മാന്യമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍ നിന്നും നിയമാനുസൃതമായ നികുതി കൊടുത്തുകഴിഞ്ഞ് ബാക്കിവരുന്നതാണ് വെള്ളപ്പണം. എന്നാല്‍, വളഞ്ഞവഴികള്‍ ഉപയോഗിച്ച് നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ട് ഉണ്ടാക്കുന്ന പണം മറച്ചുപിടിച്ച് നികുതി വെട്ടിച്ച് സ്വരൂപിക്കുന്ന പണം രഹസ്യമായി കണക്കുബുക്കുകളില്‍ രേഖപ്പെടുത്താതെ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് കറുത്ത പണം(ബ്ലാക്ക് മണി). എന്നാല്‍ പലപ്പോഴും പുത്തന്‍ തന്ത്രങ്ങളുപയോഗിച്ച് ഇത്തരത്തിലുള്ള കറുത്ത പണത്തെ വെള്ളപ്പണമായി മാറ്റിയെടുക്കാറുമുണ്ട്. പലപ്പോഴും വെള്ളപ്പണം, കള്ളപ്പണം എന്നിവ തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഏതാണ് നിയമാനുസൃതം, നിയമാനുസൃതമല്ലാത്തത് എന്ന് കണ്ടുപിടിക്കാന്‍ വയ്യ. ആരാധനാലയങ്ങള്‍, ആതുരസ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവയുടെ വരുമാന സ്രോതസ്സുകള്‍ പരിശോധിച്ചാല്‍ കണക്കില്‍പ്പെടുത്താത്ത കറുത്ത പണം കണ്ടെത്താന്‍ പറ്റും. വന്‍കിട വ്യവസായികള്‍, കമ്പനിത്തലവന്മാര്‍, സിനിമാ ലോകത്തിലെ വമ്പന്മാര്‍, ഓഹരി ബ്രോക്കര്‍മാര്‍, വിദേശവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രമുഖര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്‌ട്രീയപാര്‍ട്ടികള്‍ എന്നിവരുടെയൊക്കെ കൈവശം കറുത്തപണം ധാരാളമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു നല്ല പങ്ക് സ്വിറ്റ്സര്‍ലണ്ട്, ലീഷ് ടെന്‍സ്റ്റീന്‍, സെയിന്റ് കിറ്റ്സ്, കാനറി ഐലന്‍ഡ്, ആന്റിഗ്വാ, ബഹാമസ് എന്നീ ഓഫ് ഷോര്‍ ഫൈനാന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ രഹസ്യമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിന് പുറമേ മറ്റ് വിവിധ രൂപത്തില്‍ ഈ കറുത്തപണം ഇന്ത്യയില്‍ തന്നെ പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ തക്ക രീതിയില്‍ സൂക്ഷിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും വിശദമായ പഠനത്തിനു പരിഹാരത്തിനും ഈ വിഷയം എടുക്കാന്‍ ഇന്ത്യയിലെ ഭരണകൂടം തയ്യാറായിട്ടില്ല.സ്വിസ് ബാങ്കുകള്‍ പുറത്ത് വിട്ട വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യക്കരുടെ സ്വിസ്സ് ബാങ്കുകളിലെ നിക്ഷേപം 1496 ബില്യണ്‍ ഡോളറാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് റഷ്യയാണ്. റഷ്യക്കാരുടെ നിക്ഷേപം വെറും 470 ബില്യണ്‍ ഡോളര്‍ മാത്രം. മൂന്നാമത്തെ സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടണ് 390 ബില്യണും നാലാം സ്ഥാനത്തുള്ള യുക്രേയിന് 100 ബില്യണും അഞ്ചാം സ്ഥാനത്തുള്ള ചൈനക്ക് 96 ബില്യണ്‍ ഡോളറുമാണ് രഹസ്യനിക്ഷേപമായി കണക്കാക്കിയിട്ടുള്ളത്. (2008 നവംബറിലെ കണക്ക്- ഇന്ത്യ 1891, റഷ്യ 610, ചൈന 213, ഇംഗ്ലണ്ട് 210 ഉക്രയിന്‍ 140 ബില്യണ്‍ ഡോളറുകള്‍ - വര്‍ക്കേഴ്സ് ഫോറം) ദരിദ്ര രാഷ്‌ട്രമായ പലരും മുദ്രകുത്തിയിട്ടിരിക്കുന്ന ഇന്ത്യുടെ സ്വിസ്സ് ബാങ്ക് നിക്ഷേപം ആകെയെടുത്താല്‍ ഇന്ത്യയുടെ വിദേശക്കടത്തിന്റെ 13 ഇരട്ടി വരും. അതായത് ഈ വിദേശക്കടം പൂര്‍ണ്ണമായി തിരിച്ചടക്കാന്‍ ഇന്ത്യക്ക് കുറച്ച് നിമിഷങ്ങള്‍ മതി. എന്നാല്‍ സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങള്‍ ആരുടെയൊക്കെ പേരിലാണെന്ന് അന്വേഷിപ്പിക്കാന്‍ ഇന്ത്യയിലെ ഭരണകൂടം തയ്യാറായിട്ടില്ല. അതേസമയത്ത്, അമേരിക്ക, ജര്‍മ്മനി എന്നീ സമ്പന്ന രാജ്യങ്ങള്‍ അവരുടെ പൌരന്മാര്‍ സ്വിസ്സ് ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി തന്നെ സ്വിസ്സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.കറുത്ത പണത്തിന്റെ അളവിനെക്കുറിച്ച് നടത്തിയ ഇന്ത്യന്‍ പഠനങ്ങളില്‍ ഏറ്റവും പുതിയത് മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ച് പുറത്തിറക്കിയതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ജി.ഡി.പിയുടെ (17,10,000 കോടി രൂപ) 18-21 ശതമാനം വരും കറുത്ത പണം. ഇതില്‍ ഒരു നല്ല പങ്ക് നികുതി വെട്ടിപ്പ് മൂലം ഉണ്ടാകുന്നതാണ്. നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്ത്, ചൂതാട്ടം, ആയുധ കച്ചവടം, അശ്ലീല വിപണിയിലെ ഇടപാടുകള്‍ എന്നിവ വഴിയും കറുത്തപണം സൃഷ്ടിക്കപ്പെടുന്നു. വലിയ ഉപദ്രവങ്ങള്‍ സൃഷ്ടിക്കാത്ത ചില പ്രവര്‍ത്തനങ്ങളും കറുത്ത പണത്തെയും വരുമാനത്തെയും സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന് ശമ്പളം വാങ്ങുന്ന അധ്യാപകന്‍ സ്വകാര്യ ട്യൂഷന്‍ നടത്തി സമ്പാദിക്കുന്ന പണം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയുണ്ടാക്കുന്ന വരുമാനം ഇവയൊന്നു കണക്കില്‍പ്പെടുത്താറില്ല. നികുതിയില്‍ നിന്നും ഒഴിവാക്കാനാണിത്. ഇത്തരം പ്രവൃത്തിയെ ഇംഗ്ലീഷില്‍ Moonlighting എന്ന് വിളിക്കുന്നു.കറുത്ത പണം സൃഷ്ടിക്കുന്ന മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ താഴെ വിവരിക്കുന്നു. വിദേശവ്യപാരത്തില്‍ കയറ്റുമതിക്കും ഇറക്കുമതിക്കും വ്യാപാരബില്ലുകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെടാറുണ്ട്. ഒരു ലക്ഷം രൂപയുടെ ചരക്കുകള്‍ കയറ്റി അയക്കുമ്പോള്‍ അതിന് വേണ്ടി തയ്യാറാക്കുന്ന വ്യാപാര ബില്ലില്‍ മൂല്യം പതിനായിരം രൂപയായി കാണിയ്ക്കും. ആ ബില്‍ ബാങ്കില്‍ ഡിസ്കൌണ്ട് ചെയ്താണ് പണമിടപാട് നടത്തുക. എന്നാല്‍ വിദേശത്തെ ഇറക്കുമതിക്കാരനുമായി ഉണ്ടാക്കുന്ന രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ കയറ്റുമതി മൂല്യമായ ഒരു ലക്ഷം രൂപയില്‍ പതിനായിരം രൂപ കഴിച്ച് ബാക്കിയുള്ള 90,000 രൂപ വിദേശത്ത് തന്നെ രഹസ്യമായി സൂക്ഷിക്കുന്നു. കയറ്റുമതി വരുമാനമായി ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ കിട്ടുന്നത് വെറും പതിനായിരം രൂപ മാത്രം. ഈ നടപടിയെ ആണ് under invoicing of export bills എന്ന് വിളിക്കുന്നത്. ഇതുപോലെ ഇന്ത്യ വിദേശത്ത് നിന്നും ചരക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതിയുടെ യഥാര്‍ഥ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന ഒരു മൂല്യമാണ് ഇറക്കുമതി ബില്ലില്‍ കാണിക്കുക. ഇതിനെ over invoicing of import bills എന്ന് വിളിക്കുന്നു. ഇത്തരത്തില്‍ നേടുന്ന അധിക വിദേശനാണ്യം ഇറക്കുമതിക്കാര്‍ വിദേശത്തുള്ള കയറ്റുമതിക്കാരുമായി രഹസ്യക്കരാറുണ്ടാക്കി വിദേശത്ത് തന്നെ സൂക്ഷിക്കുന്നു. വിദേശയാത്രക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന വിദേശ നാണ്യത്തേക്കാള്‍ എത്രയോ മടങ്ങാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിടുന്നത്.നികുതിനിരക്കുകള്‍ ഭീമമാണെങ്കില്‍ നികുതിവെട്ടിപ്പ് കൂടും, അതുകൊണ്ട് കറുത്തപണം കുറയണമെങ്കില്‍ നികുതി നിരക്കുകള്‍ കുറയ്ക്കണമെന്ന് പലരും വാദിക്കുന്നുണ്ട്. വരുമാനവും സ്വത്തും മറച്ചുവെക്കാന്‍ ഉത്തേജനം നല്‍കുന്നതാണ് ഉയര്‍ന്ന നിരക്കുകള്‍. രണ്ട് വിധത്തില്‍ നികുതി വെട്ടിക്കാം. ഒന്ന്, വരുമാനവും സ്വത്തും പൂര്‍ണ്ണമായി വെളിപ്പെടുത്താതിരിക്കുക. ഇത് ഒളിപ്പിച്ചുവെക്കലാണ്. രണ്ട്, നികുതിനിയമത്തിലെ പഴുതുകള്‍ നികുതിനിയമവിദഗ്ദരുമായി കൂടി ആലോചിച്ച് പരമാവധി നികുതി ഒഴിവാക്കിയെടുക്കുക. ഈ രണ്ട് രീതികളാണ് നികുതിവെട്ടിപ്പ്, നികുതി ഒഴിവാക്കല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും ഇന്ത്യയില്‍ വ്യാപകമാണ്. കള്ളക്കടത്ത്, കുഴല്‍പ്പണം, ഹവാല ഇടപാടുകള്‍ എന്നിവ വഴിയും കണക്കില്ലാത്ത എത്തുന്ന കറുത്ത പണം ഇന്ത്യയില്‍ സമാന്തര സമ്പദ്‌വ്യവസ്ഥക്ക് ഇട നല്‍കിയിട്ടുണ്ട്.റിയല്‍ എസ്റ്റേറ്റ് വിപണി ഇന്ന് ഊര്‍ജ്ജസ്വലമാണ്. കോടിക്കണക്കിന് രൂപ അതില്‍ നിക്ഷേപിക്കപ്പെടുന്നു. സ്വന്തം പേരിലും ബിനാമി പേരുകളിലും വസ്‌തുക്കളും പാര്‍പ്പിടങ്ങളും വാങ്ങിക്കൂട്ടുന്നവര്‍ ഏറെയാണ്. പൂട്ടിക്കിടന്ന ഫ്ലാറ്റുകളും പാര്‍പ്പിടങ്ങളും ഏറെയാണ്. അതുപോലെ തന്നെ ആഢംബരകാറുകളിലുള്ള നിക്ഷേപങ്ങള്‍. നികുതി വെട്ടിച്ചുള്ള വരുമാനം ഏത് തരത്തില്‍ സൂക്ഷിക്കണം എന്ന കാര്യത്തില്‍ പലതരത്തിലുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ആദായനികുതി വകുപ്പ് നടത്തിയ സര്‍വേകള്‍ വഴി പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണത്തില്‍ ഉണ്ടാക്കിയ ടോയ്ലറ്റ് സീറ്റുകള്‍ അതിലൊന്നാണ്. ഫോം മെത്തയുടെ അടിയില്‍ അടുക്കിവെച്ച സ്വര്‍ണ്ണത്തിലും ചെമ്പിലുമുള്ള തകിടുകള്‍ മറ്റൊന്നാണ്. നികുതിദായകര്‍ ഒരു മാസം നടത്തുന്ന ഡിന്നര്‍ പാര്‍ട്ടികള്‍, അവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, പാര്‍ട്ടികള്‍ക്ക് വേണ്ടി ചെലവിടുന്ന തുക, ബംഗ്ലാവില്‍ വളര്‍ത്തുന്ന പട്ടികളുടെ എണ്ണം, അവിടെയുള്ള പരിചാരകരുടെ എണ്ണം, ഉപയോഗത്തിലുള്ള ആഢംബര കാറുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി വകുപ്പിന് സ്വമേധയാ വരുമാനം കണക്കാക്കാനും നികുതി ചുമത്താനും സാധിക്കും. എന്നാല്‍ ഇവിടെ കൈക്കൂലിയും സ്വാധീനവും വ്യാപകമാണ്. കുറഞ്ഞ വരുമാനവും സ്വത്തും കണ്ടെടുക്കുക വിഷമം പിടിച്ച ഒരു പരിപാടിയാണ്.ഓഹരി കമ്പോളത്തിലെ വ്യാപാരത്തില്‍ കറുത്ത പണത്തിന്റെ ഉപയോഗം വ്യാപകമാണ്. ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന കാളക്കൂറ്റന്മാര്‍ ഏറെയാണ്. ഹര്‍ഷദ് മേത്ത ഉള്‍പ്പെട്ട സെക്യൂരിറ്റി സ്‌കാം ഓര്‍മ്മിക്കുക. വന്‍കിട ബാങ്കുകളെപ്പോലും അയാള്‍ കബളിപ്പിച്ചു. ബോളിവുഡിലും മോളിവുഡിലും സിനിമാനിര്‍മാണത്തില്‍ കറുത്ത പണം വ്യാപകമാണ്. നടന്മാര്‍ക്കും നടിമാര്‍ക്കും നല്‍കുന്ന പ്രതിഫലം കുറച്ച് വെളുത്തതും ബാക്കി കറുത്തതും ആണ്. ഇത്തരത്തില്‍ കോടികളുടെ ഇടപാടാണ് നിത്യേന നടക്കുന്നത്. മെട്രോ നഗരങ്ങളില്‍ കറുത്ത പണത്തിന്റെ വിന്യാസത്തിന് ചിലര്‍ വിലയേറിയ പെയിന്റിംഗുകള്‍ വാങ്ങി ചെറിയ തോതിലുള്ള ചിത്രഗ്യാലറികള്‍ സ്ഥാപിക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. ഓഹരി കമ്പോളങ്ങളില്‍ ഡമ്മി ട്രെയിഡിങ്ങ് നടത്തുന്ന രീതിവഴിയും കറുത്ത പണം ധാരാളമായി വിന്യസിക്കപ്പെടുന്നുണ്ട്. ഒന്നിലധികം ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നത് പതിവാണ്. ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെ തുടങ്ങുന്ന അക്കൌണ്ടുകളില്‍ ഇടതു കൈയും വലതുകൈയും മാറിമാറി ഉപയോഗിച്ച് ഒപ്പിട്ട് അക്കൌണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പേരിലും ബാങ്ക് അക്കൌണ്ടുകള്‍ ഉണ്ടെന്നാണ് ചില പഠനങ്ങള്‍/സര്‍വേകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.ഓരോ വര്‍ഷവും 80,000 ഇന്ത്യക്കാര്‍ സ്വിറ്റ്സര്‍ലണ്ടില്‍ വന്നു പോകുന്നു എന്നാണ് കണക്ക്. ഇതില്‍ 25,000 പതിവായി ഇവിടെ വരുന്നവരാണ്. കറുത്തപണം നിക്ഷേപിക്കാനും ഉപയോഗിക്കാനും വരുന്നവരാണിവര്‍. 1962ല്‍ ഡോക്ടര്‍ ബി.ആര്‍. ഷേണായ് എന്ന ധനശാസ്‌ത്രജ്ഞനാണ് കറുത്ത പണം ഇന്ത്യയില്‍ വേരുറച്ച് കഴിഞ്ഞു എന്ന് പ്രവചിച്ചത്. പിന്നീട് പല കമ്മിറ്റികളും ഈ പ്രശ്നം വിശദമായി പഠിച്ചു. ഭരണകൂടം പ്രശ്‌നപരിഹാരത്തിന് പല നടപടികളും എടുത്തിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം ഇവയാണ്. ഒന്ന്, സ്വമേധയാ പ്രഖ്യാപനം. രണ്ട്, സ്പെഷ്യല്‍ ബെയറന്‍ ബോണ്ടുകള്‍. കറുത്ത പണം ഉള്ളവര്‍ അവരുടെ കൈവശമുള്ള പണം തുറന്ന് കാട്ടിയാല്‍ അതിന്മേല്‍ നാമമാത്രമായ നികുതി മാത്രം ചുമത്തി അവര്‍ക്ക് മാപ്പ് കൊടുക്കുന്ന രീതിയാണിത്. 1997ല്‍ ഈ പദ്ധതിയനുസരിച്ച് പിടിച്ചെടുത്ത കറുത്ത പണം വെറും 10,050 കോടി രൂപ ആയിരുന്നു. ആകെ തുറന്ന് പ്രഖ്യാപിച്ച കറുത്ത പണം 33,000 കോടി രൂപയും. 1946 - 97 കാലത്ത് ഇത്തരത്തില്‍ 12 തവണ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. 1981ലാണ് സ്പെഷ്യല്‍ ബെയറര്‍ ബോണ്ട്സ് സ്കീം വന്നത്. കറുത്ത പണം ഉള്ളവര്‍ക്ക് അതുപയോഗിച്ച് ഒരു നിശ്ചിത പലിശ നല്‍കുന്ന ബോണ്ടുകള്‍ വാങ്ങാം. കാലാവധി കഴിയുമ്പോള്‍ ആ പണം തിരിച്ച് നല്‍കും. കറുത്ത പണം വലിയ നഷ്ടം കൂടാതെ വെളുത്ത പണമാക്കാനും അത് വികസനത്തിന് ഉപയോഗിക്കാനും കഴിയുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ ബോണ്ട് സ്‌കീം കൊണ്ട് പ്രയോജനമുണ്ടായില്ല.കറുത്ത പണം സാധാരണയായി സൂക്ഷിക്കപ്പെടുന്നത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളുടെ രൂപത്തിലാണ് എന്ന വിശ്വാസത്തില്‍ ഒന്നു രണ്ട് അവസരങ്ങളില്‍ 1000 രൂപയും അതിനു മുകളില്‍ മൂല്യമുള്ള കറന്‍സി നോട്ടുകളും പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായി. എന്നാല്‍ അതു കൊണ്ടും വലിയ പ്രയോജനമുണ്ടായില്ല. കാരണം, മറ്റ് പല രീതികളിലും കറുത്തപണം സൂക്ഷിക്കാന്‍ അതുള്ളവർ പഠിച്ചു കഴിഞ്ഞു. വൃത്തികെട്ടതും സമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നതുമായ കറുത്തപണമെന്ന പ്രതിഭാസം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതിനു മാറ്റമുണ്ടാകുമോ?
*പ്രൊഫസര്‍ കെ. രാമചന്ദ്രന്‍ നായര്‍
No comments:
Post a Comment