നമ്മുടെ രാജ്യത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ അധികാരമുറപ്പിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ വര്‍ഗീയതയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും കുറിച്ച് മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് കെ.എ. വേണുഗോപാലന്‍ എഴുതിയ 'വര്‍ഗീയത: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകം. ഇന്ത്യന്‍ ഭരണവര്‍ഗം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുന്ന നില എന്തുകൊണ്ട് ഉണ്ടായി എന്ന പരിശോധന നടത്തിക്കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ ഹിന്ദു പുനരുജ്ജീവനത്തിന്റെ അംശങ്ങള്‍ പ്രകടമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വളര്‍ന്നുവന്ന കോണ്‍ഗ്രസ്സില്‍ ഈ സ്വാധീനം ദൃശ്യമായി. അക്കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖകന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനകത്ത് രൂപപ്പെട്ട ഈ നിലപാട് രാജ്യം ഒരു ഹിന്ദുരാഷ്ട്രമാകുമോ എന്ന തോന്നല്‍ മറ്റു ജനവിഭാഗങ്ങളില്‍ ഉണ്ടാക്കി. അതിന്റെ ഫലമായിട്ടാണ് അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടത് എന്നും ലേഖകന്‍ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യാനന്തരം അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് ഭൂപ്രഭുത്വവുമായി സന്ധി ചെയ്ത് രാഷ്ട്രീയ അധികാരം നിലനിര്‍ത്തുകയാണ് ചെയ്തത്. ഇത് ജാതിമത ചിന്തകളും അവയുടെ രൂപാന്തരമായ ജാതി വര്‍ഗീയ രാഷ്ട്രീയവും നിലനില്‍ക്കുന്നതിനും വളരുന്നതിനുമുള്ള ഭൗതിക പശ്ചാത്തലം ഉണ്ടാക്കി. ഇന്ത്യയില്‍ വളര്‍ന്നുവന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇതാണെന്ന് സി.പി.ഐ (എം) ന്റെ പാര്‍ടി പരിപാടി കൂടി ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ രേഖപ്പെടുത്തുന്നു. ഇന്ത്യാരാജ്യത്ത് കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഉതകുന്ന നയസമീപനമാണ് നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചത്. അതിനാല്‍, അത്തരം ശക്തികള്‍ക്ക് തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ബി.ജെ.പിയുടെ ഭരണവും സഹായകമാണെന്ന് വ്യക്തമാവുകയുണ്ടായി. ഗുജറാത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കായുള്ള വികസന നയങ്ങള്‍ മുന്നോട്ടുവച്ച നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തുന്നതിനു പിന്നിലുള്ള കുത്തക മുതലാളിത്തത്തിന്റെ താല്‍പ്പര്യം ഈ പുസ്തകത്തില്‍ തുറന്നുകാട്ടപ്പെടുന്നു. ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനത്തില്‍ പുനരുജ്ജീവനത്തിന്റെ അംശങ്ങള്‍ നിലനിന്നിരുന്നു. അതിനാല്‍ തന്നെ, സാമൂഹ്യ അന്തരീക്ഷത്തില്‍ ഇത്തരം ആശയങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വളര്‍ച്ചയും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ജനാധിപത്യം വന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്കായിരിക്കും നേട്ടമെന്നും ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന ധാരണയും രൂപപ്പെട്ടുവെന്നും ഇത് തകര്‍ക്കണമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന വാദം ഉയര്‍ന്നുവരികയുണ്ടായി. അതിനായി മുസ്ലീങ്ങള്‍ സംഘടിക്കണമെന്ന വാദവും മുന്നോട്ടുവയ്ക്കപ്പെട്ടു. ഇത്തരം ചിന്തകളെ രൂപപ്പെടുത്തി വളര്‍ത്തിയെടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെ തന്ത്രം വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പടര്‍ന്നു പന്തലിക്കുന്നതിനും സുപ്രധാനമായ കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് പുസ്തകം വിരല്‍ ചൂണ്ടുന്നുണ്ട്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുന്ന വിവിധ ഘട്ടങ്ങള്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദു വര്‍ഗീയതയുടെ വികാസത്തെ വ്യക്തമാക്കിയശേഷം അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ രൂപീകരണവും അതിന് അടിസ്ഥാനമായിത്തീര്‍ന്ന സാമൂഹ്യ ചലനങ്ങളേയും പരിചയപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും തുറന്നുകാട്ടപ്പെടുന്നുണ്ട്. സാമ്രാജ്യത്വം ഇസ്ലാമിക തീവ്രവാദത്തെ ഏതൊക്കെ നിലയിലാണ് ശക്തിപ്പെടുത്തുന്നത് എന്നതും ഇതിന്റെ പരിഗണനാ വിഷയമാകുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് ഇടയാക്കിയ രാഷ്ട്രീയ ചലനങ്ങളും കേരള രാഷ്ട്രീയത്തില്‍ അവ നടത്തിയ ഇടപെടലുകളും അതിലൂടെ രൂപപ്പെട്ട പ്രതികരണവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന കാര്യവും പരിശോധനാ വിഷയമാകുന്നുണ്ട്. ജനസംഘത്തിന്റെ പില്‍ക്കാലരൂപമായ ഭാരതീയ ജനതാ പാര്‍ടി രൂപംകൊള്ളുന്നതും അവര്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും ഈ പുസ്തകത്തില്‍ വിശകലനത്തിന് വിധേയമാകുന്നു. ബി.ജെ.പിയുടെ സാമ്പത്തിക നിലപാടിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനാണ് അടുത്ത ഭാഗങ്ങള്‍ നീക്കിവച്ചിട്ടുള്ളത്. ഓരോ രംഗത്തും അവര്‍ സ്വീകരിച്ചുവന്ന നയങ്ങളെ വിലയിരുത്തിയശേഷം സാമ്പത്തികരംഗത്തെ നയങ്ങളും പഠനവിധേയമാകുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്‍ തകര്‍ത്ത ബാബറി മസ്ജിദ് സംഭവത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളും അതിന് സഹായകമായി വര്‍ത്തിക്കുന്ന സംഘടനകളേയും പിന്നീട് വിലയിരുത്തപ്പെടുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യയെയും അതില്‍ മോഡിയുടെ പങ്കിനെക്കുറിച്ചും ഗുജറാത്തിന്റെ വികാസ മാതൃകയുടെ പൊള്ളത്തരങ്ങളെയും തുറന്നുകാട്ടാനും പുസ്തകത്തില്‍ ശ്രമിക്കുന്നുണ്ട്. മോഡി ശിവഗിരിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കങ്ങളാണ് അടുത്ത അധ്യായത്തില്‍ ഉള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള മോഡിയുടെ നീക്കങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യവും ഇതിലുണ്ട്. വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം കൊയ്യുന്ന സംഘപരിവാറിന്റെ അജണ്ടകളുടെ നിജസ്ഥിതിയും പഠനവിധേയമാകുന്നു. ദേശീയതയുടെ രൂപീകരണം മതവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും അത് ചരിത്രപരമായ പരിണാമ പ്രക്രിയയിലൂടെയാണ് രൂപീകരിക്കപ്പെടുന്നതെന്നും 'മതവും ദേശീയത'യുമെന്ന അധ്യായത്തില്‍ പറയുന്നുണ്ട്. മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി നടന്ന ജനാധിപത്യ വിപ്ലവത്തിന്റെ സംഭാവനയാണ് മതനിരപേക്ഷത. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ സവിശേഷതകളെയും പരാമര്‍ശവിധേയമാകുന്നുണ്ട്. മതത്തെ സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാടുകള്‍ മാര്‍ക്സിന്റെ പ്രസിദ്ധമായ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവതരിപ്പിക്കുന്നു. ഇന്ത്യയിലെ വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന വര്‍ഗീയത പോലുള്ള ആപല്‍ക്കരമായ കാഴ്ചപ്പാടുകളെ പ്രതിരോധിക്കുന്നതിന് യോജിച്ച സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. രാജ്യം നേരിടുന്ന വര്‍ഗീയതയുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും അതിന്റെ പിന്നിലുള്ള രാഷ്ട്രീയസാമൂഹ്യ ചലനങ്ങളെ പരിചയപ്പെടുന്നതിനും ഉതകുന്നതാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ, വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് ദിശാബോധം പകരുന്നതിന് ഈ പുസ്തകം സഹായകമാണ്.
** പിണറായി വിജയന്‍