Saturday, 13 June 2009

ഇ എം എസും ചരിത്രപരമായ ഭൌതികവാദവും

ഇ എം എസും ചരിത്രപരമായ ഭൌതികവാദവും
ഇ എം എസ് ഒരു ചരിത്രകാരനല്ലെന്ന വിമര്‍ശനം അക്കാദമിക് പണ്ഡിതന്മാര്‍ ഉന്നയിക്കാറുണ്ട്. ചരിത്രപഠനത്തില്‍ അടിസ്ഥാന സംഭാവനകള്‍ ഒന്നും ഇ എം എസ് നല്‍കിയിട്ടില്ലെന്നും അവര്‍ പറയാറുണ്ട്. അവരുടെ ചരിത്രസങ്കല്‍പത്തെ ആധാരമാക്കി പരിശോധിച്ചാല്‍, ഈ വാദങ്ങള്‍ ശരിയാണ്. അതേസമയം, ഈ വാദങ്ങള്‍ ഇ എം എസിന്റെ ചരിത്രവീക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍നിന്ന് രൂപംകൊണ്ടതുമാണ്. ഇ എം എസിന്റെ ചരിത്രവീക്ഷണം അദ്ദേഹം അംഗീകരിച്ച രാഷ്‌ട്രീയചട്ടക്കൂടിന്റെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് രാഷ്‌ട്രീയമായിരുന്നു ഇ എം എസിന്റെ രാഷ്‌ട്രീയം. ചരിത്രത്തെക്കുറിച്ചു മാത്രമല്ല, സാമ്പത്തികശാസ്ത്രം, സാമൂഹ്യ സിദ്ധാന്തങ്ങള്‍, സാഹിത്യ സിദ്ധാന്തങ്ങള്‍ തുടങ്ങി ഇ എം എസ് ഇടപെട്ട എല്ലാ മേഖലകളിലും ഇ എം എസിന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയതും അതേ രാഷ്‌ട്രീയമാണ്. ഈ ലളിതമായ സത്യം അക്കാദമിക് പണ്ഡിതന്മാര്‍ വിസ്മരിക്കുന്നു.

മാര്‍ക്സിസം: അക്കാദമികവും രാഷ്‌ട്രീയവും

ഇ എം എസിനെ സംബന്ധിച്ച അക്കാദമിക് പണ്ഡിതന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് ഒരു സുപ്രധാന അടിത്തറയുണ്ട്. ചരിത്രരചനയ്ക്കാവശ്യമായ രീതിശാസ്ത്രങ്ങളിലൊന്നായി മാര്‍ക്സിസത്തെ അക്കാദമിക് പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു. മാര്‍ക്സിസ്റ്റ് ചരിത്ര സിദ്ധാന്തം ഒരു പ്രത്യേക വിഷയമായി ക്ളാസുമുറികളില്‍ പഠിപ്പിക്കുന്നു. ഇന്ത്യയിലും, ലോകത്തില്‍ മുഴുവനും, മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുടെ ഒരു വന്‍നിര തന്നെയുണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ മാത്രമല്ല, സാമ്പത്തികശാസ്ത്രം, തത്വചിന്ത, സാമൂഹ്യശാസ്ത്രം, ഭൌതികശാസ്ത്രം തുടങ്ങി ഭൂമിശാസ്ത്രവും പുരാവസ്തു വിജ്ഞാനീയവുംപോലുള്ള വിഷയങ്ങളില്‍ വരെ മാര്‍ക്സിസത്തിന് സ്വാധീനമുണ്ട്. അക്കാദമിക് ലോകം മുഴുവന്‍ അവരുടെ സംഭാവനകള്‍ ഗൌരവത്തില്‍ കാണുകയും ചെയ്യുന്നുണ്ട്.അവര്‍ക്കൊക്കെ സംഭാവനകള്‍ നല്‍കാമെങ്കില്‍, ഒരു മാര്‍ക്സിസ്റ്റായ ഇ എം എസിന് അവരുടെ നിലവാരത്തില്‍ സംഭാവനകള്‍ നല്‍കാമായിരുന്നില്ലേ? മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്ന രീതികള്‍ ഉപയോഗിച്ച് എന്തുകൊണ്ട് അദ്ദേഹം ചരിത്രം എഴുതിയില്ല? സമയമെടുത്ത് അദ്ദേഹം എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രംപോലും മേലേക്കിട ചരിത്രഗ്രന്ഥമായി മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ലല്ലോ?വീണ്ടും അക്കാദമിക് പണ്ഡിതരുടെ നിരീക്ഷണത്തില്‍ പരിശോധിച്ചാല്‍ ഈ വിമര്‍ശനങ്ങളില്‍ ശരിയുണ്ടെന്നു തോന്നാം. അക്കാദമിക് പണ്ഡിതരുടെ നിലവാരത്തിലുള്ള പഠനങ്ങള്‍ ഇ എം എസില്‍നിന്നു മാത്രമല്ല, മറ്റു കമ്യൂണിസ്റ്റ് നേതാക്കളില്‍നിന്നുമുണ്ടായിട്ടില്ല. ഇ എം എസിന്റെയും ഹിരെന്‍ മുഖര്‍ജിയുടെയും ഗാന്ധിജിയെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനങ്ങളും പി സുന്ദരയ്യയുടെ തെലുങ്കാന സമരത്തെക്കുറിച്ചുള്ള പഠനവുമാണ് സാധാരണയായി ഇതിനപവാദമായി എടുത്തുകാട്ടാറുള്ളത്. ഗവേഷണ പഠനങ്ങളിലൂടെ ഖ്യാതി നേടി പിന്നീട് പൂര്‍ണസമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പലരുമുണ്ട്. അവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. മറ്റുള്ളവര്‍ ശ്രദ്ധേയമായ ചില ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്, അത്രമാത്രം. ഇതു പോര എന്നും ഇനിയും വളരെയധികം പഠനങ്ങള്‍ ആവശ്യമാണെന്നും വാദിക്കാം.പക്ഷേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത് മാര്‍ക്സിസ്റ്റ് രാഷ്‌ട്രീയത്തിന്റെ സ്വഭാവമാണ്. അത് എല്ലായ്പ്പോഴും ഊന്നുന്ന സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യമാണ്. അക്കാദമിക് പണ്ഡിതന്മാര്‍ക്ക് സ്വന്തം പ്രബന്ധങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ സംതൃപ്തിയടയാം. മാര്‍ക്സിസ്റ്റുകാരുടെ പഠനങ്ങള്‍ അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളുടെ പ്രായോഗികപരതയില്‍ ഊന്നിനിന്നുള്ളതാണ്. മാര്‍ക്സിസ്റ്റ് "ചരിത്രസിദ്ധാന്ത''വും ചരിത്രപരമായ ഭൌതികവാദവും തമ്മിലുള്ള വേര്‍തിരിവും അവിടെയാണ്.

ചരിത്രപരമായ ഭൌതികവാദം

മാര്‍ക്സ് ചരിത്രത്തെ ഉപയോഗിച്ച രീതിയില്‍ ഈ വ്യത്യാസം വ്യക്തമായി കാണാം. ലോക ചരിത്രത്തിന്റെ വിവിധ ദശകളെയും മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും സംബന്ധിച്ച നിരവധി പരാമര്‍ശങ്ങള്‍ മാര്‍ക്സിന്റെ രചനകളില്‍ കാണാം. പക്ഷേ, ഏറ്റവുമധികം സമയമെടുത്തു പഠിച്ച മൂലധനത്തിന്റെപോലും സമഗ്രമായ ചരിത്രം അദ്ദേഹം എഴുതിയില്ല. ചരിത്രപരമായി അദ്ദേഹം പരിശോധിച്ച പല വിഷയങ്ങളും സമകാലിക സംഭവങ്ങളാണ്. 1848ലെ വിപ്ളവം, 1857ലെ ഇന്ത്യന്‍ കലാപം, 1871ലെ പാരീസ് കമ്യൂണ്‍ തുടങ്ങിയവ ഇതില്‍പെടും. ഇതിന്റെ കാരണവും വ്യക്തമാണ്. ഇന്ന് പല അക്കാദമിക് പണ്ഡിതരും ചെയ്യുന്നതുപോലെ, സമൂഹത്തിന്റെ ചരിത്രപരമായ വളര്‍ച്ചയെ രേഖീയമായി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ താന്‍ പരിശോധിക്കുന്ന സംഭവത്തെ വ്യാഖ്യാനിക്കുകയല്ല മാര്‍ക്സ് ചെയ്തത്. അതിനുവിപരീതമായി, താന്‍ നിരീക്ഷിച്ച സംഭവത്തെ സനിഷ്‌ക്കര്‍ഷം പരിശോധിച്ച്, അത് രൂപംകൊണ്ട ചരിത്രപരമായ പശ്ചാത്തലത്തെ കൂടി കണക്കിലെടുത്തുകൊണ്ട് നിഗമനങ്ങളിലെത്തുകയാണ് അദ്ദേഹം ചെയ്തത്.ഈ ചരിത്രപരമായ പശ്ചാത്തലം സംഭവത്തില്‍ പങ്കെടുക്കുന്നവരുടെ അനുഭവങ്ങളിലും ആഗ്രഹാഭിലാഷങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതല്ല. അത്തരത്തിലുള്ള സമീപനം ആശയവാദമായി തീരും. ചരിത്ര പ്രക്രിയകളുടെ യാന്ത്രികമായ പ്രകടനവുമല്ല അത്. അങ്ങനെയെങ്കില്‍ അത് യാന്ത്രിക ഭൌതികവാദമാകും. ഇവ രണ്ടും നിരാകരിക്കുകയും ചരിത്രപ്രക്രിയകളും സംഭവത്തില്‍ പങ്കെടുത്ത മനുഷ്യരും പ്രസ്ഥാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സംഭവങ്ങളെ വിലയിരുത്തുകയും ചെയ്തു എന്നതാണ് മാര്‍ക്സിന്റെ സംഭാവന. വര്‍ഗങ്ങളെയും വര്‍ഗസമരത്തെയും സംബന്ധിച്ച നിലപാടുകള്‍ രൂപപ്പെടുന്നത് ഈ ബന്ധങ്ങളില്‍നിന്നാണ്. സമകാലിക സംഭവങ്ങളില്‍നിന്ന് അവയുടെ ഭൂതകാലത്തിലേക്കും പിന്നീട് ഭാവിയിലേക്കും പോകുകയാണ് മാര്‍ക്സ് ചെയ്തത്; രേഖീയമായി ചരിത്രം നിര്‍മ്മിക്കുകയല്ല.വര്‍ഗം, വര്‍ഗസമരങ്ങള്‍, ഉല്‍പാദനവ്യവസ്ഥ, സമൂഹരൂപങ്ങള്‍ തുടങ്ങിയവയെല്ലാം മാര്‍ക്സിസ്റ്റ് ചരിത്രസിദ്ധാന്തത്തില്‍ കാണാം. അവയനുസരിച്ച് സംഭവങ്ങളെ വിശകലനം ചെയ്യാനും ചരിത്ര സിദ്ധാന്തത്തിനു കഴിയും. പക്ഷേ, ചരിത്രപരമായ ഭൌതികവാദത്തിന്റെ ഉദ്ദേശ്യം അതുമാത്രമായിരുന്നില്ല. ചരിത്രപഠനത്തിലൂടെ, ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള ബന്ധങ്ങളുടെ പഠനത്തിലൂടെ, ഭാവിയെക്കുറിച്ചുള്ള ധാരണകള്‍ രൂപീകരിക്കുകയും ചരിത്രപരമായ ഭൌതികവാദത്തിന്റെ ലക്ഷ്യമായിരുന്നു. 1848ലെ ജൂണ്‍ വിപ്ളവത്തില്‍ മുതലാളിത്ത ശക്തികളെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിനു സാധിക്കാത്തത് കനത്ത തിരിച്ചടിയായി മാര്‍ക്സ് കണ്ടു. കാരണം, ലൂയി നെപ്പോളിയനെന്ന ഏകാധിപതി ഭരണത്തില്‍വന്നത് ഈ പരാജയത്തിനുശേഷം മുതലാളിത്ത ശക്തികളില്‍വന്ന വിള്ളലുകളെ മുതലെടുത്തുകൊണ്ടാണ്. 1871ല്‍ പാരീസിലെ അധികാരം തൊഴിലാളിവര്‍ഗം പിടിച്ചെടുത്തു. അതു നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഈ പരാജയങ്ങളെ സംബന്ധിച്ച അന്വേഷണം മാര്‍ക്സിനെ എത്തിക്കുന്നത് സംഘടിതമായ തൊഴിലാളിവര്‍ഗ പാര്‍ടിയുടെ ആവശ്യകതയിലേക്കാണ്, തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തെ സംബന്ധിച്ച ധാരണയിലേക്കും. ചരിത്രപരമായ അന്വേഷണം വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച നിഗമനങ്ങളിലേക്കും കര്‍മ്മ പദ്ധതികളിലേക്കുമാണ് നയിക്കുന്നത്. അക്കാദമിക് പണ്ഡിതരുടെ മാര്‍ക്സിസ്റ്റ് ചരിത്രരചനകളിലില്ലാത്തതും ഇതുതന്നെ.ചരിത്രപരമായ ഭൌതികവാദത്തിന്റെ ഇതേ രീതിയിലുള്ള ഉപയോഗം ലെനിനിലും കാണാം. റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസത്തെ സംബന്ധിച്ച പഠനങ്ങളില്‍നിന്നാണ് തൊഴിലാളിവര്‍ഗവും കര്‍ഷകരും തമ്മിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ചുള്ള ധാരണകളിലേക്ക് ലെനിന്‍ ചെന്നെത്തുന്നത്. ഗ്രാമീണര്‍ നഗരങ്ങളെ വളയുകയും നശിപ്പിക്കുകയും ചെയ്യുമെന്ന നരോദ്നിക്കുകളുടെ കാല്‍പനികവാദത്തെ വിമര്‍ശിക്കുന്നതിനും ലെനിനു സാധിച്ചു.ഒന്നാംലോക മഹായുദ്ധത്തെ സംബന്ധിച്ച് രണ്ടാം ഇന്റര്‍നാഷണലില്‍ നടന്ന ചുടുപിടിച്ച വിവാദങ്ങളാണ് ലെനിനെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിക്കുന്നതിലേക്കു നയിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മുതലാളിത്തത്തിനു വന്നുചേര്‍ന്ന മാറ്റങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന ലെനിന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. അതിലൂടെ ലെനിന്‍ എത്തിച്ചേരുന്നത് സാമ്രാജ്യത്വയുദ്ധം തൊഴിലാളിവര്‍ഗത്തിന് നല്‍കുന്ന സാദ്ധ്യതകളെ സംബന്ധിച്ച നിഗമനങ്ങളിലാണ് അക്കാദമികമായി ലെനിനോടൊപ്പംനിന്ന ഹില്‍ ഫര്‍ഡിംഗിന്റെയും റോസാലക്സംബെര്‍ഗിന്റെയും രചനകളില്‍നിന്ന് ലെനിന്റെ രചനയെ വേര്‍തിരിക്കുന്നതും അതാണ്.മാര്‍ക്സിസ്റ്റ് വിപ്ളവകാരികളെ സംബന്ധിച്ചിടത്തോളം ചരിത്രം മണ്‍മറഞ്ഞുപോയ വ്യക്തികളെയോ സംഭവങ്ങളെയോ സംബന്ധിച്ച വിവരശേഖരണവും മാര്‍ക്സിസ്റ്റ് "ചരിത്രസിദ്ധാന്ത''മുപയോഗിച്ചുള്ള വിശകലനവും മാത്രമായിരുന്നില്ലെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഭൂതകാലത്തിന്റെ ജഡമായ ആഖ്യാനമോ ആരാധനയോ അല്ല ചരിത്രപരമായ ഭൌതികവാദം പ്രോല്‍സാഹിപ്പിക്കുന്നത് ഭാവി സൃഷ്ടിക്കുന്നതിനുള്ള ഉപാധിയായി ചരിത്രപഠനത്തെ മാറ്റുന്നതിലാണ്. അതുകൊണ്ടാണ് "മൂലധനസമാഹരണത്തിന്റെ ചരിത്രപരമായ പ്രവണത'' എന്ന ഒരു അദ്ധ്യായമൊഴികെ "ചരിത്രസിദ്ധാന്ത''പരമായ ആഖ്യാനം "മൂലധന''ത്തില്‍ കാണാത്തത്; അതേസമയം, "മൂലധനം'' എന്ന മഹാഗ്രന്ഥം സാമ്പ്രദായിക സാമ്പത്തികശാസ്ത്രത്തില്‍നിന്നകന്ന് ചരിത്രപരമായ സാമൂഹ്യസാമ്പത്തിക വിശകലനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാകുന്നതും. ഇ എം എസിന്റെ രചനകളില്‍ ഉള്‍പ്പെട്ട ചരിത്രപരമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ വിശകലനങ്ങളെ ഈ കാഴ്ചപ്പാടില്‍നിന്നാണ് വിലയിരുത്തേണ്ടതും.

ഇ എം എസിന്റെ "കേരളചരിത്രം''

ഇ എം എസ് സമഗ്രമായ ഒരു "കേരള ചരിത്രം'' എഴുതിയിട്ടില്ല. കേരള സമൂഹത്തെയും രാഷ്‌ട്രീയത്തെയും ചരിത്രപരമായി വിശകലനം ചെയ്യുന്ന (ഇംഗ്ളീഷിലും മലയാളത്തിലുമായി) ആറു കൃതികളെങ്കിലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച് രണ്ടു പൊതുരചനകളും ഒരു ബൃഹത്തായ സ്വാതന്ത്ര്യസമരചരിത്രവും ഉണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയത്തെക്കുറിച്ച് നാല് ഇംഗ്ളീഷ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവ കൂടാതെ നിരവധി ചെറുതും വലുതുമായ ലേഖനങ്ങളിലും ചരിത്രപരമായ വിശകലനം അടങ്ങുന്നു. ആത്മകഥാപരമായ രചനകളിലും ചരിത്രപരമായ നിരീക്ഷണങ്ങള്‍ സുലഭമാണ്. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും അദ്ദേഹം എഴുതി. ഇവയെല്ലാം അദ്ദേഹത്തിന്റെ ചരിത്രരചനയ്ക്കുള്ള സംഭാവനകളാണ്. എങ്കിലും മുമ്പു സൂചിപ്പിച്ച അക്കാദമിക് മാര്‍ക്സിസ്റ്റ് (അല്ലെങ്കില്‍ ചിലര്‍ പറയുന്നതുപോലെ മാര്‍ക്സിയന്‍) 'ചരിത്ര സിദ്ധാന്ത'മനുസരിച്ച രചനകളായി ഇവയെ കണ്ടുകൂട. ഇത്തരം രചനകളും ഇ എം എസിന്റെ രചനകളും തമ്മില്‍ രണ്ടു വ്യത്യാസങ്ങള്‍ പ്രകടമാണ്. ഒന്ന് ഇ എംഎസിന്റെ ചരിത്രരചനകളുടെ ആത്മനിഷ്ഠഘടകം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, പാര്‍ടി നേതാവ് എന്നീ നിലകളിലുള്ള വിപുലമായ അനുഭവസമ്പത്താണ്. ലഭ്യമായ എല്ലാ രേഖകളും അദ്ദേഹം ചരിത്രപഠനത്തിനായി ഉപയോഗിച്ചിരുന്നു. ആ രേഖകളുടെ പ്രസക്തി വേര്‍തിരിച്ചറിയുന്നതിനുള്ള ഉപാധി അദ്ദേഹത്തിന്റെ അനുഭവസമ്പത്തുതന്നെയായി. മാര്‍ക്സിസം നല്‍കിയ ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച വിശകലനപദ്ധതിയായിരുന്നു പഠനങ്ങളുടെ വസ്തുനിഷ്ഠഘടകം. ഈ വിശകലനങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ മദ്ധ്യകാല രാഷ്‌ട്രീയത്തെ മിലിട്ടറി ഫ്യൂഡലിസം എന്നു വിശേഷിപ്പിച്ചുവെങ്കിലും, മധ്യകാല ഇന്ത്യന്‍ സമൂഹം യൂറോപ്യന്‍ ഫ്യൂഡലിസത്തിന് സമാനമായ "ഇന്ത്യന്‍ ഫ്യൂഡലിസ'മാണെന്ന ആര്‍എസ് ശര്‍മ്മയുടെ വാദം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതിനുപകരം "ജാതി-ജന്മി-നാടുവാഴി വ്യവസ്ഥ എന്ന പേരാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചെഴുതിയ മറ്റു ലേഖനങ്ങളിലും അദ്ദേഹം വര്‍ണ-ജാതി വ്യവസ്ഥയ്ക്കും ഗ്രാമസമൂഹങ്ങള്‍ക്കും (village community) ഊന്നല്‍ നല്‍കിയതായി കാണാം.രണ്ടാമത്തെ വ്യത്യാസം, ചരിത്രപഠനങ്ങളും രാഷ്‌ട്രീയവും തമ്മില്‍ ഉണ്ടായിരുന്ന നേരിട്ടുള്ള ബന്ധമാണ്. രാഷ്‌ട്രീയമായ പ്രവര്‍ത്തനപദ്ധതിക്കുള്ള ശക്തമായ അടിത്തറ എന്ന നിലയിലാണ് ചരിത്ര പഠനങ്ങളെ അദ്ദേഹം കണ്ടിരുന്നത്. മുപ്പതുകളുടെ അവസാനത്തിലും നാല്‍പതുകളുടെ ആദ്യത്തിലുമായി കേരളത്തിലെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഉദാഹരണമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ജന്മി നാടുവാഴിത്തവും ബ്രിട്ടീഷ് കാലഘട്ടത്തില്‍ വന്ന പരിവര്‍ത്തനങ്ങളും പരിശോധിച്ചതിനുശേഷം ഇ എം എസ് എത്തിച്ചേരുന്ന നിഗമനം. പല്ലും നഖവും കൊഴിഞ്ഞുപോയ, ബ്രിട്ടീഷുകാരുടെ കീഴില്‍ ഇത്തിക്കണ്ണികളെപ്പോലെ കര്‍ഷകരുടെ മിച്ച ഉല്‍പന്നം കൈപ്പറ്റിയ ഒരു വര്‍ഗമായിരുന്നു കേരളത്തിലെ ജന്മിമാര്‍ എന്നായിരുന്നു.എന്നാല്‍, ജന്മിമാരുടെ വര്‍ഗ ശത്രുക്കള്‍ ബ്രിട്ടീഷ് ഭരണാധികാരികളും ഒരു വിഭാഗം കോണ്‍ഗ്രസുകാരും കരുതിയതുപോലെ കാണക്കാരല്ല, മണ്ണില്‍ പണിയെടുക്കുന്ന വെറും പാട്ടക്കാരാണ്. ബ്രിട്ടീഷുകാര്‍ വരുത്തിയ നിയമപരമായ മാറ്റങ്ങള്‍കൊണ്ട് ഒരു മാറ്റവും വരാത്തവരും കൂടുതല്‍ ദുരിതങ്ങളിലേക്ക് നീങ്ങിയവരും അവരാണ്. അതായത് വെറും പാട്ടക്കാര്‍ക്ക് ഭൂമി ലഭിക്കുമ്പോള്‍ മാത്രമാണ് ഭൂമിയുടെ മേലുള്ള ജന്മിനാടുവാഴി ആധിപത്യം ഇല്ലാതാക്കുക. ഈ നിഗമനം ചരിത്രപരമാണ്. അതേസമയം പ്രായോഗിക രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗവുമാണ്.ഇതുപോലെ, ഇ എം എസ് ചെന്നെത്തിയ മറ്റൊരു നിഗമനമാണ് കേരളത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ ഉദ്ഗ്രഥനത്തെ സംബന്ധിച്ചുള്ളത്. ബ്രാഹ്മണരുടെ അധിനിവേശവും സാംസ്കാരികവും സാമൂഹ്യവുമായ ആധിപത്യവും ബൃഹത്തായ ഭാരതത്തിന്റെ ഭാഗമായി കേരളത്തെ മാറ്റി എന്നല്ല അദ്ദേഹം വാദിച്ചത്. ബ്രാഹ്മണാധിപത്യം തദ്ദേശീയ ജനതയെ പൂര്‍ണ്ണമായി നശിപ്പിച്ചു എന്നു വാദിക്കാനും അദ്ദേഹം തയ്യാറായില്ല. ബ്രാഹ്മണാധിപത്യവും അബ്രാഹ്മണരും തമ്മിലുള്ള വൈരുദ്ധ്യം പുതിയ തരത്തിലുള്ള ഉദ്ഗ്രഥനത്തിലേക്കു നയിച്ചുവെന്നും ഭാഷാപരവും സാംസ്കാരികവുമായ ഐക്യം കേരളമെന്ന പ്രദേശത്തെയും മലയാളിയെയും സൃഷ്ടിച്ചുവെന്നും അദ്ദേഹം വാദിച്ചു.ഇ എം എസിന്റെ ഈ നിലപാടാണ് കേരളത്തില്‍ തമിഴ്‌നാടിന് തുല്യമായ അബ്രാഹ്മണ പ്രസ്ഥാനത്തെ തടഞ്ഞതെന്നും, അദ്ദേഹത്തിന്റെ ബ്രാഹ്മണ മനസ്സാണ് അവിടെ പ്രവര്‍ത്തിച്ചതെന്നും വാദിക്കുന്ന അക്കാദമിക് പണ്ഡിതന്മാരുണ്ട്. വികലമനശാസ്ത്രപരമായ ഇത്തരം സമീപനങ്ങള്‍ക്കുപകരം ഉന്നയിക്കാവുന്ന ഒരു രാഷ്‌ട്രീയ സമീപനമുണ്ട്.ഇ എം എസിന്റെ ലക്ഷ്യം ബ്രാഹ്മണാധിപത്യത്തെയോ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള വൈരുദ്ധ്യത്തെയോ ചരിത്രപരമായി വിശകലനം ചെയ്യുകയായിരുന്നില്ല. താന്‍ മുന്നില്‍കണ്ട, ബ്രാഹ്മണരും അബ്രാഹ്മണരും ജാതിനിന്ദ്യരുമെല്ലാം അടങ്ങിയ കേരളം സൃഷ്ടിക്കപ്പെട്ടത് മദ്ധ്യകാലത്താണ്. അതിന് ദേശീയ സ്വഭാവം കൈവന്നത് ഇവരെല്ലാം പങ്കെടുത്ത കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലുമാണ്. ജാതിവിരുദ്ധ സമരങ്ങളും കര്‍ഷകസമരങ്ങളും തൊഴിലാളി സമരങ്ങളും ഈ ദേശീയതയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിലേതെങ്കിലും ഒന്നുമാത്രമെടുത്ത് ശാശ്വതഘടകമായി ഉപയോഗിക്കുന്നതിന് അദ്ദേഹം തയ്യാറായിരുന്നില്ല. പ്രായോഗികതലത്തില്‍ ഉദ്ഗ്രഥിതമായ ഭാഷാ സംസ്ഥാനമായി കേരളം മാറുന്നതിന് സഹായിച്ചത് ഈ നിലപാടിന് ലഭിച്ച അംഗീകാരമാണ്.പ്രസിദ്ധമായ ഗാന്ധിയും ഗാന്ധിസവും എന്ന പുസ്തകവും തുടര്‍ന്ന് "ആവഡി സോഷ്യലിസം'' എന്നദ്ദേഹം വ്യവഹരിച്ച നെഹ്റു കാലഘട്ടത്തെ സംബന്ധിച്ച വിശകലനവും ഇത്തരം സമീപനത്തിന്റെ മറ്റുദാഹരണങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ മഹാത്മാന്ധിയുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെ ഗാന്ധിയുടെ സിദ്ധാന്തവും പ്രയോഗവും എങ്ങനെ വര്‍ഗ അനുരഞ്ജനത്തിന്റെ സൂത്രവാക്യമായി മാറുന്നു എന്നു വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. നെഹ്റു അവതരിപ്പിച്ച "സോഷ്യലിസ്റ്റ് പാറ്റേണ്‍'' എങ്ങനെ കോളണി ഭരണത്തില്‍നിന്ന് രൂപംകൊണ്ട ഒരു മുതലാളിവര്‍ഗത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുമാവശ്യമായ മുദ്രാവാക്യമായി മാറുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ രണ്ടു ഗ്രന്ഥങ്ങളും ഗാന്ധിയെയോ നെഹ്റുവിനെയോ സംബന്ധിച്ച ചരിത്രസിദ്ധാന്ത'പരമായ വിമര്‍ശനങ്ങളായിരുന്നില്ല. പകരം ചരിത്രപരമായ ഭൌതികവാദത്തില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രായോഗിക രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ നിരീക്ഷണങ്ങളായിരുന്നു. ഈ വിമര്‍ശനങ്ങളുന്നയിക്കുന്ന കാലഘട്ടങ്ങളില്‍ ഗാന്ധിജി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച നേതാവും "സോഷ്യലിസ്റ്റ് പാറ്റേണ്‍'' ഇന്ത്യയിലെ ഇടതുപക്ഷത്തില്‍ ഒരു വിഭാഗത്തെപ്പോലും ആകര്‍ഷിച്ച ആശയസംഹിതയുമായിരുന്നുവെന്നും ഓര്‍ക്കണം. ചരിത്രപരമായ ഭൌതികവാദം രാഷ്‌ട്രീയ സംവാദങ്ങള്‍ക്കുള്ള ഉപാധിയായി രൂപപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.ഔപചാരിക ചരിത്ര രചനയോട് ഇ എം എസ് ഏറ്റവും അടുത്തുവന്നത് എഴുപതുകളില്‍ തയ്യാറാക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവമാണ് അദ്ദേഹത്തെ ഈ പുസ്തകത്തിന്റെ രചനയിലെത്തിക്കുന്നത്. എങ്കിലും, അദ്ദേഹം എന്തിന് ഇതെഴുതി? ഭാരതം അതിന്റെ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ അനുക്രമമായി കളഞ്ഞുകുളിക്കുകയും ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയിലേക്കും രാഷ്‌ട്രീയഘടന അമിതാധികാരത്തിലേക്കും വഴുതിവീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം എഴുതുന്നത്. സംഭവകഥനത്തിന്റെ രൂപത്തിലാണെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ബൂര്‍ഷ്വാ നേതൃത്വത്തിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ സ്വഭാവം തുറന്നുകാണിക്കുകയും, ഇതിന്റെ ഫലമായി രൂപംകൊണ്ട ജനവിരുദ്ധ നയങ്ങളാണ് ഇന്ത്യയെ പ്രതിസന്ധിയിലെത്തിച്ചത് എന്ന് വാദിക്കുകയും ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളുടെ അടിത്തറപാകലാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ മറ്റു കൃതികളില്‍നിന്ന് വ്യത്യസ്തമായി. ആ പുസ്തകത്തിനുണ്ടായിരുന്ന കേവല ചരിത്രസ്വഭാവം അതിന്റെ ഒരു ദൌര്‍ബല്യവും കൂടിയായിരുന്നു. ചരിത്രപരമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ട ഭാവി രൂപ നിര്‍ണയം അതില്‍ ഉണ്ടായില്ല.

ചരിത്രപരതയും രാഷ്‌ട്രീയവും

ഇ എം എസിന്റെ ചരിത്രരചനകളെക്കുറിച്ച് ഉദിക്കാവുന്ന മറ്റൊരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ചരിത്രപരമായ വിശകലനത്തില്‍ ഉറച്ചുനിന്നത്? അദ്ദേഹത്തിന് രാഷ്‌ട്രീയവും സാമ്പത്തിക ശാസ്ത്രപരവുമായ വിശകലനങ്ങളില്‍ ഉറച്ചുനില്‍ക്കാമായിരുന്നില്ലേ? കെ എന്‍ രാജ്, ജോവാന്‍ റോബിന്‍സണ്‍ മുതലായവരുമായുള്ള സംവാദങ്ങള്‍ മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തിന് തെളിവാണ്. രാഷ്‌ട്രീയ വിമര്‍ശകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ഏവരും തിരിച്ചറിഞ്ഞതുമാണ്. എവിടെയാണ് ഇതില്‍ ചരിത്രപഠനത്തിന്റെ പ്രസക്തി?ഇവിടെയാണ് ഇ എം എസ് ഉള്‍ക്കൊണ്ട മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സമഗ്രത വെളിപ്പെടുന്നത്. മാര്‍ക്സിസ്റ്റ് 'ചരിത്രസിദ്ധാന്ത'മുള്‍പ്പെടെയുള്ള ചരിത്ര വിശകലനരീതികള്‍ നിരവധിതരത്തിലുള്ള പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. വര്‍ഗീയ ഹിന്ദുത്വത്തിന്റെ ചരിത്രവാദങ്ങള്‍, ജാതിമത രാഷ്‌ട്രീയം, കൊളോണിയലിസം മുതലായവ ചരിത്രസിദ്ധാന്ത'ത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നു. അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നാം ചരിത്രകാരന്മാരുടെ സഹായംതേടുന്നു. അവര്‍ നല്‍കുന്ന വിവരങ്ങളും നിമഗനങ്ങളും വര്‍ഗീയവാദികളുടെ നിഗമനങ്ങളെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് സമകാലിക സമൂഹത്തിലെ ജാതിമത ശക്തികളെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. അവരുടെ നിലപാടുകളെ സാധൂകരിക്കുന്ന മറ്റു ചരിത്രങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. വര്‍ഗീയതയുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ അക്കാദമിക് ചരിത്രകാരന്മാര്‍ക്ക് കഴിയുമെങ്കിലും അതിനെ മറികടക്കാനുള്ള പ്രായോഗിക പദ്ധതി നിര്‍ദ്ദേശിക്കാന്‍ അവര്‍ക്കു കഴിയില്ല. അതവരുടെ ബാധ്യതയല്ലെന്ന് കരുതുന്നവരുമുണ്ട്. അക്കാദമിക് ചരിത്രരചനയുടെയും 'ചരിത്ര സിദ്ധാന്ത'ങ്ങളുടെയും ദൌര്‍ബല്യത്തെയാണ് ഇത് കാണിക്കുന്നത്.ഇതിനൊരു മറുവശവുമുണ്ട്. സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അവ രൂപപ്പെടുന്ന ചരിത്ര പശ്ചാത്തലം നാം കണക്കിലെടുക്കാറില്ല. സമൂഹപ്രക്രിയകള്‍ ഉണ്ടാകുന്നത് അതിനുമുമ്പുതന്നെ രൂപംകൊള്ളുന്ന സന്ദര്‍ഭങ്ങളിലാണെന്ന് നാം ഓര്‍മ്മിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വെറും ദത്തങ്ങള്‍ മാത്രമാണ്. അവ ചില കണക്കുകളിലൂടെ കാണിക്കാനാണ് ഇടതുപക്ഷ സൈദ്ധാന്തികര്‍പോലും താല്‍പര്യപ്പെടുക. ഇതിന് നാം അക്കാദമിക് പണ്ഡിതരുടെ സഹായം തേടുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രജ്ഞര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റീഷ്യന്മാര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ ചേര്‍ന്നു നടത്തുന്ന 'സമകാലിക' പഠനങ്ങളില്‍ ചരിത്രകാരന്മാര്‍, അക്കാദമിക് ചരിത്രകാരന്മാരടക്കം, ഒരധികപ്പറ്റാണ്. ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള ബന്ധങ്ങളുടെ വിശകലനത്തെ ആധാരമാക്കി ഭാവി പരിപ്രേക്ഷ്യം രൂപപ്പെടുത്തുക എന്ന മാര്‍ക്സിസ്റ്റ് വിശകലനപദ്ധതിക്കുപകരം ഇന്നത്തെ സമൂഹത്തിന്റെ നില വിലയിരുത്തുന്ന കണക്കുകള്‍ പരിശോധിക്കുകയും അവയെ ആധാരമാക്കി ഭാവി പ്രോജക്ഷനുകള്‍ കണക്കാക്കുകയും ചെയ്യുന്ന യാന്ത്രിക രീതിയാണ് ഇന്ന് സ്വീകരിക്കുന്നത് ഉല്‍പാദനബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളും വര്‍ഗസമരങ്ങളുടെ രൂപഭാവങ്ങളും ഭൌതിക പ്രക്രിയകളും മനുഷ്യരുടെ ഇടപെടലുകളും തമ്മിലുള്ള ബന്ധവും സമകാലിക സംഭവങ്ങളുടെ വിശകലനത്തിന് ഏറ്റവും ആവശ്യമാണെന്ന് മാര്‍ക്സ് നമ്മെ പഠിപ്പിച്ചത് നാം പൂര്‍ണമായി മറക്കുന്നു. ഇടതുപക്ഷ സാമൂഹ്യശാസ്ത്രജ്ഞര്‍പോലും സ്വന്തം വിശകലനങ്ങള്‍ക്ക് ചരിത്രപരമായ 'ആമുഖ'ങ്ങള്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് താല്‍പര്യം കാണിക്കുന്നത്. സമകാലിക സംഭവങ്ങളെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിലല്ല.ചരിത്രപരമായ ഭൌതികവാദത്തിന്റെ രാഷ്‌ട്രീയമായ പ്രയോഗത്തിന് നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മാതൃകകളാണ് ഇ എം എസിന്റെ രചനകള്‍, ഇന്ത്യയുടെ ആസൂത്രണ രൂപങ്ങളെക്കുറിച്ച് ഇ എം എസ് നടത്തിയ പഠനങ്ങള്‍ വെറും സാമ്പത്തിക ശാസ്ത്രപഠനങ്ങള്‍ മാത്രമായിരുന്നില്ല, ആസൂത്രണത്തെ സംബന്ധിച്ച ചരിത്രപരമായ അന്വേഷണങ്ങള്‍കൂടിയായിരുന്നു. കേന്ദ്രീകൃത ആസൂത്രണത്തിന്റെയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന ആശയങ്ങളുടെയും പ്രയോഗത്തിന്റെയും വെളിച്ചത്തിലാണ് ഇ എം എസ് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ വക്താവാകുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്ക് ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ചരിത്രപരമായ ഭൌതികവാദം അതുവരെ നടന്ന പ്രക്രിയകളുടെയും സമകാലിക സംഭവങ്ങള്‍ രൂപപ്പെടുന്ന സന്ദര്‍ഭങ്ങളുടെയും വിമര്‍ശനപദ്ധതി കൂടിയാണ്. ഭാവി പരിപ്രേക്ഷ്യങ്ങള്‍ രൂപപ്പെടുക അത്തരം വിമര്‍ശനപദ്ധതികളിലൂടെയാണെന്നും ഇ എം എസ് കണ്ടു.സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ എല്ലാ പ്രക്രിയകളുടെയും വിമര്‍ശനം ചരിത്രപരമാണ്. വ്യത്യസ്ത സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് വിമര്‍ശനം നടക്കുക. ഈ വിമര്‍ശനങ്ങളെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമാക്കുന്നതിനാണ് ചരിത്രപരമായ ഭൌതികവാദം പ്രയോജനപ്പെടുക, അല്ലാത്ത വിമര്‍ശനങ്ങള്‍ വിതണ്ഡവാദമാണ്. ഏതെങ്കിലും വിധത്തിലുള്ള അടിച്ചുടയ്ക്കല്‍ വാദമാണ് . ഇ എം എസ് വിതണ്ഡവാദിയോ ഉന്മൂലനവാദിയോ ആയിരുന്നില്ല. കോണ്‍ഗ്രസിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയ കാലത്തുപോലും ആ ഭരണത്തിലെ ഗുണപരമായ വശങ്ങള്‍ കാണാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ആശയവാദികളുടെയും ആത്മനിഷ്ഠവാദികളുടെയും വൈകാരികമായ സമീപനങ്ങളാണ് അടിച്ചുടയ്ക്കല്‍ വാദത്തിലേക്ക് നയിക്കുക എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ പോരാടാനും അദ്ദേഹം ശ്രമിച്ചു.വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും ഇ എം എസ് നല്‍കിയ പ്രാധാന്യം ഇതിന്റെ ഭാഗമാണ്. വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് സ്വാനുഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുപോലെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ വിമര്‍ശിക്കാനും സന്നദ്ധനായിരുന്നു. ഈ വൈരുദ്ധ്യാത്മക രീതി ചരിത്രപരമായ ഭൌതികവാദത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെയും രൂപപ്പെടുത്തുന്നു. ഈ കാഴ്ചപ്പാടിലൂടെയുള്ള ചലനാത്മക സമീപനമാണ് സമൂഹത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഭാവി പരിപ്രേക്ഷ്യം രൂപപ്പെടുത്താന്‍ നമ്മെ സഹായിക്കുക. അതിന് സഹായിക്കുന്ന വിമര്‍ശന പദ്ധതിയെയാണ് നാം വിമര്‍ശനവും സ്വയം വിമര്‍ശനവും എന്ന പേരില്‍ വ്യവഹരിക്കുന്നത്.ചരിത്രപരമായ ഭൌതികവാദത്തെ രാഷ്‌ട്രീയ വിമര്‍ശനപദ്ധതിയാക്കി മാറ്റിയതാണ് ഇ എം എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. അക്കാദമിക് ചരിത്രകാരന്മാരില്‍നിന്നു മാത്രമല്ല, യാന്ത്രികവും വൈകാരികവുമായ നിലപാടുകളുള്ള സാമൂഹ്യ രാഷ്‌ട്രീയ വിമര്‍ശകരില്‍നിന്നും ഇ എം എസിനെ വേര്‍തിരിക്കുന്നതും ഈ സവിശേഷത തന്നെ. ഇ എം എസിനെ പിന്തുടരാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് രാഷ്‌ട്രീയ സാമൂഹ്യ വിമര്‍ശനത്തെ ആത്മനിഷ്ഠമായും വൈകാരികമായും അധഃപതിപ്പിക്കുകയല്ല. സാമൂഹ്യമാറ്റം എന്നത് സാമൂഹ്യ മാനേജ്‌മെന്റിന്റെ സൃഷ്ടിയും സാമ്പത്തിക ശാസ്ത്രപരമായ മാതൃകാ നിര്‍മ്മാണവും പ്രൊജക്ഷനുമല്ല എന്ന തിരിച്ചറിവും ഇതിന്റെ ഭാഗമാണ്. ചരിത്രപരമായ ഭൌതികവാദം സമകാലിക സമൂഹത്തെ നിയന്ത്രിക്കുന്ന ശക്തികളെ സംബന്ധിച്ച നിശിതമായ വിമര്‍ശനത്തിലേക്ക് നമ്മെ നയിക്കുന്നു. അതിനോടൊപ്പം സാമൂഹ്യമാറ്റത്തിനുള്ള പ്രയോഗത്തിലെ വീഴ്ചകളെയും കുറവുകളെയും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്താനും കഴിയുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ ഈ പ്രക്രിയയിലൂടെയാണ് ചരിത്രം മുന്നേറുന്നത്. ഇതിന് അക്കാദമിക് ചരിത്രകാരന്മാരുടെ "ചരിത്രസിദ്ധാന്ത''ങ്ങളുടെ പ്രസക്തി പരിചിതമായിരിക്കാം. പക്ഷെ, ചരിത്രബോധമുള്ളവരും ചരിത്രസംഭവങ്ങളെ ഭൌതികവാദപരമായി വിശകലനംചെയ്യാനും നിശിതമായി വിമര്‍ശിക്കാനും കഴിവുള്ളവരുമായ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഇന്നെത്തെ ആവശ്യമാണ്. ഇ എം എസ് അത്തരം പ്രവര്‍ത്തനശൈലിക്ക് മാര്‍ഗദര്‍ശിയുമാണ്.

***ഡോ. കെ എന്‍ ഗണേശ്, വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment