കമ്പോള മൌലികവാദവും പിഴ വലിയ പിഴയും
പുതിയ മുതലാളത്തത്തിന് ഏറ്റവും ഇണങ്ങുന്ന വിശേഷണം കുറ്റകൃത്യങ്ങളുടെ സമ്പദ് വ്യവസ്ഥ (Economy of Crime) എന്നാണ്. അതിലെ വ്യക്തികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ തൊട്ട് വന്‍കിട ഭീമന്മാര്‍ വരെ ആ വിശേഷണത്തിന് അനുകൂലമായാണ് ചിന്തിക്കുന്നതും പ്രവര്‍ ത്തിക്കുന്നതും. സാധാരണ മനുഷ്യരുടെ കുറ്റകൃത്യവാസനയും കമ്പനികളുടെ സാമ്പത്തിക കുംഭകോണങ്ങളും ഈ ശ്രേണിയില്‍പ്പെടുന്നു. പല രാജ്യങ്ങളിലും പടര്‍ന്നു കയറുന്ന അതിക്രമങ്ങളും ഒട്ടു മിക്ക വന്‍കിട സ്ഥാപങ്ങളുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും മാധ്യമങ്ങളുടെ സമീപകാല വാര്‍ത്തകളിലെ പ്രധാന ചേരുവകളാണ്.സത്യം കമ്പ്യൂട്ടേഴ്സിലെ വീഴ്ചകള്‍ സൂക്ഷ്മമായി അന്വേഷിച്ചു ചെന്നവര്‍ക്ക് ചില അമേരിക്കന്‍ കമ്പനികളുടെ കൂടി അവസ്ഥ കാണാനായി. വിപണി കൈയടക്കാന്‍ കുത്തകകള്‍ വ്യാപാരധാര്‍മികത പോലും കാറ്റില്‍പ്പറത്തുന്നതാണ് പുതിയ പ്രവണത. യൂറോപ്യന്‍ യൂണിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അമേരിക്കന്‍ കമ്പനിയായ ഇന്റലിന് ചുമത്തിയ ഭീമമായ പിഴയാണ് ഈ ശ്രേണിയിലെ ഒടുവിലത്തെ വാര്‍ത്ത. വഴി വിട്ട മാര്‍ഗങ്ങള്‍ അവലംബിച്ച് കമ്പോളം കീഴടക്കാന്‍ ശ്രമിച്ചതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ആ കമ്പനിക്ക് 7200 കോടി രൂപ പിഴ ചുമത്തിയത്. ലോകത്ത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ മൈക്രോ പ്രോസസ്സര്‍ വിപണിക്കു വേണ്ട ഉപകരണങ്ങളുടെ 81 ശതമാനവും നിര്‍മ്മിച്ചു നല്‍കുന്നത് ഇന്റലാണ്. എഎംഡി (അഡ്വാന്‍സ്‌ഡ് മൈക്രോ ഡിവൈസസ്) മാത്രമാണ് ഈ രംഗത്തെ അതിന്റെ ഏക എതിരാളി. എഎംഡിയെ കമ്പോളത്തില്‍ നിന്ന് തുരത്താന്‍ യൂറോപ്യന്‍ വിപണിയിലെ വ്യവസ്ഥകളെല്ലാം ഇന്റല്‍ കാറ്റില്‍പ്പറത്തുകയായിരുന്നു. ലോകത്തെ അതി പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍, എച്ച്പി, ലെനോവ, ഏസര്‍ തുടങ്ങിയവക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കുന്ന കൃത്രിമ സ്ഥിതി സൃഷ്ടിക്കാന്‍ ഇന്റല്‍ രഹസ്യമായി വന്‍ ആനുകൂല്യങ്ങള്‍ വാരി വിതറുകയായിരുന്നത്രെ. എഎംഡിയുടെ ചിപ്പുകളുമായി കമ്പ്യൂട്ടറുകള്‍ ഇറങ്ങുന്നതില്‍ കാലവിളംബമുണ്ടാക്കാനും ഇന്റല്‍ പണം നല്‍കി. ഇതിന് ചില ഉദ്യോഗസ്ഥ മേധാവികളെ ചാക്കിലാക്കാനും ശ്രമിച്ചു.
ഇന്റലിന്റെ ഈ അത്യാഗ്രഹം എഎംഡിയുടെ ജീവനക്കാര്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അവരുടെ കമ്പനി ചിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച കമ്പ്യൂട്ടറുകള്‍ അവര്‍ക്ക് അപ്രാപ്യമാകുന്ന അവസ്ഥയാണുണ്ടായത്. അഞ്ചു വര്‍ഷത്തേക്കുള്ള ദീര്‍ഘ പദ്ധതികളിലൂടെയായിരുന്നു ഇന്റല്‍ ആധിപത്യത്തിന് ശ്രമിച്ചത്. എഎംഡിയുമായുള്ള ചില കരാറുകള്‍ വൈകിപ്പിച്ചതിനു പുറമെ പലതും റദ്ദാക്കാനും പ്രേരണയുണ്ടായി.
ഇന്റല്‍ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഇളവുകളും തീര്‍ത്തും അധാര്‍മ്മികമാണെന്നാണ് കമ്മീഷണര്‍ നീലി ക്രോയിസ് പ്രതികരിച്ചത്. വിശ്വാസ വഞ്ചനക്ക് അതിന് ചുമത്തിയ അപ്പോഴത്തെ പിഴ വ്യാപാരചരിത്രത്തിലെ തന്നെ ഏറ്റവും വലിയതാണ്. 2008ല്‍ സെയ്ന്റ് ഗോബേയ്‌ന് ഇതിന് കുറവായ പിഴ ഒടുക്കേണ്ടി വന്നിരുന്നു. 2004ല്‍ മൈക്രോസോഫ്റ്റും കുടുങ്ങി. 110000 കോടിയുടെ വ്യാപാരമുളള ഇന്റലിന്റെ യൂറോപ്യന്‍ വ്യാപാര പങ്ക് 30 ശതമാനത്തിലധികമാണ്. ഇപ്പോഴത്തെ പിഴയാവട്ടെ കമ്പനിയുടെ 2008ലെ മൊത്തം ലാഭത്തിന്റെ 4.15 ശതമാനമേ വരൂ എന്നാണ് കമ്മീഷന്‍ അധികൃതരുടെ സമാധാനം. ലോകത്തെ പത്ത് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ എട്ടിന്റെയും അടിസ്ഥാനം ഇന്റലിന്റെ മൈക്രോ പ്രോസ്സസറാണ്. എഎംഡി 2001ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ കോമ്പിറ്റീഷന്‍ കമ്മീഷന്റെ അന്വേഷണവും പിഴ ചുമത്തലും. ഇന്റലിനെതിരെ എഎംഡി അമേരിക്കന്‍ കോടതിയില്‍ നിയമ നടപടിയും തുടങ്ങിക്കഴിഞ്ഞു. അതിന്റെ വാദം കേള്‍ക്കല്‍ 2010ല്‍ ആരംഭിക്കും. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 27 രാജ്യങ്ങളില്‍ വ്യാപാരമത്സരം ഒഴിവാക്കുന്ന നിബന്ധന ലംഘിച്ച് ഇടപാട് നടത്തുന്നതിനെതിരായ നടപടി കൂടിയാണ് ഇന്റലിന് വിനയായത്. കമ്പോളാധിപത്യത്തിന് വഴിവിട്ട് പ്രവര്‍ത്തിക്കുന്നതും എടുത്തു കാട്ടപ്പെടുന്നു.
സാമ്പത്തിക അരാജകത്വത്തെയും മൂലധനം ചോര്‍ത്തിയെടുക്കലിനെയും തുടര്‍ന്ന് പാപ്പരാകുന്ന അമേരിക്കന്‍ കമ്പനികളെ രക്ഷിക്കാന്‍ ഭരണ കേന്ദ്രങ്ങള്‍ തന്നെ സഹായഹസ്തവുമായി ഓടിയെത്തുന്ന കാഴ്ചയാണിന്ന്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ തീരെ ആവശ്യമില്ലെന്ന് പ്രബോധനം നടത്തിയവര്‍ ഇപ്പോള്‍ ആ സഹായത്തിനു വേണ്ടി തല തല്ലിക്കരയുകയാണ്. എന്നാല്‍ പൊളിഞ്ഞ കമ്പനികളില്‍ നിക്ഷേപിച്ച സാധാരണക്കാരേയും കുംഭകോണങ്ങള്‍ വെറുക്കുന്ന ജീവനക്കാരേയും കുറിച്ച് ഇവര്‍ക്കൊന്നും വേവലാതിയില്ല. ഒരു വന്‍കിട ധനകാര്യക്കമ്പനിയുടെ മേധാവി പറഞ്ഞത് ഇത് അമേരിക്കന്‍ സോഷ്യലിസമാണെന്നാണ്. അതെ സമ്പന്നരുടെ സോഷ്യലിസം (Socialism for the rich). സത്യം കമ്പ്യൂട്ടേഴ്സിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലും ഇതേ വായ്ത്താരിയായിരുന്നു. എല്ലാം വിറ്റു പെറുക്കി നിക്ഷേപിച്ചവരെയും അനിശ്ചിതത്വത്തിലായ ജീവനക്കാരെയും കുറിച്ച് പലരും മൌനത്തിലായിരുന്നല്ലോ. റിയല്‍ എസ്റേറ്റ് മേഖലയിലേക്കും ഊഹ ഓഹരിക്കൊതിയിലേക്കും മൂലധനം പകുത്തു നല്‍കിയ രാമലിംഗ രാജു ഇപ്പോഴും നായകന്‍ തന്നെ. ഈ കുറ്റകൃത്യത്തിന് സാങ്കേതിക പിന്തുണയും സ്ഥിതി വിവരണക്കണക്കിന്റെ വ്യാഖ്യാനവും നല്‍കിയ വന്‍ കിട ഉദ്യോസ്ഥരെക്കുറിച്ചാണ് ഇപ്പോള്‍ വിലാപം. അതിലെ നാല് പ്രമുഖര്‍ വിട്ടുപോകുന്നതായാണ് റോളി ശ്രീ വാസ്തവ (Satyam sees exit of top honchos) എഴുതിയത്. നിയമ നടപടികള്‍ ഭയന്നാണ് ഈ പിരിഞ്ഞു പോകലെന്ന് പലരും മനസ്സിലാക്കുന്നുമില്ല. ടെക് മഹീന്ദ്ര ഏറ്റെടുക്കുമ്പോള്‍ സ്ഥാനനഷ്ടം ഉണ്ടാകുമെന്ന് ഭയന്നും ചിലര്‍ 'ഒളിച്ചോടാന്‍' തയ്യാറെടുക്കകയാണത്രെ! മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരായ വീരേന്ദ്ര അഗര്‍വാളും ഗാരി തീലൂക്ക് സിങും ഇതില്‍പ്പെടുന്നു. ഇതേ നിലവാരത്തിനടുത്തുള്ള കൃഷ് കുമാരസ്വാമിയും രമേഷ് ബാബുവും രാജിവെച്ചതായാണ് വാര്‍ത്ത. സത്യം വൃത്തങ്ങളില്‍ കെ കെ എന്നറിയപ്പെടുന്ന കൃഷ് എച്ച് സി എൽ ലക്ഷ്യമാക്കുകയാണ്. "സ്ഥിതി നല്ലതായിരിക്കുമ്പോള്‍ നീക്കം നടത്തുക'' എന്നതാണ് സത്യം നേതൃനിരയിലെ മുദ്രാവാക്യമെന്നും അടക്കം പറച്ചിലുണ്ട്. എഴുപത് പ്രധാന ഉദ്യോഗസ്ഥര്‍ ഇത് ഏറ്റു വിളിക്കുകയാണെന്ന ഫലിതവും കേള്‍ക്കുന്നു.
സത്യം ശൃംഖലയുടെ വിപുലീകരണത്തില്‍ അഗര്‍വാളിന്റെ പങ്ക് വളരെ വലുതാണ്. 1999 ലാണ് അദ്ദേഹം കമ്പനിയിലെത്തുന്നത്. സിംഗപ്പൂരിലെ വ്യാപാര വികസനത്തില്‍ ഏറെ സംഭാവന നല്‍കുകയും ചെയ്തു. രാജുവിന്റെ കുറ്റ സമ്മതത്തിനു ശേഷം പ്രതിസന്ധി പരിഹാരത്തിനായി രൂപീകരിച്ച സമിതിയിലും അഗര്‍വാള്‍ അംഗമായിരുന്നു. എന്നാല്‍ രാജുവിന്റെ നല്ല പിള്ളയുമായിരുന്നു അദ്ദേഹമെന്നത് മറ്റൊരു കഥ.
ആഗോള സാമ്പത്തിക പ്രതിസന്ധി, പറയപ്പെടുന്ന എല്ലാ നിയന്ത്രണ പ്രതീക്ഷകള്‍ക്കും അപ്പുറമാണെന്ന വെങ്കിടേഷ് ആത്രേയ ( Economic Crisis of global Capitalism : beyond resgulaiotn)യുടെ കാഴ്ചപ്പാട് ഗൌരവമായ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴത്തെ കുഴപ്പത്തെ വെറും ധനപ്രതിസന്ധി മാത്രമായി വായിച്ചെടുക്കുന്നതിലെ പരാധീനതയേയും അദ്ദേഹം വെറുതെ വിടുന്നില്ല. അത്തരം കാഴ്ചപ്പാട് ഉപരിപ്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യ മോഹം ആഭ്യന്തോരോല്‍പാദന വളര്‍ച്ചയില്‍ ഇടിവു വരുത്തിയതായും ആത്രേയ വിലയിരുത്തിയിട്ടുണ്ട്. കമ്പോള മൌലിക വാദികളുടെ വ്യാമോഹങ്ങള്‍ക്ക് പുതിയ പ്രതിസന്ധി ക്ഷതമേല്‍പ്പിച്ചതായും അദ്ദേഹം കണ്ടു. ഓഹരിക്കുതിപ്പ് ചൂണ്ടി ആശ്വാസംകൊളളുന്നവര്‍ എന്നാല്‍ വ്യാവസായിക 'വളര്‍ച്ചാ നിരക്ക്' പൂജ്യത്തിനും താഴെയായത് കാണുന്നുമില്ല. 2008 ല്‍ നിന്ന് 2.3 ശതമാനമാണ് ഈ രംഗത്ത് ഇടിവുണ്ടായത്. ഉല്‍പാദന മേഖലയിലാവട്ടെ തകര്‍ച്ച 3.3 ശതമാനത്തിന്റേതായിരുന്നു. ഓഹരിച്ചന്തയിലെ 80 ശതമാനവും ഈ മേഖലയുടേതാണ്. എന്നിട്ടും ഓഹരി സൂചികയും കമ്പോളവും പ്രതീക്ഷ പുലര്‍ത്തുകയാണത്രെ! തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വങ്ങള്‍ കമ്പോളമനോഭാവത്തെ വലിയ മട്ടില്‍ ഉലച്ചില്ലെന്നും സമാധാനമുണ്ട്. ഓഹരിക്കമ്പോളക്കുതിപ്പ് സാമ്പത്തിക തിരിച്ചു വരവിന്റെ ലക്ഷണമായി വിലയിരുത്തിക്കൂടെന്നാണ് ഹിന്ദു ദിനപത്രം മുഖപ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കിയത് (2009 മെയ് 14)
2010-11 ഓടെ ഇന്‍ഷൂറന്‍സ് മേഖലയിലെ ബിസിനസ് 200 ശതമാനം ഏറുമെന്നതാണ് മറ്റൊരു സമാധാനം. അസോചം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ സ്വകാര്യ മേഖലയുടെ കുതിപ്പ് 140 ശതമാനം വരും. അതിനവര്‍ ഉപയോഗിക്കുന്നത് കമ്പോള സൂത്രപ്പണികളാണ്. അടുത്ത രണ്ടു വര്‍ഷത്തിനകം മൊത്തം ഇന്‍ഷുറന്‍സ് ബിസിനസ് 200000 കോടി രൂപ കടക്കുമെന്നാണ് അസോചമിന്റെ കണക്കു കൂട്ടല്‍. ഇപ്പോഴത് 50000 കോടിയുടേതാണ്. വന്‍കിട വിദേശ ഇന്‍ഷുറന്‍സ് കമ്പനികളും തക്കം പാര്‍ത്തിരിക്കയാണ്. സ്വകാര്യ-വിദേശ സംരംഭങ്ങള്‍ ഇന്ത്യന്‍ ഗ്രാമീണ കമ്പോളമാണ് ഇപ്പോള്‍ കൂടുതല്‍ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പ്രീമിയം ആഭ്യന്തരോല്‍പാദനത്തിന്റെ 1.8 ശതമാനത്തിലെത്തിയിട്ടുണ്ട്. അമേരിക്കയിലത് 5.2 ഉം ബ്രിട്ടനില്‍ 6.5 ഉം ദക്ഷിണ കൊറിയയില്‍ 8ഉം ശതമാനമാണ്.
*
അനില്‍കുമാര്‍ എ.വി. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം
No comments:
Post a Comment