന്ധികളെ നേരിട്ടു തുടങ്ങി. സര്‍വകലാശാലകള്‍ പേറ്റന്റെടുത്തു കഴിഞ്ഞാലും അവയുടെ ഫലമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കുത്തകക്കമ്പനികള്‍ക്ക് നല്‍കുകയാണ്. കമ്പനികളാവട്ടെ വന്‍ വിലയ്‌ക്കാണ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുക. ഔഷധവ്യവസായ രംഗത്താണ് ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായത്. അമേരിക്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലമായാണ് പല നവീന ഔഷധങ്ങളും കണ്ടുപിടിച്ചത്. എയ്‌ഡ്‌സിനുള്ള സിഡുവിഡിന്‍, സ്‌തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ മരുന്നുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സറിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതും. ഇവ മാര്‍ക്കറ്റ് ചെയ്യാന്‍ ലൈസന്‍സ് നേടിയ ബ്രിസ്റ്റോള്‍ മേയര്‍ തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ സമ്പന്ന അമേരിക്കക്കാര്‍ക്കുപോലും താങ്ങാനാവാത്ത വിലയ്‌ക്കാണ് വിറ്റുവരുന്നത്.
നികുതിപ്പണം വിനിയോഗിച്ച് സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഗവേഷണഫലങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടുകാര്‍ വീണ്ടും പണം മുടക്കേണ്ടിവരുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മരുന്നുകമ്പനികള്‍ക്കു പകരമായി ലോകാരോഗ്യസംഘടനയ്‌ക്ക് വിലകുറച്ച് ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നാണ് ജനകീയപ്രസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.
ബേ-ഡോള്‍ ആൿടിന്റെ മറ്റൊരു പ്രത്യാഘാതം സര്‍വകലാശാല ഗവേഷണമേഖലയുടെ സ്വതന്ത്രസ്വഭാവവും തനിമയും സത്യാന്വേഷണ അടിത്തറയും നിക്ഷ്പക്ഷതയും മുന്‍ഗണനാക്രമങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നതാണ്. പേറ്റന്റ് ചെയ്ത മരുന്നുകമ്പനികളുമായി സാമ്പത്തികബന്ധം സ്ഥാപിക്കാനുതകുന്ന ഗവേഷണ മേഖലയ്‌ക്ക് ശാസ്‌ത്രജ്ഞരില്‍ പലരും ഊന്നല്‍ നല്‍കാന്‍ തുടങ്ങി. അടിസ്ഥാന ഗവേഷണങ്ങളെക്കാള്‍ പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുന്ന പ്രയുക്തഗവേഷണ മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തുടങ്ങി. പേറ്റന്റ് നല്‍കുന്നതുവരെ ഗവേഷണ പുരോഗതി പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്‌ക്കാന്‍ തുടങ്ങിയതോടെ വിജ്ഞാനവ്യാപാനം തടസ്സപ്പെട്ടു. സര്‍വകലാശാലകളിലും മറ്റും അവശ്യം വേണ്ട അക്കാദമിക സുതാര്യത നഷ്ടപ്പെടുകയും പരസ്പരം സഹകരിച്ചുള്ള ഗവേഷണത്തിന്റെ സ്ഥാനത്ത് വ്യക്തികേന്ദ്രീകൃതമായ രീതികള്‍ നിലവില്‍വരാന്‍ തുടങ്ങുകയും ചെയ്തു. സര്‍വകലാശാലകളും ഗവേഷകരും വന്‍കിട കമ്പനികളുമായുള്ള അനഭിലഷണീയങ്ങളായ വാണിജ്യബന്ധം ശക്തിപ്പെടാന്‍ തുടങ്ങി.
ഔഷധ ഗവേഷണമേഖലയിലാണ് പ്രധാനമായും ബേ-ഡോള്‍ ആൿട് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ രംഗത്തു നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തെ 90/10 എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. 10 ശതമാനം സമ്പന്നര്‍ക്ക് പ്രയോജപ്പെടുന്ന മേഖലകളിലെ ഗവേഷണങ്ങള്‍ക്കായാണ് 90 ശതമാനം തുകയും വന്‍കിട കമ്പനികള്‍ ചെലവിടുന്നതെന്നാണ് ഉദ്ദേശിക്കുന്നത്. പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്താന്‍ കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോടെ 90/10 പ്രവണത ശക്തിപ്പെടും. വന്‍കിട കമ്പനികളുടെ താല്‍പ്പര്യപ്രകാരം ഗവേഷണമേഖല തെരഞ്ഞെടുക്കാനും മുന്‍ഗണന നിശ്ചയിക്കാനും ശാസ്‌ത്രജ്ഞര്‍ നിര്‍ബന്ധിതരാകുന്നതുകൊണ്ടാണിത്.
സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളില്‍നിന്നു മുക്തരായി സ്വയംഭരണാവകാശം നിലനിര്‍ത്തുന്നതിനും വ്യവസായസ്ഥാപനങ്ങളുമായുള്ള സാമ്പത്തിക സഹകരണത്തിലൂടെ സാധിക്കുമെന്നു വാദിക്കുന്നവരുമുണ്ട്. ബേ-ഡോള്‍ ആൿടിനെത്തുടര്‍ന്നുള്ള സ്ഥിതിഗതി വിലയിരുത്തിയ പല ഏജന്‍സികളും വെളിപ്പെടുത്തിയത് ഗവേഷണഫലങ്ങളുടെ പേറ്റന്റിലൂടെ മൊത്തം വരുമാനത്തിന്റെ ഏഴു ശതമാനം മാത്രമാണ് ഗവേഷണസ്ഥാപനങ്ങള്‍ക്കു ലഭിച്ചതെന്നാണ്. പേറ്റന്റ് രജിസ്‌ട്രേഷനും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത കേസുകള്‍ക്കും മറ്റുമായി വന്‍ തുക ചെലവിട്ട് സാമ്പത്തികപ്രതിസന്ധി നേരിട്ട നിരവധി സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയിലെ കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴിലെ ഗവേഷണസ്ഥാപനങ്ങളുടെ അനുഭവവും മറിച്ചല്ല. 2004-2005 കാലത്ത് സിഎസ്ഐആര്‍ ഗവേഷണസ്ഥാപനങ്ങള്‍ക്ക് കമ്പനികളില്‍നിന്ന് അഞ്ചുകോടിരൂപ ലൈസന്‍സിനത്തില്‍ ലഭിച്ചെങ്കിലും ഇരട്ടി പേറ്റന്റ് ഫില്ലിങ്ങിനും മറ്റുമായി ചെലവിടേണ്ടിവന്നു.
ബേ-ഡോള്‍ ആൿട് സൃഷ്‌ടിച്ച അക്കാദമിക് സാമൂഹിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ജനകീയ സ്വഭാവമുള്ള ഇടപെടലുകളും അമേരിക്കയില്‍ നടക്കുന്നുണ്ട്. പേറ്റന്റ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഒരു പ്രത്യേക കമ്പനിക്കു മാത്രമായി കുത്തക വിപണനാധികാരം നല്‍കുന്നത് ഒഴിവാക്കി ചെറുകിട കമ്പനികള്‍ക്ക് കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി നല്‍കലാണ് ഒരു രീതി. ഗവേഷണ ഫലങ്ങള്‍ പേറ്റന്റ് ചെയ്യുമെങ്കിലും എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന പൊതു വെബ് സൈറ്റുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ലഭ്യമാക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം മുന്നോട്ടുവച്ച വിജ്ഞാനത്തിന് സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജനിതകവിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ഓപ്പണ്‍ ബയോളജി എന്നു വിളിക്കുന്ന വിജ്ഞാന പങ്കിടല്‍പ്രസ്ഥാനവും വളര്‍ന്നുവരികയാണ്.
ഗവേഷണഫലങ്ങളുടെ കുത്തകവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനുമെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെയാണ് അമേരിക്കയില്‍ത്തന്നെ പരാജയപ്പെട്ട ബേ-ഡോള്‍ ആൿടില്‍ വെള്ളംചേര്‍ത്ത പതിപ്പ് ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്നത്. അടുത്തകാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്‌ത്രജ്ഞരും പൊതു സ്ഥാപനങ്ങളും ഗവേഷണത്തെ ജനകീയവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചാണിത്. ക്ഷയത്തിനു കാരണമായ ബാൿടീരിയയുടെ ജനിതകഘടന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ മാതൃകകാട്ടിയിരിക്കയാണ്. കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഓപ്പണ്‍ സോഴ്‌സ് ഡ്രഗ് ഡിസ്‌ക്കവറിയും ഔഷധ ഗവേഷണരംഗത്തെ വിവരവിനിമയം ജനാധിപത്യവല്‍ക്കരിക്കുന്നതിനും വിലകുറഞ്ഞ ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ജനങ്ങള്‍ക്കെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
അമേരിക്കയില്‍പ്പോലും ബേ-ഡോള്‍ ആൿടിന്റെ പരിമിതികള്‍ മുറിച്ചുകടക്കുന്നതിനും സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഗവേഷണഫലങ്ങള്‍ സ്വകാര്യമേഖല വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ഗവേഷണ വിവരങ്ങള്‍ പൊതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓപ്പണ്‍ അൿസസ് രീതിക്ക് നിയമപ്രാബല്യം നല്‍കുന്ന കണ്‍സോളിഡേറ്റഡ് അപ്രോപ്രിയേഷന്‍ ബില്ലിന് പ്രസിഡന്റ് അനുമതി നല്‍കിക്കഴിഞ്ഞു.
*****
ഡോ. ബി ഇൿബാല്‍, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്