Monday, 29 June 2009

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു് പരമാവധി എഴുപത്തയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൌമനസ്യം കാണിക്കാതെ, പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന അവസ്ഥയാണു് നിലവിലുള്ളതു്. നഷ്ടപരിഹാരത്തുക പലപ്പോഴും മരിച്ചവരുടെ കുടുംബത്തിനു് ലഭിക്കാറില്ല. ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ കൃത്രിമരേഖ ചമച്ചു് നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതു് അപൂര്‍വ്വ സംഭവമല്ല. കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യത്തെ നിയമങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍മ്മാണ മേഖലയില്‍ പണമിറക്കിയ നിര്‍മ്മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ലാന്റ് ബാങ്ക് മാഫിയകള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു് സംസ്ഥാന ഭരണകൂടം, തൊഴില്‍ വകുപ്പു്, നിര്‍മ്മാണ മേഖലയിലെ പ്രബല ട്രേഡ് യൂണിയനുകള്‍ എന്നീ വിഭാഗങ്ങളാണു്. സ്വന്തം നാടും വീടും വിട്ടു് അന്യ സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്താനായി എത്തിച്ചേരുന്ന തൊഴിലാളി, തൊഴില്‍ മേഖലയില്‍ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ഉപാധികളും പാലിക്കാത്ത കരാറുകാരന്റെയും കെട്ടിട ഉടമയുടെയും കീഴില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കേ അപകട മരണത്തില്‍പെട്ടാല്‍ ദുരിതാശ്വാസം എന്ന നിലയില്‍ 15,000 രൂപ നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു് സര്‍ക്കാര്‍ നിഷ്ക്രമിക്കുന്നു. ഉടമകളാകട്ടെ തൊഴിലാളി കുടുംബത്തിനു് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ചെറിയൊരംശം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് ആനുപാതികമായി നല്‍കി കേസ് ഒതുക്കിത്തീര്‍ക്കുന്നു.

ലംഘിക്കപ്പെടുന്ന നിയമങ്ങള്‍

തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ (ഇടനിലക്കാരന്‍) ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്കു് സ്ഥിരം തൊഴിലാളികള്‍ക്കു് നല്‍കുന്ന സേവന-വേതന വ്യവസ്ഥ, തൊഴില്‍ സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, തൊഴിലാളികളുടെ ലിസ്റ്റ്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ (ഹെല്‍മറ്റ്, ഗംബൂട്ട്, ഗ്ലൌസ്), ഫസ്റ്റ് എയ്ഡ് ബോക്സ്, യൂണിഫോം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടു്. എന്നാല്‍ ഒരു കമ്പനിയും ഇതു് പാലിക്കാറില്ല. ലൈസന്‍സ് ഉള്ളവര്‍ പതിന്മടങ്ങു് തൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു് അടിമസമാനമായ സാഹചര്യങ്ങളില്‍ തോഴിലിലേര്‍പ്പെടുത്തുന്നു. സംഘടിത മേഖലയുടെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കിയ ആഗോളീകരണം സൃഷ്ടിച്ച വികേന്ദ്രീകരണ പ്രക്രിയ, വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല വ്യവസായങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടല്‍, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ദേശീയ അന്തര്‍ദേശീയ അഗ്രി ബിസിനസ് കുത്തകകളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച തൊഴില്‍ രാഹിത്യം, കുറഞ്ഞ കൂലി നിരക്കു്, കൃഷി ഭൂമിയുടെ കുത്തകവല്‍ക്കരണം, കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനു് പരിവര്‍ത്തനപ്പെടുത്തല്‍, മറ്റാവശ്യങ്ങള്‍ക്കു് വിനിയോഗിക്കല്‍ എന്നിവമൂലം കാര്‍ഷിക മേഖലയില്‍നിന്നു് പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലയായ നിര്‍മ്മാണ രംഗത്തേക്കു് പ്രവേശിക്കാന്‍ നിര്‍ബന്ധിതമാകുന്നു. സ്വന്തം കായികാദ്ധ്വാനം വിറ്റ് ജീവസന്ധാരണം നിര്‍വഹിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികള്‍ക്കു് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെന്ന പരിഗണനയും അന്യ സംസ്ഥാന തൊഴിലാളികളെ വ്യാമോഹിപ്പിക്കുന്ന ഘടകമാണു്. പരമ്പരാഗത വ്യവസായങ്ങളെ ഉച്ചാടനം ചെയ്ത അന്തര്‍ദേശീയ കുത്തകകളുടെ സമഗ്രാധിപത്യം, മത്സ്യബന്ധന മേഖലയിലേയ്ക്കുള്ള തൊഴിലാളി പ്രവാഹത്തില്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത, മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേതനനിരക്കു് എന്നിവ അന്യ സംസ്ഥാനതൊഴിലാളികളുടെ നിയന്ത്രണാതീതമായ കടന്നുവരവിനു് വഴിയൊരുക്കി.

തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഉദാരവല്‍ക്കരണം മൂലധനശക്തികള്‍ക്കു് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം നല്‍കി. കേന്ദ്ര കൃഷി വകുപ്പു് മന്ത്രി ശരത് പവാര്‍ ‘കൃഷിത്തൊഴില്‍ മുഖ്യ ജീവിത ഉപാധിയാക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ചു് കര്‍ഷകരും തൊഴിലാളികളും മറ്റു് തൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്നാഹ്വാനം ചെയ്തതു് രാജ്യത്തു് വികാസംപ്രാപിക്കുന്ന നിര്‍മ്മാണ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവാം.

ഒറീസാ തൊഴിലാളികളുടെ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

അടിക്കടിയുണ്ടായ നാലു് അപകടമരണത്തിനു് തൊട്ടുപിന്നാലെയാണു് എറണാകുളം ബോട്ടു് ജെട്ടിക്കു് സമീപം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന തൊഴിലുടമയുടെ ജീര്‍ണിച്ചുപഴകിയ കെട്ടിടം തകര്‍ന്നുവീണു് രണ്ടു് ഒറീസാ തൊഴിലാളികള്‍ മരിക്കാനിടയായതു്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതു പ്രകാരം പൊളിച്ചുമാറ്റുന്നതിനുവേണ്ടി ഹോട്ടല്‍ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച കെട്ടിടത്തിലാണു് 50 ഒറീസാ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതു്. 16 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാറായതുകൊണ്ടു് 20 തൊഴിലാളികള്‍ മടങ്ങിപ്പോയതുമൂലം വന്‍ ദുരന്തം ഒഴിവായി. മഴയില്‍ കുതിര്‍ന്നു് നിപതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 28 ഒറീസാ തൊഴിലാളികളാണു് അപകടത്തില്‍പ്പെട്ടതു്. അപകടത്തിനിരയായവരുടെ ബന്ധുക്കള്‍ അവരെ സഹായിക്കണമെന്നാവശ്യപ്പെട്ടു് ടിയുസിഐ ഓഫീസില്‍ എത്തി യൂണിയന്‍ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയതു പ്രകാരം ജില്ലാ കളക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കു് ടിയുസിഐ പരാതി നല്‍കി. മരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് 10 ലക്ഷവും, കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് 5 ലക്ഷം രൂപയും നല്‍കുക, മരണത്തിനുത്തരവാദിയായ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിനു് കേസെടുക്കുക, ജില്ലയിലെ മുഴുവന്‍ നിര്‍മ്മാണകമ്പനികളിലെയും തൊഴിലാളികള്‍, കൂടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ സാഹചര്യം എന്നിവയെ സംബന്ധിച്ചു് സമഗ്രമായ അന്വേഷണം, നടപടി എന്നിവ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണു് ഉന്നയിച്ചിരുന്നതു്. യൂണിയന്റെ പരാതിയെത്തുടര്‍ന്നു് ഉടമകള്‍ ഒന്നര ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നു് അറിയിച്ചു് കളക്ടര്‍ മുഖാന്തിരം പത്രക്കുറിപ്പിറക്കി. ഇതംഗീകരിക്കാനാവില്ലെന്നു് അറിയിച്ചതു പ്രകാരം ചര്‍ച്ച ചെയ്തു പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു് കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

തുടര്‍ന്നു് ആര്‍ഡിഒ, എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു് നഷ്ടപരിഹാരത്തെ സംബന്ധിച്ചു് ഒത്തുതീര്‍പ്പിലെത്തിച്ചു. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു് കേസ് നടത്തിയാല്‍ വര്‍ഷങ്ങള്‍ നീളും എന്നതിനാലും അര്‍ഹതപ്പെട്ട കുടുംബത്തിനു് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണു് ഉഭയകക്ഷി സമ്മതപ്രകാരം ചര്‍ച്ചചെയ്തു് നഷ്ടപരിഹാരം നല്‍കണമന്നു് ടിയുസിഐ ആവശ്യപ്പെട്ടതു്. എന്നാല്‍ ഒത്തുതീര്‍പ്പു് വ്യവസ്ഥ ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു് വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്നറിയിച്ചു.

മരണമടഞ്ഞ തൊഴിലാളി കുടുംബത്തിനു് 3 ലക്ഷം രൂപയും കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് മൂന്നര ലക്ഷം രൂപപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉടമ അംഗീകരിച്ചു. എന്നാല്‍ പത്തു് നിമിറ്റിനകം ഒത്തുതീര്‍പ്പു് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നും കേസ് നടത്തി നഷ്ടപരിഹാരം വാങ്ങിയാല്‍ മതിയെന്നും ഉടമകള്‍ അറിയിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ചു് തീരുമാനിച്ചിട്ടു് പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്നു് ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകീട്ടു് നാലു മണിവരെ നിരന്തരമായി ഡിഎല്‍ഒ ഇടപെട്ടു് ഉടമകളോടു് വാക്കു് പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറിയതു് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാകുടുംബമായ ചാക്കോള ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഇനിയുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നതിനാല്‍ ഒത്തുതീര്‍പ്പു് അംഗീകരിക്കരുതെന്നാണു് ലഭിച്ച നിര്‍ദ്ദേശം. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകാഭിപ്രായവും ഇതായിരുന്നു. ഈ മേഖലയിലെ കുത്തകകളായ സിഐടിയു, ഐഎന്‍ടിയുസി എന്നീ പ്രബല ട്രേഡ് യൂണിയനുകള്‍, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, കോണ്‍ട്രാക്ടേഴ്സ് എന്നീ സംഘടനകളുടെ വിദഗ്ദ്ധോപദേശം, സമ്മര്‍ദം എന്നിവയുടെ ഫലമായിട്ടാണു് ചാക്കോള ഒത്തുതീര്‍പ്പു് വ്യവസ്ഥയില്‍നിന്നു് പിന്മാറിയതു്. തുടര്‍ന്നു് ഉന്നതതലങ്ങളില്‍നിന്നു് പോലീസിനു് ലഭിച്ച നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ അനാഥപ്രേതമായി പരിഗണിച്ചു് പോലീസ് ശവം അടക്കംചെയ്യുമെന്നു് ഭീഷണിപ്പെടുത്തി. തുടര്‍ന്നു് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു് നൂറുകണക്കിനു് തഴിലാളികളുമായി ടിയുസിഐയുടെ നേതൃത്വത്തില്‍ ചാക്കോളയുടെ വീട്ടിലേക്കു് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പു് ഡല്‍ഹിയിലായിരുന്ന ജില്ലാ കളക്ടര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയും ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കാന്‍ ഇനിയും സമയമുണ്ടെന്നു് അറിയിച്ചിട്ടും ‘നിങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ ശവത്തെ അവഹേളിച്ചു എന്ന വകുപ്പു് ചുമത്തി കേസ് എടുക്കും എന്നായിരുന്നു പോലീസിന്റെ മറുപടി. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നു് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമാകാതെ തൊഴിലാളികളെ മര്‍ദ്ദിച്ചു് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. ശവമഞ്ചം വഹിച്ച സ്വന്തം പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു് മൃതദേഹത്തെ താഴെയിടാന്‍ വേണ്ടി ശ്രമിച്ച എസ്ഐക്കു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്മാറേണ്ടിവന്നു. തുടര്‍ന്നു് ഓടിനടന്നു് തൊഴിലാളികളെ മര്‍ദ്ദിച്ച സമയത്തു് നിങ്ങള്‍ മര്‍ദ്ദിക്കരുതു്, അറസ്റ്റ് ചെയ്യാം എന്നു് ടിയുസിഐ സംസ്ഥാന സെക്രട്ടറി എസ്ഐയോടു് ആവശ്യപ്പെട്ടപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു് മര്‍ദ്ദിക്കാന്‍ തുടങ്ങി. എതിര്‍ത്തതുമൂലം ഫ്ലയിംഗ് സ്ക്വാഡിന്റെ വാഹനത്തില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ക്കു് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ചു് അറസ്റ്റ് ചെയ്ത പോലീസ് നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയും തുടര്‍ന്നു് തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു് ഓടിച്ചതുമൂലം അര മണിക്കൂറോളം മൃതദേഹം അനാഥമായി റോഡില്‍ കിടന്നു. ഈ സമയത്താണു് പോലീസിനു് അബദ്ധം മനസ്സിലായതു്. തുടര്‍ന്നു് പോലീസ് മൃതദേഹം ആംബുലന്‍സ് വരുത്തി അതിലേക്കു് കയറ്റി. (ആംബുലന്‍സ് ഏര്‍പ്പാടു് ചെയ്തു് കൊടുത്തതു് സിപിഐക്കാര്‍). തല്ലിയോടിച്ച തൊഴിലാളികളെയും അറസ്റ്റ് ചെയ്തു് സ്റ്റേഷനില്‍ കൊണ്ടുപോയ തൊഴിലാളികളെയും മൃതദേഹത്തിനടുത്തെത്തിച്ചു് പൊതു ശ്മശാനത്തിലേയ്ക്കു് കൊണ്ടുപോയി. സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ പോലീസിനു് അധികാരമില്ലെന്നും നേതാക്കന്മാരെ കൊണ്ടുവരാതെ സംസ്ക്കാരം നടത്തില്ലെന്നും പ്രഖ്യാപിച്ചു് തൊഴിലാളികളും ബന്ധുക്കളും ശ്മശാനത്തില്‍ കുത്തിയിരിപ്പു് നടത്തി. ഈ സമയത്തു് ചാക്കോളായുടെ കങ്കാണിമാര്‍ രംഗത്തെത്തി തൊഴിലാളികളെ ഉടമയ്ക്കനുകൂലമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ടിയുസിഐയുടെ ലേബല്‍ വ്യാജമായുപയോഗിച്ചു് മുതലാളിമാര്‍ക്കു് അനുകൂലമായി തൊഴിലാളികളെ കൂട്ടിക്കൊടുക്കുകയും യൂണിയനുകള്‍ തകര്‍ക്കുകയും ചെയ്യുന്ന വിപ്ലവ കുപ്പായമിട്ട ഒരു വനിതാ അഡ്വക്കേറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ ദിവസം തൊഴിലാളികളുടെ മുന്നില്‍നിന്നു് ടിവിയില്‍ അഭിനയിച്ച വനിതാ നേതാവിന്റെ തനിനിറം മനസ്സിലാക്കിയ ഒറീസാ തൊഴിലാളികള്‍ അവരെ ആട്ടിയോടിച്ചു. രാവിലെ മുതല്‍ ഈ സമയം വരെ നിങ്ങളെ ഫോണില്‍ വിളിച്ചിട്ടും നിങ്ങള്‍ ഫോണ്‍ എടുത്തില്ലല്ലോ, ഇപ്പോള്‍ നിങ്ങള്‍ മുതലാളിയ്ക്കു വേണ്ടി വന്നിരിക്കുകയാണോ? നിങ്ങളെ ഇവിടെ ആവശ്യമില്ല എന്നുപറഞ്ഞു് തിരിച്ചയച്ചതിനുശേഷം രാത്രി ഒമ്പതരയ്ക്കു് ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കുമെന്നു് അസി.കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു് ശവസംസ്ക്കാരം നടന്നതു്. പോലീസ് കസ്റ്റഡിയിലായിരുന്ന നേതാക്കളെ രാത്രി പന്ത്രണ്ടരയ്ക്കു് ജാമ്യത്തില്‍ വിട്ടയച്ചു. നേതൃത്വത്തെ അറസ്റ്റ് ചെയ്താല്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പ്രലോഭിപ്പിച്ചും സ്വന്തം നിയന്ത്രണത്തിലാക്കാമെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി സ്റ്റേറ്റ് നടപ്പിലാക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റും ലാത്തിച്ചാര്‍ജും. എന്നാല്‍ ഭരണകൂടതന്ത്രത്തെ സ്വന്തം നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം തൊഴിലാളികള്‍ നേരിട്ടപ്പോള്‍ വെളിവായതു് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നു് സ്വയം വിശേഷിപ്പിക്കുന്ന സിപിഐ(എം)ന്റെ കാപട്യമാണു്. പരസ്യങ്ങള്‍വഴി കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തിനു് ഒരു നേട്ടവുമുണ്ടാക്കാത്ത ക്രിക്കറ്റ് കളിക്കാരനു് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദാരുണമായി കെട്ടിടം തകര്‍ന്നുമരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് നല്‍കിയ ദുരിതാശ്വാസം പതിനയ്യായിരം രൂപ. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ചു് ഭീഷണിപ്പെടുത്തി നാട്ടിലേക്കു് മടക്കിവിടാനുള്ള വ്യഗ്രതയിലായിരുന്നു കെട്ടിടമുടമകള്‍.

സിപിഎംന്റെ വര്‍ഗ്ഗപക്ഷപാതിത്വം

കഴിഞ്ഞ മുപ്പതു വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഇടതുഭരണത്തിന്‍കീഴിലുള്ള പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രം വിവിധ സൈറ്റുകളില്‍ തൊഴിലെടുക്കുന്നു. ബംഗാളിലെ ദാരിദ്ര്യം 20 മുതല്‍ 80 വരെയുള്ള കുറഞ്ഞ കൂലി നിരക്കു് എന്നിവയാണു് 80 രൂപ മുതല്‍ 120 രൂപ വരെ കൂലി ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളും 30 രൂപമുതല്‍ 60 രൂപവരെ കൂലി ലഭിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ 60 മുതല്‍ 80 രൂപവരെ കൂലിനിരക്കിലും 80 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലും കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതു്. കരാറുകാരന്‍ 20 മുതല്‍ 30 രൂപവരെ കമ്മീഷനീടാക്കും. തുടര്‍ച്ചയായി പണി ലഭിക്കുമെന്ന ഒറ്റ കാരണത്താലാണു് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്കു് ബംഗാള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു് വ്യാപകമായ കുടിയേറ്റമുണ്ടാകുന്നതു്. ഒറീസയിലെ ദാരിദ്ര്യാവസ്ഥമൂലം ജില്ലയില്‍ ഏഴായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. തമിഴ്നാടു്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം തൊഴിലാളികളുണ്ടു്. അറുപതിനായിരത്തില്‍പരം അന്യ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന എറണാകുളത്തു് തൊഴില്‍ വകുപ്പില്‍ ലൈസന്‍സുള്ള നാല്പതോളം കരാറുകാര്‍ പതിനായിരം തൊഴിലാളികളെ മാത്രമാണു് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു്. 50 പേരില്‍ കൂടുതലുള്ള കരാറുകാര്‍ സാനിട്ടേഷന്‍, താമസം, കാന്റീന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമ വ്യവസ്ഥ അവഗണിക്കുമ്പോള്‍ സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ്, കങ്കാണിമാരുടെ പക്ഷത്തു് നിലയുറപ്പിച്ചു് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ പോലീസിനെ ഉപയോഗിച്ചു് മര്‍ദ്ദിച്ചൊതുക്കാമെന്നു് വ്യാമോഹിക്കുന്നു. ഇരുപതിനായിരം തൊഴിലാളികളെവരെ കരാര്‍ തൊഴില്‍ വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള കരാറുകാര്‍ കേരളത്തിലുണ്ടു്. ഇരുപതു രൂപവെച്ചു് കമ്മീഷന്‍ പിടിക്കുന്ന കരാറുകാരന്റെ പ്രതിദിന വരുമാനം നാലു ലക്ഷം രൂപയാണു്. ഇതിന്റെ ഒരു വിഹിതം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് നല്‍കുന്നു. കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ക്കു് ലഭിക്കേണ്ട നിയപരമായ പരിരക്ഷ മുന്‍ യുഡിഎഫ് ഭരണത്തില്‍ എന്നതുപോലെ എല്‍ഡിഎഫ് ഭരണത്തിലും അപ്രസക്തമാകുന്നതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളുടെ ഇടപെടല്‍ എത്രമാത്രം ഗൌരവതരമാണെന്നു് ഇതില്‍നിന്നു് വ്യക്തമാകും. അന്യസംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയില്‍ പട്ടിണിയും ആത്മഹത്യയും ജീവിതത്തിന്റെ ഭാഗമായ ഗ്രാമങ്ങളെ അപ്പാടെ ദത്തെടുത്താണു് കേരളത്തില്‍ കങ്കാണിമാര്‍ എത്തിക്കുന്നതു്. ഇഷ്ടികക്കളം മുതല്‍ കെട്ടിടനിര്‍മ്മാണം വരെയുള്ള വിവിധ നിര്‍മ്മാണ മേഖലകളില്‍ ഈ തൊഴിലാളികളെ വിശ്രമിക്കാന്‍പോലും അനുവദിക്കാതെ തൊഴില്‍ ചെയ്യിക്കുന്നതില്‍നിന്നു് ലഭിക്കുന്ന മിച്ചമൂല്യമാണു് സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളുടെ മൂലധനമായി രൂപാന്തരപ്പെടുന്നതു്. ഇപ്രകാരം തൊഴിലാളിയുടെ രക്തത്തില്‍നിന്നുല്‍ഭവിക്കുന്ന ലാഭമാണു് ശോഭ ഡെവലപ്പേഴ്സിന്റെ പി.എന്‍.സി. മേനോനെപ്പോലുള്ളവര്‍ക്കു് ആറുകോടി മുടക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ തുലാഭാരം നടത്താന്‍ പ്രാപ്തനാക്കുന്നതു്. പഞ്ചനക്ഷത്ര പള്ളികളും അരമനകളും പാര്‍ട്ടി ഓഫീസുകളും ഉയരുന്നതു് ഇതേ രക്തത്തിന്റെ വിഹിതത്തില്‍നിന്നാണു്. പത്തു് മാസം മുന്‍പ് തിരുവനന്തപുരത്തു് സെക്രട്ടറിയറ്റിനു് സമീപത്തു് പൂഞ്ച് ലോയ്ഡ് കമ്പനിയില്‍ തൊഴില്‍ ചെയ്തിരുന്ന രണ്ടു് തൊഴിലാളികള്‍ പട്ടിണികിടന്നു് മരിച്ചു. പകര്‍ച്ചവ്യാധികള്‍ മറ്റു് തൊഴിലാളികളെ വേട്ടയാടുകയും ചെയ്തു. 250 പേര്‍ക്കു് ലൈസന്‍സുള്ള കമ്പനി ആയിരക്കണക്കിനു് തൊഴിലാളികളെ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടി കമ്പനിയെ സംരക്ഷിക്കുംവിധമായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ഇറക്കുമതി ചെയ്യുന്ന ഒരു ചരക്കായി കുടിയേറ്റ തൊഴിലാളികളെ കരാറുകാര്‍ ഉപയോഗപ്പെടുത്തുന്നു.

കരാര്‍ അടിമപ്പണിക്കെതിരായ നിയമങ്ങള്‍

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിമത്വം, കരാര്‍ തൊഴില്‍ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇതൊരു സാധാരണ പ്രവൃത്തി എന്നതിലപ്പുറം പരിഗണിച്ചിരുന്നില്ല. കോളനി ഭരണകാലത്തു് വടക്കേ അമേരിക്കയില്‍ വ്യാപകമായി കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായമാണു് നിലനിന്നിരുന്നതു്. ബ്രിട്ടനില്‍നിന്നുള്ള ദരിദ്രവാസിയായ സ്ത്രീ-പുരുഷ തൊഴിലാളികളെയാണു് ഇതിനായുപയോഗിച്ചിരുന്നതു്. കുറ്റംചുമത്തപ്പെട്ട ക്രിമിനലുകളെ നിശ്ചിത കാലയളവില്‍ കഠിന ജോലികള്‍ ചെയ്യിക്കുക, തൊഴിലില്ലാത്തവരെ അപ്രന്റീസുകള്‍ ആയി നിയോഗിക്കുക, തൊഴില്‍ അഭ്യസിക്കുന്നവരെ ദീര്‍ഘകാലം ശിഷ്യരായി ഉപയോഗിക്കുക എന്നീ പ്രകാരമായിരുന്നു വിദേശ രാജ്യങ്ങളിലെ കരാര്‍ തൊഴിലിന്റെ പ്രാരംഭം. ഇന്ത്യയിലും ചൈനയിലും ‘കൂലി’ എന്നറിയപ്പെട്ട കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. കുടിയേറ്റ തൊഴിലാളികളെയാണു് കരാര്‍ തൊഴിലാളികളായി ഉപയോഗിക്കാന്‍ തുടങ്ങിയതു്. 1951-ല്‍ മെക്സിക്കോയില്‍ നിന്നുള്ള തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനുള്ള നിര്‍ദേശമാണു് നിയമപരമായ ആദ്യകാല കോണ്‍ട്രാക്ട് വര്‍ക്ക്. 18-ആം നൂറ്റാണ്ടിന്റെ അവസാനം കോണ്‍വാലീസ് പ്രഭു തന്റെ മുന്‍ഗാമികളെ ഉദ്ധരിച്ചുകൊണ്ടു് വ്യാഖ്യാനിച്ചതു് ഏറ്റവും വൃത്തികെട്ട ‘തൊഴില്‍ സമ്പ്രദായം’ എന്നാണു്.

കരാര്‍ തൊഴില്‍ സമ്പ്രദായം അടിമ തൊഴില്‍ കച്ചവടത്തിന്റെ തുടര്‍ച്ചയാണു്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കോളനി രാജ്യമായ ചൈനയിലും അര്‍ദ്ധ കോളനിരാജ്യങ്ങളിലും നിലനിന്നിരുന്ന ഈ തൊഴില്‍ സമ്പ്രദായം അമേരിക്കയിലെ അടിമ വ്യവസ്ഥയ്ക്കു് സമാനമായിരുന്നു. എബ്രഹാം ലിങ്കണ്‍ അടിമത്വം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിവിധ രൂപങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന കൂലി അടിമത്തൊഴില്‍ സമ്പ്രദായത്തിന്റെ വകഭേദങ്ങളാണു് ഇന്ത്യയില്‍ നിലനില്‍ക്കുന്നതു്. കാര്‍ഷിക സേവന മേഖലകളില്‍ വ്യാപകമായി തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ ഉപയോഗിക്കുന്നതു് ഈ വ്യവസ്ഥ പ്രകാരമാണു്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ തൊഴില്‍ ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായത്തെത്തുടര്‍ന്നു് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച റോയല്‍ കമ്മീഷന്‍ കരാര്‍ തൊഴില്‍ റിക്രൂട്ട്മെന്റു്, തൊഴില്‍ ഇടനിലക്കാര്‍, കരാര്‍ തൊഴില്‍ എന്നിവ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ബോംബെ ടെക്സ്റ്റയില്‍ ലേബര്‍ എന്‍ക്വയറി കമ്മിറ്റി ബോംബെ, ഷോലാപൂര്‍ എന്നിവിടങ്ങളിലെ ടെക്സ്റ്റയില്‍ മില്ലുകളിലേക്കു് നടത്തുന്ന കരാര്‍ തൊഴില്‍ നിയമനത്തില്‍, പ്രത്യേകിച്ചു് ബദലി തൊഴിലാളി നിയമനത്തിനു് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു് ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്കുമേല്‍ മില്ലുടമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

കോണ്‍ട്രാക്ടറുടെ കടുത്ത ചൂഷണത്തിലധിഷ്ഠിതമായ ഈ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് മില്ലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കു് നേരിട്ടു് തൊഴിലാളികളെ നിയമിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുന്നതു് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ബോംബെ, ബീഹാര്‍ കമ്മറ്റികള്‍ കരാര്‍ തൊഴില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ട്രാക്ട് ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വഴി വ്യവസ്ഥകള്‍ക്കു് വിധേയമാക്കണം എന്നാവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കരാര്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം വ്യവസ്ഥ ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന കരാര്‍ തൊഴിലിന്റെ പ്രശ്നങ്ങളെ സംബന്ധിച്ചു് സാങ്കേതിക പഠനം നടത്തുക.
2. കരാര്‍ തൊഴില്‍ നിരോധിക്കാനുള്ള സാദ്ധ്യത കണ്ടെത്തുക.
3. വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിനു് ഏതൊക്കെ മേഖലകള്‍ കരാറുകാരനും ഉടമയയ്ക്കും നല്‍കണമെന്നു് നിശ്ചയിക്കുക.
4. സ്ഥിരമായ തൊഴിലവസരം നല്‍കി കരാര്‍ തൊഴിലാളിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക. കരാര്‍ തൊഴില്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമം രൂപപ്പെടുത്തുക.
5. സാധാരണ തൊഴിലാളിക്കു് ലഭിക്കുന്ന ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കു് ലഭ്യമാക്കുക.
6. സാദ്ധ്യമായ മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ചു് സ്ഥിരവേതനം നല്‍കുക.

ദേശീയ ലേബണ്‍ കമ്മീഷന്റെ 1969ലെ ഒന്നാമതു് റിപ്പോര്‍ട്ടില്‍ കരാര്‍ തൊഴില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ടു്. അതിനാല്‍ കരാര്‍ തൊഴില്‍ സമ്പ്രദായം നിരോധിക്കണം എന്നു് ആവശ്യപ്പെട്ടു. വീറ്റ്ലി കമ്മീഷന്‍ മുതല്‍ മറ്റനേകം കമ്മീഷനുകളുടെ ഫലമായി കരാര്‍ തൊഴിലാളിയെ, 1948-ലെ ഫാക്ടറീസ് ആക്ട്, 1951-ലെ പ്ലാന്റേഷന്‍ ആക്ട്, 1952-ലെ മൈന്‍സ് ആക്ട് എന്നിവയുടെ കീഴിലുള്ള ‘തൊഴിലാളി’ എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു. 1948-ലെ ഇഎസ്ഐ ആക്ടിലെ ‘ഇമ്മീഡിയറ്റ് എംപ്ലോയര്‍’ എന്ന വകുപ്പില്‍പ്പെടുത്തി കരാര്‍ തൊഴിലാളിക്കു് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിയമപരമാക്കി. പ്രധാന തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് ‘ദി ഡോക്ക് വര്‍ക്കേഴ്സ് റഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആക്ട്’ എന്ന നിയമം പാസ്സാക്കി. 1948ലെ ‘ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ഓണ്‍ കോള്‍ മൈന്‍സ്’ന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയില്‍ കരാര്‍ തൊഴില്‍ വ്യവസ്ഥ നിരോധിച്ചു. 1948-ലെ മിനിമം വേജസ് നിയമം, 1946-ലെ ബോംബെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് മൂതലായ നിയമങ്ങള്‍, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാണു്. കാലാനുസൃതമായി ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ടു്. ആഗോളീകരണത്തോടെ നടപ്പിലാക്കിയ ഘടനാക്രമീകരണം തൊഴില്‍ മേഖലയില്‍ വരുത്തിയ നിയമഭേദഗതികള്‍, ആധുനിക സമൂഹം നിയമപരമായി നിരോധിച്ച അടിമ വ്യാപാരത്തിന്റെ തലത്തിലേയ്ക്കു് തൊഴിലാളി വര്‍ഗ്ഗത്തെ കരാര്‍ തൊഴിലാളികളാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.

സി.പി.ഐ (എം.എല്‍) മുഖപത്രമായ സഖാവില്‍ പ്രസിദ്ധീകരിച്ചതു്.

കടപ്പാട്: ചക്കാത്തു വായന

No comments:

Post a Comment