Friday, 5 June 2009

പോരാട്ടം ആരംഭിച്ചിട്ടേയുള്ളു


പോരാട്ടം ആരംഭിച്ചിട്ടേയുള്ളു
സര്‍ക്കാരുകള്‍ മാറിയിരിക്കാം; പക്ഷേ, നമ്മെ കോളനികളാക്കിമാറ്റാന്‍ അവ ഉപയോഗിച്ച ഉപകരണങ്ങള്‍ ഇപ്പോഴും പഴയതുതന്നെയാണ്.കഴിഞ്ഞ 28 വര്‍ഷക്കാലത്തിനുള്ളിലെ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വംശഹത്യകള്‍ നടത്തിയവരായിരുന്നു; നാലാമനാകട്ടെ ഉപരോധത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്തു.ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അവര്‍ ഉപകരണമാക്കിയത് അമേരിക്കന്‍ രാഷ്ട്ര സംഘടന (ഒഎഎസ്)യെയാണ്. അതിന്റെ വിലപിടിപ്പുള്ള ബ്യൂറോക്രാറ്റിക് ഉപകരണം മാത്രമെ ഐഎസിഎച്ച് ആര്‍ കരാറുകളെ ഗൌരവത്തില്‍ എടുക്കാറുള്ളൂ. നാല് നൂറ്റാണ്ടുകാലത്തെ അധിനിവേശത്തില്‍നിന്ന് ഏറ്റവും ഒടുവില്‍ മോചനം നേടിയ സ്പാനിഷ് കോളനിയാണ് നമ്മുടെ രാജ്യം. ആറുപതിറ്റാണ്ടിലേറെക്കാലത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തില്‍നിന്നും ആദ്യം മോചനം നേടിയതും ഈ നാടുതന്നെ."സ്വാതന്ത്ര്യം ലഭിക്കാന്‍ വലിയ വിലകൊടുക്കേണ്ടതായി വരും; ഒന്നുകില്‍ സ്വാതന്ത്ര്യം ഇല്ലാതെ നാം ജീവിക്കണം; അല്ലെങ്കില്‍ അതിന് അതിന്റെ വില കൊടുത്തേപറ്റൂ.'' എന്നാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ നമ്മെ പഠിപ്പിച്ചത്.ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ മേഖലയിലെയും വ്യത്യസ്തമായി ചിന്തിക്കുന്ന സഹോദര രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ ക്യൂബ ആദരിക്കുന്നു; പക്ഷേ ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ ക്യൂബ ആഗ്രഹിക്കുന്നില്ല.പോര്‍ട്ട് ഓഫ് സ്പെയിനില്‍ അത്യുജ്വലവും ഐതിഹാസികവുമായ ഒരു പ്രഭാഷണം നടത്തിയ ഡാനിയല്‍ ഒര്‍ട്ടേഗ, ക്യൂബന്‍ ജനതയോട് വിശദീകരിച്ചത് ആഫ്രിക്കയിലെ സ്വതന്ത്ര രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ ഐക്യത്തിന്റെ ഭാഗമായി യൂറോപ്പിലെ മുന്‍ കോളനിമേധാവികളെ ക്ഷണിക്കില്ല എന്നാണ്. ഗൌരവപൂര്‍വം പരിഗണിക്കപ്പെടേണ്ട ഒരു നിലപാടാണ് ഇത്.ഒര്‍ടേഗയുടെ ജനങ്ങള്‍ക്കെതിരായ അധാര്‍മ്മികമായ യുദ്ധത്തില്‍നിന്നും റീഗനെ പിന്തിരിപ്പിക്കാന്‍ ഒഎഎസിന് കഴിഞ്ഞില്ല; യുദ്ധത്തിനായുള്ള ആയുധങ്ങള്‍ ശേഖരിക്കാന്‍ മയക്കുമരുന്ന് കള്ളക്കടത്തിനെ ആശ്രയിക്കുന്നതില്‍നിന്ന്, നിക്കരാഗ്വയിലെ തുറമുഖങ്ങളില്‍ മൈനുകള്‍ വിതറി നാശം വിതയ്ക്കുന്നതില്‍നിന്ന്, നിക്കരാഗ്വയെപ്പോലെ ഒരു കൊച്ചുരാജ്യത്തിലെ പതിനായിരക്കണക്കിന് യുവാക്കളെ കൊല്ലുന്നതിനും അംഗഭംഗം വരുത്തുന്നതിനും ഗുരുതരമായ മുറിവേല്‍പ്പിക്കുന്നതിനുംവേണ്ടി പണം നല്‍കുന്നതില്‍നിന്ന് റീഗനെ പിന്തിരിപ്പിക്കാന്‍ ആ സ്ഥാപനത്തിന് കഴിഞ്ഞില്ല.ആ രാജ്യത്തെ സംരക്ഷിക്കാന്‍ ഒഎഎസ് എന്താണ് ചെയ്തിട്ടുള്ളത്? ഡൊമിനിക്കന്‍ റിപ്പബ്ളിക്കിനുനേരെ നടത്തിയ ആക്രമണത്തെ തടയുന്നതിന്, ഗ്വാട്ടിമാലയിലെ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാക്കപ്പെടുകയോ ചെയ്തതിനെതിരെ, ആകാശാക്രമണങ്ങള്‍ക്കെതിരെ, പ്രമുഖ മതപുരോഹിതന്മാരുടെ കൊലപാതകങ്ങള്‍ക്കെതിരെ, ജനങ്ങളെ കൂട്ടത്തോടെ അടിച്ചമര്‍ത്തുന്നതിനെതിരെ, ഗ്രനഡയിലെയും പനാമയിലെയും കടന്നാക്രമണത്തിനെതിരെ, ചിലിയിലെ പട്ടാള അട്ടിമറിക്കെതിരെ, ചിലിയിലെയും അര്‍ജന്റീനയിലെയും ഉറുഗ്വേയിലെയും പരാഗ്വേയിലെയും മറ്റു പ്രദേശങ്ങളിലെയും പീഡനങ്ങള്‍ക്കും അപ്രത്യക്ഷമാകലുകള്‍ക്കുമെതിരെ ഒഎഎസ് എന്താണ് ചെയ്തിട്ടുള്ളത്? എപ്പോഴെങ്കിലും ഒരിക്കല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്കുനേരെ കുറ്റപ്പെടുത്തിക്കൊണ്ട് വിരല്‍ചൂണ്ടാന്‍ അത് തയ്യാറായിട്ടുണ്ടോ? ഈ സംഭവങ്ങളെയെല്ലാം കുറിച്ചുള്ള അതിന്റെ ചരിത്രപരമായ വിലയിരുത്തല്‍ എന്താണ്?മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഇന്റര്‍ അമേരിക്കന്‍ സമിതിയുടെ (ഐഎസിഎച്ച്ആര്‍) ക്യൂബാ വിരുദ്ധ കരാറിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുള്ളത് "ഗ്രാന്‍മ'' പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം വെനിസ്വേലയ്ക്കെതിരെ അത് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് കണ്ടെത്താനുള്ള ഒരു ആകാംക്ഷ എനിക്കുണ്ടായി. അതും ക്യൂബയുടെ കാര്യത്തില്‍ എന്നതുപോലെയുള്ള അതേ അസംബന്ധങ്ങള്‍തന്നെ. ബൊളിവേറിയന്‍ വിപ്ലവം അധികാരത്തിലെത്തിയത് ക്യൂബയിലേതില്‍നിന്നും വ്യത്യസ്തമായാണ്. നമ്മുടെ രാജ്യത്ത് 1952 മാര്‍ച്ച് 10ന് അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ആസൂത്രിതമായ സൈനിക അട്ടിമറി ഇവിടത്തെ രാഷ്ട്രീയ പ്രക്രിയയെ ആകസ്മികമായി തകിടംമറിച്ചു; ആ വര്‍ഷം ജൂണ്‍ ഒന്നിന് നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ആ അട്ടിമറി നടന്നത്. ക്യൂബയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ക്കൂടി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴിപ്പെടുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. ക്യൂബന്‍ ജനത വീണ്ടും പോരാടി; ഈ ഘട്ടത്തില്‍ ഫലം തികച്ചും വ്യത്യസ്തമായിരുന്നു. ഏറെക്കുറെ ഏഴുവര്‍ഷത്തിനുശേഷം, ചരിത്രത്തില്‍ ആദ്യമായി വിപ്ലവം വിജയശ്രീലാളിതമായി.ഏറ്റവും കുറച്ച് ആയുധങ്ങള്‍ ഉപയോഗിച്ചും (ആ ആയുധങ്ങളില്‍ 90 ശതമാനത്തിലധികവും 25 മാസത്തെ യുദ്ധത്തിനിടയില്‍ ജനങ്ങളുടെ പിന്തുണയോടെ ശത്രുവില്‍നിന്ന് പിടിച്ചെടുത്തതുമാണ്) വിപ്ലവപരമായ പൊതുപണിമുടക്കിലൂടെ അന്തിമാക്രമണം നടത്തിയുമാണ് വിപ്ലവ പോരാളികള്‍ ഏകാധിപത്യത്തെ നിലംപരിശാക്കുകയും അതിന്റെ സമസ്ത ആയുധങ്ങളുടെയും അധികാരകേന്ദ്രങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്. വിജയകരമായ വിപ്ലവം മറ്റേതൊരു ചരിത്രകാലഘട്ടത്തെയുംപോലെ നിയമത്തിന്റെ സ്രോതസായി മാറി.വെനിസ്വേലയില്‍ ഇതായിരുന്നില്ല നടന്നത്. നമ്മുടെ ഈ അര്‍ദ്ധഗോളത്തിലെ മറ്റേവരെയുംപോലെ ഒരു വിപ്ലവപോരാളിയായ ഷാവേസ് ഫിഫ്ത് റിപ്പബ്ളിക്കന്‍ മൂവ്മെന്റിന്റെ നേതാവെന്ന നിലയില്‍ മറ്റ് ഇടതുപക്ഷ ശക്തികളുമായി കൂട്ടുചേര്‍ന്ന് നിലവിലുള്ള ബൂര്‍ഷ്വാ ഭരണഘടനയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് അധികാരത്തിലെത്തി. വിപ്ലവവും അതിന്റെ ഉപകരണങ്ങളും ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായാണിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക വിപ്ലവം വിജയിച്ചിരുന്നെങ്കില്‍ വെനിസ്വേലയിലെ വിപ്ലവം മറ്റൊരു തരത്തിലാകുമായിരുന്നു. എന്നാല്‍, നിലവിലുള്ള നിയമ നടപടികളെ പോരാട്ടത്തിനുള്ള മുഖ്യ മാര്‍ഗമായി അദ്ദേഹം അവലംബിക്കുകയാണ്. ആവശ്യമായി വരുമ്പോഴെല്ലാം ജനഹിതം അറിയാനുള്ള ഒരു ശൈലി അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.ഒരു ജനഹിത പരിശോധനയ്ക്കായി പുതിയ ഭരണഘടനയെ അദ്ദേഹം സമര്‍പ്പിച്ചു. കൈവിട്ടുപോയ അധികാരം തിരിച്ചുപിടിക്കാന്‍ സാമ്രാജ്യത്വവും അവരുടെ കൂട്ടുകക്ഷികളായ പ്രഭുക്കന്മാരും സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം തിരിച്ചറിഞ്ഞിട്ട് ഏറെക്കാലമായില്ല.2002 ഏപ്രില്‍ 11ലെ പട്ടാള അട്ടിമറി പ്രതിവിപ്ലവത്തിന്റെ പ്രതികരണമായിരുന്നു. ജനങ്ങള്‍ അതിനെതിരെ പ്രതികരിക്കുകയും വീണ്ടും അദ്ദേഹത്തെ അധികാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഏകാന്ത തടവില്‍ ഒറ്റപ്പെടുത്തിയിട്ട് രാജിവെയ്പിക്കാന്‍ ബലപ്രയോഗത്തിലൂടെ വലതുപക്ഷ ശക്തികള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോഴാണ് ജനങ്ങള്‍ അദ്ദേഹത്തിനായി ഇടപെട്ടത്.അദ്ദേഹം കീഴടങ്ങിയില്ല. വെനിസ്വേലന്‍ സൈനികരെത്തി അദ്ദേഹത്തെ സ്വതന്ത്രനാക്കുകയും എയര്‍ഫോഴ്സ് ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ മിറാഫ്ളോറെസ് കൊട്ടാരത്തില്‍ എത്തിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം ചെറുത്തുനിന്നു. കൊട്ടാരം ജനങ്ങള്‍ പിടിച്ചടക്കിയിരുന്നു; അട്ടിമറിക്ക് നേതൃത്വംകൊടുത്ത ഉന്നത പട്ടാളമേധാവികള്‍ക്കെതിരെ തിരിഞ്ഞ സാധാരണ പട്ടാളക്കാര്‍ ട്യൂന കോട്ടയും പിടിച്ചെടുത്തു.ആ സമയത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടുതല്‍ പുരോഗമനപരമായതായി ഞാന്‍ കരുതുന്നു. എന്നാല്‍, സമാധാനത്തെയും ഐക്യത്തെയും സംബന്ധിച്ച ഉത്ക്കണ്ഠകാരണം തനിക്ക് ഏറ്റവും അധികം കരുത്തും പിന്തുണയും ലഭിച്ച സന്ദര്‍ഭത്തിലും അദ്ദേഹം തന്റെ എതിരാളികളോട് ഉദാരമനസ്കത പ്രകടിപ്പിക്കുകയും അവരുടെ സഹകരണം അഭ്യര്‍ത്ഥിച്ച് അവരോട് സംസാരിക്കുകയും ചെയ്തു.ആ സമീപനത്തോടുള്ള സാമ്രാജ്യത്വത്തിന്റെയും അതിന്റെ കൂട്ടാളികളുടെയും പ്രതികരണമായിരുന്നു എണ്ണ വ്യവസായത്തിലെ അട്ടിമറി. ഒരുപക്ഷേ ആ ഘട്ടത്തില്‍ അദ്ദേഹം നടത്തിയ ഏറ്റവും വലിയ പോരാട്ടം വെനിസ്വേലയിലെ ജനങ്ങള്‍ക്ക് ഇന്ധനം എത്തിച്ചുകൊടുക്കുന്നതിനുള്ളതായിരുന്നു.1994ല്‍ അദ്ദേഹം ക്യൂബ സന്ദര്‍ശിക്കുകയും ഹവാന സര്‍വകലാശാലയില്‍ സംസാരിക്കുകയും ചെയ്തശേഷം ഞങ്ങള്‍ പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്.അദ്ദേഹം അല്‍പംപോലും കലര്‍പ്പില്ലാത്ത ഒരു വിപ്ലവകാരിയാണ്. എന്നാല്‍ വെനിസ്വേലന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അനിയന്ത്രിതമായ അനീതിയെക്കുറിച്ച് ബോധവാനായപ്പോള്‍ അദ്ദേഹത്തിന്റെ ചിന്താഗതിക്ക് കൂടുതല്‍ വ്യക്തത കൈവന്നു; സമൂലവും സമഗ്രവുമായ മാറ്റമല്ലാതെ വെനിസ്വേലയുടെ മുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന ദൃഢവിശ്വാസത്തില്‍ അങ്ങനെ അദ്ദേഹം എത്തിച്ചേര്‍ന്നു.അദ്ദേഹം അത്യഗാധമായി ആരാധിക്കുന്ന വിമോചകന്റെ (സൈമണ്‍ ബൊളിവര്‍) ആശയങ്ങളുടെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍പോലും അദ്ദേഹത്തിന് നന്നായി അറിയാം.ഒരു നിമിഷംപോലും വിശ്രമമില്ലാത്ത ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിനുമുന്നില്‍ വിജയംവരിക്കുക അനായാസമല്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ക്കുമറിയാം. അദ്ദേഹത്തിന്റെ ജീവന്‍തന്നെ അവര്‍ക്ക് എടുക്കേണ്ടതായി വരും. എന്നാല്‍ സ്വദേശത്തും വിദേശത്തുമുള്ള അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്തുവേണമെന്നും അറിയാം. യുക്തിഹീനരായ തന്‍ കാര്യംനോക്കികളും കിറുക്കന്മാരും ഉണ്ടായിരിക്കാം; നേതാക്കന്മാരും ജനങ്ങളും മാനവരാശിയാകെയും അത്തരം അപകടങ്ങളില്‍നിന്നും വിമുക്തമല്ല.വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍, ഇന്ന് മുതലാളിത്ത ഉല്‍പാദന സമ്പ്രദായത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അപ്രതിരോധ്യനായ എതിരാളിയാണ് ഷാവേസ്. മനുഷ്യസമൂഹം നേരിടുന്ന നിരവധി അടിസ്ഥാനപ്രശ്നങ്ങള്‍ സംബന്ധിച്ച് ശരിക്കും ഒരു വിദഗ്ധനായി അദ്ദേഹം മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം ഡസന്‍കണക്കിന് ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പുതുതായി ആരംഭിക്കുന്നതാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ആരെയും ഹഠാദാകര്‍ഷിക്കുന്നയാളാണ്. ഹീമോഡയാലിസിസ് പോലെയുള്ള ജീവരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സേവനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് അദ്ദേഹം നിശിതമായി വിമര്‍ശിക്കും. ഇത്തരം സേവനങ്ങള്‍ സ്വകാര്യ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അതിന് പണം മുടക്കുകയുമാണ്. കൈവശം ആവശ്യത്തിന് പണമില്ലാത്ത ദരിദ്രര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു. പല സേവനങ്ങളുടെയും കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്. ഇപ്പോള്‍ പുതിയ സംവിധാനത്തില്‍ ഇതെല്ലാം ലഭ്യമാണ്; അത്യാധുനികമായ ഉപകരണങ്ങളെല്ലാം സര്‍ക്കാര്‍തന്നെ അവിടെ ഒരുക്കിയിരിക്കുന്നു.ദേശീയ ഉല്‍പാദനത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഏറ്റവും നിസ്സാരമായ വിശദാംശങ്ങള്‍പോലും അദ്ദേഹം അതിവിദഗ്ധമായി കൈകാര്യംചെയ്യുന്നു. രാജ്യത്തിന്റെ ആവശ്യമായ സോഷ്യലിസത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അദ്ദേഹം മേധാവിത്വം വഹിക്കുന്നു. തന്റെ ദൃഢവിശ്വാസങ്ങള്‍ പ്രയോഗത്തിലാക്കാന്‍ അദ്ദേഹം കിണഞ്ഞ് പണിയെടുക്കുന്നു. മുതലാളിത്തത്തെ അതിന്റെ തനിസ്വരൂപത്തില്‍ അദ്ദേഹം നിര്‍വചിക്കുന്നു. അദ്ദേഹം ഹാസ്യചിത്രീകരണം നടത്താറില്ല. ആ വ്യവസ്ഥിതിയുടെ എക്സ്റേകളും പ്രതിബിംബങ്ങളുമാണ് അദ്ദേഹം എടുത്തുകാണിക്കുന്നത്.മനുഷ്യാധ്വാനത്തിന്റെ നാനാ രൂപങ്ങളുടെ സവിശേഷവും ജുഗുപ്സാവഹവുമായ ആകെത്തുകയാണത്-അന്യായവും അസമവും ഏകപക്ഷീയവുമാണത്. തൊഴിലാളികളെക്കുറിച്ച് ചുമ്മാ സംസാരിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. അവരുടെതന്നെ കരങ്ങളാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ടെലിവിഷന്‍ അദ്ദേഹം അവരെ കാണിക്കുന്നു; അവശ്യവസ്തുക്കളോ സേവനങ്ങളോ ഉല്‍പാദിപ്പിക്കുന്നതില്‍ അവരുടെ ഊര്‍ജ്ജത്തെയും അവരുടെ അറിവിനെയും അവരുടെ ബുദ്ധിശക്തിയെയും കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നു. അവരുടെ കുട്ടികളെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, ഭാര്യയെയോ ഭര്‍ത്താവിനെയോ കുറിച്ച്, അടുത്ത മറ്റു ബന്ധുക്കളെക്കുറിച്ച്, അവര്‍ താമസിക്കുന്നത് എവിടെയെന്നതിനെക്കുറിച്ച്, അവര്‍ എന്താണ് പഠിക്കുന്നത് എന്നതിനെ സംബന്ധിച്ച്, സ്വയം അഭിവൃദ്ധിപ്പെടാന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് അവരുടെ വയസ്, കൂലി റിട്ടയര്‍മെന്റിനുശേഷമുള്ള ഭാവി കാര്യങ്ങളെക്കുറിച്ച് എല്ലാം അദ്ദേഹം അവരോട് ചോദിക്കുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും പ്രചരിപ്പിക്കുന്ന പെരും നുണകളെക്കുറിച്ച് അദ്ദേഹം അവരോട് സംസാരിക്കുന്നു. ആശുപത്രികളും വിദ്യാലയങ്ങളും ഫാക്ടറികളുമെല്ലാം അദ്ദേഹം അവരെ കാണിക്കുന്നു. വെനിസ്വേലയില്‍ കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്ന ഫാക്ടറികളുടെ വിശദാംശങ്ങള്‍ അദ്ദേഹം അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവയുടെ യന്ത്രസംവിധാനങ്ങള്‍, പ്രവര്‍ത്തനരീതികള്‍, തൊഴിലവസര വളര്‍ച്ചയെക്കുറിച്ചുള്ള കണക്കുകള്‍, പ്രകൃതിവിഭവങ്ങള്‍, ഡിസൈനുകള്‍, ഭൂപടങ്ങള്‍, ഏറ്റവും ഒടുവില്‍ കണ്ടെത്തിയ പ്രകൃതിവാതകത്തെ സംബന്ധിച്ച വാര്‍ത്തകള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അവരോട് സംസാരിക്കുന്നു. വെനിസ്വേലയിലെ പാര്‍ലമെന്റ് ഏറ്റവും അടുത്തകാലത്തായി സ്വീകരിച്ച നടപടികള്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിഡിവിഎസ്എയിലേക്ക് ഓരോ വര്‍ഷവും തങ്ങളുടെ സേവനം വിട്ടുകൊടുക്കേണ്ട 60 പ്രധാന കമ്പനികള്‍ ദേശസാല്‍ക്കരിക്കുന്നതിനുള്ള നിയമം; 800 കോടി ഡോളറിലധികം തുക അതില്‍നിന്ന് ലഭിക്കും. അവയൊന്നും സ്വകാര്യ സ്വത്തായിരുന്നില്ല. പിഡിവിഎസ്എക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ ഉപയോഗിച്ച് വെനിസ്വേലയിലെ നവലിബറല്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ച സ്വത്തായിരുന്നു അവ.പ്രതിബിംബങ്ങളായി ഇത്രയും വ്യക്തമായി പരിവര്‍ത്തനംചെയ്യപ്പെട്ടതും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടതുമായ ഒരാശയം ഞാന്‍ ഇതേവരെ ഒരിക്കലും കണ്ടിട്ടില്ല. പ്രക്രിയകളുടെ അന്തഃസത്ത നന്നായി ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവര്‍ക്കായി പകര്‍ന്നുകൊടുക്കാനും കഴിവുള്ള പ്രതിഭാധനന്‍ മാത്രമല്ല ഷാവേസ്, സവിശേഷമായ ജാഗ്രതയോടെ അദ്ദേഹം അവയെ പിന്തുടരുകയും ചെയ്യും. ഒരു വാക്കോ ഒരു വാക്യശകലമോ ഒരു കവിതയോ സംഗീതത്തിന്റെ ഒരു രാഗമോപോലും അദ്ദേഹത്തിന് മറക്കാന്‍ ബുദ്ധിമുട്ടാണ്. പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന വാക്കുകളെ അദ്ദേഹം കൂട്ടി യോജിപ്പിക്കുന്നു. നീതിയും സമത്വവും തേടുന്ന സോഷ്യലിസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. "ജനങ്ങളുടെ മനസ്സില്‍ സാംസ്കാരിക കൊളോണിയലിസം തുടരുന്നിടത്തോളം, പഴയത് ഒരിക്കലും നശിക്കില്ല, പുതിയതൊട്ട് പിറക്കുകയുമില്ല.'' ലേഖനങ്ങളിലും കത്തുകളിലും അദ്ദേഹം വശ്യവചസ്സായ വാക്യശകലങ്ങളും കവിതകളിലെ വരികളും യഥോചിതം കോര്‍ത്തിണക്കുന്നു. സര്‍വോപരി, തന്റെ അനുയായികളിലേക്ക് നിരന്തരം വിപ്ലവാശയങ്ങള്‍ സന്നിവേശിപ്പിക്കാനും അവരെ രാഷ്ട്രീയമായി വിദ്യാഭ്യാസംചെയ്യിക്കാനും ഒരു പാര്‍ടി സൃഷ്ടിക്കാനും കെല്‍പുള്ള വെനിസ്വേലയിലെ രാഷ്ട്രീയ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിരിച്ചിരിക്കുകയാണ്.അതിനുംപുറമെ, ദേശസാല്‍ക്കരിക്കപ്പെട്ട കമ്പനികളിലെ കപ്പലുകളുടെ കപ്പിത്താന്‍മാരുടെയും അവയിലെ മറ്റ് അംഗങ്ങളുടെയുമെല്ലാം മുഖങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അവരുടെ വാക്കുകളില്‍ ഒരു ആന്തരിക അഭിമാനബോധം പ്രതിഫലിക്കുന്നുണ്ട്; ഭാവിയെക്കുറിച്ചുള്ള സുരക്ഷിതത്വബോധവും അംഗീകരിക്കപ്പെട്ടതിലുള്ള നന്ദിയും അവരുടെ വാക്കുകളിലുണ്ട്. തങ്ങളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന നിമിഷത്തില്‍ അദ്ദേഹത്തെ തങ്ങളുടെ "ഉയര്‍ച്ചയുടെ തലതൊട്ടപ്പന്‍'' എന്ന് വിശേഷിപ്പിക്കുന്ന സന്തുഷ്ടരായ യുവ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്; അവരില്‍ 400ല്‍ ഏറെപ്പേര്‍ അര്‍ജന്റീനയിലേക്ക് പോകണമെന്ന് അദ്ദേഹം പറയുമ്പേപാള്‍ ആ രാജ്യവുമായി കരാര്‍ ഉറപ്പിച്ചിട്ടുള്ള പരിപാടിപ്രകാരമുള്ള പുതിയ 200 ഫാക്ടറികളുടെ മാനേജ്മെന്റില്‍ പണിയെടുക്കാന്‍ സന്നദ്ധരായിട്ടുള്ള അവരുടെ ആവേശം തുടിക്കുന്ന മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പഠനം പൂര്‍ത്തിയായാലുടന്‍ ഉല്‍പാദനപ്രക്രിയയില്‍ പരിശീലനം നേടുന്നതിന് അവിടേക്കാണ് അവരെ അയക്കുന്നത്.അദ്ദേഹത്തിനൊപ്പം രാമോനെററുമുണ്ട്; ഷാവേസിന്റെ പ്രവര്‍ത്തനത്തില്‍ അയാള്‍ ആവേശംകൊണ്ടിരിക്കുകയാണ്. ഏകദേശം എട്ടുവര്‍ഷം മുമ്പ് വെനിസ്വേലയുമായുള്ള നമ്മുടെ വിപ്ലവ സഹകരണത്തിന് നാം തുടക്കമിട്ടപ്പോള്‍ നൂറുനൂറു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അയാള്‍ വിപ്ലവത്തിന്റെ കൊട്ടാരത്തിലുണ്ടായിരുന്നു. ഈ എഴുത്തുകാരന് പ്രശ്നത്തെ സംബന്ധിച്ച് അറിയാമായിരുന്നു; മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയ്ക്കുപകരം എന്താണ് ഉണ്ടാവുക എന്ന് ചിന്തിച്ച് അയാള്‍ തല പുകയ്ക്കുകയായിരുന്നു. നിശ്ചയമായും വെനിസ്വേലയിലെ അനുഭവം അയാളെ അത്ഭുതപരതന്ത്രനാക്കും. ആ ദിശയിലേക്കുള്ള അനുപമമായ ഒരു പരിശ്രമത്തിന് ഞാന്‍ സാക്ഷ്യം വഹിക്കുകയാണ്.മാനവരാശിക്ക് ഒന്നുംതന്നെ സംഭാവനചെയ്യാനില്ലാത്ത ശത്രു മുമ്പേതന്നെ തോല്‍വി സമ്മതിച്ച ആശയങ്ങളുടെ യുദ്ധമാണിത്.ജനാധിപത്യത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിന്റെയും ശത്രുവായി അദ്ദേഹത്തെ ചിത്രീകരിക്കാന്‍ ഒഎഎസ് കാപട്യത്തോടെ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഏകദേശം അരനൂറ്റാണ്ടിനുമുമ്പ് ക്യൂബന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനെതിരെ ആ ചെത്തിമിനുക്കിയ കപട ആയുധം പ്രയോഗിച്ചതായിരുന്നു. ഇന്ന്, വെനിസ്വേല ഒറ്റയ്ക്കല്ല, 200 വര്‍ഷത്തെ അത്യപൂര്‍വമായ ദേശാഭിമാന ചരിത്രത്തിന്റെ അനുഭവം അതിനൊപ്പമുണ്ട്.നമ്മുടെ ഈ അര്‍ദ്ധഗോളത്തില്‍ കഷ്ടിച്ച് തുടക്കംകുറിച്ചിട്ടുള്ള ഒരു പോരാട്ടമാണിത്.

ഫിദെല്‍ കാസ്ട്രോ

കടപ്പാട്: ഗ്രാന്മ ഇന്റര്‍നാഷണല്‍, 2009 മെയ് 10, ചിന്ത വാരിക, വര്‍ക്കേഴ്സ് ഫോറം


No comments:

Post a Comment