Saturday, 6 June 2009

പുണരുക നാമീ തത്വശാസ്ത്രത്തെ

പുണരുക നാമീ തത്വശാസ്ത്രത്തെ
“ക്ഷാമകാലം കമ്പനികള്‍ ആള്‍ ശേഷിയും കൂലിയും മിനുസപ്പെടുത്തുന്നു.“ ബിസിനസ് ലൈന്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൊ ന്നാണിത്. കമ്പനികള്‍ ഒന്നൊന്നായി വേതനച്ചിലവ് വെട്ടിക്കുറക്കാന്‍ തന്ത്രം മെനയുന്നതിന്റെ കഥ തുടര്‍ന്നു പറയുന്നു. ഐ.ടി.കമ്പനികളില്‍ മൊത്തം ചിലവിന്റെ 60 ശതമാനവും മാനവവിഭവവുമായി ബന്ധപ്പെട്ടതാണത്രെ. ഇതില്‍ അസ്ഥിരവേതനച്ചിലവിലാണ് കത്തിവീഴുന്നത്.വയസ്സന്‍ പടയാണാദ്യം പുറത്തു പോകുക. നവാഗതര്‍ക്കു കുറഞ്ഞ കൂലി മതിയാവും.-പറയുന്നത് കരിയര്‍ നെറ്റ് ടെക്നോളജീസ് ഡയറക്ടര്‍ റിഷി ദാസ്. ജീവനക്കാരെ പുറന്തള്ളാന്‍ നവീന രീതികളൂണ്ട്. ഒന്നുകില്‍ കുറഞ്ഞ വേതനം പറ്റുക ; അല്ലെങ്കില്‍ പുറത്തു കടക്കുക.” - ഇതായിരിക്കും ഉപദേശം.എന്നാല്‍ ഓരോ കമ്പനിക്കും തനതു രീതികളുണ്ടെന്ന് “മൈന്‍ട്രീ” എന്ന സ്ഥാപനം തെളിയിക്കുന്നു. വേതനം വെട്ടിക്കുറക്കുകയോ, പിരിച്ചു വിടുകയോ ചെയ്യും മുമ്പ് മൂന്നു ഘട്ടങ്ങളുണ്ടാവും : ആദ്യം ഉത്പാദനക്ഷമത മുന്‍നിര്‍ ത്തിയുള്ള ചില നടപടികള്‍ ; രണ്ടാമത് കാര്യക്ഷമത കണക്കാക്കി ശമ്പളത്തില്‍ ചില ക്രമീകരണങ്ങള്‍”; മൂന്നാമത് ഭാവി ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവെക്കല്‍.ഇന്ത്യയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ടെക്നോളജി സര്‍വ്വിസ്, ഔട്ട് സോഴ്സിങ്ങ് എന്നിവ കൈകാര്യം ചെയ്യുന്ന ആക്സെന്റര്‍ കമ്പനി തൊഴിലാളികള്‍ എന്നേ അധികജോലിയാരംഭിച്ചു കഴിഞ്ഞു ! ഉത്പാദനക്ഷമത നിലവാരം കൂട്ടാന്‍.എഛ്.സി.എല്‍ ടെക്നോളജീസ് അതിലും മുമ്പേ പറന്ന പക്ഷിയാണ്. 2006 ഒക്ടോബര്‍ മുതല്‍ അവരുടെ ജീവനക്കാര്‍ അരമണിക്കൂര്‍ ഭക്ഷണസമയമുള്‍പ്പെടെ 9 മണിക്കൂര്‍ ജോലി ചെയ്യുന്നു.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലണ്ട് ചെലവു ചുരുക്കാന്‍ ആഗോളതലത്തില്‍ 2700 പേരെ പിരിച്ചു വിട്ടു. 2007 ഒക്ടോബറില്‍ എ.ബി.എന്‍ ആമ്രോയെ ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ബാങ്കാണ് ആര്‍.ബി.എസ്. 21 നഗരങ്ങളിലായി 28 ശാഖകള്‍; 9500 ജീവനക്കാരും.ഒരിക്കലും ഉറങ്ങാത്ത’സിറ്റി ബാങ്ക് 52000 പേരെ 2008 നവംബറില്‍ തന്നെ പുറന്തള്ളി.7136 കോടി രൂപയുടെ അഴിമതി പുറത്തു പറയും മുമ്പുതന്നെ സത്യം കംപ്യൂട്ടേഴ്സ് വേതനച്ചിലവിനെപ്പറ്റി വ്യാകുലപ്പെട്ടു തുടങ്ങിയിരുന്നു. അമേരിക്കയിലും, യൂറോപ്പിലുമുള്ള നിരക്കിലും എത്രയോ കുറഞ്ഞ വേതനമാണ് ഇന്ത്യയിലെന്നിരിക്കിലും 01.12.2008ന് സത്യം 40 പേരെ പിരിച്ചുവിട്ടു. മറ്റൊരു 40 പേര്‍ക്ക് പിങ്ക് സ്ളിപ്പ് നല്‍കുകയും ചെയ്തു.- യാത്രാ ബില്ലില്‍ തിരിമറിയാരോപിച്ച്.അമേരിക്കയില്‍ 2009 ജനുവരി ആദ്യവാരം വരെ 18.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ദിവസം 14000 പേര്‍ക്കുവീതം ജോലി നഷ്ടപ്പെടുന്നുവെന്നാണ് വാര്‍ത്ത. പലര്‍ക്കുമിപ്പോള്‍ പാര്‍ട്ട് ടൈം ജോലിയാണുള്ളത്.കോര്‍പ്പറേറ്റ് സാമൂഹ്യ നിരുത്തരവാദിത്വം.പിരിച്ചുവിടല്‍ ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. യാതൊരു ഗത്യന്തരവുമില്ലാതെ വരുമ്പോള്‍ മാത്രം, അവസാന നടപടിയെന്ന നിലയില്‍ സ്വീകരിക്കേണ്ട കാര്യം ആദ്യമേ അവലംബിക്കുന്നു !കമ്പനിക്കു നഷ്ടമുണ്ടായിട്ടല്ല ; ലാഭം കുറഞ്ഞിട്ടല്ല ; ലാഭത്തോത് അല്‍പം കുറഞ്ഞുവെന്നു കാണുന്ന നിമിഷം തൊഴിലാളികളെ പുറന്തള്ളുകയാണ്.ഹയര്‍ ആന്റ് ഫയര്‍ എന്ന പ്രയോഗത്തിന് ഇത്ര ക്രൂരമായ അര്‍ത്ഥതലങ്ങളൂണ്ടെന്ന് നാം സ്വപ്നത്തില്‍ പോലും കരുതിയി രുന്നില്ല.കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാലിത് കോര്‍പ്പറേറ്റ് സാമൂഹ്യ നിരുത്തരവാദിത്വത്തിന്റെ കാലമാണ്. (CORPORATE SOCIAL IRRESPONSIBILITY) എത്ര ലാഘവബുദ്ധിയോടെയാണ് ജെറ്റ് എയര്‍വേയ്സ് ഉടമ ഗോയല്‍ എയര്‍ ഹോസ്റ്റസ്സുമാരെ പിരിച്ചുവിട്ടത് ? പരിദേവനം കേട്ട് ഗോയല്‍ മുതലാളിയുടെ കരളലിഞ്ഞുവെന്ന് നാം കരുതിയെങ്കില്‍ തെറ്റി. വേതനം വെട്ടിക്കുറച്ചു.പലപ്പോഴും ആഗോളമാന്ദ്യം ഒരു മറയാണ്. മറ്റു അഭ്യന്തരകുഴപ്പങ്ങളോ, കുംഭകോണമോ ആയിരിക്കും യഥാര്‍ത്ഥ കാരണം.ലോകം കണ്ടതില്‍വെച്ചേററവും വലിയ ജീവകാരുണ്യപ്രവര്‍ത്തകനായി വേഷം മാറിയ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് പോലും പതിനായിരങ്ങളെ പിരിച്ചുവിട്ടുകഴിഞ്ഞു.ആരാണ് തൊഴിലാളി ?അമേരിക്കയില്‍ തൊഴിലില്ലായ്മാ നിരക്ക് 8.1 ശതമാനം കവിഞ്ഞു. 2007ല്‍ ഇത് 4.4 ശതമാനമായിരുന്നു. ഫ്രാന്‍സില്‍ തൊഴി ലില്ലായ്മ 8.2 ശതമാനമായി ഉയ ര്‍ന്നു. ജര്‍മ്മനിയില്‍ 7.1 ശതമാ നം. ഐ.എല്‍.ഒ ഒക്ടോബര്‍ 2007ല്‍ പുറത്തുവിട്ട കണക്കാണിത്.സ്വീഡിഷ് നഗരമായ ട്രോള്‍ ഹാട്ടണ്‍ ഒരു വാഹന നഗരമാണ്. ഡെട്രോയിറ്റിന്റെ സ്വീഡിഷ് പതിപ്പ്. അവിടെ ജനറല്‍ മോട്ടോഴ്സിന്റെയും, ഫോര്‍ഡിന്റെയും ഉടമസ്ഥതയിലൂള്ള സാബ് വോള്‍വോ കമ്പനികള്‍ നഷ്ടത്തിലായി. 62000 പേര്‍ക്ക് പണിപോയി. തൊഴിലില്ലായ്മ 6 ശതമാനത്തിലേക്ക് കുതിച്ചു.ആഗോളവല്‍ക്കരണവും നവലിബറലിസവും സ്ഥിരജോലികള്‍ക്കെതിരാണ്. പുറംപണിയും, താല്‍കാലിക ജോലിയും അവരുടെ ഇഷ്ടസങ്കേതങ്ങളാണ്. സംഘടിത തൊഴില്‍ മേഖലയും സംഘടിത തൊഴിലാളികളും അവര്‍ക്ക് ചതുര്‍ത്ഥിയായിരുന്നു.മുതലാളിമാരുടെ ലാഭത്തില്‍ നേരിയ കുറവ് ദര്‍ശിച്ചു. തൊഴിലാളിക്കു പണിയില്ലാതായി. വരുമാനമില്ലാതായി. ജീവിതമില്ലാതായി.അപ്പോള്‍ ആരാണ് തൊഴിലാളി ?മുതലാളിക്ക് ലാഭമുള്ളിടത്തോളം മാത്രം പണിയുള്ളവനും പണിയുള്ളിടത്തോളം മാത്രം ജീവിതമുള്ളവനും.ഈ നിര്‍വ്വചനം വളരെ പഴഞ്ചനാണ്. പക്ഷെ നമുക്കു വിശ്വസിക്കാന്‍ മടിയായിരുന്നു. നമുക്കെന്നല്ല, ആര്‍ക്കും. ഐ.ടി മേഖലയിലെ ജോലിക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ വെറുക്കപ്പെട്ട, വിലക്കപ്പെട്ട, കനിയായിരുന്നു. ട്രേഡ് യൂണിയനുകളെയും മുദ്രാവാക്യങ്ങളെയും സമരങ്ങളെയും അവര്‍ വെറുത്തു. രാഷ്ട്രീയമെന്നാല്‍ അവര്‍ക്കു പുച്ഛമായിരുന്നു. അവര്‍ക്കു മാത്രമല്ല, ഉയര്‍ന്ന ശമ്പളം പറ്റുന്ന നമ്മുടെ മക്കള്‍ക്കുപോലും.ജെറ്റ് എയര്‍വെയ്സിലെ സുന്ദരിക്കുട്ടികള്‍ വാഹനം കാത്ത് വെയിലത്തു നില്‍ക്കുമ്പോഴാണ് മേലില്‍ വണ്ടി വരില്ലായെന്നറിഞ്ഞത്.ഒരു നിമിഷമവര്‍ തൊഴിലാളിയൂണിയനെ കുറിച്ചോര്‍ത്തുപോയി. ഒരു മിന്നല്‍ പിണര്‍ പോലെ.അതെ, തൊഴിലാളിയൂണിയനുകളെ കള്ളനാണയങ്ങളെന്നു വിളിച്ചാക്ഷേപിച്ചവര്‍ക്കാണ് തെറ്റു പറ്റിയത്.തൊഴിലാളിയുടെ തത്വശാസ്ത്രം.മനുഷ്യവിഭവം വാങ്ങാനും വില്‍ക്കാനുമുള്ള വെറുമൊരു ചരക്കല്ല. ജീവനില്ലാത്ത ഉത്പാദനഘടകമല്ല. അദ്ധ്വാനശക്തിയുടെ ഉറവിടം മനുഷ്യനാണ്. അല്ലാ, മനുഷ്യജീവിതങ്ങളാണ്. രക്തവും മാംസവും വികാരങ്ങളുമുള്ള മനുഷ്യര്‍. അദ്ധ്വാനം വില്‍ക്കുന്ന വരുടെ കൂട്ടായ്മയാണ് ട്രേഡ് യൂണിയന്‍.ജീവിക്കാനുള്ള വേതനവും സേവനവ്യവസ്ഥകളും വേണമെന്നേ ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നുള്ളു. അന്തസ്സായി അദ്ധ്വാനിക്കാന്‍ തയ്യാറാണ്. ഉത്പാദനത്തില്‍ അര്‍ഹമായ വിഹിതമില്ലെങ്കിലും മാന്യമായി ജീവിക്കാന്‍ കഴിയണം. അതു പറഞ്ഞതിനാണ് മുതലാളിമാരും അവരുടെ പത്രമാദ്ധ്യമങ്ങളും ഏജന്റുമാരും ട്രേഡ് യൂണിയനുകളെ വെറുത്തത്; വെറുക്കാന്‍ പഠിപ്പിച്ചത്; ശത്രുക്കളായി മുദ്രയടിച്ചത്. വികസന വിരോധികളായി ചിത്രീകരിച്ചത്.മുതലാളിയുടെ പെട്ടിയും കീശയും നിറയെ ലാഭം കിട്ടിയപ്പോള്‍ തൊഴിലാളിക്ക് അല്‍പം ശമ്പളം നല്‍കി. ലാഭനിരക്ക് കുറഞ്ഞപ്പോള്‍ തൊഴിലാളിയെ കൈവിടുന്നു.ഒരു ട്രേഡ് യൂണിയനുണ്ടായിരുന്നെങ്കില്‍ ? ഒരു സേവന വേതനക്കരാര്‍ ഉണ്ടായിരുന്നെങ്കില്‍ ?ഒരു നിയമന ഉത്തരവ് കൈയ്യിലുണ്ടായിരുന്നെങ്കില്‍?-പുറന്തള്ളപ്പെടുന്നവന്റെ വിലാപമാണ്.തൊഴിലാളിക്ക് വേലയും കൂലിയും ജീവിതവും അന്തസ്സും വേണമെന്നു പറയാന്‍ ലോകത്തില്‍ ഓരേയൊരു തത്വശാസ്ത്രമേ ഉണ്ടായിട്ടുള്ളു.ആ തത്വശാസ്ത്രത്തെ നാം മാറോടണക്കുക.
കെ വി ജോര്‍ജ്ജ് കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment