ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും
ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ശക്തിയായി തുടരുകയാണ്. സ്വാഭാവികമായും ഇത് ഇന്ത്യയില്‍ അതീവ ഉത്ക്കണ്ഠയ്ക്കും ദു:ഖത്തിനും ഇടവരുത്തിയിട്ടുണ്ട്. ആസ്ട്രേലിയയില്‍, പ്രത്യേകിച്ച് മെല്‍ബോണില്‍, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരോടാണ് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശരിയായ ഉറപ്പുകള്‍തന്നെയാണ് നല്‍കുന്നത്; പക്ഷേ വംശീയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യ സിവില്‍ സമൂഹത്തിന്റെ ഇച്ഛാശക്തിതന്നെ വിജയിക്കും എന്നു മാത്രമെ പ്രതീക്ഷിക്കാനാവൂ.ആകര്‍ഷകമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യുന്ന ഇടമാണ് അതെന്ന് ആസ്ട്രേലിയതന്നെയാണ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ആസ്ട്രേലിയയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ 18 ശതമാനമാണിത്. അവര്‍ ആസ്ട്രേലിയയുടെ ജിഡിപിക്ക് പ്രതിവര്‍ഷം 200 കോടി ആസ്ട്രേലിയന്‍ ഡോളറാണ് (7500 കോടി രൂപ) നല്‍കുന്നത്.
പ്രവാസം വംശീയ അതിക്രമങ്ങള്‍ക്കിടവരുത്തുമെന്നത് സര്‍വസാധാരണമാണ്. അതിന്റെ തദ്ദേശീയ രൂപഭേദം നമുക്ക് ഇവിടെത്തന്നെ കാണാന്‍ കഴിയും-അടുത്തകാലത്ത് മുംബൈ അതിന് സാക്ഷ്യം വഹിച്ചതാണ്. ഇതേ വികാരപ്രകടനംതന്നെ അതിനുമുമ്പ് നാം വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കണ്ടതാണ്. അപ്പത്തിന്റെ വിഹിതം എത്രത്തോളം ലഭിക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടാകുന്നത് എന്നു പറയാം. 'തദ്ദേശവാസികള്‍'ക്ക് കൂടുതല്‍ കിട്ടണമെന്ന ആവശ്യമാണ് പ്രവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വംശീയതയെ ഉപയോഗിക്കുന്ന ശിവസേനയെപ്പോലെയുള്ള ചിലര്‍ ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.
ആസ്ട്രേലിയയിലെ വംശീയ ദുര്‍നടപടികളുടെ വിവരങ്ങള്‍ 1990കളുടെ തുടക്കംമുതല്‍തന്നെ ഹോളിവുഡ് പോലും ചിത്രീകരിച്ചിട്ടുണ്ട്. "ആസ്ത്രേലിയന്‍ സര്‍വ്വകലാശാലകള്‍ ആസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക്'' എന്ന മുദ്രാവാക്യം ഉയര്‍ത്തി 2004ല്‍തന്നെ തീക്ഷ്ണമായ ഒരു വംശീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ 70 ആക്രമണങ്ങള്‍ നടന്നിരുന്നു. അതിന്റെ രക്തപങ്കിലമായ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.
എന്നാല്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നതിന്റെ കാരണം വംശീയവാദം മാത്രമാണെന്ന് ആരോപിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേതായ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. വംശീയ അതിക്രമങ്ങള്‍ കൂടുതല്‍ ആഴമേറിയ അസ്വസ്ഥതകളുടെ ബഹിര്‍പ്രകടനമാണ്. 2008 ജനുവരിക്കും 2009 ജനുവരിക്കും ഇടയില്‍ ആസ്ട്രേലിയയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 4.2 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഏറ്റവും ഒടുവിലത്തെ പാദം കമ്പനികളുടെ ലാഭം 7.2 ശതമാനത്തോളം കുറയുന്നതിനും സാക്ഷ്യം വഹിച്ചു. ബിസിനസ് നിക്ഷേപം ഏകദേശം 9 ശതമാനത്തിലേക്ക് തലകുത്തി വീണു. അതിനും പുറമെ, ഈ വര്‍ഷം ആസ്ട്രേലിയ ദര്‍ശിച്ചത് ഏറ്റവും കടുത്ത വരള്‍ച്ചയുമാണ്. ഇതിന്റെ ഫലമായി, തൊഴിലില്ലായ്മ 2008 ഫെബ്രുവരിയില്‍ 3.9 ശതമാനമായിരുന്നത് 2009 ഏപ്രിലില്‍ 5.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്ഘടന മാന്ദ്യാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഇതാദ്യമായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ ലേബര്‍ ഗവണ്‍മെന്റ് 990 കോടി ആസ്ട്രേലിയന്‍ ഡോളര്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നേരിട്ട് നല്‍കിയിട്ടും (അസാധാരണമായത്ര വലിയ തുകയാണിത്) അതുകൊണ്ടൊന്നും പരിഹാരമാകാതെ അവിടത്തെ ജനങ്ങള്‍ ഉപജീവനത്തിന് വകകാണാതെ വലയുകയാണ്.
ലോകത്തെ വാഹന നിര്‍മ്മാതാക്കളില്‍ നായകനായ ഒരു നൂറ്റാണ്ട് പഴക്കമുള്ള ജനറല്‍ മോട്ടേഴ്സ് പാപ്പരായതായി പ്രഖ്യാപിച്ചത് നല്‍കുന്ന സൂചന ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ വഷളാകുന്നതായാണ്. "ലോക ഉല്‍പാദനത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ തകര്‍ച്ചയ്ക്ക്'' ഇതാദ്യമായി 2009 സാക്ഷ്യം വഹിക്കും എന്നാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന അപ്പത്തിന്റെ പങ്കുപറ്റാന്‍ വിവിധ ജനവിഭാഗങ്ങള്‍ നടത്തുന്ന പിടിവലിയെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഈ മാന്ദ്യത്തെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിശ്ചയിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള രക്ഷാപദ്ധതികള്‍ക്കൊപ്പം വലിയതോതിലുള്ള പൊതുനിക്ഷേപം നടത്താതിരിക്കാനാവില്ല. അത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുമെന്നതും പ്രധാനമാണ്. ആഭ്യന്തര ചോദനം വര്‍ദ്ധിക്കുന്നതാണ് സമ്പദ്ഘടനയ്ക്ക് ഏറെ ആവശ്യമായ ഉത്തേജനം പ്രദാനംചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് ലാഭത്തെക്കാള്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം; ഒരിക്കലും നേരെമറിച്ചാകരുത്.
എന്നാല്‍ ഇതിന് കഴിഞ്ഞ പതിറ്റാണ്ടുകളിലെ നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ പാത അവസാനിച്ചു കഴിഞ്ഞതായി അംഗീകരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോഴും പഴയ മാനസികാവസ്ഥയില്‍തന്നെ തുടരുകയാണ്. തങ്ങളുടെ ആഗോള മഹാപുരോഹിതന്മാരുടെ തകര്‍ച്ചയും പാപ്പരീകരണവുമൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല. പരിഷ്കരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തല്‍, ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന ബാങ്കിങ് പരിഷ്കരണം എന്നിവപോലുള്ള അനിയന്ത്രിതമായ ധനമേഖലാ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് മുന്‍ ഗവണ്‍മെന്റിനെ ഇടതുപക്ഷം പിന്തിരിപ്പിച്ചതിനാലാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇപ്പോഴത്തേതിനെക്കാള്‍ വലിയ തകര്‍ച്ച ഉണ്ടാകാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.
ഇതും ചരിത്രത്തില്‍ പഠിക്കേണ്ടത് ആവശ്യമാണ്. 1930കളിലെ മഹാമാന്ദ്യംമൂലമുണ്ടായ തകര്‍ച്ചയെ വിവിധ മുതലാളിത്ത രാജ്യങ്ങള്‍ വ്യത്യസ്തവിധങ്ങളിലാണ് കൈകാര്യംചെയ്തത്.
ഇതില്‍ ഒരു വഴി ഫാസിസത്തിന്റെ ഉദയത്തിന് അടിത്തറപാകി. 1935ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. "ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസം ജനങ്ങളെ ഇളക്കിവിടാനുള്ള അതിന്റെ തന്ത്രത്തിന് രൂപം നല്‍കുന്നു. പെറ്റി ബൂര്‍ഷ്വാ വിഭാഗമാകെയും തൊഴിലാളിവര്‍ഗത്തിന്റെ ഒരു വിഭാഗംപോലും തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയും സ്വന്തം നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തിയിരിക്കുകയാണെന്ന നിരാശാബോധത്തിന് അടിപ്പെട്ട് ഫാസിസത്തിന്റെ സാമൂഹികവും സങ്കുചിതവുമായ കലഹങ്ങളുടെ ഇരകളായി തീരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. പഴയ ബൂര്‍ഷ്വാ പാര്‍ടികളെ കൈവെടിഞ്ഞ നിരാശരായ ബഹുജനങ്ങള്‍ക്കിടയിലേക്ക് ബൂര്‍ഷ്വാസിയുടെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ താല്‍പര്യാനുസരണം ഫാസിസം നുഴഞ്ഞുകയറുന്നു. ബൂര്‍ഷ്വാ സര്‍ക്കാരിനുനേരെ അവര്‍ നടത്തുന്ന രൂക്ഷമായ ആക്രമണവും പഴയ ബൂര്‍ഷ്വാ പാര്‍ടികളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് അവര്‍ ബഹുജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു''.
പ്രതിസന്ധിമൂലമുണ്ടായ വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചത് വലിയൊരു പടയെത്തന്നെയാണ്. ഈ തൊഴിലില്ലാപ്പടയെയാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ കലാപങ്ങളില്‍ അണിനിരത്തി ഹിറ്റ്ലര്‍ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. നാസി ഫാസിസം വംശീയവാദത്തിന്റെ-ആര്യന്‍ മേധാവിത്വം-ഏറ്റവും തീവ്രമായ പ്രകടരൂപമാണ്. അതിന്റെ ഭീകരമായ അനന്തരഫലങ്ങളായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും രണ്ടാം ലോകയുദ്ധവും നമ്മെ ഇപ്പോഴും വേട്ടയാടുകയാണ്. ഒരുപക്ഷേ, ഫാസിസ്റ്റ് യുദ്ധയന്ത്രം കെട്ടിപ്പടുത്തതായിരിക്കും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജനം. ആയതിനാല്‍, സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ മാത്രമല്ല പ്രശ്നം. എന്തുതരത്തില്‍പ്പെട്ട സാമ്പത്തിക ഉത്തേജനമായിരിക്കും നല്‍കുന്നത് എന്നതാണ് പ്രശ്നം. അതൊരിക്കലും സ്വേച്ഛാധിപത്യത്തെയും ഫാസിസ്റ്റ് പ്രവണതകളെയും ശക്തിപ്പെടുത്തുന്നതായിരിക്കരുത്.
മുതലാളിത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനുള്ള ഇത്തരം മാര്‍ഗങ്ങള്‍ തടയപ്പെടും എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ ജനകീയ സമ്മര്‍ദ്ദം പടര്‍ന്നുവരണം. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുംവേണ്ടി പൊതുനിക്ഷേപത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ ജനകീയ സമ്മര്‍ദ്ദത്തിലൂടെ നിര്‍ബന്ധിതരാകും. വംശീയ അതിക്രമങ്ങള്‍പോലെയുള്ള ജനാധിപത്യവിരുദ്ധവും പൌരബോധത്തിന് നിരക്കാത്തതും ഹീനവുമായ സര്‍വപരിശ്രമങ്ങളും നടത്തുകയും ചെയ്യും. അതേസമയംതന്നെ, അധികാരികളുടെ നിര്‍ണായകമായ കരുതല്‍ നടപടികളുടെ അടിസ്ഥാനത്തില്‍ അതിനെ പ്രതിരോധിക്കാനുമാകും.
***
സീതാറാം യെച്ചൂരി
No comments:
Post a Comment